Quantcast
MediaOne Logo

കെ.പി ദീപു

Published: 30 May 2023 10:31 AM GMT

കര്‍ണാടകയിലെ സിവില്‍ സൊസൈറ്റികള്‍ കോണ്‍ഗ്രസ്‌വത്കരിക്കപ്പെട്ടു - ശിവസുന്ദര്‍

കര്‍ണാടകയിലെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളുടെയും മുസ്‌ലിം-ക്രിസ്ത്യന്‍-ദലിത് സംഘടനകളുടെയും ലക്ഷ്യം ഇപ്രാവശ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. ഇത് സൂചിപ്പിക്കുന്നത്, സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓര്‍ഗനൈസേഷനുകളെല്ലാം ഒരു കോണ്‍ഗ്രസ്‌വത്കരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതാണ്. | അഭിമുഖം: ശിവസുന്ദര്‍ / കെ.പി ദീപു

എദ്ദേളു കര്‍ണാടക
X

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇതിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?

1989ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസിന് ഇത്തരത്തിലൊരു വലിയ ഭൂരിപക്ഷം ലഭിക്കുന്നത്. അന്ന് 43.7% വോട്ടുകളാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. അതിനു ശേഷം അവര്‍ക്കൊരിക്കലും 40% വോട്ടു ഷെയര്‍ കിട്ടിയിട്ടില്ല. എന്നാല്‍, ഈ പ്രാവശ്യം 40%ന് മുകളിലേക്ക് എത്താന്‍ കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, കഴിഞ്ഞ ഗവണ്‍മെന്റിന്റെ ജനവിരുദ്ധമായ നയങ്ങളോടുള്ള പ്രതികരണമാണ്. കോവിഡിന്റെ സമയത്ത് ഗവണ്‍മെന്റിന് ശരിയായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഇല്ലായ്മയും, ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ ഇല്ലാതായതും ഗവണ്‍മെന്റിന് എതിരായിട്ടുള്ള വികാരം ജനങ്ങളില്‍ വളര്‍ത്തി. സബ്‌സിഡി ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ധനവും സബ്‌സിഡി കൊടുക്കാതിരുന്നതും, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും ജനങ്ങള്‍ക്ക് ഗവണ്‍മെന്റിനോട് എതിരായിട്ടുള്ള രോഷം വര്‍ധിപ്പിച്ചു. ഇത് അടുക്കളയില്‍ നിന്ന് തുടങ്ങിയ പ്രതിഷേധമാണ്. അതുകൊണ്ട് തന്നെയാണ് പല സര്‍വേകള്‍ക്കും ഇത് തിരിച്ചറിയാതെ പോയത്.

ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച തെറ്റുകള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വന്നു. അവരുടെ 19% വോട്ട് ഷെയര്‍ 12% ആയി കുറഞ്ഞു. അവരുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ഗൗഡ കമ്മ്യൂണിറ്റിയില്‍ നിന്നും ഉള്ള വോട്ട് ഷെയറുകള്‍ 5% ത്തോളം കോണ്‍ഗ്രസ്സിലേക്കും 3% ത്തോളം ബി.ജെ.പിക്കും പോയി.

രണ്ടാമതായി ബി.ജെ.പി ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഹേറ്റ് പൊളിറ്റിക്‌സ്, ഹിജാബ്, കൗ വിജിലന്റിസം, മുസ്‌ലിംകള്‍ ക്ഷേത്രത്തില്‍ കച്ചവടം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവം തുടങ്ങിയവ ഒരു തരത്തിലുള്ള അസമാധാനം ജനങ്ങളില്‍ സൃഷ്ടിച്ചിരുന്നു. മൂന്നാമതായി ലിംഗായത്ത് വോട്ടുകളുടെ വ്യതിയാനമാണ്. ജഗദീഷ് ഷെട്ടര്‍ മുതല്‍ ലക്ഷ്മണ്‍ സവാദി വരെയുള്ള ചില ലിംഗായത്ത് നേതാക്കള്‍ക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. അതില്‍ ലിംഗായത്തുകള്‍ക്ക് അസംതൃപ്തി ഉണ്ടായിരുന്നു. ഡെപ്യൂട്ടി സി.എം ആയിരുന്ന ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചത് നമ്മള്‍ കണ്ടു. 1990ല്‍ രാജീവ് ഗാന്ധി ലിംഗായത്ത് നേതാവായ വീരേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയത് മുതല്‍ ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് എതിരായുള്ള വോട്ട് ബാങ്ക് ആയി മാറപ്പെട്ടിരുന്നു. ആര്‍.എസ്.എസ് നേതാവും ബി.ജെ.പി നാഷ്ണല്‍ സെക്രട്ടറിയുമായ ബി.എല്‍ സന്തോഷ് ഞങ്ങള്‍ക്ക് ലിംഗായത്തുകളുടെ വോട്ട് ആവശ്യമില്ലെന്ന് ഒരു പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. മുന്‍ എം.എല്‍.എ ആയിരുന്ന സി.ടി രവിയും ലിംഗായത്തുകളുടെ വോട്ട് ഞങ്ങള്‍ക്കാവശ്യമില്ല എന്ന പ്രസ്താവന നടത്തി. ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നതിന് ലിംഗായത്തുകളുടെ ആവശ്യമില്ല എന്ന കാഴ്ചപ്പാടാണ് ബി.ജെ.പി കഴിഞ്ഞ ഇലക്ഷനില്‍ മുന്നോട്ട് വെച്ചത്. ഇത് ബി.ജെ.പിയുടെ പ്ലാന്‍ ആയിരുന്നില്ല; ആര്‍.എസ്.എസിന്റേതായിരുന്നു. കാരണം, അവര്‍ക്ക് നിയമസഭയില്‍ ആര്‍.എസ്.എസ് കേഡറ്റുകള്‍ മാത്രം മതിയെന്ന തീരുമാനമുണ്ടായിരുന്നു. ഇത് അവരുടെ ഒരു തന്ത്രപരമായ നീക്കമായിരുന്നു. പക്ഷെ, ആ തീരുമാനത്തില്‍ അവര്‍ക്ക് വല്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന്റെ ലാഭം നേടിയത് കോണ്‍ഗ്രസ് ആണ്.


അതുകൂടാതെ സോഷ്യല്‍ മീഡിയയില്‍, കോണ്‍ഗ്രസ്സിന്റെ വാര്‍ റൂം ചുമതലയുണ്ടായിരുന്ന ശശികാന്ത് സെന്തിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ അഴിമതിയെ കുറിച്ച് നല്ലൊരു കാമ്പയിന്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത് ബി.ജെ.പി ഗവണ്‍മെന്റിനെതിരെ ജനങ്ങള്‍ക്കിടയില്‍ രോഷം വര്‍ധിപ്പിക്കാന്‍ കാരണമായി. അഴിമതിയും വിലക്കയറ്റവും കൂടിവന്നു. ഇതെല്ലം കോണ്‍ഗ്രസിനെ ജനങ്ങളോടടുപ്പിക്കാന്‍ സഹായകരമായെന്നു വേണം പറയാന്‍. ഇലക്ഷന് മുമ്പുള്ള മാസങ്ങളില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി മാറി.

മറ്റൊന്ന് ജെ.ഡി.എസിന്റെ (ജനതാദള്‍ സെക്യുലര്‍) പതനം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സഹായിച്ചുവെന്നുള്ളതാണ്. മുന്‍പുണ്ടായ കര്‍ണാടക ഇലക്ഷനുകളില്‍ ത്രികോണ മത്സരമാണ് നടന്നുകൊണ്ടിരുന്നത്. ഇത്തവണ ജെ.ഡി.എസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച തെറ്റുകള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വന്നു. അവരുടെ 19% വോട്ട് ഷെയര്‍ 12% ആയി കുറഞ്ഞു. അവരുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ ഗൗഡ കമ്മ്യൂണിറ്റിയില്‍ നിന്നും ഉള്ള വോട്ട് ഷെയറുകള്‍ 5% ത്തോളം കോണ്‍ഗ്രസ്സിലേക്കും 3% ത്തോളം ബി.ജെ.പിക്കും പോയി. ബി.ജെ.പിക്ക് സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും പഴയ മൈസൂര്‍ പ്രദേശങ്ങളില്‍ ബി.ജെ.പിക്ക് അവരുടെ വോട്ട് ഷെയര്‍ കൂട്ടാന്‍ കഴിഞ്ഞെന്നുള്ളതും വസ്തുതയാണ്. ബാംഗ്‌ളൂര്‍ സിറ്റിയില്‍ ജെ.ഡി.എസിന് 12% വോട്ട് നഷ്ടപ്പെട്ടു. അതില്‍ 8% ബിജെപിക്കും 4% കോണ്‍ഗ്രസിനും ആണ് പോള്‍ ചെയ്യപ്പെട്ടത്. ഇതെല്ലാം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറി.


ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളായി ഒരുപാട് പുതുമുഖങ്ങളുണ്ടായിരുന്നു. ബി.ജെ.പിയുടെ ഈ തീരുമാനം അവരുടെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന നിരീക്ഷണമുണ്ട്. ഇതിനേകുറിച്ചുള്ള താങ്കളുടെ അഭിപ്രായം?

അതിനു സമിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. ഉദാഹരണമായി ഉഡുപ്പിയില്‍ രഘുപതി ഭട്ട് സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലത്തില്‍ പുതിയ കാന്‍ഡിഡേറ്റ് ആയി യശ്പാല്‍ സുവര്‍ണ്ണയെ ബി.ജെ.പി തീരുമാനിച്ചു. ഹിജാബ് വിവാദം കര്‍ണാടകയില്‍ ഒട്ടാകെ ഒരു വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് യശ്പാല്‍ സുവര്‍ണ്ണയായിരുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ ഇലക്ഷനില്‍ സ്വതന്ത്രമായി മത്സരിക്കുമെന്ന് രഘുപതി ഭട്ട് പറഞ്ഞിരുന്നെങ്കിലും പിന്നീട് പിന്‍വാങ്ങി. മുന്‍ ഇലക്ഷനുകളില്‍ രഘുപതി ഭട്ടിനുണ്ടായിരുന്നതിലും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് യശ്പാല്‍ സുവര്‍ണ്ണ ഇപ്രാവശ്യം ജയിച്ചത്. അതുപോലെ തന്നെ പുത്തൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരം മൂന്ന് ഹിന്ദുത്വ സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു. കല്ലട്ക്ക പ്രഭാകര്‍ ഭട്ട് എന്ന ആര്‍.എസ്.എസ് നേതാവിനോടുള്ള അഭിപ്രായ വ്യത്യാസമായിരുന്നു അശോക് കുമാര്‍ റായിയെ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് കൊണ്ടെത്തിച്ചതും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പ്രേരിപ്പിച്ചതും. മാത്രമല്ല, ഞാന്‍ സംഘ്പരിവാര്‍ കുടുംബത്തിലേക്ക് തിരിച്ചു ചെല്ലുമെന്നും അശോക് കുമാര്‍ റായി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി തിമ്മപ്പ 20% വോട്ടും, റിബല്‍ കാന്‍ഡിഡേറ്റ് ആയി മത്സരിച്ച പുത്തുല ഏതാണ്ട് 36.3% വോട്ടും നേടിയതുകൊണ്ടാണ് റായ് അവിടെ ജയിച്ചത്.

നമ്മള്‍ സുള്ള്യ മണ്ഡലം പരിശോധിക്കുകയാണെങ്കില്‍, അവിടെ ബി.ജെ.പിക്ക് ലിംഗായത്ത് വോട്ടുകളില്‍ വലിയ കുറവുണ്ടായിട്ടില്ല. ലിംഗായത്തുകളില്‍ വലിയ തോതില്‍ ഹിന്ദിത്വവത്കരണം നടന്നിട്ടുണ്ട് എന്നതിനുള്ള തെളിവാണത്. അവര്‍ക്ക് നഷ്ടപെട്ടത് 3.5% വോട്ടുകള്‍ മാത്രമാണ്. സി.എസ്.ഡി.എസ് പോസ്റ്റ് പോള്‍ സര്‍വേകള്‍ അതാണ് പറയുന്നത്. ചുനാവ് ഡോട്ട്.കോം ന്റെ സര്‍വേയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. 1994ലെ കണക്കുകളെടുക്കുമ്പോള്‍ വീരേന്ദ്ര പട്ടേലിനെ മാറ്റിയതിനാല്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നും ഉള്ള വോട്ടിങ് ശതമാനം 27 % കുറഞ്ഞു. ജഗദീഷ് ഷെട്ടാര്‍ന്റെ തെരഞ്ഞെടുപ്പ് ഫലം എടുക്കുകയാണെങ്കില്‍ 30000 ത്തില്‍ കൂടുതല്‍ വോട്ടുകളുടെ വ്യത്യാസത്തിലാണ് അവിടെ ഷെട്ടാര്‍ പരാജയപ്പെട്ടത്. ലിംഗായത്തുകളെ ബി.ജെ.പി തഴയുന്നു എന്ന പേരിലാണ് ഷെട്ടാര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നിന്നത്. ആ ഫലം സൂചിപ്പിക്കുന്നത്, അത്രത്തോളം ലിംഗായത്തുകള്‍ ഹിന്ദുത്വത്തില്‍ തന്നെ നില്‍ക്കുന്നു എന്നുള്ളതാണ്.

ഈ പരാജയം ബി.ജെ.പിയെ ലോക്‌സഭാ ഇലക്ഷനില്‍ സഹായിക്കും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അവരുടെ പ്രശ്‌നം അവര്‍ക്കൊരു കൃത്യമായ നേതൃത്വം ഉണ്ടായിരുന്നില്ല എന്നതാണ്. തോല്‍ക്കണം എന്നുള്ളതുകൊണ്ടല്ല അവര്‍ പരാജയം നേരിട്ടത്. ഈ തോല്‍വി അവരെ സഹായിക്കും എന്ന് ഞാന്‍ പറയാന്‍ കാരണം, ബി.ജെ.പി അധികാരത്തില്‍ ഇരിക്കുന്നതിലും പ്രശ്‌നമാണ് അവര്‍ പ്രതിപക്ഷത്ത് ഉണ്ടാകുന്നത് എന്നതുകൊണ്ടാണ്.

നമ്മള്‍ മുന്‍പ് ഒന്നിച്ചിരുന്നപ്പോള്‍ സംസാരിക്കുകയുണ്ടായി, 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യകതയാണ് എന്ന്. അങ്ങനെയുള്ള ഒരു കോന്‍സ്പിരസി ഇതിനു പുറകിലുണ്ടോ? എന്താണ് താങ്കളുടെ അഭിപ്രായം?

അങ്ങനൊരു കോണ്‍സ്പിരസി ഉണ്ടെന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ പല ഘടകങ്ങളും അവരുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. പക്ഷെ, ഈ പരാജയം ബി.ജെ.പിയെ ലോക്‌സഭാ ഇലക്ഷനില്‍ സഹായിക്കും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അവരുടെ പ്രശ്‌നം അവര്‍ക്കൊരു കൃത്യമായ നേതൃത്വം ഉണ്ടായിരുന്നില്ല എന്നതാണ്. തോല്‍ക്കണം എന്നുള്ളതുകൊണ്ടല്ല അവര്‍ പരാജയം നേരിട്ടത്. ഈ തോല്‍വി അവരെ സഹായിക്കും എന്ന് ഞാന്‍ പറയാന്‍ കാരണം, ബി.ജെ.പി അധികാരത്തില്‍ ഇരിക്കുന്നതിലും പ്രശ്‌നമാണ് അവര്‍ പ്രതിപക്ഷത്ത് ഉണ്ടാകുന്നത് എന്നതുകൊണ്ടാണ്. കഴിഞ്ഞ 30-40 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്ത് പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാകും.

നമുക്ക് 2009ലെ ലോക്‌സഭ ഇലക്ഷനില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം, അന്ന് ബി.ജെ.പിക്ക് 18.8% വോട്ടും 116 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. അതിനു ശേഷം നമ്മള്‍ കണ്ടത് ഇന്ത്യയില്‍ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായുള്ള വലിയ സമരങ്ങളാണ്. ഒരുപാട് കെട്ടിച്ചമച്ചുണ്ടാക്കിയ കഥകള്‍ കോണ്‍ഗ്രസ്സിനെതിരായി ആ സമയത്ത് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്നു. പ്രതിപക്ഷത്ത് ബി.ജെ.പി മാത്രമേയുള്ളൂ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. അത് വെറും അഴിമതിക്കെതിരായോ വിലക്കയറ്റത്തിനെതിരായോ ഉള്ള സമരമായിരുന്നില്ല, പകരം ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള സമരമായിരുന്നു. അതുകൊണ്ട് 2014 ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ 31% വോട്ടുകളും 282 സീറ്റുകളുമായാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. അധികാരത്തില്‍ വന്നതിനു ശേഷവും ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പോലെയാണ് ബി.ജെ.പി പെരുമാറിയിരുന്നത്.

കര്‍ണാടകയില്‍ അവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍, ലോക്‌സഭാ ഇലക്ഷനില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ നേടും. അതുമുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ബി.ജെ.പി പ്രതിപക്ഷത്തിന്റെ റോള്‍ പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞു. ജെ.ഡി.എസ് ന്യൂനപക്ഷമായി മാറ്റപ്പെട്ടു.

നമുക്ക് വേണമെങ്കില്‍ ബംഗാളിന്റെ ഉദാഹരണമെടുക്കാം, 2016ലെ തെരഞ്ഞെടുപ്പില്‍ 10% വോട്ടും മൂന്ന് സീറ്റുകളുമാണ് ബംഗാളില്‍ ബി.ജെ.പിക്ക് കിട്ടിയത്. അതേസമയം, 2021 തെരഞ്ഞെടുപ്പ് ആയപ്പോള്‍ 38.5% വോട്ടുകളും 77 സീറ്റുമാണ് ബി.ജെ.പി നേടിയത്. ഇതിന്റെ പ്രധാന കാരണം, കോണ്‍ഗ്രസിന്റെയും സി.പി.എം ന്റെയും അലസത കൊണ്ട് കൂടിയാണ്. ബി.ജെ.പി പ്രത്യയശാസ്ത്രപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും തൃണമൂല്‍ കോണ്‍ഗ്രസിന് എതിരായുള്ള വളരെ ശക്തിയായൊരു പ്രതിപക്ഷമായി നിലനില്‍ക്കുന്നു എന്നുള്ളതാണ് ഇന്ന് ബംഗാളിന്റെ യാഥാര്‍ഥ്യം. ബി.ജെ.പി മാത്രമാണ് തൃണമൂലിനെതിരായുള്ള കക്ഷിയെന്ന് അവര്‍ക്ക് ജനങ്ങളോട് പറയാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും ഇല്ലാതാക്കാനുള്ള ശ്രമമായി നമുക്കതിനെ കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് ഈ വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. മമത ഗവണ്‍മെന്റിനെതിരായുള്ള ജനവികാരം അടുത്ത തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുന്നത് ബി.ജെ.പിക്ക് ആണ്. 2024 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ബംഗാളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നതില്‍ ഒരു സംശയവുമില്ല. കര്‍ണാടകയില്‍ അവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍, ലോക്‌സഭാ ഇലക്ഷനില്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ നേടും. അതുമുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ബി.ജെ.പി പ്രതിപക്ഷത്തിന്റെ റോള്‍ പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞു. ജെ.ഡി.എസ് ന്യൂനപക്ഷമായി മാറ്റപ്പെട്ടു. കര്‍ണാടകയുടെ ഒരു വലിയ പരാജയം സിവില്‍ സൊസൈറ്റികള്‍ കോണ്‍ഗ്രസ്സ് ആയി എന്നുള്ളതാണ്. ഈ സിവില്‍ സൊസൈറ്റികള്‍ എന്ന് പറയുന്നത് പോലും വളരെ ചെറിയ ശക്തിയാണ്. അതുകൊണ്ട്തന്നെ 2024 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്‍തൂക്കമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.


ജാതീയവും മതപരമായുള്ള പോളറൈസേഷന്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. അതായിരുന്നു ബി.ജെ.പി യുടെ വോട്ട് ബാങ്ക്. ഇപ്പോള്‍ അതൊരു സാച്ചുറേഷന്‍ പോയിന്റില്‍ എത്തി നില്‍ക്കുന്നതായി തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു സാറ്റുറേഷന്‍ പോയന്റില്‍ എത്തിയെന്ന് എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 51.38% വോട്ട് ആയിരുന്നു കര്‍ണാടകയില്‍ ഉണ്ടായിരുന്നത്. അതേസമയം കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്ന വോട്ട് 36% ആയിരുന്നു. ആ വോട്ട് അവര്‍ ഇപ്പോഴും നിലനിര്‍ത്തുന്നു. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്ന സമയത്തുപോലും അവര്‍ക്ക് ഈ 36% വോട്ട് നിലനിര്‍ത്താന്‍ സാധിച്ചു. കര്‍ണാടകയിലെ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തില്‍ ഉള്ള വ്യത്യാസങ്ങളാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നമുക്ക് ഈ റിസള്‍ട്ട് 2024 ഇലക്ഷന് മുന്നോടിയായുള്ള ബി.ജെ.പിക്ക് എതിരായ ജനവികാരമാണെന്ന് പറയാന്‍ കഴിയില്ല. 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു കാമ്പയിന്‍ ആയി മുന്നോട്ട് വെക്കുക അവരുടെ നാഷണല്‍ അജണ്ട ആയിരിക്കും. അതില്‍ സിദ്ധരാമയ്യയോ, ഗ്യാസ് സിലിണ്ടര്‍ പ്രശ്‌നമോ ആകില്ല തെരഞ്ഞെടുപ്പ് വിഷയമായി വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുല്‍വാമ പോലുള്ള വിഷയങ്ങള്‍ അവര്‍ മുന്നോട്ട് വെച്ചു. അതിനു കാരണം, അതിനു മുന്‍പ് നടന്ന മധ്യപ്രദേശ് മുതല്‍ ഛത്തീസ്ഘഡ് വരെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് വലിയ തോല്‍വികള്‍ അനുഭവിക്കേണ്ടി വന്നു എന്നതാണ്. ചിലപ്പോള്‍ പുല്‍വാമ പോലുള്ള സംഭവങ്ങള്‍ 2024 ഇലക്ഷന് മുന്‍പ് ഇനിയും ഉണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. അതിനു ശേഷം, ഒരു നാഷ്ണലിസ്റ്റിക് നരേറ്റീവ് ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

സി.എസ്.ഡി.എസ് നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയില്‍ സംവരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് 52% ആളുകള്‍ മുസ്‌ലിംകള്‍ക്കുള്ള റിസര്‍വേഷന്‍ എടുത്തുകളഞ്ഞത് നല്ലതായിരുന്നു എന്നുള്ള ഉത്തരമായിരുന്നു നല്‍കിയത്. 20% മാത്രമായിരുന്നു അതിനെതിരായി അഭിപ്രായം പറഞ്ഞത്. കമ്മ്യൂണലിസം മനസ്സിലാക്കാന്‍ ഈയൊരു ചോദ്യമായിരുന്നു പ്രീ പോള്‍-പോസ്റ്റ് പോള്‍ സര്‍വേയില്‍ വേണ്ടിയിരുന്നത്. ഇപ്രാവശ്യത്തെ വോട്ട് വര്‍ഗീയതക്കെതിരെയുള്ള വോട്ട് ആയിരുന്നില്ല.

കോണ്‍ഗ്രസ്സിന് ഈ തെരഞ്ഞെടുപ്പില്‍ 7% അധിക വോട്ട് കിട്ടിയെങ്കില്‍ പോലും വര്‍ഗീയതക്കെതിരായ വോട്ട് ആയിരുന്നില്ല അത്. അത് കഴിഞ്ഞ ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭരണത്തിനെതിരായുള്ള വോട്ട് ആണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈദിന.ഡോട്ട്.കോം (Edina.com) മുതല്‍ ഇന്ത്യടുഡേ അടക്കമുള്ളവരുടെ സര്‍വേയില്‍ ഒരു ചോദ്യം പോലും വര്‍ഗീയത എങ്ങനെയാണ് കര്‍ണാടകയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് ഉണ്ടായിരുന്നില്ല. അതേസമയം, സി.എസ്.ഡി.എസ് നടത്തിയ പോസ്റ്റ് പോള്‍ സര്‍വേയില്‍ സംവരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് 52% ആളുകള്‍ മുസ്‌ലിംകള്‍ക്കുള്ള റിസര്‍വേഷന്‍ എടുത്തുകളഞ്ഞത് നല്ലതായിരുന്നു എന്നുള്ള ഉത്തരമായിരുന്നു നല്‍കിയത്. 20% മാത്രമായിരുന്നു അതിനെതിരായി അഭിപ്രായം പറഞ്ഞത്. കമ്മ്യൂണലിസം മനസ്സിലാക്കാന്‍ ഈയൊരു ചോദ്യമായിരുന്നു പ്രീ പോള്‍-പോസ്റ്റ് പോള്‍ സര്‍വേയില്‍ വേണ്ടിയിരുന്നത്. ഇപ്രാവശ്യത്തെ വോട്ട് വര്‍ഗീയതക്കെതിരെയുള്ള വോട്ട് ആയിരുന്നില്ല. പകരം, ഇത് ബി.ജെ.പി ഗവണ്‍മെന്റിന് എതിരായുള്ള വോട്ടാണ്. ഇത് താല്‍കാലിക ശമനത്തിനുള്ള ജനങ്ങളുടെ പ്രതികരണം മാത്രമാണ്. ഹിന്ദുത്വ രാഷ്ട്രീയം സമൂഹത്തില്‍ കൂടുതലായി പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം, നമ്മള്‍ മനസ്സിലാക്കേണ്ടത് ഗൗഡ കമ്യൂണിറ്റിക്കുള്ളില്‍ ഇവരുടെ സ്വാധീനം കൂടിക്കൊണ്ടിരിക്കുകയാണെന്ന് കൂടിയാണ്. ഇത് കോണ്‍ഗ്രസിനും മറ്റു സെക്കുലര്‍ പാര്‍ട്ടികള്‍ക്കും ഒരു പുതിയ പ്രതിസന്ധി ഉണ്ടാക്കപ്പെടുകയാണ്. ബംഗ്ലുരുവിനെ നോക്കുകയാണെങ്കില്‍ 1.2% വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ബി.ജെ.പിയേക്കാള്‍ ലഭിച്ചിട്ടുള്ളത്. 2018ല്‍ എത്ര സീറ്റുകള്‍ കിട്ടിയോ അത്രയും സീറ്റുകള്‍ അവര്‍ക്ക് ബംഗളുരുവില്‍ നിന്നും കിട്ടിയിട്ടുണ്ട്. ബി.ജെ.പിയുടെ ഇലക്ട്‌റല്‍ സിസ്റ്റം ഇപ്പോള്‍ പരാജയപ്പെട്ടിരിക്കാം. പക്ഷെ, അവരുടെ വോട്ട് ബാങ്കുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല.

അവര്‍ക്കെപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്നാണോ താങ്കള്‍ പറയുന്നത്?

നമുക്ക് കണക്കുകള്‍ എടുത്ത് പരിശോധിക്കാം. 1989 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ടുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. 1989-15%, 1999-20%, 2004-25%, 2008-31%, 2013-31%, 2018-33%, 2023-36% എന്നിങ്ങനെയാണ് കണക്ക്. അതായത്, അവരുടെ വോട്ടിങ് ഷെയര്‍ നഷ്ടപ്പെട്ടിട്ടില്ല; വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഹൈദ്രബാദ്-കര്‍ണാടകയിലും, മൈസൂര്‍-കര്‍ണാടകയിലും, പഴയ മൈസൂര്‍ എന്ന് നമ്മള്‍ വിളിക്കുന്ന മേഖലകളിലും ബി.ജെ.പിക്ക് ഒരുതരത്തിലുള്ള സ്വാധീനവും ഉണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ ബി.ജെ.പി കൂടുതലായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്?

ഇതില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ നടന്നുകൊണ്ടിരിക്കുന്ന 'മോദി'വത്കരണമാണ്. ഇതുവരെ ജെ.ഡി.എസ് ആണ് അതിനെ തടഞ്ഞുനിര്‍ത്തിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്, ജെ.ഡി.എസിന്റെ അങ്ങനെയുള്ള നിലനില്‍പ്പിനെ ബി.ജെ.പി ചോദ്യം ചെയ്തു എന്നുള്ളതാണ്. 20-30 കൊല്ലമായി കോസ്റ്റല്‍ കര്‍ണാടകയില്‍ ബി.ജെ.പി എന്ത് പണിയാണോ ചെയ്തുകൊണ്ടിരിക്കുന്നത്, അതിന്റെ പ്രതിഫലനം നമുക്ക് ഓള്‍ഡ് മൈസൂര്‍ മേഖലകളിലും കാണാന്‍ കഴിയും. ഇതിന്റെ ഉദാഹരണമാണ് ടെക്സ്റ്റ് ബുക്കുകളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍. ബസവണ്ണയെ അപമാനിച്ചു. ടിപ്പു സുല്‍ത്താന്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിട്ടുള്ള ഒരു ചരിത്രം പുതുതായി അവര്‍ മുന്നോട്ട് വെച്ചു. കൂവമ്പുവിനെ അപമാനിക്കപ്പെട്ടത് മാത്രമായിരുന്നു ഗൗഡ സമുദായത്തിന്റെ പ്രശ്‌നം. ഇതിനെല്ലാത്തിനും എതിരായിട്ടുള്ള മൂവ്‌മെന്റ് ഉണ്ടായിട്ടുപോലും ഗൗഡ കമ്മ്യൂണിറ്റിയുടെ പ്രശ്‌നം കൂവമ്പു മാത്രമായിരുന്നു. നമ്മള്‍ മനസ്സിലാക്കേണ്ടത്, ആദിചുംചിഗിരിയിലെ മഠാധിപതിയാണ് വി.എച്ച്.പിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് വര്‍ഷങ്ങളായി ഇരിക്കുന്നത്. സാംസ്‌കാരികമായും രാഷ്ട്രീയമായും വൊക്കലിഗ കമ്യൂണിറ്റികള്‍ക്കിടയില്‍ ബി.ജെ.പിക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്.


കോണ്‍ഗ്രസിന്റെ തരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ അഞ്ചു വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍തന്നെ തീരുമാനമെടുത്തിരിക്കുന്നു. അത് എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയും?

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രചാരണം ഇപ്പോള്‍ എന്താണെന്നു പറഞ്ഞാല്‍, ഇതെല്ലാം പൂര്‍ത്തീകരിക്കണമെങ്കില്‍ ഏതാണ്ട് 55,000 കോടി രൂപയാണ് ആവശ്യമായി വരും, അത് ഫിസ്‌കല്‍ ഡെഫിസിറ്റ് കൂട്ടുമെന്നാണ് അവരുടെ വാദം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ആദ്യത്തെ വര്‍ഷം ഇത് നടപ്പാക്കാന്‍ സാധ്യതയുണ്ട്. പക്ഷെ, നമുക്ക് കോണ്‍ഗ്രസിനെ നന്നായി അറിയാം. വരും വര്‍ഷങ്ങളില്‍ ഈ എല്ലാ സ്‌കീമുകളില്‍ പുതിയ കണ്ടീഷനുകള്‍ അവര്‍ കൊണ്ടുവരും. അങ്ങനെ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യാന്‍ പോകുന്നത്. ഒരു ടാര്‍ഗെറ്റഡ് ജനങ്ങളില്‍ നിന്ന് മൈക്രോ ടാര്‍ഗെറ്റ്ഡ് ആയ കുറച്ച് പേര്‍ക്ക് മാത്രം ഈ സ്‌കീമുകളുടെ ഫലം കിട്ടുന്ന രീതിയില്‍ അവര്‍ മാറ്റും. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയോ ലിബറല്‍ ഇക്കണോമിയില്‍ അവര്‍ക്കിതെല്ലാം ചെയ്യാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കും. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ് സിദ്ധരാമയ്യയുടെ നിലപാട് ഇക്കണോമിക്കലി കണ്‍സര്‍വേറ്റിവ് ആണെന്നുള്ളത്. ഫിസിക്കല്‍ ഡെഫിസിറ്റി പോളിസി പ്രകാരം 3.5% ത്തില്‍ കൂടുതല്‍ കടബാധ്യത വരുത്താന്‍ സംസ്ഥാന ഗവര്‍മെന്റിന് കഴിയില്ല. അതുകൊണ്ട് തന്നെ 2024 മെയ് വരെ കോണ്‍ഗ്രസ് അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അതിനുശേഷം ഈ സ്‌കീമെല്ലാം മാറ്റിമറിക്കപ്പെടും എന്ന് നമുക്ക് അനുമാനിക്കാം.

2024ല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയത് ഭാവിയില്‍ കോണ്‍ഗ്രസില്‍ ഒരു സ്പ്ലിറ്റ് ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്?

അത്തരത്തിലുള്ള ഒരു സാധ്യതയും കാണുന്നില്ല 2025 വരെ സിദ്ധരാമയ്യയായിരിക്കും കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്തുകൊണ്ടെന്നാല്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ഒരു പക്ഷെ മോദി ഗവണ്‍മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അധികാരത്തിലുള്ള ഒരു മുഖ്യമന്ത്രി അറസ്റ്റിലായാല്‍ അത് കോണ്‍ഗ്രസിന്റെ വരുംകാല തെരഞ്ഞെടുപ്പിനെ ബാധിക്കും. അധികാരം കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. രണ്ടാമതായി ബി.ജെ.പി അധികാരത്തില്‍ വരണമെങ്കില്‍ 60 പേരെങ്കിലും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറ്റം നടത്തണം, അത് സാധ്യമല്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു സ്പ്ലിറ്റ് ഉണ്ടാവില്ലെന്ന് നമുക്കുറപ്പിക്കാം. ജെ.ഡി.എസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍, വേറെ തരത്തിലുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് നമ്മള്‍ ദൃസാക്ഷികളാകുമായിരുന്നു.


സൗത്ത് ഇന്ത്യയിലെ അയോധ്യ എന്ന് വിളിക്കപ്പെടുന്ന ബാബ ബുധന്‍ഗിരി സമരനായകനായിരുന്ന സി.ടി രവിയെ പോലുള്ള ഹാര്‍ഡ് കോര്‍ ഹിന്ദുത്വ നേതാക്കള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ഹിന്ദുത്വ പൊളിറ്റിക്‌സിന്റെ പരാജയമായി കാണാന്‍ സാധിക്കില്ലേ?

സി.ടി രവി പരാജയപ്പെടാനുള്ള കാരണം വോട്ട് സ്പ്ലിറ്റ് ആയതുകൊണ്ടാണ്. തെരഞ്ഞെടുപ്പിന് മുന്‍പ്, എനിക്ക് ലിംഗായത്തുകളുടെ വോട്ടുകള്‍ വേണ്ടായെന്ന് സി.ടി രവി പറഞ്ഞിരുന്നു. ലിംഗായത്ത്, ഗൗഡ കമ്മ്യൂണിറ്റികള്‍ ആയിരുന്നു സി.ടി രവിയുടെ വോട്ട് ബാങ്ക്. അവിടെ ഇത്തവണ നടന്നതെന്തെന്നുവെച്ചാല്‍, ജെ.ഡി.എസ്സിന്റെ പ്രാതിനിധ്യം തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല. പകരം, ജെ.ഡി.എസ് നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി കാമ്പയിന്‍ ചെയ്തു. സി.ടി രവിയുടെ വലംകൈ ആയിരുന്ന എച്ച്.ഡി തിമ്മയ്യയാണ് സി.ടി. രവിക്കെതിരായി ഇപ്രാവശ്യം കോണ്‍ഗ്രസില്‍ മത്സരിച്ചത്. രണ്ടു മാസം മുന്‍പാണ് തിമ്മയ്യ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വെറും 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിമ്മയ്യ ജയിച്ചത്. അതുകൊണ്ട് തന്നെ ഇതൊന്നും ഹിന്ദുത്വത്തിനെതിരെയുള്ള ജനാഭിപ്രായമായി കാണാന്‍ കഴിയില്ല.


ഈ തെരഞ്ഞെടുപ്പില്‍ എദ്ദേളു കര്‍ണാടകയെ പോലുള്ള സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകള്‍ നടത്തിയ ഇടപെടലുകളെ എങ്ങിനെ കാണുന്നു?

ഈ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്കെല്ലാം ബി.ജെ.പി തോല്‍ക്കണമെന്നതായിരുന്നു പ്രധാന അജണ്ട. ജനങ്ങള്‍ക്കിടയിലേക്കെത്തി കാമ്പയിന്‍ നടത്തുക എന്നതായിരുന്നു അവരുടെ രീതി. പക്ഷെ, ഒരു പുതിയ ആള്‍ട്ടര്‍നേറ്റീവ് ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഒരു കോണ്‍ഗ്രസ്സീകരണത്തിലേക്കുള്ള വഴിയിലാണ് ഇവര്‍ എല്ലാവരും. ബി.ജെ.പിയുടെ ഹിന്ദുത്വ പൊളിറ്റിക്‌സിനെതിരായ ഒരു രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നതിനു പകരം, ഫാസിസത്തിനെതിരെയുള്ള സമരം ഇതാണെന്നുള്ള കാഴ്ചപ്പാട് സിവില്‍ സൊസൈറ്റി മൂവ്‌മെന്റുകളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍, സ്വന്തമായ മാസ്സ് ബേസ് ഇല്ല എന്നുള്ളതാണ് കര്‍ണാടകയിലെ സിവില്‍ സൊസൈറ്റികളുടെ പരാജയം. അത് എങ്ങിനെ ഉണ്ടാക്കിയെടുക്കണമെന്നുള്ളതായിരുന്നു അവര്‍ അവരോട് തന്നെ ഉന്നയിക്കേണ്ടിയിരുന്ന ആദ്യത്തെ ചോദ്യം. അവര്‍ക്ക് സ്വന്തമായി തന്നെ ഒരു മാസ്സ് ബേസ് ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിനെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ കോണ്‍ഗ്രസ്സിനോടുള്ള ആശ്രയത്തം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി സി.പി.ഐ, കോണ്‍ഗ്രസ്സിനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ് കോണ്‍ഫറന്‍സ് നടത്തിയത് കോണ്‍ഗ്രസ് ഓഫീസിലാണ്. അവര്‍ ഏഴ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്നും ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുമെന്നും അതില്‍ അവര്‍ പ്രഖ്യാപിച്ചു. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനാണ് കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് പ്രസ്സ് കോണ്‍ഫറന്‍സ് നടത്തിയതെന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്.


സി.പി.എം നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയും ജനതദാളിനെയും സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പല മുസ്‌ലിം, ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനുകളുടെയും ലക്ഷ്യം ഇപ്രാവശ്യം ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. ഇത് സൂചിപ്പിക്കുന്നതെന്താണെന്നു വെച്ചാല്‍, സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓര്‍ഗനൈസേഷനുകളെല്ലാം ഒരു കോണ്‍ഗ്രസ് വത്കരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഇത് യഥാര്‍ഥത്തില്‍ ഹിന്ദുത്വത്തിനെതിരായുള്ള മുന്നേറ്റങ്ങളില്‍നിന്നുള്ള പിന്‍വലിയലാണ്.


TAGS :