Quantcast
MediaOne Logo

റഹുമത്ത് എസ്

Published: 7 Jan 2023 10:16 AM GMT

കേരളത്തിലുള്ളത് ബൈറ്റ് ജേണലിസമാണെന്ന് പറയേണ്ടിവരും - സോഫിയ ബിന്ദ്

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള അംഗീകരമായി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകയാണ് സോഫിയ ബിന്ദ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി റിപ്പോര്‍ട്ടുകളും സ്റ്റോറികളും തയ്യാറാക്കിയിട്ടുണ്ട്. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. 2019 ലെയും 2021 ലെയും സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അംബേദ്കര്‍ പുരസ്‌കാരവും നേടി. 2021ല്‍ റെഡ് ഇങ്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടിങ് രംഗത്തെ പ്രവര്‍ത്തനാനുഭവങ്ങളും തൊഴിലിടങ്ങളിലെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്നു. അഭിമുഖം: സോഫിയ ബിന്ദ്/റഹുമത്ത് എസ്.

കേരളത്തിലുള്ളത് ബൈറ്റ് ജേണലിസമാണെന്ന് പറയേണ്ടിവരും - സോഫിയ ബിന്ദ്
X

ജേണലിസത്തിലേക്കുള്ള കടന്നുവരവ് എങ്ങനെ ആയിരുന്നു?

2001 ലാണ് മാധ്യമരംഗത്തേക്ക് ഞാന്‍ വരുന്നത്. കൈരളിയില്‍ വാര്‍ത്താധിഷ്ഠിത പരിപാടി ചെയ്തായിരുന്നു തുടക്കം. ഒന്നരവര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. പിന്നീട് അത് വിട്ട് സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിലേക്ക് നീങ്ങി, 2005 ല്‍ മനോരമ ന്യൂസില്‍ വരുന്നതുവരെ അത് തുടര്‍ന്നു. ആ കാലഘട്ടം - ഒരു എസ്റ്റാബ്‌ളിഷ്‌മെന്റിന്റെയും ഭാഗമല്ലാത്ത ആ കാലം- ജേണലിസ്റ്റ് എന്ന നിലയില്‍ അര്‍ഥപൂര്‍ണമായിരുന്നു എന്ന് അഭിമാനത്തോടെ പറയാനാകും. മാധ്യമം വാരിക, സമകാലിക മലയാളം, മാതൃഭൂമി വാരാന്ത്യപതിപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, വായന പോലെയുള്ള സമാന്തര മാസികകളിലൊക്കെ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. അപ്പൊഴൊക്കെയും മനസ്സില്‍ ഉണ്ടായിരുന്നത്, മുഖ്യധാര കാണാതെ പോകുന്ന മനുഷ്യരെയും വിഷയങ്ങളെയും സമീപിക്കണം എന്നതായിരുന്നു. അങ്ങിനെ അവയുടെ പിന്നാലെ പോയി. ഒരുപാട് ഫീച്ചറുകള്‍ ചെയ്തു. അതില്‍ ഇന്നും മനസില്‍ നില്‍ക്കുന്ന ഒരു മുഖമുണ്ട്. കോഴിക്കോട് മാവൂര്‍ റോഡിനടുത്തുള്ള ശ്മശാനത്തില്‍ ശവമടക്കുന്ന ബാബുവിന്റെ മുഖമാണത്. വിവാഹസ്ഥലത്തൊക്കെ പോകാന്‍ സാധിക്കാത്ത, ആളുകള്‍ മാറ്റിനിര്‍ത്തുന്ന ജീവിതം ബാബു കണ്ണുനീരാല്‍ പറഞ്ഞുകൊണ്ടിരുന്നു. അനാഥശവങ്ങള്‍ക്കൊക്കെ അന്ത്യകര്‍മം ചെയ്തുകൊണ്ടിരുന്ന ബാബു പൊതുസമൂഹത്തിന് അന്യനായിരുന്നു, മാറ്റിനിര്‍ത്തപ്പെട്ടവനായിരുന്നു. വായന മാഗസിനിലാണ് ബാബുവിനെ കുറിച്ചുള്ള ഫീച്ചര്‍ പ്രസിദ്ധീകരിച്ച് വന്നത്. അന്നൊക്കെ അത്തരം ആളുകളുടെ ജീവിതമൊന്നും അങ്ങനെ ആര്‍ട്ടിക്കിളായൊന്നും അച്ചടിച്ച് വരില്ലായിരുന്നു.

നിലമ്പൂരിലെ മാഞ്ചീരി കോളനിയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിയായ വിനോദ് വലിയ മാതൃകയാണ്. കുസാറ്റില്‍ ഗവേഷണം നടത്തുന്ന വിനോദ്, ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നാണ് വരുന്നത്. ഇവരുടെയിടയിലുള്ള കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുക എന്നത് വലിയ പ്രയാസമായാണ് വിനോദും കാണുന്നത്. കാരണം, കാട് വിട്ട് വരാന്‍ ഈ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ കുട്ടികളില്‍ നിന്നറിയാനാണ് വിനോദിനൊപ്പം കാടുകയറിയത്. അതാണ് അക്ഷരം പൂക്കാത്ത കാട്ടുചോലകളില്‍ പറഞ്ഞിരിക്കുന്നത്.

ആ കാലത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി ഒട്ടും സുരക്ഷിതവുമായിരുന്നില്ല. ഓട്ടോറിക്ഷ വിളിച്ച് പോകാന്‍ പോലും പൈസ ഇല്ലാതെ പ്രയാസപ്പെട്ട കാലമുണ്ട്. മലയാളം വാരികയില്‍ നിരന്തരം എഴുതി. മലയാള ജേണലിസത്തില്‍ തന്നെ അതികായനായ എസ്. ജയചന്ദ്രന്‍ നായര്‍ മലയാളം മാസികയുടെ എഡിറ്ററായിരുന്ന കാലം. അദ്ദേഹമന്ന് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച എത്രയോ അസൈന്‍മെന്റുകളുണ്ട്. മാറാട് കലാപമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതങ്ങിനെയാണ്. കാമറ ഇല്ലാതെ ഒറ്റക്ക് പോയി കലാപത്തില്‍പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ പറ്റി എഴുതി. മാറാട് കേസ് കൈകാര്യം ചെയ്യാന്‍ അന്നാദ്യമായിട്ട് ഫാസ്ട്രാക്ക് കോടതികള്‍ വന്നതിനെ പറ്റിയും എഴുതിയിരുന്നു.

മറ്റൊന്ന് മയിലമ്മയുമായുള്ള അഭിമുഖമാണ്. മയിലമ്മയുടെ നേതൃത്വത്തില്‍ പ്ലാച്ചിമടയില്‍ കൊക്കകോളക്കെതിരെ സമരം നടക്കുന്ന കാലം. അഭിമുഖം മാതൃഭൂമിയില്‍ കവര്‍ സ്റ്റോറിയായി അച്ചടിച്ച് വന്നു. പിന്നീടാണ് മാറാട് കലാപത്തെ കുറിച്ചും എം.എന്‍ വിജയന്‍ മാഷിനെ കുറിച്ചും ഡോക്യുമെന്ററി ചെയ്തത്. ഇതൊക്കെ നടന്നത് 2005ന് മുമ്പാണ്.

അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍ എന്ന ഡോക്യുമെന്ററിക്കാണല്ലോ 2021 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അംബേദ്കര്‍ പുരസ്‌കാരവും ലഭിച്ചത്. ആ ഡോക്യുമെന്ററിയിലേക്കുള്ള വഴികള്‍ എങ്ങനെ ആയിരുന്നു?

അംബേദ്കര്‍ അവാര്‍ഡ് ലഭിക്കുന്നത് രണ്ടാം തവണയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളോട് ഞാന്‍ എക്കാലത്തും അനുഭാവം പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ചും ട്രൈബല്‍ മേഖലയിലുള്ളവരോട്. കോഴിക്കോട് ജില്ലയിലെ കോലഞ്ചേരി, വട്ടച്ചിറ ആദിവാസി കോളനിയിലുളള ജീവിതങ്ങളൊക്കെ ഞാന്‍ 2007 ല്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂരിലും അട്ടപ്പാടിയിലും വയനാട്ടിലുമൊക്കെയുള്ള ഊരുകളില്‍ പോയിട്ടുണ്ട്. അവിടെയൊക്കെയുള്ള കുറേ വിഭാഗങ്ങളിലെ കുട്ടികളില്‍ വിദ്യാഭ്യാസമേഖലയില്‍ മുന്നേറിയിട്ടുണ്ടെങ്കിലും ചോലനായ്ക്കരുടെ ഇടയിലുള്ള കുട്ടികള്‍ പഠനം ഉപേക്ഷിച്ച് കാടുകയറുന്നതായാണ് കാണാന്‍ കഴിഞ്ഞത്. അതേസമയം, നിലമ്പൂരിലെ മാഞ്ചീരി കോളനിയില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിയായ വിനോദ് വലിയ മാതൃകയാണ്. കുസാറ്റില്‍ ഗവേഷണം നടത്തുന്ന വിനോദ്, ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നാണ് വരുന്നത്. ഇവരുടെയിടയിലുള്ള കുട്ടികളെ സ്‌കൂളിലേക്കെത്തിക്കുക എന്നത് വലിയ പ്രയാസമായാണ് വിനോദും കാണുന്നത്. കാരണം, കാട് വിട്ട് വരാന്‍ ഈ കുട്ടികള്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ കുട്ടികളില്‍ നിന്നറിയാനാണ് വിനോദിനൊപ്പം കാടുകയറിയത്. അതാണ് അക്ഷരം പൂക്കാത്ത കാട്ടുചോലകളില്‍ പറഞ്ഞിരിക്കുന്നത്.

മറ്റു കുട്ടികളോട് സംസാരിക്കുമ്പോള്‍ അവരും സ്‌കൂളില്‍ പോയിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നോ? അതേസമയം, അവരുടെ ലോകം കാടണെന്ന് അവര്‍ പറയുന്നുമുണ്ട്?

നമുക്ക് തോന്നും അവര്‍ സ്‌കൂളില്‍ പോയിരുന്നെങ്കില്‍ എന്ന്. കാലത്തിനനുസരിച്ച് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്കും മാറ്റമുണ്ട്. ഞാന്‍ കരുതുന്നത്, അവരുടെ പ്രദേശത്ത് തന്നെ അവരുടെ സാഹചര്യങ്ങളുമായി ഇണങ്ങുന്ന രീതിയില്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണം എന്നാണ്. പരിഷത്ത് പോലുള്ള സംഘടനകള്‍ ഈ കുട്ടികുളുമായി ഇടപെടുന്നുണ്ട്. റിസര്‍ച്ച് വിദ്യാര്‍ഥിയായ വിനോദുമായി സംസാരിക്കുന്നുണ്ട്. ഏതുരീതിയിലുള്ള പഠനമാണ്, സിലബസ് എങ്ങനെ എന്നൊക്കെയുള്ള ആലോചനകള്‍ നടത്തുന്നുണ്ട്. വേണമെങ്കില്‍ ബദല്‍ സ്‌കൂള്‍ എന്ന് നമുക്ക് പറയാം. പക്ഷേ, ഇവര്‍ക്ക് നല്‍കുന്ന പാഠ്യപദ്ധതികള്‍ പൊതുധാരയിലുള്ള കുട്ടികള്‍ക്കൊപ്പം തന്നെ ഇവരെ വാര്‍ത്തെടുക്കുന്നതാകണം. കാട് വിട്ടപോരാന്‍ പറ്റില്ല എന്നതാണ് ഈ കുട്ടികളുടെയൊക്കെ വലിയ പ്രശ്‌നം. കാട് നല്‍കുന്ന സ്വാതന്ത്ര്യം അത്രത്തോളം അവര്‍ ആസ്വദിക്കുന്നുണ്ട്. അവര്‍ എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചിരുന്നു. ഞങ്ങളുടെ ആളുകളെ കുറിച്ച് പഠിക്കാനോ, അല്ലെങ്കില്‍ വേറെ എന്തിനെങ്കിലും ഇവിടെ വന്നിട്ട് എത്ര ദിവസം നിങ്ങള്‍ ഞങ്ങളോടൊപ്പം താമസിക്കും എന്ന്. കൂടി വന്നാല്‍ ഒന്നോ രണ്ടോ ആഴ്ച. അതിലപ്പുറം ഈ കാട്ടില്‍ ജീവിതം സാധ്യമാണോ? അതൊരു ചോദ്യമല്ലേ... നമ്മളുടെ ജീവിതരീതിയില്‍ നിന്നും എത്രയോ ഭിന്നമാണ് അവരുടെ ജീവിതം. അവരെ നമ്മള്‍ മാറ്റാന്‍ ശ്രമിക്കുന്നത് ഒരര്‍ഥത്തില്‍ അവരോട് ചെയ്യുന്ന തെറ്റാണെന്നാണ് അവരുടെ കാഴ്ചപ്പാട്. അവരെ അവരുടെ രീതിയില്‍ വിടണം എന്നാണ് പരിഷത്തും പറയുന്നത്. വിനോദിനെ പോലുള്ളവര്‍ വളരെ കുറവാണ്. ഇപ്പോള്‍ പി.കെ ജയലക്ഷ്മി, ശ്രീധന്യ സുരേഷ് ഇവരൊക്കെ ആദിവാസി കമ്മ്യൂണിറ്റിയില്‍ നിന്ന് വന്നവരാണ്. നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയവരാണ്. പക്ഷേ, ചോലനായ്ക്കരുടെ ഇടയില്‍ നിന്ന് മുന്നോട്ട് വെക്കാന്‍ വിനോദ് മാത്രമേയുള്ളൂ.

ദുഷ്‌കരമായ യാത്ര, കാമറക്ക് മുന്നില്‍ സംസാരിക്കാന്‍ പലര്‍ക്കും മടിയും. ആ കാട്ടുചോലകളില്‍ അവരെ കണ്ടതിന്റെ അനുഭവം?

വിനോദിനോട് ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചപ്പോഴൊക്കെ വിനോദ് ഒഴിഞ്ഞു മാറുകയായിരുന്നു. കുട്ടികള്‍ കാമറക്ക് മുന്നില്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടില്ല എന്ന് തന്നെ വിനോദ് പറയുകയുണ്ടായി. അത് ശരിയുമായിരുന്നു. എന്നാലും ശ്രമിച്ചു നോക്കാം എന്നായി ഞാന്‍. കുസാറ്റില്‍ നിന്ന് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ തനിച്ച് പോകാം എന്ന് അറിയിച്ചു. ബുധനാഴ്ച്ചകളിലാണ് ഉള്‍ക്കാട്ടില്‍ നിന്ന് ഐ.റ്റി.ഡി.പി നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ മാഞ്ചീരി കോളനിയിലേക്ക് വരുന്നത്. ആ ദിവസം കാണാനായി ഞാന്‍ പെരിന്തല്‍മണ്ണ സബ്കലക്ടറായിരുന്ന ശ്രീധന്യയില്‍ നിന്നും ഡി.എഫ്.ഒയില്‍ നിന്നും അനുമതി വാങ്ങി. ആദ്യ തവണ വിനോദ് കൂടെ വന്നു. പറഞ്ഞതുപോലെ കുട്ടികള്‍ കാമറക്ക് മുന്നില്‍ വരാന്‍ മടി കാണിച്ചു. പിന്നെ കാമറ മാറ്റി നിര്‍ത്തി ഞാന്‍ അവരോട് സംസാരിച്ചുകൊണ്ടിരുന്നു. അങ്ങിനെ അവരുമായി അടുപ്പമുണ്ടാക്കി. അവരില്‍ ഒരാളായിട്ടങ്ങ് സംസാരിക്കും. പെട്ടന്നൊരു റിപ്പോര്‍ട്ടര്‍ അവിടെ ചെന്ന് മൈക്കും കാണിച്ച് സംസാരിക്കാന്‍ പറഞ്ഞാല്‍ അവരൊന്നും മിണ്ടില്ല. ആദ്യം അവരിലൊരാളായി മാറണം. അതിനുശേഷമാണ് അവര്‍ കുറച്ചെങ്കിലും സഹകരിക്കാന്‍ തുടങ്ങിയത്. മലയാളം അവര്‍ക്ക് അറിയാം. പക്ഷേ, നമ്മള്‍ പറയുന്ന അത്ര വേഗതയില്‍ പറയാന്‍ അറിയില്ലന്നേ ഉള്ളു. എന്റെ ചോദ്യത്തിന് ഇഷ്ടമില്ല, അറിയൂല എന്നൊക്കെ പറയുകയേ ചെയ്തുള്ളൂ. പിന്നീടാണ് ഒരു വാക്യമൊക്കെയായി പറഞ്ഞു പൂര്‍ത്തിയാക്കിയത്. ശ്രദ്ധിച്ചു കണ്ടാല്‍ അറിയാം എന്റെ പ്രോഗ്രാമില്‍ പെണ്‍കുട്ടികളുടെ ബൈറ്റ് എന്നുപറയാന്‍ രണ്ടുപേരുടേത് മാത്രമാണുള്ളത്. പലരും കാമറക്ക് മുന്നില്‍ വന്നില്ല. മൂപ്പന് പിന്നെ കാമറയെക്കുറിച്ചൊന്നും അറിവില്ലാത്തതുകൊണ്ട് നന്നായിട്ട് സംസാരിച്ചു. ബൈറ്റുകള്‍ക്കപ്പുറം വിവരണഭാഗത്ത് നല്‍കേണ്ട ദൃശ്യങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ. ഇവരുടെ ചോലയായ, കാടിനെപകര്‍ത്തുക എന്നതായിരുന്നു അത്. ആ മനോഹരമായ ദൃശ്യങ്ങള്‍ കൂടെയുണ്ടായിരുന്ന കാമറമാന്‍ കണ്ണന്‍ നിലമ്പൂര്‍ മതിയാകുവോളം പകര്‍ത്തിയെടുക്കുകയും ചെയ്തു. ആദ്യം പോകുമ്പോള്‍ മാത്രമേ വിനോദ് കൂടെയുണ്ടായിരുന്നുള്ളൂ. മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് തീര്‍ത്തത്.

പല കുട്ടികളും നന്നായി പഠിക്കുന്നവര്‍. വലിയ സ്വപ്നമുള്ളവര്‍. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്നാണ് തോന്നുന്നത്. ഒരു വിനോദ് മാത്രം മതിയോ? ആദിവാസി ജീവിതത്തെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ടല്ലോ. അട്ടപ്പാടിയിലെ അമ്മമാര്‍ എന്ന വിഷയവും സംസ്ഥാന അവാര്‍ഡ് നേടിതന്നിട്ടുണ്ട്?

തീര്‍ച്ചയായും ഒരു വിനോദ് മാത്രം പോര. അവരുടെയിടയില്‍ മിടുക്കരുണ്ട്. പ്ലസ്ടുവരെ പഠിച്ചവരുണ്ട്. അവരെ അടുത്തറിഞ്ഞ് പഠനത്തിലേക്ക് കൊണ്ടുവരണം. സര്‍ക്കാര്‍ തലത്തില്‍ ഒരുപാട് പദ്ധതികള്‍ ട്രൈബല്‍ ഡിപാര്‍ട്ട്മെന്റിന്റെ ഭാഗമായി ചെയ്യുന്നുണ്ട്. ഗോത്ര ഭാഷ, മില്ലെറ്റ് പദ്ധതി തുടങ്ങി ഇവരെ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട്. അട്ടപ്പാടിയില്‍ ഞാന്‍ ഡോക്യുമെന്ററി ചെയ്യാന്‍ പോയപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് ഇപ്പോഴും സ്ത്രീകളില്‍ പോഷകാഹാരക്കുറവുണ്ട് എന്നതുതന്നെയാണ്. അവരൊട്ടും ആരോഗ്യവതികളല്ല. സര്‍ക്കാരിന്റെ സമൂഹ അടുക്കളയിലൂടെ അവിടെ ഭക്ഷണം കൊടുക്കുന്നുണ്ട്. അവര്‍ രാവിലെ എന്തെങ്കിലും വീട്ടില്‍ ഉണ്ടാക്കിയാലായി. പിന്നെ വൈകിട്ട് സമൂഹ അടുക്കളയില്‍ നിന്ന് കിട്ടുന്ന ചോറും സാമ്പാറുമാണ് കഴിക്കുന്നത്. പക്ഷേ, അന്ന് ഞാന്‍ അവിടുത്തെ പ്രായമായ സ്ത്രീകളോടും യുവതികളോടുമൊക്കെ സംസാരിച്ചപ്പോള്‍ പ്രായമായവര്‍ ഇവരേക്കാള്‍ ആരോഗ്യവതികളാണ്. അവരുടെ പഴയ ഭക്ഷണ രീതിയെക്കുറിച്ചൊക്കെ പ്രായമായവര്‍ സംസാരിച്ചു. കാട്ടുകിഴങ്ങുകളും പഴങ്ങളുമൊക്കെ പഴയകാലത്ത് ഒരുപാട് കിട്ടിയിരുന്നു, കഴിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഭക്ഷണ രീതിയില്‍ വന്ന മാറ്റമാണ് ആരോഗ്യക്കുറവിന് കാരണമായി ഇവര്‍ തന്നെ പറയുന്നത്.



സ്ത്രീ അംഗീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നു എന്നുതന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും പുരുഷനും സ്ത്രീക്കും കിട്ടുന്ന വേതനത്തില്‍ തുല്യതയിലേക്കെത്തുന്നില്ല. അത് മാധ്യമ മേഖലയാണെങ്കിലും മറ്റു മേഖലകളാണെങ്കിലും അതുതന്നെയാണ് അവസ്ഥ.

പുരുഷന്മാരുടെ കാര്യമെടുത്താല്‍, നമ്മള്‍ വാര്‍ത്തകളിലൊക്കെ കാണുന്നത് പോലെ പല കോളനികളിലും അവര്‍ മദ്യത്തിന് അടിമകളാണ്. മറ്റു ലഹരികള്‍ക്കും അടിമകളാണ്. സമൂഹത്തില്‍ മദ്യം കഴിക്കുന്നത് ആദിവാസി മാത്രമല്ലല്ലോ. ആദിവാസി കഴിക്കുമ്പോള്‍ ലഹരിക്ക് അടിമയെന്ന് നമ്മള്‍ പറയുന്നു. അത് ശരിയാണോ? ഇവരെയെല്ലാം എങ്ങനെയൊക്കെ മാറ്റിയെടുക്കാം എന്ന് വളരെ ഗൗരവത്തോടെ ആലോചിക്കേണ്ടതാണ്. പല എന്‍.ജി.ഒകളും അവരുടെ ഇടയില്‍ പ്രവൃത്തിക്കുന്നുണ്ട്. കാട്ടില്‍ പോയി പണിയെടുക്കാനല്ലാതെ പൊതുസമൂഹത്തിനൊപ്പം നില്‍ക്കാന്‍ പലരും തയാറാകുന്നില്ല എന്നതാണ് പ്രശ്‌നം. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാന്‍ പറ്റുമെന്ന് ആലോചിക്കണം. ഇവര്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ഫണ്ടുകളെ പറ്റി അന്വേഷിക്കണം. അവിടെ പ്രവൃത്തിക്കുന്ന ഒരു എന്‍.ജി.ഒ എന്നോട് പറഞ്ഞത്, ഒരു ആദിവാസിക്ക് സര്‍ക്കാര്‍ ചിലവിടുന്ന തുകയുടെ പത്തു ശതമാനം കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ എന്നേ രക്ഷപെട്ടുപോയേനെ എന്നാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടി വാര്‍ത്തയില്‍ ഇടം പിടിച്ചത് വലിയ നേട്ടത്തിന്റെ പേരിലായിരുന്നു. ലഖ്‌നോയില്‍ നിന്ന് മെഡിക്കല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ അട്ടപ്പാടിയില്‍ നിന്നുള്ള ചന്ദ്രന്‍, ആദ്യ ട്രൈബല്‍ യൂത്തായി മാറി. അങ്ങനെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരണം, കേരളീയ സുഗുണ ബോധിനി തുടങ്ങുന്നത് 1885 ലാണ്. എന്നാല്‍, ഒറ്റ സ്ത്രീ എഴുത്തുകാരും ഇതിലുണ്ടായിരുന്നില്ലെന്നും വായിച്ചിട്ടുണ്ട്. 2022 ലെത്തുമ്പോള്‍ മാധ്യമ മേഖലയിലെ സ്ത്രീ സാന്നിധ്യം എന്നതിന് വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ അംഗീകരിക്കപ്പെടാനും തുടങ്ങിയിട്ടുണ്ട്?

അതെ. വലിയ മാറ്റങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. മാധ്യമ മേഖലയില്‍ വലിയ തോതില്‍ സ്ത്രീ സാന്നിധ്യം കൂടിയിട്ടുണ്ട്. കെട്ടുകാഴ്ചയ്ക്കപ്പുറം ഉത്തരവാദിത്വപരവും നയപരവുമായ തീരുമാനങ്ങളെടുക്കുന്നതില്‍വരെ സ്ത്രീകളും ഒപ്പമുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ വിപ്‌ളവകരമായ കുതിച്ചുപോക്ക് ഇതിനെ വലിയ തോതില്‍ സഹായിക്കുന്നുണ്ട്. സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടുകൂടിയാണത്. സാമൂഹ്യ വ്യവസ്ഥിതി ഒരുപാട് മാറി. തുല്യനീതിയെക്കുറിച്ചും, സമത്വത്തെക്കുറിച്ചും പൊതുസമൂഹവും ചിന്തിച്ചുകൊണ്ടിരിക്കുന്നു. അത് അംഗീകരിക്കപ്പെടുന്നു. തൊഴിലിടങ്ങള്‍ മാറുന്നുണ്ട്. സ്ത്രീകളുടെ ജീവിതത്തിലും വ്യക്തിത്വത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. പെണ്‍കുട്ടികളിലും മാറ്റങ്ങള്‍ വരുന്നു. പ്രത്യേകിച്ചും മുസ്ലിം കമ്യൂണിറ്റിയില്‍ വന്നൊരു മാറ്റം വളരെ വലുതാണ്. വേറൊരു തരത്തില്‍ കുട്ടികള്‍ കുറച്ചുകൂടി ലിബറലാണ്. എന്തിന്, വിവാഹ കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഞാന്‍ പറയുന്നത് നൂറ് ശതമാനം അങ്ങനെയാണെന്നല്ല. കുടുംബ വ്യവസ്ഥിതിയിലും ഈ മാറ്റം പ്രകടമായിട്ടുണ്ട്. സ്ത്രീ അംഗീകരിക്കപ്പെടുന്നു. അല്ലെങ്കില്‍ അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നു എന്നുതന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും പുരുഷനും സ്ത്രീക്കും കിട്ടുന്ന വേതനത്തില്‍ തുല്യതയിലേക്കെത്തുന്നില്ല. അത് മാധ്യമ മേഖലയാണെങ്കിലും മറ്റു മേഖലകളാണെങ്കിലും അതുതന്നെയാണ് അവസ്ഥ.

കുടുംബാന്തരീക്ഷത്തിലും ലിംഗനീതിയുടെ കാര്യത്തിലും ഉണ്ടായ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമാണ് കൂടുതല്‍ സ്ത്രീകള്‍ മാധ്യമ രംഗത്തേക്ക് എത്തിയതെന്ന് തോന്നിയിട്ടുണ്ടോ?

അതൊരു പ്രധാന ഘടകം തന്നെയാണ്. അതിനപ്പുറം ദൃശ്യമാധ്യമം സ്ത്രീകള്‍ക്ക് നല്‍കുന്ന സാധ്യത നിലവില്‍ വളരെ വലുതാണ്. ന്യൂ മീഡിയ വലിയ കുതിച്ചു ചാട്ടംതന്നെയാണ് നടത്തിയിരിക്കുന്നത്. ഒരു സ്ഥാപനത്തില്‍ ജോലി വേണമെന്ന് പോലും ഇപ്പോള്‍ നിര്‍ബന്ധമില്ല. നിങ്ങള്‍ക്ക് സ്വന്തമായി തന്നെ ഒരു ജേര്‍ണലിസ്റ്റ് ആകാം, ഒരു വ്ളോഗറാകാം. ജോലിക്ക് വേണ്ടി വേറൊരു മീഡിയ അന്വേഷിച്ച് പോകേണ്ട കാര്യമില്ല. ന്യൂ മീഡിയ പെണ്‍കുട്ടികള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റര്‍ അങ്ങനെ സാധ്യതകള്‍ നിരവധിയാണ്. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആശയം സ്വയം പ്രചരിപ്പിക്കാം. നിങ്ങളെന്താണെന്നും എന്താണ് പറയാനുള്ളതെന്നും ഒരു എഡിറ്ററുടെ സഹായമില്ലാതെ ലോകത്തോട് സംവദിക്കാം. അത് വലിയൊരു സാധ്യതയാണ്. വിഷ്വല്‍ മീഡിയക്കപ്പുറം സോഷ്യല്‍ മീഡിയയിലെ കുതിച്ചുചാട്ടം പെണ്‍കുട്ടികളെ നല്ല രീതിയില്‍ ഈ മേഖലയിലേക്ക് എത്തിച്ചിട്ടുണ്ട്.

ജോലി സ്ഥിരതയോ കാര്യമായ വേതനമോ ഇല്ലാതിരുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വന്ന പഴയ തലമുറ നമുക്ക് മുന്നിലുണ്ട്. അവര്‍ വെട്ടിത്തെളിച്ച പാതകളിലൂടെ തന്നെയാണ് പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ നടന്നു നീങ്ങുന്നത്?

എന്റെ തലമുറ പഴയകാല ജേണലിസ്റ്റുകളെ മാതൃകയാക്കിയിട്ടാണ് കടന്നുവന്നത്. എനിക്കൊക്കെ അന്ന് പറയാനുണ്ടായിരുന്നത് വളരെ കുറച്ചു പേരെ മാത്രമാണ്. ലീല മേനോന്‍, ലല്‍ക്കറുമൊക്കെയായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ജേണലിസ്റ്റുകള്‍. പിന്നീട് സുചിത്ര ചേച്ചിയെപോലുള്ളവര്‍ വന്നു. ഇവരെയൊക്കെ കണ്ടാണ് എന്റെ തലമുറ വളര്‍ന്നത്. അന്നൊന്നും സാമ്പത്തികം നോക്കിയിരുന്നില്ല. ഞാന്‍ കേരള പ്രസ്സ് അക്കാദമിയില്‍ നിന്നാണ്-ഇന്നത്തെ മീഡിയ അക്കാദമി-ജേണലിസം കഴിഞ്ഞത്. അന്ന് ജേണലിസം പഠിച്ച് പുറത്തിറങ്ങുന്നവര്‍ വളരെ കുറവാണ്. അന്‍പത് സീറ്റില്‍ 40 ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളും, അങ്ങനെയായിരുന്നു കണക്ക്. കാരണം, പെണ്‍കുട്ടികള്‍ക്ക് സീറ്റ് അധികം കൊടുത്തിട്ട് കാര്യമില്ല എന്നായിരുന്നു കാഴ്ചപ്പാട്. ദൃശ്യമാധ്യമം എന്നുപറയാന്‍ ദൂരദര്‍ശന്‍ കൂടാതെ ഏഷ്യാനെറ്റ് മാത്രമേയുള്ളു. എത്രപേര്‍ക്ക് ജോലി കിട്ടുമെന്ന് ഊഹിക്കാമല്ലോ. എല്ലാവരും ആ സമയത്ത് പ്രിന്റ് മീഡിയയിലായിരുന്നു ഉറ്റുനോക്കിയിരുന്നത്. മനോരമ പോലുള്ള സ്ഥാപനങ്ങളായിരുന്നു കുറച്ചെങ്കിലും ശമ്പളം കൊടുത്തിരുന്നത്. ബാക്കി ഒന്നും അത്ര വലിയ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളായിരുന്നില്ല. ഞങ്ങളൊക്കെ ആ സമയത്ത് വളരെ പ്രയാസപ്പെട്ടാണ് ഈ രംഗത്ത് നിന്നത്. സാമ്പത്തികത്തിനപ്പുറം ഇതിനോടുള്ള താല്‍പര്യം മാത്രമാണ് നിരാശയെ അതിജീവിക്കാന്‍ സാധിച്ചത്. ഒരുപക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ക്കു അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല. സാമ്പത്തികമായി മുന്നേറാനുള്ള സാധ്യതകള്‍ അനന്തമാണ്.

കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ ഒരു വനിതയാണ് പ്രസിഡണ്ട് പദത്തിലുള്ളത് - കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത് എത്രമാത്രം ഊര്‍ജം നല്‍കും. നേതൃത്വം ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി നേരിടുന്നുണ്ടോ?

കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ വൈസ് പ്രസിഡണ്ടായിരുന്ന കാലത്ത്, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടോ, ആ പ്രശ്നങ്ങളൊക്കെ അങ്ങനെ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും അവകാശ നിഷേധങ്ങളും അസമത്വവും ഏറിയും കുറഞ്ഞും അനുഭവിക്കുന്നുണ്ട്. രാത്രിഷിഫ്റ്റില്‍ വാഹന സൗകര്യം നല്‍കാതിരിക്കുക, കരാര്‍ ജീവനക്കാരുടെ അസ്ഥിരത ഇതെല്ലാം തുടരുന്നു. തൊഴില്‍ നഷ്ടം, അല്ലെങ്കില്‍ അവകാശ നിഷേധങ്ങള്‍ക്കെതിരെയൊന്നും യൂണിയന് വലിയ തോതിലൊന്നും ഇടപെടാന്‍ പറ്റാറില്ല. ഞാന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കുമ്പോള്‍ എനിക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍പരമായി നേരിടുന്ന പ്രശ്നങ്ങളെ യൂണിയന് കൈകാര്യം ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. മാനേജ്മെന്റാണ് തീരുമാനം എടുക്കേണ്ടത്. പിന്നെ ലേബര്‍ കോടതികളിലൊക്കെ പോകാന്‍ എത്രപേര്‍ തയാറാകും. നിരാശയോടെ പടിയിറങ്ങിപ്പോകുന്ന ജേണലിസ്റ്റുകളിന്നും നമ്മുടെയിടയിലെ കാഴ്ചയാണ്.

കേരളത്തിന് പുറത്തും മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അതിലും അംഗീകരങ്ങള്‍ നേടിയിട്ടുണ്ട്. അതിന്റെ അനുഭവങ്ങള്‍?

2017 അവസാനമാണ് ഞാന്‍ ഡല്‍ഹിക്ക് പോകുന്നത്. തലസ്ഥാന നഗരിയില്‍ ഇരുന്ന് കൊണ്ട് നമുക്ക് ഇന്ത്യയെ കാണാം. യു.പി ഹരിയാന തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാണാം. അവിടുത്തെ ഗ്രാമങ്ങളെ അടുത്തറിയാം. അങ്ങനെ ഒരുപാട് സ്റ്റോറികള്‍ ഉണ്ട്. കുറയൊക്കെ ചെയ്യുവാനും സാധിച്ചു. മീഡിയ അക്കാദമി അവാര്‍ഡും, ആദ്യതവണ അംബേദ്കര്‍ പുരസ്‌കാരവുമൊക്കെ ലഭിക്കുന്നത് ഉത്തരേന്ത്യന്‍ സ്റ്റോറികള്‍ക്കാണ്. ഉരുക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നവര്‍ എന്ന തലകെട്ടില്‍ ആദിവാസി ജീവിതം ചിത്രീകരിച്ച സ്റ്റോറിക്കായിരുന്നു ആദ്യതവണ അംബേദ്കര്‍ പുരസ്‌കാരം ലഭിച്ചത്. ഗുജറാത്തിലെ കേവടിയ എന്ന ഗ്രാമത്തില്‍ പട്ടേല്‍ പ്രതിമ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ അവിടുത്തെ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടത് പുരയിടവും കൃഷിഭൂമിയുമായിരുന്നു. വികസനം ഈ മനുഷ്യരുടെ ജീവിതത്തെ ഇല്ലാതാക്കിയതെങ്ങനെ എന്നതായിരുന്നു ഉരുക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നവര്‍ എന്ന സ്‌റ്റോറി. നര്‍മദ ഡാം പണിതപ്പോളും ഈ പ്രദേശത്തെ ഗ്രാമങ്ങള്‍ ഇല്ലാതായി.

സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ ഹരിയാനയില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാരെ വിവാഹം കഴിക്കേണ്ടിവന്ന മലയാളി സ്ത്രീകളുടെ ജീവിതമായിരുന്നു ആണ്‍നാട്ടിലെ പെണ്ണതിഥികള്‍ എന്ന സ്‌റ്റോറി. ഇതിന് മീഡിയ അക്കാദമി പുരസ്‌കാരം ലഭിച്ചു. പാലക്കാട്, കണ്ണൂര്‍, തളിപ്പറമ്പ് തുടങ്ങിയ മലബാര്‍ മേഖലയില്‍ നിന്നുള്ള സ്ത്രീകളാണ് ഇങ്ങനെ വിവാഹം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ജീവിതവുമായി പൊരുത്തപ്പെട്ടുപോകുന്നത്. ഒരു സ്ത്രീ എന്നോട് കരഞ്ഞു പറഞ്ഞു, ആദ്യത്തെ ദിവസമൊന്നും എനിക്ക് അറിയില്ലായിരുന്നു ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന്. മലയാളമല്ലാതെ ഒരു ഭാഷയും ഈ സ്ത്രീകള്‍ക്കൊന്നും അറിയില്ലായിരുന്നു. ഇന്ന് അവരെല്ലാം മലയാളം മറന്ന് ഹരിയാനയുടെ വധുമാരായി മാറി കഴിഞ്ഞിരിക്കുന്നു.



ഡല്‍ഹിയിലുള്ളപ്പോള്‍ അയോധ്യയില്‍ പോയിരുന്നു. ബാബിരി മസ്ജിദ് തര്‍ക്കമെല്ലാം നമുക്കറിയാലോ. അവിടുത്തെ ആളുകളെല്ലാം പരസ്പരം സഹവര്‍ത്തിത്വത്തോടെ ജീവിച്ചുകൊണ്ടിരുന്നവരാണ്. പുറത്തുനിന്ന് വന്നവരാണ് ഹിന്ദു-മുസ്ലിം വിഭാഗീയതയിലേക്ക് അവരെ എത്തിച്ചത്. രാഷ്ട്രീയകളിക്ക് ഇരകളാവുകയായിരുന്നു ഈ പ്രദേശത്തുള്ള ഇരുവിഭാഗം ആളുകളും. അതിന്റെ തുടര്‍ച്ചയാണ് ഇന്നിപ്പോള്‍ നമ്മള്‍ കാണുന്ന ഗ്യാന്‍വ്യപി മസ്ജിദ്-കാശി തര്‍ക്കം.

2021 ല്‍ മുംബൈ പ്രസ്സ് ക്ലബ്ബിന്റെ റെഡ് ഇങ്ക് അവാര്‍ഡ് കിട്ടി. പ്രളയത്താല്‍ മുറിവേറ്റവര്‍ എന്ന സ്റ്റോറിക്കായിരുന്നു അത്. കേരളത്തിലുണ്ടായ പ്രളയത്തില്‍ മുറിവേറ്റ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലെ മനുഷ്യരുടെ ജീവിതമായിരുന്നു ആ പരിപാടിയില്‍ പറഞ്ഞത്. 2014 ല്‍ ആയിരുന്നു ഉത്തരാഖണ്ഡിനെ പ്രളയം തകര്‍ത്തെറിഞ്ഞത്. കേദാര്‍ നാഥ് ക്ഷേത്രം മൊത്തം പോയി. പ്രളയത്തിനുശേഷം ഉത്തരഖണ്ഡ് എന്ത് പഠിച്ചു, വികസനം എങ്ങനെയായിരിക്കണം എന്നുള്ള അന്വേഷണത്തിനായി ഞാന്‍ 2018 ല്‍ ഉത്താരാഖണ്ഡില്‍ പോയിരുന്നു. അശാസ്ത്രീയമായ കെട്ടിടനിര്‍മാണം, പരിസ്ഥിതി ലോലപ്രദേശമായ കുന്നിന്‍ചെരിവുകളില്‍ വരെ വലിയ കെട്ടിടങ്ങള്‍ - അതായിരുന്ന ഉത്തരാഖണ്ഡ്. ഇന്നിപ്പോള്‍ വയനാട്ടിലും മൂന്നാറിലുമൊക്കെ പോകുമ്പോള്‍ ഇതേ കാഴ്ച കാണുന്നു. ഉത്തരഖണ്ഡ് എന്താണോ കാണിച്ച് വെച്ചത് അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

കേരളത്തില്‍ ആഴത്തില്‍ പഠനമേറിയ ദൃശ്യസാധ്യതയുള്ള വിഷയങ്ങള്‍ കണ്ടെത്താന്‍ അല്‍പം പ്രയാസമുണ്ട്. ഇവിടെ നടക്കുന്നത് ബൈറ്റ് ജേണലിസമാണെന്ന് പറയേണ്ടിവരും. ഏതെങ്കിലും വിഷയത്തെക്കുറിച്ചോ, വിവാദങ്ങളിലോ രാഷ്ട്രീയ നേതാക്കള്‍ പറയുന്ന ബൈറ്റ് വികസിച്ച് വലിയ അന്തിചര്‍ച്ചകളിലേക്കെത്തും. എന്‍.എസ് മാധവന്റെ ഹിഗ്വിറ്റയുടെ പേരിലുള്ള വിവാദങ്ങള്‍ പോലുള്ളതിന്റെ പിറകെ പോകും. കേരളത്തില്‍ നിന്ന് സ്റ്റോറി കണ്ടെത്താന്‍ പറ്റാത്തതില്‍ പ്രയാസപ്പെടാറുണ്ട്.

TAGS :