Quantcast
MediaOne Logo

ഗീതു രാജേന്ദ്രന്‍

Published: 29 Sep 2022 4:57 AM GMT

മഠത്തിലുള്ളവര്‍ക്ക് ഞാന്‍ ശത്രുവാണ്; എനിക്കങ്ങനെയല്ല - സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മഠത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവുപോലും മാനിക്കാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ളതെന്ന് സിസ്റ്റര്‍ പറയുന്നു. വീണ്ടുമൊരു ഒറ്റയാള്‍ സമരം നടത്താനുണ്ടായ സാഹചര്യം സിസ്റ്റര്‍ വ്യക്തമാക്കുന്നു. | അഭിമുഖം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ / ഗീതു രാജേന്ദ്രന്‍

മഠത്തിലുള്ളവര്‍ക്ക് ഞാന്‍ ശത്രുവാണ്; എനിക്കങ്ങനെയല്ല - സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
X

വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ എഫ്.സി.സി മഠത്തിനു മുന്നില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വീണ്ടും ഒരു ഒറ്റയാള്‍ സമരത്തിലാണ്. മഠാധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരമായി അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ സിസ്റ്റര്‍ ലൂസി സത്യാഗ്രഹസമരം തുടങ്ങിയത്. നാലുവര്‍ഷമായി സഭയില്‍ നിന്നും മഠത്തില്‍ നിന്നും നേരിടുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് ഇത് രണ്ടാം തവണയാണ് സിസ്റ്റര്‍ക്ക് സ്വന്തം മഠത്തിന് മുന്നില്‍ സമരം ചെയ്യേണ്ടി വരുന്നത്. മഠത്തിലെ അധികൃതര്‍ ഭക്ഷണം തയ്യാറാക്കാന്‍ അടുക്കള തുറന്ന് കൊടുക്കുക, പൊതു പ്രാര്‍ഥനാമുറിയും സന്ദര്‍ശന മുറിയും ഉപയോഗിക്കാന്‍ അനുവദിക്കുക, കുളിമുറിക്കും കിടപ്പുമുറിക്കും സമീപത്തായി സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ എടുത്തുമാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് സിസ്റ്റര്‍ ഉന്നയിക്കുന്നത്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മഠത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവുപോലും മാനിക്കാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ളതെന്ന് സിസ്റ്റര്‍ പറയുന്നു. സമരം തുടങ്ങിയതിന് പിന്നാലെ കോണ്‍വെന്റിലെത്തിയ രണ്ടുപേര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ വെള്ളമുണ്ട പൊലീസെത്തി അറസ്റ്റു ചെയ്ത് കൊണ്ടുപോകുകയായിരുന്നു. നിലവില്‍ വെള്ളമുണ്ട പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷം വീടായിരുന്ന മഠം ഇപ്പോള്‍ സിസ്റ്റര്‍ക്ക് അന്യമായി, കുടുംബാംഗങ്ങളെ പോലെ സ്നേഹിച്ചിരുന്നവരെല്ലാം തള്ളിപ്പറഞ്ഞു. എങ്കിലും തന്നെ പോലുള്ള കന്യാസ്ത്രീ സമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് സിസ്റ്റര്‍...


നാല് വര്‍ഷമായി അനുഭവിക്കുന്ന പ്രശ്നങ്ങളാണോ പെട്ടെന്നുണ്ടായ മറ്റെന്തെന്തെങ്കിലും വിഷയമാണോ സത്യാഗ്രഹ സമരത്തിലെത്തിച്ചത്?

നാല് വര്‍ഷമായി എനിക്കെതിരേ അവര്‍ പ്രവര്‍ത്തിക്കുകയാണല്ലോ. എന്നെ മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരേ കൊടുത്ത കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 ആഗസ്റ്റ് 13-ന് അടിയന്തര ഹര്‍ജിക്ക് ഉത്തരവ് കിട്ടിയിരുന്നു. അടിയന്തര ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മഠത്തില്‍ തുടരാന്‍ അനുവദിക്കുന്ന മുന്‍സിഫ് കോടതി ഉത്തരവുണ്ട്. അത് പാലിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഘട്ടംഘട്ടമായി എന്നെ പുറത്താക്കാനാണ് മഠം അധികൃതര്‍ ശ്രമിക്കുന്നത്. അവസാനം വരെ ഇങ്ങനെ തുടരാനാണ് അവരുടെ ശ്രമം. ഇപ്പോള്‍ യാതൊരു നിവര്‍ത്തിയുമില്ല. അതാണ് സമരത്തിലെത്തിയത്.

സമാന ആവശ്യം ഉന്നയിച്ച് നേരത്തെയും സമരം നടത്തിയിരുന്നില്ലേ?

എറണാകുളത്ത് എന്റെ തന്നെ കേസ് വാദിക്കാന്‍ പോയി തിരിച്ചുവന്നതായിരുന്നു. കേസില്‍ കോടതി അനുകൂല നിലപാട് എടുത്തതില്‍ പ്രതിഷേധിച്ച് എന്റെ മുറിയിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചപ്പോളാണ് സമരം ചെയ്്തത്. അത് പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിച്ചു. പിന്നീട് അത്തരം പ്രശ്നങ്ങളുണ്ടായിട്ടില്ല. എനിക്ക് അവകാശപ്പെട്ടത് എങ്ങനെയാണ് ഇവര്‍ നിഷേധിക്കുക. ഏകപക്ഷീയമായാണ് എന്നെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. എനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും ഉത്തരവില്‍ പറയുന്നുണ്ട്. നീതിപരമായി ഒരു കാര്യവും എന്റെ ഭാഗത്ത് നിന്ന് കേള്‍ക്കാന്‍ തയ്യാറാകാതെയാണ് സഭയില്‍ നിന്ന് പുറത്താക്കുന്നത്. സഭയിലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഏതെങ്കിലും വ്യക്തികളോ അധികാരികളോ വന്ന് നമ്മുടെ ഭാഗം കേട്ടിരുന്നില്ല. റോമില്‍ നിന്ന് ഒരംഗ കമ്മീഷന്‍ പോലും എന്റെ അടുത്ത് വന്നിട്ടില്ല. ഈ കേസ് നടത്തുന്നതിലൂടെ എനിക്കുണ്ടായ നഷ്ടം പരിഹരിക്കാനാണ് നഷ്ടപരിഹാരം തരാന്‍ പറഞ്ഞത്. എന്നാല്‍, ഇതുവരെ നഷ്ടപരിഹാരം കിട്ടാനുള്ള അപേക്ഷ നല്‍കിയിട്ടില്ല. ഇത്തരത്തിലുള്ള വിധി തന്നെ വലിയ അനുഗ്രഹമായാണ് കാണുന്നത്.

മഠത്തില്‍ എല്ലായിടത്തും സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് സിസ്റ്ററുടെ സ്വകാര്യത ലംഘിക്കുന്നുവെന്ന് പറയുന്നുണ്ട്. സുരക്ഷയുടെ ഭാഗമായിട്ടായിരിക്കുമല്ലോ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുക?

സുരക്ഷയുടെ ഭാഗമായിട്ടാണെങ്കിലും എവിടെയാണ് സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നത് എന്നതാണ് പ്രശ്നം. സുരക്ഷയ്ക്കായി പുറത്ത് ഒന്നും രണ്ടുമല്ല, ഒമ്പത് ക്യാമറകളാണ് ഉള്ളത്. ഇതു കൂടാതെയാണ് ഞാന്‍ ഉപയോഗിക്കുന്ന കിടപ്പുമുറിക്കും കുളിമുറിക്കും സമീപത്തും ക്യാമറകള്‍ വെച്ചിരിക്കുന്നത്. ഞാന്‍ നടക്കുന്ന വഴിയിലെ വാതിലുകളെല്ലാം കൊട്ടിയടച്ച് മഠം രണ്ടാക്കിയിരിക്കുകയാണ്. ഞാന്‍ മുറിയില്‍ നിന്നിറങ്ങി പോകുന്ന വഴികളിലെല്ലാം ക്യാമറകള്‍, ഭക്ഷണം കഴിക്കുന്ന മുറിയില്‍ പോലും ക്യാമറ. ഞാന്‍ 40 വര്‍ഷം ജീവിച്ച വീട്ടിലെ അംഗങ്ങള്‍ക്ക് ഞാന്‍ ഇപ്പോള്‍ ശത്രുവാണ്. പക്ഷേ, എനിക്കവര്‍ ശത്രുക്കളല്ല.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും മഠത്തില്‍ കഴിയുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കില്ലേ?

അനീതി നേരിടുന്ന പലരും സാഹചര്യങ്ങള്‍ കൊണ്ട് നിശബ്ദരാക്കപ്പെടുന്നുണ്ട്. അതിനെതിരേ പോരാടാനുള്ള ഒരു ധൈര്യവും പ്രചോദനവും പിന്തുണയും സമൂഹത്തില്‍ നിന്നും മറ്റും കിട്ടുന്നുണ്ട്. നിശബ്ദരാക്കപ്പെടുന്നവര്‍ക്കായി ശബ്ദിക്കുകയാണ് എന്റെ ദൗത്യം. അതിന്റെ പൂര്‍ത്തികരണത്തിന് അരക്ഷിതമായ സാഹചര്യത്തില്‍ ജീവിക്കാനും തയ്യാറാണ്. ഇപ്പോള്‍ പൊലീസിന്റെ കാവലുണ്ട്. അതിനാല്‍ വലിയ പ്രശ്നമില്ല. പക്ഷേ, മഠത്തിലുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നില്ല. ഉത്തരവെഴുതിയ ഒരു കത്ത് മഠാധികൃതര്‍ക്ക് പൊലീസ് കൊടുത്തിട്ടില്ല.

മഠത്തില്‍ തന്നെ താമസം തുടരുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ലേ?

പരിഹരിച്ചാല്‍ പിന്നെ അതുപോലുള്ള പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടാക്കാന്‍ പാടില്ലല്ലോ.


പ്രശ്നമുണ്ടാക്കിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായല്ലോ. എന്താണ് സംഭവിച്ചത്?

നാലുവര്‍ഷമായി മഠം അനുകൂലികളായ ചിലര്‍ പലതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരാണ്. കോലം കത്തിക്കുകയും പന്തം കൊളുത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നോട് 'ഇറങ്ങി പോടീ' എന്നു വരെ പറഞ്ഞിട്ടുണ്ട്. ഇത്തരം അന്ധരായ വിശ്വാസികളോട് പറയാനുള്ളത് തെറ്റിന് കൂട്ടു നില്‍ക്കുന്ന സ്വാര്‍ഥമതികളായ വിശ്വാസികളാകരുത് എന്നാണ്. ദൈവത്തിനോട് നീതി പുലര്‍ത്തുന്ന വിശ്വാസികളായി മാറുക.


നിലവിലെ സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ടോ?

ലോകം മുഴുവന്‍ എന്റെ സമരത്തിന് കൂട്ടുവന്നിരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. സാമൂഹിക മാധ്യങ്ങളിലെല്ലാം ആളുകള്‍ പിന്തുണയ്ക്കുന്നുണ്ട്.




TAGS :