Quantcast
MediaOne Logo

സോഫിയ ബിന്ദ്

Published: 14 Feb 2023 7:47 AM GMT

ഇറ്റ്ഫോക്ക്: സമകാലീന മലയാള നാടക വേദിയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അറിയാവുന്നവര്‍ ക്യൂറേറ്റര്‍മാരില്‍ ഉണ്ടാകണം - ശ്രീജിത്ത് രമണന്‍

ഇറ്റ്ഫോക്കില്‍ സ്ത്രീകളുടെ ശബ്ദം വരും കാലങ്ങളില്‍ ഇനിയും ഉയരും. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവര്‍ ചിലപ്പോള്‍ അവഹേളങ്ങള്‍ക്ക് ഇരയാകും. മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകളേയും, ഏകാന്തത്തേയും പലയിടത്തു നിന്നും മനഃപൂര്‍വം ഒഴിവാക്കിയപ്പോള്‍ ഞാന്‍ പ്രതികരിച്ചിരുന്നില്ല. പക്ഷേ, തീണ്ടാരി പച്ചയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടി വന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. അല്ലെങ്കില്‍ ആഗോള കുത്തക നാടകക്കാര്‍ ഈ നാട്ടിലെ എല്ലാ ചെറിയ നാടക ശ്രമങ്ങളേയും കുഴിച്ചുമൂടും. | അഭിമുഖം: ശ്രീജിത്ത് രമണന്‍/സോഫിയ ബിന്ദ്

ഇറ്റ്ഫോക്ക്: സമകാലീന മലയാള നാടക വേദിയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ അറിയാവുന്നവര്‍ ക്യൂറേറ്റര്‍മാരില്‍ ഉണ്ടാകണം - ശ്രീജിത്ത് രമണന്‍
X

ഫെബ്രുവരി 5 മുതല്‍ 14 വരെ തൃശൂരില്‍ നടന്ന ഇറ്റ്‌ഫോക്ക് ( international theatre festival of kerala) ഒരുപിടി അന്താരാഷ്ട്ര നാടകങ്ങള്‍ക്ക് വേദിയായി. ദി ടെംപസ്റ്റ് ( TheTempest project), ആന്റി ഗനി (Anti Gone), തേര്‍ഡ് റീഹ് (Third Reich), ഡോണ്ട് ബിലീവ് മി ഇഫ് ഐ ടാള്‍ക്ക് ടു യു ഓഫ് വാര്‍ (Don't Believe Me If I Talk to You of War) സാംസണ്‍ (Samson) തുടങ്ങിയ നാടകങ്ങള്‍ ഇറ്റ്‌ഫോക്കില്‍ അരങ്ങേറി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മലയാള നാടകങ്ങള്‍ എണ്ണത്തില്‍കുറവായിരുന്നു. നാലു നാടകങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍, ആര്‍ട്ടിക്, കക്കുകളി, സോവിയറ്റ് സ്റ്റേഷന്‍കടവ് എന്നിവയായിരുന്നു മലയാളത്തില്‍നിന്ന് അരങ്ങേറിയത്. ഈ സാഹചര്യത്തില്‍ ഇറ്റ്‌ഫോക്കിനെക്കുറിച്ചും നാടക തെരഞ്ഞെടുപ്പിനെക്കുറിച്ചും ശ്രീജിത്ത് രമണന്‍ സംസാരിക്കുന്നു. നാടകസംവിധായകനും, ഗവേഷകനും, നടനുമായ ശ്രീജിത്ത് രമണന്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്‌സിന്റെ വകുപ്പ് മേധാവികൂടിയാണ്. നിരവധി തവണ ഇറ്റ്‌ഫോക്കില്‍ ടെക്‌നിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറ്റ്‌ഫോക്ക് ഒരു പുനര്‍വിചിന്തനം നടത്തിയേപറ്റൂ, അല്ലെങ്കില്‍ മലയാള നാടകങ്ങള്‍ ഇനിയും പിന്നോട്ട് പോകും എന്ന് വിലയിരുത്തുന്നു ശ്രീജിത്ത് രമണന്‍.

കേരളത്തെ സംബന്ധിച്ചിടത്തോളം നാടകത്തെ സ്നേഹിക്കുന്നവര്‍ക്കും, നാടകത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയൊരു വേദിയാണ് ഇറ്റ്‌ഫോക്ക്. അന്താരാഷ്ട്ര നാടകങ്ങള്‍ കാണാനുള്ള വലിയൊരവസരം കൂടിയാണ് ഈ വേദി ഒരുക്കുന്നത്. ഈ കഴിഞ്ഞ ഇറ്റ്ഫോക്കിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

പൊതുവെ നമ്മുടെ മലയാള നാടക വേദിക്ക് ഗുണപ്രദമാകുന്ന തരത്തില്‍ ഇറ്റ്‌ഫോക്കിനെ മാറ്റിയെടുക്കേണ്ടതുണ്ട്. ഒരനുഷ്ഠാനം പോലെ എല്ലാ വര്‍ഷവും വിദേശ നാടകങ്ങള്‍ ഇത്ര എണ്ണം, മലയാള നാടകങ്ങള്‍ ഇത്ര, ദേശീയ നാടകങ്ങള്‍ ഇത്ര എന്ന പാക്കേജുകള്‍ വെക്കുക എന്നതല്ല, മറിച്ച് സമഗ്രമായി മലയാള നാടക വേദിയെ ഉയര്‍ത്തിയെടുക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന വലിയ ആലോചന നാടകവിദഗ്ദരുടെയും മറ്റു മേഖലകളിലുള്ള പ്രഗത്ഭരുടേയും അഭിപ്രായ രൂപികരണം ഈ ഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. സജീവ നാടക പ്രവര്‍ത്തനം നടത്തുന്ന ലോകോത്തര നാടക സംഘങ്ങളുടെ നാടക പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അവരെല്ലാം തന്നെ വളരെ ശാസ്ത്രീയവും പ്രൊഫഷണലുമായ ഒരു സമീപനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

അത്രയും വലിയൊരു പിന്തുണ അവിടെയുണ്ട്. നമ്മുടേതും വിദേശത്തേതുമായ നാടകങ്ങളുടെ ആശയപരമായ, സര്‍ഗാത്മകമായ നാടക രൂപീകരണ ആലോചനകളിലും ഭാവനയിലും വലിയ വ്യത്യാസമൊന്നുമില്ല. പക്ഷേ നിലവാരത്തിന്റെ കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ പിന്നിലാണ്. അതിനുള്ള ഉത്തരങ്ങളാണ് നാം കണ്ടെത്തേണ്ടത്. Performing art, community യ്ക്ക് നിലനില്‍ക്കാനാവശ്യമായ ഒന്നും തന്നെ കേരളത്തിന് ഒരുക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് നാണക്കേടാണ്. കേരളത്തില്‍ മര്യാദക്ക് നാടകം പരിശീലിക്കാന്‍ നല്ല Studio സംവിധാനങ്ങള്‍ ഇതുവരെ ഒരുക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അവതരണ യോഗ്യമായ വിവിധ മാതൃകയിലുള്ള നാടകശാലകള്‍ ഒന്നു പോലും കേരളത്തിലില്ല എന്നു പറയേണ്ടിയിരിക്കുന്നു. ലോകത്ത് പല തരത്തിലുള്ള വൈവിധ്യങ്ങള്‍ നാടകത്തില്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. നമുക്ക് അത്തരത്തിലുള്ള നാടകങ്ങള്‍ പരിശീലിക്കാനുളള സ്ഥലവും, വേദിയും ഉണ്ടാകുന്നില്ല. ഇറ്റ്ഫോക്ക് അടിയന്തരമായി ചെയ്യേണ്ട കാര്യം ഇതിന്റെ പകിട്ട് കുറച്ച് കൊണ്ട്, അനുവദിച്ച് കിട്ടുന്ന തുകയും അധിക ഫണ്ടും ഉപയോഗിച്ച് വേദിയായ ബ്ലാക്ക് ബോക്സുകള്‍, ആയിരം പേര്‍ക്കെങ്കിലും ഇരിക്കാന്‍ കഴിയുന്ന പ്രൊസീനിയം, തുറസ്സരങ്ങുകള്‍, പരിശീലന ഇടങ്ങള്‍ തുടങ്ങിയവ അടിയന്തരമായി നിര്‍മിക്കുകയാണ് ചെയ്യേണ്ടത്. നിലവില്‍ അക്കാദമി പരിസരത്തുള്ള ഭരത് മുരളി ഓഡിറ്റോറിയവും, ബ്ലാക്ക് ബോക്‌സും കാണികള്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് നാടകം ആസ്വദിക്കാനാകാത്ത അവസ്ഥയിലാണ്. ഉന്നത നിലവാരമുള്ള നാടകങ്ങള്‍ ഇവിടെ കൊണ്ടുവന്ന് അതിന്റെ എല്ലാ സാധ്യതകളെയു ംനശിപ്പിക്കുന്ന തരത്തിലാണ് അതവിടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.


ഇറ്റ്ഫോക്കില്‍ മലയാള നാടകങ്ങളുടെ പ്രാതിനിധ്യം കുറവായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നല്ലോ. നാല് നാടകങ്ങളാണ് ഈ പ്രാവശ്യം ഇടം പിടിച്ചത്. താങ്കളുടെ തീണ്ടാരിപച്ച ഇറ്റ്ഫോക്കില്‍ വന്നിരുന്നില്ല?

തീണ്ടാരിപച്ച ഉള്‍പ്പെടാത്തതുകൊണ്ടുള്ള വിമര്‍ശനാമായല്ല ഞാന്‍ അതിനെ കാണുന്നത്. ഇറ്റ്ഫോക്ക് പോലൊരു വലിയ പ്ലാറ്റ്ഫോമിന് ഒരുപാട് പ്രത്യേകതകളുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും, വിദേശത്തുനിന്നുമടക്കം ആളുകള്‍ ഫെസ്റ്റിവല്‍ കാണാന്‍ വരുന്നു. അപ്പോള്‍ കാണികള്‍ എന്ന് പറയുന്നത് അത്ര ചെറുതല്ല. ഒരുപക്ഷെ, ഒരു സര്‍ഗസൃഷ്ടിയെ സമഗ്രതയില്‍ അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും വലിയ സംവിധാനം നമ്മള്‍ ഇറ്റഫോക് മുഖേനെ മികച്ച മലയാള നാടകങ്ങള്‍ക്കായി രൂപപ്പെടുത്തേണ്ടതാണ്. ആ സാധ്യതയെ മലയാള നാടക വേദി പരമാവധി പ്രയോജനപ്പെടുത്തണം. അവിടെ കളിക്കുന്ന സമയത്താണ് ഒരു നാടകത്തെ അതിന്റെ ഏറ്റവും ഉത്തമമായ ഭാവത്തില്‍ പ്രതിഷ്ഠിക്കാന്‍ പറ്റുന്നത്, ചര്‍ച്ചചെയ്യാന്‍പറ്റുന്നത്, പ്രബുദ്ധരായ പ്രേക്ഷക സമൂഹത്തിലേക്ക് എത്തിക്കാന്‍ പറ്റുന്നത്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ മലയാള നാടകങ്ങളെയും പ്രവര്‍ത്തകരേയും പുറത്തേക്കെത്തിക്കാനുള്ള ശ്രമം ഇറ്റ്ഫോക്കിന്റെ ഭാഗത്ത് നിന്നുണ്ടാകണം. പക്ഷെ, അത് ഉണ്ടാകുന്നില്ല. എത്രയോ നാടകങ്ങള്‍ വിദേശത്ത് നിന്നും ഇങ്ങോട്ടേക്ക് വരുന്നു. മറിച്ച് നമ്മുടെ എത്ര നാടകങ്ങള്‍ പുറത്തേക്ക് പോകുന്നുണ്ട്? ഇതിന്റെ കാരണമെന്താണ്? ഇതാണ് ഇറ്റ്ഫോക്ക് പോലൊരു വേദിയില്‍ നിന്ന് കൊണ്ട് പുനഃപരിശോധിക്കേണ്ടത്. ഏറ്റവും കൂടുതല്‍ അരക്ഷിതമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഗതിയാണ് മലയാളം നാടക വേദിക്കുള്ളത്. അതി പ്രഗത്ഭരായിട്ടുള്ള തീയേറ്റര്‍ മേക്കേഴ്‌സ് ഉള്ള സ്ഥലമാണ്. ഒരുപക്ഷെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ എടുത്താലും ഏറ്റവും കൂടുതല്‍ സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ന്ന് വന്നത് കേരളത്തില്‍ നിന്നാണ്. കേരളത്തിലെ ഏതൊരു ചെറിയ നാടക കമ്പനികളെടുത്താലും അതിനൊരു പരീക്ഷണാത്മകത്വരയും, പുതിയ ശൈലിക്കായുള്ള പരിശ്രമങ്ങളും കണ്ടുവരാറുണ്ട്. അത്രമാത്രം പ്രത്യേകതകളുണ്ട്. പക്ഷെ, അതൊന്നും പ്രദര്‍ശിപ്പിക്കാനുള്ള നല്ലൊരു വേദി നമുക്കില്ല.

നിരന്തരമായി ഇറ്റ്‌ഫോക്ക് കണ്ട് വന്ന നാടക പ്രേമികള്‍ക്ക് മടുപ്പുളവാക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. നാടകങ്ങള്‍മാറി വരുന്നുണ്ട്. പക്ഷേ, എന്താണ് സംഭവിക്കുന്നത് എന്നതില്‍ കാര്യമായ പുനഃപരിശോധന വേണം. കാരണം, കാലാകാലങ്ങളായി ഈ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ക്യൂറേറ്റ് ചെയ്യുന്നവര്‍, വര്‍ഷങ്ങളായി അവരുടെ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ഒരു കാഴ്ച സംസ്‌കാരത്തിന്റെ, ആസ്വാദന സംസ്‌കാരത്തിന്റെ ആവര്‍ത്തനമാണ് കൊണ്ടുവരുന്നത്. അതിനപ്പുറത്തേയ്ക്ക് പോകുന്നില്ല. ഒലിയാകോലി (Ovlyakuli khodzhakuli )Theare ആവര്‍ത്തിച്ചുവരുന്നു, വെറെ എത്രപേരുണ്ട്? എത്ര കമ്പനികളുണ്ട്? റിമിനി പ്രോട്ടോകോല്‍, (RIMINI PROTOKOLL) സൈമണ്‍മക്ബര്‍നി (SIMON MCBURNEY), LA FURA DELL BAUS, SITI( New York) SCOT ( Japan) തുടങ്ങി എത്രയോ വൈവിധ്യമാര്‍ന്ന നാടക കമ്പനികളുണ്ട്. കേരളം കാണാത്ത ഒട്ടനവധി പേരുണ്ട്. ഇവരൊന്നും എത്തുന്നില്ല. ഇത്തരത്തിലുള്ള വൈവിധ്യങ്ങളെ ഒന്നും അഡ്രസ്സ് ചെയ്യാന്‍ പറ്റാത്ത രീതിയിലേക്ക് ആളുകളെ മടുപ്പിക്കുന്ന തരത്തിലേക്ക് മാറികൊണ്ടിരിക്കുകയാണ് ഇറ്റ്ഫോക്ക്.

മറ്റൊരു കാര്യം എന്താണെന്നുവച്ചാല്‍ കോവിഡ് കാലത്ത് പെര്‍ഫോമന്‍സ് ആര്‍ട് കമ്മ്യൂണിറ്റി മുഴുവന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രതിസന്ധിയും നേരിട്ട വിഭാഗമാണ്. ആ കാലങ്ങളില്‍ മലയാളത്തില്‍ അടയാളപ്പെടുത്തേണ്ടതായ ഏറ്റവും പ്രസക്തമായ ചില വര്‍ക്കുകകള്‍ രൂപപ്പെട്ടിരുന്നു. ഈ ഇറ്റ്ഫോക്കില്‍ അതൊന്നും വന്നില്ല. ഉദാഹരണം, എമില്‍ മാധവി ചെയ്ത മരണാനുകരണം കൂടാതെ അലിയാര്‍, അബീഷ് ശശിധരന്‍, കണ്ണന്‍, അരുണ്‍ ലാല്‍, ശരത് രേവതി, ഗോവിന്ദ് പപ്പു തുടങ്ങിയവരുടെ പുതു രംഗഭാഷാ അന്വേഷണങ്ങള്‍. ഇവയൊന്നും പരിഗണിച്ചില്ല എന്നത് ഖേദകരമാണ്. വലിയ ഫണ്ടൊന്നും വച്ചല്ല ഈ നാടകങ്ങള്‍ ചെയ്തത്. പരിമിതമായ അവസ്ഥയില്‍ നിന്നാണ് ഈ നാടകങ്ങള്‍ ചെയ്തിരിക്കുന്നത്. പുറമേ നിന്നുള്ള ചില നാടകങ്ങളുടെ ചെലവുകള്‍ കേട്ട് കഴിഞ്ഞാല്‍ നമ്മള്‍ ഞെട്ടി പോകും. അപ്പൊ ഇത്തരത്തില്‍ കുറഞ്ഞ സാമ്പത്തികം കൊണ്ട് ചെയ്ത നാടകങ്ങളേയും പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന യുവ തലമുറയേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അപ്പോള്‍ ഇതൊക്കെ എങ്ങനെയാണ് ഇവരുടെ കണ്ണില്‍ പെടാതെ പോകുന്നത്, ഒഴിവാക്കപ്പെടുന്നത്? എന്ത് തരത്തിലുള്ള ബുദ്ധിജീവി വ്യായാമമാണ് ക്യൂറേറ്റര്‍ഷിപ്പില്‍ ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യത്തില്‍ വലിയൊരു സംശയമുണ്ട്. മലയാള നാടക വേദിയുടെ ഇപ്പോഴത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അറിയാവുന്നവര്‍ കൂടി ഇതില്‍ വേണം. അല്ലാതെ ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും കൊണ്ടുവരുന്നവര്‍ വന്നാല്‍ കൃത്യമായ രീതിയില്‍ ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. അവരെ സംബന്ധിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ മാത്രം അറിയാവുന്ന തിയേറ്ററുകളായിരിക്കും അവര്‍ കണ്ടത്. നിലവിലെ സന്ദര്‍ഭത്തില്‍ കേരളത്തിലെ മണ്ണില്‍ ഉറച്ച് നില്‍ക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇറ്റഫോക് കുറച്ചുകൂടി മനോഹരമാകുമായിരുന്നു. ഇറ്റ്ഫോക്കിലെ മൂന്ന് ക്യുറേറ്റര്‍മാരും പുറത്തുനിന്നുള്ളവരാണ്. ഇവിടുത്തെ ഓരോ നാടകങ്ങളും അതിജീവിക്കുന്നതിനും കളിക്കുന്നതിനും ഒരു രീതിയുണ്ട്.


അന്താരാഷ്ട്ര നാടകങ്ങള്‍ കേരളത്തിന് അനുഭവിച്ചറിയാനാണ് കൂടുതല്‍ കളികള്‍ ഉള്‍പ്പെടുത്തിയത് എന്ന വാദം ഇറ്റ്ഫോക്ക് ഉയര്‍ത്തുന്നുണ്ട്?

ആ സമീപനം തെറ്റാണ്. കേരളത്തിലേതടക്കമുള്ള നാടകങ്ങളെ അന്താരാഷ്ട്ര നാടകങ്ങളായി പരിഗണിച്ചു കൊണ്ട് മികച്ച നാടകങ്ങളുടെ സ്വഭാവ പ്രത്യോകതകള്‍ക്കനുസരിച്ചായിരിക്കണം വേദികളും കളികളുടെ എണ്ണവും നിര്‍ണയിക്കേണ്ടത്. അല്ലാതെ വിദേശത്ത് നിന്ന് വരുന്നു എന്നത് കൊണ്ട് മാത്രം ഒരു നാടകവും മഹത്തരമാകുന്നില്ല. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും, വിദേശത്തുനിന്നും അടക്കം കാണികള്‍ ഫെസ്റ്റിവല്‍ കാണാന്‍ വരുന്നു. അപ്പോള്‍ ITFOK കാണികള്‍ എന്ന് പറയുന്നത് അത്ര ചെറുതല്ല. ഒരുപക്ഷെ, ഒരു വര്‍ക്ക് ഓഫ് ആര്‍ട്ടിനെ അതിന്റെ ഏറ്റവും സമഗ്രതയില്‍ അടയാളപ്പെടുത്താന്‍ പറ്റുന്ന വലിയ സംവിധാനം നമ്മള്‍ ഇറ്റ്‌ഫോക് മുഖേനെ രൂപപ്പെടുത്തേണ്ടതാണ്. സാങ്കേതികമായും പ്രേക്ഷക പങ്കാളിത്തത്തിലും മികച്ച സംവിധാനത്തില്‍ കളിക്കുന്ന സമയത്താണ് നാടകാവതരണത്തെ അതിന്റെ ഏറ്റവും ഉത്തമമായ ഭാവത്തില്‍ പ്രതിഷ്ഠിക്കാന്‍ പറ്റുന്നത്, ചര്‍ച്ചചെയ്യാന്‍ പറ്റുന്നത്, മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പറ്റുന്നത്. അങ്ങനെയുള്ളൊരു വലിയ സാധ്യത കൂടുതല്‍ മലയാള നാടക പ്രവര്‍ത്തകരിലേക്ക്, വിദേശത്തേക്ക് എത്തിക്കുന്ന തരത്തില്‍ ഇറ്റ്ഫോക്കിന്റെ ഭാഗത്ത് നിന്നു ശ്രമമുണ്ടാകണം. പക്ഷെ, അത് നടക്കപ്പെടുന്നില്ല. എത്രയോ നാടകങ്ങള്‍ വിദേശത്ത് നിന്നും ഇങ്ങോട്ടേക്ക് വരുന്നു. നമ്മുടെ എത്ര നാടകങ്ങള്‍ പുറത്തേക്ക് പോകുന്നു? ഇതിന്റെ കാരണമെന്താണ്? ഇതാണ് ഇറ്റ്ഫോക്ക് പോലൊരു വേദിയില്‍ നിന്ന് കൊണ്ട് പുനഃ പരിശോധിക്കേണ്ടത്.

അന്താരാഷ്ട്ര നാടകങ്ങളെ നമ്മള്‍ വിലയിരുത്തുമ്പോള്‍ ഇറ്റ്ഫോക്കില്‍ റോമിയോ കാസ്റ്റലൂചി സംവിധാനം ചെയ്ത തേര്‍ഡ് റീഹ് THIRD REICH ( Dir- Romeo Castellucci) പ്രദര്‍ശിപ്പിച്ചിരുന്നു. ശബ്ദത്തിന്റെ വലിയൊരു ആഘോഷമാണ് ആ നാടകം. ഫാസിസത്തിനെതിരെയുള്ള പ്രതികരണമാണ് ഉച്ചത്തിലുള്ള ശബ്ദത്തിലൂടെ പ്രകടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകങ്ങളുടെയും നമ്മുടെ നാടകങ്ങളുടെയുമുള്ള നിര്‍മാണത്തെ, ടെക്നോളജിയുടെ ഉപയോഗത്തെ എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്? സംവിധാനത്തില്‍, അവതരണത്തിലൊക്കെയുള്ള മാറ്റം എങ്ങനെയാണ്?

ടെക്നോളജിയെ ഫലപ്രദമായി ആവശ്യാനുസരണം ഉപയോഗിച്ച് നാടകം ചെയ്യുന്ന ഒരാളാണ് ഞാനും. ടെക്നോളജിയെ നമ്മള്‍ എല്ലാ അര്‍ഥത്തിലും ഉപയോഗപ്പെടുത്തുകയും നവമായ രംഗഭാഷയ്ക്കുള്ള സാധ്യതകളെ അന്വേക്ഷിക്കുകയും വേണം. പക്ഷെ, അമിതമായുള്ള സാന്നിധ്യം നാടകത്തിന്റെ ജൈവികതയെ ഇല്ലാതാക്കും. നാടകം എന്ന് പറയുന്നത് നടീ നടന്‍മാരുടെ വന്യമായ ഊര്‍ജമാണ്. അതിന് മണ്ണും മനുഷ്യനെയും പ്രകൃതിയേയും അറിഞ്ഞേ നിലകൊള്ളാനാകൂ. നൂതന സാങ്കേതിക വിദ്യകളെ നന്നായി പ്രയോഗിക്കിനറിയുന്ന ഒട്ടനവധി സംവിധായകര്‍ ഇവിടെയും ഉയര്‍ന്ന് വരുന്നുണ്ട്. നാടകത്തിന്റെ പല സാധ്യതകളെയും വര്‍ധിപ്പിക്കാന്‍ അത് ആവശ്യവുമാണ്. പക്ഷെ, മുഴുവനും ടെക്നോളോജിയുടെ കൈപിടിയിലായാല്‍ അവിടെ നാടകം ഇല്ലാതാകും. തേര്‍ഡ് റീഹ് പോലെയുള്ള സാങ്കേതികതയുടെ അതിപ്രസരണമുള്ള നാടകങ്ങള്‍ക്ക് ഇത്രയധികം അവതരണങ്ങള്‍ അനുവദിച്ചത് അപക്വമായ തീരുമാനമാണ്.

പൗരാണിക കഥപറയുന്ന തെലുങ്കിലെ സുരഭി തിയറ്റേഴ്സിന്റെ മായാബസാറിന്റെ പ്രദര്‍ശനവും ഇറ്റ്‌ഫോക്കിലുണ്ടായി?

നൂറിലേറെ വര്‍ഷം പഴക്കമുള്ള തെലങ്കാനയില്‍ നിന്നുള്ള നാടക സംഘത്തെ പരിചയപ്പെടുത്തിയത് ഉചിതമായ തീരുമാനമാണ്. ഇന്ത്യന്‍ നാടക ചരിത്രത്തില്‍ വലിയ പ്രസക്തിയുള്ള നാടക സംഘമാണ് സുരഭി തിയേറ്റര്‍. പുതു തലമുറയ്ക്ക് ഒട്ടേറെ കാര്യങ്ങളാണ് ഇവരില്‍ നിന്ന് പഠിക്കാനുള്ളത്. ഞാന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഉള്ള സമയത്ത് നാടക വിദ്യാര്‍ഥികളുമായി ഇവരുടെ നാടകശാലയില്‍ പഠനാര്‍ഥം പോകുമായിന്നു. ഇതൊരു മ്യൂസിയം പീസാണ്, വീണ്ടും ഒരു ഓര്‍മപുതുക്കല്‍ എന്ന തരത്തില്‍ തന്നെ അവതരിപ്പിക്കുന്നു എന്ന കൃത്യമായ രീതിയിലുള്ള കാഴ്ചപ്പാട് പ്രേക്ഷകര്‍ക്ക് കൊടുക്കണമായിരുന്നു. റോമിയോ കാസ്റ്റലൂചിയുടെ നാടകം ശരിക്കും ബിനാലെയില്‍ കാണിക്കേണ്ടതാണ്. അതൊരിക്കലും ഇറ്റ്‌ഫോക്കില്‍ കൊണ്ടുവന്ന് കാണിക്കേണ്ടതല്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മലയാളി പ്രേക്ഷകര്‍ കാര്യങ്ങളെ നന്നായി ഗ്രഹിച്ച് അറിയാന്‍ കഴിവുള്ളവരാണ്. ഏത് രാജ്യത്തു നിന്നുള്ള സംസാര നാടകവും ഭാഷ ഏതായാലും സബ്ടൈറ്റില്‍ ഉണ്ടെങ്കില്‍ രണ്ടര മണിക്കൂര്‍ നാടകം കണ്ട് ഇഷ്ടമായെങ്കില്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു അഭിനന്ദിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. സാങ്കേതികതയുടെ അതിപ്രസരം കൊണ്ട് അരങ്ങില്‍ കാട്ടികൂട്ടുന്ന വ്യഥാ വ്യായാമങ്ങളെ അതേപോലെ നിരസിക്കുകയും ചെയ്യും. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് അഞ്ച് പ്രദര്‍ശനങ്ങളൊക്കെയാണ് ഇത്തരത്തില്‍ ചില നാടകങ്ങള്‍ക്ക് അനുവദിച്ചത്. നമ്മുടെ നാടക പ്രവര്‍ത്തകര്‍ക്ക് കൂടി അവകാശമുള്ള പണമല്ലേ ഇത്. അതുപയോഗിച്ച് നമ്മുടെ നാട്ടിലുള്ള ഒരു പത്ത് സംഘങ്ങളെയെങ്കിലും വളര്‍ത്തിയെടുക്കാനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത്. സാധാരണക്കാരായ കലാകാരന്മാരുടെ ആശകളാണ് ഇത്തരത്തിലുള്ള കാട്ടിക്കൂട്ടല്‍ മൂലം ഇല്ലാതാകുന്നത്. ഇറ്റ്‌ഫോക്കില്‍ മലയാളത്തില്‍ നിന്ന് പത്ത് നാടകങ്ങള്‍ വരെ കളിച്ച ഒരു കാലമുണ്ടായിരുന്നു. ഫിലിം ഫെസ്റ്റിവലുകളില്‍ മലയാളത്തില്‍ കൃത്യമായ പ്രാതിനിധ്യം ഇല്ലേ?

സമാന്തര സിനിമകള്‍ കണ്ടിരുന്ന ഐ.എഫ്.എഫ്.കെ വേദിയില്‍ ഇപ്പോള്‍ വാണിജ്യസിനിമകളുടെ അതിപ്രസരമേറിയിരിക്കുന്നു. അതിനെ നല്ല മാറ്റമായി ചിലരെല്ലാം കാണുന്നു. ഇറ്റ്ഫോക്കിന്റെ മാറ്റത്തെ അങ്ങനെ വിലയിരുത്താമോ?

നാടകങ്ങള്‍ വെട്ടിക്കുറക്കുകയാണല്ലോ ചെയ്യുന്നത്. ആറില്‍ നിന്നും നാലിലേക്കാണ് മലയാള നാടകങ്ങള്‍ ചുരുങ്ങിയത്. പുറത്തുനിന്ന് വരുന്ന നാടകങ്ങള്‍ നോക്കിയാല്‍ നമുക്ക് മനസ്സിലാകും, ദേശീയതലത്തില്‍ വരെ ഉയര്‍ന്നുവന്ന പല നാടകങ്ങളും വളരെ മോശമാണ്. കേരളത്തിലെ നാടകങ്ങളെ സംബന്ധിച്ച് പുറത്തേക്കുള്ള അവസരങ്ങള്‍ വളരെ കുറവാണ്. വടക്കേ ഇന്ത്യയിലേക്ക് മലയാള നാടകങ്ങള്‍ വളരെ അപൂര്‍വമായേ എത്തുന്നുള്ളൂ. NSD ഫെസ്റ്റിവലിലാണ് പിന്നെയും നാടകങ്ങള്‍ക്ക് കുറച്ചെങ്കിലും സെലക്ഷന്‍ നല്‍കുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ നാടകങ്ങള്‍ക്ക് എന്തോ ഒരനുഷ്ടാനം പോലെ എല്ലാ വര്‍ഷവും സെലക്ഷന്‍ കിട്ടുന്നു. അല്ലാത്തപക്ഷം കേരളത്തില്‍ നിന്നുള്ള ഒരു നാടകങ്ങള്‍ക്കും നോര്‍ത്ത് ഇന്ത്യയില്‍ അവസരം ഉണ്ടാകുന്നില്ല. കേരള ജനതയുടെ പണം ഉപയോഗിച്ച് നടത്തുന്ന ഈ ഫെസ്റ്റിവലില്‍ മലയാള നാടകങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തേണ്ടത് ഇവിടുത്തെ ഓരോ നാടക പ്രവര്‍ത്തകന്റേയും ഉത്തരവാദിത്വമാണ്.

ഇറ്റ്ഫോക്കില്‍ കേരളത്തിലെ വനിതാ നാടക പ്രവര്‍ത്തകരുടെ പ്രാതിനിധ്യമുണ്ടായില്ല എന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്?

സ്ത്രീകളുടെ ശബ്ദം വരും കാലങ്ങളില്‍ ഇനിയും ഉയരും. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവര്‍ ചിലപ്പോള്‍ അവഹേളനങ്ങള്‍ക്ക് ഇരയാകും. നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിലെ വനിതകള്‍ കോവിഡ് കാലത്ത് രൂപപ്പെടുത്തിയ തീണ്ടാരിപ്പച്ച ശ്രദ്ധേയമായ രീതിയില്‍ കേരളത്തിനകത്തും പുറത്തും കളിച്ചു കൊണ്ടിരിക്കുകയാണ്. തീണ്ടാരിപച്ച ആര്‍ത്തവത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു എന്നതുമാത്രമല്ല. അതിന്റെ ദൃശ്യഭാഷ നോക്കിയാല്‍ അറിയാം, തികച്ചും പരീക്ഷണാത്മകമായി വളരെ കുറഞ്ഞ സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് വൃത്താകൃതിയിലുള്ള അരങ്ങ് മാതൃകയിലാണ് അത് രൂപപ്പെടുത്തിയത്. ഇങ്ങനെ വ്യത്യസ്തമായ ആശയം പങ്കുവെക്കുന്ന ഈ നാടകത്തെ എങ്ങനെയാണ് ഇവര്‍ക്ക് പിന്തള്ളാന്‍ സാധിച്ചത്. ക്യൂറേറ്റര്‍മാര്‍ ശരിക്കും നാടകം കാണുന്നില്ല എന്ന് പറയേണ്ടിവരും. വീഡിയോ കണ്ടിട്ടാണ് നാടകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അത് ഫാസ്റ്റ് ഫോര്‍വേഡടിച്ച് തള്ളിവിടും. അപ്പോള്‍ മലയാളത്തിലുള്ള നാടകങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമില്ലായ്മയാണ് സെലക്ഷന്‍ പാളിപോകുന്നതിനുള്ള പ്രധാന കാരണം. പരിമിതമായ സമയത്തിനുള്ളില്‍ നാടകങ്ങളുടെ ആന്തരിക തലത്തിലേക്ക് കടക്കാനോ അതിനെ തിരിച്ചറിയാനോ ഉള്ള സമയം അവര്‍ക്കുണ്ടായിട്ടുണ്ടാവില്ല. അതാണ് ഞാന്‍ നേരത്തേ പറഞ്ഞതുപോലെ മലയാളത്തില്‍ സമകാലികമായി നാടകം ചെയ്യുന്ന ഒരാളുടെയെങ്കിലും സാന്നിധ്യം ഉണ്ടാവണം എന്നത്.


മലയാള നാടകവേദിക്ക് മുന്നോട്ടുള്ള യാത്രയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്നാണ് കരുതുന്നത്? എന്തെല്ലാം മാറ്റങ്ങളാണ് ഇറ്റ്ഫോക്കില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്നു കൂടി വിശദീകരിക്കാമോ?

നാടകത്തിന്റെ സമസ്ത മേഖലകളിലും ശാസ്ത്രീയമായ പരിശീലനം, നാടക പ്രവര്‍ത്തകര്‍ക്ക് വിദേശ ഫെസ്റ്റിവലില്‍ പങ്കെടുത്ത് അവിടുത്തെ രീതികള്‍ പഠിക്കാനുള്ള അവസരം, പരിശീലന കേന്ദ്രങ്ങള്‍, ചര്‍ച്ചകള്‍, നാടക വേദികള്‍, ഇതിനെക്കുറിച്ചെല്ലാം ആത്യന്തികമായി അറിവുള്ളവരുടെ നിര്‍ദേശമനുസരിച്ച് നടപ്പാക്കണം. നാടകശാലകള്‍ പുതുതായി ചെയ്യുന്നതിന് മുമ്പ് അതിനനുയോജ്യരായ ആര്‍ക്കിടെക്റ്റിനെ കണ്ടെത്തണം. എന്നിട്ട് ബ്ലാക്ക് ബോക്സ്, പ്രൊസീനിയം, അരീന, തുറസ്സരങ്ങ് എന്നിവ ലോക നിലവാരത്തില്‍ നിര്‍മിക്കണം. ലോകത്തിലെ നല്ല മാതൃകകള്‍ അവിടെ പോയി പഠന വിധേയമാക്കണം. മലേഷ്യയിലെ ഡിപാക് തിയറ്റര്‍, നാഷണല്‍ തിയേറ്റര്‍ (NYK ) , നാസിക്കിലെ കാളിദാസ കലാമന്ദിര്‍, ഇന്തോനേഷ്യയിലെ സലിഹാര തുടങ്ങിയ നല്ല മാതൃകകള്‍ കാണണം. സര്‍ക്കാര്‍ ഇവിടുത്തെ കഴിവുള്ള തിയേറ്റര്‍ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് അവിഗ്നോണ്‍, ഫ്രിന്‍ജ് ഫെസ്റ്റിവലൊക്കെ കാണാന്‍ വിടണം. അവിടുത്തെ രീതി പഠിക്കണം. അങ്ങനെ പോയി വരുന്നവര്‍ ഇവിടെയുള്ളവര്‍ക്ക് പരിശീലനം നല്‍കണം. ഇവിടെ നാടക പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നൊരാള്‍ ആശങ്കപ്പെടുകയാണ്. പ്രൊഫഷണലായി തുടരാനുള്ള യാതൊരു സംവിധാനങ്ങളും നിലവില്‍ ഇപ്പോള്‍ ഇവിടില്ല. വല്ലപ്പോഴും സ്‌കൂള്‍, കോളേജ് നാടകങ്ങളിലും മറ്റും മത്സര നാടകങ്ങള്‍ ചെയ്ത് ഉപജീവനം കഴിയുക എന്ന സംവിധാനത്തിലാണ് പലരും എത്തിപ്പെടുന്നത്. ഇവിടെ നിന്നാണ് വലിയ നാടക വേദി എന്നൊക്കെ പറയുന്ന ഇറ്റ്ഫോക്കിനെ പറ്റി നമ്മള്‍ സംസാരിക്കുന്നത്. അത് മുഴുവനും ഉടച്ചുവാര്‍ക്കണം. സ്ഥിരം നാടക വേദികള്‍ ഉണ്ടാകണം. ടിക്കറ്റ് വെച്ച് ഓരോ ദിവസവും നാടകം കാണിക്കാനുള്ള അവസരം സൃഷ്ടിക്കണം. നാടകത്തിന്റെ നിലവാരവും, രീതി പ്രത്യേകതകളനുസരിച്ച് - ചിലപ്പോള്‍ ഒന്നോ രണ്ടോ ആളുകളായിരിക്കും, ചിലത് നാല്‍പത് പേര്‍ അഭിനേതാക്കളായിരിക്കാം - അതിന്റെ മൂല്യമനുസരിച്ച് ടിക്കറ്റ് വില നിശ്ചയിക്കണം. ഇതിഹാസ കൃതികളെ അടിസ്ഥാനപ്പെടുത്തി വലിയ ദ്യശ്യപ്പൊലിമയില്‍ ചെയ്യപ്പെടുന്ന നാടകങ്ങള്‍ ആണെങ്കില്‍ ചിലപ്പോള്‍ പതിനായിരം രൂപ കൊടുത്ത് കാണേണ്ടി വരും. അതിന് തക്കതായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. അതി വിദഗ്ധരായ ടെക്‌നീഷ്യന്‍മാരെ എല്ലാ തലങ്ങളിലും രൂപപ്പെടുത്തിയെടുക്കണം. കല്ല്യാണ ഓഡിറ്റോറിയങ്ങള്‍ നിര്‍മിക്കുന്ന ലാഘവത്തോടെ ഇനി ഒരു നാടകശാലയും ഇവിടെ നിര്‍മിക്കാനിടവരരുത്. ഓരോ തവണയും ഇറ്റ്ഫോക്ക് വരുമ്പോള്‍ ആലോചിച്ചാല്‍ പോര. നിരന്തരം നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടും പരിശ്രമിച്ചു കൊണ്ടുമിരിക്കണം. കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ജോലിയെടുത്താല്‍ മാത്രമേ നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ കഴിയുകയുള്ളൂ. കിട്ടുന്ന നാടകം കൊണ്ടുവന്ന് കാണിച്ചാല്‍ പോര. നല്ല നാടകങ്ങളെല്ലാം ടൂറിങ്ങിലാണ്. അടുത്ത ഫെസ്റ്റിവലിന് അത് കാണിക്കണമെങ്കില്‍ ഇപ്പോള്‍ അവരുമായി ബന്ധപ്പെടണം. ഫെസ്റ്റിവലിനായി രണ്ടാഴ്ചമുമ്പ് വന്ന് കമ്മിറ്റി രൂപീകരിച്ചാല്‍ പോര. ഇറ്റ്ഫോക്കിനെ വേറൊരു രീതിയില്‍ പുനര്‍വിചിന്തനം നടത്തണം. അല്ലാതെ, ഈ പോക്ക് പോവുകയാണെങ്കില്‍ മലയാള നാടകവേദി പിന്നോട്ടുപോകും.


ശ്രീജിത്ത് രമണന്‍, സോഫിയ ബിന്ദ്

TAGS :