Quantcast
MediaOne Logo

ഹബീബ കുമ്പിടി

Published: 27 Feb 2024 12:21 PM GMT

എഴുത്തുകാരിക്ക് കവിതയുടെ ലോകത്തെ സ്വാതന്ത്ര്യം ജീവിതത്തില്‍ കിട്ടിക്കോളണമെന്നില്ല - ഉഷ കുമ്പിടി

കവയിത്രിയെന്ന നിലയില്‍ വായനാലോകത്ത് സമ്മതി നേടിയ എഴുത്തുകാരിയാണ് ഉഷ കുമ്പിടി. ഖണ്ഡകാവ്യം എഴുതിയ ചുരുക്കം കവയിത്രികളിലൊരാള്‍. ഭാഷയെ നില നിര്‍ത്തണമെങ്കില്‍ ഖണ്ഡകാവ്യശാഖ അന്യം നിന്നുപോകരുതെന്ന് പറയുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ കവിതയിലൂടെ തുറന്ന് കാട്ടുന്നുവെന്ന് കൂടി പറഞ്ഞുവെക്കുന്നു എഴുത്തുകാരി. എഴുത്തു ജീവിതത്തെ കുറിച്ച് ഹബീബ കുമ്പിടിയോട് സംസാരിക്കുന്നു.

എഴുത്തുകാരിക്ക് കവിതയുടെ ലോകത്തെ സ്വാതന്ത്ര്യം ജീവിതത്തില്‍ കിട്ടിക്കോളണമെന്നില്ല - ഉഷ കുമ്പിടി
X

ഉഷ കുമ്പിടി - മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പത്തൂരവളപ്പില്‍ അറുമുഖന്‍ അമ്മുക്കുട്ടി ദമ്പതികളുടെ ഇളയ മകള്‍. നവകം സാഹിത്യ അവാര്‍ഡ്, ആവണി മിനിക്കഥാ അവാര്‍ഡ്, സാവിത്രി ഭായ് ഫുലെ പുരസ്‌കാരം, മിത്രാ പുരസ്‌കാരം, പില്ലാര്‍സ് ഓഫ് സെക്യൂലരിസം അവാര്‍ഡ് , ബാലസാഹിത്യ സമിതി പുരസ്‌കാരം, ബാലാമണിയമ്മ കവിതാ പുരസ്‌കാരം, കുമാരനാശാന്‍ പുരസ്‌കാരം, ഒ.എന്‍.വി കവിതാ പുരസ്‌കാരം എന്നിവ ലഭിച്ചു. ഉമ്മത്തൂര്‍ AJBS ല്‍ പ്രഥമ അധ്യാപികയായി സേവനം അനുഷ്ഠിച്ച കവിയത്രി തന്റെ ഖണ്ഡകാവ്യമായ പഞ്ചമിയിലൂടെ സര്‍ഗ്ഗത്മകത കൂടുതല്‍ ഉത്തരവാദിത്വത്തോടെ തെളിയിച്ചിരിക്കുന്നു.

ജീവിതത്തിന്റെ ഏത് ഘട്ടത്തില്‍ വെച്ചാണ് ഉള്ളില്‍ ഒരു എഴുത്തുകാരിയുണ്ടെന്ന തിരിച്ചറിവുണ്ടായത്?

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അമ്മ, കഥാ പ്രസംഗങ്ങളും പദ്യങ്ങളും പഠിപ്പിക്കുമായിരുന്നു. പിന്നീട് സ്വന്തമായി കഥാ പ്രസംഗം എഴുതി തുടങ്ങിയപ്പോള്‍ ഉള്ളില്‍ സര്‍ഗ്ഗവാസനയുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. ലിറ്റില്‍ ഫ്‌ളവറില്‍ ആയിരുന്നു കോളജ് വിദ്യാഭ്യാസം. മഠം ആയത് കൊണ്ട് പഠിപ്പിനെ ബാധിക്കുന്നെന്ന് പറഞ്ഞ് എഴുത്തിന് വലിയ പ്രാധാന്യം കിട്ടിയില്ല. അവിടെ മുതല്‍ ഒരു ഇടവേള വന്നു.

വൃത്തം, അലങ്കാരം, ഉപമ ഇതെല്ലാം കവിതയെ മോടി കൂട്ടാനുള്ളതാണ്. മനോഹരമായ ഏത് സിനിമ പാട്ട് എടുത്തു നോക്കിയാലും അതില്‍ ഒരു വൃത്തം അന്തര്‍ലീനമായി കിടക്കുന്നത് കാണാം. പല വൃത്തങ്ങളെയും മാപ്പിള പാട്ടുമായി ബന്ധിപ്പിക്കാം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തോട്ടി, നിലച്ച വാച്ച് ഇതെല്ലാം ഗദ്യ കവിതകളാണെങ്കിലും ആശയം പൂര്‍ത്തീകരിച്ചതാണ്.

'തര്‍പ്പണം' പോലെയുള്ള കവിതാ സമാഹാരങ്ങളിലെ ജീവിത ഗന്ധിയായ എഴുത്തുകള്‍ സ്വാനുഭവങ്ങളില്‍ നിന്നാണോ ഉരുത്തിരിയുന്നത്?

സ്വാനുഭവങ്ങളും ചുറ്റുപാടും കൂടിക്കലര്‍ന്നു മനസ്സില്‍ രൂഢമൂലമാവുന്ന ചിന്തകളും ഉള്‍പ്പെടുത്തി എഴുത്ത് ഉത്ഭവിക്കുന്നു. അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍, അനുഭവമെന്ന ഉലയില്‍ ഊതി കാച്ചിയെടുക്കുന്നതാണ് കവിതകള്‍. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റാണ് സാധാരണ എഴുതാറുള്ളത്.

കുമ്പിടിയെന്ന മനോഹരമായ ഗ്രാമവും എം.ടിയുടെയും അക്കിത്തത്തിന്റെയും ഗന്ധമേറ്റിയ കാറ്റും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

എന്റെ മിക്ക എഴുത്തിലും നിള ഒരു ബിംബമായി ചേരുന്നു. പുഴയിലേക്ക് കാല്‍ നീട്ടിയിരിക്കുന്ന കുന്നുകളെയെല്ലാം എന്റെ എഴുത്തിലുടനീളം കാണാം. എം.ടിയുടെ രചനകളെല്ലാം വായിച്ചാണ് വളര്‍ന്നത്. അക്കിത്തമാണ് രണ്ടാം ഘട്ടത്തില്‍ എഴുത്തിലേക്ക് കൊണ്ടുവന്നത്. നിന്റെ മനസ്സ് കയ്യില്‍ തന്നെയുണ്ടെങ്കില്‍ കീറി കളഞ്ഞതെല്ലാം ഓര്‍ത്തെടുത്ത് വീണ്ടും എഴുതി തുടങ്ങുക എന്ന് അദ്ദേഹം പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ സ്വന്തം വീട് പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും എനിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നവകയിലൂടെയാണ് ആദ്യത്തെ ബുക്ക് പ്രസിദ്ധീകരിച്ചത്.


ഉഷ കുമ്പിടി, ഹബീബ കുമ്പിടി

അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് പെണ്ണെഴുത്തുകള്‍ കുറയുന്നതിന് കാരണമാകുന്നുണ്ടോ?

സ്ത്രീകള്‍ക്ക് കഴിവില്ലാഞ്ഞിട്ടോ അവര്‍ എഴുതാഞ്ഞിട്ടോ അല്ല. മറിച്ച് പല പ്രതിബന്ധങ്ങള്‍ മുഖ്യധാരയിലേക്ക് വരാന്‍ ഇന്നും അവരെ തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുടുംബപരമായും സാമൂഹ്യപരമായുമുള്ള കാരണങ്ങള്‍ ഇന്നും അവര്‍ നേരിടുന്നുണ്ട്. ഞാന്‍ സ്വാതന്ത്ര്യയാണെന്ന് പൊതുവെ എല്ലാവരും പറയാറുണ്ടെങ്കിലും കാര്യത്തോടെടുക്കുമ്പോള്‍ പ്രതിബന്ധങ്ങള്‍ കടന്നു വരുന്നു.

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ വഴി എഴുത്തുകള്‍ക്ക് കൂടുതല്‍ അവസരങ്ങളും വേദികളും കിട്ടുന്നു എന്നത് കവിതകള്‍ക്ക് ഗുണകരമാണോ?

എഴുതുന്ന എല്ലാവരുടെയും എഴുത്തുകള്‍ അച്ചടി മഷി പുരളണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ ഇല്ല. പ്രശസ്തരായവരുടെ എഴുത്തുക്കളെക്കാള്‍ മികച്ചതാണെങ്കില്‍ കൂടി നോക്കുക പോലും ചെയ്യപ്പെടാതെ ചവറ്റു കുട്ടയിലേക്കെറിയപ്പെടാറുണ്ട്. പി. സുരേന്ദ്രന്റെ 'പിരിയന്‍ ഗോവണി 'എന്ന കഥ 19 പ്രാവശ്യം മാതൃഭൂമിയിലേക്കയച്ചിട്ടും പ്രസിദ്ധികരിക്കപ്പെടാതെ തിരിച്ചു വന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം ശ്രമം ഉപേക്ഷിക്കാതെ വീണ്ടും തുടര്‍ന്നപ്പോളാണ് മാതൃഭൂമിയിലത് വന്നത്. ഇത്തരം അവസരങ്ങളില്‍ പുതു എഴുത്തുകാര്‍ക്ക് സോഷ്യല്‍ മീഡിയവഴി അവരുടെ സൃഷ്ടികള്‍ കൂടുതല്‍ വായിക്കപ്പെടുകയും, ചര്‍ച്ച ചെയ്യപ്പെടുകയും അനുവാചകരിലേക്കെത്തുകയും ചെയ്യുന്നു.

മുന്‍പൊക്കെ കഥയേക്കാളുപരി കവിത എല്ലാവര്‍ക്കും പ്രവേശിക്കാന്‍ പറ്റാത്ത മേഖലയാണ് എന്നൊരു ചിന്തയുണ്ടായിരുന്നു. കവിത എഴുതണമെങ്കില്‍ വൃത്തവും പ്രാസവും കല്‍പനകളും നോക്കണമെന്ന ധാരണയാണ് പൊതുവിലും ഉള്ളത്?

ഗദ്യ കവിതകള്‍ ആശയസമ്പുഷ്ടമെങ്കില്‍ രസകരം തന്നെ. എങ്കിലും കാലാനുവര്‍ത്തിയാകാന്‍ കൂടുതല്‍ യോജ്യം ചൊല്ലാന്‍ കഴിയുന്ന ഈരടികള്‍ തന്നെ. പാശ്ചാത്യ നാടുകളില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് ഗദ്യ കവിതകള്‍. കവിത എഴുതി ചൊല്ലി നടക്കുന്നവരാണ് കവികള്‍. വൃത്തം, അലങ്കാരം, ഉപമ ഇതെല്ലാം കവിതയെ മോടി കൂട്ടാനുള്ളതാണ്. മനോഹരമായ ഏത് സിനിമ പാട്ട് എടുത്തു നോക്കിയാലും അതില്‍ ഒരു വൃത്തം അന്തര്‍ലീനമായി കിടക്കുന്നത് കാണാം. പല വൃത്തങ്ങളെയും മാപ്പിള പാട്ടുമായി ബന്ധിപ്പിക്കാം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തോട്ടി, നിലച്ച വാച്ച് ഇതെല്ലാം ഗദ്യ കവിതകളാണെങ്കിലും ആശയം പൂര്‍ത്തീകരിച്ചതാണ്. കവിതയുടെ മിന്നലാട്ടമില്ലാതെ ഒന്നോ രണ്ടോ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് ചാട്ടുളി പോലെ മറ്റുള്ളവരുടെ മുകളിലേക്കേറിയുന്നതിനോട് എനിക്ക് യോജിപ്പില്ല.

സിനിമയില്‍ പാട്ടെഴുതുന്ന കവികള്‍ക്ക് ഏറെ പ്രചാരം ഇന്ന് ലഭിക്കുന്നുണ്ട്. കുമാരനാശാനില്‍ നിന്ന് തുടങ്ങി റഫീഖ് അഹമ്മദിനെ പോലെയുള്ള ആധുനിക കവികളിലേക്കെത്തുമ്പോള്‍ ആരോടാണ് കവിതയുടെ കാലം നീതി പുലര്‍ത്തുന്നത്?

കുമാരനാശാന്റെയും, ഉള്ളൂരിന്റെയും ചങ്ങമ്പുഴയുടെയും ഈരടികള്‍ പലതും ഇന്നും നമ്മുടെ നാവിന്‍ തുമ്പിലുണ്ട്. അത് പോലെ തന്നെ റഫീഖ് അഹമ്മദും പഴമയെയും പാരമ്പര്യത്തെയും മുറുകെ പിടിച്ച് അതില്‍ പുതുമ കലര്‍ത്തുന്ന കവിയാണ്. റഫീഖ് അഹമ്മദിന്റെ 'മരണമെത്തുന്ന നേരത്ത് നീയെന്റെ...' കവിതയാണ്. വൃത്തത്തിനുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് റഫീഖ് സിനിമാ ഗാനങ്ങള്‍ എഴുതുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പല ഗാനങ്ങള്‍ക്കും മനോഹരമായൊരു ചട്ടക്കൂട് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും. ഇത്തരം എഴുത്തുകള്‍ക്കാണ് കാലത്തെ അതിജീവിക്കാനും മനുഷ്യമനസ്സുകളില്‍ ഇടം പിടിക്കാനും കഴിയുന്നത്. ഗദ്യ കവിതകള്‍ അധിക കാലം മനസ്സില്‍ തങ്ങില്ല.

'കല്‍പാന്ത കാലത്തോളം

കാതരെ നീയെന്‍ മുന്നില്‍ '

പ്രശസ്തമായ ഈ ഗാനം കേക വൃത്തത്തില്‍ മനോഹരമായി ചൊല്ലാം. അതിന് ചെറിയ മാറ്റം വരുത്തി ഈണം നല്‍കിയപ്പോഴാണ് മനോഹര ഗാനമായി മാറിയത്.

പുതിയ രീതിയില്‍ കവിതകളെന്ന പേരില്‍ എഴുതപ്പെടുന്ന എഴുത്തുകള്‍ അല്ലെങ്കില്‍ കവിതയെഴുത്തിലെ മാറ്റങ്ങള്‍ ഉള്‍കൊള്ളുന്നതെങ്ങിനെയാണ്?

പുതിയ മാറ്റങ്ങള്‍ എല്ലാം സ്വാഗതം ചെയ്യുന്നു. എങ്കിലും ഒരു താളബോധമെങ്കിലും ഇല്ലാത്തവര്‍ കവിത എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല. ആദ്യം വളയത്തിനുള്ളിലൂടെ ചാടി പിന്നീട് വളയമില്ലാതെ ചാടിക്കോട്ടെ.

ഒരുപാട് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. വള്ളത്തോള്‍ നാരായണ മേനോന്‍ പുരസ്‌കാരം, പ്രിയദര്‍ശിനി പുരസ്‌കാരം എന്നിങ്ങനെ. എഴുത്തിന് അര്‍ഹമായ സ്ഥാനം ലഭിച്ചു എന്ന് തോന്നിയിട്ടുണ്ടോ?

പതിനൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പത്തെണ്ണം ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ തയാറെടുക്കുന്നു. നോവലും കവിതകളും എഴുതിയിട്ടുണ്ട്. എന്നിട്ടും ഞാനെന്ന കവയിത്രിയെ പല സന്ദര്‍ഭങ്ങളിലും തിരിച്ചറിയപ്പെടുന്നില്ല. കാരണങ്ങള്‍ പലതാകാം. പല വേദികളിലേക്കും കടന്ന് ചെല്ലാന്‍ പലപ്പോഴും കഴിയാറില്ല.

ഉള്ളൂര്‍ എഴുതിയ മഹാ കാവ്യം 'ഉമാകേരളം' വായിച്ചതില്‍ പിന്നെയുള്ള ആഗ്രഹമാണ്. ആശയഗംഭീരനായ അദ്ദേഹം പന്ത്രണ്ടാം വയസ്സില്‍ അച്ഛന്റെ അകാല മരണത്തില്‍ വിഷാദത്തോടെ ഇരിക്കുമ്പോള്‍ എഴുതിയ കവിതയാണ് 'കാക്കേ കാക്കേ കൂടെവിടെ'; വൃത്തമുണ്ടതിന്. അദ്ദേഹത്തിന്റെ ഇത്തരം കവിതകള്‍ ചൊല്ലി നടന്ന എനിക്ക് പറയിപെറ്റ പന്തിരുകുലത്തില്‍ എല്ലാവരുടെയും ദുഖത്തേക്കാള്‍ എന്റെ ഹൃദയം വേദനിപ്പിച്ചത് പഞ്ചമിയെന്ന അമ്മ ഹൃദയത്തെ കുറിച്ചോര്‍ത്താണ്.

കുടുംബം എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

അമ്മയാണ് എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. വൃത്തങ്ങളെല്ലാം പഠിപ്പിച്ചത് അമ്മ തന്നെ. ഞാന്‍ എഴുത്തു കാരിയായിരിക്കുന്നതില്‍ കുടുംബം സന്തോഷിക്കുന്നു. പുരസ്‌കാരം കിട്ടുമ്പോള്‍ അവര്‍ അഭിമാനിക്കുന്നു എന്നതിനപ്പുറം ഒരു സ്വാധീനം എഴുത്തിന് കുടുംബവുമായി ഉണ്ടകാറില്ല.

അധ്യാപികയാണ്, നാട് ആദരിക്കുന്ന എഴുത്തുകാരിയാണ്. ഏതാണ് കൂടുതല്‍ മനോഹരവും ചരിതാര്‍ഥ്യവും?

പത്തൊന്‍പതാം വയസ്സില്‍ അധ്യാപികയായി. 37 വര്‍ഷത്തെ അധ്യാപക ജീവിതം. ഇപ്പോഴും കൂടുതല്‍ സംവദിക്കാന്‍ കഴിയുന്നത് കുട്ടികളുമായാണ്. അതുകൊണ്ട് തന്നെ രണ്ടും എനിക്ക് എന്റെ ജീവിതം തന്നെയാണ്.

പഞ്ചമിയില്‍ പറയിപെറ്റ പന്തിരുകുലത്തിലെ അമ്മ മനസ്സ് - ഖണ്ഡകാവ്യം രചിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

ദ്വിതീയാക്ഷര പ്രാസത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍ വെളിവാക്കാന്‍ വേണ്ടി ഉള്ളൂര്‍ എഴുതിയ മഹാ കാവ്യം 'ഉമാകേരളം' വായിച്ചതില്‍ പിന്നെയുള്ള ആഗ്രഹമാണ്. ആശയഗംഭീരനായ അദ്ദേഹം പന്ത്രണ്ടാം വയസ്സില്‍ അച്ഛന്റെ അകാല മരണത്തില്‍ വിഷാദത്തോടെ ഇരിക്കുമ്പോള്‍ എഴുതിയ കവിതയാണ് 'കാക്കേ കാക്കേ കൂടെവിടെ'; വൃത്തമുണ്ടതിന്. അദ്ദേഹത്തിന്റെ ഇത്തരം കവിതകള്‍ ചൊല്ലി നടന്ന എനിക്ക് പറയിപെറ്റ പന്തിരുകുലത്തില്‍ എല്ലാവരുടെയും ദുഖത്തേക്കാള്‍ എന്റെ ഹൃദയം വേദനിപ്പിച്ചത് പഞ്ചമിയെന്ന അമ്മ ഹൃദയത്തെ കുറിച്ചോര്‍ത്താണ്. സ്ത്രീപക്ഷ എഴുത്ത് കൂടി ആയത് കൊണ്ടാവാം.

കുട്ടികള്‍ക്ക് വേണ്ടി ജീവിതം സപര്യയാക്കി മാറ്റിവച്ചത് കൊണ്ടാണോ ബാലകവിതകള്‍ കൂടുതലായി എഴുത്തില്‍ കണ്ടത്?

കുട്ടികള്‍ക്ക് വേണ്ടി കഥാ പ്രസംഗങ്ങളും, പ്രബന്ധങ്ങളും എല്ലാം എഴുതാറുണ്ട്. യുറീക്കയില്‍ കുറെക്കാലം എഴുതി. ബാലസാഹിത്യവും കുട്ടികളും എഴുത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

കവിതയിലെ സ്വാതന്ത്ര്യം ജീവിതത്തെ ബാധിക്കാറുണ്ടോ. അല്ലെങ്കില്‍ കവിതയിലെ സ്വാതന്ത്ര്യത്തെ എങ്ങിനെ നോക്കി കാണുന്നു?

ഒരു എഴുത്തുകാരി കവിതയുടെ ലോകത്ത് പൂര്‍ണ സ്വതന്ത്രയാണ്. ജീവിതത്തില്‍ അത് കിട്ടിക്കോളണമെന്നില്ല. വിവേചനത്തിന് ജാതി-മതമൊന്നും ഒരു മുഖമായി കാണാന്‍ കഴിയില്ല. വിവേചനമെന്ന മുഖം മാത്രമേയുള്ളൂ. ഇങ്ങനെയാവണമെന്ന് ചിന്തിച്ചു കൊണ്ട് എഴുതാം. പറയുമ്പോള്‍ ജീവിതത്തിലും പൂര്‍ണ സ്വതന്ത്രയാണെന്ന് പറയാം. കാര്യത്തോടടുക്കുമ്പോള്‍ പലപ്പോഴും അതില്ലെന്ന് തോന്നിയിട്ടുണ്ട്.

'മറവിയുടെ മാറാലക്കമ്പികള്‍, പിരിച്ചു കെട്ടിയ കിളിക്കൂട് ' ഇത്തരത്തിലുള്ള ചില നാടന്‍ പ്രയോഗങ്ങള്‍ താങ്കളുടെ എഴുത്തിനെ കൂടുതല്‍ ഊഷ്മളമാക്കുന്നതായി തോന്നിയിട്ടുണ്ട്. അത് സ്വഭാവികമായി സംഭവിക്കുന്നതാണോ?

ഉള്ളില്‍ നിന്നും അകകണ്ണെന്ന വിധം പല പ്രയോഗങ്ങളും സംഭവിക്കുന്നതാണ്.

സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്ന വീണപൂവ്, ദുരവസ്ഥ പോലുള്ള കവിതകളും സ്ത്രീ പ്രതിനായികയായ ചങ്ങമ്പുഴയുടെ രമണന്‍ പോലുള്ള രചനകളും സ്ത്രീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സൃഷ്ടികളാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള രചനകള്‍ സ്ത്രീപക്ഷത്തു നിന്നും സാഹിത്യത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നത്?

ഖണ്ഡകാവ്യം സ്ത്രീപക്ഷ എഴുത്തുകാര്‍ എഴുതി കണ്ടിട്ടില്ല. എഴുത്തൊന്നും വേണ്ട വിധത്തില്‍ വായിക്കപ്പെടുന്നില്ല. ഞാന്‍ ഗ്രാമത്തില്‍ നിന്നായത് കൊണ്ടാണോ അറിയില്ല വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നുമില്ല. അതാണ് എഴുത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഭാഷയെ നില നിര്‍ത്തണമെങ്കില്‍ ഖണ്ഡകാവ്യശാഖ അന്യം നിന്ന് പോകരുത്. വട്ടത്തിലെഴുതിയാലും നീളത്തിലെഴുത്തിയാലും ഖണ്ഡകാവ്യമെഴുതാന്‍ അധ്വാനമുണ്ട്. എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ കവിതയിലൂടെ തുറന്ന് കാട്ടുന്നു. 'പതി ഭക്തിയാവാം അമിതമായാല്‍ അത് ഭോഷ്‌ക് ആയിരിക്കും ' തെറ്റ് ചെയ്യാന്‍ വരരുചി പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ എനിക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം പഞ്ചമി കാണിക്കാത്തത് എന്ത് കൊണ്ടാണ്?. എന്റെ 'കോമരത്തിന്‍ കാമിനി ' എന്ന എഴുത്തും സ്ത്രീപക്ഷ എഴുത്താണ്.

പരിസ്ഥിതിയോടും ജീവിതത്തോടും നീതി പുലര്‍ത്തി എഴുതുന്ന എഴുത്തുകാരി എന്ന നിലക്ക് സ്വന്തം ആവാസ വ്യവസ്ഥ നഷ്ടമായി കുടിയിറക്കപ്പെട്ട ജീവജാലങ്ങളുടെ അതിജീവനത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

അവരുടെ ആവാസ വ്യവസ്ഥ പ്രകൃതി ഒരുക്കിയിട്ടുണ്ട്. കാടും കാട്ടരുവികളും സുഭിക്ഷമാണ്. 'കാടിറങ്ങിയ കൊമ്പന്‍' എന്ന എന്റെ കവിതയില്‍ ഞാന്‍ പറഞ്ഞതും അത് തന്നെയാണ്. അവര്‍ക്ക് ഭക്ഷണമാണ് വേണ്ടത്. നാട്ടുകാര്‍ കാട് കയ്യേറിയാല്‍ മൃഗങ്ങളെന്ത് ചെയ്യും. മനുഷ്യന്റെ കാട്ടിലേക്കുള്ള അധിനിവേശം കുറച്ചാല്‍ പോര. ഇല്ലാതെയാക്കുക. ഇല്ലെങ്കില്‍ പല ജീവി വര്‍ഗ്ഗങ്ങളും ഈ ലോകത്ത് നിന്ന് തന്നെ അന്യം നിന്ന് പോകുന്ന ഒരു കാലഘട്ടത്തിലേക്ക് നാം എത്തിച്ചേരുന്ന കാലം അതി വിദൂരമല്ല.

ഹബീബ കുമ്പിടി: പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി. അധ്യാപികയും സൈക്കോളജിസ്റ്റുമാണ്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും എഴുതുന്നു. കുമ്പിടി പാലിയേറ്റീവ് സൊസൈറ്റിയിലെ വളണ്ടിയറും, ഹരിത കര്‍മ സേന, കുടുംബ ശ്രീ എന്നിവരോടൊപ്പം കൗണ്‍സിലിംഗുമൊക്കെയായി സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.


TAGS :