Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 4 March 2022 6:19 AM GMT

ഇടതുപക്ഷത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഈ സിനിമ നയിക്കും - കമൽ കെ.എം

അയ്യങ്കാളിപ്പടയുടെ ഐതിഹാസികമായ പോരാട്ടചരിത്രം സിനിമയാകുമ്പോൾ

ഇടതുപക്ഷത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഈ സിനിമ നയിക്കും - കമൽ കെ.എം
X
Listen to this Article

കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഐതിഹാസികമായ ഒരേടാണ് അയ്യങ്കാളിപ്പടയുടേത്. ആദിവാസി ഭൂനിയമങ്ങൾ അട്ടിമറിച്ച മുഴുവൻ ഭരണകൂടങ്ങളോടും ചരിത്രം ഒരിക്കലും മറക്കാത്ത സമരപ്രഖ്യാപനം. 1996 ലെ ആദിവാസി ഭൂനിയമഭേദഗതി നടപ്പാക്കിയ നായനാർ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിച്ചു കൊണ്ടിരുന്ന കാലത്താണ് കേരളത്തിന്റെ സമരചരിത്രം ഇതുവരെ കാണാത്ത ഒരു സമരമുറക്ക് പാലക്കാട് കലക്ടറേറ്റ് വേദിയായത്.

കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഐതിഹാസികമായ ഈ സംഭവം നടന്നിട്ട് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പ്രമുഖ സംവിധായകൻ കമൽ കെ.എം ഈ പോരാട്ട ചരിത്രത്തെ അഭ്രപാളികളിലേക്ക് പടർത്തുന്നത്. അയ്യങ്കാളിപ്പടയുടെ ഐതിഹാസികമായ പോരാട്ടചരിത്രം സിനിമയാകുമ്പോൾ സംവിധായകൻ കമൽ കെ.എം മീഡിയവണിനോട് സംസാരിക്കുന്നു.





കേരളത്തിലെ ഭൂസമരങ്ങളുടെ ചരിത്രത്തിലെ ഐതിഹാസകമായ ഏടാണ് സിനിമയാകുന്നത്... ഈ കഥ സിനിമയാക്കാൻ ആലോചിച്ചത് എപ്പോഴായിരുന്നു?

അയ്യങ്കാളിപ്പടയുടെ സമരം നടക്കുമ്പോൾ ഞാനൊരു മാധ്യമ വിദ്യാർഥിയായിരുന്നു. സമരത്തിന്റെ സ്വഭാവം കൊണ്ട് തന്നെ കേരളത്തെ മുഴുവൻ അതിശയിപ്പിച്ചു കളഞ്ഞ പോരാട്ടമായിരുന്നു അത്. ഒരു സിനിമയുണ്ടാകുന്നത് പല കാര്യങ്ങൾ ഒരുമിച്ചു ചേരുമ്പോഴാണ്. ചിലപ്പോൾ സിനിമക്കായി നൂറുകണക്കിന് ആശയങ്ങൾ നമ്മുടെ കയ്യിലുണ്ടാവാം. എന്നാൽ, അതൊരു സിനിമയായി മാറാൻ എന്തെങ്കിലും ഒരു സാഹചര്യം ഉരുത്തിരിയണം. അയ്യങ്കാളിപ്പടയുമായി ബന്ധപ്പെട്ട് ഈ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സി.വി സാരദിയുമായി സംസാരിച്ച ഉടൻ അതിന്റെ തിരക്കഥയുടെ സാധ്യതകളെ കുറിച്ച് ഞങ്ങൾ ആലോചിച്ചു. 2018 ലാണ് സിനിമയെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നത്. പിന്നീട് സിനിമക്കായുള്ള റിസർച്ചുകൾ ആരംഭിച്ചു. ആ നാല് യുവാക്കളേയും നേരിട്ട് ചെന്ന് കാണുകയാണ് ആദ്യം ചെയ്തത്. അന്ന് തന്നെ ഈ കഥയിൽ ഒരു തിരക്കഥക്കുള്ള സാധ്യതകൾ ഉണ്ടെന്ന് എനിക്ക് ബോധ്യമായി. അങ്ങനെയാണ് അയ്യങ്കാളിപ്പട സിനിമയാകുന്നത്.

2012 ലാണ് ഐ.ഡി ഇറങ്ങുന്നത്. അന്നത് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊക്കെ വലിയ ശ്രദ്ധ നേടി. ഇപ്പോൾ പട. രണ്ടിനുമിടയിൽ വലിയൊരു ഗ്യാപ് ഇല്ലേ?

ഞാൻ ഒരുപാട് കാലമായി സിനിമക്ക് പുറകിൽ തന്നെയുണ്ട്. 2012 ന് ശേഷം അടുത്ത സിനിമക്കുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ആദ്യമായി കേരളത്തിൽ രൂപീകരിക്കപ്പെട്ട ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്ട്സിൽ തിരക്കഥാ സംവിധാനം ഡിപ്പാർട്ട്മെൻറിന്റെ മേധാവിയായിരുന്നു ഞാൻ. എന്നെ സംബന്ധിച്ച് അധ്യാപന കാലം ഒരു പഠന കാലം കൂടെയായിരുന്നു. അടുത്ത സിനിമക്കായി കുറേക്കൂടി ഗൗരവമുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആ കാലത്ത് എനിക്ക് കഴിഞ്ഞു. അങ്ങനെ അടുത്ത സിനിമയുടെ ചിന്തകൾ രൂപപ്പെടുകയും പടയിലേക്ക് എത്തുകയും ചെയ്യുമ്പോളാണ് ഞാനെന്റെ അധ്യാപന ജീവിതം അവസാനിപ്പിക്കുന്നത്. മനസ്സിലാഗ്രഹിച്ച സിനിമ ചെയ്യാനുള്ള കാത്തിരിപ്പ് എല്ലാ സംവിധായകർക്കുമുണ്ടാവും. പ്രത്യേകിച്ച് ഒരു സംവിധായകന്റെ കരിയറിന്റെ തുടക്കത്തിൽ ഈ കാത്തിരിപ്പുകൾ സ്വാഭാവികമാണ്. അതിനാൽ ഈ രണ്ട് സിനിമകൾക്കിടയിൽ വലിയൊരു ഗ്യാപ് വന്നതായി എനിക്ക് തോന്നിയിട്ടില്ല.




ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിലെ അടർത്തി മാറ്റാൻ കഴിയാത്ത ഒരേടാണല്ലോ അയ്യങ്കാളിപ്പട. കേരളത്തിൽ 25 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർഥ സംഭവത്തെ സിനിമയാക്കുമ്പോൾ ഉണ്ടായ വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?

ഒരു യഥാർഥ സംഭവം സിനിമയാക്കുമ്പോൾ നമ്മൾ അതിനോട് പലരീതിയിൽ നീതി പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ആ സംഭവത്തിന് പ്രേരകമായ ആളുകളോടും അതിന് പുറകിലുള്ള വിഷയങ്ങളോടുമൊക്കെ. കഥാപാത്രങ്ങളെ മാത്രം അറിയുന്നത് കൊണ്ട് ഒരു തിരക്കഥക്കായുള്ള തയ്യാറെടുപ്പുകൾ പൂർണമാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച് ആ സംഭവത്തിന് പുറകിലുള്ള ചരിത്രങ്ങളെ ആഴത്തിൽ മനസ്സിലാക്കുമ്പോളാണ് നമ്മുടെ റിസർച്ചുകൾ നമ്മെ തൃപ്തിപ്പെടുത്തുന്നത്. അന്ന് കലക്ടറെ ബന്ധിയാക്കിയ യുവാക്കളായ അജയൻ മണ്ണൂർ, കല്ലറ ബാബു, വിളയോടി ശിവൻകുട്ടി, കാഞ്ഞങ്ങാട് രമേശൻ എന്നിവരിൽ നിന്നും തുടങ്ങിയ അന്വേഷണങ്ങൾ എം.എൻ രാവുണ്ണി, സി.പി നായർ ഐ.എ.എസ്, ജേക്കബ് പുന്നൂസ്, പാലക്കാട് കലക്ടർ ഡബ്ല്യൂ.ആർ റെഡ്ഡിയുടെ കുടുംബം എന്നിവരെയൊക്കെ നേരിട്ടു തന്നെ കണ്ടാണ് സിനിമക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

Period Thriller Genreൽ മലയാളത്തിൽ കൂടുതൽ ചിത്രങ്ങൾ വരുന്ന കാലം കൂടിയാണിത്. മാലിക് വന്നു.. രാജീവ് രവിയുടെ തുറമുഖം വരുന്നു.. ഇപ്പോഴിതാ പട.. ഇതിനെ എങ്ങിനെ നോക്കികാണുന്നു?

നാം നമ്മുടെ വർത്തമാനകാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഭൂതകാലത്തെയോർത്ത് വിസ്മയം കൊള്ളാറുമുണ്ട്. 1996 ൽ കേരള പ്രസ് അക്കാദമിയിൽ പഠിച്ച് കൊണ്ടിരിക്കെ തന്നെ ഈ സംഭവം എന്നെ വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. പല ഓർമകളും അത് ഹൃദയത്തിൽ കോറിയിട്ടിട്ടുണ്ട്. 25 വർഷങ്ങൾക്കിപ്പുറം ആ സംഭവത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമ്പോൾ ഭൂസമരങ്ങളെക്കുറിച്ചു കൂടെ ആലോചിക്കുകയാണ്. മാറ്റമില്ലാതെ തുടരുന്ന ചില ചോദ്യങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ട്. വർത്തമാന കാലത്തെ ഭൂതകാലവുമായി ചേർത്തു വെക്കുമ്പോഴാണ് ചിലപ്പോൾ നമുക്ക് പഴയ കഥകൾ പറയാൻ തോന്നുക. അങ്ങനെയാണ് 'പട' പിറവിയെടുക്കുന്നത്.

സംഭവ കഥകളെ സിനിമയാക്കുമ്പോൾ കഥാപാത്രങ്ങളുടെ കാസ്റ്റിങ് വെല്ലുവിളിയല്ലേ? കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു, വിനായകൻ ഇവരിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഒരു യഥാർഥ സംഭവം സിനിമയാക്കുമ്പോൾ കഥാപാത്രങ്ങളുടെ കാസ്റ്റിങ് വലിയ വെല്ലുവിളി തന്നെയാണ്. സംഭവത്തെക്കുറിച്ച് നേരത്തെ തന്നെ ധാരണയുള്ളവർ കഥാപാത്രങ്ങളുടെ ചേർത്തുവക്കലിനെക്കുറിച്ച് ആലോചിക്കും. അത് കൊണ്ടുതന്നെ അവരുടെയൊക്കെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന കാസ്റ്റിങ്ങാവണം നടക്കേണ്ടത്. പടയുടെ കാസ്റ്റിങ് ഡയറക്ടർമാരായ സുധാ പത്മജാ ഫ്രാൻസിസും പ്രണവ് രാജും ചേർന്നാണ് അയ്യങ്കാളിപ്പടയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും രീതിയിലുള്ള സാമ്യതകൾ ഉള്ള നടന്മാരെക്കുറിച്ച് അന്വേഷിക്കുന്നത്. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആദ്യം ഓടി വന്ന മുഖങ്ങളായിരുന്നു ഇവരുടെ നാലുപേരുടേയും. ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു ഇവരുടെ പ്രകടനം എന്നതാണ് എന്നെ അതിശയിപ്പിച്ചത്. ഒപ്പം കഥയും കഥക്കുപുറകിലെ സംഭവങ്ങളെയും പഠിക്കാൻ അവർ കാണിച്ച ഉത്സാഹം വലുതായിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ പ്രകാശ് രാജിലേക്ക് ഞങ്ങൾ എത്തുന്നതും തിരക്കഥക്കു പുറകിലെ വിഷയത്തോട് അദ്ദേഹത്തിന്റെ സമീപനത്തെ കൂടെ മുൻ നിർത്തിയാണ്.




1996 ൽ ആദിവാസി ഭൂനിയമഭേദഗതി കൊണ്ട് വരുന്നത് നായനാർ സർക്കാരാണ്. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നതും ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. കേരളത്തിൽ നിരവധി ഭൂസമരങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇതൊക്കെ സിനിമയെ വലിയ ചർച്ചയാക്കുമെന്ന് തോന്നുന്നുണ്ടോ?

തീർച്ചയായും ഈ സിനിമക്ക് വലിയ സമകാലിക പ്രസക്തിയുണ്ട്. 1996 ൽ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യപ്പെടുന്നത്. യഥാർഥത്തിൽ അത് നായനാർ സർക്കാരിന്റെ മാത്രം ആവശ്യമായിരുന്നില്ല. അതിന് മുമ്പ് അധികാരത്തിലിരുന്ന എ.കെ ആന്റണി സർക്കാർ കൊണ്ടുവന്ന ഭേഗദതിക്ക് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനിൽ നിന്ന് അനുമതി കിട്ടാത്തത് കൊണ്ടാണത് നിയമമാകാതെ പോയത്. പിന്നീട് പുതിയ ഭേദഗതി കൊണ്ടുവരുന്നത് നായനാരാണ്. അന്ന് കെ.ആർ ഗൗരിയമ്മ മാത്രമാണ് ഈ നിയമഭേദഗതിയെ എതിർത്ത് സംസാരിച്ചത്. ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന കവികളും സാംസ്കാരിക നായകരുമൊക്കെ ആദിവാസികൾക്ക് വേണ്ടി സംസാരിച്ചെങ്കിലും അതിനെ എല്ലാം തമസ്കരിച്ചാണ് ഭേഗദതി കൊണ്ടുവരുന്നത്.




ഇപ്പോൾ വീണ്ടും ഒരു ഇടതുപക്ഷസർക്കാർ ഭരണത്തിലിരിക്കുമ്പോഴും കേരളത്തിൽ പല അവകാശ സമരങ്ങളും നടക്കുന്നുണ്ട്. അതിനോടെല്ലാം ഭരണകൂടത്തിന്റെ സമീപനം എന്താണ്. ഭരണകൂടത്തെ എതിർക്കുന്നവരെ എങ്ങനെയാണ് അവർ സമീപിക്കുന്നത് എന്നതൊക്കെ ശ്രദ്ധേയമാണ്. ഇൗ സിനിമ കഴിഞ്ഞതിന് ശേഷം പ്രേക്ഷകർക്കിടയിൽ നിന്നാണ് ചർച്ചകളുണ്ടാവേണ്ടത്. ഇടതുപക്ഷത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് ഈ സിനിമ നയിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

TAGS :