Quantcast
MediaOne Logo

ഇജാസുല്‍ ഹഖ്

Published: 20 March 2023 2:45 PM GMT

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഡെത്ത് ലൈന്‍, ബ്രഹ്മപുരത്തെ ആഘാതം അളക്കണം - മേധാ പട്കര്‍

പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നത് പൊളിറ്റിക്കല്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ ജോലിയില്‍ പരാജയപ്പെടുന്നതും. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിസ്ഥിതിയുടെയും ജനങ്ങളുടെയും പക്ഷത്തുനിന്നുകൊണ്ട് സംസാരിക്കുന്നു മേധാ പട്കര്‍. ഇജാസുല്‍ ഹഖ് നടത്തിയ അഭിമുഖം.

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഡെത്ത് ലൈന്‍, ബ്രഹ്മപുരത്തെ ആഘാതം അളക്കണം - മേധാ പട്കര്‍
X

കഴിഞ്ഞ ദിവസമാണ് നിങ്ങള്‍ കേരളത്തിലെത്തുന്നത്. നമ്മളിങ്ങനെ സംസാരിക്കുമ്പോള്‍ ബ്രഹ്മപുരത്തെ തീപ്പിടിത്തം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. കൊച്ചി നഗരത്തിന് സമീപമായിരുന്നു കേരളത്തിലെത്തിയ ഉടനെയുള്ള താമസമെന്ന് സൂചിപ്പിച്ചു. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

ബ്രഹ്മപുരത്തെ സാഹചര്യം പ്രയാസമേറിയതാണ്. മാലിന്യ സംസ്‌കരണം എന്ന പ്രശ്‌നം രാജ്യം മുഴുവന്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. മുംബൈയില്‍ ഇത്തരത്തില്‍ മാലിന്യ സംസ്‌കരണ സ്ഥലത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ പ്ലാസ്റ്റിക്ക് മാലിന്യം പെറുക്കി കൊടുത്താണ് പണം സമ്പാദിക്കുന്നത്. അവര്‍ക്ക് ജീവിക്കാന്‍ വേറെ മാര്‍ഗങ്ങളില്ല. അതും സങ്കടകരമായ ഒരു കാര്യമാണ്. എന്നാല്‍, ബ്രഹ്മപുരത്ത് എന്താണ് സംഭവിക്കുന്നത് മറ്റൊന്നാണ്. കേരളത്തിലെ പലയിടത്തും ഞാന്‍ പോയിട്ടുണ്ട്, പലയിടത്തും മാലിന്യ സംസ്‌കരണം വലിയ പ്രശ്‌നമാണെന്ന് മത്സ്യത്തൊഴിലാളികള്‍ തൊട്ട് കര്‍ഷകര്‍ വരെയുള്ള ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ് പറയുന്നത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മാത്രമാണ് ഇതിനുള്ള പരിഹാരം. രാജ്യത്ത് അത് ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഭാഗികമായി പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ബ്രഹ്മപുരത്തെ സ്ഥിതി ഞെട്ടിക്കുന്നതാണ്. ഏക്കറുകണക്കിന് ഭൂമി എടുത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്ന് വിശേഷിപ്പിച്ച്, അത് മാത്രം അവിടെ നടക്കുന്നില്ല. നഗര മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലെല്ലാം സംഭവിക്കുന്നതിതാണ്. നര്‍മദാ തീരത്തും സംഭവിച്ചതിതാണ്. മലിന ജലം സംസ്‌കരിക്കുന്നതിന് ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റുണ്ടെന്ന് പറഞ്ഞു. എന്നാല്‍, അത് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ഇതേഅവസ്ഥ തന്നെയാണ് ബ്രഹ്മപുരത്തും, മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വേര്‍തിരിച്ചുള്ള സംസ്‌കരണം മാത്രം നടക്കുന്നില്ല. ദശലക്ഷകണക്കിന് മനുഷ്യരെയാണ് ബ്രഹ്മപുരത്തെ തീപ്പിടിത്തം ബാധിച്ചത്.

'ബ്രഹ്മ' എന്ന് പറഞ്ഞാല്‍ 'സൃഷ്ടിയുടെ ദൈവം' എന്നാണ്. എന്നാല്‍, ഇപ്പോഴത് 'നശീകരണത്തിന്റെ ദൈവം' എന്നതായി മാറുന്നു. ദൈവമോ ദേവതകളോ അല്ല, ഈ സമൂഹത്തിലുള്ള നമ്മള്‍ മനുഷ്യര്‍ തന്നെയാണ് ഈ മാലിന്യം മുഴുവന്‍ നിര്‍മിക്കുന്നത്. സമൂഹത്തിലെ പണവും മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുമാണ് അത് നിശ്ചയിക്കുന്നത്. അത് മാറികൊണ്ടിരിക്കുകയാണ്. കണ്‍സ്യൂമറിസമാണ് ഏറ്റവും കൂടുതല്‍ മാലിന്യം സൃഷ്ടിക്കുന്നത്. ഇവിടെ ഒരു ഗാന്ധിയുമില്ല, ആരും ലാളിത്യത്തിന്റെ ആ പാത പിന്തുടരുന്നുമില്ല.



ബ്രഹ്മപുരത്ത് ഡയോക്‌സിനും ഫ്യൂറനും വ്യാപിച്ചിരിക്കുകയാണ്. നിരവധി മനുഷ്യരുടെ ശ്വസന വ്യവസ്ഥയെയാണ് ഈ വിഷം ബാധിച്ചിരിക്കുന്നതും ഇനി ബാധിക്കാന്‍ സാധ്യതയുള്ളതും. ഇതെല്ലാം കാന്‍സറിന് കാരണമാകും. മെഡിക്കല്‍ എന്‍സൈക്ലോപീഡിയ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഇത്തരത്തില്‍ മനുഷ്യ ജീവന് അപായകരമായ സാഹചര്യമാണ് ദശലക്ഷകണക്കിന് മനുഷ്യര്‍ക്ക് മേല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവരെല്ലാം എവിടെ പോവും. അവര്‍ കുടിയേറി പാര്‍ക്കണമെന്നാണോ വിചാരിക്കുന്നത്. അതൊന്നും സംഭവിക്കരുത്. 60,000 ലിറ്റര്‍ വെള്ളമാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ ഉപയോഗിച്ചത്. അതൊന്നും ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല. പ്ലാസ്റ്റിക്ക് ശമിപ്പിക്കുന്ന ആ വെള്ളം പിന്നെ ഒഴുകി പോകുന്നത് സമീപത്തുള്ള നദിയിലേക്കാണ്. ആ നദിയിലും മാലിന്യം കലരുകയാണ്. അത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ആളുകളിലും അത് അപായകരമായ രോഗങ്ങള്‍ പടര്‍ത്തുന്നു. ശരിയായ മാലിന്യ സംസ്‌കരണം ഒരുക്കാത്ത സര്‍ക്കാരിന് തരുന്ന മുന്നറിയിപ്പാണ് ഈ തീപ്പിടിത്തം. നമ്മുടെ ലൈഫ് സ്‌റ്റൈലിനും ഇതിലൊരു പങ്കുണ്ട്. ശരിയായ മാലിന്യ സംസ്‌കരണ പദ്ധതി ഇനിയും വന്നിട്ടില്ലെങ്കില്‍ ജീവിതം നരകമാകും. പരസ്പരം പാര്‍ട്ടി തലത്തിലോ രാഷ്ട്രീയ തലത്തിലോയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് അപ്പുറം ഇത് അവസാനിപ്പിക്കുന്നതിനുള്ള പെട്ടെന്നുള്ള നടപടിയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും ജീവനോപാദിയും രക്ഷിക്കണം.


ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നത്തിന് കൃത്യവും ശരിയായതുമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുണ്ടോ?

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം മാത്രമാണ് ബ്രഹ്മപുരത്തെ പ്രശ്‌നത്തിനുള്ള പരിഹാരം. മുംബൈയിലെ ഇടതുപക്ഷ ചായ്‌വുള്ള സംഘടനകള്‍ നിര്‍മിച്ച ചെറിയ മാലിന്യ നിര്‍മാര്‍ജന കിറ്റ് ഇതിനൊരുദാഹരണമാണ്. 600 മുതല്‍ 800 രൂപ വരെയാണ് ഓരോ കിറ്റിനും അവര്‍ ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള മാലിന്യ സംസ്‌കരണ പരിപാടികള്‍ ആവശ്യപ്പെടുന്നതും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ്.

ഇന്ന് എല്ലാം കേന്ദ്രീകൃതമാണ്. ഡാമുകളും, വ്യവയാസ ശാലകളുമെല്ലാം അത്തരത്തിലാണ് നിര്‍മിക്കുന്നത്. അതെല്ലാം ജീവനും ജീവനോപാദികളും തകര്‍ക്കുന്നു. തലമുറകള്‍ക്ക് അപ്പുറം അത് പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ബ്രഹ്മപുരം പ്രകൃതിക്ക് മേല്‍ ഏല്‍പ്പിച്ച ആഘാതം എത്രയെന്ന് ഇതുവരെ കണക്കുകള്‍ വ്യക്തമല്ല. ഭരണപാര്‍ട്ടി ന്യായീകരിക്കുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്യുന്ന രീതിയിലല്ലാതെ കൂട്ടായി ഇതിന്റെ ആഘാതം അളക്കണം. എറണാകുളം ജില്ലയിലെ ഓരോ ദിവസവും ഓരോ ജീവനും വിലപ്പെട്ടതാണ്. സാങ്കേതിക മുന്നേറ്റത്തില്‍ വലുതായി അഹങ്കരിക്കുന്നതും അഹംഭാവം പ്രകടിപ്പിക്കുന്നവരുമാണല്ലോ നമ്മള്‍. എന്തുകൊണ്ടാണ് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഈ പറയുന്ന സാങ്കേതിക മുന്നേറ്റത്തെ ആശ്രയിക്കാത്തത്.

അഴിമതി കാരണമാണ് മാലിന്യ നിര്‍മാര്‍ജനം ശരിയായ രീതിയില്‍ നടക്കാത്തതെങ്കില്‍ അതും പരിശോധിക്കേണ്ടതാണ്. ഈ പ്രശ്‌നങ്ങളെല്ലാം ചാനലുകളിലൂടെയും ചര്‍ച്ചാ പാനലുകളിലൂടെയും നമ്മുടെ മുന്നിലുണ്ട്. ഇതിലെല്ലാം സമ്പൂര്‍ണമായ ഒരു പരിഹാരം അത്യാവശ്യമാണ്. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് മുഖവിലക്കെടുക്കണമെന്നാണ് എന്റെ താഴ്മയോടെയുള്ള അഭ്യര്‍ഥന. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മാത്രമല്ല, സമൂഹവും സന്നദ്ധ സംഘടനകളും ഇതിന് മുന്നിട്ടിറങ്ങണം.

വി.ഡി സതീശനെ പോലുള്ള ഒരുപാട് നല്ല എം.എല്‍.എമാര്‍ കേരളത്തിലുണ്ട്. കൊക്കകോളക്കെതിരെയും എന്‍ഡോസള്‍ഫാനെതിരെയും പോരാടിയ മനുഷ്യര്‍ക്ക് ഈ പ്രശ്‌നത്തിനും മുന്നിട്ടിറങ്ങാം. കര്‍ഷക സംഘടനകളായ കിസാന്‍ സഭ പോലുള്ളവര്‍ക്കും ഇതിന് നേതൃത്വം വഹിക്കാം. അവരെല്ലാവരും പാര്‍ട്ടി അതിരുകള്‍ക്ക് അപ്പുറത്ത് ഈ വിഷയത്തില്‍ ഇടപെടണം. മാലിന്യ നിര്‍മാര്‍ജനത്തിനും പുനരുപയോഗത്തിനുമാകണം അവരുടെ പ്രഥമ പരിഗണന.

ബ്രഹ്മപുരത്തെ തീപ്പിടിത്തം വായുവിനെ മാത്രമല്ല മലിനപ്പെടുത്തുന്നത്, ആ പ്രദേശത്തെ ശുദ്ധ ജല ലഭ്യതയെയുമാണ്. ബ്രഹ്മപുരം നിവാസികള്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ഒരു ആശങ്കയെ എങ്ങിനെ സമീപിക്കാം?

ബ്രഹ്മപുരത്തെ തീപ്പിടുത്തത്തിന്റെ ഫലമായി വെള്ളവും മലിനമാകും. ഇന്ത്യയിലെ എല്ലാ നദികളും വിഷലിപ്തമാണ്. നര്‍മദയിലെ വെള്ളവും ഇതിനൊരപവാദമല്ലെന്നാണ് മുംബൈയിലെ ടെസ്റ്റ് റിപ്പോര്‍ട്ട് എനിക്ക് സാക്ഷ്യം നല്‍കിയിരിക്കുന്നത്. വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യം മുഴുവന്‍ എറിയുന്നത് ഈ നദികളിലേക്കാണ്. നഗരങ്ങളില്‍ നിന്നുള്ള ഓടകള്‍ കൃത്യമായ രീതിയില്‍ പരിരക്ഷിച്ചില്ലെങ്കില്‍ അതും ഈ നദികളിലേക്കാണ് ഒഴുകുക. പ്രധാനമന്ത്രിയെ പോലെയൊരാള്‍ മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാള്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ തൊട്ടടുത്ത് തന്നെ ഒഴുകുന്നത് കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും നേരിടുന്ന ഷിപ്ര നദിയാണ്. ഈ നദിയില്‍ ആകെ മാലിന്യമാണ്. ഈ വെള്ളമാണ് തൊട്ടടുത്ത ചമ്പല്‍ നദിയിലേക്ക് ഒഴുകുന്നത്. ഗാന്ധി സാഗര്‍ ഡാം നിലനില്‍ക്കുന്നതും ഈ നദിയിലാണ്. ഈ വെള്ളമാണ് നഗരങ്ങളിലേക്കും ഒഴുകുന്നത്. നഗരവാസികള്‍ മുഴുവന്‍ ഈ മാലിന്യം കൊണ്ട് പൊറുതിമുട്ടുകയാണ്. ജല മലിനീകരണം മാത്രമല്ല, വായു മലിനീകരണം കൂടിയാണ് ഇവിടെയെല്ലാം നടക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡൊന്നും ഇതില്‍ ഒരുതരത്തിലുള്ള ഇടപെടലും നടത്തുന്നില്ല. അവര്‍ ഇനി എന്തെങ്കിലും റിപ്പോര്‍ട്ട് കൊണ്ടുവന്നാല്‍ തന്നെ അതില്‍ വളരെ ചെറിയ പരിഹാര നിര്‍ദേശങ്ങള്‍ മാത്രമേയുണ്ടാകൂ, അതാണെങ്കില്‍ പ്രായോഗികവുമാകില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നത് പൊളിറ്റിക്കല്‍ കണ്‍ട്രോള്‍ ബോര്‍ഡ് ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ ജോലിയില്‍ പരാജയപ്പെടുന്നതും.


കേരളത്തിലെ അതിവേഗ റെയില്‍ വേ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന സില്‍വര്‍ ലൈനിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്താ വികാസങ്ങള്‍ ശ്രദ്ധിച്ചിരിക്കും. കേന്ദ്ര അനുമതി ലഭിച്ചില്ലെങ്കിലും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇടതുസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഈ നിലപാടിനോടുള്ള പ്രതികരണമെന്താണ്?

സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഇരുണ്ട മരണ ലൈനാണ്. ഇതിനുവേണ്ടി വലിയ തോതിലുള്ള പണമാണ് അന്താരാഷ്ട്ര സാമ്പത്തിക നിധികളില്‍ നിന്നും കടമായി വാങ്ങിയിരിക്കുന്നത്. വലിയൊരു അളവില്‍ പ്രകൃതി വിഭവങ്ങളും ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും. റെയില്‍ ലൈനിന് ചുറ്റുമുള്ള മതില്‍ പണിയാന്‍ തന്നെ വലിയ തുക വേണം. പാടങ്ങളും ഒഴിഞ്ഞ തരിശ് ഭൂമികളുമാണ് ഇതിന് നിക്ഷേപമായി ഉപയോഗിക്കേണ്ടി വരിക. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് വളരെ കുറഞ്ഞ സമയം യാത്ര ചെയ്യാം എന്ന് പറഞ്ഞാണ് ഇത്രയും ചെയ്യുന്നതെന്നുള്ളതാണ്! കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇത് ന്യായീകരിക്കാനാവില്ല.

ഇന്ന് വികസനത്തിന്റെ പേരില്‍ നമ്മുടെ മുന്‍ഗണനകളെല്ലാം മാറുകയാണ്. ആയിരക്കണക്കിന് കോടികളാണ് പുതിയതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരമായ സന്‍സദ് ഭവന് വേണ്ടി ചെലവഴിക്കുന്നത്. അതിന്റെ ആവശ്യമെന്താണ്. ഹൈവേകള്‍ക്കും ഫ്‌ലൈ ഓവറുകള്‍ക്കും വേണ്ടി കോടികള്‍ ചെലവഴിക്കുന്നു. ടൂറിസ്റ്റ് സ്ഥലമായി വര്‍ഗീയവാദികള്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്കാണ് ഇത്തരത്തില്‍ കോടികള്‍ അനുവദിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വലിയ തോതിലുള്ള പണമാണ് പ്രതിമകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ക്കും കോടികള്‍ ചെലവഴിക്കുന്നു. 80 കോടി ജനങ്ങള്‍ ഈ രാജ്യത്ത് പട്ടിണിയും പ്രാഥമിക വിദ്യാഭ്യാസവും ആരോഗ്യ സേവനവും ലഭിക്കാതിരിക്കുമ്പോഴാണ് കോടികള്‍ മറുവശത്ത് പാഴാക്കുന്നത്. എല്ലാവരും ഉള്‍പ്പെടുന്നതാകണം നമ്മുടെ വികസന നയവും കാഴ്ചപാടുകളും.


മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിനിനെതിരെ രംഗത്തുവന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ കെ റെയിലിനെ ചോദ്യം ചെയ്യേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള നേതാക്കന്മാര്‍ കെ റെയിലില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കണം. ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും പൗരസമൂഹം ഇതിനെതിരെ മുന്നിട്ടിറങ്ങിയാലേ വികസന മാതൃകകളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കൂ. അതാണ് ഏറ്റവും അത്യാവശ്യവും.

TAGS :