Quantcast
MediaOne Logo

ദൃശ്യ മാധ്യമങ്ങളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് റിസ്‌ക് കൂടുതലാണ് - മുഹമ്മദ് അസ്‌ലം

ദൃശ്യമാധ്യമങ്ങളില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ കുറഞ്ഞു വരികയാണോ? ആണെന്നാണ് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള 2021 ലെയും 2022 ലെയും സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ച മീഡിയവൺ സ്‌പെഷ്യൽ കറസ്പോണ്ടന്റായ മുഹമ്മദ് അസ്‌ലമിന്റെ അഭിപ്രായം. വാർത്തകളിൽ നിന്നും വിനോദോപാധി എന്ന നിലയിലേക്കാണ് മലയാളത്തിലെ വാർത്താ ചാനലുകളുടെ പോക്കെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മീഡിയവൺ ഷെൽഫ് പ്രതിനിധി അഫ്സൽ റഹ്‌മാൻ മുഹമ്മദ് അസ്‍ലമുമായി നടത്തിയ സംഭാഷണത്തിന്റെ സംഗ്രഹം. സംഭാഷണം : മുഹമ്മദ് അസ്‌ലം / അഫ്സൽ റഹ്‌മാൻ

ദൃശ്യ മാധ്യമങ്ങളില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് റിസ്‌ക് കൂടുതലാണ് - മുഹമ്മദ് അസ്‌ലം
X

അടിസ്ഥാനപരമായി രണ്ട് തരത്തിലുള്ള ജേണലിസം ഉണ്ടല്ലോ: ആക്സസ് ജേണലിസവും ഇൻവെസ്റിഗേറ്റിഗേറ്റീവ് ജേണലിസവും ( അഥവാ അന്വേഷണാത്മക പത്രപ്രവർത്തനം). നമ്മളെ തേടിയെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്തകൾ ചെയ്യുന്ന രീതിയാണ് ആക്സസ് ജേണലിസം. അതിൽ രാഷ്ട്രീയ വാർത്തകളുണ്ടാകും, സമരങ്ങളുണ്ടാകും. സ്രോതസ്സുകൾ നമുക്ക് തരുന്ന വിവരങ്ങൾ വർത്തയാകുന്നതാണ് ആക്സസ് ജേണലിസം. ദൈനംദിന ജോലിയിൽ നമുക്ക് കൂടുതൽ ചെയ്യേണ്ടി വരിക അതായിരിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വാർത്തകൾ വളരെ കൂടുതൽ ആയിരിക്കും. അല്ലെങ്കിൽ അഴിമതിയെ കുറിച്ചുള്ള വാർത്തകൾ. അതിൽ നമുക്ക് ഒരാളായിരിക്കും വിവരങ്ങൾ തരിക. അതിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മൾ വാർത്ത ചെയ്യുക. അല്ലെങ്കിൽ പൊലീസ് ശ്രോതസ്സുകൾ അല്ലെങ്കിൽ സർക്കാർ ശ്രോതസ്സുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി ചെയ്യുന്ന വാർത്തകൾ.

അന്വേഷണാത്മക പത്രപ്രവർത്തനം കുറച്ചു കൂടി വ്യത്യസ്തമാണ്. അതിൽ നമ്മൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ഒരു വിഷയത്തിന്റെ പിറകെ പോവുക ആയിരിക്കും. അല്ലെങ്കിൽ സാധാരണ ആളുകൾ പറയുന്ന ഒരു വിഷയമായിരിക്കും. ഒരു വാർത്ത കാണുമ്പൊൾ അതിന്റെ പിന്നിൽ വേറെ എന്തോ ഉണ്ടെന്ന് നമുക്ക് തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. അങ്ങനെ ഒരു വിഷയം കണ്ടെത്തി അതിന്റെ പിറകെ പോയി ചെയ്യുന്നതായിരിക്കും ഇൻവെസ്റിഗേറ്റിവ് ജേണലിസം. ഒരു ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം നൽകുന്നത് സ്വന്തമായി കണ്ടെത്തുന്ന വാർത്തകൾ തന്നെ ആയിരിക്കും.

പൊതുവെ ദൃശ്യ മാധ്യമങ്ങളിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് റിസ്കുകൾ ഏറെയാണ്. കുറച്ചധികം സമയം എടുത്തും മാറി നിന്നും ചെയ്യേണ്ട ഒന്നാണല്ലോ അത്. ഇതിനിടയിലും പ്രൊഫഷണലായി തന്നെ അന്വേഷണാത്മക പത്രപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്ന ചാനലുകളും ഉണ്ട്.

നമ്മൾ എല്ലാ മാധ്യമപ്രവർത്തകർക്കും ഒരു റിട്ടേൺ ഉണ്ടാകുമല്ലോ. ദൃശ്യമാധ്യമങ്ങളിൽ റുട്ടീൻ കുറച്ചു കൂടി വ്യത്യസ്തമാണ്. ഒരു സംഭവം നടന്നാൽ അതിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നകുന്നത് വരെ ( വൈകീട്ട് വരെ ) കാത്തു നിന്ന് വാർത്ത നൽകാൻ പത്രങ്ങളിൽ സാധിക്കും. ഉദാഹരണത്തിന് ഒരു രാഷ്ട്രീയ യോഗം നടക്കുക ആണെങ്കിൽ പത്രങ്ങൾക്ക് ആ യോഗം കഴിഞ്ഞ് അതിന്റെ പ്രധാനപ്പെട്ട ആളുകളെ വിളിച്ച് വിവരങ്ങൾ എടുത്ത് വാർത്ത നൽകിയാൽ മതിയാകും.ദൃശ്യ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ആ യോഗം നടക്കുമ്പോൾ മൊത്തം നമ്മൾ ലൈവ് കവറേജ് നൽകുക ആയിരിക്കും. ഇത്തരം റുടീനുകളുടെ ഇടയിൽ നമ്മുടെ അന്വേഷണങ്ങൾക്ക് സമയം കണ്ടെത്തണമെന്നതാണ് ഒരു വശം.

പല ഇൻവെസ്റിഗേറ്റിവ് സ്റ്റോറീസിലും പത്രത്തിൽ എഴുതുന്ന പോലെ പല സങ്കീർണമായ വിഷയങ്ങളും ദൃശ്യ മാധ്യമങ്ങളിൽ നൽകാൻ കഴിയില്ല. അതിനെ ദൃശ്യവത്കരിക്കാനുള്ള എലമെന്റുകൾ കൂടി കണ്ടെത്തേണ്ടതുണ്ട്.


ഭൂമി തരം മാറ്റലിലെ അഴിമതി

നമ്മൾ പൊതുവെ യാത്ര ചെയ്യുമ്പോൾ കുറെ സ്ഥലത്ത് ഒരു പരസ്യം തന്നെ കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കുമല്ലോ. ഭൂമി തരം മാറ്റലിൽ പലപ്പോഴും ക്രമക്കേടുകൾ നടക്കുന്നത് നമുക്ക് അറിയാമല്ലോ. കൃഷി നിലം ആയത് പുരയിടം ആയി മാറ്റുന്നതിൽ നിലവിൽ തന്നെ ഏറെ വിവാദങ്ങൾ ഉള്ളതാണ്. അങ്ങനെയാണ് ഇത്തരം ബോർഡുകൾ വ്യാപകമായി ശ്രദ്ധയിൽ പെടുന്നത്. വില്ലേജ് ഓഫിസറും ആർ.ഡി.ഓ ഒക്കെ ഇടപെടുന്ന ഒരു വിഷയത്തിൽ എന്തുകൊണ്ട് ഇങ്ങനെ പരസ്യം വരുന്നെന്ന കാര്യം എന്നിൽ ആശ്ചര്യമുണ്ടാക്കി. പി.ടി നാസർക്കാ ഒരു ദിവസം ന്യൂസ് മീറ്റിംഗിൽ വിഷയം അവതരിപ്പിക്കുകയും എന്നോട് ഫോളോ ചെയ്താൽ നന്നാകുമെന്ന് പറയുകയും ചെയ്തു. അതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു നിയമപരമായി ഭൂമി തരം മാറ്റലിനുള്ള നടപടിക്രമങ്ങൾ മനസ്സിലാക്കി. ഇതിൽ സ്വകാര്യ ഏജൻസികൾക്ക് എന്താണ് സാധ്യത എന്നതെന്നും ആരാഞ്ഞു. എന്താണ് നിയമവിധേയം എന്താണ് നിയമ വിരുദ്ധമെന്ന് മനസ്സിലാക്കിയ ശേഷം അനധികൃതമായി ഈ ഇടപാട് നടത്തുന്ന സ്വകാര്യ ഏജൻസിയെ ബന്ധപ്പെട്ടു. നമ്മൾ ഒരു ദൃശ്യമാധ്യമം ആയതു കൊണ്ട് തന്നെ ചിത്രീകരണത്തിനായി നാടകീയ രംഗങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.

ദൃശ്യമാധ്യമങ്ങളുടെ ശൈലി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മാധ്യമസ്ഥാപനങ്ങൾ വരുമ്പോഴും അവർ തങ്ങൾക്ക് ഗുണം ലഭിക്കാനുള്ള മാറ്റങ്ങൾ കൊണ്ട് വരും. അത് പൊതുവെ മാധ്യമ മേഖലയെ മൊത്തത്തിൽ ബാധിക്കും.

ഭൂമി തരം മാറ്റല്‍ എങ്ങനെ.. നിയമപരമായ വഴികളെങ്ങനെ... സ്വകാര്യ ഏജന്‍സികളടെ ഇടപെടല്‍ നിയമപരമാണോ.. അടുത്ത ബന്ധമുള്ള റവന്യു ഉദ്യോഗസ്ഥരോട് തിരക്കി ധാരണയുണ്ടാക്കി. ബാനറിലെ നമ്പരില്‍ ഫോണ്‍ വിളിച്ചാല്‍ തന്നെ വാർത്തയുണ്ടാക്കാം. അതുപോര. ശരിക്കും തരം മാറ്റേണ്ട ഭൂമി കണ്ടെത്തി, അതുമായി പോണം. എന്നാലേ സംഗതി കളറാവൂ. പിന്നെ ഭൂമിക്കായി അന്വേഷണം. അന്ന് ഓഫീസിലുണ്ടായിരുന്ന വീഡിയോ എഡിറ്റർ ബിജോയ് ജോബിലാണ് അന്വേഷണം അവസാനമെത്തിയത്. മൂപ്പരുടെ കോഴിക്കോട്ടെ സ്വന്തം ഭൂമി തരം മാറ്റാനായി എന്തു ചെയ്യണമെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ബിനോയിയെയും സ്ഥലത്തിന്റെ ആധാരത്തെയും കൂടെക്കൂട്ടി ഒരു യഥാർഥ അന്വേഷകനായി സ്വകാര്യ ഏജന്സിയെ സമീപിച്ചു. ബാനറില്‍ കണ്ട നമ്പരില്‍ ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ പോയത് എറണാകുളത്തെ ഏജന്സിയുടെ ഹെഡ്് ഓഫീസില്‍. ആവശ്യം ശരിയാണോ എന്നറിയാല്‍ ഒരു എക്സിക്യൂട്ടീവിന്റെ ലൊക്കേഷന്‍ വിസിറ്റാണ് ആദ്യം. സ്ഥലം പരിശോധിച്ച് രേഖയൊക്കെ നോക്കി യഥാർഥ ആവശ്യമാണെന്ന് മനസിലാക്കിയ ശേഷം തൊണ്ടയാടുള്ള ഏജന്സിയുടെ ഓഫീസിലേക്ക്. അവിടെ വെച്ചാണ് ഏജന്റ് ക്രമക്കേടിന്റെയും കൈക്കൂലിയുടെയും വഴി വിശദീകരിച്ചത്. എല്ലാം ഒളിക്യാമറയിലാക്കി. ബിജോയിയും സഞ്ജുവും (സഞ്ജുപൊറ്റമ്മല്‍ - ക്യാമറ) നിസാർക്കയും (വാഹനം) കട്ടക്ക് നിന്നു. ശ്രീജിത്ത് കണ്ടോത്തും എഡിറ്റിങ്ങിന് ഒപ്പം കൂടി..

അങ്ങനെയാണ് ഈ കഥയുണ്ടായത്.

വാർത്ത മീഡിയവണ്‍ നന്നായി കാരി ചെയ്തു. തുടർവാർത്തകളുണ്ടായി. റവന്യു മന്ത്രി കെ രാജന്‍ നടപടികളുമായി എത്തി. എഡിഎം ഓഫീസിൽ താല്ക്കാലിക ഉദ്യോസ്ഥർ വന്നു. തരംമാറ്റം വേഗത്തിലായി തരംമാറ്റത്തിന് അദാലത്തുവരെ നടന്നു. ഈ വാർത്തക്ക് ഒരു വർഷത്തിന് ശേഷം തട്ടിപ്പുകള്‍ പുതിയ രൂപത്തില്‍ വരുന്നുണ്ട്. എന്നാലും കുറച്ചുപേർക്കെങ്കിലും വലിയ തടസമില്ലാതെ നിയമപരമായി തരംമാറ്റിക്കിട്ടി.


മുന്നാക്ക സംവരണം നടപ്പാക്കിയതിലെ അപാകതകൾ

മുന്നാക്ക സംവരണം ഭരണഘടന ഭേദഗതി ആയാണ് കൊണ്ട് വന്നതെങ്കിലും അത് സംവരണമെന്ന ആശയത്തെ തകർക്കുന്നതാണെന്ന് അഭിപ്രായം ഉയർന്നിരുന്നു. സംവരണമെന്ന പോസിറ്റീവ് വിവേചനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പിന്നാക്ക അവസ്ഥയാണ്. ഇതിനെയാണ് സാമ്പത്തികാവസ്ഥ അടിസ്ഥാനമാക്കി മാറ്റിയത്. സാമ്പത്തികാവസ്ഥ എന്ന മാനദണ്ഡം എല്ലാവർക്കും ബാധകമാക്കുന്നില്ല. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമാണ് ഈ സംവരണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്കക്കാർ അതിൽനിന്ന് പുറം തള്ളപ്പെടുകയാണ് ഉണ്ടായത്. സുപ്രീം കോടതിയിലെ ന്യൂനപക്ഷ വിധിയിൽ അത് വ്യക്തമാക്കുന്നുണ്ട്. അതൊരു വിവേചനമാണ്.

വിഷയം ഇതാണെങ്കിലും അവാർഡ് കിട്ടിയ വാർത്ത എന്നത് അത് നടപ്പാക്കിയതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണ്ടിയതിനാണ്. പത്ത് ശതമാനം ആണ് മുന്നാക്ക സംവരണത്തിന് ഏർപ്പെടുത്തിയ പരിധി എങ്കിലും ആദ്യ വർഷം (മെഡിക്കൽ പ്രവേശനത്തിലാണ് ആദ്യമായി നടപ്പാക്കുന്നത് ) ഇത് നടപ്പാക്കിയപ്പോൾ അത് പതിമൂന്ന് ശതമാനമായി കൂട്ടി. സാങ്കേതികമായ ഒരു അഡ്ജസ്റ്റ്‌മെന്റ് എന്ന രീതിയിലാണ് അവർ ഇത് നടത്തിയത്. ആദ്യമായി മുന്നാക്ക സംവരണം നടപ്പാക്കിയതിനാൽ കേന്ദ്രം ഇതിനായി കുറച്ച് അധികം സീറ്റുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ അനുവദിച്ചിരുന്നു. അധിക സീറ്റുകൾ മുഴുവനായി ഇതിലേക്ക് മാറ്റിക്കൊണ്ട് പത്ത് ശതമാനമെന്ന സീലിംഗ് മറികടന്ന് കൊണ്ട് പ്രവേശനം നടത്തി. അധികമാരും ഇത് ശ്രദ്ധിച്ചിരുന്നില്ല. നമ്മൾ അത് മൊത്തത്തിൽ പരിശോധിച്ചപ്പോൾ ശതമാനക്കണക്കിൽ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഭരണഘടനാ പരിധിയും മറികടന്നുള്ള അധിക സംവരണം നൽകിയതിലെ നിയമവിരുദ്ധത നമ്മൾ വാർത്തയാക്കി. മറ്റുള്ളവർ പറയാൻ മടിക്കുന്നതും എന്നാൽ സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടപ്പെടേണ്ടതുമായ വിഷയങ്ങൾ തേടിപ്പോകാൻ മീഡിയവണും എന്നും പ്രേരിപ്പിച്ചിരുന്നു. ന്യൂസ് എഡിറ്ററായ എൻ.പി ജിഷാറിന്റെ സഹായം കൊണ്ട് കൂടിയാണ് ഈ വാർത്ത തയ്യാറാക്കിയത്. ഇത്തരം സംവരണം ആദ്യമായി നടപ്പാക്കുന്നതിനാൽ തന്നെ അതിന്റെ കുറെ സാങ്കേതികപരമായ വിഷയങ്ങൾ ഉണ്ടായിരുന്നു. കുറെയേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഭരണഘടനാ പരിധിയായ പത്ത് ശതമാനം മറികടന്ന് പതിമൂന്ന് ശതമാനത്തിൽ എത്തിയത് സ്ഥാപിക്കാൻ കഴിഞ്ഞത്. സ്വാഭാവികമായി സർക്കാരിന് അതിൽ നിന്നും പിന്തിരിയേണ്ടി വന്നു. സർക്കാരിന്റെ ഒരു പിഴവ് തിരുത്താനുള്ള ഒരു അവസരം കൂടി ആയി ആ റിപ്പോർട്ട് മാറി.


ഭരണകൂട വിമർശനത്തിനുള്ള പുരസ്‌കാരങ്ങൾ

രണ്ട് അർത്ഥത്തിൽ നമുക്കതിനെ കാണാം. നയപരമായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നതും സാങ്കേതികമായി അത് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വീഴ്ചകളെ ചോദ്യം ചെയ്യുന്നതിനെയും രണ്ട് തരത്തിലാണ് സർക്കാർ സമീപിക്കുന്നത്. മുന്നോക്ക സംവരണം ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളെ അവർ അങ്ങനെയാണ് കാണുന്നത്. മുന്നാക്ക സംവരണം നടപ്പാക്കിയതിൽ പിഴവുകളുണ്ടെന്ന് പറയുമ്പോൾ അതിനെതിരെ മുഖം തിരിക്കാൻ സർക്കാരുകൾക്ക് കഴിയില്ല. മുന്നാക്ക സംവരണം ഒരു നയപരമായ തീരുമാനമായിരുന്നു. അത് നടപ്പാക്കിയതിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുമ്പോൾ സർക്കാരുകൾക്ക് അത് ശ്രദ്ധിക്കുക തന്നെ വേണ്ടി വരും. അത്തരമൊരു വാർത്ത അവാർഡിനായി പരിഗണിച്ചു എന്നത് ഒരു പോസിറ്റീവ് ആയ കാര്യമാണ്.

ഭൂമി തരം മാറ്റലിലെ അഴിമതി സർക്കാർ നയത്തിന്റെ പ്രശ്നമില്ല. സർക്കാരിനെ മറികടന്ന് സ്വകാര്യ ഏജൻസികൾ നടത്തുന്നതാണ് അതൊക്കെ.

നയപരമായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നതും സാങ്കേതികമായി അത് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വീഴ്ചകളെ ചോദ്യം ചെയ്യുന്നതിനെയും രണ്ട് തരത്തിലാണ് സർക്കാർ സമീപിക്കുന്നത്.

അന്വേഷണാത്മക പത്രപ്രവർത്തനം ഇല്ലാതാകുമ്പോൾ

ദൃശ്യമാധ്യമങ്ങളുടെ ശൈലി തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മാധ്യമസ്ഥാപനങ്ങൾ വരുമ്പോഴും അവർ തങ്ങൾക്ക് ഗുണം ലഭിക്കാനുള്ള മാറ്റങ്ങൾ കൊണ്ട് വരും. അത് പൊതുവെ മാധ്യമ മേഖലയെ മൊത്തത്തിൽ ബാധിക്കും. പുതിയ ചില ചാനലുകൾ വന്നപ്പോൾ ഉണ്ടായ മാറ്റമെന്നത് ജനപ്രിയം അല്ലെങ്കിൽ ആളുകളിൽ കൗതുകമുണർത്തുന്ന തരത്തിലുള്ള വാർത്തകൾ കൂടുതലായി വന്നു. ജനങ്ങൾ ഗൗരവമുള്ള വാർത്തകളിൽ നിന്നും വിനോദപരമായ വാർത്തകളിലേക്ക് മാറി. ന്യൂസിൽ നിന്നും എന്റർടൈൻമെന്റിലേക്കാണ് ചാനലുകളുടെ പോക്ക്. പുതിയ ചാനലുകൾ വരുമ്പോൾ കൊണ്ട് വരുന്ന മാറ്റങ്ങൾ മറ്റുള്ളവരും ഏറ്റെടുക്കാൻ നിര്ബന്ധിതരാവുകയാണ് ഉണ്ടാവുന്നത്. എല്ലാവരും പരസ്പരം മത്സരിക്കുകയാണണല്ലോ. ജനങ്ങളുടെ കാഴ്ചശീലത്തിലും കാര്യമായി മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ ആഴ്ചയിൽ വരുന്ന ടി.ആർ.പി കണക്കുകൾ ആണ് ആധാരമാക്കുന്നതെങ്കിൽ ഇന്ന് ഫേസ്‌ബുക്ക്, യൂട്യൂബ് കണക്കുകൾ കൂടി നമുക്ക് തത്സമയം ലഭ്യമാണ്. ഇത് കൂടി അടിസ്ഥാനമാക്കിയാണ് ന്യൂസ് ഡെസ്കുകൾ തീരുമാനങ്ങൾ എടുക്കുക.

പൊതുവെ ദൃശ്യ മാധ്യമങ്ങളിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് റിസ്കുകൾ ഏറെയാണ്. കുറച്ചധികം സമയം എടുത്തും മാറി നിന്നും ചെയ്യേണ്ട ഒന്നാണല്ലോ അത്. ഇതിനിടയിലും പ്രൊഫഷണലായി തന്നെ അന്വേഷണാത്മക പത്രപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്ന ചാനലുകളും ഉണ്ട്. പക്ഷെ, പൊതുവെ അത് കുറയുന്നുണ്ട്. കുറയുന്നതിന് കാരണം ഈയൊരു രൂപമാറ്റമാണ്. വലിയൊരു വെല്ലുവിളിയാണത്. ഒരാൾക്ക് അല്ലാതെ തന്നെ ഈ മേഖലയിൽ നിൽക്കാൻ കഴിയും. അന്വേഷണാത്മക പത്രപ്രവർത്തനം നടത്താതെ തന്നെ ഒരാൾക്ക് ഫ്രയിമിൽ ലൈവ് ആയി നിൽക്കാൻ കഴിയും. അത് എളുപ്പമുള്ള പണി കൂടിയാണ്. സ്വാഭാവികമായും ഒരുപാട് റിസ്ക് എടുക്കാതെ തന്നെ ഒരാൾക്ക് ലൈവ് ആയി നിൽക്കാനുള്ള സൗകര്യം ഉള്ളപ്പോൾ അതിലേക്ക് പോകുന്ന പ്രശനം അതിലുണ്ട്. ജോബ് സെക്യൂരിറ്റി, വരുമാനം ഉൾപ്പെടെ നോക്കുമ്പോൾ പുതുതായി ഇതിലേക്ക്, പ്രത്യേകിച്ച് ദൃശ്യമാധ്യമ രംഗത്തേക്ക് വരുന്നവരിൽ നല്ല കുറവും നമുക്ക് കാണാൻ കഴിയും.