Quantcast
MediaOne Logo

പി ലിസ്സി

Published: 1 March 2022 7:31 AM GMT

നാം ഒന്നിനെയും ആരെയും ഭയക്കേണ്ടതില്ല; ഹിജാബ് ഞങ്ങളുടെ അവകാശമാണ് - മുസ്കാൻ ഖാൻ

ഹിജാബ് നിരോധനത്തിനെതിരെ പ്രതികരിച്ച വിദ്യാർഥിനി മുസ്കാൻ ഖാൻ മനസുതുറക്കുന്നു

നാം ഒന്നിനെയും ആരെയും ഭയക്കേണ്ടതില്ല; ഹിജാബ് ഞങ്ങളുടെ അവകാശമാണ് - മുസ്കാൻ ഖാൻ
X

മുസ്കാൻ ഖാൻ
ഫോട്ടോ: ഷഹീൻ അബ്ദുല്ല

Listen to this Article

മുസ്കാൻ ഖാൻ / സഫർ ആഫാഖ്


മുസ്കാൻ ഖാൻ. പേരുകേട്ടാൽ ആളെ മനസിലാകണമെന്നില്ല, കർണാടകയിൽ ഹിജാബിനെതിരെ പ്രതിഷേധം നടത്തുന്ന ആൾക്കൂട്ടത്തിനിടയിൽ ഹിജാബുമണിഞ്ഞ് കാമ്പസിലേക്ക് കടക്കുകയും അവർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാർഥിനിയെ ഒരു പക്ഷേ എല്ലാവർക്കും ഓർമയുണ്ടാകും.

19 വയസ്സുള്ള മുസ്കാൻ കർണാടക മാണ്ഡ്യയിലെ പിഇഎസ് കോളജിലെ കൊമേഴ്സ് വിദ്യാർഥിനിയാണ്. മുസ്കാന്റെ ഒറ്റയാൾ പ്രതിഷേധ വീഡിയോ നിമിഷ നേരം കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. കാവി ഷാൾ ധരിച്ച ഒരു കൂട്ടം സംഘ്പരിവാർ പ്രവർത്തകർ പിഇഎസ് കോളജിന്റെ ഗേറ്റിൽ മുസ്കാനെ തടഞ്ഞ് ഹിജാബ് അഴിച്ചില്ലെങ്കിൽ കോളജിലേക്ക് കയറ്റില്ലെന്ന് പറഞ്ഞു. എന്നാൽ, അത് കേൾക്കാൻ അവൾ തയ്യാറായില്ല. പ്രതിഷേധക്കാർക്കിടയിലൂടെ സ്കൂട്ടർ കാമ്പസിനുള്ളിലേക്ക് ഒാടിച്ചുകയറ്റി. ആ ആൾക്കൂട്ടത്തിൽ തന്റെ കോളജിലെ ഒരാൾ പോലുമില്ലായിരുന്നെന്നാണ് മുസ്കാൻ പറഞ്ഞത്. അവളുടെ പിന്നാലെ ആൾക്കൂട്ടം കോളജിനുള്ളിലേക്ക് പാഞ്ഞുകയറി. മുസ്കാൻ ക്ലാസിലേക്ക് നടന്നുകയറുമ്പോൾ അവർ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

'അവരെ കണ്ടപ്പോൾ ആദ്യം ഭയമാണ് തോന്നിയത്. എന്നാൽ, അല്ലാഹുവിന്റെ നാമം സ്വീകരിച്ചപ്പോൾ എനിക്ക് ധൈര്യം തോന്നി. ആ സമയത്താണ് ഞാൻ അല്ലാഹു അക്ബർ എന്നുവിളിച്ച് പ്രതിഷേധിച്ചത്. മുസ്കാൻ പറഞ്ഞു.

കർണാടകയിലെ നിരവധി കോളജുകളിൽ ഹിജാബ് ധരിച്ചെത്തുന്ന മുസ്്ലിം പെൺകുട്ടികൾക്ക് പ്രവേശനം നിരോധിച്ചതിനെച്ചൊല്ലി വിവാദങ്ങളും അക്രമങ്ങളും നടക്കുന്ന ഇടയിലാണ് ഈ സംഭവം.

മുസ്കാൻ കാണിച്ച ധീരത പരക്കെ പ്രശംസിക്കപ്പെട്ടു. ചെറുത്തുനിൽപ്പിന്റെ പ്രതീകമായി അവളുടെ ചിത്രങ്ങൾ ട്വിറ്ററുകളിലും ഇൻസ്റ്റഗ്രാമുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു നിന്നു. ഹിജാബ് നിരോധനത്തിനെതിരായ മുസ്ലിം യുവതികളുടെ നിരന്തരമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ഇതിനെ വിശേഷിപ്പിച്ചു.

ജിംനേഷ്യം നടത്തുന്ന മുസ്കാന്റെ പിതാവ് ഹുസൈൻ മകളുടെ ചെറുത്തുനിൽപ്പിനെ അഭിമാനത്തോടെയാണ് കാണുന്നത്. അവൾ ധൈര്യമുള്ള പെൺകുട്ടിയാണെന്ന് പിതാവ് പറയുന്നു. അഭിഭാഷകയാകുക എന്നതാണ് അവളുടെ ആഗ്രഹമെന്നും പിതാവ് പറയുന്നു.

എന്നാൽ മുസ്കാന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അവൾക്കെതിരെയുള്ള ക്യാമ്പയിനുകളും വലിയ രീതിയിൽ ആരംഭിച്ചിരുന്നു.

ബി.ജെ.പി അനുകൂല വെബ്സൈറ്റായ ക്രിയേറ്റ്ലി മ ജീൻസ് ധരിച്ച മറ്റൊരു മുസ്ലിം യുവതിയുടെ ഫോട്ടോ മുസ്കന്റേതാണെന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കുകയും അവൾ സാധാരണയായി ഹിജാബ് ധരിക്കാറില്ലെന്നും വാർത്തകളുണ്ടാക്കി. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ഇത്തരം വ്യാജവാർത്തകളെ പൊളിച്ചെഴുതുന്ന ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് ഈ ചിത്രം മുസ്കാന്റെ അല്ലെന്ന സത്യം പുറത്തുകൊണ്ടുവന്നത്.

ജനുവരി 31 നാണ് കർണാടകയിലെ ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ പിയു കോളജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികൾക്ക് പ്രവേശനം നിഷേധിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ശിരോവസ്ത്രങ്ങളും ഹിജാബുകളും നിരോധിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്നാണ് നിരോധനത്തെ ന്യായീകരിച്ച് സർക്കാർ പറയുന്നത്.

സംഘ്പരിവാർ സംഘടനകൾ കാവി ഷാളുകളും തലപ്പാവും വിതരണം ചെയ്യുകയും വിദ്യാർഥികളല്ലാത്തവർ കാമ്പസുകളിൽ കയറി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമൈ്മ ്രെബഫുവരി എട്ടിന് സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും മൂന്ന് ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് കർണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കുകയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങളും സമ്മേളനങ്ങളും പ്രക്ഷോഭങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിക്കുയും ചെയ്തു. അതേ ദിവസം തന്നെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് മുസ്്ലിം വനിതാ വിദ്യാർഥിനികൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതി വിശാല ബെഞ്ചിന് വിടുകയും ചെയ്തു. സമാധാന നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ട്വീറ്റ് ചെയ്തതോടെയാണ് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്.




മുസ്കാൻ 'ആർട്ടിക്കിൾ 14' വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

കോളജിൽ നിങ്ങൾ അന്ന് നേരിട്ട കാര്യങ്ങൾ ഒാർമിച്ചെടുക്കാമോ. ആൾക്കൂട്ടം നിങ്ങൾക്ക് നേരെ പാഞ്ഞെടുത്തപ്പോൾ മനസിൽ എന്തായിരുന്നു ഉണ്ടായിരുന്നത്?

അവർ കോളജിന്റെ ഗേറ്റിൽ എന്നെ തടഞ്ഞുനിർത്തുകയായിരുന്നു. ഗേറ്റ് കടന്ന് പോകണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ബുർഖയിട്ട് കോളജിലേക്ക് പോകാൻ കഴിയില്ലെന്നും വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നും അവർ ഭീഷണിപ്പെടുത്തി. അവർ എന്നെ വളയാൻ ശ്രമിച്ചെങ്കിലും ഞാൻ സ്കൂട്ടർ ഒാടിച്ച് കാമ്പസിനകത്തേക്ക് കയറിപ്പോയി. എന്റെ ക്ലാസിലേക്ക് നടക്കുമ്പോൾ ഒരു കൂട്ടം ആളുകൾ 'ജയ് ശ്രീ റാം, ജയ് ശ്രീ റാം' എന്ന് വിളിച്ച് എന്നെ ആക്രമിക്കാനായി എത്തി. അവരെ കണ്ടപ്പോൾ എനിക്ക് ആദ്യം ഭയം തോന്നിയെങ്കിലും അല്ലാഹുവിന്റെ നാമം വിളിച്ചപ്പോൾ എനിക്ക് ധൈര്യം തോന്നി.

അതിനുശേഷം എന്താണ് സംഭവിച്ചത്? സഹായത്തിന് ആരെങ്കിലും വന്നോ?

കോളജിലെ പ്രിൻസിപ്പലും അധ്യാപകരും കോളജിലെ എല്ലാവരും എന്നെ പിന്തുണച്ചു. എന്റെ ഹിജാബിനെക്കുറിച്ച് പ്രിൻസിപ്പൽ ഒന്നും പറഞ്ഞില്ല. എന്നെ ചീത്തവിളിച്ചവർ മുഴുവൻ പുറത്തുനിന്നുള്ളവരായിരുന്നു. അവർ എന്റെ കോളജിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇങ്ങനെയൊരു അനുഭവം ഉണ്ടാകുമെന്ന് കരുതിയിരുന്നോ?

കോളജുകളിൽ ഹിജാബിന്റെ പേരിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞാനും കേട്ടിരുന്നു. കോടതി ഉത്തരവ് വരുന്നതുവരെ വീട്ടിൽ ഹിജാബ് അഴിച്ചുമാറ്റാനും ജാഗ്രത പാലിക്കാനും ഞങ്ങളുടെ പ്രിൻസിപ്പലും ഞങ്ങളെ ഉപദേശിച്ചിരുന്നു. പക്ഷേ, ഞങ്ങൾ എന്തിന് ഹിജാബ് നീക്കം ചെയ്യണം? അത് ഞങ്ങളുടെ അവകാശമാണ്. അതുകൊണ്ട് തന്നെയാണ് സാധാരണ പോകുന്നത് പോലെ തല മറച്ച് കോളജിലേക്ക് പോയത്. പ്രശ്നങ്ങൾക്ക് ശേഷവും പ്രിൻസിപ്പലും അധ്യാപകരും എന്നെ പിന്തുണച്ചു.

ആ സംഭവത്തിന്റെ വീഡിയോ വൈറലായതിന് ശേഷം നിങ്ങൾ ഒരു ഐക്കണായി മാറുകയും ധാരാളം ആളുകൾ പിന്തുണയുമായി എത്തുകയും ചെയ്തു. അതിനെ എങ്ങനെയാണ് കാണുന്നത്?

അത് എനിക്ക് കൂടുതൽ ധൈര്യം തരികയും ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്തു. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരുപാട് പുരുഷ•ാർ അവിടെയുണ്ടായിരുന്നു. എന്നെ ആക്രമിക്കാനായി എത്തിയവരാണ് അവരെന്ന് ഞാൻ ഭയന്നു. പക്ഷേ അവരെല്ലാവരും എനിക്ക് പിന്തുണ അറിയിക്കാനായി എത്തിയവരായിരുന്നു.

വീഡിയോ വൈറലാകുമെന്ന് കരുതിയില്ല. അത് ശരിക്കും ഞെട്ടലുണ്ടാക്കി. എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. സംഭവത്തിൽ നിന്നുള്ള എന്റെ ഫോട്ടോ ഹിജാബിനുവേണ്ടിയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.

മുസ്കാന് എന്താണ് ഹിജാബ്?

ഹിജാബ് ധരിക്കുന്നത് എനിക്ക് സുഖകരമാണ്. ഒരു മുസ്്ലിം എന്ന നിലയിൽ ഞാൻ അതിൽ അഭിമാനിക്കുന്നു.

ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുന്നവരോട് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?

എന്തു സംസ്കാരം പിന്തുടരണമെന്ന് ഞങ്ങൾ ആരെയും പഠിപ്പിക്കുന്നില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. ആളുകൾക്ക് അവരുടെ സംസ്കാരവും വേഷവിധാനങ്ങളും പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. മതത്തിൽ വിശ്വസിക്കാനും പിന്തുടരാനും സ്വാതന്ത്ര്യമുണ്ട്. അവർ അവരുടെ സംസ്കാരം പിന്തുടരുകയും ഞങ്ങളുടെ സംസ്കാരം പിന്തുടരാൻ അനുവദിക്കുകയും ചെയ്യണം. ഞങ്ങൾ അവരെ ചോദ്യം ചെയ്യുന്നില്ല. അവർ ഞങ്ങളെയും ശല്യപ്പെടുത്തരുത്.

ഹിജാബ് നിരോധിക്കാൻ സർക്കാർ ഉത്തരവിട്ടാൽ എന്തു ചെയ്യും?

ഞങ്ങൾ ഹിജാബ് നീക്കം ചെയ്യില്ല. ഞങ്ങൾ എന്തിന് അത് നീക്കം ചെയ്യണം.

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാടുന്ന കോളജ് പെൺകുട്ടികൾക്ക് കൊടുക്കാനുള്ള സന്ദേശം എന്താണ്?

നിങ്ങൾ ആരെയും ഒന്നിനെയും ഭയപ്പെടേണ്ടതില്ല എന്നതാണ് എനിക്ക് അവർക്ക് നൽകാനുള്ള സന്ദേശം. നമുക്ക് മുന്നേറണം. ഒരുമിച്ചു നിൽക്കണം. വിരലിലെണ്ണാവുന്ന ചിലരാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ഇൻഷാ അല്ലാഹ്, എല്ലാം ശരിയാകും, ഇൗ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കും.

('ആർട്ടിക്കിൾ 14 ' വെബ്പോർട്ടലിന് വേണ്ടി സ്വതന്ത്ര പത്രപ്രവർത്തകൻ സഫർ ആഫാഖ് നടത്തിയ അഭിമുഖം)

TAGS :