Quantcast
MediaOne Logo

നബില്‍ ഐ.വി

Published: 7 Aug 2024 12:51 PM GMT

ദുരിതാശ്വാസ സഹായങ്ങള്‍ ആദിവാസി ഊരുകളിലേക്കും എത്തിക്കണം - അമ്മിണി കെ. വയനാട്

കാലവര്‍ഷക്കെടുതിമൂലം മാസങ്ങളായി തൊഴിലില്ലാതെ കഴിയുകയാണ് വയനാട്ടിലെ ആദിവാസികള്‍. ഊരുകളില്‍ പട്ടിണിയും അസുഖങ്ങളും മൂലം അവര്‍ പ്രയാസപ്പെടുകയാണ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ ആദിവാസികള്‍ക്കുകൂടി ലഭ്യമാക്കണെമെന്ന് പറയുന്നു ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി കെ. വയനാട്. നബില്‍ ഐ.വിയുമായി നടത്തിയ അഭിമുഖ സംഭാഷണം.

ദുരിതാശ്വാസ സഹായങ്ങള്‍ ആദിവാസി ഊരുകളിലേക്കും എത്തിക്കണം - അമ്മിണി കെ. വയനാട്
X

അമ്മിണി. കെ വയനാട്: വയനാട് കാര്‍ഷിക ജില്ലയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന മനുഷ്യരാണ് വയനാട്ടിലെ ആദിവാസികള്‍. ആദിവാസികള്‍ക്കിടയില്‍ ഇപ്പോള്‍ തൊഴില്‍ പ്രശ്‌നം വളരെ രൂക്ഷമാണ്. സര്‍ക്കാര്‍ കൊടുക്കുന്ന റേഷനരി മാത്രമാണ് ഏക ആശ്രയം. 25 കിലോ റേഷനരി, മൂന്ന് കിലോ ഗോതാമ്പ് , രണ്ട് കിലോ ആട്ട, അഞ്ച് കിലോ പച്ചരി എന്നിങ്ങനെ ആണ് കിട്ടുന്നത്. ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ ഉണ്ട്. അതുകൊണ്ട് പട്ടിണി മാറുന്നില്ല. രുചിയുള്ള ഭക്ഷണം ഞങ്ങളെ സംബന്ധിച്ച് കിട്ടാറില്ല. ഉള്ളത് ഉപ്പും കാന്തരി മുളകും പൊട്ടിച്ച് കഴിക്കും. എന്നാല്‍, ആര്‍ക്കും ആരോടും പരാതി ഇല്ല. ശക്തമായ മഴയില്‍ എനിക്കും ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു. വെള്ളം കയറുന്ന സ്ഥലങ്ങളില്‍ രാത്രി എന്നോ പകലെന്നോ ഇല്ലാതെ നിരന്തരമായ ഫോണ്‍ കോളുകള്‍. സുരക്ഷിത്വം എന്നത് എനിക്ക് ഭയങ്കര ആശങ്കയും ടെന്‍ഷനുമായിരുന്നു. 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ പോലെയാണ് ഒരാഴ്ച പ്രവര്‍ത്തിച്ചത്. അതുകൊണ്ട് രണ്ടുദിവസം ആരോഗ്യപ്രശ്‌നം കൂടി ആശുപത്രിയിലും പകുതി സമയം ഊരുകളിലും പോകേണ്ടി വന്നു. മണ്ണെണ്ണ മൂന്നു മാസം കൂടുമ്പോള്‍ അര ലിറ്റര്‍ മാത്രമാണ് കിട്ടുന്നത്. പഞ്ചസാര കിട്ടുന്നില്ല. ഈ ഭക്ഷ്യ സാധനങ്ങള്‍ കൊണ്ട് വേണം കഷ്ടിച്ച് നരകിച്ച് ബുദ്ധിമുട്ടി മനുഷ്യര്‍ ജീവിക്കാന്‍.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇടയില്‍ ആദിവാസികളുടെ വിഷയം അധികമാരും സംസാരിക്കുന്നില്ല. ദുരിതബാധിതരോടൊപ്പം തൊഴിലില്ലാതെ പ്രയാസപ്പെടുന്ന ആദിവാസികളെ കൂടി ശ്രദ്ധിക്കണം. ഏകദേശം ഒന്നരമാസമായി അവര്‍ പട്ടിണിയിലാണെന്ന് പറയാം. റേഷന്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് ഒരു മാസം തികക്കാന്‍ പറ്റുന്നില്ല. കഷ്ടിച്ച് 15 ദിവസം മാത്രമേ ഇതുകൊണ്ട് കഴിയാന്‍ സാധിക്കുന്നുള്ളൂ. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ടാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വയനാട്ടിലെ ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ ആദിവാസികള്‍ക്കുകൂടി ലഭ്യമാക്കണെമെന്ന് പറയുന്നു, ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണി കെ. വയനാട്.

ജൂണ്‍ മാസം മുതല്‍ തുടങ്ങിയതാണ് മഴ. വയനാടിനെ സംബന്ധിച്ച് ഇത് മൂന്നാമത്തെ ഘട്ടത്തിലുള്ള മഴയാണ്. അതാണ് ഇപ്പോള്‍ വലിയ ദുരന്തമായി മാറിയിരിക്കുന്നത്. ഇത് എല്ലാ മേഖലയിലും ഒരു വലിയ തകര്‍ച്ചക്കും വേദനയുളവാക്കുന്ന ഒരു സംഭവമായും മാറിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മനുഷ്യര്‍ വലിയ ഭീതിയിലും ആശങ്കയിലുമാണ്. അവര്‍ മാനസികമായും പ്രയാസം അനുഭവിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങളിലൂടെയാണ് ആളുകള്‍ കടന്നുപോകുന്നത്.


മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇടയില്‍ ആദിവാസികളുടെ വിഷയം അധികമാരും സംസാരിക്കുന്നില്ല. ഇപ്പോള്‍ ദുരന്തമേഖലയിലേക്ക് ഒരുപാട് സഹായങ്ങള്‍ വരുന്നുണ്ട്. തീര്‍ച്ചയായും സഹായങ്ങള്‍ നല്‍കുക തന്നെ വേണം. അവരെ ചേര്‍ത്തുപിടിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ ഒരു നാടിനെ രക്ഷിക്കുക എന്നത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്തവുമാണ്. അതോടൊപ്പം തൊഴിലില്ലാതെ പ്രയാസപ്പെടുന്ന ആദിവാസികളെ കൂടി ശ്രദ്ധിക്കണം. ഏകദേശം ഒന്നരമാസമായി അവര്‍ പട്ടിണിയിലാണെന്ന് പറയാം. റേഷന്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് ഒരു മാസം തികക്കാന്‍ പറ്റുന്നില്ല. കഷ്ടിച്ച് 15 ദിവസം മാത്രമേ ഇതുകൊണ്ട് കഴിയാന്‍ സാധിക്കുന്നുള്ളൂ. ഒരുനേരം മാത്രം ഭക്ഷണം കഴിച്ചുകൊണ്ടാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

സ്‌കൂള്‍ ഇല്ലാത്ത അവധി ദിവസങ്ങളില്‍ കുട്ടികളൊക്കെ വീട്ടില്‍ തന്നെയാവും. ആ വീടുകളിലെ കൂലിപ്പണിക്ക് പോകുന്ന ആളെ കൊണ്ട്, റേഷന്‍ അരി കൊണ്ടുമാത്രം മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. കാരണം, സ്‌കൂള്‍ ഉള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം മുതല്‍ വൈകുന്നേരം വരെയുള്ള പോഷകാഹാരങ്ങള്‍ സ്‌കൂളില്‍ നിന്ന് തന്നെ ലഭിക്കും. അതുകൊണ്ടുതന്നെ അവധി ദിവസങ്ങളില്‍ അവര്‍ പ്രയാസപ്പെടുകയാണ്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം സംഭവിച്ചതിനുശേഷം, ജീവന്‍ നിലനിര്‍ത്താന്‍ മാത്രം വെള്ളം മാത്രം കുടിച്ചു ജീവിക്കുന്ന ഒരു അവസ്ഥ ഉള്ളവരുണ്ട്. കുഞ്ഞുങ്ങള്‍ അവരുടെ അമ്മമാരോടും മുതിര്‍ന്നവരോടും ഭക്ഷണത്തിനായി കൈനീട്ടുമ്പോള്‍ അത് നല്‍കാനോ അല്ലെങ്കില്‍ പാകം ചെയ്ത് കൊടുക്കാനോ അവരുടെ കയ്യില്‍ സാധനങ്ങള്‍ ഇല്ല.

ഊരുകളില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ഒരു അവസ്ഥയുണ്ട്. കരാറുകാര്‍ വേണ്ട രീതിയില്‍ ഇതിനെ ഗൗരവത്തില്‍ എടുക്കുന്നില്ല. ഇതിനുമേല്‍ ഒരു അന്വേഷണവും വരുന്നില്ല. ഈ മഴ സമയത്ത് നിലത്തു കിടക്കാന്‍ സാധിക്കില്ല. ആദിവാസികളെ സംബന്ധിച്ച് എല്ലാവരും കട്ടിലിലോ അല്ലെങ്കില്‍ എ.സി റൂമിലോ കിടക്കുന്ന ആളുകളല്ല. അവര്‍ തറയില്‍ പായ ഇട്ട് ഉറങ്ങുന്ന ആളുകളാണ്. ആ സമയത്ത് മേലെയുള്ള വെള്ളം താഴേക്ക് ഊര്‍ന്നിറങ്ങുന്നു. അതുപോലെ താഴെ നിന്നും നീരുറവകള്‍ പൊട്ടിയൊഴുകുന്നു. അപ്പോള്‍ ഉറക്കമില്ലാതെ മീശമാധവന്‍ സിനിമയിലെ പോലെ ഈര്‍ക്കില്‍ കണ്ണില്‍ കുത്തിവെച്ച് കഴിയുകയാണ് അവര്‍. പ്രത്യേകിച്ച് ഈ ദുരന്തംകൂടി സംഭവിച്ചപ്പോള്‍ അവര്‍ വലിയ പേടിയിലാണ്. ചെറിയ ശബ്ദങ്ങള്‍ പോലും അവരില്‍ മാനസികമായ പേടി ഉണ്ടാക്കുന്നു. ഗര്‍ഭിണികള്‍ മുതല്‍ ചെറിയ കൈക്കുഞ്ഞ് ഉള്ളവര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെയും പുനരധിവാസം സാധ്യമാകണം. 2023 ല്‍ ഊരുകളിലെ ചോര്‍ന്നൊലിക്കുന്ന വീടുകളുടെ മേല്‍ക്കൂര കെട്ടാന്‍ ഞങ്ങള്‍ പിരിവെടുത്താണ് ടാര്‍പോളീന്‍ ഷീറ്റുകള്‍ വിതരണം ചെയ്തത്.


| അമ്മിണിയുടെ നേതൃത്വത്തില്‍ ഊരുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വിതരണം ചെയ്യുന്നു

തീപ്പെട്ടിക്കോലുകള്‍ അടുക്കിവച്ച പോലെയാണ് പല ഊരുകളിലെയും വീടുകള്‍ ഉള്ളത്. ആവശ്യമില്ലാത്ത സാധനങ്ങള്‍ വീടിന് പുറത്തേക്ക് കളയുവാന്‍ പോലും സാധിക്കുന്നില്ല. കാരണം, തൊട്ടടുത്തുതന്നെ ഒരുപാട് വീടുകള്‍ ഉണ്ട്. ഇതുമൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ആറുമാസം വെള്ളത്തിലും ആറുമാസം കരയിലും ജീവിക്കുന്ന തവളയുടെ ഒരു ജീവിതമാണ് ഇന്ന് ആദിവാസികള്‍ക്ക് ഉള്ളത്. എന്നെപ്പോലുള്ള ആളുകള്‍ ഇത് ചോദ്യം ചെയ്യും. കാരണം, ഞങ്ങള്‍ പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും ലഭിക്കുകയുള്ളൂ. അവര്‍ക്ക് അധികാരികളോടുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലൂര്‍ പുഴകുനി ഊരിലെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അവിടെനിന്നുള്ള ആദിവാസി സഹോദരന്‍ കുട്ടനുമായി സംസാരിച്ചിരുന്നു. 11 വര്‍ഷക്കാലമായി അധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കുട്ടന്‍ പറഞ്ഞത്. എല്ലാ വര്‍ഷവും കാലാവസ്ഥ ശക്തി പ്രാപിച്ചു കഴിഞ്ഞാല്‍ ഊരിന്റെ നാല് ഭാഗം വെള്ളം കയറും. ഊരിന്റെ മുന്‍പില്‍ ഒഴുകുന്ന വലിയ പുഴക്കു ചുറ്റും ചെളി നിറഞ്ഞ വയലിലൂടെ നടന്ന്, നീന്തിക്കടന്ന് വേണം വീട്ടിലെത്താന്‍. വെള്ളം കയറിയാല്‍ രാത്രി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ഓടി ക്യാമ്പില്‍ എത്തും. ആറേഴ് ദിവസം ഗവ. ആശുപത്രിയില്‍ രോഗിയെ അഡ്മിറ്റ് ചെയ്തത് പോലെ ക്യാമ്പില്‍ കഴിയും. വെയില്‍ ഒന്ന് തെളിച്ചം വന്നാല്‍ ഊരിലേയ്ക്ക് മടങ്ങണം.


| അമ്മിണി കെ. വയനാട്

ഊരില്‍ ഒന്‍പത് കുടുംബമാണ് ഉള്ളത്. മൂന്ന് കുടുംബം മേലെ ഭാഗത്ത് താമസിക്കുന്നുണ്ട്. ക്യാമ്പില്‍ എം.എല്‍.എയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും കയറിയിറങ്ങി വാഗ്ദാനങ്ങള്‍ നല്‍കി പോകും. തെരഞ്ഞെടുപ്പ് വരുമ്പോള്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍, അഞ്ചു വര്‍ഷം കഴിയണം പിന്നെ ഊരില്‍ വരാന്‍.

ക്യാമ്പില്‍ താമസിക്കുന്ന സമയത്ത് ഒരു കുടുംബത്തിന് കിടക്കാന്‍ ഒരു പായ, വിരിക്കാന്‍ ഒരു ബെഡ് ഷീറ്റ്, ഒരു പുതപ്പ് എന്നിങ്ങനെ കൊടുത്തു. 16 ഉം, 14 ഉം ഒന്‍പതും വയസ്സുള്ള മക്കള്‍ക്കടക്കം കിടക്കാന്‍ സ്ഥലം കിട്ടാതെ വളരെയധികം ബുദ്ധിമുട്ടിയ കാര്യം അവര്‍ പറഞ്ഞിരുന്നു. ഊരില്‍ പൊട്ടിപ്പൊളിഞ്ഞ വീടിന് അകത്ത് കയറി കിടക്കാന്‍ പറ്റുന്നില്ല. നിലത്ത് തറയില്‍ നിന്ന് ശക്തമായ തണുപ്പ് കയറും. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന വെള്ളം വേറെ. പ്രായമായ, രോഗിയായ മൂന്ന് പേര്‍ക്ക് നിലത്ത് കിടക്കാന്‍ കഴിയുന്നില്ല തണുപ്പ് കൊണ്ട്. തറയില്‍ വെള്ളം കെട്ടിക്കിടന്നത് അടിച്ച് വൃത്തിയാക്കി പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അതില്‍ പായ വിരിച്ച് കിടക്കും. ഉറക്കം കിട്ടാതെ വരുമ്പോള്‍ എണീറ്റിരിക്കും. വൃദ്ധരായ ആളുകള്‍ക്ക് വേണ്ടി കട്ടില്‍ കൊടുക്കുന്ന പദ്ധതി ഉണ്ടായിരുന്നു പഞ്ചായത്തില്‍. അതില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല.


| കല്ലൂര്‍ പുഴകുനി ഊരിലെ വീടിനുമുന്നില്‍ ക്യാമ്പില്‍നിന്ന കിട്ടിയ ടാര്‍പോളിന്‍ ഷീറ്റുമായി കുട്ടനും മകനും.

ക്യാമ്പില്‍ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയപ്പോള്‍ പട്ടികവര്‍ഗ വകുപ്പ് അഞ്ച് കിലോ അരി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 150 ചായപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, പഞ്ചസാര എന്നിവ നല്‍കി. കൂട്ടത്തില്‍ വീടിന് മുകളില്‍ ഇടാന്‍ ചെറിയ രണ്ട് മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക്ക് ഷീറ്റും നല്‍കി. കുട്ടന്റെ മകള്‍ പത്താം ക്ലാസ് പസ്സായി. പ്ലസ് വണ്ണിന് അപേക്ഷ നല്‍കി, ഇതുവരെ അഡ്മിഷന്‍ എവിടെയും ലഭിച്ചിട്ടില്ല.

അധികാരികളോട് ചോദിക്കാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഉള്ളവര്‍ ഇങ്ങനെ ആണോ ജീവിക്കുന്നത് എന്നാണ്. ഒരു പായ വിരിച്ച്, പ്രായ പൂര്‍ത്തിയായ പെണ്‍മക്കളും അച്ഛനും അമ്മയും ഒരുമിച്ചാണോ ഉറങ്ങുന്നത്? മുത്തങ്ങ വനത്തില്‍ മൃഗങ്ങള്‍ എത്ര സുഖത്തില്‍ ജീവിക്കുന്നുണ്ട്, അതിനെക്കാള്‍ പരിതാപകരമാണ് ഇവിടെത്തെ ആദിവാസികളുടെ അവസ്ഥ. ഇതൊക്കെയാണെങ്കിലും കേരളം വികസിച്ചു എന്നേ പറയൂ. ഊരില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം, അതായിരിക്കാം വികസനം. ആദിവാസി ഊരുകളില്‍ വികസന പ്രവര്‍ത്തനത്തിന്റെ ബലിയാടുകളായ നിഷ്‌കളങ്കരായ മനുഷ്യരുടെ ദനീയമായ അവസ്ഥകൂടി അറിയാന്‍ ശ്രമിക്കണം.

ജനങ്ങള്‍ പ്രകൃതിയെ മലിനമാക്കുന്നത് ഈ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മനുഷ്യര്‍ ജാഗ്രത പാലിച്ചുകൊണ്ട്, നമ്മള്‍ ഒരു വ്യക്തിയോട് കാണിക്കുന്ന പോലെ സ്‌നേഹവും കരുതലും നല്‍കി പ്രകൃതിയെ പരിപാലിച്ചാല്‍ ഒരു ദുരന്തവും ഇവിടെ സംഭവിക്കുകയില്ല.


TAGS :