Quantcast
MediaOne Logo

റാഷിദ നസ്രിയ

Published: 27 Dec 2022 12:00 PM GMT

പീപ്പിള്‍സ് മൂവ്‌മെന്റുകളുടെ പ്രചാരകനായിരുന്നു കെ.പി ശശി - ആര്‍.പി അമുദന്‍

ജനകീയ സമരങ്ങളുടെയും പീപ്പിള്‍സ് മൂവ്‌മെന്റുകളുടെയും സഹകാരിയായിരുന്നു കെ.പി ശശിയെന്ന് അനുസ്മരിക്കുന്നു ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ആര്‍.പി അമുദന്‍. | അഭിമുഖം: റാഷിദ നസ്രിയ

പീപ്പിള്‍സ് മൂവ്‌മെന്റുകളുടെ പ്രചാരകനായിരുന്നു കെ.പി ശശി - ആര്‍.പി അമുദന്‍
X

കെ.പി ശശിയുടെ വിയോഗം വളരെയധികം വേദനയുണ്ടാക്കുന്നു. അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. ഞങ്ങളില്‍ പലര്‍ക്കും ഒരു വഴികാട്ടിയായിരുന്നു. എന്റെ നല്ല സുഹൃത്തും സഖാവുമായിരുന്നു. സിവില്‍ സമൂഹത്തിന് അദ്ദേഹം ഒരു തീരാനഷ്ടമാണ്. ഒരു ചലച്ചിത്രകാരന്‍, ആക്ടിവിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍, സംഘാടകന്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കൊക്കെ വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നമുക്കെല്ലാവര്‍ക്കും ഒരു വലിയ നഷ്ടം തന്നെയാണ്.


എക്കാലത്തേയും പ്രചോദനം

തുടക്കം മുതലേ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള ചലച്ചിത്രകാരന്‍മാരില്‍ ഒരാളാണ് അദ്ദേഹം. 1991-93ല്‍ മധുര കാമരാജ് സര്‍വകലാശാലയില്‍ പി.ജി ചെയ്യുമ്പോഴാണ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ കാണാന്‍ അവസരം ലഭിച്ചത്. 'എ വാല്ലി റെഫൂസസ് റ്റു ഡൈ' 'ഇന്‍ ദ നൈയിം ഓഫ് മെഡിസിന്‍' തുടങ്ങിയ ഡോക്യുമെന്ററി, 'ഇലയും മുള്ളും' ഫീച്ചര്‍ ഫിലിം തുടങ്ങി അദ്ദേഹത്തിന്റെ ഒരു കൂട്ടം സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്റെ പോസ്റ്റുഗ്രോജുവേഷന്‍ ദിവസങ്ങളില്‍ ഞാന്‍ കണ്ടിരുന്ന വളരെ പ്രധാനപ്പെട്ട സിനിമകളായിരുന്നു അവ. ആ സിനിമകള്‍ തീര്‍ച്ചയായും ഒരു ചലച്ചിത്രകാരനാകാനുള്ള എന്റെ പ്രചോദനമായിരുന്നു. കാരണം, അവ വളരെ ലളിതവും വിട്ടുവീഴ്ചയില്ലാത്തവുമായിരുന്നു. അദ്ദേഹം നിര്‍മിച്ച സിനിമയില്‍ നിന്ന് ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടു. കൂടാതെ കെ.പി ശശിയും ബാബുവും (പി. ബാബുരാജ്) സതീഷും സന്തോഷ് കുമാറും ചേര്‍ന്ന് നടത്തിയിരുന്ന 'ആല്‍കോം' (Alternative Communicative Forum) എന്ന ഒരു മോഡല്‍ വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. സിനിമയുണ്ടാക്കുക, സിനിമ കാണിക്കുക, മൂവ്‌മെന്റുകള്‍ക്കൊപ്പം സഞ്ചരിക്കുക തുടങ്ങിയ ഒരു മാതൃക അവര്‍ വികസിപ്പിച്ചെടുത്തു. അത് എനിക്ക് ഒരു പ്രചോദനമായിരുന്നു.


സഹപ്രവര്‍ത്തകന്‍

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 'എ വാലി റഫ്യൂസ് ടു ഡൈ', 'ഇലയും മുള്ളും' എന്നീ രണ്ട് സിനിമകളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ഒരു വിവര്‍ത്തകനായി വര്‍ക്ക് ചെയ്തു. രണ്ട് ചിത്രങ്ങളുടെയും തമിഴ് പതിപ്പ് നിര്‍മിക്കുന്നതില്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു. പിന്നീട് ഒരു ഹിന്ദി സിനിമയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. അതിന് ശേഷം വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലില്‍ ഞാന്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മധുര ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം. ഞാന്‍ അതിന്റെ ക്യൂറേറ്ററും. അതിനാല്‍ ഞങ്ങള്‍ക്ക് ധാരാളം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ഡോക്യുമെന്ററികള്‍ ക്യാമ്പയിന്‍ മെറ്റീരിയലുകളാക്കി

സിനിമയില്‍ അദ്ദേഹം ഉപയോഗിച്ച വോയ്‌സ്- ശൈലി ഇപ്പോള്‍ കാലഹരണപ്പെട്ടു. 1970 കളില്‍ അദ്ധേഹം സിനമ ചെയ്യുമ്പോള്‍, ആ സിനിമകള്‍ സംവാദാത്മകമായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ ജനകീയ പ്രസ്ഥാനങ്ങള്‍ക്കോ പിന്തുണ നല്‍കികൊണ്ടോ, മനുഷ്യാവകാശ കാമ്പയിനുകളുടെ ഭാഗമായോ ഒക്കെ നിര്‍മിച്ചവയാണ്. അദ്ദേഹത്തിന് ഒരു പ്രത്യേക മൊഡ്യൂള്‍ ഉണ്ടായിരുന്നു. ഡോക്യുമെന്ററിയൊക്കെ കാമ്പയിന്‍ മെറ്റീരിയലുകളായി മാറിയിരിക്കുന്നു. 70-കളിലും 80-കളിലും 90-കളിലും അത്തരത്തിലുള്ള ചലച്ചിത്രനിര്‍മാണം ജനകീയ പ്രസ്ഥാനത്തിന് അത്യന്താപേക്ഷിതമായിരുന്നു. 2000-ന് ശേഷം, സോഷ്യല്‍ മീഡിയ പോലെ വ്യത്യസ്തവും സ്വതന്ത്രവുമായ മീഡിയങ്ങള്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ 'എ വാലി റഫ്യൂസ് ടു ഡൈ' എന്ന സിനിമ നര്‍മദ സമരത്തിന് പിന്തുണയാര്‍ജിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു. ഈ സിനിമ കണ്ടതിന് ശേഷം ശേഷം നര്‍മ്മദാ താഴ്വരയിലേക്ക് പോയ നിരവധി യുവാക്കളെ ഞാന്‍ ഓര്‍ക്കുന്നു. നിരവധി ചെറുപ്പക്കാര്‍-ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജ് വിദ്യാര്‍ഥികളും- പണം സ്വരൂപിക്കുകയും ഈ പ്രസ്ഥാനത്തിന്റെ വളണ്ടിയര്‍മാരായി മാരുകയും ചെയ്തു. നര്‍മദാ പ്രസ്ഥാനത്തിന് പിന്തുണ സൃഷ്ടിക്കുന്നതില്‍ അത് ശരിക്കും വലിയ ഒരു പങ്കുവഹിച്ചു. സൈലന്റ് വാലി സമരത്തിലും, ആദിവാസി സമരത്തിലും, കണ്ഡമാലിലെ ക്രിസ്ത്യാനികള്‍ക്െതിരായ ആക്രമമങ്ങളെ തുറന്നുകാണിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അതിനായി അദ്ദേഹം എപ്പോഴും കാമ്പയിന്‍ നടത്തി. രാഷ്ട്രീയവും സാമൂഹികവുമായ ഒരു ലക്ഷ്യത്തിനായുള്ള സംവാദത്തിനും പിന്തുണയ്ക്കും വേണ്ടി തന്റെ സിനിമ ഉപയോഗിക്കണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു.


സ്വതന്ത്രമായ രാഷ്ട്രീയ ചിന്ത

അദ്ദേഹം എപ്പോഴും ഒരു സ്വതന്ത്ര ചിന്തകനായിരുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നിലപാട് സ്വീകരിച്ചു. അദ്ദേഹം ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ പ്രത്യയശാസ്ത്രത്തിലോ ഒതുങ്ങിയില്ല. അംബേദ്കറിലും മാര്‍ക്‌സിലും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലും അദ്ദേഹം വിശ്വസിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളെ അദ്ദേഹം പിന്തുണച്ചു. അദ്ദേഹം പ്രകൃതിയില്‍ വിശ്വസിച്ചു. മനുഷ്യര്‍ക്ക് അതീതമായ ഒരു രാഷ്ട്രീയത്തില്‍ അദ്ദേഹം വിശ്വസിച്ചു.


ഡോക്യുമെന്ററികള്‍ ജനകീയ സമരായുധങ്ങള്‍

തന്റെ സിനിമകള്‍ രാഷ്ട്രീയ ആയുധമാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു വലിയ രാഷ്ട്രീയ സമരത്തില്‍ അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എപ്പോഴും സിനിമക്ക് വേണ്ട വിഷയം തെരഞ്ഞെടുത്തത്. എപ്പോഴും പീപ്പിള്‍സ് മൂവ്‌മെന്റുകളില്‍ വിശ്വസിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സിനിമ നിര്‍മിച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും സിനിമയെ കുറിച്ച് പറയുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന നിരവധി അണിയറ പ്രവര്‍ത്തകര്‍ ഉണ്ടാകും. ജനങ്ങളുമായും സിവില്‍ സമൂഹവുമായും ബന്ധപ്പെടാന്‍ കഴിയുന്ന പ്രവര്‍ത്തകനാകാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു.

TAGS :