MediaOne Logo

Web Desk

Published: 21 Jun 2022 8:29 AM GMT

പരിസ്ഥിതിലോല പ്രദേശം: സുപ്രീംകോടതി നിര്‍ദേശം സ്വാഭാവിക നീതി നിഷേധിക്കുന്നത് - ഡോ. എസ് ഫെയ്‌സി

സുപ്രീം കോടതി വന ഭരണത്തിന്റെ ഒരു പ്രധാന റോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ കേസ് വഴി. അതിന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി എന്ന ഒരു കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. എക്‌സിക്യുട്ടീവിന്റെ റോള്‍ ജുഡീഷ്യറി ഏറ്റെടുത്തിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശത്തെ അഡ്രസ്സ് ചെയ്യണം. സുപ്രീം കോടതിയുടെ തന്നെ അപ്പീല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അത് ചോദ്യം ചെയ്യണം.

പരിസ്ഥിതിലോല പ്രദേശം: സുപ്രീംകോടതി നിര്‍ദേശം സ്വാഭാവിക നീതി നിഷേധിക്കുന്നത്   - ഡോ. എസ് ഫെയ്‌സി
X

സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണെമന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. കോടതി നിര്‍ദേശത്തെ ചോദ്യം...

സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണെമന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാരും രംഗെത്തത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെയും കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥകളെയും വിശകലനം ചെയ്യുന്നു പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ് ഫെയ്‌സി. മീഡിയവണ്‍ വെബിന് നല്‍കിയ വീഡിയോ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.


സുപ്രീംകോടതി വിധിയില്‍ അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും ഉണ്ട്. അതില്‍ ശാസ്ത്രീയമായിട്ടുള്ള പ്രശ്‌നങ്ങളും ഭരണഘടനാപരമായ വിഷയങ്ങളും ഉണ്ട്. ജൈവ വൈവിധ്യത്തിനോ വനസംരക്ഷണത്തിനോ വേണ്ടി വൈല്‍ഡ്‌ലൈഫ് സാങ്ച്വറി നാഷ്ണല്‍ പാര്‍ക്കുകള്‍, തുരുത്തുകള്‍ തുടങ്ങിയ പ്രൊട്ടക്റ്റഡ് ഏരിയകള്‍ സൃഷ്ടിക്കുകയോ സംരക്ഷിക്കപ്പെടുകയുകയോ ചെയ്യലാണ് എന്ന കാഴ്ചപ്പാട് പരാജയമാണെന്നാണ് ആഗോളതലത്തിലുള്ള വിലയിരുത്തല്‍. ബയോഡോവേഴ്‌സിറ്റിയും വൈല്‍ഡ്‌ലൈഫും ഒരു പ്രദേശത്ത് മാത്രമല്ല കാണുന്നത്. ഇന്ത്യയിലെ മൊത്തം ഭൂ വിസ്തൃതിയില്‍ 21 ശതമാനവും വനമേഖല കവര്‍ ചെയ്തിരിക്കുകയാണ്. അതില്‍ തന്നെ പ്രൊട്ടക്റ്റഡ് ഏരിയ ആകെ ഭൂപ്രദേശത്തിന്റെ 4.8 ശതമാനം മാത്രമാണ്. രണ്ട് കാര്യങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്. അവിടെ മാത്രം പ്രൊട്ടക്റ്റ് ചെയ്യുകയും ഇവിടെയുണ്ടാകേണ്ടിയിരുന്ന പ്രഷര്‍ മറ്റു പ്രദേശങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുമാണ് സംഭവിക്കുന്നത്. ചരിത്രപരമായി നമ്മുടെ വനത്തിന്റെയും ബയോ ഡൈവേഴ്‌സിറ്റിയുടേയും പരിപാലകരും സംരക്ഷകരും മുഖ്യമായും ആദിവാസികളാണ്. അവര്‍ ഇത്രയും കാലം സംരക്ഷിച്ച വനങ്ങള്‍ മാത്രമേ ഇന്ന് രാജ്യത്ത് അവശേഷിക്കുന്നുള്ളൂ.

ആദിവാസികളാണ് യഥാര്‍ഥ വനസംരക്ഷകര്‍

18857 ല്‍ ബ്രിട്ടീഷുകാരുമായി നമ്മള്‍ നടത്തിയ സ്വാതന്ത്രത്തിനുവേണ്ടി നടത്തിയ യുദ്ധത്തിനുമുന്‍പായിട്ട് വനപ്രദേശങ്ങള്‍ പലതും യുദ്ധത്തിന്റെ തിയറ്റേഴ്‌സ് ആയിരുന്നു. ആ യുദ്ധങ്ങള്‍ നടത്തിയത് ആദിവാസി ജനങ്ങളാണ്. 133 യുദ്ധങ്ങള്‍ അങ്ങിനെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആദിവാസികള്‍ നടത്തിയ യുദ്ധവും ചരിത്രവുമായതുകൊണ്ട് അധികം രേഖപ്പെടുത്തപ്പെട്ടില്ല. വയനാട്ടില്‍ തന്നെ ബ്രിട്ടീഷുകാര്‍ ആദിവാസികളുടെ കാട് പിടിച്ചെടുത്തപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ യുദ്ധമാണ് പില്‍ക്കാലത്ത് നമ്മള്‍ പഴശ്ശിരാജയുടെ യുദ്ധമായി പറയപ്പെടുന്നത്. അങ്ങിനെ പല പ്രദേശങ്ങളിലും യുദ്ധം നടന്നിട്ടുണ്ട്. ആദിവാസികള്‍ അവരുടെ ഉപജീവനത്തിനും ഭാവിക്കുംവേണ്ടി സംരക്ഷിച്ച്, പരിപാലിച്ച് പോരുന്ന വനങ്ങളും വനവിഭവങ്ങളും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍ അതിനെ പ്രതിരോധിച്ച ജനങ്ങളാണ് ആദിവാസികള്‍. ആധുനിക വന സംരക്ഷണ സിസ്റ്റം വന്നപ്പോള്‍ അവരുടെ സ്വന്തം ഭൂമിയില്‍ വസിക്കുന്ന ആദിവാസികളെ നമ്മള്‍ കയ്യേറ്റക്കാരാക്കി മാറ്റി. അതിന്റെ ഫലമായി നമ്മുടെ ജൈവ വൈവിധ്യത്തിന് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വനങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കന്നു. വനങ്ങളുടെ ക്വാളിറ്റിയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.


21 ശതമാനം വനമുള്ളത് തന്നെയും നല്ലൊരു ഭാഗം പുതുതായി വനവത്കരണത്തിലൂടെ ജോയിന്റ് ഫോറസ്റ്റ് മാനേജ്‌മെന്റ് വഴിയൊക്കെ ഉണ്ടക്കിയിട്ടുതാണ്. അത് ഡെന്‍സ് ഫോറസ്റ്റ് അല്ല, പ്രൈമറി ഫോറസ്റ്റും അല്ല, റബര്‍ ഉള്‍പ്പെടെയുള്ള പ്ലാന്റേഷന്‍സെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും നന്നായി പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയുന്നത് ആദിമവാസികളായിട്ടുള്ള ഇന്റജീനസ് പീപ്പിള്‍സ് (Indigenous peoples) എന്ന് പറയുന്ന വിഭാഗങ്ങള്‍ക്കാണ് എന്നത് ലോകം ഇന്ന് അംഗീകരിക്കുന്നുണ്ട്. അങ്ങിനെയിരിക്കെ അവരെ അവരുടെ ഭൂമിയില്‍ കയ്യേറ്റക്കാരാക്കി ഒഴിപ്പിക്കുന്നതുവഴി ഒരുതരത്തില്‍ ജൈവശോഷം വര്‍ധിപ്പിക്കും. രണ്ടാമത് നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട ഒരു വിഭാഗത്തിനിടയില്‍ ദാരിദ്രം അതികഠിനമായി വര്‍ധിപ്പിക്കുകയും ചെയ്യും. ജൈവ വൈവിധ്യ ഉടമ്പടി (Convention on Biological Diversity) യുടെ ഒരു പ്രധാനപ്പെട്ട സംഭവം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്ലോബല്‍ ബയോഡൈവേഴ്‌സിറ്റി ഫ്രെയിം വര്‍ക്. (Post-2020 Global Biodiversity Framework) എന്നത് ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതായത്, തേര്‍ഡ് ജനറേഷന്‍ സ്ട്രാറ്റജിക് പ്ലാന്‍ എന്ന നിലയില്‍-അതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൊണ്ടുവന്ന ഒരു പ്രധാന നിര്‍ദേശം 2030 ആകുമ്പോഴേക്ക് ഭൂമിയുടെ 30 ശതമാനം പ്രദേശങ്ങള്‍ ടെറസ്റ്റിയല്‍ ( Terrestrual) ലാന്‍ഡ് ഏരിയയും മറൈന്‍ ഏരിയയും ചേര്‍ന്ന് പ്രൊട്ടക്റ്റഡ് ഏരിയയായി ഡിക്ലെയര്‍ ചെയ്യണം എന്നതാണ്. അതിനെതിരായി ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വികസ്വര രാജ്യങ്ങളിലെ ഗവണ്‍മെന്റും ജനങ്ങളും ആദിവാസികളും അതിനെ എതിര്‍ക്കുന്നുണ്ട്. അപ്പോഴാണ് ഇന്ത്യയില്‍ ഇങ്ങിനെ പറയുന്നത്.


പരിസ്ഥിതിലോല പ്രദേശം: സുപ്രീംകോടതി അമിതാധികാരം പ്രയോഗിക്കുന്നു

സുപ്രീം കോടതിയുടെ നിര്‍ദേശം ഒരു നിയമ പ്രശ്‌നം തന്നെയാണ്. ആരെയാണോ എഫക്റ്റ് ചെയ്യുന്നത് ആ വ്യക്തിയുടെ അല്ലെങ്കില്‍ ആ സമൂഹത്തിന്റെ, തദ്ദേശീയ ജനതയുടെ ഭാഗം കേട്ടിട്ട് വിധി പറയുക എന്നത് സ്വാഭാവികനീതിയുടെ ഭാഗമാണ്. എന്നാല്‍, ഇവിടെ അത് ഉണ്ടായിട്ടില്ല. ഞാന്‍ ആ ഉത്തരവ് പരിശോധിച്ചു. അതില്‍ രാജസ്ഥാനിലെ ഒരു പ്രൊട്ടക്റ്റഡ് ഏരിയയിലെ ഒരു വിഷയം സംബന്ധിച്ച് ഒരു കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ടിനെ പെറ്റീഷനായി കണ്‍വെര്‍ട്ട് ചെയ്ത് അതിന്‍മേല്‍ വാദം നടത്തി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇത് രാജ്യത്തെ വലിയ ഒരു ജനവിഭാഗത്തെ ബാധിക്കുന്ന കാര്യമാണ്. കാടുകള്‍ എന്ന് പറയുന്നത് ശൂന്യ പ്രദേശമല്ല, അവിടെ കാലങ്ങളായി ജനങ്ങള്‍ വസിക്കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോറസ്റ്റ് ഉള്ളത് 165 ട്രൈബല്‍ ഡിസ്ട്രിക്റ്റുകളിലായാണ്. കൂടാതെ മറ്റു പ്രാദേശിക ജനവിഭാഗങ്ങളുള്ള പ്രദേശങ്ങളും ഉണ്ട്. അവരുടെയൊന്നും ഭാഗം കേള്‍ക്കാതെയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ട്.

രണ്ടാമത് ഭരണഘടനാപരമായ വിഷയമാണ്. നമ്മുടെ ഭരണഘടനയില്‍ ജുഡീഷ്യറിയുടെയും പാര്‍ലമെന്റിന്റെയും എക്‌സിക്യുട്ടീവിന്റെയും റോളുകല്‍ ഡിഫൈന്‍ ചെയ്തിട്ടുണ്ട്. ജുഡീഷ്യറിക്ക് പുതുതായി ഒരു നിയമം ഉണ്ടാക്കാന്‍ കഴിയില്ല. അത് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണ്. അഡ്മിനിസ്േ്രടഷന്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് എക്‌സിക്യുട്ടീവ് ആണ്. ഇവിടെ പാര്‍ലമെന്റിന്റെ റോളും എക്‌സിക്യുട്ടീവിന്റെ റോളും കൂടെ കോടതി കൈകാര്യം ചെയ്യുകയാണ്. ഗോധവര്‍മന്‍ കേസ് എന്നുപറയുന്ന തൊണ്ണൂറുകളുടെ അവസാനം നടക്കുന്ന ഒരു കേസിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ വിധി വന്നിരിക്കുന്നത്. അതില്‍ ഇത്തരത്തില്‍ സീരീസ് ഓഫ് ഓര്‍ഡര്‍ ഇറക്കി കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വന ഭരണത്തിന്റെ ഒരു പ്രധാന റോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ കേസ് വഴി. അതിന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി എന്ന ഒരു കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍, ഇന്ത്യയില്‍ 750 പ്രൊട്ടക്റ്റഡ് ഏരിയകള്‍ ഉണ്ട്. സാങ്ച്വറീസ് നാഷ്ണല്‍ പാര്‍ക്ക്, കമ്മ്യൂണിറ്റി റിസര്‍വ്‌സ്, കണ്‍സര്‍വേഷന്‍ റിസര്‍വ്‌സ് എന്നിങ്ങനെ. ഈ പ്രൊട്ടക്റ്റഡ് ഏരിയയുടെ ഭരണപരമായ മിക്ക കാര്യങ്ങളും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ ചെയ്യാന്‍ കഴിയൂ.


ഉദാഹരണമായി, ഞാന്‍ ഒഡീഷയിലെ ചന്ദ്കാ (Chandaka Sanctuary) എന്ന സാങ്ച്വറിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഒരു ധര്‍മ സങ്കടത്തില്‍ ആയിരുന്നു. അവിടെ ഒരുപാട് പറങ്കിമാവുകള്‍ ഉണ്ട്. അത് പഴുത്ത് പറിക്കാനായി കിടക്കുകയാണ്. ഇദ്ധേഹം എംപവേര്‍ഡ് കമ്മിറ്റിക്ക് കത്തെഴുതി അവരുടെ അനുവാദം കിട്ടാന്‍ കാത്തിരിക്കുകയാണ്. അവരുടെ അനുവാദം കിട്ടാതെ അത് പറിക്കാന്‍ കഴിയില്ല. ലക്ഷക്കണക്കിന് രൂപയുടെ കശുവണ്ടിയുണ്ട്. രൂപയുടെ പ്രശ്‌നമല്ല ഇവിടെ. മറിച്ച്, സമയത്തിന് പറിക്കാതെ വരുമ്പോള്‍ അത് താഴെ വീണ് കിളിര്‍ക്കും. അവിടത്തെ വെജിറ്റേഷന്റെ സ്ട്രകച്ചര്‍ തന്നെ അത് മാറ്റിക്കളയും. അങ്ങിനെയുള്ള ഒരു ഇക്കോളജിക്കല്‍ പ്രശ്‌നം അതിലുണ്ട്. എംപവര്‍ കമ്മിറ്റി നാലോ അഞ്ചോ പേരേയുള്ളൂ. അവര്‍ക്ക് രാജ്യത്തെ മുവുവന്‍ നാഷ്ണല്‍ പാര്‍ക്കുകളുടെ കാര്യം നോക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ അര്‍ജന്റിസിയില്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല. പ്രൊട്ടക്റ്റഡ് ഏരിയകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എക്‌സിക്യുട്ടീവിന്റെ റോള്‍ ജുഡീഷ്യറി ഏറ്റെടുക്കുമ്പോള്‍ അങ്ങിനെയുള്ള പ്രശ്‌നങ്ങളുണ്ടാകും. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ അഡ്രസ്സ് ചെയ്യണം. സുപ്രീം കോടതിയുടെ തന്നെ അപ്പീല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അത് ചോദ്യം ചെയ്യണം.


പ്രഖ്യാപനംകൊണ്ട് മാത്രം ഫലം ഉണ്ടാകില്ല

ഞാന്‍ പല ഇക്കോ സെന്‍സിറ്റീവ് ഏരിയകളിലും പോയിട്ടുണ്ട്. രാജസ്ഥാനന്റെ വടക്ക്-കിഴക്ക് ഭാഗവും ഹരിയാനയുടെ വടക്ക് ഭാഗവും വരുന്ന ഒരു പ്രദേശം ഇക്കോ സെന്‍സിറ്റീവ് ഏരിയ ആയി ഡിക്ലെയര്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍, ഏറ്റവും കനത്ത മൈനിങ് നടക്കുന്ന ഏരിയ അവിടെയാണ്. അവിടത്തെ മല പ്രദേശങ്ങളുടെ ഘടനതന്നെ ഇല്ലാതായിപ്പോയിരിക്കുന്നു. അതായത്, ഇക്കോ സെന്‍സിറ്റീവ് ഏരിയ ആയി ഡിക്ലെയര്‍ ചെയ്തതുകൊണ്ടും വലിയ കാര്യമൊന്നും ഉണ്ടാകുന്നില്ല. നമ്മുടെ രാജ്യത്ത് പല നിയമങ്ങളും ഉണ്ട്. ഫോറസ്റ്റ് ആക്റ്റ്, വൈല്‍ഡ് ലൈഫ് ആക്റ്റ്, പഞ്ചായത്തീരാജ് ആക്റ്റ്, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റ്, എണ്‍വയര്‍മെന്റ് പ്രൊട്ടക്റ്റഡ് ആക്റ്റ് 1986, ബയോഡൈവേഴ്‌സിറ്റി ആക്റ്റ്, വനാവകാശ നിയമം തുടങ്ങിയ നിരവധി നിയമങ്ങള്‍ ഉണ്ട്. വനാവകാശ നിയമത്തിലെ സെക്ഷന്‍ 5 പറയുന്നത്, ആദിവാസികളുടെ പ്രദേശത്തെ വനം, ജൈവ വൈവിധ്യം, ജലസ്രോതസ്സുകള്‍, അവരുടെ സംസ്‌കാരം തുടങ്ങിയവ പ്രൊട്ടക്റ്റ് ചെയ്യാനുള്ള അവകാശം മാത്രമല്ല, ബാധ്യതയും ആദിവാസി വിഭാഗങ്ങള്‍ക്ക് ഉണ്ട് എന്നുള്ളതാണ്. പരിസ്ഥിതി നിയമങ്ങളേക്കാള്‍ പരിസ്ഥിതിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് പഞ്ചായത്തീരാജ് ആക്റ്റ്. അതൊന്നും പ്രയോഗത്തില്‍ നമ്മള്‍ കൊണ്ടുവരികയോ നടപ്പാക്കുകയോ ചെയ്തില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ടോപ്പ് ഹെവി സ്ട്രക്ച്ചര്‍ ഉണ്ടാക്കാന്‍ പറയുന്നുണ്ട്. പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം ചേര്‍ന്ന് ഒരു കേന്ദ്ര ഏജന്‍സിപോലെ. അതെല്ലാം വളരെ അപകടകരമായിട്ടുള്ള കാര്യമാണ്. വീണ്ടും സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങളും പ്രാദേശിക ജനവിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങളും നാഷ്ണല്‍ ആയിട്ടുള്ള ഇന്റര്‍‌സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ വന്ന് കവര്‍ന്ന് അത് കേന്ദ്രത്തിന് നല്‍കുക എന്നത് തെറ്റായ രീതിയാണ്.

വനാവകാശ നിയമം പൂര്‍ണതോതില്‍ നടപ്പാക്കണം

വനാവകാശ നിയമം ശരിയായി നടപ്പാക്കുകയും ആദിവാസികളെ പ്രകൃതി-വന സംരക്ഷണത്തിന്റെ മുന്‍നിര പടയാളികളാക്കി ഉപയോഗിക്കുകയും ചെയ്താല്‍ വന സംരക്ഷണം കൂടുതല്‍ നല്ല രീതിയില്‍ നടക്കും. 2006 ലെ വനാവകാശ നിയമം പൂര്‍ണതോതില്‍ ഇവിടെ നടപ്പാക്കിയിട്ടില്ല. ആദിവാസികള്‍ക്ക് രണ്ടും അഞ്ചും പത്തും സെന്റ് ഭൂമി കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വനാവകാശ നിയമത്തിന്റെ പൊരുള്‍ അതല്ല. അവരില്‍നിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത വനം സ്വാതന്ത്രത്തിനുശേഷം തിരിച്ചുകൊടുക്കാതെ തുടര്‍ന്നുപോയി, (To undo the hestorical injustice committed to the sheduled tribs of India) എന്ന് ആ നിയമത്തിന്റെ ആമുഖത്തില്‍തന്നെ പറയുന്നുണ്ട്. ആ അനീതി പരിഹരിക്കാന്‍ വേണ്ടിയാണ് ഈ പുതിയനിയമം ഉണ്ടാക്കുന്നത് എന്ന് നിയമത്തില്‍ വളരെ വ്യക്തമായി എഴുതിവെച്ചിട്ടുമുണ്ട്. ആദിവാസികള്‍ക്ക് അവരുടെ കയ്യില്‍നിന്ന് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത വനം അവര്‍ക്ക് തിരിച്ചു കൊടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. വന പരിപാലനത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും എടുത്ത് പരിശേധിച്ചാല്‍, ഒന്നേകാല്‍ ലക്ഷത്തോളം ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുണ്ട്. മൂവായിരത്തോളം ഐ.എഫ്.എസ് (Indian Forest Service) ഉദ്യോഗസ്ഥന്‍മാരുണ്ട്. അവരേക്കാളും വനം സംരക്ഷിക്കാന്‍ കഴിയുക ആദിവാസി ജനവിഭാഗത്തിനാണ്. ഇന്ത്യയില്‍ മൊത്തം എടുത്താല്‍ 12 കോടി ആദിവാസി ജനവിഭാഗമുണ്ട്. അവര്‍ക്ക് കാടിനെകുറിച്ച് അറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ല. കാടിന്റെ ഉള്ളില്‍ പോകാനും കാര്യങ്ങള്‍ അറിയാനും പഠിക്കാനും അത് മനസ്സിലാക്കാനും അവിടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇപ്പോഴും അത് മുന്നില്‍നിന്ന് നേരിടുന്നത് ആദിവാസികള്‍ തന്നെയാണ്. അത്് വാച്ചര്‍മാരെന്നോ ഡെയ്‌ലിവേജസ്സുകാരെന്നോ ഒക്കെയുള്ള പേരിലായിരിക്കും.


വനാവകാശ നിയമം ഉദ്ദേശിക്കുന്നതുപോലെ ആദിവാസി ജനങ്ങള്‍ക്ക് അത് തിരിച്ചേല്‍പിക്കണം. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും അത് ചെയ്തിട്ടില്ല. ഇടതുപാര്‍ട്ടികളുടെ ഉത്സാഹംകൊണ്ടാണ് യഥാര്‍ഥത്തല്‍ 2006 ല്‍ ഈ നിയമം ഉണ്ടായത്. പക്ഷേ, അവര്‍തന്നെ ഈ നിയമം നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിക്കുകയാണ്. യു.പി.എ ഗവണ്‍മെന്റാണ് നിയമം പാസ്സാക്കിയത്. പക്ഷേ, കോണ്‍ഗ്രസ്സുകാരും ഇവിടെ അത് നടപ്പാക്കാന്‍ താല്‍പര്യം കാണിച്ചില്ല. വനാവകാശ നിയമം ശരിയായി നടപ്പാക്കുകയും ആദിവാസികള്‍ക്ക് വേണ്ടരീതിയിലുള്ള കപ്പാസിറ്റി ബില്‍ഡിങ് പശ്ചാത്തല സൗകര്യങ്ങള്‍ നമ്മള്‍ ഒരുക്കി കൊടുക്കുകയും ചെയ്താല്‍ കാട് വളരെ ഭംഗിയായി അവര്‍ പരിപാലിക്കും. അതാണ് നമ്മള്‍ ചെയ്യേണ്ടത്.

നമുക്ക് നമ്മുടെ വനപ്രദേശങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണം. അതേപോലെതന്നെ അത് സസ്‌റ്റൈനബള്‍ ആയി ഉപയോഗിക്കുകയം ചെയ്യാനുള്ള സൗകര്യവും വേണം. വിശേഷിച്ച് ആദിവാസി വിഭാഗങ്ങളുടെ. ആദിവാസികള്‍ അവിടെ പരമ്പരാഗതമായി ജീവിച്ചുവന്ന ജനവിഭാഗങ്ങളാണ്. അവര്‍ക്ക് അവിടെ ജീവിക്കാനുള്ള അവകാശം നിയമപരവും ഭരണഘടനാപരവുമായ അവകാശമാണ്. അത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. പരിസ്ഥിതി സംരക്ഷണം എന്നത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ള ഒരു പദ്ധതിയല്ല, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളെകൊണ്ട് തന്നെ ചെയ്യിക്കേണ്ട ഒരു പദ്ധതിയാണ്. ആഗോള ഭൗമ ഉച്ചകോടി-റിയോ ഡി ജനീറോ ഡിക്ലറേഷന്‍ (Rio de Janeiro Declaration) ന്റെ ഒന്നാമത്തെ ഐറ്റം തന്നെ മനുഷ്യരാണ് പ്രകൃതിസംരക്ഷണത്തിന്റെയും വികസനത്തിന്റെയും കേന്ദ്രബിന്ദു എന്ന് പറയുന്നുണ്ട്. എന്നുവെച്ചാല്‍, മനുഷ്യന്റെ അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുമുളള കാര്യങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള ഒരു കാഴ്ചപ്പാടല്ല പ്രകൃതി സംരക്ഷണത്തിലുള്ളത്.

പരിസ്ഥിതി നാശത്തിന്റെ യഥാര്‍ഥ കുറ്റവാളി കോര്‍പറേറ്റുകള്‍

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കുകഎന്ന വിഷയം വരുമ്പോള്‍ അത് ബാധിക്കുന്നത് പാവപ്പെട്ട ജനങ്ങളെയാണ്. അധികാരങ്ങളില്ലാത്ത, പ്രവില്ലേജസില്ലാത്ത അരികുകളില്‍ ജിവിച്ച് ഒടുങ്ങിപ്പോകുന്ന ആളുകളെ മാത്രമേ അത് ബാധിക്കുന്നുള്ളൂ. പ്രകൃതിയെ നശിപ്പിക്കുന്നതില്‍ അവര്‍ക്ക് യാതൊരു പങ്കും ഇല്ല. മനുഷ്യനാണ് പ്രകൃതിയെ നശിപ്പിക്കുന്നതെന്ന് പൊതുവായി പറയുന്നത് വളരെ തെറ്റാണ്. കോര്‍പറേറ്റ് ഫോഴ്‌സസാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. മനുഷ്യനാണെന്ന് വ്യാപകമായ അര്‍ഥത്തില്‍ പറയുമ്പോള്‍ സംഭവിക്കുന്നത്, യഥാര്‍ഥ കുറ്റവാളികളായ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ജനങ്ങളുടെ പിന്നില്‍ ഒളിക്കാനുള്ള അവസരം നമ്മള്‍ ഉണ്ടാക്കി കൊടുക്കുകയാണ്. യഥാര്‍ഥ കുറ്റവാളികള്‍ ആരാണെന്ന് നമ്മള്‍ ഐഡന്റിഫൈ ചെയ്യാത്തിടത്തോളം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം ഉണ്ടാവുകയില്ല.

കേരളത്തില്‍ പകുതിയിലേറെ വനപ്രദേശം

നമ്മള്‍ ശ്രദ്ധിക്കാതെപോകുന്ന കാര്യം, കേരള സര്‍ക്കാരിന്റെ ഡോകുമെന്‍സില്‍ ഉള്‍പ്പെടെ പറയുന്നത് സംസ്ഥാനത്ത് 29 ശതമാനം വനമാണ് ഉള്ളത് എന്നാണ്. യഥാര്‍ഥത്തില്‍ അത് 52 ശതമാനമാണ്. അഥവാ, നമ്മുടെ ഭൂപ്രദേശത്തിന്റെ പകുതിയില്‍ കൂടുതല്‍ വനമാണ്. ഇത് ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യയുടെ കണക്കാണ്. ഇന്ത്യയില്‍ രണ്ടുവര്‍ഷംകൂടുമ്പോള്‍ അവര്‍ നടത്തുന്ന സ്‌റ്റേറ്റ് ഓഫ് ഇന്ത്യ ഫോറസ്റ്റ് എന്ന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഫോറസ്റ്റ് കവര്‍ 52 ശതമാനമാണ്. രാജ്യം മുഴുവനത് 21 ശതമാനമാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെക്കോര്‍ഡ് ഫോറസ്റ്റിലുള്ളത് 29 ശതമാനമണ്. കേരളത്തിലുള്ള ഫോറസ്റ്റിന്റെ കാര്യം പറയുമ്പോള്‍ നമ്മള്‍ പറയേണ്ടത് 52 ശതമാനം ഫോറസ്റ്റിന്റെ കാര്യമാണ്. നമ്മുടെ ഭൂപ്രദേശത്തിന്റെ പകുതിയില്‍ കൂടുതള്‍ ഫോറസ്റ്റ് ആണ്. ദേശീയതലത്തില്‍ പറയുമ്പോള്‍ 21 ശതമാനം പറയുന്നതുപോലെ കേരളത്തിന്റെ കാര്യത്തില്‍ 52 ശതമാനമാണ് പറയേണ്ടത്.


പ്രളയത്തിന്റെ കാരണം ആഗോളതാപനം

ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടായ എക്‌സ്ട്രീം ക്ലൈമറ്റിന്റെ ഫലമായി ഉണ്ടായതാണ് 2018 ലെ പ്രളയം. അത് മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതാണ്. വിശിഷ്യ, ഏഷ്യന്‍ രാജ്യങ്ങളില്‍ അത് സംഭവിക്കുമെന്ന് 2017 ലെ ഐ.സി.സി റിപ്പേര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതാണ്. അത് നേരത്തേ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും. അതിന്റെ പിരിയോഡിസിറ്റിയില്‍ വ്യത്യസം ഉണ്ടാകും എന്നു മാത്രം. പണ്ട് നൂറ് വര്‍ഷത്തിലൊരിക്കല്‍ സംഭവിച്ച മഹാ പ്രളയം ഇനി അഞ്ച് വര്‍ഷത്തെ ഇടവേളകളിലായി സംഭവിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ കഴിഞ്ഞ നൂറു വര്‍ഷക്കാലത്തുണ്ടായ വികസനത്തിന്റെ ഫലമായി അവര്‍ അന്തരീക്ഷത്തിലേക്ക് തള്ളിയ കാര്‍ബണ്‍ ബില്‍ഡപ്പില്‍നിന്നാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. നമ്മുടെ സംസ്ഥാനവും ശാസ്ത്ര-പരിസ്ഥിതി സംഘടനകളും പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പും ഈ യാഥാര്‍ഥ്യം തുറന്ന് പറയുന്നതിന് പകരം, ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണം കാട് കുറഞ്ഞതാണ് എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. കേരളത്തില്‍ പ്രളയം സംഭവിക്കുമ്പോള്‍, വേള്‍ഡ് മെറ്റീരിയോളജി ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവന ഇറക്കിയിരുന്നു. കേരളത്തിലെ പ്രളയം അദ്ദേഹം അന്ന് എടുത്തു പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളിലൊന്ന് കേരളമാണെന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞിരുന്നു. പക്ഷേ, ഖേദകരമെന്നു പറയട്ടേ, കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളിലൊന്നും തന്നെ ഈ കാലാവസ്ഥ വ്യതിയാനത്തെ പറ്റി പറഞ്ഞില്ല. അദ്ദേഹത്തെ അത് ബോധ്യപ്പെടുത്താനുള്ള ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുെട പരാജയങ്ങള്‍കൊണ്ടായിരിക്കാം അങ്ങിനെ സംഭവിച്ചത്.കേരളത്തില്‍ ഫോറസ്റ്റ് വര്‍ധിച്ചു

ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2017 ല്‍ ആ റിപ്പോര്‍ട്ടിങ് പിരീഡില്‍ കേരളത്തിന്റെ വന പ്രദേശം ആയിരംസ്‌ക്വയര്‍ കി.മീ കൂടിയിരിക്കുകയായിരുന്നു. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം 2005 മുതല്‍ 2015 വരെയുള്ള പത്തുവര്‍ഷ പിരീഡില്‍ ഫോറസ്റ്റ് ഡിസ്ട്രിക്റ്റുകളിലെ വെറ്റ്‌ലാന്‍ഡ് ഏരിയ 71 സ്‌ക്വയര്‍ കി.മീ ഏരിയ കൂടിയിട്ടുണ്ടായിരുന്നു. നാശത്തിന്റെയും മരണത്തിന്റെയും ഇന്റന്‍സിറ്റി കൂട്ടിയത് കരിങ്കല്‍ ഉള്‍പ്പെടെയുള്ള ഖനനമാണ് എന്ന് പറയാം. പക്ഷേ, മുഴുവന്‍ കാര്യങ്ങളും ആ ദിശയിലേക്ക് ഫോക്കസ് ചെയ്യുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാണ് നമ്മള്‍ എന്ന് മനഃപൂര്‍വമോ അല്ലാതെയോ പറയാതിരികകുകയും ചെയ്തു. ഇത് വളരെ പരിതാപകരമായ കാര്യമാണ്. കാരണം, ഇത് ഇനിയും സംഭവിക്കാനിരിക്കുകയാണ്. ഇപ്പോഴെങ്കിലും നമ്മള്‍ നിലവിളിക്കുകയും ലോകത്തോട് അത് ഉച്ചത്തില്‍ പറയുകയും ചെയ്തിട്ടില്ല എങ്കില്‍ നിരന്തരം ഇത് സംഭവിച്ചുകൊണ്ടിരിക്കും. കാട് എത്ര വര്‍ധിച്ചാലും ഇത് നില്‍ക്കാന്‍ പോവുന്നില്ല. മുഴുവന്‍ ഖനനങ്ങളും നിര്‍ത്തിവെച്ചാലും പ്രളയം ഉണ്ടാകും. 2018 ആഗസ്റ്റ് 9 മുതല്‍ ആറ് ദിവസം വരെ നീണ്ടുനിന്ന നിരന്തരമായ, ശക്തമായ മഴ കഴിഞ്ഞകാലങ്ങളിലൊന്നും അത്രയും കുറഞ്ഞ ദിവസങ്ങളിലായി ഉണ്ടായിട്ടില്ല. അതാണ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ എഫക്റ്റ് എന്നു പറയുന്നത്. മഴയുടെ ഡിസ്ട്രിബൂഷന്‍ പാറ്റേണ്‍ മുഴുവന്‍ മാറിപ്പോവുകയായിരുന്നു. കുറഞ്ഞ പിരീഡില്‍ വലിയ അളവില്‍ മഴപെയ്യുകയും അത് സ്വാഭാവികമായി പ്രളയത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ചില സമയത്ത് ചില പ്രദേശങ്ങളില്‍ ഡ്രോട്ട് ഉണ്ടാകുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി നമ്മുടെ രാജ്യത്തും അന്താരാഷ്ട്ര വേദികളിലും ഉന്നയിച്ച് കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണുന്നതിനുള്ള അവസരം ഉപയോഗിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇത് മനസ്സിലാക്കാതെ കാട് ഇല്ലാതായതുകൊണ്ടാണ്, പരിസ്ഥിതി ഇല്ലാതായതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞ് സമയം നഷ്ടപ്പെടുത്തി. അത് നമ്മോടുതന്നെ ചെയ്ത വലിയ തെറ്റാണ്.

TAGS :