Quantcast
MediaOne Logo

യു. ഷൈജു

Published: 18 April 2022 11:12 AM GMT

രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങൾ

ബേബി ജോണിന്റെ ഓർമയിൽ ഷിബു ബേബി ജോൺ

രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങൾ
X
Listen to this Article

നായനാരുമായുള്ള ബന്ധം

അതുപോലെ തന്നെയാണ് സഖാവ് നായനാരുമായിട്ടുള്ളത്. രാഷ്ട്രീയത്തിനപ്പുറത്ത് അവര് തമ്മിൽ വലിയൊരു വ്യക്തി ബന്ധം രൂപപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിയുമെന്നുള്ളതിൽ ഉപരിയായി രണ്ടുപേരും വളരെ മികച്ച വ്യക്തിബന്ധം പുലർത്തിയിരുന്നു. ഞങ്ങളൊക്കെ പ്രായമായി ഞങ്ങളുടേതായിട്ടുള്ള കുടുംബങ്ങൾ ആയതുകൊണ്ട് എല്ലാരും കൂടെ ഒരുമിച്ച് താമസിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ കൊല്ലത്ത് താമസിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു കുടുംബം എന്നുള്ള നിലയിൽ ഇടപഴകിയിട്ടില്ലെങ്കിലും ഇന്നും ആ ബന്ധം തുടരുകയാണ്. വക്കം പുരുഷോത്തമനുമായിട്ട് ഉണ്ടായിരുന്ന ബന്ധം ഒരു കുടുംബബന്ധമായി മാറിയിരുന്നു. പല സീനിയർ ഐ.എ.എസ് ഓഫീസർമാരായിട്ടും ഉണ്ടായിരുന്ന വളരെ ഉറ്റ ബന്ധം .

സി.എച്ചുമായുള്ള ബന്ധം

സി.എച്ചുമായിട്ടുള്ള ബന്ധം ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം അതൊരു കുടുംബ ബന്ധമായി മാറിയിരുന്നു. അതിനൊരു പശ്ചാത്തലം ഉണ്ടായിരുന്നു. എന്റെ ഓർമയിൽ എഴുപതിൽ എൻ്റെ പിതാവ് മന്ത്രിയാകുന്നതിൻ്റെ മുമ്പേ ആണ് ആദ്യമായി സി.എച്ചിനെ കാണുന്നത്. അത് ഒരിക്കലും ജീവിതത്തിൽ വിസ്മരിക്കാൻ പറ്റാത്ത ഒരു കാഴ്ചയായി നിൽക്കുകയാണ്. എനിക്ക് ആ റോ ഏഴോ വയസ്സുള്ളപ്പോളാണ്. പഴയ നീണ്ടകര പാലം കടന്ന് സി.എച്ച് വന്നിറങ്ങുന്നു. മണ്ണ് കമ്പനി തൊഴിലാളികളെല്ലാം അവിടെ ഒരു സ്വീകരണം ഒരുക്കിയിട്ടുണ്ട്. പ്രതീക്ഷയിൽ നിന്ന് പത്ത് മിനിറ്റ് നേരത്തെ ആണ് സി.എച്ച് വന്നതെന്ന് തോന്നുന്നു. സി.എച്ച് കാറിൽ നിന്നിറങ്ങിയപ്പോൾ എൻ്റെ പിതാവ് തന്നെ സി.എച്ചിനെ അഭിവാദ്യം വിളിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയാണ്.

പിന്നെ പെട്ടെന്ന് തൊഴിലാളികളെല്ലാം കൂടെ ഒത്തുകൂടി ഒരു വലിയ സ്വീകരണം നടന്നു. അതാണ് എൻ്റെ ആദ്യത്തെ ഓർമ. അന്നേരം സി.എച്ച് അവിടെ വച്ച് എൻ്റെ അടുത്ത് പറയുന്നുണ്ട്. ഏഹ് നിന്റെ പ്രായത്തിൽ എനിക്കും ഒരു മോനുണ്ട് എന്ന്.


എന്റെ പിതാവിന്റെ ആദ്യത്തെ സത്യപ്രതിജ്ഞയ്ക്ക് വന്നപ്പോൾ സി.എച്ചും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ടായിരുന്നു. എന്റെ പ്രായത്തിലുള്ള ഒരു കൂട്ടുകാരനെ കാണാനുള്ള വ്യഗ്രതയിൽ ആയിരുന്നു ഞാൻ. പ്രത്യേകിച്ച് അടുത്തടുത്ത വീടുകളുമാണ് എടുത്തത് എന്ന് അറിഞ്ഞപ്പോൾ ആ ആകാംക്ഷ വർധിച്ചു. താമസമാക്കിയതിന് ശേഷം രാഷ്ട്രീയത്തിൽ ഏറ്റവും അടുപ്പം പുലർത്തുന്ന രണ്ട് കുടുംബങ്ങളായി ഞങ്ങൾ മാറി. എല്ലാ അർഥത്തിലും ഒരു വീട്ടിലെന്നപോലെ ആയിരുന്നു ഞങ്ങൾ ദീർഘകാലം കഴിഞ്ഞു പോയത്. അതിനുശേഷം രാഷ്ട്രീയത്തിൽ രണ്ട് ധ്രുവങ്ങളിലായി നീങ്ങിയെങ്കിലും ആ കുടുംബ ബന്ധം ഇപ്പോഴും തുടരുന്നു അവർ രണ്ടുപേരും നിര്യാണപ്പെട്ടെങ്കിലും ആ കുടുംബ ബന്ധത്തിന്റെ ദൃഢത ഇപ്പോഴും തുടരുകയാണ്.

സി.എച്ചുമായിട്ടുണ്ടായിരുന്നത് രാഷ്ട്രീയത്തിൽ നമുക്ക് ഡിഫൈൻ ചെയ്യാനൊക്കാത്ത ബന്ധമായിരുന്നു. മുസ് ലിം ലീഗും ആർ.എസ്.പി യും എന്നുള്ള തരത്തിലായിരുന്നില്ല അത്. അന്നത്തെ വലിയ തങ്ങൾ അടക്കം ഉള്ളവരുമായിട്ട് ഉണ്ടായിരുന്ന ബന്ധം എൻ്റെ പിതാവിന് ബേബി ഹാജി എന്ന അപരനാമം നൽകപ്പെട്ടു. മുസ് ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിൽ പോലും പങ്കെടുക്കുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറി. ആദ്യമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന കേരളത്തിലെ രണ്ട് മന്ത്രിമാർ ഇവർ രണ്ടുപേരും ആയിരുന്നു. ഇന്നും പഴമക്കാര് പറയുന്നത് ഗൾഫിന്റെ ചരിത്രത്തിൽ ഇതുപോലൊരു സന്ദർശനം ഉണ്ടായിട്ടില്ല എന്നാണ്. പ്രത്യേകിച്ച് ആദ്യമായി കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ. അന്ന് രാജ്യതലവന്മാർക്ക് കിട്ടുന്ന സ്വീകരണമാണ് ഔദ്യോഗികമായി യു.എ.ഇ ഗവൺമെന്റ് നൽകിയത്. ആയിരക്കണക്കിന് ജനങ്ങളാണ് ഇവരെയൊന്ന് കാണാൻ തിങ്ങിക്കൂടിയത്. അവരുടെ ഒരു ഒരുമിച്ചുള്ള സഞ്ചാരവും ആ സൗഹൃദത്തിന്റെ ഭാഗമായിട്ടായിരുന്നു.

സി.എച്ച് തേവലക്കരയിൽ പ്രസംഗിച്ചിരുന്നുവെങ്കിൽ

ഒരു വിഷയം കൂടെ പരാമർശിക്കാതിരിക്കാൻ നിവൃത്തിയില്ല. എൺപത്തി രണ്ടിൽ സരസൻ സംഭവത്തിനെ തുടർന്നാണ് ഏറ്റവും വലിയൊരു രാഷ്ട്രീയ പ്രതിസന്ധി എന്റെ പിതാവ് അഭിമുഖീകരിച്ചത്. ഇരുവരും രണ്ട് മുന്നണികളായി. സി.എച്ചിന് കൊല്ലം ജില്ലയിൽ പര്യടനമുണ്ടായിരുന്നു. ചവറയിൽ, പ്രത്യേകിച്ച് തേവലക്കരയിൽ ഒരു യോഗം വെക്കണം എന്ന് അന്നത്തെ യു.ഡി.എഫ് തീരുമാനിച്ചു. എൻ്റെ പിതാവ് എൽ.ഡി.എഫിൻ്റെ ഭാഗം. അങ്ങനെ സി.എച്ച് വരുന്നു. ആയിരക്കണക്കിന് ആൾക്കാര് അവിടെ കാത്തുകെട്ടി കിടക്കുകയാണ്. കൊല്ലത്ത് വന്ന സി.എച്ച് ഞാൻ ചവറയിൽ പ്രസംഗിക്കുന്നില്ല എന്ന ഒരു നിലപാടെടുത്തു. കാരണം, ബേബി അങ്ങനെ ഒരാളെ കൊന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു. എന്നിട്ട് ചവറയിൽ ഇറങ്ങാതെ സി.എച്ച് ഹൈവേയിൽ കൂടെ കരുനാഗപ്പള്ളിയിലേക്ക് പോവുകയാണ്. എന്നിട്ടും ഹൈവേയിൽ വന്ന് അദ്ദേഹത്തെ തടഞ്ഞ് നിർത്തി. അഞ്ച് മിനിറ്റ് അവിടം വരെ പോയി ഒരു മിനിറ്റ് ഒന്ന് ഇറങ്ങി പ്രസംഗിച്ചിട്ട് പോണം എന്ന് പറഞ്ഞു. പുള്ളി വിസമ്മതിച്ചു. അവസാനം അവിടെ കാറിൽ നിന്നിറങ്ങി ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് കാറിൽ കയറി പോയി. ഒരുപക്ഷെ, സി.എച്ച് അന്ന് തേവലക്കരയിൽ പ്രസംഗിച്ചിരുന്നെങ്കിൽ ഫലം മാറിയേനേ. അറുന്നൂറ്റി ഇരുപത് വോട്ടിനാണ് അദ്ദേഹം ജയിച്ചത്. മുന്നൂറ്റി ഇരുപത് വോട്ട് മറിഞ്ഞാൽ മതിയല്ലോ വിധി മാറാൻ.

ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ രണ്ടുവർഷം മുമ്പേ തീരുമാനിച്ചിരുന്നെങ്കിൽ എനിക്ക് ആ ബന്ധങ്ങളുടെ ഒരു പിന്തുടർച്ചക്കാരൻ എന്ന് അവകാശപ്പെടാൻ സാധിക്കുമായിരിക്കും. അനേകം കുടുംബങ്ങൾ, ആ ബന്ധത്തിന് വിലമതിച്ചു കൊണ്ടിരുന്നവർ എനിക്കൊരു പ്രൊട്ടക്ഷൻ തന്നതുകൊണ്ടാണ് ഞാൻ പൊളിറ്റിക്സിൽ എന്തെങ്കിലും ആയത്. വീട്ടിൽ സ്ഥിരമായിട്ട് വരുന്ന വിരലിലെണ്ണാവുന്ന പാർട്ടിക്കാരെ പരിചയമുണ്ട് എന്നുള്ളതല്ലാതെ അതിനപ്പുറത്തേക്ക് ആരെയും അറിയാൻ വയ്യ. ഇറങ്ങിയ ഘട്ടത്തിൽ നിർഭാഗ്യകരമായ, നിർണായകമായ ഒരു പിളർപ്പും പാർട്ടിയിൽ ഉണ്ടായി. അതുകൊണ്ട് ഒരു വിഭാഗവുമായി അടക്കമുള്ള ബന്ധം അവിടെ വിച്ഛേദിക്കപ്പെടുകയാണ് ഉണ്ടായത് . ഇപ്പോൾ ഇരുപത്തഞ്ച് വർഷക്കാലമായി ഞാൻ രാഷ്ട്രീയത്തിൽ ഉണ്ട്.


അങ്ങനെ വലിപ്പ ചെറുപ്പമോ ഒന്നുമില്ലാതെ, മത സാമുദായിക വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു നാഥനായിട്ടുള്ള നിലയിൽ കണ്ടു. പക്ഷേ, അത് പറയുമ്പോൾ എനിക്ക് എന്നിൽ ഉയരുന്ന ഒരു സംശയം അന്നത്തെ കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ കാലഘട്ടത്തിൽ രാഷ്ട്രീയം മാറിയ പശ്ചാത്തലത്തിൽ അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ പോലും അന്ന് ചെയ്ത പോലെ കാര്യങ്ങൾ ചെയ്യാനൊക്കുമോ എന്നാണ്. അന്നത്തെ ചവറ എന്ന് പറഞ്ഞാൽ ഏറ്റവും വലിയ ഒരു മതേതര മണ്ഡലമായി കേരളത്തിൽ നമുക്ക് ഉദാഹരണമായി കാണിക്കാവുന്നതാണ്. പന്ത്രണ്ടോ പതിമൂന്നോ ശതമാനം മാത്രം ജനങ്ങളുള്ള ഒരു ന്യൂനപക്ഷ സമുദായത്തിൽ ജനിച്ചിട്ടാണ് അൻപത് വർഷം അദ്ദേഹം പ്രതിനിധീകരിച്ചത്.

ഞാൻ രണ്ട് തവണ ജയിച്ചു. പക്ഷേ, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കേരളത്തിന്റെ പൊതു രാഷ്ട്രീയത്തിന്റെ സ്വഭാവം മാറുന്നുണ്ടായിരുന്നു അന്നത്തെ കാലഘട്ടത്തിൽ ചെയ്ത കാര്യങ്ങൾ ഇന്ന് ചെയ്യാൻ ഒക്കുമോ, ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. പക്ഷേ, ഇത്തരം വ്യക്തിത്വങ്ങൾ അപൂർവമായി ചരിത്രങ്ങളിൽ സംഭവിക്കുന്നതാണ്. ലീഡറിന്റെ കാര്യവും ഇതുപോലെയാണ്. അവർക്കുണ്ടായിരുന്ന ഒരു അസാധാരണമായ കഴിവ് അത് ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഇല്ലാത്തതാണോ ഇന്നത്തെ രാഷ്ട്രീയം മാറിയത് കൊണ്ട് അതുപോലെ പ്രവർത്തിക്കാൻ സാധിക്കാത്തതാണോ എന്നുള്ളതാണ് നമ്മുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമായിരിക്കുന്നത്.

TAGS :