Quantcast
MediaOne Logo

'പ്രചോദനം പാ രഞ്ജിത്ത്, എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്'; സോംനാഥ് വാഗ്മേര്‍

സോംനാഥ് വാഗ്മേര്‍, ഡോക്യുമെന്ററി സംവിധായകന്‍, എഡിറ്റര്‍ എന്ന നിലയില്‍ പ്രശസ്തന്‍. നിലവില്‍ മുംബൈ ടിസ്സില്‍(Tata Institute of Social Sciences) ഗവേഷക വിദ്യാര്‍ഥി. ദലിത് സമൂഹത്തിന്റെ സാമൂഹിക ജീവിതങ്ങളും സമരങ്ങളും സംസ്‌കാരങ്ങളും യാഥാര്‍ത്ഥ്യങ്ങളായി സ്‌ക്രീനില്‍ എത്തിക്കുന്നു. 'ദി ബാറ്റില്‍ ഓഫ് ഭീമാ കൊറേഗാവ് ' എന്ന ഡോക്യുമെന്ററിയിലൂടെ പറഞ്ഞ ഭീമാകൊറേഗാവ് ചരിത്രവും വര്‍ത്തമാനവും സോംനാഥിനെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കി. ഭീമാകൊറോഗാവ് കൂടിചേരലുമായി ബന്ധപ്പെട്ട് നിലവിലുള്ള ഏക ദൃശ്യചരിത്രമാണ് 'ദി ബാറ്റില്‍ ഓഫ് ഭീമാ കൊറേഗാവ്'. അന്ധവിശ്വാസങ്ങളെ പ്രതിപാദിക്കുന്ന 'ഐയാം നോട്ട് എ വിച്ച്' ആണ് സോംനാഥിന്റെ ആദ്യ ഡോക്യുമെന്ററി. അംബേദ്കറുടെ ചരിത്രം പറയുന്ന 'ചൈത്യഭൂമി', അംബേദ്കര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രകാരിയെന്ന നിലയില്‍ പ്രശസ്തയായ ഗെയില്‍ ഓംവെദ്തിന്റെയും ഭര്‍ത്താവും മഹാരാഷ്ട്രയിലെ ഇടതു-അംബേദ്കര്‍ നേതാവുമായ ഡോ. ഭാരത് പട്‌നായിക്കിന്റെയും ജീവിതം പറയുന്ന 'ഗെയില്‍ ആന്‍ഡ് ഭാരത്' ആണ് പുറത്തിറങ്ങാനിരിക്കുന്ന ഡോക്യുമെന്ററികള്‍. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആണ് 'ചൈത്യഭൂമി' അവതരിപ്പിക്കുന്നത്. | അഭിമുഖം : സോംനാഥ് വാഗ്മേര്‍ / ഇജാസുൽ ഹഖ്

പ്രചോദനം പാ രഞ്ജിത്ത്, എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്; സോംനാഥ് വാഗ്മേര്‍
X

കാഴ്ചകളെ സ്‌ക്രീനിലെത്തിക്കാന്‍ തീരുമാനിക്കുന്നതെങ്ങനെയാണ്?

എന്റെ കുടുംബം ചെറിയൊരു ഗ്രാമത്തില്‍ നിന്നും ബോംബൈയിലോക്ക് കുടിയേറി വന്നവരാണ്. എന്റെ പിതാവ് ഒരു മില്ലില്‍ ജോലിയെടുക്കുകയായിരുന്നു. തൊണ്ണൂറുകളില്‍ മില്‍ അടച്ചുപൂട്ടിയതോടെ ജോലി ആവശ്യാര്‍ത്ഥമാണ് ബോംബൈയില്‍ എത്തുന്നത്. ഇന്നും എന്റെ കുടുംബം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ജാതിതെരുവിലാണ് താമസിക്കുന്നത്. ഗോവ-കര്‍ണാടക അതിര്‍ത്തിയിലാണ് എന്റെ തറവാടുള്ളത്. ഗ്രാമത്തിലെ പ്രാഥമിക പഠനത്തിന് ശേഷം മാധ്യമ പഠനത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കി.

ആ സമയത്ത് എന്റെ മനസ്സില്‍ തോന്നിയ ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ കാണുന്ന സിനിമകള്‍, നമ്മള്‍ പിന്തുടരുന്ന മാധ്യമങ്ങള്‍ എന്നിവയില്‍ വൈവിധ്യം പ്രകടമല്ല. നമ്മുടെ വിഭാഗത്തില്‍ നിന്നുള്ള കാഴ്ചകളോ കഥകളോ സിനിമയില്‍ കാണാനില്ല. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം പൂനെ എഫ്.ടി.ഐ.ഐയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനായി പ്രവേശിച്ചിരുന്നു. ആ സമയത്താണ് ശരിക്കും എന്റെ തന്നെ വിഭാഗത്തില്‍പ്പെട്ടവരുടെ കഥ സിനിമയായി നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. ഒരു സിനിമ നിര്‍മിക്കുകയും ചെയ്തു. ആ സമയത്ത് തന്നെയാണ് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത് മറാത്തി സിനിമ ഫാണ്ട്രി പുറത്തിറങ്ങുന്നത്. ആ സിനിമ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ആ സിനിമ ആ സമയത്ത് ഒരുപാട് മാധ്യമ, അക്കാദമിക ശ്രദ്ധ നേടുകയും ചെയ്തു. ഈ മാധ്യമം രസകരമായി തോന്നുന്നത് ശരിക്കും ആ സമയത്താണ്. നമ്മള്‍ പറയുന്ന കഥ വലിയ പ്രേക്ഷക സമൂഹത്തിലേക്ക് എത്തുകയാണ്. അതുകൊണ്ട് തന്നെ ഒരു സിനിമ നിര്‍മിക്കാന്‍ ആദ്യം തീരുമാനിച്ചു. എന്നാല്‍ ഈ മാധ്യമം വലിയ പണചെലവുള്ളതുമായിരുന്നു.

ദലിത് സാഹിത്യങ്ങളും, നാടകങ്ങളും സജീവമായിരുന്ന മഹാരാഷ്ട്രയില്‍ പക്ഷേ ഞങ്ങള്‍ക്ക് ഒരു ദലിത് സിനിമ മാത്രമുണ്ടായിരുന്നില്ല. ദലിത് കഥകള്‍ വെച്ച് ഒരുപാട് സിനിമകളുണ്ടായിരുന്നെങ്കിലും അതെല്ലാം ദലിത് വിഭാഗത്തിന് പുറത്ത് നിന്നുള്ളവരായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഇടതുപക്ഷത്ത് നിന്നുള്ളവരോ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരോ ആയിരുന്നു ഇത്തരം സിനിമകള്‍ എടുത്തിരുന്നത്. ഇതിലെല്ലാം ദലിതുകളെ ഇരകളായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. നിലവില്‍ ദലിതുകളെ കുറിച്ച് നിര്‍മിച്ചിരിക്കുന്ന ഈ ബോധം എനിക്ക് തകര്‍ക്കണമായിരുന്നു. ദലിതുകളുടെ ശരിക്കുമുള്ള ജീവിതം എനിക്ക് കാണിക്കണം എന്ന ചിന്തയിലാണ് ഈ മേഖലയിലെത്തുന്നത്. അതിന് വേണ്ടിയാണ് ഞാനിപ്പോഴും സിനിമകള്‍ നിര്‍മിക്കുന്നത്.


ആദ്യ ഡോക്യുമെന്ററിയായ ഐയാം നോട്ട് എ വിച്ചില്‍(I am not a Witch) എത്തുന്നതെങ്ങനെയാണ്?

ഒരാള്‍ എന്നോട് ആ കഥ പറഞ്ഞതില്‍ നിന്നാണ് ഐയാം നോട്ട് എ വിച്ച്(I am not a Witch) സംഭവിക്കുന്നത്. ഞാനവിടെ പോവുകയായിരുന്നു. ശരിക്കും അതിലെ ഭാഷ മറാത്തിയല്ല, അവിടുത്തെ പ്രാദേശിക ആദിവാസി ഭാഷയായ പഹരി ആണ് അതിലുള്ളത്. വളരെ ചെലവുകുറഞ്ഞ ഒരു ചിത്രമായിരുന്നു അത്. 10,000 രൂപയ്ക്കാണ് ആ സിനിമയുടെ നിര്‍മാണം പൂര്‍ത്തിയായത്.

രണ്ടാമത്തെ ഡോക്യുമെന്ററി 'ഭീമാകൊറേഗാവ് പോരാട്ടം' (Battle of Bhima Koregaon: An Unending Journey) മുഴുവനായും എന്റെ ഐഡിയ ആയിരുന്നു. ഭീമാകൊറേഗാവ് ചരിത്രവും ആഘോഷവുമെല്ലാം ഞങ്ങളുടെ കുട്ടിക്കാല ഓര്‍മ്മകളാണ്. മഹാരാഷ്ട്രയില്‍ അംബേദ്കര്‍ ഒക്കെ ഞങ്ങളുടെ ചെറുപ്പക്കാലത്തെ മായാത്ത ഓര്‍മ്മകളാണ്. ഞങ്ങളുടെ മുത്തശ്ശിമുത്തശിന്മാരൊക്കെ അംബേദ്കറെക്കുറിച്ചും അവരുടെ ചരിത്രവും സംസാരിക്കാറുണ്ട്. പൂനെയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഭീമകൊറേഗാവ് കൂടിച്ചേരലില്‍ പങ്കെടുത്തിട്ടുമുണ്ട്. അതിലെ ആഘോഷങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. വാമൊഴി ചരിത്രമാണ് ശരിക്കും പറഞ്ഞാല്‍ ഭീമാകൊറേഗാവ്(Battle of Bhima Koregaon: An Unending Journey) ഡോക്യുമെന്ററി. 2017ലാണ് ഞാന്‍ ആ ഡോക്യുമെന്ററി പൂര്‍ത്തിയാക്കുന്നത്. ആദ്യത്തെ പ്രദര്‍ശനം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു. 2018ലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്യത്തെ കൂടുതല്‍ ജനങ്ങള്‍ ഭീമാകൊറേഗാവ് ചരിത്രത്തെ കുറിച്ച് അറിഞ്ഞു. സിനിമയും 2018ലെ പ്രശ്‌നവും തമ്മില്‍ പക്ഷേ യാതൊരു ബന്ധവുമില്ല. ആ പ്രശ്‌നത്തെ കുറിച്ച വാര്‍ത്തയോ ദൃശ്യങ്ങളോ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2018ന് മുമ്പേ ഡോക്യുമെന്ററി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

രണ്ട് സിനിമകളുടെയും ദൈര്‍ഘ്യ വ്യത്യാസം!

ആദ്യത്തെ സിനിമ ശരിക്കും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചത്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ നരേന്ദ്ര ധബോല്‍ക്കര്‍ 2013ല്‍ കൊല്ലപ്പെടുകയുണ്ടായി. സിനിമയുമായി അടുത്ത വളരെ കുറച്ച് ആളുകളും പുരോഗമന ആശയങ്ങള്‍ കൊണ്ടു നടക്കുന്ന വേറെ കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരും ആ സമയത്ത് ഒരു ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. 'വിവേക് ഫെസ്റ്റിവല്‍' എന്ന പേരില്‍ പൂനെയില്‍ ആയിരുന്നു ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരായ പതിനഞ്ച് മിനുറ്റില്‍ കവിയാത്ത സിനിമകളാണ് അവര്‍ ചലച്ചിത്രോത്സവത്തിലേക്ക് ക്ഷണിച്ചിരുന്നത്. അത് കൊണ്ടാണ് ആദ്യ സിനിമ ചെറിയ ദൈര്‍ഘ്യത്തില്‍ ഒതുക്കിയത്.

ഭീമാകൊറേഗാവ് കുറച്ചുകൂടി വലിയ പ്രൊജക്ടാണ്. ഇതിന് വേണ്ടി രണ്ട് വര്‍ഷത്തോളം എടുത്തു. ഗവേഷണത്തിനും മറ്റു അനുബന്ധ പ്രവര്‍ത്തനത്തിനുമായാണ് ഇത്രയും സമയം വേണ്ടി വന്നത്.



ഭീമാകൊറേഗാവ് ഡോക്യുമെന്ററി സമര്‍പ്പിച്ചിരിക്കുന്നത് രോഹിത് വെമുലക്കാണ്...

ഞാനൊരു ആക്ടിവിസ്റ്റല്ല. ഞാനൊരു മാധ്യമ ഗവേഷക വിദ്യാര്‍ഥിയാണ്. എനിക്ക് ചുറ്റിലും സംഭവിക്കുന്നതിനെ പിന്തുടരുക മാത്രമാണ് ഞാന്‍ ചെയ്തത്. രോഹിത് വെമുല സംഭവം നടക്കുമ്പോള്‍ ശരിക്കും ഞാനും എന്റെ സുഹൃത്തും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇത് എനിക്ക് മാത്രമല്ല, കേരളത്തിലും ദല്‍ഹിയിലും യു.പിയിലുമുള്ള എന്റെ വളരെയടുത്ത ദലിത് സുഹൃത്തുക്കളും ഇതേ മാനസിക അവസ്ഥയിലൂടെയായിരുന്നു കടന്നു പോയിരുന്നത്. രോഹിതിന്റെ മരണം നടക്കുമ്പോള്‍ ഞങ്ങള്‍ വളരെ സങ്കടത്തിലായിരുന്നു. ഹാഥ്‌റസ് നടക്കുമ്പോള്‍ ഞാനാകെ അസ്വസ്ഥനായിരുന്നു. ഇങ്ങനെയൊക്കെ സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇതില്‍ ഞാനെന്താണ് ചെയ്യുകയെന്ന് ആലോചിച്ചു. ഡോക്യുമെന്ററി മുഴുവന്‍ കാണുന്ന ഒരാള്‍ എല്ലാം കണ്ട് അവസാനം രോഹിത് വെമുലയെ കാണുമ്പോള്‍ ഇതെന്റെ സമര്‍പ്പണമാണെന്ന് കാണും. രോഹിത് വെമുലയുടെ പോരാട്ടങ്ങള്‍ക്കുള്ള എന്റെ ഏറ്റവും കുറഞ്ഞ സമര്‍പ്പണമായിരിക്കും ഈ ഡോക്യുമെന്ററി. ഞാനൊരു ആക്ടിവിസ്റ്റൊന്നുമല്ലല്ലോ, ഞാനൊരു സമരപരിപാടികളിലും പങ്കെടുക്കാറില്ല.

ദലിത് വിഭാഗത്തില്‍ നിന്നുമാണ് ഈ മേഖലയില്‍ എത്തുന്നത്. എന്തെല്ലാം വെല്ലുവിളികളാണ് നേരിട്ടത്?

ഞങ്ങളുടെ കൈയ്യില്‍ വിഭവങ്ങള്‍ ഒന്നും തന്നെയില്ല. ഈ മാധ്യമം വലിയ പണചെലവേറിയതാണ്. ഇതിനകത്ത് ജാതി വിഭാഗീയതകള്‍ വേറെയുമുണ്ട്. ഇതെല്ലാമാണ് വലിയ വെല്ലുവിളികള്‍. ഒരു വര്‍ഷമെടുത്ത് ഒരു ഡോക്യുമെന്ററി നിര്‍മിക്കുകയെന്നത് വലിയ പ്രിവിലേജുള്ളവര്‍ക്ക് മാത്രം നടക്കുന്ന സംഗതിയാണ്. വിഭവങ്ങള്‍ കൈ പിടിയിലാക്കുകയെന്നതാണ് മറ്റൊരു വെല്ലുവിളി. വളരെ കുറച്ചുപേര്‍ മാത്രമുള്ള ഒരു നെറ്റ് വര്‍ക്കാണിത്. ഫെലോഷിപ്പിനെ കുറിച്ചും അന്താരാഷ്ട്ര ഗ്രാന്‍ഡിനെ കുറിച്ചും അവര്‍ക്ക് മാത്രമേ അറിവുള്ളൂ. ഇതൊരു ചെറിയ ഗ്രൂപ്പാണ്, നിങ്ങള്‍ രാഷ്ട്രീയ സിനിമയാണെടുക്കുന്നതെന്ന് പറഞ്ഞ് അവര്‍ നമ്മളെ അതിനകത്തേക്ക് കയറ്റില്ല. ലിബറല്‍ സിനിമകളല്ലല്ലോ നമ്മള്‍ എടുക്കുന്നത്.

ഡോക്യുമെന്ററി സിനിമാ സ്വഭാവത്തില്‍ കഥ പറയാമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്?

യാഥാര്‍ത്ഥ്യങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഡോക്യുമെന്ററി സിനിമകളോട് എനിക്കിഷ്ടം. സാങ്കല്‍പ്പികവും അല്ലാത്തതുമായ രീതിയിലാണ് സിനിമ പിടിക്കാന്‍ പറ്റുക. സാങ്കല്‍പ്പിക കഥകള്‍ ചിത്രീകരിക്കുക പണചെലവേറിയ കാര്യമാണ്. ഒരു ഫിക്ഷണല്‍ സിനിമ പിടിക്കാന്‍ ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപ വേണം. സിനിമ ചിത്രീകരിക്കാന്‍ വലിയ അംഗബലവും വേണം. ഡോക്യുമെന്ററിക്ക് ഇതൊന്നും തന്നെ ബാധകമല്ല. ഇതാണ് ഡോക്യുമെന്ററി വഴിക്ക് സഞ്ചരിക്കാനുള്ള ആദ്യത്തെ കാരണം.


സിനിമാ നിര്‍മാണത്തില്‍ പ്രചോദനമേകിയ വ്യക്തികളുണ്ടോ?

പാ രഞ്ജിത്തും നാഗരാജ് മഞ്ജുളെയുമാണ് എന്നെ പ്രചോദിപ്പിച്ച സിനിമാ പ്രവര്‍ത്തകര്‍. ആറ് വര്‍ഷത്തെ കരിയര്‍ ആണ് എന്റേത്. ഫാണ്ട്രി ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. പൂനെയില്‍ പഠിക്കവെ അവിടുത്തെ വിദ്യാര്‍ഥികള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പാ രഞ്ജിത്ത് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പാ രഞ്ജിത്തും അവിടെയുണ്ടായിരുന്നു. ഞാനദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടതാണ്, രാഷ്ട്രീയം പിന്തുടരുന്ന വ്യക്തിയാണ്. രണ്ടും എനിക്ക് പ്രചോദനം നല്‍കുന്നവയാണ്.

പാ രഞ്ജിത്തുമായി 'ചൈത്യ ഭൂമി'(Chaityabhumi) എന്ന പ്രൊജക്ട് ചെയ്യുന്നുണ്ടല്ലോ. ആ അനുഭവം പങ്കുവെക്കാമോ?

പാ രഞ്ജിത്ത് ഏറ്റവും എളുപ്പത്തില്‍ സമീപിക്കാവുന്ന വ്യക്തിയാണ്. 2018ല്‍ ചെന്നൈയില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് പാ രഞ്ജിത്തിന്റെ ടീമിലെ കൂടുതല്‍ പേരെ പരിചയപ്പെടാന്‍ സാധിച്ചു. നല്ല സഹായവും പിന്തുണയും നല്‍കുന്ന ഒരു സംഘമാണ് അവരുടേത്. അങ്ങനെയാണ് ഈ പ്രൊജക്ടില്‍ എത്തുന്നത്.

സിനിമാ നിര്‍മാണവും ആക്ടിവിസവും തമ്മിലുള്ള വ്യത്യാസമെങ്ങനെയാണ് കാണുന്നത്? ഈ വ്യവസായത്തിനകത്ത് സോമ്‌നാഥിന് എങ്ങനെയാണ് സ്വയം പരിചയപ്പെടുത്താന്‍ താല്‍പര്യം ?

ഓരോ ഇന്ത്യക്കാരന്റെയും പ്രവര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാ സിനിമയും രാഷ്ട്രീയ സിനിമയാണ്. ഉന്നതജാതിയിലുള്ള ഒരാളുടെ കഥയാണെങ്കിലും ദലിത് ജീവിതമാണെങ്കിലും മുസ്‌ലിം കഥയാണെങ്കിലും എല്ലാം രാഷ്ട്രീയമാണ്. എല്ലാ സിനിമയിലും തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. ഒരു ഗവേഷകന്‍ എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലുമാണ് എനിക്ക് എന്നെ പരിചയപ്പെടുത്താന്‍ ഇഷ്ടം.


വരാനിരിക്കുന്ന ഡോക്യുമെന്ററികളായ ചൈത്യ ഭൂമി(Chaityabhumi), ഗെയിലും ഭരതും(Gail and Bharat) എന്നിവയെ കുറിച്ച്

രണ്ടാം കോവിഡ് തരംഗ സമയത്ത് ഗെയില്‍ ഓംവെദ്ത് മരണപ്പെട്ടു. എന്റെ രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ശേഷമാണ് ഞാനിത് ആരംഭിക്കുന്നത്. അവരെ മൂന്ന് വര്‍ഷത്തോളം ഞാന്‍ പിന്തുടര്‍ന്നിരുന്നു. ഡോക്യുമെന്റേഷന്‍ എനിക്കിഷ്ടമാണ്. വ്യക്തികള്‍, ചരിത്രം, ഓര്‍മ്മ, സംസ്‌കാരം എന്നിവയൊക്കെ ഉള്‍പ്പെടുന്നവ അടുത്ത തലമുറക്ക് വേണ്ടി എനിക്ക് എടുത്തുവെക്കണം. ചൈത്യ ഭൂമി ഇപ്പോള്‍ എഡിറ്റിങ് ഘട്ടത്തിലാണ്.

ഭാവി പരിപാടികള്‍

ബീഗംപുര പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു ചെറിയ നിര്‍മാണ കമ്പനി തുടങ്ങിയിട്ടുണ്ട്. രണ്ട് സുഹൃത്തുക്കളും ഇതിന്റെ ഭാഗമാണ്. ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞത് ചെറിയ വീഡിയോ സ്റ്റോറിയെങ്കിലും ചെയ്യുകയെന്നതാണ് ആലോചന. ഞാനൊറ്റക്ക് ഒരു സ്റ്റോറി ചെയ്യുമ്പോള്‍ അതിന് ഒന്നോ രണ്ടോ വര്‍ഷമെടുക്കും. ഇതിലൂടെ ഏറ്റവും കുറഞ്ഞത് നാല് വീഡിയോയെങ്കിലും ഒരു വര്‍ഷം പുറത്തുവരും