Quantcast
MediaOne Logo

വിജി പെൺകൂട്ട്

Published: 1 April 2022 12:00 PM GMT

തിരിച്ചറിവിന്റെ കാലം ; നിശ്ചയദാർഢ്യത്തിന്റെയും

വിജി പെൺകൂട്ട് ജീവിതം പറയുന്നു

തിരിച്ചറിവിന്റെ കാലം ; നിശ്ചയദാർഢ്യത്തിന്റെയും
X

പറയഞ്ചേരി ഗേൾസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ക്ലാസിലും ഞാൻ ലീഡറായിരുന്നു. പഠിച്ചിട്ട് ഒന്നുമല്ല കേട്ടോ. ഇപ്പോഴൊക്കെ പഠിക്കുന്ന കുട്ടികൾ ആണല്ലോ ക്ലാസ് ലീഡർ, അന്ന് പഠിക്കാൻ അല്ല. എല്ലാവരെയും തിരിച്ചറിയുക, എല്ലാരും സംസാരിക്കുമ്പോൾ ഞാൻ അവരെക്കാൾ കൂടുതൽ സംസാരിക്കുന്ന ആളാവുക. സംസാരിക്കുക മീൻസ് കാര്യങ്ങൾ പറയാൻ മുന്നിലെ ബെഞ്ചിൽ ഒക്കെ പോയി ഇരിക്കും ഞാൻ. അങ്ങനെ എന്താ പറയാ.. ഇടാനുള്ള ഡ്രസ്സ്, ഇടുന്ന ഡ്രസ്സ് ഒരു പാവാടയാണ് ഒരാഴ്ച ഇടുക. അങ്ങനെ ഒരുതരം ഡ്രസ്സിന്റെ ഒക്കെ ഒരു പോരായ്മ കൊണ്ടൊരു മുഷിഞ്ഞ മണമൊക്കെയാണ്. അപ്പോഴൊക്കെ ഇങ്ങനെ കുട്ടികൾ നമ്മളോട് ചെറിയൊരു തരത്തിലുള്ള അകൽച്ച കാണിച്ചാൽ ഞാൻ എന്ത് ചെയ്യും.. ബാക്കിലേക്ക് പോകും. ബാക്കിലേക്ക് പോയിരിക്കും കാരണം, നമ്മൾ കാരണം ആർക്കും ബുദ്ധിമുട്ടരുത് എന്നൊരു ചിന്തയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞു, വളരെ കുറച്ച് മാർക്കിന് തോറ്റു.

ടീച്ചർമാർ വീട്ടിലേക്ക് വന്നു. ടീച്ചർമാർക്ക് അറിയാം ഞാൻ പഠിച്ചാൽ, പഠിക്കാനുള്ള സാഹചര്യവും പുസ്തകങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ടെങ്കിൽ ഇവൾ പാസാകും എന്നകാര്യം ടീച്ചേഴ്സിന് അറിയാം. എന്തൊക്കെയോ ടീച്ചർമാരൊക്കെ തരുന്നുണ്ട്, നമ്മളെ സന്തോഷിപ്പിക്കാൻ. പക്ഷേ പുസ്തകം ആയിട്ട് ഒന്നും എനിക്ക് കിട്ടിയില്ല. അപ്പോൾ ടീച്ചർമാർ വന്നപ്പോൾ അമ്മയോട് ടീച്ചർമാർ സംസാരിച്ചു. "ഒന്നുകൂടി അവൾ എഴുതട്ടെ, പത്താം ക്ലാസ് പിന്നെയും എഴുതാല്ലോ. ഒന്നുകൂടെ എഴുതട്ടെ. അപ്പോൾ ഈ പാസാവാൻ സാധ്യതയുണ്ട്, ഒന്ന് അവളെ എഴുതാൻ, ഒന്നുകൂടെ എഴുതാൻ സഹായം ചെയ്യുമോ?" എന്ന് ചോദിക്കാൻ ടീച്ചർമാർ വീട്ടിലെ അമ്മയെയും അച്ഛനെയും വന്നു കണ്ടു. അമ്മ അന്നേരമാണ് പറയുന്നത്, " ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് എന്റെ മുതലാളി ഇവൾക്ക് പുസ്തകം വാങ്ങാൻ പൈസ തന്നിരുന്നു. എന്റെ മോള് പത്താംക്ലാസ് എത്തിയെന്ന്, അന്നൊക്കെ വലിയ കാര്യമാണ് പത്താം ക്ലാസ് എത്തുക എന്നുപറഞ്ഞാൽ. പുസ്തകം വാങ്ങാൻ പൈസ തന്നിരുന്നു. ഞാൻ അന്നേരം ഇവിടെ പട്ടിണിയായിരുന്നു. പട്ടിണിയാണ് എന്റെ പ്രശ്നമായത്. ഞാൻ അന്നേരം നേരെ റേഷൻ കടയിൽ പോയി അരി വാങ്ങി" എന്ന് പറഞ്ഞു.



ഞാൻ അമ്മയെ ഒന്നു നോക്കി. അമ്മയ്ക്ക് ഒട്ടും വിദ്യാഭ്യാസമില്ല. അമ്മയ്ക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലല്ലേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയുകയുള്ളൂ. ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ ഈ പുസ്തകം ഒക്കെ എടുത്ത് ഇങ്ങനെ കുറെ വായിക്കുക ഒക്കെ ചെയ്യുമായിരുന്നു. പിന്നെ എനിക്ക് എഴുതാനും പറ്റിയില്ല. ഇവരുടെ ഭാഗത്തുനിന്ന് ആ തരത്തിൽ സപ്പോർട്ടും ഉണ്ടായില്ല. ഇവർക്ക് പറ്റില്ല. ഇവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അന്നത്തെ കാലത്ത് അങ്ങനെയാണ്. അപ്പോൾ പഠനം ഏകദേശം അവിടെ അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പിന്നെ ഞാൻ എന്തെങ്കിലും പുറത്ത് ജോലി കിട്ടിയാൽ പോകാമെന്നുള്ള ഒരു താല്പര്യം വന്നു. അമ്മയോട് ഞാൻ പറഞ്ഞു എനിക്ക് എന്തെങ്കിലും പണി കിട്ടിയാൽ ഞാൻ പോകും. അന്നൊന്നും പെണ്ണുങ്ങൾ അങ്ങനെ പുറത്തൊന്നും പണിക്ക് പോകില്ല. പക്ഷേ ഞാൻ, എന്റെ ഏച്ചിനെ പോലെയല്ലായിരുന്നു. എനിക്കിങ്ങനെ പുറത്ത് എല്ലാവരുമായിട്ട് നല്ല... എനിക്ക് ആളുകളെ കാണണം. എനിക്ക് ആളുകളോട് സംസാരിക്കണം. അന്നേ അങ്ങനെയൊരു താൽപര്യമാണ്. മരമൊക്കെ കണ്ടാൽ മരത്തിൽ കയറണം. പ്ലാവ് ഇങ്ങനെ ആയി നിൽക്കുകയാണെങ്കിൽ അതിന്റെ മുകളിൽ കയറി ചക്ക പറിക്കാൻ ഇഷ്ടമാണ്. മാങ്ങ ഉണ്ടാവുമ്പോൾ മാവുമ്മൽ കയറും. അങ്ങനെ കയറിയിട്ട് ഞാൻ വീണു. ഇവിടെയൊക്കെ അടയാളം ഉണ്ട്. ദിവസവും അമ്മ വന്നുകഴിഞ്ഞാൽ എന്നെ കൊണ്ട് ആശുപത്രിയിൽ പോകും അല്ലെങ്കിൽ കമ്പൗണ്ടറുടെ അടുത്തേക്ക് പോകും. അമ്മയ്ക്ക് ഇത് പണിയാണ്. എനിക്ക്...എന്തായാലും ഞാൻ നിലത്ത് ഒന്നും നിൽക്കില്ല. എനിക്കിങ്ങനെ ചാടിച്ചാടി പോകാനാണ് ഇഷ്ടം. വീട്ടിനകത്ത് തന്നെ ഇരിക്കാൻ ഒന്നും എനിക്കിഷ്ടമല്ല. അമ്മയും അച്ഛനും വരുമ്പോൾ നമ്മൾ വീട്ടിലിരുന്നാൽ മതി. അമ്മമ്മയും പണി കഴിഞ്ഞു വരുമ്പോഴേക്കും നമ്മൾ വീട്ടിൽ, അവിടെ ഒരു മേശയുണ്ട് അതിന്റെ മുകളിൽ കയറി അടങ്ങിയൊതുങ്ങി ഒക്കെ ഇരിക്കണം. അതുവരെ ഞങ്ങൾ ഭയങ്കര രസകരായിട്ട്.. ഞങ്ങൾ കിട്ടിയ ചാൻസ് ഉപയോഗിക്കുക എന്നൊക്കെ പറയാറില്ലേ. പുളി മരത്തിന്റെ മുകളിൽ ഒക്കെ പിടിച്ചുതൂങ്ങി കയറി ഞങ്ങളും ഊഞ്ഞാൽ ഒക്കെ കെട്ടുമായിരുന്നു. അന്നൊക്കെ ഊഞ്ഞാൽ.. തെങ്ങ് ഒക്കെ വീഴും..അക്കാലത്ത് കുറേ സ്ഥലങ്ങൾ ഉണ്ടാവും.

തെങ്ങ് ഒക്കെ വീണാൽ തെങ്ങിന് മുകളിൽ കയറി ഞങ്ങൾ ബസ്സ് ആയി കളിക്കും. രസായിരുന്നു ശരിക്കും ആ ഒരു കാലം. ഇന്ന് കുട്ടികൾ കളിക്കുന്നത് ഒന്നും നമ്മൾ കാണുന്നില്ലല്ലോ. എല്ലാവരും ഫോൺ, ടീവി, അല്ലെങ്കിൽ പഠനം. അന്ന് അതൊന്നുമല്ല. അന്ന് മതിലിൽ കയറുക, പാറമേൽ കയറുക, മരത്തിന്മേൽ കയറുക. വെല്ലുവിളിയിലാണ് ഇതൊക്കെ ചെയ്യുക ഞങ്ങൾ. ആൺകുട്ടികൾ എന്റെ അനിയൻ ആയാലും മാമന്റെ മക്കളായാലും അവരൊക്കെ വെച്ച നായാട്ട്. നമ്മൾക്ക് കയറാൻ പറ്റില്ല എന്ന രീതിയിലാണ് അവർ നമ്മളോട് പെരുമാറുക. നിങ്ങൾക്ക് പറ്റൂല എന്നുള്ളത്. നമ്മൾ വെല്ലുവിളിച്ച് കേറും. സൈക്കിൾ ചവിട്ടും. അങ്ങനെ രസകരമായ ജീവിതമായിരുന്നു. അങ്ങനെ പഠനം അവിടെ കഴിഞ്ഞു. പിന്നെ എന്തെങ്കിലും പണിക്ക് അമ്മ എന്നെ കൊണ്ടു പോയി. എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഇവിടെ ബീച്ച് ഭാഗത്ത്, കോർപ്പറേഷന്റെ അടുത്ത് ഒരു ഫാൻസി ഉണ്ടായിരുന്നു. അവിടേക്ക് ആളെ വേണം എന്ന് എന്തോ പേപ്പറിൽ കണ്ടിട്ട് അച്ഛൻ പറഞ്ഞു ഇങ്ങനെ ഒരു ചാൻസ് ഉണ്ടെന്ന്. അങ്ങനെ ഞാനും അമ്മയും പോയപ്പോൾ, അമ്മയോട് പറഞ്ഞു ഞങ്ങൾ ഇങ്ങനത്തെ പെൺകുട്ടികളെയല്ല പ്രതീക്ഷിക്കുന്നത്. ഇത് കച്ചവടം ചെയ്യുന്ന സ്ഥാപനമാണെന്ന്. സംഭവം പിടി കിട്ടി. നമ്മൾ അങ്ങനെ ആ തരത്തിൽ കളറുള്ള ആളൊന്നുമല്ലല്ലോ. കറുത്ത പെൺകുട്ടി അല്ലേ!

പിന്നെ കാണാനും ആകർഷണീയം ആയിട്ട് എന്നെ ഫീൽ ചെയ്തില്ലല്ലോ. മനസ്സിലായി, കച്ചവടത്തിന് പറ്റിയ ആളല്ല ഞാൻ എന്നത് എനിക്ക് മനസ്സിലായി. അപ്പോൾ ഞാൻ തിരിച്ചു വന്നു. ഞാൻ പറഞ്ഞു എനിക്ക് എന്തെങ്കിലും കൈത്തൊഴിൽ പഠിക്കണം അമ്മേ. തുന്നൽ പഠിക്കാൻ ഞാൻ പോട്ടെ എന്ന് പറഞ്ഞു. അന്ന് പത്ത് രൂപയാണ് തുന്നൽ പഠിപ്പിക്കുന്നതിന്. അച്ഛനെ സോപ്പിട്ടു, അച്ഛാ എനിക്ക് ഒരു 10 രൂപ തരുമോ? അന്ന് റാക്കാണ്. ബ്രാണ്ടി ഒന്നുമില്ല. അച്ഛൻ നല്ല നാടൻ ചാരായം, റാക്ക് ഇതൊക്കെ കുടിക്കുന്ന ആളാണ്. ഞാൻ പറഞ്ഞു അച്ഛാ ഒരു 10 രൂപ മാറ്റിവെക്കണെ. എനിക്ക് ഒരു മാസമാണ് ഒരു പത്തു രൂപ. എന്നിട്ട് ഞാൻ തുന്നൽ പഠിച്ചു. മാത്രമല്ല തുന്നൽ പഠിക്കാൻ ഒരു ബോംബെക്കാരി വന്നിട്ടുണ്ടായിരുന്നു. അവൾ ഇങ്ങനെ ഹാൻഡി ക്രാഫ്റ്റ് സാധനങ്ങൾ ഒക്കെ ഉണ്ടാക്കുമായിരുന്നു. എന്നു വെച്ചാൽ വയറു കൊണ്ടും മുത്തു കൊണ്ടുമൊക്കെ ഡാൻസ് കളിക്കുന്ന ബൊമ്മ, ബാഗ്, കർട്ടൻ, പിന്നെ അലങ്കാര വസ്തുക്കൾ ഒക്കെ വളകൊണ്ടൊക്കെ ഉണ്ടാക്കി, നമ്മൾ ചുമരിൽ ഒക്കെ വെക്കുന്നത്.


പലതരം സംഭവങ്ങൾ മുത്തു കൊണ്ടും വയറു കൊണ്ടും ഒക്കെയായിട്ട്. ഓരോ കളറിലെ വള കൊണ്ട് ഒക്കെ ആയിട്ട് പല ഹാൻഡി ക്രാഫ്റ്റ് സാധനങ്ങൾ ഞങ്ങൾ ഉണ്ടാക്കും. അവൾ ഉണ്ടാക്കുന്നത് കണ്ട് ഞാനും പഠിച്ചു. ഞാനും ഉണ്ടാക്കാൻ തുടങ്ങി. അവൾ സാധനങ്ങൾ തരും. ഞാൻ അവൾക്ക് ഉണ്ടാക്കിക്കൊടുക്കും. അവൾക്ക് അത് വിൽക്കാം. സെയിലാവും. അങ്ങനെ ഞാൻ അതും പഠിച്ചു. തുന്നലും പഠിച്ചു.ആ സമയത്താണ് നമ്മളെ അജിത ചേച്ചി അവിടെ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങണമെന്ന് പറഞ്ഞ് അജിത ചേച്ചി അങ്ങോട്ട് വരുന്നത്. അപ്പോൾ അജിതേച്ചി വരുന്നു എന്ന് അമ്മയൊക്കെ പറയുമ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു ആരാ അജിതേച്ചി ? അപ്പോൾ അച്ഛൻ ഇങ്ങനെ പറഞ്ഞു പുലിയാണ്, നെക്സലേറ്റ് ആണ്, ആൾക്കാരുടെ തല വെട്ടിയിട്ടുണ്ട്, കൈ വെട്ടിയിട്ടുണ്ട്. ഒരു ഭീകര ജീവിയെ പോലെ അച്ഛൻ ഇങ്ങനെ എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എന്തായാലും അവർ അമ്മയെ പോലെ ഒരു പെണ്ണുങ്ങൾ അല്ലേ. പെണ്ണുങ്ങൾ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല മോളെ, അവർ ഇങ്ങനെയാണ്. പാന്റും ഷർട്ടുമൊക്കെ ഇട്ടിട്ട്, പാന്റും ബ്ലൗസുമൊക്കെ ഇട്ടിട്ട് ഇങ്ങനെയാണ്, കാട്ടിലാണ്. മുതലാളിമാരെയും ജന്മിമാരേയും ഒക്കെ കണ്ടാൽ വെടി! അപ്പോൾ ഞാൻ വിചാരിച്ചു നമുക്കൊന്ന് കാണാൻ എങ്കിലും ചെയ്യാമല്ലോ എന്നത്. അങ്ങനെയാണ് അമ്മയൊക്കെ, കുന്നുമ്മൽ ഒരു സ്കൂൾ ഉണ്ട്. അവിടെയാണ് ഫസ്റ്റ് മീറ്റിംഗ്. ഞാനെന്ന അജിതേച്ചിയെ കാണാൻ വേണ്ടി, അച്ഛൻ ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചിട്ട് ഭീകരജീവി അല്ലേ!

നമുക്കൊന്ന് കാണാല്ലോ എന്ന് വിചാരിച്ചു ഞാൻ പോയപ്പോൾ, ഹൊ! അജിതേച്ചിയെ കണ്ടിട്ട് എനിക്ക് സങ്കടമായി. അച്ഛൻ പറഞ്ഞ ഈ ഭീകരജീവി സത്യത്തിൽ എന്റെ അമ്മയാണ്. കാരണം അച്ഛൻ ആ തരത്തിൽ അമ്മയോട് അക്രമം ഉണ്ടാക്കി ഉണ്ടാക്കി ഉണ്ടാക്കി അമ്മ ആ തരത്തിൽ ഒരു ഭീകര മനസ്സും ഭീകരജീവിയുടെ ഇതിൽ ഒക്കെയാണ് അമ്മ പെരുമാറിയിരുന്നത്. ഞങ്ങളോട് ഒക്കെ ഭയങ്കരം എവിടെയും കേൾക്കുന്ന ശബ്ദത്തിലും, ആ രീതിയിലും ഒക്കെയാണ് പെരുമാറുക. സ്നേഹത്തിൽ ഒന്നും അമ്മയ്ക്ക് ഞങ്ങളോട് പെരുമാറാൻ പറ്റില്ല. അമ്മ ആ തരത്തിൽ അച്ഛന്റെ അടുത്തു നിന്ന് ഒരുപാട് പീഡനങ്ങളും അക്രമങ്ങളും ഒക്കെ നേരിട്ടിട്ടുണ്ട്. അങ്ങനെ അമ്മ മാനസികസംഘർഷത്തിന്റെയൊക്കെ ഉടമയാണ്. എന്നാൽ അച്ഛൻ എന്നോട് പറയുന്നത് കേട്ടപ്പോൾ അജിതേച്ചി ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞപ്പോൾ, എന്നിട്ട് അജിതേച്ചിയെ കണ്ടപ്പോൾ ഇതുപോലൊരു സ്ത്രീ! അങ്ങനെ അജിതേച്ചി അവിടെ വന്നു, ഈ തരത്തിൽ, ഗാർഹിക പീഡനം..





ഗാർഹിക പീഡന ആക്ട് ഒക്കെ ഇന്നാണ്.

അന്ന് ഭാര്യയും ഭർത്താവും അല്ലേ. അത് ആരും ഇടപെടേണ്ട എന്ന രീതി ആ കാലത്ത് അജിതേച്ചി 'എന്തിന്? എന്തുകൊണ്ട്? എന്താ? ' എന്ന് ചോദിക്കാൻ അജിതേച്ചിക്ക് മാത്രമേ അന്ന് ധൈര്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ ഏരിയയിൽ പാർട്ടി മീറ്റിംഗ് ഒക്കെ നടക്കുമ്പോൾ ഞങ്ങളുടെ അറിയുന്ന ചേട്ടന്മാരൊക്കെ ആണല്ലോ കുടുംബത്തിലൊക്കെ ഈ പാർട്ടി മീറ്റിംഗ് ഒക്കെ നടത്തുക. അപ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട്, അച്ഛൻ ഇപ്പൊ തുടങ്ങും കേട്ടോ.

അല്ല ചേട്ടന്മാരെ, ഞങ്ങൾക്ക് പഠിക്കാൻ ഒന്നും പറ്റുന്നില്ല. അച്ഛൻ വെള്ളമടിച്ച് അമ്മയെ നല്ല അടിയാണ്. അതു കണ്ട് ഞങ്ങൾക്ക് പഠിക്കാൻ പറ്റുന്നില്ല. അപ്പോൾ ഇതൊന്നു പറഞ്ഞുകൂടെ. ഞങ്ങൾക്ക് പഠിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കി തരാൻ എങ്കിലും അച്ഛനോട് എന്ന് പറഞ്ഞു കൂടെ. അപ്പോൾ ഞങ്ങളോട് പറഞ്ഞു അച്ഛന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കട്ടെ, അപ്പോൾ അമ്മയുടെ പ്രശ്നവും പരിഹരിക്കാമെന്ന്.

(തുടരും)

TAGS :