Quantcast
MediaOne Logo

പി ലിസ്സി

Published: 23 Nov 2022 10:22 AM GMT

മനുഷ്യരെ അപരരുടെ ചാരന്മാരാക്കി മാറ്റുകയാണ് കേരള പൊലീസ്

കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച 'വാച്ച് യുവര്‍ നെയ്ബര്‍' (Watch Your Neighbor) അഥവാ, സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello To Your Neighbor) എന്ന പദ്ധതി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള അധിനിവേശമാണ്. ഭരിക്കുന്നവര്‍ക്ക് ഭരിക്കപ്പെടുന്നവരോടുള്ള പേടിയുണ്ട്. ആ പേടിയില്‍ നിന്നാണ് ഈ ചാരക്കണ്ണുകള്‍ ഉണ്ടാവുന്നത്. | അഭിമുഖം: കെ. രാജന്‍/പി. ലിസ്സി

മനുഷ്യരെ അപരരുടെ ചാരന്മാരാക്കി മാറ്റുകയാണ് കേരള പൊലീസ്
X

അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ട് കേരള പൊലീസ് നടപ്പാക്കുന്ന പദ്ധതിയാണ്. 'വാച്ച് യുവര്‍ നെയ്ബര്‍' (Watch Your Neighbor) അഥവാ, സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello To Your Neighbor). കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച പദ്ധതിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നുവന്നത്. കൊച്ചിയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെയ യോഗം വിളിച്ചാണ് വാച്ച് യുവര്‍ നൈബര്‍ എന്ന പദ്ധതി ഡി.ജി.പി വിശദീകരിച്ചത്. 'അയല്‍വാസി അപകടകാരിയും ആയേക്കാം, അതുകൊണ്ട് അവരെ എപ്പോഴും നിരീക്ഷിക്കണം' ഇതാണ് പൊലീസിന്റെ നിര്‍ദേശം.

അയല്‍ക്കാരിലേക്ക് പൊലീസ് എന്തിന് ഒളിഞ്ഞുനോക്കണം എന്നായിരുന്നു ഈ പദ്ധതിയുമായി ഉയര്‍ന്ന പ്രധാനപ്പെട്ട ആരോപണം. സംഭവം വിവാദമായതോടെ പൊലീസ് തന്നെ രംഗത്തെത്തുകയും ചെയ്തു. വാച്ച് യുവര്‍ നെയ്ബര്‍ എന്ന പദ്ധതിയില്ലെന്നും അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് സെ ഹലോ റ്റു യുവര്‍ നെയ്ബര്‍ എന്നുമാണ് പൊലീസ് വിശദീകരണം. ജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് ഭരണകൂടവും പൊലീസും നടത്തുന്ന ഈ ഒളിഞ്ഞുനോട്ടം എത്രത്തോളം അപകടമാണെന്നതിനെക്കുറിച്ച് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ. രാജന്‍ സംസാരിക്കുന്നു.

ഭരണകൂടം പൗരനുമേല്‍ നടത്തുന്ന ഒളിഞ്ഞുനോട്ടത്തിന്റെ ഒരു പതിപ്പായി ഇതിനെ കണക്കാക്കാമെന്ന് തോന്നുന്നു. എങ്ങിനെ വിലയിരുത്തുന്നു പൊലീസിന്റെ ഇത്തരം നീക്കങ്ങളെ?

അയല്‍ക്കാരെ കാവല്‍ക്കാരായി മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസിന്റെ വ്യാഖ്യാനം. നമ്മുടെ സിവില്‍ സൊസൈറ്റി ഒരു ക്രിമിനല്‍ സൊസൈറ്റിയായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ പ്രധാന ഉത്തരവാദിത്വം നമ്മുടെ രാഷ്ട്രീയ സമൂഹത്തിന് തന്നെയാണ്. അടുത്തകാലം വരെ നമ്മുടെയെല്ലാം പ്രധാനപ്പെട്ട ജീവിത ഉപാധി എന്ന് പറയുന്നത് സ്ഥലം വാങ്ങലും വില്‍ക്കലും ഒക്കെയായിരുന്നു. രാഷ്ട്രീയ സമൂഹം എന്ന് പറയുന്നത് ഒരു കവര്‍ച്ചാ സംഘമാണ്. അവര്‍ നമ്മുടെ പൊതുവിഭവങ്ങള്‍ കട്ടെടുത്തിട്ട് അവരുടെ ആളുകള്‍ക്ക് മറിച്ചുകൊടുക്കുകയാണ്.


അടുത്തകാലത്തുള്ള ഉദ്യോഗസ്ഥ നിയമനങ്ങളും വി.സി നിയമങ്ങളും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ നിയമന ശിപാര്‍ശകത്തുമെല്ലാം സൂചിപ്പിക്കുന്നത് അതാണ്. പൊതുസമ്പത്ത് അഥവാ, ഭൂമിയുടെ വിതരണം ഇതെല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ രാഷ്ട്രീയ സമൂഹമാണ്. അവരത് കൊടുക്കുന്നതും കൈമാറുന്നതുമെല്ലാം പ്രത്യേക വര്‍ഗങ്ങള്‍ക്ക് മാത്രമാണ്. പ്രത്യേകിച്ചും ഉന്നതകുല സമുദായങ്ങള്‍ക്കാണ് വിഭവങ്ങളുടെ നല്ലൊരു ശതമാനവും പോകുന്നത്. ആ സാഹചര്യത്തില്‍ വിഭവങ്ങളുടെ വിതരണത്തിലെ നീതിയില്ലായ്മയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിം സമൂഹങ്ങള്‍, ദലിത് വിഭാഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, കേരളത്തില്‍ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തീരെ ചര്‍ച്ച ചെയ്യപ്പെടാത്ത സമൂഹമായ വിശ്വകര്‍മ വിഭാഗം തുടങ്ങിയവരാണ്.

ക്രിമിനല്‍ വല്‍കരിക്കപ്പെടുന്ന രാഷ്ട്രീയം യഥാര്‍ഥത്തില്‍ അതിന്റെ നല്ല പിള്ള ചമയുന്നതിന്റെ ഭാഗമായി സമൂഹത്തെ തന്നെ ക്രിമിനല്‍ വല്‍കരിച്ചിട്ടുണ്ട്.

ഇത്തരം വിഭാഗങ്ങള്‍ക്ക് ഈ വിഭവങ്ങളുടെ വിതരണത്തിലെ നീതിയില്ലായ്മ അനുഭവിക്കുന്നുണ്ട്. അവരുടെ തൊഴിലുകള്‍ അസംഘടിത മേഖലകളും നിയമവിരുദ്ധമായി മാറാവുന്നതുമാണ്. അവര്‍ പലപ്പോഴും കുറ്റകൃത്യം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമുണ്ട്. മുത്തങ്ങ, ചെങ്ങറ സമരം - ഇതെല്ലാം കാണിക്കുന്നത് ഇവിടെയുള്ള സര്‍ക്കാരിന്റെ നീതിയില്ലായ്മയാണ് എന്നത് സത്യമാണെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാലേ നീതി കിട്ടൂ എന്ന അവസ്ഥയുണ്ട്. ഏതു നിമിഷവും ക്രിമിനല്‍വല്‍കരിക്കപ്പെടാവുന്ന മനുഷ്യരായി നമ്മുടെ സമൂഹം മാറിപ്പോയിട്ടുണ്ട്.

ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മുസ്‌ലിം സമൂഹമാണ് തീവ്രവാദത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. പൗരന്മാര്‍ക്ക് കിട്ടേണ്ട അടിസ്ഥാന നീതി പോലും കിട്ടാത്ത ഭരണകൂട പ്രക്രിയയുടെ അനവധി തെളിവുകള്‍ നമ്മുടെ കൈയില്‍ ഉണ്ട്. മഅ്ദനിയുടെ അറസ്റ്റ് മുതല്‍ അടുത്ത കാലുത്തുണ്ടായ പോപ്പുലര്‍ഫ്രണ്ട് സംഘടനയുടെ നിരോധനം, അറസ്റ്റ് എന്നിവയെല്ലാം ഇതിന്റെ തെളിവുകളാണ്. ഇത്തരത്തില്‍ ക്രിമിനല്‍ വല്‍കരിക്കപ്പെടുന്ന രാഷ്ട്രീയം യഥാര്‍ഥത്തില്‍ അതിന്റെ നല്ല പിള്ള ചമയുന്നതിന്റെ ഭാഗമായി സമൂഹത്തെ തന്നെ ക്രിമിനല്‍ വല്‍കരിച്ചിട്ടുണ്ട്.

ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ പൗരനുമേല്‍ നടത്തിയിരുന്ന ഇത്തരം സര്‍വയലന്‍സുകള്‍ ആധുനീക ജനാധിപത്യ ഭരണകൂടങ്ങളും പിന്തുടരുന്നത് എന്തുകൊണ്ടാകാം?

പൗരന്മാരുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ഭരണകൂടത്തിന്റെ സംരക്ഷണം നല്‍കുന്ന രാഷ്ട്രീയത്തെ വിളിക്കുന്ന പേരാണ് ജൈവ രാഷ്ട്രീയം. ഫൂക്കോയുടെയൊക്കെ സങ്കല്‍പമാണ് ജൈവ രാഷ്ട്രീയം. പ്രസവം, ആരോഗ്യം തുടങ്ങിയ ജൈവീകമായ പ്രക്രിയയില്‍ ഭരണകൂടത്തിന്റെ അധികാരം വരുന്ന രാഷ്ട്രീയത്തെയാണ് ജൈവ രാഷ്ട്രീയം എന്ന് വിളിക്കുന്നത്. ഫൂക്കോ അധികാരത്തിന്റെ സൃഷ്ടിപരമായ ഒരു തലത്തെ അവിടെ കണ്ടെത്തുന്നു. യഥാര്‍ഥത്തില്‍ ഒരു അധികാരവും അങ്ങനെ ജനകീയമോ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോ അല്ല; ഒരുകാലത്തും അല്ല. അത് അങ്ങനെ നടിക്കുന്നതാണ്. മന്ത്രവാദത്തെ കുറിച്ച് നമ്മള്‍ പറയുന്നത് അതിന് ദണ്ഡനമുണ്ട്, മാരണമുണ്ട്, വശീകരണമുണ്ട് എന്നൊക്കെയാണ്. അധികാരം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ദണ്ഡനീതിയെ മറച്ചുവെക്കാന്‍ വേണ്ടി, മാരകമായ സ്വഭാവത്തെ മറച്ചുവെക്കാന്‍ വേണ്ടി വശീകരണം നടത്തുന്നുണ്ട്. ആധുനിക ഭരണകൂടങ്ങളുടെ സംവിധാനത്തില്‍ അച്ചടക്ക സമൂഹത്തില്‍നിന്ന് നിയന്ത്രണ സമൂഹത്തിലേക്ക് മാറിയെന്ന് പറയാറുണ്ട്. അതിന്റെ അര്‍ഥം

നമ്മുടെ സ്‌കൂളുകള്‍, ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങിയവക്ക് പകരം നമ്മളെ നിരീക്ഷിക്കുന്ന, നോട്ടം നടത്തുന്ന സംവിധാനത്തിലേക്ക് കൂടുതല്‍ മാറിപ്പോയി എന്ന് പറയുന്നുണ്ട്. ഇത് യൂറോപ്പിലെ സാഹചര്യത്തില്‍ പുതിയ കാര്യമായിരിക്കാം. പക്ഷേ, നമ്മളെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥ അധികാരത്തെ നിര്‍ണയിക്കുന്ന നമ്മുടെ സമൂഹത്തില്‍ എന്നും അതൊരു നിയന്ത്രിത സമൂഹമായിരുന്നു. ജൈവ രാഷ്ട്രീയം എന്നല്ല, മരണ രാഷ്ട്രീയം എന്നാണ് കാമറൂണിയന്‍ ചിന്തകനായ അച്ച്‌ലേ മ്‌ബേംബെ (Achilles Mbembe) ഇതിനെ വിളിക്കുന്നത്. യൂറോപ്പിലെ ജൈവ രാഷ്ട്രീയം നിലനില്‍ക്കുന്നത് നമ്മളെപ്പോലുള്ള മൂന്നാംലോകരാജ്യത്തിന്റെ ചെലവിലാണ്.

തങ്ങളുടെ വിഭവങ്ങളുടെ ഒരംശം ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടാണ് സംഘകാലത്തെ രാജാക്കന്‍മാര്‍ മഹാന്‍മാരാകുന്നത്. അതേ രീതിയിലാണ് യൂറോപ്പും അതിന്റെ ജനാധിപത്യം നിലനിര്‍ത്തുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ കായംകുളം കൊച്ചുണ്ണി മോഷ്ടിച്ചതിന്‍െ ഒരു പങ്ക് ജനങ്ങള്‍ക്ക് പകുത്തുകൊടുക്കുന്ന രീതി.

മരണ രാഷ്ട്രീയം എന്ന് പറയുന്നത്, ആരാണ് മരിക്കേണ്ടത്, ആരാണ് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് പരമാധികാരം എന്ന് പറയുന്നതാണ്. ഇന്ത്യയുടെ പരമാധികാരത്തിന്റെ വേരുകള്‍ അന്വേഷിച്ചു പോകുമ്പോള്‍ ജാതിയെ വ്യവസ്ഥയിലും അതിനെ നിയന്ത്രിക്കുന്ന ബ്രാഹ്മണിക്കല്‍ അധികാരത്തെയാണ് കാണാന്‍ സാധിക്കുക. അര്‍ഥശാസ്ത്രമാണ് അവരുടെ വേദഗ്രന്ഥം. അര്‍ഥശാസ്ത്രം മരണ രാഷ്ട്രീയത്തിന്റെ വേദപുസ്തകം ആകുന്നത് ജനാധിപത്യ മൂല്യങ്ങളെ ഇത്രത്തോളം നിന്ദിക്കുന്ന ഒരു ഫാസിസ്റ്റ് രാഷ്ട്രീയം അതില്‍ ഉള്ളടങ്ങിയിട്ടുള്ളതുകൊണ്ടാണ്. മനുസ്മൃതിയും അര്‍ഥശാസ്ത്രവുമൊക്കെ ഒരുപക്ഷേ ഹിറ്റ്‌ലര്‍ വായിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഭീകരന്‍ ആവുമായിരുന്നു. അര്‍ഥ ശാസ്ത്രം പറയുന്നത് സ്‌നേഹം, പങ്കിടല്‍, സ്വാതന്ത്ര്യം എന്നിവയെ കുറിച്ചല്ല. മറിച്ച് ചതി, വഞ്ചന, അട്ടിമറി എന്നിവ വഴി അധികാരം എങ്ങനെ രാജാക്കന്മാര്‍ക്ക് നിലനിര്‍ത്താം എന്നതായിരുന്നു. അതില്‍ ചാര പ്രവര്‍ത്തിയെ കുറിച്ചൊക്കൊ പറയുന്നുണ്ട്. ചാരപ്രവര്‍ത്തിയെ ഗൂഢ പുരുഷന്‍ എന്നാണ് പറയുന്നത്. ഗൂഢപുരുഷന്‍ എന്ന് പറയുന്നത് രഹസ്യങ്ങളെ അപസര്‍പ്പണം ചെയ്ത് രാജാവിന് എത്തിച്ചുകൊടുക്കുക എന്നാണ്. അപസര്‍പ്പണം ചെയ്യുകയെന്നാല്‍ വെളിച്ചത്തു കൊണ്ടുവരികയാണ് എന്നാണര്‍ഥം. ഗൂഢ പുരുഷന്‍മാരായി എല്ലാവരെയും മാറ്റുക എന്ന പ്രക്രിയയാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തുകൊണ്ടിരിക്കുന്നത്.


സമൂഹത്തില്‍ എങ്ങനെയൊക്കെയാണ് അട്ടിമറി നടത്തേണ്ടത്, ചിദ്രങ്ങള്‍ ഉണ്ടാക്കേണ്ടതെന്നതിനെ കുറിച്ച് അര്‍ഥശാസ്ത്രം പറയുന്നുണ്ട്. മലയാളത്തിലെ ആദ്യ ഭാഷാ ഗദ്യ കൃതികളില്‍ ഒന്ന് അര്‍ഥ ശാസ്ത്രത്തിന്റെ മലയാള രൂപമായ ഭാഷാ കൗടിലീയമാണ്. അതില്‍ ഫോറസ്റ്റ് മാനേജ്‌മെന്റ് എങ്ങനെ നടത്തണം, എങ്ങനെ യുദ്ധങ്ങള്‍ നടത്തണം, പ്രഭുക്കന്മാരെ എങ്ങനെ നിയന്ത്രിക്കണം, എങ്ങനെ അട്ടിമറി നടത്തണം തുടങ്ങിയവയൊക്കെ വിശദമായിട്ടുതന്നെ പ്രതിപാദിക്കുന്നുണ്ട്. കൈപുസ്തകമായിട്ടാണ് രാജാക്കന്മാരും മന്ത്രിമാരുമൊക്കെ രഹസ്യമായി അര്‍ഥശാസ്ത്രം കൊണ്ടു നടന്നിരുന്നത്. ഇതിന്റെ ആധുനികരൂപമാണ് കേരള പൊലീസിന്റെ ഈ പുതിയ പദ്ധതി എന്നുവേണമെങ്കില്‍ വിളിക്കാം.

പ്രബുദ്ധരെന്ന് നാം വിളിക്കുന്ന മലയാളികളുടെ കേരളത്തിലാണ് ഇത്തരമൊരു നീക്കം നടന്നത് എന്നതും പരിശോധിക്കേണ്ട കാര്യമല്ലേ?

തീര്‍ച്ചയായും. പക്ഷേ, മലയാളികളുടെ ഒരു പ്രകൃതം എന്ന് പറയുന്നത് തന്റേടം ഉള്ളവരാണെന്നതാണ്. മലയാളികള്‍ക്ക് ഒറ്റ തിരിഞ്ഞു പോകാനുള്ള ഒരു പ്രേരണയുണ്ട്. കൂട്ടായ്മകള്‍ ഇല്ലാതിരിക്കുക, വ്യക്തികള്‍ ഒറ്റതിരിഞ്ഞു വളര്‍ന്നു കൊണ്ടിരിക്കുക എന്നിവയൊക്കെ നമ്മുടെ ഇടയില്‍ കാണാനാവും. ഇങ്ങനെ മനുഷ്യര്‍ ശിഥിലീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യമാണ് ഭരണകൂടം ഉപയോഗിക്കുന്നത്. മനുഷ്യരെ ഓരോരുത്തരെയും അപരന്മാരുടെ ചാരന്മാരാക്കി മാറ്റിക്കൊണ്ടുള്ള പ്രക്രിയയാണ് പൊലീസിന്റെ പുതിയ പദ്ധതി. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയവയുടെ രാഷ്ട്രീയ ഘടന തന്നെ നമ്മുടെ സിവില്‍ സമൂഹത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഭരണകൂടവും സിവില്‍ സൊസൈറ്റിയും തമ്മിലുള്ള വൈരുധ്യമാണ് സി.സി.ടി.വി ക്യാമറകളും നിരീക്ഷണങ്ങളുമെല്ലാം ചെയ്യുന്നത്.

ഹാക്കിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഇരുതലയൂള്ള വാളാണ്. അത് ഭരണകൂടത്തിനെതിരെയും തിരിയാം, ജനങ്ങള്‍ക്കെതിരെയും തിരിയാം. മൊബൈല്‍ എന്ന് പറയുന്നത് ഭരണകൂടത്തിന്റെ മധ്യസ്ഥത ഇല്ലാതെ വ്യക്തികള്‍ക്ക് പരസ്പരം വിനിമയം ചെയ്യാവുന്ന ഉപകരണമാണ്. അതേസമയത്ത് വ്യക്തികളെ നിരീക്ഷിക്കാനും കുറ്റവാളികളുടെ സ്ഥാനം കണ്ടെത്താനും മൊബൈല്‍ സാധ്യതകള്‍ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്.

ചിതറി കിടക്കുന്ന വ്യക്തികളായി മലയാളി മാറി പോയിട്ടുണ്ട്. ആ ഏകാന്തത മറികടക്കാനാണ് പലപ്പോഴും

ആശ്രമങ്ങളിലേക്കും ധ്യാന പരിപാടികളിലേക്കും മലയാളി ഉള്‍വലിയുന്നത്. ഉള്ളില്‍ മനോരോഗികള്‍ ആയിട്ടുള്ളവരുടെ സമൂഹമാണ് കേരളം. മലയാളി അനുഭവിക്കുന്ന ഏകാന്തതയുണ്ട്. നാട്ടുമ്പുറത്താണ് കേരള പൊലീസ് ഈ പദ്ധതി നടപ്പാക്കുന്നതെങ്കില്‍ ആളുകള്‍ കൂട്ടം കൂടി പ്രതികരിക്കും. നഗര സ്വഭാവമുണ്ടെങ്കില്‍ പ്രതികരണ ശേഷി കുറയും. കേരളത്തിന് ഒരു അര്‍ധ നഗരത്തിന്റെ സ്വഭാവമാണ്.

അയല്‍ക്കാരന്‍ പട്ടിണി കിടന്നു മരിച്ചിട്ട് പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അറിയുന്നത്. അങ്ങനെ എത്രയെത്ര സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ പ്രശ്‌നമുണ്ട്. തെക്കുഭാഗങ്ങളില്‍ ഒക്കെയുള്ളവര്‍ക്ക് കൂടുതലും ഒറ്റപ്പെട്ട് ജീവിക്കുന്നവരാണ്. നേരത്തെ മുതലാളിത്ത സമൂഹമായി മാറിപ്പോയതിന്റെ ശീലങ്ങള്‍ കുറച്ച് അവിടെ ഇപ്പോഴും കാണാം. മലബാറില്‍ ഇപ്പോഴും ആ ശീലങ്ങള്‍ പൂര്‍ണമായിട്ടും വന്നിട്ടില്ല. അതായിരിക്കാം മലബാറിന്റെ നന്മ ആയിട്ടൊക്കെ പറയുന്നത്.

ഇത്തരമൊരു 'ചാരപ്പണിയിലൂടെ' ഭരണകൂടം ലക്ഷ്യം വെക്കുന്നത് എന്തൊക്കെയാകും?

ചാരന്മാര്‍ എന്ന് പറഞ്ഞാല്‍ രാജാവിന്റെ കണ്ണുകളാണ്. ആധുനിക കാലത്ത് ജനങ്ങള്‍ വെളിച്ചത്തിലാണെന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷേ, ഭരണകൂടം ഇരുട്ടുകൊണ്ട് ഒരു മറയുണ്ടാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവിതം വെളിച്ചത്തില്‍ ആക്കിയാല്‍ അത് നിരീക്ഷിക്കാന്‍ എളുപ്പമാണ്. ആധുനിക സാങ്കേതികവിദ്യ ജനാധിപത്യ വിപ്ലവമായ സാഹചര്യത്തില്‍ അസാന്‍ജസിനെ പോലുള്ള ആളുകള്‍ ഭരണകൂട രഹസ്യങ്ങളെ പുറത്തുകൊണ്ടുവരികയും അതിനെ സര്‍ക്കാര്‍ അട്ടിമറിക്കുകയും ചെയ്യുന്നുണ്ട്. ഹാക്കിംഗ് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഇരുതലയൂള്ള വാളാണ്. അത് ഭരണകൂടത്തിനെതിരെയും തിരിയാം, ജനങ്ങള്‍ക്കെതിരെയും തിരിയാം. മൊബൈല്‍ എന്ന് പറയുന്നത് ഭരണകൂടത്തിന്റെ മധ്യസ്ഥത ഇല്ലാതെ വ്യക്തികള്‍ക്ക് പരസ്പരം വിനിമയം ചെയ്യാവുന്ന ഉപകരണമാണ്. അതേസമയത്ത് വ്യക്തികളെ നിരീക്ഷിക്കാനും കുറ്റവാളികളുടെ സ്ഥാനം കണ്ടെത്താനും മൊബൈല്‍ സാധ്യതകള്‍ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. സി.സി.ടി.വി ക്യാമറകള്‍, ഫ്‌ളാറ്റുകളിലെ കൂട്ടായ്മകള്‍ തുടങ്ങിയവ വഴി നമ്മുടെ സമൂഹത്തിലെ അച്ചടക്കവല്‍കരണവും സമൂഹത്തിന്റെ നിയന്ത്രണവും എല്ലാം സാധിച്ചുവരുന്നുണ്ട്. ജനങ്ങള്‍ ക്രിമിനല്‍ വല്‍കരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ലെജിസ്ലേറ്റീവുമെല്ലാം അധികാര താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്ന ഇത്തരം ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ക്രിമിനലാവുക എന്നത് സ്വാതന്ത്രസമരത്തിന്റെ മുന്‍ഉപാധിയാണ്.

കേരളത്തിലെ കീഴാള വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ളത് അത്ര മാന്യമല്ലാത്ത തൊഴിലിലൂടെയാണ്. സ്വാത്വികമല്ലാത്ത തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത് ഇത്തരം സമൂഹമാണ്. കേരളത്തില്‍ കാണുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, കുറ്റവാളികളുടെ സംഘങ്ങള്‍, തമിഴ്‌നാട്ടിലെ കുറ്റവാളികളുടെ സംഘങ്ങള്‍ ഇവയെല്ലാം പൊലീസിങ്ങിന്റെ മാതൃകയില്‍ കാണുന്നത് തെറ്റാണ്. കുറ്റവാളികളാകുന്നത് അയാളുടെ ജന്മസഹജമായ വാസനകള്‍ കൊണ്ടല്ല. അവരുടെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ്. കുറ്റവാളികളെ പുനരധിവസിപ്പിക്കുക എന്നു പറഞ്ഞാല്‍ അര്‍ഥം നിലവിലുള്ള സിസ്റ്റത്തെ മാറ്റുക എന്നാണ്. ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തില്‍ സാധാരണ ചെറുപ്പക്കാര്‍ക്ക് കുറ്റവാളികള്‍ ആയിത്തീരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്. അതിന്റെ പ്രധാന കാരണക്കാര്‍ രാഷ്ട്രീയ സമൂഹം തന്നെയാണ്. സ്വന്തം കുറ്റവാളി സംഘങ്ങളെ സംരക്ഷിക്കുകയും അസംഘടിതരായ മറ്റുള്ളവര്‍ കുറ്റവാളികളായി അറിയപ്പെടുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ രാഷ്ട്രീയം ആ നിലക്ക് പരിശോധിക്കേണ്ടതുണ്ട്. കുറ്റവാളികളുടെ ചരിത്രത്തില്‍ ഭരണകൂടാധികാരമാണ് കുറ്റവാളികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള വേരുകള്‍ ഇല്ലാതാക്കുന്നത്. കായംകുളം കൊച്ചുണ്ണിയെ പോലെ ഇന്ന് കള്ളന്‍മാര്‍ അവരുടെ കളവു മുതലിന്റെ വിഹിതം നല്‍കി ജനങ്ങളെ കൂടെ നിര്‍ത്തുന്നില്ല.


ആദിവാസികളുടെ ഇടയില്‍ ക്രിമിനല്‍ പ്രവര്‍ത്തിയിലേക്ക് അവര്‍ മാറ്റപ്പെടുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ജയിലുകളില്‍ യാതൊരു നിയമപരിരക്ഷയും ഇല്ലാതെ ആദിവാസികള്‍ കിടക്കുന്നുണ്ട്. അതുപോലെതന്നെ ക്രിമിനല്‍ വല്‍കരിക്കപ്പെട്ട വേറൊരു വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ട്രാന്‍സ്‌ജെന്‍ഡറുകള്‍, മതന്യൂനപക്ഷങ്ങള്‍, ദലിത് വിഭാഗങ്ങള്‍, ആദിവാസികള്‍, തൊഴിലില്ലാത്തവര്‍ തുടങ്ങിയ സമൂഹങ്ങള്‍ കൂടുതല്‍ ക്രിമിനല്‍ വല്‍കരിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്റെ സി.സി.ടി.വി ക്യാമറകള്‍, ചാരക്കണ്ണുകള്‍ വഴി അയല്‍ക്കാരെ നിരീക്ഷിക്കാന്‍ പറയുമ്പോള്‍ വ്യക്തിയുടെ പ്രശ്‌നമായി മാത്രമായിട്ട് കുറ്റകൃത്യങ്ങള്‍ മാറുന്നുണ്ട്. എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഉണ്ടാകുന്നത് എന്ന അതിന്റെ രാഷ്ട്രീയ സ്വഭാവത്തെ മറച്ചുവെക്കപ്പെടുകയും ചെയ്യുന്നു.

പൗരസമൂഹം ഇത്തരം സര്‍വൈലന്‍സുകളോട് പൊരുത്തപ്പെടുന്നതായി കാണാന്‍ കഴിയുമോ?

പൗരസമൂഹം ഇതില്‍ പ്രതികരിക്കുക നേരിട്ട് കലാപം ചെയ്യുന്നതിലൂടെയല്ല. അവര്‍ ഈ നിയന്ത്രണങ്ങളെ ലംഘിക്കും. തങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഉപയോഗിക്കും, ഇല്ലെങ്കില്‍ ലംഘിക്കും. പൊതുവേ കേരളത്തിലെ സിവില്‍ സര്‍വീസ് സൊസൈറ്റിയുടെ പൊളിറ്റിക്‌സ് ദുര്‍ബലമാണ്. പക്ഷേ, ഇന്ത്യയിലെ ഭേദപ്പെട്ട സിവില്‍ സര്‍വീസ് സൊസൈറ്റി ഉള്ളത് കേരളത്തിലാണ് എന്നത് സത്യമാണ്. അടിയന്തരാവസ്ഥ കാലത്ത് മലയാളികള്‍ ഭരണകൂടത്തിന്റെ ദണ്ഡനീതിക്കും വശീകരണ തന്ത്രങ്ങള്‍ക്കും അടിമപ്പെട്ടവരാണ്. കേരളത്തില്‍ ഒരു അപരഭീതിയുണ്ട്. മുസ്‌ലിം പേടി ഉണ്ടാക്കുന്നതുപോലെതന്നെ പരദേശ തൊഴിലാളികളോടുള്ള ഭീതി, തമിഴ് കുറ്റവാളികളോടുള്ള പേടിയുമൊക്കെ ഇപ്പോഴുമുണ്ട്.

മലയാളികളുടെ ഉള്‍വലിഞ്ഞ സ്വഭാവം കൊണ്ട് ഭരണകൂട പ്രക്രിയയുടെ എന്ത് നടപടികളോടും അവര്‍ പൊരുത്തപ്പെട്ട് പോകുന്ന സ്വഭാവമുണ്ട്. ഒരാണും പെണ്ണും ഒരുമിച്ച് കൂടി ഇരുന്നാല്‍ സദാചാര പൊലീസ് കേരളത്തില്‍ ഭീകരമാണ്. ലൈംഗിക കാര്യത്തിലൊക്കെ മലയാളികള്‍ ഭയങ്കര യാഥാസ്ഥിതികരാണ്.

മാത്രമല്ല, കേരളത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തെ തന്നെ മാറ്റിക്കൊണ്ട്, അവരുടെ കസേരകളിയെ മാറ്റാന്‍ പാകത്തിലുള്ള, മുസ്‌ലിംകള്‍, ദലിതര്‍, വിശ്വകര്‍മ്മ വിഭാഗങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ കൂട്ടായ്മ ഉരുത്തിരിഞ്ഞു വന്നിട്ടില്ല. സംവരണ പ്രശ്‌നം പോലും ദലിതരുടെ മാത്രം പ്രശ്‌നമായിട്ടാണ് ഈഴവരും ഒ.ബി.സി വിഭാഗങ്ങളുമൊക്കെ കരുതുന്നത്. ജനങ്ങള്‍ ഭരണകൂടത്തിന്റെ മേല്‍നോട്ട പ്രവണതകള്‍ക്ക് പ്രത്യക്ഷത്തില്‍ വല്ല പ്രതിഷേധം ഒന്നും ഉണ്ടാക്കിയതായി തെളിവില്ല.


വാച്ച് യുവര്‍ നൈബര്‍ പദ്ധതി വിവാദമായതിന് ശേഷം അവര്‍ അതിനെ നിഷേധിക്കുകയും പേര് മാറ്റുകയും ചെയ്തിട്ടുണ്ട്. പേരുമാറിയതുകൊണ്ട് ലക്ഷ്യം മാറുന്നില്ല എന്നല്ലേ മനസ്സിലാക്കേത്?

ജനമൈത്രി പൊലീസിങ് നമ്മുടെ നാട്ടില്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, ആ പേര് തന്നെ വലിയൊരു തട്ടിപ്പാണ്. ഭരണകൂടത്തിന്റെ അധികാര നിര്‍വഹണത്തിലേക്ക് പങ്കാളികളായിട്ട് ജനങ്ങളെ ചേര്‍ക്കലാണത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, അത് അധികാരമില്ലാത്ത ഉത്തരവാദിത്തമാണ്. ജനങ്ങളുടെ മേലെ മെക്കിട്ടു കയറാനുള്ള അധികാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നും കുറവ് വന്നിട്ടില്ല. ഭരണകൂടത്തിന്റെ തീവ്രത കുറക്കാന്‍ ഏതെങ്കിലും മേഖലയില്‍ ജനമൈത്രി പൊലീസ് സഹായിച്ചിട്ടില്ല. അധികാരം പങ്കിടാതെ ഉത്തരവാദിത്വം മാത്രം ജനങ്ങളെ അടിച്ചേല്‍പ്പിക്കുന്നത് മാത്രമാണ് അത്. അധികാരത്തെ ജനാധിപത്യവല്‍കരിക്കുന്നതില്‍ ഇതിന് യാതൊരു പങ്കുമില്ല. നമ്മുടെ കുടുംബം, സ്വകാര്യത തുടങ്ങിയ മറച്ചുവെക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള അധിനിവേശമായി മാറുന്നു ഇത്തരം പദ്ധതികള്‍ എന്നതാണ് പ്രശ്‌നം. ഭരിക്കുന്നവര്‍ക്ക് ഭരിക്കപ്പെടുന്നവരോടുള്ള പേടിയുണ്ട്. പേടിയില്‍ നിന്നാണ് ഈ ചാര കണ്ണുകള്‍ ഉണ്ടാവുന്നത്. ചാരന്മാര്‍ കുറ്റവാളികളുടെ കൂട്ടത്തിലേക്ക് മാറാനും സാധ്യതയുണ്ട്. ചാരന്മാരും സിവില്‍ സമൂഹത്തില്‍ അംഗങ്ങള്‍ തന്നെയാണ്. ഭരണകൂടത്തിന്റെ മാരണം, ദണ്ഡനം, സ്തംഭനം, വശീകരണം തുടങ്ങിയവയുടെ പ്രയോഗമാണിത്. ദണ്ഡനമെന്നാല്‍ അടിച്ചമര്‍ത്തലാണ്. സ്തംഭനം സ്തംഭിപ്പിക്കുകയാണ്. 'താങ്കള്‍ക്ക് വളരെ ഓമനത്തമുള്ള മുഖം ഉണ്ടെന്ന് കാണിക്കലാണ് വശീകരണം. മലയാളികള്‍ പൊതുവേ ഭരണകൂടവുമായി പ്രത്യക്ഷ സമരം ഒന്നും ചെയ്യാത്തവരാണ്. മലയാളികള്‍ പ്രതികരിക്കുകയൊന്നുമില്ല, പക്ഷേ നിയമങ്ങള്‍ ലംഘിക്കും. മലയാളിയുടെ ആ കള്ളത്തരത്തിലാണ് പ്രതീക്ഷയുള്ളത്. ശക്തരെ ദുര്‍ബലര്‍ നേരിടുന്നത് ധാര്‍മികമായിട്ടല്ല, കൗശലങ്ങളിലൂടെയാണ് എന്നാണ് പറയാറ്. പീഡിതര്‍ അവരുടേതായ കൗശലങ്ങള്‍ ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ ഈ നിയന്ത്രണങ്ങളെയൊക്കെ അതിജീവിക്കാറ്.

രാഷ്ട്രീയക്കാരന് തല്ലുന്ന പൊലീസിനെയാണ് ആവശ്യം. നമുക്ക് പൊലീസിനെ നന്നാക്കാന്‍ സാധിക്കില്ല. പകരം, അധികാരം കൊടുത്തവരെ തിരിച്ചു വിളിക്കാന്‍ എന്ത് സാധ്യതയാണ് ഉള്ളത് എന്നാണ് ഉയരേണ്ട ചോദ്യം. നമ്മുടെ ജനാധിപത്യ ക്രമീകരണങ്ങള്‍ തന്നെ മാറ്റേണ്ടിയിരിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തെ, അവന്റെ സ്വകാര്യതയെ മുകളില്‍നിന്ന് ആരൊക്കെയോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള കോടാലി കൈകളാണ്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം ജനാധിപത്യവല്‍കരിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകൂ.


കെ. രാജന്‍

TAGS :