Quantcast
MediaOne Logo

നഹ്ദ ടി.കെ

Published: 3 Jun 2026 2:55 PM IST

അദൃശ്യ ജീവിതങ്ങൾ: കേരളം ചർച്ച ചെയ്യാത്ത സ്ത്രീകളുടെ തൊഴിൽ മേഖല

നാട് വിട്ട് വന്ന് ഇവിടെ ജോലി ചെയ്യുന്ന ഓരോരുത്തർക്കുമുണ്ടാവും പറയാനൊരു കഥ. ഇവരുടെ വിഷമങ്ങൾ കേട്ട് അതിന് പരിഹാരമുണ്ടാക്കാൻ ആരുണ്ടിവിടെ?

അദൃശ്യ ജീവിതങ്ങൾ: കേരളം ചർച്ച ചെയ്യാത്ത സ്ത്രീകളുടെ തൊഴിൽ മേഖല
X

AI Image

മലബാറിലെ ഒരു കൊച്ചുഗ്രാമത്തിലാണ് ഇത് നടക്കുന്നത്. സൈനബ എന്നാണ് അവരുടെ പേര്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയം മുതൽ അവർ ഒരു വീട്ടിൽ ജോലി ചെയ്യുന്നുണ്ട്. അവരും കൂടെ ഒരുപാട് പേരും ഒരു വലിയ തറവാടിനെ പോറ്റാൻ, ആ വലിയ വീട്ടിൽ രാവും പകലും ജോലി ചെയ്യുന്നു. ഇന്ന് സൈനബയ്ക്ക് അവരുടെ വയസ് എത്രയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും അറുപത് കടന്നിട്ടുണ്ടാവുമെന്നാണ് അവർ കരുതുന്നത്. അവർ ഇന്നും ആ വീട്ടിൽ ജോലി ചെയ്യുന്നു, എങ്ങനെയോ ആ വീടിന്റെ അവിഭാജ്യഘടകമായി കഴിഞ്ഞിരുന്നു. മാസം ലഭിക്കുന്ന തുച്ഛമായ നാലക്ക ശമ്പളത്തിന് വേണ്ടി അവർ കഷ്ടപ്പെടുന്നു. ഇതാണ് കേരളത്തിലെ മിക്ക വീട്ടുജോലിക്കാരുടെയും അവസ്ഥ. ഒരുപാട് നിയമങ്ങൾ അവർക്ക് അനുകൂലമായി കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അത് ഒട്ടും തന്നെ പ്രാവർത്തികമാവുന്നില്ലയെന്നത് വേദനിപ്പിക്കുന്ന സത്യമാണ്.

കേരളത്തിലെ വീട്ടുജോലിക്കാരെക്കുറിച്ച് 2017ൽ തൃശ്ശൂർ സെന്റ്. മേരീസ് കോളിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൂലി പി ലാസർ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ നിരക്ക് 25.67 ശതമാനമാണെന്നും അതിലെ ഭൂരിഭാഗം സ്ത്രീകൾ ഏർപ്പെടുന്നത് അസംഘടിത തൊഴിലവസ്ഥയിലാണെന്നും പറയുന്നുണ്ട്.

അസംഘടിത സ്ത്രീ തൊഴിൽ മേഖലയിൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നത് വീട്ടുജോലി ചെയ്യുന്നവരെ തന്നെയാണ്. അധികം കഴിവില്ലാത്ത, ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന പാവപ്പെട്ട സ്ത്രീകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന മേഖലയാണിത്. അവർ വീട്ടിലെ ജോലികളായ തൂത്ത് വാരലും, തുണിയലക്കലും, ഭക്ഷണം പാകം ചെയ്യലുമായുള്ള ജോലികളിൽ ഏർപ്പെടുന്നു. എന്തിന്? തുച്ഛമായ ശമ്പളം കൊണ്ട് ജീവൻ നിലനിർത്താൻ വേണ്ടി. ഈ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ പ്രകാരം 50 മുതൽ 60 വയസ്സിനിടയിലുള്ള സ്ത്രീകളാണ് കൂടുതലായും വീട്ടുജോലിയിൽ ഏർപ്പെടുന്നത്.

സൈനബ എന്ന സ്ത്രീയും ഈ ഗണത്തിൽപെടുന്നവരായിരുന്നു. സ്വന്തം കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ദൈനംദിനം കഷ്ടപ്പെടുകയാണവർ. അവരുടെ ഭർത്താവ്, അവർ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ അവരെ ഉപേക്ഷിച്ച് നാട് വിട്ടു. അന്ന് മുതൽ ഇന്ന് വരെ മറ്റാരുടെയും സഹായം കൂടാതെ ഒരു പോരാളിയെപ്പോലെ അവരാൽ കഴിയും വിധം അവർ അവരുടെ കുടുംബത്തിനെ പോറ്റുന്നു. വീട്ടിൽ എല്ലാ മക്കളും ജോലിക്കാരാണ്. പക്ഷേ ആരുംതന്നെ അവർക്ക് സമ്പത്തികമായ സഹായം ചെയ്യുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും അവർ വീട്ടിൽ പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ മുഴുവൻ ചിലവാവുന്നത് അവരുടെ വീട്ടിൽ തന്നെയായിരുന്നു. എന്തിനും ഏതിനും ആ വീട്ടിലുള്ളവർക്ക് അവരുടെ സഹായം വേണം. ജോലി ചെയ്യുന്നിടത്ത് നിന്ന് വീട്ടിൽ നിന്നൊരു വിളി വന്നാൽ നിമിഷ നേരം കൊണ്ടാണ് അവർ അവിടെ ഓടിയെത്തുന്നത്. അവർക്ക് അവരുടെ കുടുംബം കഴിഞ്ഞിട്ടേ മറ്റെന്തുമുണ്ടായിരുന്നുള്ളു.

“വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി” എന്ന് മേലേപ്പറമ്പിൽ ആൺവിട് എന്ന ചിത്രത്തിൽ ജഗതി ശോഭനയോട് പറയുമ്പോൾ ഇത് യഥാർത്ഥ ലോകത്തിൽ ഒരുപാട് സ്ത്രീകളുടെ യാഥാർഥ്യമാവുകയാണ്. വീട്ടുജോലിക്കായി കൂടുതലും പോകാറ് സ്ത്രീകൾ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയത്തിന്റെയും ആവശ്യമില്ല. സ്ത്രീയായതുകൊണ്ട് തന്നെ, ലിംഗ വിവേചനം കാരണമുണ്ടാവുന്ന പ്രശ്നങ്ങളും അവർ നേരിടേണ്ടതായി വരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ പുരുഷന്മാരുടെ പെരുമാറ്റം മോശമായി കാണാറുണ്ട്. പുരുഷന്മാർ മാത്രമല്ല വീട്ടിലെ തലതൊട്ട സ്ത്രീകൾ തന്നെ ജോലി ചെയ്യാനായി വരുന്ന സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും പരിഹാസം നിറഞ്ഞ വാക്കുകളിലൂടെ കുത്തിനോവിക്കുകയും, മനുഷ്യനെന്ന പരിഗണനപോലും നൽകാതെ അമിതമായി ദേഷ്യപ്പെട്ട് അവരെ വിഷമിപ്പിക്കുന്നതും സ്ഥിരമാണ്. സൈനബയ്ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ അവർ ജോലി ചെയ്യുന്നിടത്ത് നിന്ന് നേരിടേണ്ടി വന്നിട്ടില്ല. സന്തോഷം നിറഞ്ഞ പുഞ്ചിരികളോടെയും വളരെ ആവേശത്തോടുകൂടിയുമുള്ള അവരുടെ സംസാരം കണ്ടാൽ നമുക്ക് തോന്നില്ല അവരുടെ ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങളും കഷ്ടപ്പാടുകളുമുണ്ടെന്ന്.

ഈ കഥ നമുക്ക് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട്പോവാം, മധ്യ കേരളത്തിലെ മറ്റൊരു ചെറിയ ഗ്രാമത്തിലാണ് ഇത് നടക്കുന്നത്. അവിടെ ഒരു വീട്ടിൽ അസമിൽ നിന്നുള്ള 24കാരിയായ അഫ്സ എന്ന യുവതി ജോലി ചെയ്യുന്നു. അവൾക്ക് മലയാളം അറിയില്ല. ഹിന്ദി അറിയില്ല. ഇംഗ്ലീഷ് അറിയില്ല. ആകെ അറിയുന്നത് അവളുടെ മാതൃഭാഷയായ അസമീസാണ്. ഞാൻ ആദ്യമായി അവളെ കണ്ടപ്പോൾ എനിക്ക് അറിയുന്ന മുറി ഹിന്ദി ഉപയോഗിച്ച് അവളോട് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ഞാൻ പറയുന്നതൊന്നും അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. സ്കൂളിൽ അവൾ ഹിന്ദി പഠിച്ചിട്ടില്ല. ഹിന്ദിയിലെ ഒരു വാക്ക് പോലും അവൾക്കറിയില്ല. ശാസ്ത്രം ഒരുപാട് വളർന്നതുകൊണ്ട് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ ഞാൻ എന്റെ മലയാളം അസമീസിലേക്ക് പരിഭാഷപ്പെടുത്തി അവളോട് ചോദിച്ചു.

“പേരെന്താണ്?”

“അഫ്സ.”

“വയസെത്രയാ?”

“24.”

“വീട്ടിൽ ആരൊക്കെയുണ്ട്?”

അവൾ ഉത്തരം നൽകി. എന്നാൽ അവളുടെ ഭാഷ മനസിലാക്കാൻ ഞാനും ഗൂഗിളും വിഷമിച്ചു. പിന്നീട് അസമിലെ രാഷ്ട്രീയ അന്തരീക്ഷത്തിനെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്കവരോട് ഒരു ചോദ്യം ചോദിക്കാൻ തോന്നി.

“അവിടെ സര്‍ക്കാരുകള്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ?”

എന്റെ മുറിഞ്ഞ അസമീസ് കേട്ട് അത്രയും നേരം പുഞ്ചിരിയോടെ നിന്ന അവൾ ഈ ചോദ്യം കേട്ടപ്പോൾ, അവളുടെ മുഖത്തെ ചിരി എവിടെയോ മാഞ്ഞു പോയതായി ഞാൻ ശ്രദ്ധിച്ചു. രണ്ടാമത് ആലോചിക്കാതെ അവൾ എനിക്ക് ഉത്തരം തന്നു.

“ഹാ.”

“അതുകൊണ്ടാണോ നിങ്ങൾ കേരളത്തിലേക്ക് വന്നത്?”

“ഹാ.”

ഇത് കേട്ടപ്പോൾ ഞാൻ ആലോചിച്ചു രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കാരണം സ്വന്തം നാടിനെയും, വീടിനെയും, വീട്ടുകാരെയും വിട്ട് അന്യസംസ്ഥാനത്ത്, ഭാഷ പോലും അറിയാതെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആളുകൾ. ഇത് കേവലം ഒരുപാട് കഥകളിൽ നിന്നുള്ള ഒന്ന് മാത്രം. ആഴത്തിൽ മുറിച്ച് കീറി നോക്കുമ്പോൾ ഇത്പോലെ ഒരുപാട് അഫ്സകളെ നമുക്ക് കാണാൻ സാധിക്കും. നാട് വിട്ട് വന്ന് ഇവിടെ ജോലി ചെയ്യുന്ന ഓരോരുത്തർക്കുമുണ്ടാവും പറയാനൊരു കഥ. ഇവരുടെ വിഷമങ്ങൾ കേട്ട് അതിന് പരിഹാരമുണ്ടാക്കാൻ ആരുണ്ടിവിടെ? തെരഞ്ഞെടുപ്പ് സമയത്ത്പോലും ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങളാണിവ.

പലപ്പോഴും ജോലിസ്ഥലത്ത് നിന്നുണ്ടാവുന്ന ദുരനുഭവങ്ങൾകൊണ്ട് വിഷമിക്കുന്നവരാണിവർ. എന്നാൽ, ഓഫീസിൽ പോയി ജോലി ചെയ്യുന്നവർക്കുണ്ടാവുന്ന ദുരനുഭവങ്ങൾക്ക് നേരെ നടപടിയെടുക്കുന്നത് പോലെ, വീട്ടുജോലിയിൽ ഏർപ്പെടുന്നവർക്ക് നേരെയുണ്ടാവുന്ന ദുരനുഭവങ്ങൾക്ക് നേരെ നടപടി സ്വീകരിക്കുന്നുണ്ടോ എന്നുള്ളത് ഒരു വിഷയമാണ്. ഒരുപാട് മാറ്റങ്ങൾ വരണം. സമൂഹം മാറി ചിന്തിക്കണം. വ്യവസ്ഥ എല്ലാവർക്കും അനുകൂലമാവണം. സമത്വം എന്നുള്ളത് വളരെ അകലെ ആണെന്നുള്ള സത്യം മനസിലാക്കണം.

TAGS :