Quantcast
MediaOne Logo

ശ്രുതീഷ് കണ്ണാടി

Published: 23 March 2026 2:42 PM IST

സവർണ്ണ ഒളിഗാർക്കിയുടെ ‘ജനാധിപത്യ’ കേരളം

കൂറു മാറിയവർ, പുറത്താക്കപ്പെട്ടവർ, ‘വർഗ്ഗവഞ്ചകർ’, സ്ത്രീപീഡന ആരോപണം നേരിടുന്നവർ, ‘കുലംകുത്തി’കൾ ഉൾപ്പെടെ നിരവധി പേർ സ്വാഭാവിക രാഷ്ട്രീയ പ്രക്രിയ എന്നോണം വിവിധ മുന്നണികളിലായി എക്കാലത്തെയും പോലെ ഇത്തവണയും ജനവിധി തേടുന്നുണ്ട്. എന്നാൽ ഇവരിൽ ആരും തന്നെ നേരിടാത്ത തരത്തിലുള്ള വിദ്വേഷവും, വ്യക്തിഹത്യകളും, ആക്രമണങ്ങളുമാണ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നപ്പോഴും പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും സണ്ണി കപിക്കാട് എന്ന മനുഷ്യൻ കേരളീയ പൊതുമണ്ഡലത്തിൽ നേരിട്ട് കൊണ്ടിരിക്കുന്നത്

സവർണ്ണ ഒളിഗാർക്കിയുടെ ‘ജനാധിപത്യ’ കേരളം
X

കേരളീയ പൊതുമണ്ഡലത്തിലെ ജനാധിപത്യത്തെ കുറിച്ചുള്ള പ്രബല ധാരകളെ പുതുക്കിപ്പണിയാനും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങൾ സാധ്യമാക്കാനും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി തുടരുകയും വികസിക്കുകയും ഒക്കെ ചെയ്തുവരുന്ന ജാതി വിരുദ്ധ രാഷ്ട്രീയ ധാരകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അനിഷേധ്യമായ വസ്തുതയാണ്.

ജനാധിപത്യം എന്ന സങ്കല്പത്തിലെ ‘ജനങ്ങൾ’ എന്ന ഏകമാന നിർമിതിയെ എല്ലാക്കാലത്തും ജാതി വിരുദ്ധ രാഷ്ട്രീയം പ്രശ്നവത്ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നവത്ക്കരണങ്ങളിലൂടെയും അപ:നിർമാണങ്ങളിലൂടെയുമാണ് ജനാധിപത്യ ഭാവനകൾ ലോകത്ത് തന്നെ കൂടുതൽ വികാസം പ്രാപിക്കുകയും ‘ഉൾക്കൊള്ളൽ’ എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ നൈതിക വിഷയമായി രൂപാന്തരപ്പെടുകയും ചെയ്തത്. കേരളീയ പൊതുമണ്ഡലം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുമ്പോൾ ജനാധിപത്യത്തെ കുറിച്ച് കൂടുതൽ പുനർവിചിന്തനങ്ങൾ ആവശ്യമാണെന്ന് കരുതുന്നു. പ്രത്യേകിച്ച് ജനാധിപത്യം എന്ന സങ്കല്പം തന്നെ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനങ്ങളിലേക്കും മാത്രമായി പരിമിതപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം പുനരാലോചനകൾ കൂടുതൽ അനിവാര്യവുമാണ്.

ജനാധിപത്യത്തിലെ ജനങ്ങൾ

ജനാധിപത്യം നേരിടുന്ന സൈദ്ധാന്തികമായ പ്രതിസന്ധി ‘ജനങ്ങൾ’ എന്ന സങ്കല്പത്തെ നിർവചിക്കുന്നതിലാണെന്ന് സുന്ദർ സറുക്കയി നിരീക്ഷിക്കുന്നുണ്ട്. സാമൂഹികവും, വംശീയവും, ലിംഗപരവുമായ എല്ലാ വൈവിധ്യങ്ങളെയും ‘ജനങ്ങൾ’ എന്ന പദം ഉൾക്കൊള്ളുന്നുണ്ടോ എന്ന പ്രാഥമികമായ ചോദ്യമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

കേരളീയ പശ്ചാത്തലത്തിൽ ജനങ്ങൾ എന്ന പൊതു സങ്കല്പത്തിൽ കീഴാളർ, സവിശേഷമായി ദലിതരും ആദിവാസികളും ഉൾപ്പെടെയുള്ള സാമൂഹിക വിഭാഗങ്ങൾ ഉൾപ്പെടുകയോ അടയാളപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നത് ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന രാഷ്ട്രീയ ചോദ്യമാണ്. എന്നാൽ അടിസ്ഥാന ജനത ഉയർത്തുന്ന ഏറ്റവും മൗലികവും സുപ്രധാനവുമായ ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ കേരളീയ പൊതുമണ്ഡലവും വരേണ്യ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

അതേസമയം ജനങ്ങൾ എന്ന സങ്കല്പത്തിൽ അർഹിക്കുന്ന ഇടം ലഭിക്കാതിരിക്കുമ്പോൾ തന്നെ ജനാധിപത്യത്തെ, സവിശേഷമായി തെരഞ്ഞെടുപ്പുകളെ ചലനാത്മകമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് കീഴാള സാമൂഹിക വിഭാഗങ്ങളാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതായത് തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയിൽ പങ്കാളിത്തം കൊണ്ട് ജനാധിപത്യത്തിന് മൂല്യം കല്പിക്കുന്നത് വരേണ്യരല്ല മറിച്ച് ഈ നാട്ടിലെ ഏറ്റവും സാധാരണ മനുഷ്യരും അടിച്ചമർത്തപ്പെട്ടവരും പാർശ്വവത്കൃതരുമാണ്. ജനാധിപത്യത്തിൽ നിന്നും ‘ജനങ്ങൾ’ എന്ന സങ്കല്പത്തിൽ നിന്നും പുറന്തള്ളപ്പെടുന്നവരാണ് വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യത്തെയും കേരളീയ പൊതുമണ്ഡലത്തിന്റെ പുരോഗമന നാട്യങ്ങളെയും താങ്ങി നിർത്തുന്നതെന്നതാണ് നമ്മുടെ ജനാധിപത്യ സങ്കല്പത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം.

ഒരുപക്ഷേ സമത്വ ഭാവനകൾക്ക് വേണ്ടി ഏറ്റവും അധികം പൊരുതുന്നതും ആഗ്രഹിക്കുന്നതും അരികുകളിലെ മനുഷ്യരായത് കൊണ്ട് തന്നെയാവാം ഈ വിരോധാഭാസം ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ അരികുകളിലെയും അപരങ്ങളിലെയും മനുഷ്യർ ജനാധിപത്യത്തിൽ നടത്തുന്ന ഇടപെടലുകൾ ചരിത്രപരമായി അവർ നേരിടുന്ന അദൃശ്യത പോലെ തന്നെ കൂടുതൽ അദൃശ്യമായി വീണ്ടും തുടരുകയാണ്. അതിനാൽ കീഴാള വിഭാഗങ്ങൾ നേരിടുന്ന ചരിത്രപരവും സാമൂഹികവുമായ ഈ അദൃശ്യത തുടരുന്ന കാലത്തോളം നമ്മുടെ ജനാധിപത്യം ഒരു അപൂർണ്ണ സങ്കല്പം മാത്രമായിരിക്കും. ഈ സാമൂഹിക അദൃശ്യതയെ മറികടക്കാനാണ് ഒരു തരത്തിൽ സംവരണവും സംവരണ മണ്ഡലങ്ങളുമൊക്കെ നിർമിക്കപ്പെട്ടിട്ടുള്ളത്.

സംവരണ മണ്ഡലങ്ങളുടെ (അ)രാഷ്ട്രീയം

വിധേയത്വമുള്ള കീഴാള ശരീരങ്ങളെ നിർമിച്ചെടുക്കാനും അവയെ കൂടുതൽ പരുവപ്പെടുത്താനുമാണ് സംവരണ മണ്ഡലങ്ങളിലൂടെ വരേണ്യ രാഷ്ട്രീയ പാർട്ടികള്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഫൂക്കോ നിർവചിക്കുന്ന docile ശരീരങ്ങളെ രാഷ്ട്രീയമായി ഉദ്പാദിപ്പിച്ച് അതിലൂടെ കീഴാള സാമുദായികതയ്ക്ക് മുകളിൽ അധീശത്വം ഉറപ്പിക്കുന്നതിനുള്ള ഉപകരണമായാണ് സംവരണ മണ്ഡലങ്ങളെ ആധിപത്യ രാഷ്ട്രീയ ധാരകൾ സമീപിക്കാറുള്ളത്. സംവരണ മണ്ഡലങ്ങളുടെ അടിസ്ഥാന സങ്കല്പമായ പ്രതിനിധാന രാഷ്ട്രീയത്തെ ഇത്തരം വിധേയപ്പെടുത്തലുകളിലൂടെ മറികടക്കാനും അട്ടിമറിക്കാനും വരേണ്യ രാഷ്ട്രീയ പാർട്ടികൾക്ക് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. സംവരണ മണ്ഡലത്തിൽ മുഖ്യധാരാ പാർട്ടി ഒരു വ്യക്തിക്ക് മത്സരിക്കാനുള്ള അവസരം നൽകുമ്പോൾ അയാളുടെ വിധേയത്വം കൂടെയാണ് അവർ വിലയ്ക്കെടുക്കുന്നത്.

ഈ പ്രക്രിയയിലൂടെ കേവല വ്യക്തിപരമായ വിധേയത്വത്തിനപ്പുറം സംവരണീയ സമുദായത്തിന്റെ തന്നെ വിധേയത്വത്തെ നിർണയിക്കുകയും അതുവഴി സാമൂഹിക അധികാര ക്രമത്തെ അതേപടി നിലനിർത്തുകയുമാണ് വരേണ്യ രാഷ്ട്രീയ പാർട്ടികള്‍ ഇക്കാലം വരെയും ചെയ്തു കൊണ്ടിരുന്നത്. സംവരണ മണ്ഡലങ്ങൾ ജനാധിപത്യത്തിന്റെ കാതലാണെന്ന് തോന്നുമെങ്കിലും സവർണ്ണ ഒളിഗാർക്കിയുടെ അധികാര വ്യവഹാരങ്ങളുടെ പരിധിക്കുള്ളിൽ തന്നെയാണ് ഈ മണ്ഡലങ്ങളുടെ രാഷ്ട്രീയ ഇടപാടുകൾ നിർണയിക്കപ്പെടുന്നത്.

ഈ അധികാര പരിധിയിൽ നിന്നും കുതറാൻ ശ്രമിക്കുന്ന, കർത്തൃത്വമുള്ള കീഴാള ശരീരങ്ങളെ പുറന്തള്ളുകയോ കടന്നാക്രമിക്കുകയോ ചെയ്യുന്നത് വരേണ്യതയുടെ വംശീയ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയ ബോധ്യത്തിൽ നിന്നു തന്നെയാണ് വൈക്കത്ത് സീറ്റ് നിഷേധിക്കപ്പെട്ടത്തിനെ തുടർന്ന് സണ്ണി എം കപിക്കാട് നേരിടുന്ന ജാതീയവും വംശീയവുമായ കടന്നാക്രമണങ്ങളെ വിലയിരുത്തേണ്ടത്. കേരളീയ പൊതു മണ്ഡലത്തിൽ ദലിത് വൈജ്ഞാനികതയ്ക്ക് പോപ്പുലർ കൾച്ചറിൽ സ്വതന്ത്രമായ ഇടം കണ്ടെത്തുന്നതിലും അതിനെ ചലനാത്മകമാക്കുന്നതിലും പങ്ക് വഹിച്ചവരിൽ പ്രധാനിയാണ് സണ്ണി. അതായത് വിധേയത്വം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്ന് മാത്രമല്ല, ഫലത്തിൽ അധീശത്വത്തിന് നേരെയുള്ള കടന്നാക്രമണം കൂടെയായാവും സണ്ണി കപിക്കാടിനെ പോലൊരു ധിഷണാശാലിയുടെ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുക.

കൂറു മാറിയവർ, പുറത്താക്കപ്പെട്ടവർ, ‘വർഗ്ഗവഞ്ചകർ’, സ്ത്രീപീഡന ആരോപണം നേരിടുന്നവർ, ‘കുലംകുത്തി’കൾ ഉൾപ്പെടെ നിരവധി പേർ സ്വാഭാവിക രാഷ്ട്രീയ പ്രക്രിയ എന്നോണം വിവിധ മുന്നണികളിലായി എക്കാലത്തെയും പോലെ ഇത്തവണയും ജനവിധി തേടുന്നുണ്ട്. എന്നാൽ ഇവരിൽ ആരും തന്നെ നേരിടാത്ത തരത്തിലുള്ള വിദ്വേഷവും, വ്യക്തി ഹത്യകളും, ആക്രമണങ്ങളുമാണ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാർത്തകൾ വന്നപ്പോഴും പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും സണ്ണി കപിക്കാട് എന്ന മനുഷ്യൻ കേരളീയ പൊതുമണ്ഡലത്തിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.

ആദ്യം പറഞ്ഞ വിഭാത്തിൽപ്പെട്ടവർ എല്ലാം തന്നെ കക്ഷി രാഷ്ട്രീയത്തിനപ്പുറം അടിസ്ഥാനപരമായി സവർണ്ണ ഒളിഗാർക്കിയുടെ ഭാഗമായവരും സണ്ണി, ഈ ഒളിഗാർക്കിയെയും അത് നിർമിച്ച അധീശത്വ വ്യവഹാരങ്ങളെയും പൊതുമണ്ഡലത്തിൽ നിന്നു കൊണ്ട് തന്നെ നിരന്തരം പ്രശ്നവത്ക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത മനുഷ്യനാണ്. അതുകൊണ്ട് തന്നെയാണ് സണ്ണി എന്ന കീഴാള ബുദ്ധിജീവിയെ അപര സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് ഹിംസാത്മകമായ കടന്നാക്രമണങ്ങൾ ഇടതുപക്ഷവും കോൺഗ്രസും സംഘ്പരിവാരങ്ങളും അടക്കം നടത്തിക്കൊണ്ടിരിക്കുന്നത്.

വാസ്തവത്തിൽ സണ്ണി പ്രതിനിധാനം ചെയ്യുന്ന അംബേദ്കറൈറ്റ്-ദലിത്-ബഹുജന രാഷ്ട്രീയം കേരളീയ പൊതു മണ്ഡലത്തെയും, സവർണ്ണ ഒളിഗാർക്കിയെയും, അധീശത്വ നിർമിതികളെയും അത്രമേൽ പ്രഹരമേൽപ്പിക്കുകയും ആസ്വസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെ വേണം ഇത്തരം ഹേറ്റ് കാമ്പെയിനുകളിൽ നിന്നും മനസിലാക്കാൻ. അധികാര സ്ഥാപനങ്ങളും അത് നിയന്ത്രിക്കുന്ന സവർണ്ണ ഒളിഗാർക്കിയും, അവയുടെ ദുർഗന്ധം വമിക്കുന്ന ജാതി-വംശീയ കാഴ്ചകളും ചേർന്ന് എത്രത്തോളം മലിനമാക്കപ്പെട്ടതാണ് നമ്മുടെ ജനാധിപത്യ സങ്കല്പങ്ങളെന്നു കൂടെ ഈ ‘പുറന്തള്ളൽ’ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

അധികാരം എന്നത് വ്യക്തിപരതയിലേക്കും കുടുംബ പാരമ്പര്യങ്ങളിലേക്കും മാത്രമായി ചുരുങ്ങിയിരിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രാതിനിധ്യ രാഷ്ട്രീയം എന്നത് എത്രത്തോളം പ്രസക്തമായ ജനാധിപത്യ ഭാവനയാണെന്ന് വ്യക്തമാക്കാൻ സാധിക്കുമായിരുന്ന ഒരു ധിഷണാശാലിയെയാണ് രാഷ്ട്രീയ കേരളം ഐക്യകണ്ഠേന ഒറ്റപ്പെടുത്തി കടന്നാക്രമിക്കുന്നത്. വാസ്തവത്തിൽ ഐക്യകേരളം എന്ന സങ്കല്പം തന്നെ അപരങ്ങളെയും അരികുകളെയും ചെറുതുകളെയും ചരിത്രപരമായി പുറന്തള്ളുകയും അധികാര വ്യവഹാരങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഘടനാപരമായി മാറ്റി നിർത്തുകയും ചെയ്യുന്ന സവർണ്ണ ഒളിഗാർക്കിയുടെ ഭാവനാത്മകമായ നിർമിതിയാണ്. ഈ നിർമിതിയെ മറ്റൊരു തരത്തിൽ പൊള്ളിക്കാനും പോറലേൽപ്പിക്കാനും സണ്ണിക്കും അദ്ദേഹം പ്രതിനിധീകരിക്കുന്ന ബഹുജന രാഷ്ട്രീയ മണ്ഡലത്തിനും ചെറിയ രീതിയിലെങ്കിലും കഴിഞ്ഞതിന്റെ പ്രത്യാഘാതങ്ങൾ കൂടെയായും ഈ വംശീയ ആക്രമണങ്ങളെ മനസിലാക്കാവുന്നതാണ്.

ജാതിയും ജനാധിപത്യവും

ഇന്ത്യൻ ബ്രാഹ്മണ്യത്തെ ‘പുരോഗമന’ ബ്രാഹ്മണർ ‘യാഥാസ്ഥിതിക’ ബ്രാഹ്മണർ എന്ന സങ്കല്പത്തിലൂടെ വ്യത്യസ്തമായി മനസിലാക്കുകയും എന്നാൽ അടിസ്ഥാനപരമായി ഇവ രണ്ടും ഒരേ ആശയം തന്നെയാണ് പിൻപറ്റുന്നതെന്നും അംബേദ്കർ ഉയർത്തിയ വിമർശനം മറ്റൊരു രീതിയിൽ കേരളീയ പൊതുമണ്ഡലത്തിൽ ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. സവർണ്ണ ഒളിഗാർക്കിയുടെ പ്രത്യക്ഷമായ പ്രകടനങ്ങളാണ് കോൺഗ്രസിൽ പ്രതിഫലിക്കുന്നതെങ്കിൽ അതിന്റെ പരോക്ഷമായ ഇടപാടുകളാണ് ഇടതുപക്ഷ രാഷ്ട്രീയം സാധ്യമാക്കുന്നത്.

ഒന്നു പുരോഗമനവും മറ്റൊന്ന് യാഥാസ്ഥിതികവുമെന്ന് തോന്നിപ്പിക്കുമെങ്കിലും കേരളം എന്ന ‘നായർ ഡീപ് സ്റ്റേറ്റി’ന്റെ പ്രതിനിധാനങ്ങളായാണ് ഈ രണ്ടു രാഷ്ട്രീയ വ്യവഹാരങ്ങളും അടിസ്ഥാനപരമായി നിലനിൽക്കുന്നത്. കേരളം ഉണ്ടായത് പരശുരാമൻ മഴു എറിഞ്ഞിട്ടോ നമ്പൂതിരി പൂണൂൽ പൊട്ടിച്ചിട്ടോ എന്ന പുരോഗമന-യാഥാസ്ഥിതിക രാഷ്ട്രീയ തർക്കം അനന്തമായി തുടർന്ന് കൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇതിൽ ഏത് കേരളത്തിലായാലും ദലിതരും ആദിവാസികളും ബഹുജനങ്ങളുമൊക്കെ ഇടമില്ലാത്തവരും പുറന്തള്ളപ്പെട്ടവരും മാത്രമായി തന്നെ അവശേഷിക്കും എന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി അത് ജാതിയാധിപത്യത്തെ ഘടനാപരമായി ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഉദാഹരണത്തിന് 12 ശതമാനത്തോളം വരുന്ന നായർ സാമൂഹിക വിഭാഗം പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായി കേരളീയ രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് പരിശോധിച്ചാൽ ഈ ആധിപത്യത്തിന്റെ ആഘാതം എത്രത്തോളമാണെന്ന് മനസിലാവും. കേരള സംസ്ഥാനം രൂപീകൃതമായത് മുതൽ ജനസംഖ്യയിൽ 12% വരുന്ന നായർ വിഭാഗത്തിന് 147.53% അധിക പ്രാതിനിധ്യമാണ് കേരള മന്ത്രി സഭയിൽ ഇക്കാലം വരെയായി ലഭിച്ചിട്ടുള്ളത്. നിലവിലെ ഇടതുപക്ഷ മന്ത്രി സഭയിലെ നായർ പ്രാതിനിധ്യം മാത്രം പരിശോധിച്ചാൽ തന്നെ ഈ ആധിപത്യം എത്ര ഭീകരമാണെന്ന് വ്യക്തമാവും.

അതേസമയം പട്ടികജാതി വിഭാഗങ്ങൾക്ക് 49.80% കുറവും പട്ടികവർഗ്ഗത്തിന് 82.50% കുറവും മറ്റ് പിന്നോക്ക ഹിന്ദുക്കൾക്ക് 81.87% കുറവും പിന്നാക്ക ക്രൈസ്തവർക്ക് 56.90% കുറവും മുസ്ലീം വിഭാഗത്തിന് 37.89% കുറവും പ്രാതിനിധ്യമാണ് ഇതുവരെയുള്ള കേരള മന്ത്രിസഭയിൽ ഉണ്ടായിട്ടുള്ളതെന്ന് ‘ഫാക്ട്ഷീറ്റ്സ്’ പുറത്തു വിട്ട പഠനം വ്യക്തമാക്കുന്നു. അതായത് നായർ വിഭാഗത്തിന്റെ താത്പര്യങ്ങളെ മറികടന്ന് കൊണ്ട് മറ്റൊരു രാഷ്ട്രീയ നിലപാടും ആശയ വ്യവഹാരവും സ്വീകരിക്കാൻ പോലും കഴിയാത്ത വിധം നായർ ഡീപ് സ്റ്റേറ്റ് എന്ന സങ്കല്പത്തിനകത്ത് മുരടിച്ചു പോയിരിക്കുകയാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർടികളും അവയുടെ പ്രത്യയശാസ്ത്രങ്ങളും.

ചുരുക്കത്തിൽ കേരളീയ ജനാധിപത്യം എന്നത് നിലവിലെ സാമൂഹിക ക്രമത്തെയും അധികാര വ്യവസ്ഥയെയും പുനരാവിഷ്ക്കരിച്ച് കൊണ്ട് അധീശത്വ ജാതികളുടെ അഥവാ സവർണ്ണ ഒളിഗാർക്കിയുടെ താത്പര്യങ്ങൾ നിലനിർത്താനും ദൃഢീകരിക്കാനുമുള്ള കേവല ഉപകരണം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിനാൽ അംബേദ്കർ നിരീക്ഷിച്ചത് പോലെ സാമൂഹിക ജനാധിപത്യം നിലവിലില്ലാത്തൊരു നാട്ടിൽ രാഷ്ട്രീയ ജനാധിപത്യം എന്ന സങ്കല്പം അസാധ്യമായോ നിശ്ചലമായോ ഇതുപോലെയൊക്കെ തന്നെ തുടർന്ന് കൊണ്ടിരിക്കും.

( ബാംഗ്ലൂർ സെൻ്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിൽ ജേണലിസം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകന്‍)

TAGS :