Quantcast
MediaOne Logo

ഡോ. അജയ് നാരായണന്‍

Published: 30 Dec 2023 1:42 PM GMT

എഴുത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഞാനുമുണ്ട്

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉപജീവനമാര്‍ഗം തേടിപ്പോയ ഒരാള്‍, സ്വസ്ഥം, ഗൃഹഭരണം എന്ന നിലയില്‍ നാട്ടില്‍ റിട്ടയേര്‍ഡ് ജീവിതം നയിക്കണം എന്നേ കരുതിയുള്ളു. പക്ഷേ, ജീവിതം കരുതിവച്ചത് മറ്റൊന്നായിരുന്നു. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍

എഴുത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഞാനുമുണ്ട്
X

നിരന്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ട ഒരു കാലത്ത്, പുകമറയ്ക്കുള്ളില്‍ കാഴ്ചകള്‍ മങ്ങുന്ന വേളയില്‍,

''ആകെയുള്ള സമാധാനം

കോശങ്ങള്‍ക്കോ കോപങ്ങള്‍ക്കോ

എഴുപതായിട്ടില്ല എന്നതാണ്

ഞാനല്ലാതെ എന്നിലുള്ളതൊന്നും

എഴുപത് പിന്നിട്ടില്ല'' എന്നതാണ് ഒരു ആശ്വാസമായി കല്പറ്റ നാരായണന്‍ കാണുന്നത് (മാതൃഭൂമി - 19/11/23).

ഞാനോ, വായനയുടെ ലോകത്തുനിന്നും ഉപജീവനത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് പ്രവാസിയായി മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍! കൊറോണക്കാലം തുടങ്ങിയപ്പോള്‍ മതിവന്നു എന്നും തോന്നി. യാത്രയായിരുന്നു പിന്നീടുള്ള മഹാലക്ഷ്യം. എത്തിപ്പെട്ടത് എഴുത്തിന്റെ ലോകത്തേക്ക്! ഒരിക്കലും പ്രതീക്ഷിക്കാത്ത, ഒരു വല്ലാത്ത ലോകത്തേക്കുള്ള യാത്ര! എഴുത്തെന്നത് എന്തിന് എന്നൊരു ചോദ്യം ഇപ്പോഴും പല്ലിളിച്ചുകാട്ടുന്നുണ്ട്.

തിരിഞ്ഞുനോക്കുമ്പോള്‍ എന്താണ് എന്നില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്നത് കൃത്യമായി കുറിച്ചുവച്ചതാവും 'തീരാദാഹം' എന്ന കല്‍പറ്റക്കവിതയിലെന്നു തോന്നി.

2023 എന്നെ സംബന്ധിച്ചിടത്തോളം മാറ്റത്തിന്റെ, പറിച്ചു നടലിന്റെ അനുഭവം കൂടിയാണ്. പ്രവാസം മതിയാക്കി, സ്വദേശത്തേക്കുള്ള വരവ് ആശങ്കയോടെ കാണുന്ന ആള്‍, നവമാധ്യമവേദിയില്‍, ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന കഥകളും കവിതകളും വായിച്ചു ആ 'മാതിരി' എഴുതിയാലെന്തെന്നു കരുതി എന്തൊക്കെയോ കുത്തിക്കുറിച്ച നാളുകള്‍. അതാണ് എനിക്ക് 2023! തിരിഞ്ഞുനോക്കിയാലോ, അത്ഭുതവും ആനന്ദവും സംതൃപ്തിയും ഏറെയുണ്ട്.

വേറിട്ടുനില്‍ക്കുന്ന കുറച്ചു വായനയും ഉണ്ടായിരുന്നല്ലോ കൂട്ടിന്. അതില്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്, ഒരു പഠനമെന്ന് വിശേഷിപ്പിക്കാവുന്ന 'കരുണയും ധിക്കാരവും' എന്ന കെ.എ ജോണിയുടെ നീണ്ട ലേഖനം ആണ് (മാതൃഭൂമി, 17/12/23). ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത, ചൂഷണത്തിനെതിരെ പട പൊരുതിയ ഒറ്റയാള്‍ പട്ടാളമായ എം. കുഞ്ഞാമനിലൂടെ കാലികമായ സാമൂഹിക ദുരന്തങ്ങളെ കാണുവാനുള്ള ഒരു ശ്രമം ഈ ലേഖനത്തില്‍ കണ്ടു. ദാരിദ്ര്യവും ജാതിയും ഇന്നും ശാപമായി പിന്തുടരുന്നവരുടെ ജീവിതത്തിനു മോചനമില്ലേ എന്നൊരു ചോദ്യം ബാക്കിയാക്കി കുഞ്ഞാമന്‍ പോകുമ്പോള്‍, ജാതിക്കും ദാരിദ്ര്യത്തിനും പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാകണമെന്ന് ശ്രീ ജോണി ചൂണ്ടിക്കാട്ടുകയും നവമായ ഒരു ദിശാ സൂചികയുടെ ആവശ്യമുണ്ടെന്നു പറഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ ലേഖനം സമൂഹത്തിലെ സാമ്പത്തിക രാഷ്ട്രീയ ഉച്ചനീചത്വത്തിനു നേരെയുള്ള ഒരു ചോദ്യച്ചിഹ്നം കൂടിയാണ്.

ഇവിടെനിന്നുമാണ് എന്റെ വായനോര്‍മകളുടെ പിന്നോട്ടുള്ള യാത്രകള്‍ വേണ്ടത്. അവിടെ, Jon Fosse യുടെ 'Septology', യും സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം', ടി.ഡി രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' യും മാധവിക്കുട്ടിയുടെ 'പ്രണയനോവലുകള്‍' ഉം എല്ലാം കടന്നുവരുന്നുണ്ട്. പുനര്‍വായനയില്‍ നവവ്യാഖ്യാനങ്ങള്‍ സമ്മാനിച്ച 'പിങ്ഗള' (ഉള്ളൂര്‍), 'മഗ്ദലനമറിയം' (വള്ളത്തോള്‍), 'കരുണ' (ആശാന്‍) തുടങ്ങിയവയും 2023 ലെ വായനയുടെ ഉള്ളറിവുകളാണ്. ഇത്തരം വായനാനുഭവങ്ങളെ അനുഭൂതിയാക്കി മാറ്റിയത് എന്റെ തന്നെ കുതൂഹലഭാവത്താല്‍ ആകും. ഇതിന്റെയും ബലത്തില്‍ ആണ് യുവസാഹിത്യകാരുടെ ഓര്‍മയില്‍ ചില കവിതകളുടെ വായനയും എനിക്കുണ്ടായത്.


ഏത് വായനയിലും ഇഷ്ടമാകുന്ന ചില ചിന്തകളുണ്ട്. ഒരുപാട് പേരെ പരാമര്‍ശിക്കേണ്ടതുമുണ്ട്. എങ്കിലും തുടക്കം സുമിയ ശ്രീലകം എന്ന കവിയില്‍നിന്നുമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കാല്‍പനിക കവിയാണ്, സുമിയ. കൃഷ്ണപ്രണയം മനസ്സിലും വരികളിലും തുളുമ്പുന്ന ഈ എഴുത്തുകാരിക്ക് കൃഷ്ണനല്ലാതെയൊരു കാമുകനില്ല. ''ഇനിവരും ജന്മങ്ങളെല്ലാം ഞങ്ങളീ നിധുവനലതകളായ് പുനര്‍ജ്ജനിക്കാം'' എന്ന് സുമിയ എഴുതുമ്പോള്‍ ഏതൊരു കാമുകഹൃദയവും അത് ആവര്‍ത്തിക്കും. എന്റെ മനസ്സും തരളമായി ഇത് വായിച്ചപ്പോള്‍.

നിഖിലേഷ് നടുവണ്ണൂര്‍ പ്രണയത്തെ കാമനകളുടെയും ഉന്മാദത്തിന്റെയും രതിനിര്‍വൃതിയുടെയും ഉത്തുംഗഭാവങ്ങളായി വരയ്ക്കുന്നു. പ്രണയം ഒരിക്കലും വറ്റാത്ത, ഒഴുക്ക് നിലയ്ക്കാത്ത ഒരു ചോലപോലെയോ എല്ലാം ഉള്‍ക്കൊള്ളുന്ന കടലുപോലെയോ ആണ് നിഖിലിന്റെ മിക്കവാറും എല്ലാ കവിതകളിലും. ഈ വരികളും ഇതേ അനുഭവം എനിക്കു പകര്‍ന്നു. ''മേളപ്പെരുക്കത്തില്‍ ചെമ്പട്ടുടുത്ത ഭഗവതിക്കോമരമായി ചുവടുവച്ചെന്റെ കടലിനെ ശാന്തമാക്കുക നീ...'' എന്നു വായിക്കുമ്പോള്‍ എന്റെ മനസ്സും വല്ലാതെ വിറപൂണ്ടു നില്‍ക്കുന്നല്ലോ!

പ്രിന്‍സ് ഓവേലിന്റെ കവിതകള്‍ കല്‍പനകളിലൂടെ ഒഴുകിപ്പോകുന്നത് ആത്മീയദര്‍ശനങ്ങളിലേക്കാണ്. ഒരുപാട് കവിതകള്‍ പ്രിന്‍സിന്റെതായി വായിച്ചിട്ടുണ്ട്, അതില്‍ പലതും സോളൊമനെ, റൂമിയെ എല്ലാം ഓര്‍മിപ്പിക്കും. വാനവും ഭൂമിയും അവയിലെ പൂക്കളും കിളികളും നിറഞ്ഞ ഒരു സ്വര്‍ഗ്ഗമാണ് ഓവേലിക്കവിതകള്‍. 'വേര് പൂവിനെഴുതിയ കത്തുകള്‍' പേര് പോലെ സുന്ദരമായ വായന തന്ന പുസ്തകം ആണ്. ഉദാഹരണമായി ഒരുപാട് കാണാമെങ്കിലും താഴെ ചെറിയ വരികള്‍ കുറിക്കുന്നു. ''ആരോ എന്നെ നിറഞ്ഞ പ്രണയത്തോടെ നോക്കുന്നുണ്ട്, എന്റെ ഹൃദയത്തില്‍നിന്നും പ്രണയത്തിന്റെ ഒരു കിരണം പുറപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നു...'', യേശുദേവന്റെ പ്രണയം എത്ര ലളിതമായി പ്രിന്‍സ് വരച്ചു ഇവിടെ.

ഇതിനെല്ലാം കടകവിരുദ്ധമായ ഭാവങ്ങളാണ് പ്രസാദ് കുറ്റിക്കോടും അഡ്വക്കേറ്റ് വി. എസ് ദീപുവും വരയ്ക്കുന്നത്. അവരുടെ പദങ്ങള്‍ തീയാണ്. രോഷമാണ് പൊതുവില്‍ കാണുന്നത്. ദീപുവിന്റെ 'കാലമാപിനികളുടെ സങ്കീര്‍ത്തനം' വായിക്കേണ്ട ഒരു പുസ്തകമാണ്. ദീപുവിന്റെ സ്വരം കാലത്തിന്റെയും സ്വരമാണ്, ''പ്രിയതേ, വംഗസാഗര ഗര്‍ജ്ജനം നിന്‍ വാക്കുകള്‍, അവയിലെന്‍ നിസ്സഹായരക്തവും അലയടിക്കുന്നു...'', മാഹുവാ എന്ന എം.പിയെ പുറത്താക്കിയ സംഭവത്തെ അധികരിച്ചെഴുതിയ പ്രതിഷേധം കൃത്യമാണ്. നിലപാടിന്റെ തീ പൊള്ളിക്കുന്നത് എന്നെയുമാണ്.


കവി രാവുണ്ണിയോടൊപ്പം ഡോ. അജയ് നാരയണന്‍

പ്രസാദിന്റെ രോഷം മറ്റൊരുവിധത്തിലാണ്. ചുള്ളിക്കാടിന്റെ പാത പിന്തുടര്‍ന്നാണ് പ്രസാദിന്റെ യാത്ര. തന്റെ മുഖപുസ്തകത്തില്‍ ഇങ്ങനെകുറിച്ചിരിക്കുന്നു, ''ഓര്‍മകള്‍ ഈറ്റില്ലവും അനുഭവങ്ങള്‍ പേറ്റുനോവുമാവുമ്പോള്‍ പിറക്കുന്ന കുഞ്ഞിന് കവിതയെന്ന് പേര്...'' ഇതിനപ്പുറം പ്രസാദിനെ പരിചയപ്പെടുത്തേണ്ടതില്ല.

കവിതകളെന്ന് ഓര്‍ക്കുമ്പോള്‍ ഇനിയും ഓര്‍ക്കേണ്ട ചില മുഖങ്ങള്‍ എനിക്കുണ്ട്. അവയില്‍ പ്രധാനമാണ് ദര്‍ശന കെ.ആര്‍, രേഖ സജീവന്‍, സുഭാഷ് പൊളോണി, മനീഷ, ജിബില്‍ പെരേര, ശ്രീരഞ്ജിനി, ശോഭ ചേലക്കര തുടങ്ങിയവര്‍. രാവുണ്ണിക്കളരിയില്‍ എഴുതിത്തെളിഞ്ഞവരില്‍ പ്രധാനികള്‍. കല്‍പനയിലൂടെ വികാരങ്ങളെയും വിചാരങ്ങളെയും മഷിയിലൂടെ കറുപ്പിക്കുന്നവര്‍! താഴെ കാണുന്ന വരികള്‍ അവരെ രേഖപ്പെടുത്തുന്നു, ''കരള്‍ വേവും നോവിന്‍ കനലുകള്‍ പുകയാളിച്ചോക്കും നേരം കടല്‍ മാടിവിളിക്കും...'' (ദര്‍ശന) എന്ന വരികള്‍ ഒരുപക്ഷെ, ഞാന്‍ പറയാതെപോയതാണ് എന്ന് കരുതുന്നു. ദര്‍ശനയുടെ നിലപാട് കൃത്യമാണ്. നോവുന്ന ആത്മാവിനൊപ്പമാണ്. കഥകളിലൂടെ, ഓര്‍മകളിലൂടെ എന്നെ നോവിക്കുന്നുണ്ട് മനീഷ.

''അഴുകിയയെന്‍ വിഭ്രാന്തിക്കാഴ്ചകള്‍ പടര്‍ത്തും വിഭ്രാമനിലാവെട്ടം മറയുന്ന സുഗന്ധമൊഴുകും പുഴയില്‍ ഞാനിതാ പുനര്‍ജ്ജനിക്കുന്നു'' (സുഭാഷ്), ''എഴുത്തും വായനയും അറിയാവുന്ന, പുസ്തകങ്ങളിഷ്ടപ്പെടുന്ന ഒരു കള്ളനവനെങ്കില്‍ അവനെ മോഷ്ടിക്കാനനുവദിച്ച നല്ല കുറ്റത്തിനു ദൈവം എനിക്ക് സ്വര്‍ഗ്ഗം തന്നെ സമ്മാനം തരുമായിരിക്കും...'' (ജിബില്‍) തുടങ്ങിയ ചിന്തകള്‍ ഈ എഴുത്തുകാരെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി.

ഇത്തരം വായനകളിലൂടെ നവഭാവനകളും നവ്യമായ അനുഭൂതികളും കടന്നുവരണമെന്നില്ല. പക്ഷേ, ഈ കവികള്‍ അവതരിപ്പിക്കുന്ന കവിതകളിലെ നിഷ്‌കളങ്കഭാവങ്ങള്‍, ഞാനും ഒരു കവിയെന്ന് അനുവാചകരോട് മന്ത്രിക്കുന്ന സ്വരമാധുരി എല്ലാം എനിക്ക് പ്രതീക്ഷയാണ്.

ദര്‍ശനയുടെ പതിഞ്ഞ ഭാവമല്ല സുഭാഷിന്റെ ഒളിപ്പിച്ചുവച്ച അര്‍ഥസങ്കലനങ്ങള്‍! ജിബില്‍ തുറന്നും ലളിതമായും പറയുമ്പോള്‍ രേഖ മറച്ചുവച്ചണ് പറയുന്നത്. മനീഷ അസ്വസ്ഥമായ, വേദനിക്കുന്ന അമ്മയാണ്. ഡോ. സുഭാഷിണി മഹാദേവന്‍ രോഷം കൊള്ളുന്ന, പ്രതിഷേധിക്കുന്ന രാഷ്ട്രീയക്കാരിയാണ്. ഇവരില്‍നിന്നെല്ലാം അകന്നുമാറി സ്വന്തം പാത തീര്‍ത്തവരില്‍ മുഖ്യരാണ് ബാലഗോപാലന്‍ കാഞ്ഞങ്ങാടും (ചാളച്ചീറ്, ആദിവാസി) സുകുമാരന്‍ ചാലിഗദ്ദയും (കള്ളനും പൊലീസും) തുടങ്ങി കിനാവ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ശ്രീ. അബ്ബാസ്, മുക്താര്‍ ഉദരംപൊയില്‍ തുടങ്ങിയവരും ഉള്‍പ്പെടും.


എഴുത്തുകാരി ദര്‍ശനയോടൊപ്പം ഡോ. അജയ് നാരയണന്‍

ഇങ്ങനെ എത്രയോ വായനകള്‍ സമ്മാനിച്ചൊരു ലോകത്താണ് എന്റേതായ കൊച്ചുകൊച്ചു എഴുത്തുകള്‍, വികാരപ്രകടനങ്ങള്‍, വ്യഥകള്‍ ഞാനും പകര്‍ത്തുന്നത്. എന്റെ എഴുത്തുകള്‍ക്ക് ആധാരം കാലികമായ ഒരു പത്രവാര്‍ത്തയോ ഒരു സംഭവമോ ഒരു ലേഖനമോ കവിതയോ ആകാം. അതോടൊപ്പം എന്നിലേക്കും ഞാന്‍ പാളി നോക്കുന്നുണ്ട്. ഒറ്റ എഴുത്തില്‍, ഒറ്റ ഒഴുക്കില്‍ എന്തൊക്കെയോ കുറിച്ചിടുന്നു. അപ്രതീക്ഷിതമായി അങ്ങനെ ഞാന്‍ ഒരു 'രാമകവി' ആയി പരിണമിച്ചപ്പോള്‍ തെക്കേടത്തമ്മ V/S രാമകവി എന്ന ആക്ഷേപഹാസ്യസമാഹാരം ജനിച്ചു. ദര്‍ശനയോടൊപ്പം ആ പുസ്തകത്തില്‍ ഞാനും കഥാകാരനായി. അതിനും തൊട്ടുമുന്നേ, 'അവധൂതം' എന്ന കഥാസമാഹാരവും ഇറങ്ങി.

ആക്ഷേപഹാസ്യഭാവത്തില്‍ കാലികമായ അവസ്ഥകളെ കാണുന്ന രാമകവി മുഖ്യധാരയില്‍ എത്താതെപോയ ഒരു അ-വരേണ്യ സാഹിത്യകാരനാണ്. അയാള്‍ തെക്കേടത്തമ്മ എന്ന ദേവിയുമായി നിരന്തരം തര്‍ക്കത്തിലും ആണ്. അവരിലൂടെ വിരിയുന്ന ഹാസ്യവിചാരങ്ങളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതോടൊപ്പം ചില നോവുകളെ പകര്‍ത്തുന്ന ഈച്ച, മോചനം, രാഗിണിയുടെ ശില്‍പശാല, മരണാനന്തരം തുടങ്ങി ഏറെ കഥകളും ഉണ്ട്. നിലപാടും നിരീക്ഷണവും കുറിക്കുന്ന, ജീവിതമെന്ന രീതിയില്‍ വരയ്ക്കുന്ന ചില ചിന്തകളും കവിത എന്ന രീതിയില്‍ നവമാധ്യമങ്ങളിലും അച്ചടിയിലും വന്നു. അവയില്‍ വേറിട്ടുനില്‍ക്കുന്നു 'മാനക്വിന്‍', 'തീ വയലാര്‍', 'സ്മൃതിശില', 'ഈ നാട്, നമ്മ നാട്' തുടങ്ങിയവ. ഈ കവിതകള്‍ക്ക് അച്ചടിമഷി പുരണ്ടത് ഭാഗ്യമാണ്.


ഈ കവിതകളെല്ലാം കാല്‍പനീകകാമനകളില്‍ ഒതുങ്ങുന്നില്ല എന്ന് ഞാന്‍ കരുതുന്നു. വയലാറിനെ ഏറെ വായിച്ചു അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച ശേഷം കുറിച്ചതാണ് തീ വയലാര്‍. പാര്‍ശ്വവത്കരണം നടന്നുകൊണ്ടേയിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നോവാണ് മാനക്വിന്‍. അങ്ങനെ എത്രയോ കവിതകള്‍. പലതും കാവ്യശിഖ കൂട്ടായ്മയില്‍ ശ്രദ്ധേയമായ കവിതകള്‍ കൂടിയാണ്.

ഒരുപാട് സാധ്യതകളും വെല്ലുവിളികളും ഉള്ള നവമാധ്യമ രംഗത്ത് അറിഞ്ഞോ അറിയാതെയോ ചെറിയ ഒരു സൗഹൃദലോകം നേടിയെടുത്ത ഒരാള്‍ എന്ന നിലയില്‍, 2024 ഒരുപാട് പ്രതീക്ഷകള്‍ എനിക്ക് തരുന്നുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉപജീവനമാര്‍ഗം തേടിപ്പോയ ഒരാള്‍, സ്വസ്ഥം, ഗൃഹഭരണം എന്ന നിലയില്‍ നാട്ടില്‍ റിട്ടയേര്‍ഡ് ജീവിതം നയിക്കണം എന്നേ കരുതിയുള്ളു. പക്ഷേ, ജീവിതം കരുതിവച്ചത് മറ്റൊന്നായിരുന്നു.


സന്തോഷവും സംതൃപ്തിയുമുള്ള ദിനങ്ങള്‍ തന്നെയാണ് മുന്നിലും. പുത്തന്‍ വായനയില്‍ ഇനിയും ഏറെ ശ്രദ്ധിക്കണം. എഴുത്ത് ഒരു നിമിത്തമായി സംഭവിക്കുന്നതാണ്. അവയെല്ലാം പുസ്തകമാക്കുക എന്നത് വല്ലാത്തൊരു വെല്ലുവിളിയാണ് ഇന്ന്. അതിനാല്‍ അതേക്കുറിച്ചാലോചിച്ചു വിഷമിക്കുന്നില്ല. എഴുത്തുകള്‍ ഇനിയും ഉണ്ടാകും. ഉണ്ടായേതീരൂ, കാരണം അത് എന്നെ മറ്റൊന്നാക്കി രൂപപ്പെടുത്തുന്നുണ്ട്. ചോദിച്ചുകൊണ്ടേയിരിക്കാന്‍ അത് ഊര്‍ജ്ജം തന്നെയാണ്.

TAGS :