Quantcast
MediaOne Logo

ജംഷിദ സമീര്‍

Published: 10 July 2023 7:16 AM GMT

കഠിന കഠോരമൊരു തീവണ്ടി യാത്ര

കാറ്റിനുപോലും കേറാനിടമില്ലാതെ വാഗന്‍ ട്രാജഡിയോര്‍ത്തുപോയ അസാധ്യയാത്ര...

കഠിന കഠോരം
X

ഉള്ളിലൊരു അസഹനീയമായ നീറ്റലുമായാണ് ഫറൂഖ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നത്. തുഞ്ചന്റെ മണ്ണും, മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് സദാ ഓടിനടക്കുന്നൊരു തെമ്മാടിക്കാറ്റും കിളി പാടിത്തരുന്ന പാട്ടും ഓര്‍മ പേറിത്തഴമ്പിച്ച കാഞ്ഞിരമരവും കുളവും എനിക്കൊരായുസ്സു മുഴുവന്‍ സന്തോഷിക്കാനുള്ളവയായിരുന്നു.

എം.ടിയുടെ 'മഞ്ഞും' 'സ്വര്‍ഗം' തുറക്കുന്ന സമയവും വായിച്ചു തീര്‍ന്ന അതേ ആഴ്ചയില്‍ അദ്ദേഹത്തെ നേരില്‍ക്കണ്ടതും കുറച്ചു നേരം സംസാരിച്ചതുമെല്ലാം സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തെ സന്തോഷങ്ങള്‍. ആകാശക്കോട്ടക്കെട്ടി ഇഷ്ടമുള്ള പാട്ടും കേട്ട് ഒറ്റക്കുള്ള യാത്രയും. എണ്ണി നോക്കിയാല്‍ സന്തോഷങ്ങളുടെ ഘോഷയാത്ര!

റെയില്‍വേ സ്റ്റേഷനിലെ ഒഴിഞ്ഞുകിടന്ന ബെഞ്ചില്‍ കാത്തിരിക്കുകയായിരുന്നു. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'പോസ്റ്റ്'. തുഞ്ചന്‍പറമ്പിലേക്ക് എന്നോടൊപ്പം വന്ന നാലു കുട്ടികളുമുണ്ട് കൂടെ. ബാക്കി രണ്ടുപേരെ പറ്റിയാണ് മനസ്സിങ്ങനെ വേദനയോടെ സംസാരിക്കുന്നത്. എന്നെ വായിക്കാനിട കൊടുക്കാതെ ടീച്ചറെന്ന നിലയില്‍ അസാധ്യമായ ആത്മവിശ്വാസത്തോടെ അവരോടും ഫോണില്‍ രക്ഷിതാക്കളോടും സംസാരിച്ചു കൊണ്ടിരുന്നു.

സ്റ്റേഷനിലേക്ക് ഇരുട്ട് ചാറിത്തുടങ്ങിയിരുന്നു. നടുവിലത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ട ചരക്കുവണ്ടിയെ കറുപ്പ് വിഴുങ്ങിത്തുടങ്ങിയിട്ടുണ്ട്. പച്ചയില്‍ കുറിച്ചിട്ട മഞ്ഞ അക്ഷരങ്ങളൊന്നും വായനയില്‍ തെളിയുന്നില്ല. റെയില്‍പ്പാളം കുലുക്കിക്കൊണ്ട് അഞ്ചേമുക്കാലിനെത്തേണ്ട ട്രെയിന്‍ ആറു മണിക്കാണ് വന്നിറങ്ങുന്നത്. ലോക്കല്‍ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ തിരഞ്ഞ് ഞാനോടി.


മുന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴുള്ള കാഴ്ചക്ക് എന്നെ ഉരുക്കിക്കളയാന്‍ മാത്രം ശക്തിയുണ്ടായിരുന്നു. അവര്‍ രണ്ടിലൊരാള്‍ സഹപാഠിയെ കെട്ടിപ്പിടിച്ചു കരയുകയാണ്. കുട്ടികളുടെ രക്ഷിതാക്കളോട് സംസാരിക്കുന്ന സമയത്ത് ടീച്ചറെന്ന ഉത്തരവാദിത്വത്തെ പതിന്മടങ്ങ് ഗുണിച്ചു കൊണ്ടാണ് സംസാരിച്ചിരുന്നതെങ്കിലും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നതും ഉത്തരവാദിത്വം വിറങ്ങലിച്ചതും ഞാനനുഭവിച്ചു.

കാര്യമെന്താണെന്നു പറയാം. തുഞ്ചനുത്സവം കഴിഞ്ഞ് മടക്കയാത്ര ട്രെയിനിലാക്കാമെന്ന് നിശ്ചയിച്ചിരുന്നു. മംഗള എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ടിക്കറ്റെടുത്ത് നാലേ ഇരുപതിനുള്ള ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ഞാനും ഒന്നാംവര്‍ഷ ബി.എ ഇംഗ്ലീഷിലെ ആറു വിദ്യാര്‍ഥിനികളും. റെയില്‍വേ ട്രാക്കിങ്ങ് വഴി വണ്ടിയെത്താനായെന്ന സൂചനയില്‍ പ്ലാറ്റ്‌ഫോമിന്റെ മുന്നിലേക്ക് ഞങ്ങള്‍ നടന്നു. കുട്ടികള്‍ പലതമാശകളും പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു. ആദ്യമായിട്ട് തീവണ്ടി കയറുന്നവരും അതിലുണ്ട്. ചിലര്‍ ട്രെയിനില്‍ കേറാത്തവരെ പലവിധത്തില്‍ പേടിപ്പിക്കുന്നു. അവരുടെ തമാശകളാസ്വദിച്ച് ഞാനിരുന്നു. സഹയാത്രികര്‍ പലരും പരിസര ബോധമില്ലാത്ത തമാശകള്‍ കേട്ട് ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ചിലപ്പോഴെല്ലാം എനിക്കും ചിരിവന്നു, തമാശയാസ്വദിക്കുന്നിതിനിടക്ക് കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.

'അതേയ്... ഈയാളുകള്‍ വിചാരിക്കും ആദ്യമായിട്ട് ട്രെയിന്‍ കേറാന്‍ വന്നവരാണെന്ന്.'

'മിസ്സിന് ടെന്‍ഷനൊന്നുമില്ലേ ... അഥവാ ആര്‍ക്കെങ്കിലും കേറാന്‍ പറ്റിയില്ലെങ്കിലോ...'

ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളല്ലേ നിങ്ങള്‍. അതുകൊണ്ട് ധൈര്യമില്ലാതില്ലെന്ന് പറഞ്ഞൊപ്പിച്ചു.

പ്ലാറ്റ്‌ഫോമില്‍ അസാധ്യമായ തിരക്ക്.

'ഈ മനുഷ്യര്‍ക്കെല്ലാം കേറാന്‍ ട്രെയിനിന് കുഞ്ഞു വാതിലേയുള്ളൂ...' കൂട്ടത്തിലൊരുവള്‍ ആശങ്കയറിയിച്ചു.

'വെറുതേയാധി കേറാതെയിരിക്കൂ...'

കമ്പാര്‍ട്ട്‌മെന്റുകള്‍ കുത്തി നിറച്ച തിരക്കുമായാണ് മംഗള എക്‌സ്പ്രസ് എത്തിയത്. രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും കാലു കുത്താന്‍ പോലും സ്ഥലമില്ല. ആരൊക്കെയോ പറയുന്നത് കേട്ടു,

'എവിടെയെങ്കിലും പോയി കേറിക്കോളൂ ... അടുത്ത ട്രെയിന്‍ എട്ടു മണിക്കാണ്.' കുട്ടികളെയും കൂട്ടി ഓരോ വാതിലുകളിലും മുട്ടുവില്‍ തുറക്കപ്പെടുമെന്ന പോലെ പരക്കം പാഞ്ഞു. ഒടുവിലൊരു സ്ലീപറിലാണ് ഇടം കിട്ടിയത്. നാലുപേര്‍ എനിക്കു മുന്നേ അതില്‍ കയറുകയും ബാക്കി വന്ന രണ്ടു പേര്‍ തൊട്ടു പിന്നിലത്തെ ബോഗിയില്‍ കയറുന്നത് കണ്ണു നിറയെ കണ്ടിട്ടാണ് ഞാന്‍ കയറിയത്.


ഡോറിനോട് ചേര്‍ന്ന് ഒരു പോസ്റ്റര്‍ കണക്കെ ഒട്ടിപ്പിടിച്ചു നില്‍ക്കുകയായിന്നു ഞാന്‍. സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തെ തിരക്ക്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് എന്തുകൊണ്ടെന്റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായെന്ന് മനസ്സിനോട് ചോദിച്ചു. ആ കുട്ടികളവിടെ സൈഫ് ആണോയെന്ന് ചോദിക്കാന്‍ ഫോണെടുക്കാനും വയ്യ. ആളുകളുടെ തിരക്ക് ഭയന്ന് ഫോണ്‍ പുറത്തെ ബാഗില്‍ സുരക്ഷിതത്തിന്റെ ഗമയില്‍ കിടക്കുന്നുണ്ടാകണം. തിരിയാനും മറിയാനും വയ്യാത്ത വിധം ആളുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. നിറയെ പുരുഷന്‍മാരും കുറച്ചു സ്ത്രീകളും. എനിക്കെന്തോ ബുദ്ധിമുട്ടുകള്‍ തോന്നി. എന്റെ കുട്ടികളും യാത്രാക്ലേശത്തെ ചൊല്ലി പിറുപിറുത്തു കൊണ്ടേയിരുന്നു.

സ്റ്റെപ്പില്‍ നില്‍ക്കുന്ന ആളുകളോട് ആ രണ്ടു കുട്ടികള്‍ ഇറങ്ങിയിട്ടില്ലെന്ന് ഉറപ്പല്ലേയെന്ന് നൂറുവട്ടം ചോദിച്ചു.

മിസ്സെവിടേന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ സഹയാത്രികര്‍ മിസ്സ് മിസ്സായിട്ടില്ലെന്ന് നേരമ്പോക്ക് പറഞ്ഞു. കൂടെയുള്ള കുട്ടികളോട് ആരുടെയെങ്കിലും കയ്യില്‍ കിട്ടാവുന്നയിടത്തെവിടെയെങ്കിലും ഫോണുണ്ടെങ്കില്‍ അവരെയൊന്നു വിളിച്ചു തരണേയെന്നഭ്യര്‍ഥിച്ചു. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ അവരുടെ വസ്ത്രത്തിന്റെ കളര്‍ പറഞ്ഞുറപ്പിച്ചു പറഞ്ഞു അവര്‍ കയറിയിട്ടുണ്ട്.

'അവരെയൊന്നു വിളിക്കൂ..... '

'ഞങ്ങള്‍ കയറിയിട്ടില്ല മിസ്സേ....'

എനിക്കപ്പോള്‍ ഭൂമി നിശ്ചലമായതു പോലെയാണ് തോന്നിയത്. ഒരു നിമിഷം മേലാകെയുരുകിയൊലിക്കുന്ന പോലെ .... ഒരുപരിചയവുമില്ലാത്തയൊരിടത്തു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകുന്ന മാതാവിനോളം അധഃപതിച്ചവളല്ല ഞാനെന്ന് എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു.

നിങ്ങള്‍ കയറുന്നത് കണ്ടിട്ടു തന്നെയാണല്ലോ ഞാന്‍ കയറിയത്; ആകാംക്ഷയോടെയും വെപ്രാളത്തോടു കൂടിയുമാണ് ചോദിച്ചത്.

'ഞങ്ങള്‍ കയറിയിരുന്നു മിസ്സേ... മിസ്സ് കണ്ടത് ശെരിയാണ്. പക്ഷേ, വണ്ടിയെടുക്കവേ ഒരു പൊലിസ് വന്ന് ഞങ്ങളെയിറക്കി. ഞങ്ങളെന്താ ചെയ്യാന്നറിയില്ല. അഞ്ചരക്ക് ഒരു ലോക്കലുണ്ടത്രേ... അതില്‍ കയറ്റിത്തരാമെന്നയാള്‍ പറഞ്ഞിട്ടുണ്ട്'

വെഷമിക്കാതിരിക്കൂ... മലയാളത്തിന്റെ സാര്‍ ഉണ്ട് തുഞ്ചന്‍പറമ്പില്‍.

അദ്ദേഹത്തെ വിളിക്കാം.. എന്നൊക്കെ ഞാന്‍ പറഞ്ഞുവെങ്കിലും നിശ്ചലമായിരുന്ന മനസ്സ്. തിരക്കുകള്‍ക്കിടയിലൂടെ പുറമേക്ക് നോക്കുമ്പോള്‍ എല്ലാ ബോഗികളും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും പിന്നിട്ടെന്നുറപ്പായി. ഡിഗ്രിപ്പിളേളരാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല! ചെറിയ മക്കളെപ്പോലെയാണ്.


ആദ്യമായിട്ട് ആരുമില്ലാതെ പുറത്തിറങ്ങുന്നത് പോലെ.. അവരെ പറഞ്ഞിട്ടും കാര്യമില്ല.. പരിചയമില്ലാത്ത സ്ഥലവും. ചെയിന്‍ വലിച്ചു നിര്‍ത്താന്‍ നിലവിളിക്കണോ എന്നൊക്കെ തോന്നി. പതിയെ പോകുകയാണെങ്കില്‍ ഇവിടെ ഇറങ്ങാമായിരുന്നു. തിരക്കിനിടയില്‍ ചതഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ഫറൂക്കൊന്ന് എത്തണേയെന്ന് എന്റെ ദൈവത്തിന്റെ നാമങ്ങളും വചനങ്ങളും ചൊല്ലി പ്രാര്‍ഥിച്ചു.

തൊട്ടുപിന്നിലുള്ളയാള്‍ എന്തൊക്കെയോ ചോദിക്കുന്നു. ഒരു മനുഷ്യന്നു പോലും ഒന്ന് പിടിക്കാന്‍ പോലുമിടമില്ലാത്ത വിധം തിരക്ക്. ഓരോ മനുഷ്യന്റെയനക്കങ്ങളും സൂക്ഷ്മം വീക്ഷിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. അടുത്ത സ്റ്റേഷന്‍ എത്തിയപ്പോള്‍ കുറേ പേരിറങ്ങി.

സ്ലീപറില്‍ ബുക്ക് ചെയ്തു ടിക്കറ്റെടുത്ത ആളുകളിലൊരാള്‍ വാതിലിന്നു ചുറ്റും തിരുകി വെച്ച ജനക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് കടക്കുമ്പോള്‍ പ്രാകി.

'മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി ഓരോന്നങ്ങിറങ്ങി വന്നോളും. സര്‍ക്കാറൊരാനുകൂലും തരുന്നുണ്ടെന്ന് കരുതി വലിഞ്ഞു കേറി....' സമാനമായ വാക്കുകളാല്‍ പിറുപിറുത്തു കൊണ്ടയാളും ഇറങ്ങി.

ആളുകള്‍ക്കിടയിലൂടെ കാറ്റ് പതിയെയകത്തേക്ക് കടന്നു.

എന്റെ തമാശകുട്ടികള്‍ അപ്പോഴും തമാശപറഞ്ഞു ചിരിക്കുന്നു. 'ആഹാ..

കാറ്റ് ഒക്കെണ്ടായിരുന്നു ലേ..'

മനസ്സിലൊരു വിഷമം കടന്നതുകൊണ്ട് എനിക്ക് മനോഹരമായി ചിരിക്കാന്‍ പറ്റിയില്ല.

സാറിനെ വിളിച്ചു നോക്കാം.. തിരക്ക് കുറഞ്ഞപ്പോള്‍ ബാഗില്‍ നിന്ന് ഫോണ്‍ എടുത്തു. സ്ത്രീ സുരക്ഷയും ഹെല്‍പ് ലൈനുമൊക്കെയുണ്ടെങ്കിലും ഇടകലര്‍ന്നുള്ള പൊതുവാഹനത്തിലെ യാത്രയില്‍ പുറത്തെ ബാഗൊരു ഒന്നൊന്നര സുരക്ഷ തന്നെ'.

ഞങ്ങളുടെ കോളജിലെത്തന്നെ മറ്റൊരാധ്യാപകന്‍ അവിടെയുണ്ടെന്നുള്ളതായിരുന്നു ഏക ആശ്വാസം. സാര്‍ അവിടെ എത്തുകയും യാത്രാ മാര്‍ഗങ്ങള്‍ തയ്യാറാക്കുകയും ചെയ്തതോടെ പകുതിയാശ്വാസമായി. എന്നാലും ടീച്ചര്‍ എന്ന നിലയില്‍ പിന്നീടുള്ള യാത്ര ഭാരമായി തോന്നി. എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ... ആ കുട്ടികളുടെ രക്ഷിതാക്കള്‍ എന്തുവിചാരിക്കുമെന്നും ആലോചിക്കാതിരുന്നില്ല... കൂടെയുള്ള കുട്ടികള്‍ക്കറിയാം അവര്‍ കയറിയതിന് ശേഷമാണ് ഞാന്‍ കയറിയതെന്ന്. ആരെന്തു വിചാരിക്കുമെന്നതിനേക്കാളേറെ എനിക്കെന്നിലെ ആത്മ സംതൃപ്തിയാണ് നഷ്ടപ്പെട്ടത്. സഹയാത്രികര്‍ എന്തൊക്കെയോ ചോദിക്കുന്നു. മനസ്സെവിടെയോ ആണെങ്കിലും സംസാരിച്ചു.

കാറ്റിനുപോലും കേറാനിടമില്ലാതെ വാഗന്‍ ട്രാജഡിയോര്‍ത്തുപോയ അസാധ്യയാത്ര... വീട്ടിലേക്കെത്രയും വേഗമെത്താനുള്ള ആര്‍ത്തിയും ദീര്‍ഘ നേരത്തെ ഇരുത്തവും ലാഭിക്കാനാണ് ട്രെയിനില്‍ വന്നത്. അല്ലെങ്കില്‍ ബസ് മതിയായിരുന്നു. അതിന്നിടക്ക് അവരെ ബസ് വഴിയാണ് അയക്കുന്നതെന്ന് പറഞ്ഞു ഞങ്ങള്‍ ഓവര്‍ ബ്രിഡ്ജ് ക്രോസ്സ് ചെയ്തു. ഒന്നുകൂടി വിളിച്ചപ്പോള്‍ ട്രെയിന്‍ വഴിയാണെന്നും ഒരു മണിക്കൂറിനുള്ളില്‍ ഒരു ട്രെയിന്‍ കൂടെയുണ്ടെന്നു പറഞ്ഞു. അവരവിടെയെത്തുന്നത് വരെ ഞാന്‍ കാത്തുകൊള്ളാമെന്നവര്‍ക്ക് വാക്കുകൊടുത്തു. വീട്ടിലേക്ക് വിളിച്ചു അവരെ സമ്മര്‍ദ്ദത്തിലാക്കേണ്ടയെന്നും കൂട്ടിച്ചേര്‍ത്തു.

അങ്ങനെയാണാ സൈഡ് ബെഞ്ചില്‍ മണിക്കൂറുകളോളം പോസ്റ്റ് ആയി ഇരുന്നത്.

കടുപ്പത്തിലൊരു തീവണ്ടിയാത്ര

ബസ് രണ്ടു വട്ടം തിരൂര്‍ പോയി വന്നാലും ഞാനവിടെയെത്താന്‍ പോകുന്നില്ല എന്നോര്‍ത്തപ്പോള്‍ വെറുതെ ചിരിയും സങ്കടവും വന്നു. ആദ്യമായിട്ടാണ് ഞാന്‍ കോളജ് കുട്ടികളെക്കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. ഇതൊക്കെ വല്ല്യ ഉത്തരവാദിത്തമാണെന്ന് മനസ്സില്‍ പറഞ്ഞു. കൂടെയുള്ള കുട്ടികളോട് സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. വണ്ടികള്‍ പലതും കൂകിപ്പാഞ്ഞങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. ഈ പോകുന്ന ട്രൈനുകള്‍ക്കൊന്നും ഫറൂഖില്‍ സ്റ്റോപ്പില്ല. അവിടുന്ന് വിട്ടാല്‍ പിന്നെ കോഴിക്കോടേ നിര്‍ത്തൂ..

പകലിന്റെ നിറവും മങ്ങിത്തുടങ്ങി. എതിര്‍ വശത്തെ കൂറ്റന്‍ ചീനി മരത്തിന് പക്ഷികളുടെ ശബ്ദമായി. ഇരുട്ട് ഒരു ഡപ്പി പൊട്ടിയൊലിച്ചിറങ്ങുമ്പോലെ അതിന്റെ പച്ച ഇലകളില്‍ കറുത്ത ചായം തേക്കുന്നുണ്ട്. പതിയെ മരങ്ങളിലേക്കും അവിടെയാകെയും പടര്‍ന്നു പിടിച്ചു. ആളുകള്‍ ഞങ്ങളെ നോക്കിത്തുടങ്ങിയിരുന്നു. ഞങ്ങളെപ്പറ്റിയുള്ള സംശയം അവരുടെ പുരികയുടെ വളവില്‍ പ്രകടമായിരുന്നു. മനസ്സ് തീവണ്ടിയേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു. പാളം തെറ്റി പാഞ്ഞു നടന്നു.

'സാരമില്ലെടോ... നമ്മളെല്ലാരും ഒരുമിച്ചല്ലേയിപ്പോള്‍. ഓരോ അനുഭവങ്ങളും ഒറ്റപ്പെടലുമെല്ലാം നമ്മളെ കരുത്തരാക്കുകയേ ഉള്ളൂ..'

അഞ്ചു മിനിട്ടു കഴിഞ്ഞിട്ടും അവരാ ആലിംഗനത്തില്‍ നിന്നും മോചിതരായില്ല. പുറത്തു തട്ടിക്കൊണ്ട് പതിയെ പറഞ്ഞു.

'വരൂ...പോകാം... എട്ടു മണി കഴിഞ്ഞാല്‍ ബസ്സുകള്‍ കുറവായിരിക്കും.'

ഫറൂഖിലാണൊരാളുടെ വീട്. അവള്‍ വീട്ടിലേക്കുള്ള വണ്ടികയറിയപ്പോള്‍ ബാക്കി അഞ്ചു പേരോടൊപ്പം ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി കുതിച്ചു. ബസില്‍ നിന്നു എല്ലാ രക്ഷിതാക്കളോടും വേണ്ടയിടങ്ങളില്‍ കാത്തു കൊള്ളാന്‍ ഏര്‍പ്പാടു ചെയ്തു. വീട്ടില്‍ എന്നെ കാത്തിരിക്കുന്ന മക്കളെ പറ്റിയോര്‍ത്തപ്പോള്‍ വിഷമം കനത്തു.

വിജനമായ ബസ്സ്റ്റാന്റില്‍ വെച്ചോരോരുത്തരും അവരവരുടെ തട്ടകങ്ങളിലേക്ക് യാത്ര ചെയ്തപ്പോള്‍ മനസ്സിലെ തിരയൊതുങ്ങി ശാന്തമായി. നിലാവിലൂടെ ഒരു തണുത്ത കാറ്റ് എന്നെ മാത്രം തേടി വന്നു പൊതിഞ്ഞു. നിശാഗന്ധികള്‍ പോലെ മുഖം പൂത്തു കിടന്നു..

(കൊണ്ടോട്ടി ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖിക)

TAGS :