Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 19 Dec 2022 11:54 AM GMT

ലോകത്തിന്റെ ഫ്രീസറിലേക്കൊരു യാത്ര

ലോകത്തിന്റെ ഫ്രീസര്‍ എന്നറിയപ്പെടുന്ന 'ഒയ്മാക്കോണ്‍' പ്രദേശത്തിലെ ഏറ്റവും കുറഞ്ഞ താപനില - 67.8 ഡിഗ്രിയും കൂടിയ താപനില 18.7 ഡിഗ്രിയുമാണ്.

ലോകത്തിന്റെ ഫ്രീസറിലേക്കൊരു യാത്ര
X

മൈനസ് 72 ഡിഗ്രി താപനിലയിലെ ജീവിതം നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാകുമോ? അത്രയും തണുപ്പില്‍ ജീവിച്ചിരിക്കുമോ എന്ന് പോലും സംശയം തോന്നുന്നു അല്ലേ? എന്നാല്‍ സംശയിക്കേണ്ട, അത്രയും കൊടും തണുപ്പില്‍ 500 പേര്‍ സ്ഥിര താമസമാക്കിയ ഒരു ഗ്രാമമുണ്ട്. റഷ്യന്‍ സൈബീരിയയിലെ 'ഒയ്മാക്കോണ്‍' ! യാക്കൂട്ട്ച്ച് എന്ന പേരില്‍ അറിയപ്പെടുന്ന തദ്ദേശീയരും ചില വംശീയ റഷ്യക്കാരും ഉക്രെയിനികളും അവിടത്തെ സ്ഥിരതാമസമാക്കിയ 500 പേരില്‍ ഉള്‍പ്പെടും.

ലോകത്തിന്റെ ഫ്രീസര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശത്തിലെ ഏറ്റവും കുറഞ്ഞ താപനില - 67.8 ഡിഗ്രിയും കൂടിയ താപനില 18.7 ഡിഗ്രിയുമാണ്.


(ഇന്ത്യയില്‍ നിന്നുമുള്ള ഒരു സഞ്ചാരി റെക്കോര്‍ഡ് താപനിലയായ - 71.2 ഡിഗ്രിയില്‍)

സോവിയറ്റ് കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വേതനമാണ് അസ്ഥി മരവിപ്പിക്കുന്ന തണുപ്പുള്ള ഈ പ്രദേശത്തേക്ക് ആളുകളെ ആകര്‍ഷിച്ചത്. പിന്നീട് അവര്‍ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു ദിവസത്തിലെ ജനജീവിതത്തിന്റെ 21 മണിക്കൂറും ഇരുട്ടിലാണിവിടം. രാവിലെ 11.15 ന് സൂര്യന്‍ ഉദിയ്ക്കുകയും വൈകുന്നേരം 3.45 ന് അസ്തമിക്കുകയും ചെയ്യുന്ന സ്ഥലം.

ജനജീവിതം എങ്ങനെ?

വീടുകള്‍ക്കുള്ളില്‍ പവര്‍ ജനറേറ്റര്‍ ഇല്ലാതെ ഇവിടത്തെ ഒരാള്‍ക്ക് പോലും ജീവിക്കാന്‍ സാധിക്കില്ല. അതേ പോലെ ഗതാഗതവുമായി ബന്ധപ്പെട്ടും ഇവിടത്തുകാര്‍ ക്ലേശമനുഭവിക്കുന്നു. വാഹനം വഴിയില്‍ എങ്ങും ഓഫ് ആകരുതേ എന്നാണിവരുടെ പ്രാര്‍ഥന. ഓഫായാല്‍ തീര്‍ന്നു! നിമിഷ നേരത്തില്‍ എഞ്ചിന്‍ ഓയില്‍ ഐസ് പോലെ മരവിച്ച് കഴിഞ്ഞിരിക്കും. അതു പോലെ വീടിന് പുറത്ത് വണ്ടി ഓഫ് ചെയ്ത് ഇട്ടാലും ഇതേ അവസ്ഥയാണ്. അതിനാല്‍ ഇവിടത്തുകാര്‍ വണ്ടികള്‍ ഓഫ് ചെയ്യാറേ ഇല്ല. 24 മണിക്കൂറും വണ്ടികള്‍ സ്റ്റാര്‍ട്ട് ആയിരിക്കും. വാഹനങ്ങളെ വീടാക്കിയവരും ഉണ്ട്. വാഹനങ്ങള്‍ക്കുള്ളില്‍ താമസമുറപ്പിച്ച് മൂന്നും നാലും വസ്ത്രങ്ങള്‍ ഒന്നിനു മീതെ ഒന്നായി ധരിച്ച് തണുപ്പിനെ പ്രതിരോധിക്കുന്നവര്‍.


മുഖം മുഴുവനായും മൂടുന്ന മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ കണ്‍പീലിയില്‍ ഐസ് വന്ന് മൂടി കാഴ്ചയും നഷ്ടപ്പെടാം എന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അത്യധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ മരവിച്ച് മരിക്കാന്‍ ഒരു നിമിഷം പോലും എടുക്കില്ല! അതിനു പുറമേ അതിശൈത്യത്തില്‍ ത്വക്ക് സംബന്ധമായ അസുഖങ്ങളും വിണ്ടലും ഇവരില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മരണവും സംസ്‌ക്കാരവും

ഇവിടെ ഒരാള്‍ മരിച്ചാല്‍ സംസ്‌ക്കരിയ്ക്കാനുള്ള കുഴി വെട്ടി എടുക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം. ആദ്യം സ്ഥലം കണ്ടെത്തി മഞ്ഞ് ഉരുക്കണം, പിന്നീട് മഞ്ഞു വീഴുന്നതിന് അനുസരിച്ച് മഞ്ഞ് ഉരുക്കി കൊണ്ടേ ഇരിക്കണം. ഇങ്ങനെയെല്ലാം സംസ്‌ക്കരിച്ചാലും മൃതദേഹങ്ങള്‍ അഴുകുന്നില്ല എന്നതാണ് സത്യം. ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ അത് സാധിക്കുകയുള്ളു. ശൈത്യകാലത്ത് ആരും മരിക്കരുതേ എന്നാണ് ഇവിടത്തുകാരുടെ പ്രാര്‍ഥന.

സോവിയറ്റ് റഷ്യയുടെ ഇടപെടല്‍

നഗരങ്ങളില്‍ നിന്നും അതിശൈത്യമുള്ള ഈ പ്രദേശത്തേക്ക് ആളുകളെ എത്തിക്കുകയായിരുന്നു അന്നവര്‍ ചെയ്തിരുന്നത്. എല്ലുകളുടെ റോഡ് എന്നറിയപ്പെടുന്ന ഒയ്മിയാക്കോണിനും യാക്കൂട്ട്‌സിനും ഇടയിലുള്ള ഗുലാഗ് ജയില്‍ പണി കഴിപ്പിച്ചത് ആയിരക്കണക്കിന് തൊഴിലാളികളെ കൊണ്ടാണ്. 1930 മുതല്‍ 1955 വരെ സോവിയറ്റ് യൂണിയനില്‍ നില കൊണ്ടിരുന്ന ലേബര്‍ സിസ്റ്റമാണ് പിന്തുടര്‍ന്നത്. അതിനാല്‍, മരണപ്പെട്ട ആ തൊഴിലാളികളുടെ പേരിലാണ് ഇന്നും ആ പ്രദേശം അറിയപ്പെടുന്നത്.


ജീവിത രീതിയും വിനോദവും

കൊടും തണുപ്പില്‍ കൃഷി അസാധ്യമാണ്. അതിനാല്‍, ഇവര്‍ കന്നുകാലി വളര്‍ത്തലിലാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത്രയും ജനങ്ങള്‍ക്ക് വേണ്ടി ആകെ ഒരു കടയാണ് പ്രദേശത്തിലുള്ളത്. ഗാസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സ്‌ക്കൂള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കൊച്ച് എയര്‍ പോര്‍ട്ടിനുള്ള സ്ഥലം കൂടി ഇവിടെയുള്ളത് ഇവിടത്തുകാര്‍ പുരോഗതിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ലെന്ന് എടുത്ത് കാണിക്കുന്നു. വജ്രം, എണ്ണ, പാചകവാതകം എന്നിവയാല്‍ സമ്പന്നമാണ് ഒയ്മിയാക്കോണ്‍.

ജനജീവിതം സുഗമമാക്കുന്ന സംവിധാനങ്ങള്‍ ഇവിടെ ഇല്ലാത്തതും ഉയര്‍ന്ന ജീവിത നിലവാരവും ഇവിടെത്തേക്ക് ആളുകള്‍ എത്തിപ്പെടുന്നതിന് തടസ്സമാണ്. റഷ്യയിലെ യാക്കൂട്ട്‌സില്‍ നിന്നോ മഗധാനില്‍ നിന്നോ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വണ്ടി ഓടിച്ചാല്‍ മാത്രമേ ഇവിടെ എത്തുകയുള്ളു. അല്ലെങ്കില്‍ 11 കിലോമീറ്റര്‍ ദൂരെയുള്ള യാക്കൂട്ട്‌സ് എയര്‍പോര്‍ട്ടിനെ ആശ്രയിക്കാം.


ഇത്രയും പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ താല്പര്യപ്പെടുന്ന സാഹസിക സഞ്ചാരികള്‍ക്ക് ഒയ്മിയാക്കോണ്‍ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. പ്രതിവര്‍ഷം ആയിരത്തോളം വിനോദ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കുന്നു. ഇവിടത്തെ കാലാവസ്ഥ അനുഭവിക്കാന്‍ മാത്രം വരുന്നവരാണ് ഏറെയും. കാരണം, എടുത്തു പറയത്തക്ക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അവിടെ ഇല്ല.

സ്‌നോ മൊബൈലിംഗ്, സ്ലീഡിംഗ്, ഐസ് ഫിഷിംഗ്, മാന്‍ വര്‍ഗത്തില്‍ പെട്ട റെയിന്‍ഡീര്‍ കൂട്ടങ്ങളെ മേച്ചു നടക്കല്‍ എന്നിവയെല്ലാമാണ് ഇവിടത്തുകാരുടെ പ്രധാന വിനോദങ്ങള്‍. പ്രാദേശിക വിഭവമായ റെയിന്‍ഡീര്‍ മാംസം, കുതിരയുടെ കരള്‍, വിവിധതരം മത്സ്യങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണ വിഭവങ്ങള്‍. മാക്രോണിയ്ക്ക് ഒപ്പം വിളമ്പുന്ന കുതിര രക്തത്തില്‍ ഉണ്ടാക്കിയ ഐസ് ക്യൂബാണ് മറ്റൊരു വിഭവം. റഷ്യന്‍ റസ്‌ക്കി എന്ന ചായ അവരുടെ വിശിഷ്ട പാനീയമാണ്. അത് തണുപ്പില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. നമ്മുടെ ഈ സുന്ദരമായ ലോകത്തില്‍ എത്ര വിചിത്രമായ സ്ഥലവും അതിവിചിത്രമായ ജീവിതങ്ങളും ഉണ്ടല്ലേ!




TAGS :