Quantcast
MediaOne Logo

മനുഷ്യര്‍ എല്ലായിടത്തും നനവും അലിവുമുള്ള പടവുകള്‍ മാത്രമാണ് - അഡ്വ. നജ്മ തബ്ഷീറ

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്ത വിശേഷങ്ങള്‍ യുവ രാഷ്ട്രീയ നേതാവ് അഡ്വ. നജ്മ തബ്ഷീറ പങ്കുവെക്കുന്നു. | മുനീര്‍ ഞെട്ടിക്കുളം തയ്യാറാക്കിയ യാത്രാ കുറിപ്പ്

അഡ്വ. നജ്മ തബ്ഷീറ - അമേരിക്കന്‍ യാത്ര
X

അമേരിക്കന്‍ തെരുവുകളില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും വിവരണാതീതമാണ്. ബോസ്റ്റണിന്റെ മനോഹാരിതക്കൊപ്പം ചരിത്രത്തിന്റെ ഓര്‍മത്താളുകളും ഉയര്‍ന്നുവന്നു. സൊറപറയാനും കഥകള്‍ ആസ്വദിക്കാനും ചിലയിടങ്ങള്‍ ഒരുക്കിയിരിക്കുന്നു, വിശക്കുന്നവന്റെ വിശപ്പടക്കല്‍ തങ്ങളുടെ നിര്‍ബന്ധിത ബാധ്യതയാണെന്ന് തന്നെയാണ് 'അമേരിക്കന്‍ ഫീഡിങ്' കാണിച്ചുതന്നത്. രാഷ്ട്രീയ പിന്തുണ അമേരിക്കന്‍ ഭരണാധികാരികള്‍ വേണ്ടുവോളം നല്‍കുമ്പോഴും നന്മ നിറഞ്ഞ സാധാരണ അമേരിക്കക്കാര്‍ ഫലസ്തീനികള്‍ക്കായി തന്നെയുണ്ടന്നത് ആശ്വാസമേകി. കറുപ്പിനും വെളുപ്പിനുമിടക്ക് ജോര്‍ജ് ഫ്‌ളോയിഡ് സംഭവത്തോടെ നല്ല മാറ്റങ്ങളും വന്നിരിക്കുന്നു.

അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ ആഡംസ് എന്ന മുസ്‌ലിം ഇന്റര്‍ റിലീജിയസ് സെന്ററിന് (മസ്ജിദ്) മുന്‍വശം. കണ്ണുണ്ടായിട്ടും കണ്ണടച്ച ലോകത്തിനോടായി പറയാനുള്ളവ വരകളിലും വര്‍ണങ്ങളിലും കോറിയിട്ട ചിത്രങ്ങള്‍ ചര്‍ച്ചിന്റെ രൂപത്തിലുള്ള പള്ളിക്ക് മുന്നില്‍ നിരത്തിവെച്ചിരിക്കുന്നു. കുഞ്ഞുവിരലുകളില്‍ വിരിഞ്ഞ ആ ചിത്രങ്ങളത്രയും 'ഫലസ്തീനുവേണ്ടി ഞാന്‍ കാണുന്ന സ്വപ്നം' എന്ന തലക്കെട്ടില്‍ വരച്ച് വില്‍പനക്കായി വെച്ചവയാണ്. അവധി ദിവസങ്ങളില്‍ ചിത്രംവരച്ച് സമ്പാദിക്കുന്ന പണം ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കായി അയക്കുകയാണ് അവര്‍. രാഷ്ട്രീയ, പഠന ആവശ്യാര്‍ഥം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ആഗോള ഭീമനായ അമേരിക്കയുടെ മണ്ണിലെ ആ കാഴ്ച ഹൃദയം നിറച്ചു. ആഡംസിലെത്താന്‍ ഞങ്ങളെ നയിച്ച റിസ്‌വാന് മനസ്സില്‍ നന്ദി പറഞ്ഞു.

ഒരുമാസം നീണ്ട പരിപാടി യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു. പൗരഇടപെടല്‍, വിദ്യാഭ്യാസം, മതം, നിയമനിര്‍വഹണം, തൊഴില്‍ പരിശീലനം തുടങ്ങിയ മേഖലകളില്‍ യു.എസ് ഗവണ്‍മെന്റ് ഏജന്‍സികള്‍ എങ്ങനെ പ്രാദേശിക സമൂഹവുമായി ഇടപഴകുന്നുവെന്നത് പഠിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്റര്‍ ഫെയ്ത് ഗ്രൂപ്പുകള്‍, കമ്യൂണിറ്റി പൊലീസിങ് പ്രോഗ്രാമുകള്‍ എന്നിവയില്‍ വൈവിധ്യം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള മികച്ച രീതികള്‍ ചര്‍ച്ച ചെയ്യുക, രാജ്യത്തെ സാമൂഹിക പരിമുറുക്കങ്ങള്‍ക്ക് കാരണമാകുന്ന അടിസ്ഥാന സാഹചര്യങ്ങള്‍ എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്ന് നിര്‍ണയിക്കുക തുടങ്ങിയവയെല്ലാമായിരുന്നു വിഷയങ്ങള്‍.

ഹൈകോടതി സീനിയര്‍ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍, ദലിത് ആക്ടിവിസ്റ്റ് പ്രഫ. മാളവിക ബിന്നി, തൃശൂര്‍ വിമല കോളജ് പ്രഫസറും നിരൂപകയും ആക്ടിവിസ്റ്റുമായ അനു പാപ്പച്ചന്‍, മാധ്യമ പ്രവര്‍ത്തകരായ ക്രിസ്റ്റീന ചെറിയാന്‍, കെ.എ. ഷാജി, ശ്രുതിന്‍ എന്നിവരാണ് എന്റെ സഹയാത്രികര്‍. അന്തര്‍ദേശീയ ബന്ധങ്ങള്‍ക്കും സാംസ്‌കാരിക വിനിമയത്തിനുമാണ് ഐ.വി.എല്‍.പി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. നിയമം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയം, ആക്ടിവിസം, സന്നദ്ധ പ്രവര്‍ത്തനം തുടങ്ങി വിവിധ തുറകളിലുള്ള സമൂഹത്തിന്റെ അഭിപ്രായ രൂപവത്കരണത്തില്‍ പങ്കാളികളാകുന്ന ഏഴുപേരെന്ന നിലയിലാണ് ഞങ്ങള്‍ ഐ.വി.എല്‍.പിയുടെ ഭാഗമാകുന്നത്. ഇതില്‍ രാഷ്ട്രീയ മേഖലയെ പ്രതിനിധീകരിച്ചാണ് എന്നെ തെരഞ്ഞെടുത്തത്. കോണ്‍സുലേറ്റ് നേരിട്ട് നാമനിര്‍ദേശം ചെയ്യുന്നവര്‍ക്കാണ് ഈ അവസരം. പൗരന്മാര്‍ക്ക് ഉണ്ടായിരിക്കേണ്ട അവകാശ ഉത്തരവാദിത്ത ബോധത്തെ ഒന്നുകൂടി ഉറപ്പിക്കണം എന്ന് പറയുന്നുണ്ട് അമേരിക്കന്‍ സംസ്‌കാരം.


സഹയാത്രികര്‍ക്കൊപ്പം

മലയാളി ഗുരുവിന്റെ പാകിസ്താന്‍ ശിഷ്യന്‍

പോകുന്ന വഴിയെ ഫ്‌ലൈറ്റില്‍നിന്ന് മറ്റൊരു ഐ.വി.എല്‍.പി ഗ്രൂപ്പിനെ പരിചയപ്പെട്ടു. പാകിസ്താനിലെ പ്രമുഖ പത്രമായ ഡോണിലെ മാധ്യമ പ്രവര്‍ത്തകനായ അക്ബര്‍ നൊടേസിയാണ് കക്ഷി. മലയാളിയാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ മൂപ്പര്‍ക്ക് വലിയ ആവേശം. എനിക്ക് മലയാളികളെ അറിയാം, മലപ്പുറത്തെ നല്ലോണം അറിയാം. ലേശം കൗതുകം തോന്നി. ബലൂചിസ്താനിലെ ഒരു മാധ്യമപ്രവര്‍ത്തകന് നമ്മുടെ നാടുമായി എന്താണ് ഇത്ര ബന്ധം എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചു. അദ്ദേഹത്തിന്റെ നാടായ ബലൂചിസ്താനില്‍ സമാധാനത്തിനായി പോരാടിയ അവരുടെ നേതാവിന്റെ പേര് ബി.എം കുട്ടി എന്നാണ്.

തിരൂരില്‍നിന്ന് കറാച്ചി വഴി പാകിസ്താനിലെത്തി അവിടെ ജീവിതസഖിയെയും ജീവിത ലക്ഷ്യത്തെയും കണ്ടെത്തിയ നേതാവ്. കമ്യൂണിസ്റ്റ് നേതാവായും ഗവര്‍ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായൊക്കെ വളര്‍ന്ന ജീവിതം. ബലൂചിസ്താന്‍ കൈവെള്ളയില്‍ കൊണ്ടുനടന്നിരുന്ന ബി.എം കുട്ടിയുടെ ഒരുപാട് അഭിമുഖങ്ങളും അദ്ദേഹത്തെപ്പറ്റി ഒരുപാട് ലേഖനങ്ങളും എഴുതിയ ആളാണ് അക്ബര്‍ നൊടേസി. ബി.എം കുട്ടിയുടെയും നമ്മുടെയും പ്രിയപ്പെട്ട പാട്ടുകാരന്‍ ഫായിസ് അഹമ്മദ് ഫൈസിന്റെ പാട്ടുകളിലേക്ക് സംസാരം നീണ്ടപ്പോള്‍ കൂട്ടത്തിലെ പാട്ടുകാരന്‍ ശ്രുതിന്‍ അതുകൂടി മൂളി അതിരുകളില്ലാത്ത പാട്ടിന്റെ രാഷ്ട്രീയത്തിലൂടെ സംസാരം നീണ്ടു.

രണ്ടുദിവസം കഴിഞ്ഞ് ഒരു കടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്ബര്‍ നൊടേസിയെ വീണ്ടും കണ്ടുമുട്ടി, സംസാരിച്ചു പിരിഞ്ഞു. ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ച് ബില്ലടക്കാന്‍ നോക്കുമ്പോള്‍ അത് മുമ്പേ നല്‍കിയല്ലോ എന്ന് ഹോട്ടല്‍ നടത്തിപ്പുകാരന്‍. അമേരിക്കയില്‍ ഞങ്ങള്‍ ഏഴുപേരെയും പോറ്റാന്‍ ഇത്ര വലിയ സ്‌പോണ്‍സര്‍ ആരാണെന്ന് അതിശയിച്ചുനിന്നപ്പോള്‍, ഹോട്ടലുടമ ആ മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചു. വലിയ തുകയായിരുന്നതിനാലും ആദ്യമായതിനാലും ഞങ്ങള്‍ കുറെ നിര്‍ബന്ധിച്ചു. എന്നാല്‍, നിങ്ങള്‍ മലയാളികളാണ്, ഞങ്ങളുടെ ഗുരുവിന്റെ (ബി.എം കുട്ടി) നാട്ടുകാര്‍. ഇതെങ്കിലും ചെയ്യാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ മറുപടി ഞങ്ങളെ നിശബ്ദരാക്കി. മനുഷ്യര്‍ എല്ലായിടത്തും നനവും അലിവുമുള്ള പടവുകള്‍ മാത്രമാണെന്ന് ഉച്ചത്തില്‍ പറയാന്‍ തോന്നി.

ഫലസ്തീനുവേണ്ടി ഞാന്‍ കാണുന്ന സ്വപ്‌നം

വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളുമായി പരിചയപ്പെടുന്നതിന്റെ ഭാഗമായാണ് ആഡംസ് എന്ന മുസ്‌ലിം ഇന്റര്‍ റിലീജിയസ് സെന്ററിലെത്തിയത്. ഒരു പള്ളിയായിരുന്നു അത്. പള്ളിക്ക് ഒരു ചര്‍ച്ചിന്റെ രൂപം കണ്ടു. ചോദിച്ചപ്പോഴാണ് ഈ നാട്ടിലെ ട്രെന്‍ഡിനെ കുറിച്ചറിഞ്ഞത്. അമേരിക്കയില്‍ വിശ്വാസികളുടെ എണ്ണം കുറയുന്നു. ക്രിസ്തുമത വിശ്വാസികളായിരുന്ന പലരും ഇന്ന് മതാചാരങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ പല ചര്‍ച്ചുകളും പൂട്ടി വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. അവ പല സ്ഥാപനങ്ങളും വാങ്ങിക്കുന്നു. അങ്ങനെ വില്‍പനക്ക് വെച്ച ചര്‍ച്ചാണ് ഈ പള്ളിക്കമ്മിറ്റി വാങ്ങി പള്ളിയായി രൂപാന്തരപ്പെടുത്തിയത്. ആഡംസില്‍ ഞങ്ങളെ സ്വീകരിച്ചത് റിസ്‌വാന്‍ ആയിരുന്നു. വിവിധ മത സംഘടനകളുമായുള്ള സഹവര്‍ത്തിത്ത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നയാളാണ് റിസ്‌വാന്‍.

സംസാരത്തിനിടെ നമസ്‌കാരത്തിന് ബാങ്ക് കൊടുത്തു. ഞങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുവും ക്രിസ്ത്യനും അവിശ്വാസികളും ഉണ്ട്. പക്ഷേ, റിസ്‌വാന്‍ ഞങ്ങളെ പള്ളിക്കകത്തേക്ക് കൊണ്ടുപോയി പ്രത്യേകം കസേരകള്‍ ഇട്ട് കൂടെയുണ്ടായിരുന്നവരെ പിറകിലിരുത്തി നമസ്‌കാരം വീക്ഷിക്കാന്‍ അവസരം ഒരുക്കി.


റിസ്‌വാന്‍

നമസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞ് മിമ്പറില്‍നിന്ന് മൈക്കിലൂടെ ഇന്ത്യയില്‍നിന്ന് വന്ന പ്രതിനിധികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. എല്ലാവരും ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു, ആലിംഗനം ചെയ്തു. പള്ളിയെ കുറിച്ച് നമ്മുടെ സിനിമകളും പൊതുയിടങ്ങളും പ്രചരിപ്പിച്ച ചിത്രങ്ങളില്‍ നിന്നുമാത്രം കേട്ടറിഞ്ഞ സുഹൃത്തുക്കള്‍ യഥാര്‍ഥത്തില്‍ ആനന്ദാശ്രു പൊഴിച്ചിരുന്നു. മതം പ്രചരിപ്പിക്കേണ്ടത് ഇതുപോലുള്ള മനുഷ്യരിലൂടെയാണെന്ന് ഓരോരുത്തരും ഉറച്ചു പറഞ്ഞു.

പള്ളിയുടെ ഒന്നാംനിലയില്‍ ആളുകള്‍ക്ക് ഒരുമിച്ചിരിക്കാനും പാട്ടുപാടാനും ഒരു കഫെയും കുട്ടികള്‍ക്ക് പ്ലേ ഗ്രൗണ്ടും അണ്ടര്‍ ഗ്രൗണ്ടില്‍ മത, വിദ്യാഭ്യാസ സ്ഥാപനം, ഓഫിസ് മുറികള്‍, മുകളിലത്തെ നിലയില്‍ ഇന്റര്‍ റിലീജിയസ് കംപാഫാഷനേറ്റ് സെന്ററിന്റെ ഓഫിസ്, കോണ്‍ഫറന്‍സ് റൂം എന്നിവയാണുള്ളത്.

വിശക്കുന്നവന്റെ വിശപ്പകറ്റുക

പറച്ചിലും കേള്‍ക്കലും മാത്രമല്ല, പ്രവര്‍ത്തനം കൂടി ചേരുമ്പോഴാണ് ആശയം പ്രാവര്‍ത്തികമാവുന്നത്. ചെറിയ സമയത്തിനുള്ളില്‍ കിട്ടുന്ന എല്ലാ അവസരങ്ങളെയും പരമാവധി ഉപയോഗിക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. അതുകൊണ്ടാണു 'ഫീഡിങ് അമേരിക്ക' എന്ന വിശപ്പടക്കല്‍ ലക്ഷ്യമായെടുത്ത സംഘടനയെക്കുറിച്ചു കേട്ടപ്പോള്‍ വെറുതെ കണ്ടു മടങ്ങണ്ട, ഒരുദിവസം വളന്റിയറാവാം എന്നുവെച്ചത്.

വിശക്കുന്നവന്റെ വിശപ്പകറ്റുക, അതും നാമമാത്ര ഭക്ഷണം എന്നതിലുപരി നല്ല ഭക്ഷണം തന്നെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഫീഡിങ് അമേരിക്ക. നമുക്ക് ഈ ആശയവും പ്രവര്‍ത്തനങ്ങളും അത്ര പുതുമയുള്ളൊരു കാര്യമല്ല. എന്നാല്‍, ആവുന്ന സമയം നല്ലൊരു പ്രവര്‍ത്തനത്തിന്റെ ഭാഗമാവാമെന്ന തോന്നലും, ഇവരുടെ ഭക്ഷണ മുന്‍ഗണനകളെക്കുറിച്ചറിയാനുള്ള കൗതുകവുമാണ് വളന്റിയറിങ്ങിന് പ്രേരിപ്പിച്ചത്. മനുഷ്യര്‍ സൗജന്യമായും സേവന സന്നദ്ധതയോടു കൂടിയും കൊടുക്കുന്ന പാക്കുചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ശേഖരിച്ച് ഇവിടെ സെന്ററിലെത്തിക്കും. ഇവിടെ നിന്ന് വളന്റിയേഴ്‌സിന്റെ സഹായത്തോടുകൂടി ഓരോന്നും പരിശോധിച്ച് ഉറപ്പുവരുത്തി ഒരു പ്രദേശത്തേക്കാവശ്യമായ അളവില്‍ പാക്കുചെയ്യുന്നു. ഫീഡിങ് അമേരിക്ക വളന്റിയേഴ്‌സ് റീജനല്‍ ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും അത് കൈമാറുന്നു.


'ഫീഡിങ് അമേരിക്ക'യില്‍ വളന്റിയറായി സേവനമനുഷ്ഠിക്കുന്നു

വളന്റിയേഴ്‌സായി വന്നവരുടെ വൈവിധ്യം വളരെ കൗതുകകരമായി തോന്നി. അതില്‍ ബ്ലാക്കും വൈറ്റും മനുഷ്യരുണ്ട്. പ്രായമുള്ളവരും കുഞ്ഞുങ്ങളുമുണ്ട്. ഞങ്ങളെന്തോ വലുത് ചെയ്യുന്നുവെന്ന നാട്യത്തിലല്ല, ഞാനെന്റെ നിര്‍ബന്ധിത ബാധ്യത പൂര്‍ത്തീകരിക്കുന്നുവെന്ന ബോധ്യത്തില്‍ വന്നിരിക്കുന്നവര്‍.

സന്നദ്ധ പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കുന്നതിലുള്ള വ്യത്യാസമാണത്. ഇന്നു അമേരിക്കയിലെ അയ്യായിരത്തിലധികം പട്ടിണിയനുഭവിക്കുന്ന മനുഷ്യരുടെ മുന്നിലെത്തുന്ന ഭക്ഷണപ്പൊതികളില്‍ ചിലരുടെ പാക്കറ്റില്‍ ഇങ്ങു ഇന്ത്യയില്‍ നിന്നുള്ള ചേര്‍ത്തുവെപ്പുമുണ്ട്!

ലോകം മാറ്റുന്ന കഥകള്‍, കഥ മാറ്റുന്ന ജീവിതങ്ങള്‍!

പൊതുസ്ഥലത്തെ ഇടപെടലുകള്‍, മാലിന്യ സംസ്‌കരണം, ഗവണ്‍മെന്റ് ഓഫിസിലെ ഇടപെടലുകള്‍ തുടങ്ങി പലതിലും യു.എസിലെ എന്‍.ജി.ഒ സംസ്‌കാരം എടുത്തുപറേയണ്ട സംഗതിയാണ്. നിങ്ങള്‍ വിശ്വസിക്കുന്ന ഏതൊരു നല്ല പ്രവര്‍ത്തിക്കുവേണ്ടിയും സംഘടന തുടങ്ങാം. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം, നദി മലിനമാകുന്നതിനെതിരെ, ഗര്‍ഭചിദ്രത്തിനെതിരെ, വെറുപ്പിനെതിരെ, സംസ്‌കാരത്തിന്റെ പൈതൃകത്തിന്റെ സൂക്ഷിപ്പിന് തുടങ്ങി എന്തിനും നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതി, സംഘടന നടത്തിക്കൊണ്ടുപോകാനുള്ള പണം ആളുകള്‍ തരും.

ഇന്നാട്ടില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് 'എന്‍.ജി.ഒ' സംസ്‌കാരമാണ്. ചെന്നൈയില്‍നിന്ന് പോര്‍ട് ലെന്റിലെത്തി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം ശങ്കര്‍ രാമന്‍ തുടങ്ങിയ ഒരു കഥ പറച്ചില്‍ പ്ലാറ്റ്‌ഫോമാണു 'ദ ഇമ്മിഗ്രന്റ് സ്റ്റോറി'. യുക്രൈന്‍ യുദ്ധ കാലത്തും പാട്ട് പകരുന്ന പ്രതീക്ഷയെ പങ്കുവെച്ച ഇന്ന കോതും, അഫ്ഗാനിലെ വിമാനം പറത്തുന്ന സ്ത്രീയുടെ കഥ പങ്കുവെക്കുന്ന സഫിയ ഫിറോസി, ജാപ്പനീസ് അമേരിക്കന്‍സ്, ഇന്ത്യന്‍ അമേരിക്കന്‍സ്, അവര്‍ നേരിട്ട വിവേചനങ്ങള്‍.. അതിജീവന പാഠങ്ങളൊരുപാടുണ്ട് TIS പറയുന്ന ജീവിതങ്ങളില്‍. കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു..!

കഥകളുള്ളൊരു വീട്...

അറുപതു പിന്നിട്ടിട്ടുണ്ട് എസ്തറിന്. സൈക്കോളജിസ്റ്റ് എന്ന ഔദ്യോഗിക ജോലിയില്‍നിന്നും വിരമിച്ച് ഇപ്പോള്‍ സാമൂഹിക സേവന പരിപാടികളുമായി ജീവിതമാസ്വദിക്കുന്നു. ഒറ്റക്കാണു താമസം. മക്കള്‍ വിദേശത്തു പഠിക്കുകയും ജോലിയും ചെയ്യുന്നു. ഒരുദിവസം ഞങ്ങളുടെ ആതിഥേയ എസ്തറായിരുന്നു.

സംസ്‌കാരങ്ങളെ അടുത്തറിയുക എന്നതു കൂടി ഐ.വി.എല്‍.പി പ്രോഗ്രാമിന്റെ വലിയൊരു ഭാഗമാണ്. യാത്രകളും കണ്‍സേര്‍ട്ടുകളും ഇന്നാട്ടിലെ മനുഷ്യരുമായി സംസാരിക്കാനും ഇടപഴകാനുമുള്ള അവസരങ്ങളും അതുകൊണ്ടുതന്നെ ഈ പ്രൊജക്ടിന്റെ ഭാഗമായുണ്ട്. അങ്ങനെയാണ് എസ്തര്‍ ലെര്‍മാന്‍ ഫ്രീമാനെന്ന ഞങ്ങളുടെ ഫ്രീക്ക് ആന്റിയുടെ വീട്ടിലെത്തുന്നത്. സ്റ്റാര്‍ട്ടര്‍ കഴിച്ചുതന്നെ വയറുനിറഞ്ഞ ഞങ്ങള്‍ക്കുമുന്നില്‍ വീണ്ടും മെയിന്‍ കോഴ്‌സും ഡെസേര്‍ട്ടും വിളമ്പി 'ഇങ്ങളു പയ്യെത്തിന്നാ മതിയെന്നേ' എന്നും പറഞ്ഞു കൂട്ടിരുന്നൊരു ആതിഥേയ.


എസ്തറിന്റെ വീട്ടിലെ വിരുന്നില്‍ നിന്ന്

മരം കൊണ്ടു പുറം പണിഞ്ഞ പരമ്പരാഗത ഇംഗ്ലീഷ് വീടാണു എസ്തറിന്റേതും. നമ്മുടെ നാട്ടിലെ കണക്കു വെച്ചു നോക്കിയാലൊരു കുഞ്ഞുവീട്. എന്നാല്‍, കഴിയാവുന്ന ഓരോ മൂലകളിലും ഭംഗിയുള്ള കുഞ്ഞു സാധനങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. വര്‍ജീനിയക്കാരിയായിരുന്നു, തീരത്തോടടുത്ത് എപ്പോഴും പക്ഷികളെ കാണുന്ന ഒരിടത്തായിരുന്നുവത്രേ വീട്. ആ പക്ഷിപ്രേമം ഇപ്പോഴും കെട്ടുപോയിട്ടില്ല. അതുകൊണ്ടുതന്നെ എസ്തറിന്റെ വീടു മുഴുവന്‍, ചുമരിലും ഷോക്കേസിലും എന്തിനു പാത്രങ്ങളുടെ പ്രിന്റിലും വരെ പക്ഷികളുണ്ട്. ഞങ്ങള്‍ വരുന്നുവെന്നറിഞ്ഞ് ഇന്ത്യയില്‍ വേരുകളുള്ള അവരുടെ ഒരു സുഹൃത്തിനെക്കൂടി വിളിച്ചുകൊണ്ടുവന്നിരുന്നു എസ്തര്‍. ഇപ്പോള്‍ ആയുര്‍വേദത്തെ കുറിച്ച് ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന അമല സൗമ്യനാഥ്. ചെന്നൈയില്‍ വേരു മാത്രമേയുള്ളൂ. ജനനം ഒരു ആഫ്രിക്കന്‍ രാജ്യത്തിലും വളര്‍ന്നത് ലണ്ടനിലും ഇപ്പോള്‍ ജീവിക്കുന്നതിങ്ങു അമേരിക്കയിലും. പക്ഷേ, ഇന്ത്യയെക്കുറിച്ച് രണ്ടു പേര്‍ക്കുമറിയാം. കൊച്ചിയില്‍ വന്നിട്ടുമുണ്ട്.


സെമിനാറില്‍ പങ്കെടുക്കുന്നു

യഥാര്‍ഥത്തില്‍ ജൂതവംശജയാണു എസ്തര്‍. എന്നാല്‍, ഫലസ്തീനെതിരില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ ഏറെ രോഷമുണ്ട്. മകന്റെ പഠന വിഷയം റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പലായനവും ജീവിതവുമാണ്. അതുകൊണ്ടു തന്നെ ചൈനയില്‍ പോയി പഠിച്ച കാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ക്രൂരതയനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. അങ്ങനെയൊരുപാട് കഥകളുള്ളൊരു വീട്!

മക്കള്‍ വലുതാവുമ്പോള്‍ വീടു മാറിപ്പോകുന്നതും ഒറ്റക്കാവുന്നതുമൊക്കെ ജീവിതം വിരസമാക്കുന്നില്ലേ എന്ന ചോദ്യത്തിനു ഒറ്റക്കാവുന്നില്ലല്ലോ എന്ന ചിരിയായിരുന്നു മറുപടി. സുഹൃത്തുക്കളും അതിഥികളും എന്‍.ജി.ഒ പ്രവര്‍ത്തനങ്ങളുമായി ഈ പ്രായത്തിലും ആക്ടീവാണു ഇരുവരും. അങ്ങനെയൊരു അമേരിക്കന്‍ ആതിഥേയ രാത്രി കൂടി പിന്നിട്ടു!..

ഇതുവരെ മാറിനിന്നിട്ടില്ലാത്ത കുഞ്ഞുമോന്‍ സൂഹിയെ കൂടെ കൂട്ടാന്‍ ആവതും പരിശ്രമിച്ചതാണ്. കഴിഞ്ഞില്ല. ഒടുവില്‍ അവനെ ഉമ്മയെ ഏല്‍പ്പിച്ച് യു.എസിലേക്ക്. സൂഹിയെ ഓര്‍മവന്നപ്പോഴൊക്കെ എന്നിലെ മാതാവിനെ 'കുഞ്ഞുങ്ങള്‍ എല്ലാവരുടേതുമാണ്' എന്ന പ്രസ്താവനയാല്‍ ഖലീല്‍ ജിബ്രാന്‍ ആശ്വസിപ്പിച്ചു.

(തുടരും)

അഡ്വ. നജ്മ തബ്ഷീറ മാധ്യമ ചര്‍ചകളിലെയും സെമിനാറുകളിലെയും സജീവ സാനിധ്യമാണ്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ, എം.എസ്.എഫ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പെരിന്തല്‍മണ്ണ ജില്ല കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ ഹൈകോടതി അഭിഭാഷകന്‍ പി.എ. നിഷാദാണ് ഭര്‍ത്താവ്. അമാന്‍ സൂഹി ഹംദാനാണ് ഏക മകന്‍.



TAGS :