Quantcast
MediaOne Logo

അനിത അമ്മാനത്ത്

Published: 31 Dec 2023 5:46 AM GMT

യു ടേണ്‍ സാധ്യമായിരുന്നെങ്കില്‍

ചെയ്ത് തീര്‍ക്കാന്‍ പലതും ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ജീവിതത്തില്‍ യു ടേണ്‍ സാധ്യമായിരുന്നെങ്കില്‍ എന്ന് ആശിപ്പിച്ച് കൊണ്ടേ ഇരിക്കും. | 2023 ബാക്കിവെച്ച എഴുത്തു വിചാരങ്ങള്‍

2023 ലെ എഴുത്തു വിശേഷങ്ങള്‍, 2023 എഴുത്തും വായനയും, 20243 ന്യൂഇയര്‍, പുതുവത്സരം
X

വായനയിലേക്കുള്ള ആഴം എഴുത്തിലേക്കുള്ള ദൂരത്തിന്റെ ആയാസം കുറച്ചു. എത്ര കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കുന്നു എന്നതിലുപരി ഓരോ കഥയും കഥാപാത്രവും ആസ്വദിച്ച്, കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ജീവിക്കാനാണ് എന്നും ഇഷ്ടം. ക്ലാസിക്ക് പുസ്തകങ്ങളുടെ നല്ലൊരു ശേഖരം ഈ വര്‍ഷം എന്നെ തേടിയെത്തി എന്നതിലുള്ള ആഹ്ലാദം മറച്ച് വെക്കാന്‍ സാധിക്കില്ല. മത്സരങ്ങള്‍ക്കുള്ള സമ്മാനമായും പിറന്നാള്‍ സമ്മാനമായും എല്ലാം എന്നെത്തേടി വന്നത് പുസ്തകമാണെന്ന് പറയുമ്പോള്‍ എന്റെ ചുറ്റുമുള്ളവരും പ്രിയപ്പെട്ടവരും ഈ സന്തോഷത്തിനെ എത്രമാത്രം അംഗീകരിക്കുന്നു എന്നതിനെ സൂക്ഷ്മമായി മനസിലാക്കുന്നു. തിരക്കുകള്‍ മല പോലെ വന്ന് കുമിഞ്ഞു കൂടിയാലും ഒരു ദിവസം ചുരുങ്ങിയത് രണ്ട് പേജെങ്കിലും വായിക്കണമെന്നത് എവിടെയോ വായിച്ചത് അപ്രകാരം തന്നെ തുടര്‍ന്ന് പോരുന്നു.

2022 ലെ എന്റെ ലക്ഷ്യവും പരിശ്രമവുമെല്ലാം എഴുത്തില്‍ ലോക റെക്കോര്‍ഡ് ക്രിയേറ്റ് ചെയ്യുന്നത് ആയിരുന്നുവെങ്കില്‍ 2023 ല്‍ ഒരു നോവല്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു. ഇന്ന് മാധ്യമങ്ങളില്‍ സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങളുടെ വാര്‍ത്തയില്ലാതെ ഒരു ദിവസം അവസാനിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു സമൂഹം. ആത്മഹത്യ ചെയ്തവളുടെ ചേതനയറ്റ ശരീരത്തിലേക്ക് ഒഴുകിയെത്തുന്ന സഹതാപങ്ങളും കേസ് അന്വേഷണവും എത്രത്തോളമെന്ന് നമുക്ക് അറിയാം. എന്നാല്‍, ആത്മഹത്യയോട് പിന്തിരിഞ്ഞ് നിന്ന് തിരികെ ചോദ്യം ചെയ്താല്‍ അവളെ കുരിശില്‍ തറയ്ക്കാനുള്ള ആരോപണങ്ങളുമായി എഴുന്നള്ളുന്ന സോ കോള്‍ഡ് ചോദ്യകര്‍ത്താക്കളേയും നിങ്ങള്‍ കണ്ടിരിക്കും. ഈ വൈരുധ്യമാണ് ഒമ്പത് മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ 'ലിവിങ് ടുഗെതര്‍ ' എന്ന എന്റെ നോവല്‍. മീഡിയവണ്‍ ഷെല്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന ഈ നോവലില്‍ സമൂഹത്തില്‍ നിന്നും ഏറെ ദൂരത്തിലല്ലാത്ത, എന്നാല്‍ ഇഴ ചേര്‍ന്ന് കിടക്കുന്ന, അഴിക്കുന്തോറും കുരുക്ക് മുറുക്കുന്ന സത്യങ്ങളെ കാണാം. ഇതെല്ലാം മാലോകര്‍ വായിക്കില്ലേ എന്ന് അസ്വസ്ഥപ്പെടുന്നവരുണ്ടത്രേ! എന്നാല്‍, ഇത്തരം പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സഹോദരിമാരുടേയും മകളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടേയും അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടേയും പൊള്ളുന്ന ചുടുകണ്ണുനീരിനോട് സമൂഹ മധ്യത്തില്‍ സ്വയം നഗ്‌നരാകാന്‍ തീരുമാനിച്ചവരുടെ മുതലക്കണ്ണീരിന്റെ ഒരു സൂത്രവാക്യവും സമരസപ്പെടുന്നതല്ല എന്ന ശബ്ദത്തില്‍ തന്നെ 2023 നെ അടയാളപ്പെടുത്തുന്നു.

പീഡനം, കൊലപാതകം, തട്ടിപ്പ്, വെട്ടിപ്പ്, തട്ടി കൊണ്ടു പോകല്‍ എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മുതല്‍ യുദ്ധവും രാഷ്ട്രീയവും സ്‌പോര്‍ട്‌സും എല്ലാം പതിവു പോലെ ചര്‍ച്ചകളില്‍ വന്നും പോയും പന്ത്രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കും തലയ്ക്കും ആനയും കടുവയും വന്ന് ടെറര്‍ ഉണ്ടാക്കാനും മറന്നിട്ടില്ല. ഡിസംബറില്‍ എത്തിച്ചേരുമ്പോഴാണ് പതിനൊന്നു മാസങ്ങളിലൂടെ എത്ര വേഗത്തിലാണ് സഞ്ചരിച്ചത് എന്ന് ഓര്‍ക്കുന്നത്. ചെയ്ത് തീര്‍ക്കാന്‍ പലതും ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ജീവിതത്തില്‍ യു ടേണ്‍ സാധ്യമായിരുന്നെങ്കില്‍ എന്ന് ആശിപ്പിച്ച് കൊണ്ടേ ഇരിക്കും.

അതേ, സമയം ഓടുകയാണ്. ഒപ്പം നാം എത്തിയാലും ഇല്ലെങ്കിലും ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാതെ സമയം ഓടിമറയുകയാണ്.

TAGS :