Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 3 Nov 2023 1:57 PM GMT

എഴുത്തില്‍ ആവശ്യം സംവേദനക്ഷമത - അനിത നായര്‍

ജീവശാസ്ത്രപരമായ ആണ്-പെണ്‍ പ്രത്യേകതകള്‍ ഒരാളെ താഴ്ത്തികെട്ടാനുള്ള കാരണങ്ങളല്ലെന്നും അനിത നായര്‍ അഭിപ്രായപ്പെടന്നു.

എഴുത്തില്‍ ആവശ്യം സംവേദനക്ഷമത - അനിത നായര്‍
X

സംവേദന ക്ഷമത വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ് വേണ്ടതെന്നും എഴുത്തില്‍ രാഷ്ട്രീയ കൃത്യതയെക്കാളുപരി സംവേദനക്ഷമതയാണ് ആവശ്യമെന്നും എഴുത്തുകാരി അനിത നായര്‍. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച 'മീറ്റ് ദി ഓതര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൈകസി വി.എസുമായുള്ള സംഭാഷണത്തില്‍ 'ബൈ ബുക്ക്‌സ്, ഓഫ് ബുക്ക്‌സ്, ഫോര്‍ ബുക്ക്‌സ്' എന്ന വിഷയത്തില്‍ തന്റെ പുസ്തകങ്ങളെപ്പറ്റിയും എഴുത്തിനെപ്പറ്റിയും അനിത നായര്‍ സംസാരിച്ചു.

സമൂഹത്തിന്റെ തോല്‍വിയാണ് ഒരു കുറ്റകൃത്യം നടക്കാന്‍ കാരണം. അപ്പോള്‍ സമൂഹത്തിന്റെ അത്തരം പ്രശ്‌നങ്ങള്‍ പറയാന്‍ ക്രൈം നോവല്‍ എഴുതാം. അതേസമയം കുട്ടികളുടെ സാഹിത്യം എഴുതുമ്പോള്‍ വളരെയധികം സൂക്ഷിക്കണമെന്നും കുട്ടികളുടെ മനസ് മനസിലാക്കി എഴുത്തുകാരില്‍ കുട്ടിത്തം വരണമെന്നും അനിത നായര്‍ പറഞ്ഞു. കുട്ടികള്‍ക്ക് എഴുതുന്ന കഥകളില്‍ ചില ഗൗരവമുള്ള വിഷയങ്ങള്‍ കൊണ്ടുവരാന്‍ നോക്കാറുണ്ട്. വിവിധ തരത്തിലുള്ള വ്യക്തികളുള്ള ഒരു സമൂഹം എങ്ങനെയാണ് ജീവിക്കുക എന്ന ഉപദേശം കഥകളില്‍ ഉള്‍പ്പെടുത്താറുണ്ട്.

മുസ്‌ലിം വിരുദ്ധത, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിഷയങ്ങള്‍ 'ബീപാത്തു ആന്‍ഡ് എ വെരി ബിഗ് ഡ്രീം' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ആരാധനാലയങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സംസ്‌കാരത്തെ കുറിച്ചും കുട്ടികളുടെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനിത നായര്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പള്ളികള്‍ എല്ലാ മതസ്ഥര്‍ക്കും കയറി കാണാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, കേരളത്തിലെ അമ്പലങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലായെന്ന് വളരെ വ്യക്തമായി എഴുതി വയ്ക്കുന്നു. അതൊക്കെ എത്രത്തോളം ശരിയാണെന്ന് തനിക്കറിയില്ലെന്നും താല്‍പര്യം കൊണ്ടാണ് ഏതൊരു ആരാധനാലയത്തിലേക്കും ഒരാള്‍ കടന്നു ചെല്ലുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.


ജീവശാസ്ത്രപരമായ ആണ്-പെണ്‍ പ്രത്യേകതകള്‍ ഒരാളെ താഴ്ത്തികെട്ടാനുള്ള കാരണങ്ങളല്ലെന്നും അനിത നായര്‍ ഓര്‍മപ്പെടുത്തി. ആണും പെണ്ണും ഒരു പോലെയാണെങ്കിലും അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാകണം. ആണും പെണ്ണും ചിന്തിക്കുന്നത് ഒരുപോലെയല്ലെന്നും അനിതാ നായര്‍ പറഞ്ഞു.


TAGS :