Quantcast
MediaOne Logo

ഷഫീഖ്

Published: 17 April 2022 6:13 AM GMT

ജനലിലൂടെ നോറ്റ നോമ്പുകള്‍

നാട്ടിലെക്കാള്‍ നോമ്പ് രസം ഡല്‍ഹിയിലാണ്. ഇവിടെ നോമ്പൊരുമാസം നീണ്ടു നിക്കുന്ന പെരുന്നാളാണ്. വിശ്വാസത്തിന്റെ. പങ്കുവെപ്പുകളുടെ. സഹനത്തിന്റെയും. അകത്തിന്റെയും പുറത്തിന്റെയും ശുദ്ധീകരണത്തിന്റെ...

ജനലിലൂടെ നോറ്റ നോമ്പുകള്‍
X
Listen to this Article

'ഷെഫീ ഭായ്', അടുക്കളയില്‍ നിന്നാണ് ഒച്ച കേക്കുന്നത്. ആദ്യത്തെ വിളിക്ക് പോയിട്ടില്ലെങ്കില്‍, വിളിയുടെ എണ്ണം കൂടുന്ന പോലെ ഒച്ചയും കൂടും. ദീദിയാണ് വിളിക്കുന്നത്. ഞമ്മളെ അടുക്കളയുടെ ജനാല തുറന്നാല്‍ ഓരെ കിടപ്പ് മുറിയുടെ ജനലാണ്. ഞമ്മളെ തൊട്ട അടുത്തുള്ള ബില്‍ഡിങ്ങിലെ അഞ്ചാം നിലയിലാണ് ദീദിയും, സാക്കി ഭായിയും, ഓരെ മൂന്ന് കുട്ട്യേളും പാര്‍ക്കുന്നത്. ഏറ്റവും മൂത്ത ആള്, മനാര്‍. നടൂല് ബിലാല്‍. പിന്നെ ഏറ്റവും പുതിയാള് ഖദീജ. ഓരും ഞമ്മളെ പോലെത്തന്നെ വാടകക്കാരാണ്. യു.പി യിലെ മുറാദാബാദില്‍ നിന്നുള്ളോര്‍.

ആകാശത്ത്' ജീവിക്കുന്ന കൊറച്ചു ആള്ക്കാര് തമ്മില് ഇണ്ടായി വന്ന ആത്മബന്ധത്തെക്കുറിച്ച് ഇങ്ങള്‍ക്ക് ആലോയിക്കാന്‍ പറ്റുന്നുണ്ടോ? ഇല്ലെങ്കില്‍, ഇങ്ങള് ജാമിഅഃ നഗറിലേക്ക് വെരണം. അവിടെ ഹൃദയത്തിന്റെ ജനലുകള്‍ തുറന്നു വെച്ചു കൊണ്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍, ഇങ്ങക്ക് പടച്ചോനെ കാണാം.

വിളി കേട്ടയുടനെ ഞാന്‍ അടുക്കളയിലേക്ക് പോയി, ജനല്‍ തുറന്നപ്പോ, ദീദി പതിവുപോലെ കുനിഞ്ഞു നിന്ന് വളഞ്ഞ് ജനവാതിലിലൂടെ ചിരിച്ചു കൊണ്ട് നിക്കുന്നു. 'ക്യാ ഹേ, ദീദി?', എന്തെയെന്ന് ചോദിച്ചു തീരുന്നതിനു മുന്നേ നല്ല ചൂടുള്ള മുറാദാബാദി ബിരിയാണി ജനലിലൂടെ ഇന്റെ അടുത്തേക്ക് നീട്ടി. പിന്നെ അവിടെ വര്‍ത്താനം പറച്ചിലില്ലൊന്നും സ്ഥാനമില്ല. ദീദിയോ, സാക്കി ഭായിയോ എന്തേലും കഴിക്കാന്‍ തന്നാല്‍ വാങ്ങണം. മടക്കാനോ, വേണ്ടെന്ന് പറയാനോ ഓര് സമ്മതിക്കൂല. അങ്ങനെ ചെയ്താല് ഓര് പെണങ്ങും. അതോണ്ട് മാത്രമല്ല ഞാന്‍ വാങ്ങിയത്. ദീദിയുടെ ബിരിയാണി അത്രക്ക് പൊളിയാണ്. വേവ് നും ഇനിക്കും ഏറ്റവും ഇഷ്ടവും മൂപ്പത്തീന്റെ ബിരിയാണിയാണ്. അധികം മസാലയില്ലാത്ത, വെളുത്ത ബസുമതി കൊണ്ട്, ഒട്ടും മസാല തേക്കാതെയുള്ള ബീഫ് കൊണ്ട്, ദീദി കാണിക്കുന്ന മാജിക് ആണത്. ആ ടേസ്റ്റ്, വര്‍ണിക്കാന്‍ ഇനിക്ക് അറിയൂല്ല. അത് കഴിച്ചു തന്നെ അറിയണം!

ബിരിയാണി വാങ്ങി വെച്ചപ്പോ, ചോന്ന തക്കാളി ചട്ണിയും കൊറച്ചു കട്ടി തൈരും കൂടെ തന്നു ദീദി. ബിരിയാണി വാങ്ങി വെച്ച് ഞമ്മള് വെറുതെ കൊറേ വര്‍ത്താനം പറഞ്ഞിരുന്നു. അതിന്റെ ഇടക്ക് ഖദീജ എണീറ്റു വന്നു. ഖദീജക്ക് ഒരു വയസു തികയുന്നെയുള്ളൂ. രാവിലെ ഒണര്‍ന്നാല്‍ ഓള് സ്റ്റൂളില്‍ പിടിച്ചു കഷ്ടപ്പെട്ട് എണീറ്റ് നിക്കും. എന്നിട്ട് ഓരെ ജനലിലൂടെ ഞമ്മളെ അടുക്കളയിലേക്ക് നോക്കും. അവിടെ ഞാനോ വേവോ ഇണ്ടെങ്കില്‍ ഓള് പല്ലില്ലാത്ത ഓളെ വായ തുറന്ന് സ്‌റ്റൈലില്‍ ചിരിക്കും. കണ്ട സന്തോഷത്തില്‍ കുഞ്ഞി കൈ കൊണ്ട് സ്റ്റൂളില്‍ അടിക്കും. ഞമ്മളെ ജനല്‍ അടച്ചിട്ടു കണ്ടാല്‍ ഓള്‍ക്ക് ബേജാറാണ്. ഞമ്മള് വന്ന് തുറന്ന്, കദീജ ന്ന് വിളിക്കുന്ന വരെ. ഓര് എല്ലാര്‍ക്കും അതെ. ഞമ്മക്കും അതെ.


'ആകാശത്ത്' ജീവിക്കുന്ന കൊറച്ചു ആള്ക്കാര് തമ്മില് ഇണ്ടായി വന്ന ആത്മബന്ധത്തെക്കുറിച്ച് ഇങ്ങള്‍ക്ക് ആലോയിക്കാന്‍ പറ്റുന്നുണ്ടോ? ഇല്ലെങ്കില്‍, ഇങ്ങള് ജാമിഅഃ നഗറിലേക്ക് വെരണം. അവിടെ ഹൃദയത്തിന്റെ ജനലുകള്‍ തുറന്നു വെച്ചു കൊണ്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍, ഇങ്ങക്ക് പടച്ചോനെ കാണാം. കൊറച്ചു നല്ല മനുഷ്യരിലൂടെ. ഓരെ സ്‌നേഹത്തിലൂടെ. പറഞ്ഞു വെരുന്നത്, ദില്ലിയിലെ ഒരു നോമ്പ് കാലത്തിനെ പറ്റിയാണ്. പങ്ക് വെപ്പിന്റെ ഒരു നോമ്പ് കാലം കഴിഞ്ഞിട്ടുണ്ട് ഞമ്മളെ ജീവിതത്തില്‍. ആ കാലത്തെ കുറിച്ച് എങ്ങനെ എഴുതണമെന്ന് ഇനിക്ക് അറിയൂല്ല. എഴുതി അനുഭവിക്കാന്‍, പറ്റാത്തത്ര കെട്ടികുടുങ്ങി കിടക്കുന്ന ഒന്നാണെല്ലോ ജീവിതം. എന്നാലും ഉള്ള വാക്കുകള്‍ കൊണ്ട്, അതിന്റെ പരിമിതിയില്‍ നിന്ന് കൊണ്ട്, ബാക്കിയെല്ലാം പടച്ചോന് വിട്ട് കൊടുത്ത് കൊണ്ട് ഞാന്‍ എഴുതാം.

ജനവാതിലിലൂടെ കൈമാറിയ സ്‌നേഹത്തിന്റെ ആ നോമ്പ് കാലത്തെ പറ്റി. ഞാനും വേവും, ഞമ്മളെ ഇടുങ്ങിയ ഗല്ലിയിലെ നാലാം നിലയിലെ കിളിക്കൂടില്‍ വിശാലമായി പാര്‍ക്കുന്ന നേരം. ഒറ്റ മുറി. ബാക്കി ടെറസ്. വിശാലമായ ടെറസില്‍ ഒരു കുഞ്ഞി അടുക്കള. ഒരു കക്കൂസ്. രാവിലെ എണീറ്റാല്‍ ഞാന്‍ ടെറസ് ഫുള്ള് അടിച്ചു വാരും. നാട്ടിലെ മുറ്റം അടിച്ചു വാരുന്ന ഓര്‍മക്ക്! അടുത്തുള്ള മറ്റു കെട്ടിടങ്ങളെക്കാള്‍ ഞമ്മളെ ബില്‍ഡിംഗ് ചെറുതായത് കൊണ്ട്, അടുത്തുള്ള ഫ്‌ലാറ്റുകളിലെ താമസക്കാര്‍ക്ക് എല്ലാം ഞമ്മളെ കാണാം. ഗാലറിയില്‍ ഇരുന്ന് കളി കാണുന്ന പോലെ. ഓരെല്ലാം ഞമ്മളെ ജീവിതം തെല്ലൊരു അത്ഭുതത്തോടെ കണ്ടു പോന്നിരുന്നു. ഒരു ചെക്കനും പെണ്ണും എന്തൊക്കോ ചെയ്ത് ഒരു വാര്‍പ്പിന്റെ മോളില്‍ ജീവിക്കുന്നു. എടക്ക് കൊറേ പെണ്ണുങ്ങളും ആണുങ്ങളും വെരും. എടക്ക് ഒറക്കെ ചിരിയും പാട്ടും കേക്കും. ചിലപ്പോ, ഒരു മിണ്ടാട്ടാവും ഇണ്ടാവൂല. എടക്ക് ഓര്‍ക്ക് മനസിലാവാത്ത ഏതോ ഭാഷയില്‍ അവര്‍ കലഹിക്കും. സൗണ്ടിന്റെ വേരിയേഷനാണ് ഓരെ ആകെയുള്ള പിടിവള്ളി! വേറൊന്നും മനസിലാവാത്ത ഓരെ ഭാഷ. ഓരെ രീതികള്‍. ഇതിലെല്ലാം, ഓര്‍ക്ക് നോക്കി നിക്കാനും, അന്തം വിടാനുമുള്ള സ്റ്റഫ് ഇണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാന്‍. ഞമ്മളെ പറ്റി ഓര്‍ക്ക് ഒരു പിടുത്തവും കിട്ടാത്തത് ചില നേരത്തെ നോട്ടങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.

അങ്ങനെ ജീവിതം ഒരുവിധത്തില്‍ ഞമ്മള് തള്ളി കൊണ്ട് പോവുന്ന കാലത്താണ്, ദീദിയും കുടുംബവും ഞമ്മളെ അയല്‍വാസികള്‍ ആയിട്ട് വരുന്നത്. കോമച്ചിയും ഐഷുവും വന്ന അന്നാണ് ബിലാലും മനാറും ഞമ്മളെ കണ്ണില്‍ പെടുന്നത്. ജനവാതിലിലൂടെയുള്ള ഓരെ കൊഞ്ചല്‍ കണ്ടപ്പോ ഓന്‍ അതിലൊരു നല്ല ഫ്രെയിം കണ്ടെത്തിയെന്ന് തോന്നുന്നു. പക്ഷേ, കോണികൂട്ടില്‍ നിന്നും ഫോട്ടോ എടുത്തപ്പോ ഓന്ക്ക് തൃപ്തി ആയില്ല. ഓരെ ജനലിന്റെ മോളിലുള്ള ഞമ്മളെ കക്കൂസിന്റെ ജനല്‍ തുറന്ന് എത്താന്‍ വേണ്ടി അവിടെയൊരു സ്റ്റൂള്‍ ഇട്ട് ഓന്‍ ഓരെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ആ ബന്ധം തുടങ്ങുന്നത്.

പിന്നെ എടക്ക് എടക്ക് കോണി കേറി വരുമ്പോ വെറുതെ ചിരിക്കും. ചിരി പിന്നെ വര്‍ത്താനമായി. ഓരോട് വര്‍ത്താനം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദിവസം, ഓരെ ഇമ്മയും ഇപ്പയും കുഞ്ഞി പെങ്ങളും ജനലില്‍ പ്രത്യക്ഷപെട്ടു. കുട്ടികളെ പോലെ തന്നെ, ഓര് രണ്ടു പേരും നല്ല വര്‍ത്താന പ്രിയര്‍. നല്ല മനുഷ്യര്‍. സ്‌നേഹമുള്ളവര്‍. സാക്കി ഭായി, ഗള്‍ഫ് ആയിരുന്നു കൊറച്ചു കാലം. പിന്നെ, ആ പണി പോയപ്പോ ഡല്‍ഹിയിലേക്ക് എത്തിയതാണ്. രണ്ടു പേരുടെയും പ്രണയ കല്യാണമായിരുന്നു. അമ്മായി അച്ഛനും അമ്മയും എടങ്ങേറ് ആക്കാന്‍ തുടങ്ങിയപ്പോ ഓര് ഡല്‍ഹിയിലേക്ക് പണി തെരഞ്ഞു വന്നതാണ്. ഒരുമിച്ചു സമാധാനത്തില്‍ ജീവിക്കാന്‍ തുടങ്ങി. കുട്ടികളെ റൂമിന്റെ അടിയിലുള്ള ലൂസിഫര്‍ സ്‌കൂളിലും ചേര്‍ത്തു.

അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞമ്മള് അടുക്കുന്നത്. പിന്നീട്, എന്നോ ഒരൂസം അടുക്കള ജനവാതില് തുറക്കാന്‍ പറ്റുമെന്ന കാര്യം പിടിത്തം കിട്ടി. വളരെ വൈകി ആണെങ്കില്‍ പോലും. അതായിരുന്നു, ആ റൂമില്‍ ഞാന്‍ നടത്തിയ ഏറ്റവും വെല്യ കണ്ടുപിടുത്തം. പിന്നീട്, ആ ജനവാതില് തുറന്നു തന്നെ കിടന്നു. ബിലാലും മനാരും കദീജയും ദീദിയും, വൈകീട്ട് പണികഴിഞ്ഞു വന്നാല്‍ സാക്കി ഭായിയും വാതില്‍ക്കല് മാറിമാറി വന്നു. എടക്ക് ചിരിയായി. എടക്ക് കഥകളായി. എടക്ക് സന്തോഷത്തിന്റെ. എടക്ക് സങ്കടത്തിന്റെ. എടക്ക് മധുരമുള്ള, രുചിയുള്ള ഭക്ഷണമായി. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം എല്ലാം കൈമാറി ഞമ്മള് ജീവിക്കുന്ന ആ സമയത്താണ് നോമ്പെത്തുന്നത്.

നല്ല കടുത്ത വേനലില്‍. ഡല്‍ഹിയിലെ നോമ്പിന് നീട്ടം കൂടുതലാണ്. നാട്ടില് നോമ്പ്, അഞ്ച് അഞ്ചരക്ക് തുടങ്ങി ആറര ഏഴിന് അവസാനിക്കുമ്പോ. ഇവിടെ പൊലച്ചക്ക് 4 മണിക്ക് അത്തായം കയ്യിക്കേണ്ടി വെരും. ചെലപ്പോ ഏഴര വരെ ആവും മഗ്രിബ് ആവാന്‍. നോമ്പ് തുറക്കാന്‍. അതിന്റൊപ്പം കടുത്ത വേനല്‍. ചൂട്. വാര്‍പ്പിന്റെ മോളിലെ വിങ്ങല്. എല്ലാം കൂടെ ഒരു വഴിക്കാവും. എന്നാലും, നാട്ടിലെക്കാള്‍ നോമ്പ് രസം ഡല്‍ഹിയിലാണ്. ഇവിടെ നോമ്പൊരുമാസം നീണ്ടു നിക്കുന്ന പെരുന്നാളാണ്. വിശ്വാസത്തിന്റെ. പങ്കുവെപ്പുകളുടെ. സഹനത്തിന്റെയും. അകത്തിന്റെയും പുറത്തിന്റെയും ശുദ്ധീകരണത്തിന്റെ.

നാട്ടിലെക്കാള്‍ നോമ്പ് രസം ഡല്‍ഹിയിലാണ്. ഇവിടെ നോമ്പൊരുമാസം നീണ്ടു നിക്കുന്ന പെരുന്നാളാണ്. വിശ്വാസത്തിന്റെ. പങ്കുവെപ്പുകളുടെ. സഹനത്തിന്റെയും. അകത്തിന്റെയും പുറത്തിന്റെയും ശുദ്ധീകരണത്തിന്റെ

ദീദിയും കുടുംബവുമൊത്തായിരുന്നു ആ റമളാന്‍. അത്താഴവും (ഷേഹ്രി) നോമ്പ് തുറയും (ഇഫ്താരിയും). ഒരുമിച്ചെന്നു പറയുമ്പോ, ജനലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി. ഞമ്മക്ക് കൂടെയുള്ള തണുത്തവെള്ളം ഓര് കലക്കും. ഞമ്മള് പത്തിരിയും കറിയും ഇണ്ടാക്കും. ദീദി കടിയും പൊരിയും ഇണ്ടാകും. അവിടെ ഇണ്ടാക്കിയതിന്റെ ഒരു ഓരി ഞമ്മക്കും. ഞമ്മള് ഇണ്ടാക്കിയതിന്റെ ഒരു ഓരി ഓല്ക്കും. അന്നൊന്നും ഞമ്മളെ രണ്ട് കുടുംബങ്ങളുടെ കയ്യിലും കൊറേ പൈസയൊന്നുമില്ല. ഇന്റെ ജെ.ആര്‍.എഫ് ആണ്ടിലൊരിക്കല്‍ വന്നാലായി. സാക്കി ഭായ്ക്ക് എടക്ക് പണിയും പോയി. എന്നിട്ട് പോലും കരുതലും ഓരിവെപ്പും. സ്‌നേഹവും. ഒരിറ്റു പോലും കുറയാത്തൊരു ഒരു നോമ്പ് കാലമായിരുന്നുവത്. ആ നോമ്പ് പഠിപ്പിച്ചതും, ചേര്‍ന്ന് നില്‍ക്കാനും, ചേര്‍ത്തുപിടിക്കാനും, സ്‌നേഹിക്കാനുമായിരുന്നു.


അത്തായത്തിനും, ഇഫ്താറിനും പള്ളിയില്‍ നിന്നും സൈറണ്‍ മുഴങ്ങും. പിന്നീട് മാത്രമേ ബാങ്ക് കൊടുക്കൂ. അസറിനു പതുക്കെ തുറന്നു വരുന്ന അങ്ങാടികള്‍, തറാവീഹ് നമസ്‌കാരം കഴിയുന്നത്തോടെ സജീവമാവും . ബട്‌ലാ ഹൗസില്‍, നഹാരിയും, ടിക്കയും കബാബും. റൂഹഫ്‌സയും നിറഞ്ഞു നില്‍ക്കും. ആളുകള്‍ രാത്രി ഏറെ ബാക്കിയും പെരുന്നാള്‍ ഷോപ്പിങ്ങ് നടത്തും. അങ്ങനെ, അത്താഴവും കഴിച്ച്, സുബഹി നിസ്‌കരിച്ചു ജാമിഅഃ നഗര്‍ ഒറക്കത്തിലേക്ക് വഴുതി വീഴും.

ഇനിയുമൊരു നോമ്പ് കൂടെ വരുമ്പോ, ദില്ലി ഇണ്ടാവണെ എന്ന് തന്നെയാണ് പ്രാര്‍ഥന. കടുപ്പം കൂടുന്നതാണ് ഇപ്പോ ഇഷ്ടം. അത് നോമ്പായാലും ജീവിതമായാലും. എളുപ്പവും ചുളിവും ഇപ്പോ ഉപേക്ഷിച്ചു. കരയില്‍ ഇരിക്കാതെ കടലില്‍ ഇറങ്ങാന്‍ ആണ് തീരുമാനം. പടച്ചോനെ അറിയാന്‍, നാഥന്റെ പക്കല്‍ എത്തിച്ചേരാന്‍, ചില ദൂരമൊന്നും അല്ല, താണ്ടേണ്ടത്. അതത്രക്ക് സുഖമുള്ള യാത്രയുമല്ല. അതോണ്ട് കടുത്തത് കൊള്ളാനും. കൊണ്ട് പഠിക്കാനും. വീണ്ടും നടക്കാനും ആണ് നെയ്യത്ത്. ഈ നോമ്പും, പങ്കുവെപ്പിന്റെ ആവട്ടെ എന്ന് തന്നെയാണ് പ്രാര്‍ഥന.

ദീദി, ഇന്നൂടെ വിളിച്ചിരുന്നു. സാക്കി ഭായി ഗള്‍ഫിലാണ്. ദീദി നാട്ടില് ഒരു മുറി വാടകക്ക് എടുത്ത് അവിടെയാണ്. കുട്ടികള്‍ എല്ലാരും പുതിയ സ്‌കൂളിലാണ്. ദീദി ഒരു ചെറിയ കടയും നടത്തുന്നുണ്ട്. പടച്ചോന്‍ എല്ലാരെയും ഉഷാറാക്കട്ടെ.

TAGS :