Quantcast
MediaOne Logo

അമീന പി.കെ

Published: 7 April 2023 2:42 AM GMT

ഈ സ്വര്‍ഗത്തിലെന്തേ ഒരു പൂമ്പാറ്റ പോലും ഇല്ലാത്തത്

കൊട്ടാരത്തിന്റെ മേലറ്റം ആകാശത്തെയും മേഘങ്ങളെയും സ്പര്‍ശിക്കുന്നു. നീലാകാശം, താഴേ ഭൂമയെ പുതച്ചു കിടക്കുന്ന ചുവന്ന പൂക്കള്‍, നടുക്ക് വെണ്ണക്കല്ലില്‍ തീര്‍ത്ത കൊട്ടാരം, എന്റെ ഉള്ളില്‍ നിറച്ച സൗന്ദര്യം പറഞ്ഞറിയിക്കുന്നതിലും ഏറെയാണ്.

ഈ സ്വര്‍ഗത്തിലെന്തേ ഒരു പൂമ്പാറ്റ പോലും ഇല്ലാത്തത്
X
Listen to this Article

മനോഹരമായ ഒരു കൊട്ടാരം. ഇത് ഭൂമിയിലേക്ക് ഇറക്കപ്പെട്ട സ്വര്‍ഗത്തിന്റെ ഏതോ ഒരു കഷ്ണമാണെന്ന് തോന്നുന്നു. ഞാന്‍ സ്വപ്നം കാണുകയാണോ? അല്ല, ഇത് യഥാര്‍ത്ഥമാണ്... ഞാനെങ്ങനെ ഇവിടെയെത്തി? എനിക്കറിയില്ല... എന്തായാലും ഇത് മനോഹരമാണ്. എന്റെ ചിന്തകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും അതീതമായ സൗന്ദര്യം, ഭൂമിയും ആകാശവും ഈ കൊട്ടാരത്തിന് വേണ്ടി മാറ്റപ്പെട്ടപോലെ നിറങ്ങള്‍ കൊണ്ട് ദൃശ്യാവിഷ്‌കാരം ചെയ്തിരിക്കുന്നു.

വെളുത്ത നിറമുള്ള കൊട്ടാരത്തിന്റെ ചുവരുകളില്‍ മാര്‍ബിള്‍ കൊത്തുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നടുക്ക് കണ്ണാടിച്ചില്ലുകള്‍ അടുക്കി വെച്ചുകൊണ്ട് മനോഹരമായ ഒരു വാതില്‍, അത് അടഞ്ഞു കിടക്കുന്നു. ഇത് ശരിക്കും താജ്മഹലിനേക്കാള്‍ മനോഹരമാണ്. കൊട്ടാരത്തിന്റെ മേലറ്റം ആകാശത്തെയും മേഘങ്ങളെയും സ്പര്‍ശിക്കുന്നു. നീലാകാശം, താഴേ ഭൂമയെ പുതച്ചു കിടക്കുന്ന ചുവന്ന പൂക്കള്‍, നടുക്ക് വെണ്ണക്കല്ലില്‍ തീര്‍ത്ത കൊട്ടാരം, എന്റെ ഉള്ളില്‍ നിറച്ച സൗന്ദര്യം പറഞ്ഞറിയിക്കുന്നതിലും ഏറെയാണ്.

ഞാന്‍ ചുറ്റും പുറത്തേക്കുള്ള വാതില്‍ നോക്കി. എനിക്ക് പോകാന്‍ സമയമായിരിക്കുന്നു. നന്നായി വിശക്കുന്നുമുണ്ട്. പക്ഷെ, ഒരു വാതിലും എനിക്ക് കണ്ടെത്താനായില്ല. ഈ സ്ഥലം മുഴുവന്‍ ഉയര്‍ന്ന മതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

ഇവിടെ ഞാന്‍ ഒറ്റക്കാണ്, എന്നെ കാണാനും കേള്‍ക്കാനും ആരുമില്ല. എവിടെപ്പോയി എല്ലാവരും.... അറിയില്ല. കണ്ണുകളും മനസ്സും ഈ സൗന്ദര്യത്തില്‍ മയങ്ങി ഇരിക്കുന്നത് കൊണ്ട് മറ്റു ചിന്തകള്‍ എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. കൊട്ടാരത്തിന്റെ വലതു വശം ചേര്‍ന്ന് മുകളിലേക്കുള്ള പടികള്‍ കാണാമായിരുന്നു. ഞാന്‍ മുകളിലേക്ക് കയറിപ്പോയി മേഘ ധൂമങ്ങളെ കയ്യിലെടുത്തു. സൂര്യന്റെ ചെറുചൂടുള്ള കിരണങ്ങള്‍ എന്റെ മുഖത്തു തട്ടി ഞാന്‍ ഒരു പ്രകാശ വാഹിനി ആയിരിക്കുന്നു. മറുവശത്തു കൂടി താഴേക്ക് ഒഴുകി ഇറങ്ങാവുന്ന സ്ലൈഡിലൂടെ ഞാന്‍ താഴേക്ക് ഒഴുകി. നിലത്തു പൂക്കള്‍ കൊണ്ട് പുതച്ച ഭൂമിയിലേക്ക് ഒഴുകി എത്തിയപ്പോള്‍ ഭൂമി ഒരു പഞ്ഞി പോലെയായിരുന്നു. പൂക്കള്‍ക്കിടയിലൂടെ ചെറിയ പുല്‍നാമ്പുകള്‍ ആകാശത്തെ എത്തിനോക്കി നില്‍ക്കുന്നുണ്ട്. അവയുടെ അറ്റങ്ങളില്‍ മഞ്ഞുകണങ്ങള്‍ പറ്റി നില്‍ക്കുന്നു. സൂര്യ വെളിച്ചത്തില്‍ അത് വജ്രം പോലെ തിളങ്ങുന്നുമുണ്ട്. ഞാന്‍ ഒരുപാട് നേരം ആ പൂ മെത്തയില്‍ ഉറങ്ങി.


സായാഹ്ന സൂര്യകിരണങ്ങള്‍ എന്റെ കവിളില്‍ ചുംബിച്ചു. കണ്ണുതുറന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി, അത് ഓറഞ്ച്-ചുവപ്പ് നിറമായി മാറി. അതെ... സ്വര്‍ഗത്തിന് ഗുഡ് ബൈ പറയാനുള്ള സമയമാണിത്.

മനസ്സുനിറഞ്ഞിരിക്കുന്നു, ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു, ഈ പൂക്കള്‍ക്ക് മണമില്ലേ.... അതോ എനിക്ക് അത് തിരിച്ചറിയാന്‍ കഴിയാത്തതോ.... അറിയില്ല, ഇത്രയും പൂക്കളുള്ള സ്ഥലത്തു ഒരു പൂമ്പാറ്റ പോലും ഇല്ലാത്തത് എന്തുകൊണ്ടായിരിക്കും. പൂമ്പാറ്റ ചിലപ്പോ ഈ സ്വര്‍ഗം കണ്ടെത്തിയിരിക്കില്ല.

ഞാന്‍ ചുറ്റും പുറത്തേക്കുള്ള വാതില്‍ നോക്കി. എനിക്ക് പോകാന്‍ സമയമായിരിക്കുന്നു. നന്നായി വിശക്കുന്നുമുണ്ട്. പക്ഷെ, ഒരു വാതിലും എനിക്ക് കണ്ടെത്താനായില്ല. ഈ സ്ഥലം മുഴുവന്‍ ഉയര്‍ന്ന മതിലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മതിലുകളുടെ അറ്റം കാണാന്‍ എനിക്ക് സാധിക്കുന്നില്ല. ഈ മതില്‍, ഇത് വിചിത്രമാണ്. എങ്ങനെയാണ് പ്രവേശന കവാടങ്ങളോ പുറത്തേക്കുള്ള വഴികളോ ഇല്ലാത്ത ഒരിടത്ത് ഞാന്‍ അകപ്പെടുന്നത്...? മനോഹരമാക്കപ്പെട്ട ജയില്‍.

കൊട്ടാരവും ആകാശവും ഭൂമിയും മാഞ്ഞു ഞാന്‍ എന്റെ ചെറിയ മുറിക്കുള്ളില്‍ മാത്രമായിരിക്കുന്നു. ചെറിയ ബെഡ് ലൈറ്റിന്റെ വെളിച്ചം എന്റെ കണ്ണുകള്‍ക്ക് ആശ്വാസമേകി.

സൂര്യന്‍ ആകാശത്തു നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. വെളിച്ചം ഇരുട്ടിലേക്ക് മാറുന്നു. എനിക്കറിയില്ല. എന്റെ സന്തോഷം ഭയത്തിലേക്ക് അതോടൊപ്പം തന്നെ മാറിക്കഴിഞ്ഞിരുന്നു. ഒരുപാട് ചോദ്യങ്ങളുമായി ഞാന്‍ ശ്വാസം മുട്ടുകയാണ്. പക്ഷെ, എന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല, ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. പക്ഷെ, എന്നില്‍ നിന്ന് ഒരു ശബ്ദം പോലും പുറത്തു വരുന്നില്ല. തൊണ്ടയില്‍ എന്തോ കുടുങ്ങിയിരിക്കുന്നു.

എന്റെ തല വിയര്‍ക്കുന്നു, ഹൃദയം ഉച്ചത്തില്‍ നിലവിളിക്കുന്നു. ഇരുട്ട് അവിടമാകെ വിഴുങ്ങി. എന്റെ കാഴ്ചയും ഇല്ലാതായിരിക്കുന്നു. എന്താണീ സംഭവിക്കുന്നത്. ഞാന്‍ ശ്വസിക്കാന്‍ പാടുപെടുകയാണ്. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ശ്വാസമെടുത്തു, മുഖം വിയര്‍ക്കുന്നു. ദാഹം എന്റെ തൊണ്ടയെ വരണ്ടതാക്കിയിരുന്നു.

പെട്ടെന്ന് എവിടെ നിന്നോ ശ്വാസം എന്റെ ഉള്ളിലേക്കു പ്രവേശിച്ചിരിക്കുന്നു. അടഞ്ഞിരുന്ന എന്റെ കണ്ണുകള്‍ തുറന്നു. എന്റെ കിടപ്പുമുറിയിലെ വെളിച്ചത്തിന്റെ ഒരു ചെറിയ കിരണം ഞാന്‍ കണ്ടു. ഇതൊരു സ്വപ്നമാണ്, ഞാന്‍ കണ്ടതും സ്പര്‍ശിച്ചതുമായ എല്ലാം ഒരു മനോഹരമായ സൗന്ദര്യമുള്ള പേടിപ്പെടുത്തുന്ന യഥാര്‍ത്ഥ സ്വപ്‌നം.

കൊട്ടാരവും ആകാശവും ഭൂമിയും മാഞ്ഞു ഞാന്‍ എന്റെ ചെറിയ മുറിക്കുള്ളില്‍ മാത്രമായിരിക്കുന്നു. ചെറിയ ബെഡ് ലൈറ്റിന്റെ വെളിച്ചം എന്റെ കണ്ണുകള്‍ക്ക് ആശ്വാസമേകി. ഫാനിന്റെ ശബ്ദം എന്റെ അടഞ്ഞ ചെവികളെ തുറന്നുതന്നു. അടുത്തുകിടക്കുന്ന ഉമ്മയെ കെട്ടിപ്പിടിച്ചു വീണ്ടും കിടന്നപ്പോള്‍ ഭൂമിയിലെ യഥാര്‍ത്ഥ സ്വര്‍ഗത്തില്‍ തിരിച്ചെത്തിയതായി ഞാന്‍ തിരിച്ചറിഞ്ഞു.

വര: ഷെമി

TAGS :