Quantcast
MediaOne Logo

ഒരു വട്ടം കൂടിയാ.. പെരുന്നാളോര്‍മകള്‍

പെരുന്നാള്‍ ദിനത്തില്‍ കൈ നിറയെ മൈലാഞ്ചിയിട്ടു ചുമപ്പിച്ച് പുത്തനുടുപ്പിട്ടു നീണ്ട ഇടനാഴിയില്‍ കുട്ടികള്‍ക്കായി വിരിച്ച പായിലിരുന്നു ഒരുമിച്ചു ബിരിയാണി കഴിച്ചതുമെല്ലാം ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഒരു വട്ടം കൂടിയാ..  പെരുന്നാളോര്‍മകള്‍
X
Listen to this Article

'അത് പറ്റില്ല. നാല് കല്ലല്ലേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അപ്പോ അഞ്ചാമത്തെ ചിരട്ടയിലെങ്ങനെ ഇടാന്‍ പറ്റി? ഇത് കള്ളക്കളിയാണ്,'' മംഗാല കളിക്കുമ്പോള്‍ വല്ലുമ്മയുമായി ജയത്തിനു വേണ്ടിയുള്ള വാദങ്ങളും ശെരിയാണെന്നറിഞ്ഞിട്ടും തോല്‍വി സമ്മതിച്ചു കൊടുക്കാതെ ഇടക്കു പതിവുള്ള പിണക്കവും കണ്ണീരും വല്ലുമ്മയുടെ ശിഷ്യണത്തിലുള്ള ക്രോഷ്യര്‍, തയ്യല്‍ പഠനങ്ങളും മനസ്സിനെ ആലുവാപ്പുഴയുടെ തീരത്തേക്കു പിടിച്ചു വലിക്കുന്ന സമയത്തും ചിലപ്പോള്‍ ഉമ്മയുടെയും പപ്പയുടെയും ജോലിത്തിരക്കുകള്‍ കഴിയാനായി കാത്തു നില്‍ക്കേണ്ടി വരും.

''അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബറ്...' പലപ്പോഴും പള്ളിയില്‍ നിന്നു തക്ബീര്‍ കേള്‍ക്കുമ്പോഴായിരിക്കും മലപ്പുറത്ത് നിന്നു നാട്ടിലേക്ക് പോകാനൊരുങ്ങുന്നത്.

'രാവിലെ നിരത്തില്‍ വണ്ടികള്‍ കുറവായിക്കും. പെട്ടന്നങ്ങെത്താം. രാത്രിയാത്ര അപകടം പിടിച്ചതാണല്ലോ,' എന്ന കേട്ടു പഴകിയ സത്യം മാനിച്ചു സുബിഹിക്ക് ശേഷവും യാത്ര തിരിച്ച അവസരങ്ങളുണ്ട്.


ഓരോ അഞ്ചു മിനുട്ടിലും 'എത്താറായോ' എന്ന കുട്ടികളായ ഞങ്ങളുടെ ചോദ്യത്തെ വെള്ളയും ചുവപ്പും നിറമുള്ള വണ്ടികളെണ്ണിയും പുറത്തെ കാഴ്ചകളിലേക്ക് വഴിതിരിച്ചും തടയിടാനുള്ള ശ്രമത്തിലായിരുന്നു ആദ്യമൊക്കെ ഉമ്മയും പപ്പയും. ഒന്നിന് പുറകേ ഒന്നായി വരുന്ന സംശയങ്ങളും കഥകളും പാട്ടുകളുമായി ആ യാത്രകള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിച്ചു. ഒരേ വഴികള്‍, മാറിയ കാഴ്ചകള്‍. ''പണ്ട് ഞങ്ങളിതിലൂടെ വന്നിരുന്നപ്പോള്‍ ഇവിടെ കടകളില്ല, നിരത്തുകളില്‍ ഒന്നോ രണ്ടോ വണ്ടികളേ ഉണ്ടാകൂ,'' എന്നെല്ലാമുള്ള ഓര്‍മ്മകളിലൂടെ കടന്നു പോയ നാളുകള്‍.

കാറില്‍ നിന്നിറങ്ങിയാല്‍ത്തന്നെ ഫാക്ടറിപ്പുക മൂക്കിനെ തേടിയെത്തുന്ന ഏലൂര്‍ എന്ന നാട്ടിലെ മലിനമായ പെരിയാറിലെ ഓളങ്ങളും ആസ്വദിച്ചു വല്ലുമ്മ വിളമ്പിത്തരുന്ന തേങ്ങാപ്പാലില്‍ കുതിര്‍ത്ത പത്തിരിയും ബീഫ് കറിയുമാസ്വദിച്ചു മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് തരുന്ന 'പെരുന്നാപ്പൊടി'യും കൈക്കലാക്കി എനിക്കാണ് കൂടുതല്‍ കിട്ടിയതെന്നു പറഞ്ഞു നടക്കുന്ന കസിന്‍സിന്റെ കൂടെ കളിച്ചു നടന്ന 'കോഴിക്കോട്ടുകാരാ'ണ് ഞങ്ങളവിടെ. പെരുന്നാള്‍ ദിനത്തില്‍ കൈ നിറയെ മൈലാഞ്ചിയിട്ടു ചുമപ്പിച്ച് പുത്തനുടുപ്പുമിട്ടു നീണ്ട ഇടനാഴിയില്‍ കുട്ടികള്‍ക്കായി വിരിച്ച പായിലിരുന്നു ഒരുമിച്ചു ബിരിയാണി കഴിച്ചതുമെല്ലാം ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

ഉച്ചക്ക് ശേഷം പൂച്ചവാല്‍ ചെടിയും മാവും മണല്‍ മുറ്റവുമുള്ള ഉമ്മയുടെ വീട്ടിലെത്തുമ്പോള്‍ മനസ്സു കുതിക്കുകയാകും. പന്ത്രണ്ടു ചെറിയ കുഴികളും രണ്ടു വലിയ കുഴികളുമുള്ള ഒരു ഗെയിം ആണ് മംഗാല. ഞങ്ങള്‍ ചിരട്ടകളാണ് ഗെയിം ബോര്‍ഡിന് പകരമുപയോഗിച്ചിരുന്നത്. നാല് ചെറിയ വാതില്‍പ്പാളികളുടെ പുറകിലെ വരാന്തയിലാണ് മംഗാല കളിക്കുക. രണ്ടു ടീമുകളായി ഇരുന്നു വീറും വാശിയോടെയും കളിക്കുമ്പോള്‍ സമയം പോകുന്നറിയില്ല. അന്താക്ഷരിയും ഞങ്ങളുടെ പ്രിയപ്പെട്ട ഡമ്പ്ഷരാട്‌സുമെല്ലാം നേരം വെളുക്കുവോളം നീളും. ഡമ്പ്ഷരാട്‌സിനു ഞങ്ങള്‍ക്ക് പ്രത്യേകം കോഡ് ഭാഷകളുമെല്ലാമുണ്ടായിരുന്നു അന്ന്. ഓരോ തവണ പിരിയുമ്പോഴും അടുത്ത തവണത്തെ കൂടിക്കാഴ്ചക്കായുള്ള കാത്തിരിപ്പാണ്.

ഓരോരുത്തരും കുടുംബവും ജോലിയുമായി ചിതറിപ്പോയി. ഇന്നു ഒരു സന്ദേശത്തിലോ കൂടിപ്പോയാലൊരു ഫോണ്‍ വിളിയിലോ ഒതുങ്ങി നില്‍ക്കുന്നു ഈ ബന്ധങ്ങള്‍. ഒരു വട്ടം കൂടി പണ്ടത്തെപ്പോലെ ഒരുമിച്ചൊരു പെരുന്നാളാഘോഷിഷിച്ചിരുന്നെങ്കിലെന്നു ഞാനാശിച്ചു പോകുന്നു. കവി പാടിയത് പോലെ

''ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ പെയ്യുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...''TAGS :