Quantcast
MediaOne Logo

ഷബ്‌ന മറിയം

Published: 21 April 2023 7:29 PM GMT

'ന്റെ കല്യാണിയെ രക്ഷിച്ചോണേ അള്ളാ'; ഉമ്മമ്മയുടെ ഓര്‍മകള്‍ പെയ്തിറങ്ങുന്ന പെരുന്നാള്‍ രാവ്

ഉമ്മമ്മയുടെ കളിക്കൂട്ടുകാരായിരുന്ന നാരായണിയമ്മയുടെയും, കല്യാണിയമ്മയുടെയും മക്കളും ചെറുമക്കളും കൂടി ചേര്‍ന്നതായിരുന്നു അന്നത്തെ ഓരോ ആഘോഷവും. ഓണവും വിഷുവും പെരുന്നാളുകളും കുടുംബത്തിലെ കല്ല്യാണങ്ങളുമെല്ലാം നാടിന്റെ തന്നെ ആഘോഷമായിരുന്ന കാലം.

ഈദ് മുബാറഖ്
X
Listen to this Article

ആത്മനിയന്ത്രണത്തിന്റെ ആഹ്ലാദ വഴിയില്‍ ഒരു മാസം പിന്നിട്ട വിശ്വാസി സമൂഹം ഇന്നതിന്റെ നിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈദിന്റെ മന്ത്രം ആത്മനിര്‍വൃതിയുടെ തക്ബീര്‍ ധ്വനികളായി നാവിലുയരുമ്പോള്‍, വ്രത ചൈതന്യം ഊര്‍ജ പ്രവാഹമായി ആത്മാവിലും നിറയാറുണ്ട്.

എന്റെ പേരിലെ മറിയം ഉമ്മമ്മയാണ്. ചെറുപ്പത്തില്‍ തന്നെ ഉമ്മയുടെ തറവാട്ട് വീട്ടില്‍ നില്‍ക്കേണ്ട സാഹചര്യം വന്നതിനാല്‍ മാതൃസ്‌നേഹം പകര്‍ന്ന് തന്നതും ഉമ്മമ്മയായിരുന്നു. 'ഉമ്മ' എന്ന് തന്നെയാണ് വിളിച്ചിരുന്നതും. ഒരൊറ്റ വാക്കു കൊണ്ട് ആഹ്ലാദത്തിന്റേതായ അനേകം വാക്കുകള്‍ ചിതറിത്തെറിപ്പിച്ചെത്തിക്കുന്ന പച്ചപ്പായിരുന്നു ആയ കാലത്തെല്ലാം ആള്. ഉമ്മമ്മയുടെ മതേതര സൗഹൃദങ്ങള്‍ കണ്ട് വളര്‍ന്നതില്‍ നിന്നാണ് അങ്ങനെയല്ലാത്തൊരിടം എന്നില്‍ പിന്നീട് അസ്വസ്ഥതയുണ്ടാക്കിത്തുടങ്ങിയത്. ബാല്യവും കൗമാരവും ആള്‍ക്ക് ചുറ്റും പടര്‍ന്നുപന്തലിച്ച വസന്തവും ശിശിരവും ഹേമന്ദവുമായിരുന്നു. നിസ്‌കാര പായയിലിരുന്ന്, ''ന്റെ കല്യാണിയെ രക്ഷിച്ചോണേ അള്ളാ ''എന്ന വിളി കരളുരുക്കുന്നതായിരുന്നു. എന്നുമുണ്ടാകും ഇങ്ങനെ ആരെങ്കിലും. സ്വന്തം കാര്യം മാത്രം നോക്കുക

ഉമ്മൂമ്മയുടെ രീതിയേ ആയിരുന്നില്ല. കുഞ്ഞു മനസ്സില്‍ കുഞ്ഞാദര്‍ശങ്ങള്‍ തൊടേണ്ടിടത്ത് തന്നെ തൊട്ടു എന്ന് തന്നെയാണ് കരുതുന്നത്. ഇന്നും എന്റെ ശരി തെറ്റുകളുടെ കടിഞ്ഞാണ്‍ അമൂര്‍ത്തമായെങ്കിലും അവരിലാണ് ചെന്നുനില്‍ക്കുന്നത്.

ഉമ്മമ്മയുടെ കളിക്കൂട്ടുകാരായിരുന്ന നാരായണിയമ്മയുടെയും, കല്യാണിയമ്മയുടെയും മക്കളും ചെറുമക്കളും കൂടി ചേര്‍ന്നതായിരുന്നു അന്നത്തെ ഓരോ ആഘോഷവും. ഓണവും വിഷുവും പെരുന്നാളുകളും കുടുംബത്തിലെ കല്ല്യാണങ്ങളുമെല്ലാം നാടിന്റെ തന്നെ ആഘോഷമായിരുന്ന കാലം. അതിന് ചുക്കാന്‍ പിടിക്കാന്‍ ഉമ്മമ്മയെപ്പോലുള്ള സ്‌നേഹസമുദ്രങ്ങള്‍ ധാരാളമുണ്ടായിരുന്നു താനും.

ഇന്നും എന്റെ ഓരോ കോശത്തിലുമുണ്ട് ഒരാളല്‍. എന്തിനെന്നറിയാത്ത തീവ്രവേദനയുടെ ഒരു പിടച്ചില്‍. കിതച്ച് കിതച്ച് വളരെ പണിപ്പെട്ട് മുകളിലത്തെ പടവിലെത്തിയിട്ട് മുന്നുംപിന്നും നോക്കാതെയുള്ള ഒരെടുത്തുചാട്ടം. പലതരം വിഭ്രാന്തി. ഇതിന്റെയൊക്കെ മരുന്നും മന്ത്രവും ഇപ്പോഴും ഉമ്മമ്മയുടെ നെഞ്ചിന്‍ ചൂടിന്റെയൊരറ്റത്ത് പനിക്കോളുമായി കിടക്കുകയാണ്. ഇനി തിരികെ വരില്ലെന്ന ഉറപ്പോടെ തന്നെ. 'മോളേ ' എന്ന ഒരൊറ്റ വിളിയില്‍ അതെല്ലാം അലിയിച്ചു കളയാനുള്ള മാന്ത്രികതയുമായി ഇനിയാരും വരാനില്ല.

എങ്കിലും ഓര്‍ക്കുന്നു, വയറ് കത്തിപ്പടരുമ്പോള്‍ തീക്ഷ്ണമായ അനുഭവങ്ങളുടെ കരുത്ത് കൊണ്ട് തൂലിക ചലിപ്പിച്ച പല എഴുത്തുകാരും അവരുടെ കൃതികളും അന്നത്തെ ഉമിനീര്‍ ദാഹത്തിന് മധുവേകിയിരുന്നെന്ന്. പ്രേമലേഖനം, സര്‍പ്പയജ്ഞം, ബാല്യകാല സഖി, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മയുടെ ആട്, മതിലുകള്‍, ശബ്ദങ്ങള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, മാന്ത്രികപ്പൂച്ച - ഒരു നോമ്പ് കാലത്താണ് ബഷീറിന്റെ സമ്പൂര്‍ണ്ണകൃതികള്‍ മനസ്സും വയറും നിറച്ച് ഞാന്‍ വായിച്ചത്. അതീവ ലളിതവും, എന്നാല്‍ ശൈലികള്‍ നിറഞ്ഞതുമായ ബഷീറിയന്‍ രചനകള്‍ മലയാള വായനക്കാര്‍ക്ക് പാരായണ സുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകര്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടായിരുന്നെന്ന് ഈയടുത്ത് ആരോ എഴുതിയത് വായിച്ചപ്പോഴും എനിക്കന്നത്തെ നോമ്പുകാലത്തെ ഊദും അത്തറും മാതളയല്ലികളും കൈവെള്ളയിലേക്ക് പരന്നു.

മേടത്തില്‍ പൂത്തു നില്‍ക്കുന്ന മനോഹരമായ ശീമക്കൊന്നകള്‍ പോലെയുള്ള ചില ദിവസങ്ങളുണ്ട്, പെരുന്നാള്‍ രാവുകളെപ്പോലെ. അതെന്നും അങ്ങനെ തന്നെയായിരിക്കട്ടെ എന്നാശിക്കുന്നു. പെരുന്നാളാഘോഷം ധാര്‍മിക മൂല്യങ്ങള്‍ നിരസിക്കുന്നതും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമാവരുതെന്ന് പ്രവാചകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദര സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതാവട്ടെ ഓരോ ആഘോഷവും.

പെരുന്നാളിന്റന്ന് രാവിലെ സുബ്ഹി നിസ്‌ക്കരിച്ച് കളിക്കൂട്ടരുമായി അരി വാരിയത് അടുത്ത വീടുകളിലെത്തിക്കാന്‍ നടക്കുമ്പോള്‍ കൂട്ടത്തിലൊരാള്‍ ഇരുട്ടിനെ വെല്ലാന്‍ മെല്ലെ മൂളിത്തുടങ്ങുന്നു...

ലൈലാ മജ്‌നുവില്‍ നാട്ടില്

മൈലാഞ്ചി പൂവിട്ട കാട്ടില്

ബൈത്തുകള്‍ മൂളുന്ന കാറ്റല്ലേ....

കണ്ടുവോ നീ ആ മാരനേ..
TAGS :