Quantcast
MediaOne Logo

ശ്രീജയ സി.എം

Published: 13 April 2024 1:44 PM GMT

ഓരോ വേനലിന്റേയും കടും മഞ്ഞ കടക്കാന്‍ പാകത്തില്‍

വീട്ടില്‍ കണിയൊരുക്കുന്നതു കൂടാതെ അടുത്തുള്ള അമ്പലത്തില്‍ നിന്നും കണിയൊരുക്കി വീടുകളിലേക്കു കൊണ്ടുവരുന്ന പതിവ് പണ്ടത്തെ കടത്തനാടിന്റെ മണ്ണില്‍ ചിലയിടങ്ങളിലെങ്കിലുമുണ്ടായിരുന്നു. കണിക്കൊന്നയും കണിവെള്ളരിയും പട്ടും കൃഷ്ണവിഗ്രഹവും കണ്ണാടിയും മറ്റു ധാന്യങ്ങളും പഴവര്‍ഗങ്ങളുമൊക്കെക്കൊണ്ട് അത് സമൃദ്ധമായിരുന്നു. | ഓര്‍മയിലെ വിഷുക്കാലം

വിഷു ആശംസകള്‍, വിഷു ആഘോഷം
X

ആഘോഷങ്ങള്‍ കടന്നുവരുന്നത്,

" ...മര്‍ത്ത്യായുസ്സില്‍ സാരമായത് ചില മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ല മാത്രകള്‍ മാത്രം..." എന്ന വൈലോപ്പിള്ളിക്കവിതയെ മുറുകെപ്പിടിച്ചുകൊണ്ടാണ്. കുട്ടിക്കാലത്ത് ഓണവും വിഷുവുമൊക്കെ ഇഷ്ടദിനങ്ങളായിത്തീര്‍ന്നതിന് ജനലരികിലെ ട്രെയിന്‍ യാത്രകളോടുള്ള അടങ്ങാത്ത ഇഷ്ടവും ഗൂഢമായുണ്ടായിരുന്നു. വിഷു, വേനലവധിക്കാലത്തിന്റെ അലച്ചിലുകളിലേക്ക് അച്ഛന്റെ നാട്ടിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുമായി മെല്ലെ വരവറിയിക്കും. കുറച്ചു ദിവസത്തേക്കുള്ള യാത്ര നാലംഗസംഘത്തേയും കാത്തു കൊള്ളിന്റെ മേലെ നില്‍ക്കുന്ന അമ്മമ്മയുടെ ചിരിയിലേക്ക് നങ്കൂരമിടും.

യാത്ര മിക്കവാറും വിഷുവിന്റെ തലേന്നാളായിരിക്കും. പോകുന്നതിന്റെ തലേന്നു തന്നെ പതിമൂന്നാം വയസ്സില്‍ തുടങ്ങിയ ഒരു ജീവിതകാലത്തിന്റെ ഭാരമാകമാനം ലഘൂകരിച്ച് വിനോദയാത്രയുടെ മട്ടില്‍ ബാഗിലൊതുക്കിയിരിക്കും അച്ഛന്‍. പാവാടക്കാരി അച്ഛന്‍ വിഷുക്കോടിയായി വാങ്ങിത്തന്ന മഞ്ഞയും നീലയും പുള്ളികളുള്ള ഉടുപ്പിടുന്നത് സ്വപ്നം കണ്ടുകൊണ്ട് പിറ്റേദിവസമാകാന്‍, നേരമൊന്ന് പുലര്‍ന്നുകിട്ടാന്‍ കാത്തുകിടക്കുകയാവും. അലമാരയില്ലാതിരുന്ന വീട്ടിലെ അയയില്‍ മേല്‍ക്കുമേലെ തൂങ്ങിക്കിടക്കുന്ന കുപ്പായങ്ങളില്‍ പുതിയത്, പലകുറി ഇട്ടുനോക്കിയിട്ടും പുത്തന്‍ മണം വിട്ടുമാറാതെ പിറ്റേന്നത്തെ യാത്രയറിയാതെ വിശ്രമിക്കുന്നത് നോക്കി അവള്‍ കണ്ണുചിമ്മും. ഇപ്പോഴും അവളുടെ ചിത്രം കണ്ണുകളില്‍ തന്നെ വറ്റാതെ കിടപ്പുണ്ട്. താമസിക്കാന്‍ കൂടുകള്‍ വെറുതേ കിട്ടുകയാണെങ്കില്‍ പക്ഷികളെങ്ങാനും സ്ഥിരതാമസമാക്കിയാലോ എന്ന ചിന്തയില്‍ പഞ്ഞിയും ചകിരിയും ചെറിയ കമ്പുകളും തലങ്ങനേയും വിലങ്ങനേയുമൊക്ക ക്രമീകരിച്ച് ഒളോറ മാവിന്റെ താഴത്തെക്കൊമ്പില്‍ ഏന്തിവലിഞ്ഞ് കൂട് വയ്ക്കുമായിരുന്ന കുട്ടിക്ക് പക്ഷികളോളം തന്നെ നീലച്ച ആകാശവും പ്രിയമായിരുന്നു. തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കാനിഷ്ടമില്ലാതിരുന്ന ആറോ ഏഴോ വയസ്സുള്ള കുട്ടി തുമ്പിയെ, അതിന്റെ ചിറകിളക്കിയുള്ള ചലനങ്ങളെ പതിയേ നോക്കിയിരിക്കും. അവധിക്കാലത്തിന്റെ ഇത്തരം നിമിഷങ്ങളൊക്കെയും കൊത്തങ്കല്ലിലേക്കും വീടും കടയും കെട്ടിക്കളിക്കലിലേക്കും വികസിക്കുന്നത് അച്ഛന്റെ വീട്ടില്‍വെച്ചാണ്. വെല്ല്യച്ഛന്റെ മക്കളുമൊത്തുള്ള കളികളും പുലര്‍ച്ചെയുള്ള കണികാണലുമൊക്കെ ഈ മനുഷ്യജന്മത്തിന്റെ നനുത്ത ദിനങ്ങളുടെ ഓര്‍മകളാണ്.

പടക്കങ്ങള്‍ വാങ്ങിയിരുന്ന, തിരിച്ചുവരുമ്പോള്‍ കാല്‍വരിപ്പാത കഴിയുവോളം കൂട്ടുവരുന്ന ആപ്പനും കളിക്കളം വിട്ടു. വരുമ്പോള്‍ 'എനി എന്നാ കാണ്വാ' എന്നു ചോദിച്ച് ഇറുകെ കെട്ടിപ്പിടിച്ച് 'അമ്മമ്മയെ മറക്കല്ലേ' എന്നു പറഞ്ഞു തരുന്ന ചൂടുള്ള ഉമ്മകളും ഒരു മഴയത്ത് അലിഞ്ഞുപോയി. അവശേഷിക്കുന്ന പ്രിയപ്പെട്ടവര്‍ 'ഇങ്ങു പോരെ'ന്ന് ജീവിതത്തെ തണുപ്പിക്കുമ്പോള്‍ ഓരോ വേനല്‍ക്കാലവും പഴയ രുചിയില്‍ പുതുതാക്കപ്പെടുന്നു.

വീട്ടില്‍ കണിയൊരുക്കുന്നതു കൂടാതെ അടുത്തുള്ള അമ്പലത്തില്‍ നിന്നും കണിയൊരുക്കി വീടുകളിലേക്കു കൊണ്ടുവരുന്ന പതിവ് പണ്ടത്തെ കടത്തനാടിന്റെ മണ്ണില്‍ ചിലയിടങ്ങളിലെങ്കിലുമുണ്ടായിരുന്നു. കണിക്കൊന്നയും കണിവെള്ളരിയും പട്ടും കൃഷ്ണവിഗ്രഹവും കണ്ണാടിയും മറ്റു ധാന്യങ്ങളും പഴവര്‍ഗങ്ങളുമൊക്കെക്കൊണ്ട് അത് സമൃദ്ധമായിരുന്നു. വീട്ടിനു പുറത്തുനിന്നും കണി... കണി... എന്ന് അറിയിപ്പുതന്ന് കണികൊണ്ടുവരുന്ന ആളുകള്‍ മറഞ്ഞു നില്‍ക്കും. ഇരുട്ടിലെവിടെയോ മറഞ്ഞു നില്‍ക്കുന്ന മനുഷ്യര്‍ പുലര്‍ച്ചെ തന്നെ എത്രയോ വീടുകളിലേക്കെത്തി ഇങ്ങനെ വാതില്‍ തുറക്കുന്ന വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കണമല്ലോ എന്ന ആലോചന അവരെവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന കൗതുകത്തിലേക്കെത്തിക്കുന്നത് പതിവാണ്. ആപ്പന്‍ കൊണ്ടുവരുന്ന മാലപ്പടക്കങ്ങളും ഗുണ്ടുകളും പൊട്ടിത്തീരുന്നതുവരെ ചെവിയടച്ചുപിടിച്ച് പരമാവധി ദൂരേക്ക് മാറിനില്‍ക്കുന്ന, കാതടപ്പിക്കുന്ന ശബ്ദങ്ങളില്‍ ഒട്ടുമേ സന്തോഷിക്കാനാകാത്ത പടക്കപ്പേടിയുള്ള കുട്ടി പൂത്തിരിയിലും ഇളനീര്‍പ്പൂവിലും നിലച്ചക്രത്തിലും കമ്പിത്തിരിയിലും മാത്രം നിറങ്ങള്‍ കണ്ടെത്തി. സൂക്ഷിച്ചു കൊണ്ടുവെച്ച നാണയങ്ങളില്‍ നിന്ന് എനിക്കും അനിയനുമൊരുപോലെ അമ്മമ്മ കൈനീട്ടം വെച്ചുതന്നപ്പോള്‍ അതിന്റെ മൂല്യം തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നില്ല.

പോയകാലത്തേപ്പോലെ ഒന്നിച്ചുള്ള ആഘോഷത്തിന് ഉള്ളിലിരുട്ടു നിറഞ്ഞ മുറികളും, ചെറിയ ആട്ടമുള്ള മുകളിലേക്കുള്ള ഏണിപ്പടികളും, ആ തറവാടും രാത്രിയില്‍ കഥ പറച്ചിലിനിടയില്‍ ഒന്നൊന്നായി വീണ് പേടിപ്പെടുത്തുന്ന ഒളോറു മാങ്ങകളുടെ മധുരവുമൊന്നും ഇന്നില്ല. പടക്കങ്ങള്‍ വാങ്ങിയിരുന്ന, തിരിച്ചുവരുമ്പോള്‍ കാല്‍വരിപ്പാത കഴിയുവോളം കൂട്ടുവരുന്ന ആപ്പനും കളിക്കളം വിട്ടു. വരുമ്പോള്‍ 'എനി എന്നാ കാണ്വാ' എന്നു ചോദിച്ച് ഇറുകെ കെട്ടിപ്പിടിച്ച് 'അമ്മമ്മയെ മറക്കല്ലേ' എന്നു പറഞ്ഞു തരുന്ന ചൂടുള്ള ഉമ്മകളും ഒരു മഴയത്ത് അലിഞ്ഞുപോയി. അവശേഷിക്കുന്ന പ്രിയപ്പെട്ടവര്‍ 'ഇങ്ങു പോരെ'ന്ന് ജീവിതത്തെ തണുപ്പിക്കുമ്പോള്‍ ഓരോ വേനല്‍ക്കാലവും പഴയ രുചിയില്‍ പുതുതാക്കപ്പെടുന്നു. ഒരു കൈവീശല്‍ ജീവിതത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നിന്നും വേനലിന്റെ കടുംമഞ്ഞയിലും ആശ്വാസങ്ങള്‍ കണ്ടെത്തുന്നതുപോലെ ആ വിഷുക്കാലങ്ങളെന്നും ബാക്കിയാകുന്നുണ്ട്. മറ്റേതൊരു വിഷുക്കാലത്തിന്റേയും തുടക്കം കൈവെള്ളയില്‍ വെച്ചുതന്ന ആ നാണയങ്ങളില്‍ നിന്നാണെന്ന് എക്കാലവും ഞാനോര്‍ക്കും.

TAGS :