Quantcast
MediaOne Logo

ഹാരിസ് നെന്മാറ

Published: 29 May 2022 7:17 AM GMT

കരീം ബെൻസേമ : പടനായകന്റെ പോരാട്ടം

കൊട്ടിഘോഷങ്ങളില്ലാത്തൊരു കരിയറിൽ ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ ബെൻസേമ മൈതാനങ്ങളിൽ ഒഴുകിനടക്കുകയാണ്

കരീം ബെൻസേമ : പടനായകന്റെ പോരാട്ടം
X
Listen to this Article

സാൻറിയാഗോ ബെർണബ്യൂ നിഗൂഢമായൊരു നിശബ്ദതയിലേക്ക് ഉൾവലിഞ്ഞു. കിലിയൻ എംബാപ്പെ ഒരിക്കൽ കൂടെ ലോസ് ബ്ലാങ്കോസിനെ ഞെട്ടിച്ചു കളഞ്ഞു. ഡാനി കാർവഹാലിനിൽ നിന്നും പന്തു പിടിച്ചെടുത്ത നെയ്മർ ഇടത് വിങ്ങിൽ തക്കം പാർത്തിരുന്ന എംബാപ്പെക്ക് പന്തിനെ നീട്ടി നൽകി. റയൽ ഡിഫന്റർമാർക്ക് ഓടിയെത്താൻ കഴിയാത്ത വേഗതയിൽ പാരീസിലെ വേഗതയുടെ രാജകുമാരൻ ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ചു പാഞ്ഞു. തിബോ കുർട്ടോയിസിന് ഒരവസരവും നൽകാതെ അയാൾ വല കുലുക്കി. ഒന്നാം പകുതിയവസാനിക്കുമ്പോൾ ആദ്യ പാദത്തിൽ നേടിയ ലീഡടക്കം 2-0 ത്തിന് പി.എസ്.ജി മുന്നിലായിരുന്നു. ഇനിയൊരു തിരിച്ചു വരവില്ലെന്ന് റയൽ ആരാധകരിൽ പലരും മനസ്സിലുറപ്പിച്ചു. പക്ഷെ ബെർണബ്യൂ ഗലാറ്റിക്കോസിനായി ഒരു അത്ഭുതത്തെ കരുതി വച്ചിരുന്നു.

മത്സരത്തിന്റെ 61ാം മിനിറ്റിൽ സാന്റിയാഗോയിൽ ആ അത്ഭുതം അവതരിച്ചു. 18 മിനിറ്റിന്റെ ഇടവേളയിൽ മൂന്ന് തവണ പി.എസ്.ജി യുടെ വലകുലുങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പി.എസ്.ജി ആരാധകർ തലയിൽ കൈവച്ചു. ബെർണബ്യൂ പൊട്ടിത്തെറിച്ചു. ഗ്യാലറിയിൽ വെള്ളക്കടലിരമ്പി. ക്യാമറക്കണ്ണുകൾ മുഴുവൻ അയാളുടെ മുഖത്തേക്കു തിരിഞ്ഞു.. എല്ലാമവസാനിച്ചു എന്ന് കരുതിയേടത്ത് നിന്ന് കരീം ബെൻസേമ എന്ന ഫ്രഞ്ച് പടനായകന്റെ തോളിലേറി റയൽ മാഡ്രിഡ് ഒരിക്കൽ കൂടി ഉദിച്ചുയരുകയായിരുന്നു..

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ചെൽസിക്കെതിരെയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമൊക്കെ വീണുപോയിടങ്ങളിൽ നിന്ന് റയൽ മാഡ്രിഡ് അത്ഭുതകരമായി തിരിച്ചു വരുന്ന കാഴ്ച പിന്നീട് നമ്മൾ കണ്ടു. സീസണിൽ ആകെ ഒമ്പത് തവണയാണ് റയൽ തോൽവിയുറപ്പിച്ച സമയങ്ങളിൽ മത്സരങ്ങളിലേക്ക് തിരിച്ചു വന്നത്. അപ്പോഴൊക്കെ കരീം ബെൻസെമ എന്ന പടനായകന്റെ ബൂട്ടുകൾ പലവുരു റയലിന്റെ രക്ഷക്കായെത്തി. ചാമ്പ്യൻസ് ലീഗിൽ അവസാന മൂന്ന് മത്സരങ്ങളിൽ മാത്രം ഇരുപാദങ്ങളിലായി ബെൻസേമ ആകെ അടിച്ചു കൂട്ടിയത് പത്ത് ഗോളുകളാണ്.


2019 ജനുവരി 13. ലാലീഗയിൽ റയൽ ബെറ്റിസും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്നു. മത്സരത്തിനിടെ ഫൈനൽ തേഡിലേക്ക് പന്തിനായി കുതിച്ചെത്തിയ കരീം ബെൻസേമ ബെറ്റിസ് ഡിഫന്റർ മാർക് ബാർത്രയുമായി കൂട്ടിയിടിച്ച് പെനാൽട്ടി ബോക്‌സിന് മുന്നിൽ വീണു. വേദന സഹിക്കാനാവാതെ തന്റെ വലതു കൈ ഉയർത്തിപ്പിടിച്ച് പൊട്ടിക്കരയുന്ന ബെൻസേമയെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. ടീം ഡോക്ടർമാർ അയാളുടെ അടുക്കലേക്ക് ഓടിയെത്തി. കളി പൂർത്തിയാക്കാനാവാതെ ബെൻസേമ അന്ന് മൈതാനം വിട്ടു.. പരിക്കേറ്റ കൈവിരലുകൾ പൂർവ സ്ഥിതിയിലെത്താൻ സർജറി അനിവാര്യമാണെന്ന് ബെൻസേമയെ ടീം ഡോക്ടർമാർ ഉപദേശിച്ചു. സർജറിക്ക് വിധേയനായാൽ ആ സീസൺ മുഴുവൻ പന്ത് തട്ടാനാവില്ലെന്നറിഞ്ഞ അയാൾ സീസൺ അവസാനിച്ച ശേഷം സർജറിക്ക് വിധേയനാകാം എന്ന് തീരുമാനിച്ചു. അന്ന് മുതൽ അയാളുടെ കയ്യിൽ ആ വെളുത്ത ബാന്റേജുണ്ട്. സർജറിക്കു ശേഷം വീണ്ടും അയാളുടെ വിരലുകളെ പരിക്കുകൾ വേട്ടയാടിക്കൊണ്ടേയിരുന്നു. പക്ഷേ പരിക്കു നൽകിയ വേദനകളൊന്നും അയാളെന്ന കളിക്കാരനെ ഒരർത്ഥത്തിലും ബാധിച്ചില്ല. വെളുത്ത ബാന്റേജണിഞ്ഞ അയാളുടെ കൈകൾ ഫുട്‌ബോൾ ലോകത്ത് ഒരു പോരാട്ടവീര്യത്തിന്റെ ചിഹ്നമായി അടയാളപ്പെടുത്തപ്പെട്ടു.

ഒരു കാലത്ത് തന്നെ കൂവിവിളിച്ചു കൊണ്ടിരുന്ന ഗാലറികളെക്കൊണ്ട് എഴുന്നേറ്റു നിർത്തിച്ച് തനിക്ക് വേണ്ടി കയ്യടിപ്പിക്കുന്ന ഒരു 34 കാരൻറെ പോരാട്ട വീര്യത്തിൻറെ കഥയാണിത്. വെളുത്ത ബാൻറേജണിഞ്ഞ് ആകാശത്തേക്കുയർന്നു പൊങ്ങുന്ന അയാളുടെ കൈകൾ റയൽ മാഡ്രിഡ് ആരാധകർക്കിപ്പോൾ പ്രതീക്ഷയുടെ പ്രതീകമാണ്.

അൽജീരിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയെത്തിയ മാതാപിതാക്കളുടെ ഒമ്പത് മക്കളിൽ ഒരുവനായി 1987 ലാണ് ബെൻസേമയുടെ ജനനം. കുടിയേറ്റക്കാരനായതിനാൽ തന്നെ ബാല്യം മുതൽക്കേ യൂറോപ്പിന്റെ വംശീയബോധങ്ങളുടെ ഇരയായാണ് അയാൾ വളർന്നത്. ലിയോണിലെ പ്രാദേശിക ക്ലബായ ബ്രോൺ ടെറാലിയോനിലൂടെയാണ് ബെൻസേമ തന്റെ ഫുട്‌ബോൾ കരിയറാരംഭിക്കുന്നത്. ഒരു അണ്ടർ 10 മത്സരത്തിൽ ലിയോൺ യൂത്ത് അക്കാദമിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് അയാളുടെ കരിയറിൽ വഴിത്തിരിവായത്. ലിയോൺ ആ കുഞ്ഞു പയ്യനെ ഉടൻ തന്നെ തങ്ങളുടെ യൂത്ത് അക്കാദമി ടീമിലെത്തിച്ചു. ലോക ഫുട്‌ബോൾ ഭൂപടത്തിൽ ഒരിതിഹാസത്തിന്റെ പിറവിക്ക് അവിടെ തുടക്കം കുറിച്ചു.

ലിയോണിൻറെ അണ്ടർ 16 ടീമിൽ സ്ഥിരസാന്നിധ്യമായ ബെൻസേമ ടീമിന് വേണ്ടി 36 ഗോളുകളാണ് അടിച്ചു കൂട്ടിയത്. പിന്നീട് ഫ്രാൻസിന്റെ അണ്ടർ 17 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം 2004 ൽ അണ്ടർ 17 യൂറോ കപ്പ് ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. മൂന്ന് ഗോളുകളാണ് അന്ന് ടൂർണമെന്റിൽ ബെൻസേമ നേടിയത്.



തന്റെ 17ാം വയസ്സിൽ തന്നെ ബെൻസേമ ലിയോണിന്റെ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ ടീമിന്റെ ഡ്രസിങ് റൂമിൽ ആദ്യ കാലങ്ങളിൽ നിരവധി മാനസിക പീഡനങ്ങൾക്കാണ് അയാൾ ഇരയായത്. ഒടുവിൽ സഹികെട്ട് അയാൾ സീനിയർ താരങ്ങളോട് പ്രതികരിച്ചു 'ലിയോണിൽ ഞാൻ എന്റെ കരിയറാരംഭിച്ചത് ഒരു ബോൾ ബോയ് ആയിട്ടാണ്, പക്ഷെ ഇന്നിതാ നിങ്ങളോടൊപ്പമാണ് ഞാൻ പന്തു തട്ടുന്നത്. ലിയോണിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എന്റെ സ്വപ്നം.നിങ്ങളോട് മത്സരിച്ച് ഞാൻ അത് നേടുക തന്നെ ചെയ്യും '...ഇതൊരു വെറും വാക്കായിരുന്നില്ല... തൻറെ 20 ആം വയസ്സിൽ ബെൻസേമ ലിയോണിൻറെ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞു.

ലിയോണിനായി നാല് ലീഗ് വൺ കിരീടങ്ങൾ നേടിക്കൊടുത്ത താരം പെട്ടെന്ന് തന്നെ ലോക ഫുട്‌ബോളിലെ ചർച്ചാ വിഷയമായി. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ബെൻസേമക്കായി വലവിരിച്ചു. ഒടുക്കം 2009ൽ 35 മില്യൺ യൂറോക്ക് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ തങ്ങളുടെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലെത്തിച്ചു.

ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിൻറെ പുതിയ തലമുറയെ പപ്പാ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ രണ്ട് വർഷം കൊണ്ട് റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി അയാൾ മാറി. ക്രിസ്റ്റ്യാനോയും കക്കയും ബെയിലുമൊക്കെ അരങ്ങു തകർത്ത മാഡ്രിഡിൽ ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ടവനൊന്നുമായിരുന്നില്ല ബെൻസേമ. പലപ്പോഴും മാഡ്രിഡ് ആരാധകരാൽ തന്നെ അയാൾ ക്രൂശിക്കപ്പെട്ടു. വിമർശനങ്ങൾ നേരിടുമ്പോഴൊക്കെ നിശബ്ദത മാത്രമായിരുന്നു അയാളുടെ മറുപടി. മറുപടികളിൽ പലതും അയാൾ മൈതാനത്തേക്ക് മാറ്റി വച്ചു. ആരാധകരുടെയും കളിയെഴുത്തുകാരുടേയും വിമർശനങ്ങളേറ്റു വാങ്ങുമ്പോഴും സിനദിൻ സിദാനടക്കമുള്ള പരിശീലർക്ക് ബെൻസേമ എപ്പോഴും പ്രിയപ്പെട്ടവനായിരുന്നു. വമ്പൻ ടീമുകളുമായി എറ്റുമുട്ടുമ്പോഴൊക്കെ പരിശീലകർ ബെൻസേമയെ മുഴുവൻ സമയവും കളിപ്പിച്ചു. ക്രിസ്റ്റ്യാനോ ഉണ്ടായിരുന്ന കാലത്തും സിനദിൻ സിദാന്റെ ആവനാഴിയിലെ എറ്റവും വലിയ അസ്ത്രങ്ങളുടെ കൂട്ടത്തിൽ ബെൻസേമയുണ്ടായിരുന്നു. സിദാൻ പരിശീലകനായിരിക്കെ ലാലീഗയിലെ ഏറ്റവും വലിയ പോരാട്ടമായ എൽ ക്ലാസിക്കോകളിൽ ബെൻസേമ എക്കാലവും റയൽ നിരയിലെ നിർണ്ണായക സാന്നിധ്യമായി. ബെർണബ്യൂവിലും നൗ കാമ്പിലുമായി റയൽ നേടിയ ക്ലാസിക്കോ വിജയങ്ങളിൽ പലതിലും ബെൻസേമ നിർണ്ണായക ഗോളുകളുമായി കളം നിറഞ്ഞു കളിച്ചു. പലരുടേയും താരപ്പകിട്ടിനിടയിൽ മുങ്ങിപ്പോയ ബെൻസേമയുടെ ക്ലാസിക് ഗോളുകൾ പലതും ബെർണബ്യൂവിൻറെ ചരിത്രപുസ്തകങ്ങളിൽ മാത്രം ആരാലും മായ്ക്കപ്പെടാതെ കിടന്നു.

2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമ്പോൾ ടീം റോണോയുടെ പകരക്കാരനെ അന്വേഷിക്കുകയായിരുന്നു. ഇസ്‌കോയും, ബൈലുമടക്കം പല താരങ്ങളും ഫുട്‌ബോൾ ആരാധകരുടെ ചർച്ചകളിൽ നിറഞ്ഞു നിന്നു. എന്നാൽ കരീം ബെൻസേമ എന്ന പേര് പറയാൻ അന്നാർക്കും ധൈര്യമുണ്ടായിരുന്നില്ല. ആ സീസണിൽ ടീമിനായി വെറും 5 ഗോൾ മാത്രം അടിച്ച അയാളെ റോണോയുടെ പകരക്കാരനായി സങ്കൽപ്പിക്കാൻ പോലും ആരാധകർക്കാകുമായിരുന്നില്ല. ബെൻസേമയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന മുറവിളികൾ ആരാധകർക്കിടയിൽ നിന്ന് നിരന്തരമായി ഉയർന്നു കേട്ടു . വിമർശനങ്ങൾക്കൊക്കെ വെറുമൊരു നിശബ്ദതയെ മറുപടിയായെറിഞ്ഞു കൊടുത്ത് ബെൻസേമ കാത്തിരുന്നു.

കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും തൊട്ടടുത്ത വർഷം 20 ൽ കൂടുതൽ ഗോളുകൾ നേടി ബെൻസേമ തിരിച്ചുവരവിന്റെ സൂചനകൾ നൽകി. ഒരു വർഷത്തിനിപ്പുറം റയൽ മാഡ്രിഡ് ലാലീഗയിൽ തങ്ങളുടെ മുപ്പത്തിനാലാം കിരീടത്തിൽ മുത്തമിട്ടു. കിരീടനേട്ടത്തിലേക്കുള്ള കുതിപ്പിൽ റയലിനെ മുന്നിൽ നിന്നു നയിച്ചത് പലരും പല്ലു കൊഴിഞ്ഞെന്ന് പറഞ്ഞ് പരിഹസിച്ച ബെൻസേമ എന്ന പടക്കുതിര തന്നെയായിരുന്നു. ആ സീസണിൽ ലാലീഗയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ബെൻസേമയെ തേടിയെത്തി. അയാൾ വിമർശകരുടെ മുഴുവൻ വായടപ്പിച്ച് തുടങ്ങുകയായിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് റയൽ വീണ്ടും ലാലീഗ കിരീടത്തിൽ മുത്തമിട്ടത്. അപ്പോഴേക്കും ബെൻസേമ റയലിൻറെ മുന്നേറ്റ നിരയിൽ എഴുതിത്തള്ളാനാവാത്ത വിധം സാന്നിധ്യമായിത്തീർന്നിരുന്നു. റയൽ മാഡ്രിഡിനായി ഈ സീസണിൽ 43 മത്സരങ്ങളിൽ നിന്ന് 43 തവണയാണ് താരം വലകുലുക്കിയത്. 322 ഗോളുകളുമായി റയൽ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ബെൻസേമ. ഒരു തവണ കൂടി വലകുലുക്കിയാൽ റയലിൻറെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരിലൊരാളായ റൌൾ ഗോൺസാലെസിനെ മറി കടന്ന് രണ്ടാം സ്ഥാനത്തെത്താം. പിന്നെ ബെൻസേമക്ക് മുന്നിൽ ബാക്കിയുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം.

കുട്ടിയായിരുന്നപ്പോൾ മുതൽ തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമാണ് ബാലൺ ഡി ഓർ നേടുക എന്നതെന്ന് ബെൻസേമ ഒരിക്കൽ പറഞ്ഞിരുന്നു. എല്ലാ കളിക്കാർക്കും ഇതൊരു സ്വപ്‌നമാണ്.ഞാൻ അതിനായി കഠിനമായി പരിശ്രമിക്കും, എന്നെങ്കിലും ഒരിക്കൽ ആ സ്വപ്‌നം നിറവേറുമെന്ന് പ്രതീക്ഷിക്കുന്നു. അതെ, ചില സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കാലം തക്കം പാർത്തിരിക്കും, അതിനായി അവസരമൊരുക്കും.

കളിക്കളത്തിൽ എക്കാലവും ഒരു പോരാളിയായിരുന്നു ബെൻസേമ. ഒരേ സമയം അയാൾ ഒരു സ്‌ട്രൈക്കറുടേയും പ്ലേമേക്കറുടേയും ഡിഫന്ററുടേയും റോളിൽ മൈതാനങ്ങളിൽ അവതരിച്ചു കൊണ്ടേയിരുന്നു. കൊട്ടിഘോഷങ്ങളില്ലാത്തൊരു കരിയറിൽ ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ ബെൻസേമ മൈതാനങ്ങളിൽ ഒഴുകിനടക്കുകയാണ്. സിനദിൻ സിദാൻ ഒരിക്കൽ അയാളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്.. നിങ്ങൾ ബെൻസേമയെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നില്ലെന്നാണ്.


TAGS :