Quantcast
MediaOne Logo

സോഫിയ ബിന്ദ്

Published: 21 Feb 2024 1:55 PM GMT

ജോറാസങ്കോ താക്കൂര്‍ബാരിയിലെ വിസ്മയിപ്പിച്ച ഫോട്ടോഗ്രാഫ്

ബ്രിട്ട്രീഷ്-മുഗള്‍ വാസ്തുവിദ്യ സമന്വയിപ്പിച്ച നിര്‍മാണങ്ങള്‍. ചരിത്രവും കലയും സംസ്‌കാരവും വേര്‍തിരിക്കാനാകാത്തവിധം ഇഴുകിച്ചേര്‍ന്ന മണ്ണ്. ഹിന്ദുസ്ഥാനി സംഗീതമുതിര്‍ത്ത സരോജ് വാദകരുടെയും ഉസ്താദുമാരുടെയും ഈണമാര്‍ന്ന ഖരാനകള്‍, അങ്ങനെ പലതുമാണ് കൊല്‍ക്കത്ത. ടൂറിസം മാപ്പില്‍ അടയാളപ്പെടുത്തിപ്പോകുന്ന ഹൗറ ബ്രിഡ്ജിനുമപ്പുറത്തേക്കുള്ള കാഴ്ചകള്‍കൊണ്ടാണ് ആ നഗരം പ്രിയപ്പെട്ടതാകുന്നത്. | യാത്ര

സോനാഗച്ചി, കല്‍കത്ത ചുവന്ന തെരുവ്,
X

കൊല്‍ക്കത്തയിലേക്കുള്ള യാത്ര വെറും ഒരു വിനോദയാത്രയായി അടയാളപ്പെടുത്താനാവില്ല. അതിനുമപ്പുറത്തേക്കാണ് ആ നഗരവും അതിനുചുറ്റുമുള്ള പ്രദേശങ്ങളും അനുഭവിപ്പിക്കുന്നത്. പൗരാണികതയുടെ ഗരിമ ഇന്നും നിലനിര്‍ത്തിപ്പോകുന്ന ഇന്ത്യന്‍ നഗരങ്ങളിലൊന്ന്. ബ്രീട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഇടം. ബ്രിട്ട്രീഷ്-മുഗള്‍ വാസ്തുവിദ്യ സമന്വയിപ്പിച്ച നിര്‍മാണങ്ങള്‍. ചരിത്രവും കലയും സംസ്‌കാരവും വേര്‍തിരിക്കാനാകാത്തവിധം ഇഴുകിച്ചേര്‍ന്ന മണ്ണ്. ഹിന്ദുസ്ഥാനി സംഗീതമുതിര്‍ത്ത സരോജ് വാദകരുടെയും ഉസ്താദുമാരുടെയും ഈണമാര്‍ന്ന ഖരാനകള്‍, അങ്ങനെ പലതുമാണ് കൊല്‍ക്കത്ത. ടൂറിസം മാപ്പില്‍ അടയാളപ്പെടുത്തിപ്പോകുന്ന ഹൗറ ബ്രിഡ്ജിനുമപ്പുറത്തേക്കുള്ള കാഴ്ചകള്‍കൊണ്ടാണ് ആ നഗരം എനിക്ക് പ്രിയപ്പെട്ടതാകുന്നത്.


കൊൽക്കത്ത ഹൈക്കോടതി

ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ എഴുത്തുകാരുടെ പ്രധാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസായി പ്രവര്‍ത്തിച്ച റെറ്റേഴ്‌സ് ബില്‍ഡിങ്‌സ്‌, 1803 ലെ നിര്‍മിതിയായ ഇന്നത്തെ ബംഗാള്‍ രാജ്ഭവന്‍, ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹൈക്കോടതി, ഹൗറ റെയില്‍വേസ്റ്റേഷന്‍, അങ്ങനെ കാഴ്ചകളുടെ സമൃദ്ധിയാണ് കൊല്‍ക്കത്ത. റെറ്റേഴ്‌സ് ബില്‍ഡിങ്‌സിന് 200 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം 2013 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും ഓഫീസായിരുന്നത് ഈ ബില്‍ഡിങ്ങായിരുന്നു. 34 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുഭരണത്തിന്റെ ആസ്ഥാനമായിരുന്ന കെട്ടിടം.


ഹൗറ റെയിൽവെ സ്റ്റേഷൻ


റൈറ്റേഴ്‌സ് ബില്‍ഡിങ്‌സ്

ബംഗാളിലെ രാജ്ഭവന്‍ കെട്ടിടവും വലിയ ചരിത്രം പേറുന്ന ഒന്നാണ്. ഈസ്റ്റ്ഇന്ത്യാ കമ്പനി ഭരണകാലത്തും, ബ്രിട്ട്രീഷ് ഭരണകാലത്തും സര്‍ക്കാര്‍ ഹൗസ് എന്നറിയപ്പെട്ടിരുന്ന പൗരാണിക കെട്ടിടമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച കെട്ടിടം. ഏഷ്യയിലെ തന്നെ ആദ്യത്തെ ലിഫ്റ്റ്, 1892 ല്‍സ്ഥാപിച്ചത് രാജ്ഭവനിലേതാണ്. ഇന്നും അത് പ്രവര്‍ത്തന സജ്ജമാണിവിടെ. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മതിയാകാത്തവിധം പൗരാണികത ഈ നഗരം സ്വന്തമാക്കിയിട്ടുണ്ട്.


രാജ് ഭവനിലെ ലിഫ്റ്റ് - ഏഷ്യയിലെ ആദ്യത്തെ ലിഫ്റ്റ്


രാജ്ഭവൻ


രാജ്ഭവൻ

ചരിത്രപുരുഷന്മാരുടെ സ്മരണകളാലും സമ്പന്നമാണ് കൊല്‍ക്കത്ത. നിരവധി മഹാന്മാരുടെ ജന്മഗൃഹങ്ങള്‍, ബംഗാളിന്റെ ഇതിഹാസമായ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മഗൃഹം, നേതാജി ഭവന്‍, വിവേകാനന്ദ ഭവന്‍ തുടങ്ങിയവ എക്കാലവും കൊല്‍ക്കത്തയെ ഔന്നത്യത്തിലേറ്റുന്നു.

മഹാന്മാര്‍ക്കൊപ്പം തന്നെ പറയേണ്ട മറ്റൊരു പ്രധാന പേരും കൂടിയുണ്ട് കൊല്‍ക്കത്തക്കൊപ്പം ചേര്‍ത്തുപറയാന്‍, മദര്‍തേരേസയാണത്. നിസ്വാര്‍ഥ സേവനം കൊണ്ട് ജീവിതം സാര്‍ഥകമാക്കിയ മഹത് വ്യക്ത്യത്വം. കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലുള്ള മദര്‍ ഹൗസില്‍ നിത്യതയിലുറങ്ങുന്ന മദറിന്റെ കല്ലറയിലേക്ക് ഏറ്റവും കൂടുതലെത്തുന്നത് വിദേശികളാണെന്ന് പറയേണ്ടിവരും. 1953 മുതല്‍ 1997 ല്‍ അവസാനശ്വാസം വരെ മദര്‍ ഇവിടെയാണ് ജീവിച്ചത്. ഏറ്റവും ചെറിയ മുറി, അതില്‍ ഒരാള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള കട്ടില്‍, ഭിത്തിയില്‍ മരം കൊണ്ട് നിര്‍മിച്ച ഷെല്‍ഫ്, ഒരു മേശയും കസേരയും ഇത്രയുമാണ് ആ ചെറിയ മുറിക്കുള്ളിലുള്ളത്. ഒരു മനുഷ്യന് ഇതിലും ലളിതമായി എങ്ങനെ ജീവിക്കാന്‍ സാധിക്കും!


മദർ ഹൗസിലെ മദർ തെരേസയുടെ കല്ലറ

കൊല്‍ക്കത്ത യാത്രക്കൊരുങ്ങുമ്പോള്‍ അവിടെയുള്ള മലയാളികളെ ബന്ധപ്പെട്ടിരുന്നു. 38 വര്‍ഷമായി കൊല്‍ക്കത്തിയിലുള്ള ഗോപിയേട്ടന്‍, തൃശൂര്‍ സ്വദേശി രഘുവീര്‍ ഇവരോടൊക്കെ പലതിനെക്കുറിച്ചും തിരക്കിയിരുന്നു. ഗോപിയേട്ടന് കൊല്‍ക്കത്തയുടെ മുക്കും മൂലയും വരെ പരിചിതമാണ്. പലയിടത്തേക്കും എത്തിപ്പെടുന്നതും കൊല്‍ക്കത്ത സ്ട്രീറ്റ് ഫുഡ് എവിടെ കിട്ടും എന്നെല്ലാം കൃത്യമായി ഗോപിയേട്ടന്‍ പറഞ്ഞു തന്നു.

രഘുവും ഭാര്യയും ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് താമസം. ഹിന്ദുസ്ഥാനി സംഗീതജ്ഞനും സരോദ് വാദകനുമായ പണ്ഡിറ്റ് ഇര്‍ഫാന്‍ മുഹമ്മദ് ഖാന്റെ ശിഷ്യയായി സംഗീതം പഠിക്കുകയാണ് രഘുവിന്റെ ഭാര്യ. സംസാരത്തിനിടയില്‍ രഘു പറഞ്ഞ ഒരു വാചകമുണ്ട്: ബംഗാളികള്‍ക്ക് പ്രധാനമായും രണ്ട് കാര്യമുണ്ട്, അതിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അവര്‍ക്ക് വേദനിക്കും. ഒന്ന് കാളീഘട്ടിലെ കാളീദേവിയെക്കുറിച്ചും മറ്റൊന്ന് രബീന്ദ്രനാഥ് ടഗൂറിനെക്കുറിച്ചുമാണ്്. അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു ഇത്. ബംഗാളിയുടെ വികാരമാണ് ഇവ രണ്ടും.

ജോറാസങ്കോ താക്കൂര്‍ബാരി

വിശ്വമാനവികത ഉയര്‍ത്തിപ്പിടിച്ച കവിയും സംഗീതജ്ഞനുമായ ടാഗോറിന്റെ നിത്യസ്മരണകളുണര്‍ത്തുന്ന ഇടം. വടക്കന്‍ കൊല്‍ക്കത്തയിലെ ജോറാസങ്കോ പ്രദേശത്താണ് ടാഗോറിന്റെ പൂര്‍വികരുടെ കൂടി വീടായ ജോറാസങ്കോ താക്കൂര്‍ ബാരിയുള്ളത്. വിശ്വകവി ടാഗോര്‍ ജനിച്ച വീട്. കവിയുടെ മരണവും ഇവിടെ വച്ചായിരുന്നു. ഈ കെട്ടിടം മ്യൂസിയമായി സംരക്ഷിക്കപ്പടുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യമുറികളും, വസ്തുക്കളും, ഗീതാഞ്ജലിയുടെ കയ്യെഴുത്തുപ്രതികളും ഉള്‍പ്പെടെ അമൂല്യമായ കലാസൃഷ്ടികളെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.


ജോറാസങ്കോ താക്കൂർ ബാരി - ടാഗോറിൻ്റെ കൊൽക്കത്തയിലെ വീട്

ബംഗാളിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക നവോത്ഥാനത്തില്‍ ഏറെ പങ്കുവഹിച്ച കെട്ടിടം തല ഉയര്‍ത്തി നഗരത്തില്‍ നില്‍ക്കുന്നു. ഇതിനകത്ത് ഫോട്ടോഗ്രഫി അനുവദിക്കപ്പെട്ടിരുന്നില്ല. ഗാന്ധിജിയുള്‍പ്പെടെയുള്ള ചരിത്രപുരുഷന്മാരോടൊപ്പം നിരവധി പ്രമുഖരുമായുളള ഫോട്ടോകള്‍ വിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒരു ഫോട്ടോ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടൊപ്പമുള്ള ടാഗോറിന്റെ ഫോട്ടോയായിരുന്നു അത്. വിശ്വകവി ചാരുകസേരയിലിരിക്കുന്നു, തൊട്ടുചേര്‍ന്ന് വലതുവശത്തായി വിനീതനായി ഭവ്യതയോടെ നില്‍ക്കുന്ന നെഹ്‌റു. ഈ ചിത്രം പെട്ടെന്ന് സമകാലിക ഇന്ത്യയെ ഓര്‍മയിലേക്കെത്തിച്ചു.

ശാന്തിനികേതന്‍-വിശ്വഭാരതി സര്‍വകലാശാല

വിശ്വമാനവികത ഉയര്‍ത്തിപ്പിടിച്ച ടാഗോര്‍ അദ്ദേഹത്തിന് കിട്ടിയ നോബേല്‍ സമ്മാനത്തുക മുഴുവന്‍ ചെലവിട്ട് പടുത്തുയര്‍ത്തിയ ശാന്തിനികേതന്‍ മറ്റൊരനുഭവമാണ്. ശാന്തമായ അന്തരീക്ഷം. അഞ്ച് വിദ്യാര്‍ഥികളുമായി തുടങ്ങിവച്ച പഠനശാല. ടാഗോറും മക്കളും ജീവിച്ച ശാന്തിനികേതന്‍. നിരവധി ഭാഷാഭവനുകള്‍, സംഗീത, നാടക ഭവനുകള്‍, ശില്‍പങ്ങള്‍ അങ്ങിനെ ഒട്ടേറെ കാണാനുണ്ട് ഇവിടെ. ഇപ്പോള്‍ ഭൂമിതര്‍ക്കത്തില്‍ ഇരിക്കുന്ന അമര്‍ത്യാസെന്നിന്റെ വീടും ശാന്തിനികേതനിലുണ്ട്. ഇവിടുത്തെ ആദ്യ വിദ്യാര്‍ഥികളിലൊരാളായിരുന്നു അമര്‍ത്യാസെന്‍.


ശാന്തിനികേതൻ


ശാന്തിനികേതനിലെ അമർത്യാസെനിൻ്റെ വീട്

കൊല്‍ക്കത്തയിലെ ബിര്‍ബും ജില്ലയിലാണ് ശാന്തിനികേതന്‍. ഹൗറയില്‍നിന്ന് ട്രെയിന്‍മാര്‍ഗം ആയിരുന്നു ഇവിടേയ്ക്ക് പോയത്. 146 കിലോമീറ്റര്‍ ദൂരമുണ്ട് ഹൗറയില്‍നിന്ന്. ട്രെയിന്‍യാത്ര ഒട്ടും ബോറടിപ്പിക്കില്ല. ബാവുള്‍ ഗായകരുടെ സംഗീതമാസ്വദിച്ചങ്ങിനെ പോകാം. അതീര്‍ദാസ് ബാവുള്‍സൈത്യ എന്ന ഗായകന്‍ ട്രെയിനില്‍ സ്വയം മറന്നു പാടുകയാണ്. ആസ്വാദിക്കുന്നവരുടെ അടുത്ത് നിന്ന് എത്രവേണമെങ്കിലും അദ്ദേഹം പാടും. ആളുകള്‍ പണം നല്‍കുന്നുണ്ടോ എന്നതൊന്നും അദ്ദേഹത്തിന് വിഷയമല്ല. അത്രമേല്‍ സംഗീത പ്രണയികളാണ് ഈ ഗായകര്‍.


ബാവുള്‍ ഗായകര്‍

ശാന്തിനികേതന്‍ കണ്ടതിനുശേഷം റോഡ് വഴിയുള്ള യാത്രയില്‍ ആദിവാസി ഗ്രാമങ്ങള്‍ കാണാനായി. ചാണകംമെഴുകി വളരെ വെടിപ്പോടെ സൂക്ഷിക്കുന്ന നിലങ്ങളും നെല്ല് സൂക്ഷിക്കുന്ന വൈക്കോലുകൊണ്ടുണ്ടാക്കിയ പുരകളും കാണേണ്ടതുതന്നെയാണ്.


നെല്ല് സൂക്ഷിക്കാനുള്ള അറയുണ്ടാക്കുന്നു

കുമോര്‍തുളി

ഏതുനാട്ടിലാണെങ്കിലും യാത്രകള്‍ക്കൊപ്പം തന്നെ അവിടുത്തെ മനുഷ്യരുടെ ജീവിതം കൂടി അറിയേണ്ടതുണ്ട്. അത്തരത്തിലുള്ള കാഴ്ചകളായിരുന്നു കുമോര്‍തുളിയും സോനാഗച്ചിയും നല്‍കിയത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ബേലൂര്‍മഠം കണ്ട് തിരിച്ചുവരുമ്പോഴാണ് ബംഗാളിലെ ശില്‍പങ്ങളുടെ ഗ്രാമമായ കുമോര്‍തുളി കാണുന്നത്. കൊല്‍ക്കത്തയുടെ വടക്കന്‍ പ്രദേശമായ ഇവിടേയ്ക്കുള്ള യാത്രയില്‍ റോഡിനിരുവശവുമുള്ള ചേരിയിലെ ജീവിതങ്ങളെയും അടുത്തുകാണാം. പൊതുടാപ്പില്‍, റോഡില്‍നിന്ന് പുരുഷന്മാര്‍കുളിക്കുന്നു. സമീപത്ത് പൊതുടോയ്‌ലറ്റുകള്‍. ചെറിയ കടകള്‍ക്കു മുന്നില്‍ റൊട്ടികള്‍ ചുട്ടെടുക്കുന്നവര്‍. അങ്ങനെ കാഴ്ചകള്‍ നിരവധി. ചേരിനിര്‍മാര്‍ജനത്തിന്റെ അപൂര്‍ണത കൊല്‍ക്കത്തയിലെ പലയിടങ്ങളിലെയും കാഴ്ചകള്‍ നമ്മെ ബേധ്യപ്പെടുത്തും.


ബേലൂർ മഠം

കുമോര്‍തുളിയിലേക്ക് തന്നെ വരാം. റോഡിന്റെ ഒരുവശം മുഴുവനും കളിമണ്ണുകൊണ്ട് നിര്‍മിച്ച സരസ്വതിയുടെ ശില്‍പങ്ങള്‍. ചെറുതും വലുതുമായ നൂറുകണക്കിന് ശില്‍പങ്ങളുണ്ട്. പണി പൂര്‍ത്തിയായതും അല്ലാത്തതുമായി നിറഞ്ഞുനില്‍ക്കുന്നു. ഫെബ്രുവരിയിലെ സരസ്വതീ പൂജയോടനുബന്ധിച്ചാണ് അറിവിന്റെയും സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ രൂപമായ സരസ്വതി ശില്‍പങ്ങള്‍ തയാറാക്കുന്നത്. കേരളത്തിലെ കുംഭാര സമുദായം തന്നെയാണ് കുംഹാര്‍, കുമോര്‍ എന്നൊക്കെ ബംഗാളിയില്‍ റയുന്ന കളിമണ്‍ ശില്‍പ നിര്‍മാണം നടത്തുന്നവര്‍. കുംഹോര്‍ എന്നതിനര്‍ഥം കുശവന്‍. ബംഗാളിലെ ബര്‍ദ്മാന്‍ ജില്ലയില്‍ നിന്നുള്ള സുദീപ്പാല്‍ നിര്‍മാണ തിരക്കിലാണ്. ഹൗറയില്‍നിന്നും 102 കിലോമീറ്റര്‍ അപ്പുറത്തുള്ള ബര്‍ദ്മാനില്‍നിന്ന് അഞ്ച് വര്‍ഷം മുന്‍പാണ് സുദീപ് പാല്‍ ജോലിയന്വേഷിച്ച് കുമോര്‍തുളിയില്‍ എത്തിയത്. മറ്റു ജോലികളൊന്നും കിട്ടാത്തതിനാല്‍ കുലത്തൊഴിലിലേക്ക് തന്നെ തിരിച്ചെത്തി. കാളി, ദുര്‍ഗ, ലക്ഷ്മീ പൂജാസമയങ്ങളിലാണ് ഇവര്‍ക്ക് കാര്യമായി പണിയുണ്ടാകുക. സീസണില്‍ 10,000 രൂപ വരെയുള്ള ശില്‍പങ്ങള്‍ വിറ്റഴിയാറുണ്ട്. അല്ലാത്തപ്പോള്‍ മൂവായിരം രൂപയൊക്കെയാണ് മാസവരുമാനം. വര്‍ഷം അഞ്ച് പിന്നിട്ടിട്ടും സുദീപിന്റെ ജീവിതാവസ്ഥയില്‍ വലിയ മാറ്റമൊന്നുമില്ല.


സുദീപ് പാൽ - ശില്പി

കൊല്‍ക്കത്ത നിവാസിയായ ജയന്ത് ബറുവ തന്റെ കുടുംബത്തില്‍ കുലത്തൊഴില്‍ ചെയ്യുന്ന അവസാനത്തെ കണ്ണിയായിരിക്കും താനെന്ന് തീരുമാനമെടുത്തിട്ടുണ്ട്. കാരണം, അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഈ തൊഴിലുമായി ഉപജീവനം നടത്തിയവരാണെങ്കിലും ഇന്നതിന് സാധ്യമല്ല. മണ്ണും വൈദ്യുതിയുമുള്‍പ്പെടെ നിര്‍മാണ ചെലവ് വര്‍ധിച്ചു. ദുര്‍ഗാപൂജപോലെയുള്ള വലിയ ആഘോഷങ്ങളിലാണ് ശില്‍പങ്ങള്‍ വിറ്റുപോകുന്നത്. അതുകൊണ്ട് തന്നെ രണ്ട് ആണ്‍മക്കളെയും പഠനത്തിലേക്ക് തിരിച്ചുവിട്ടു. രണ്ടുപേരും കോളജ് വിദ്യാര്‍ഥികളായി കൊല്‍ക്കത്തയില്‍ പഠനം തുടരുന്നു.


ജയന്ത് വ്യ ബറുവ - കുമോർതുളിയിലെ ശില്പി

കുമോര്‍തുളിയില്‍നിന്ന് സോനാഗച്ചിലേക്കുള്ള ദൂരം

രണ്ട് രീതിയില്‍ ഉപജീവനം നടത്തുന്ന മനുഷ്യര്‍ എന്നതിനാലാണ് കുമോര്‍തുളിയും സോനാഗച്ചിയും തമ്മില്‍ സാമ്യപ്പെടുന്നത്. കൊല്‍ക്കത്തയിലേക്കുള്ള എന്റെ ഈ യാത്ര രണ്ടാമത്തെ തവണയാണ്. ആദ്യത്തേത് 2008 ലായിരുന്നു. അന്ന് ഐ.ആര്‍.സി.ടി.സി ടൂര്‍ പാക്കേജിലായിരുന്നു യാത്ര ചെയ്തത്. ആ ലിസ്റ്റിലൊന്നും ഒരിക്കലും സോനാഗച്ചി പെടില്ലല്ലോ. പക്ഷെ, ഈ തവണ നിര്‍ബന്ധമായും കാണണമെന്ന് തീരുമാനിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരായ നാലുപേരടങ്ങിയ ഞങ്ങളുടെ സംഘം എങ്ങനെയെങ്കിലും അവിടേക്കെത്താന്‍തീരുമാനമെടുത്തു. ഗോപിയേട്ടനോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, അവിടേയ്ക്ക് കടന്നുചൊല്ലുന്നത് അത്ര എളുപ്പമല്ല, പേടിയ്ക്കണം, സുരക്ഷിതമല്ല എന്നൊക്കെ പറഞ്ഞു. മാധവിക്കുട്ടിയുടെ കഥകളിലൂടെ കൊല്‍ക്കത്തയെയും സോനാഗച്ചിയെയും വായിച്ച എന്റെ തലമുറയ്ക്ക് ഇതൊന്നും പിന്തിരിയാനുള്ള കാരണമായി തോന്നിയില്ല.

നാട്ടിലേക്ക് മടങ്ങാനിരുന്നതിന്റെ തലേദിവസം രാത്രി ഏകദേശം ഏഴരമണിയോടെയാണ് സോനാഗച്ചിയിലെത്തുന്നത്. വൈകിട്ട് അഞ്ചുമണിയോടുകൂടി തന്നെ കൊല്‍ക്കത്ത ഇരുട്ടിലേക്ക് നീങ്ങും. ഗിരീഷ് പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവിന്റെ തുടക്കമാകും. ഞങ്ങളുടെ മാധ്യമ സുഹൃത്തുക്കള്‍ പറഞ്ഞപ്പോലെ തന്നെയായിരുന്നു കാര്യങ്ങള്‍. ലഹരിയുടെ, മയക്കുമരുന്നിന്റെ, പിമ്പുകളുടെ, ഗൂണ്ടാ മാഫിയകളുടെ ലോകം കൂടിയാണ് സോനാഗച്ചി എന്ന് നേരില്‍ ബോധ്യപ്പെട്ടു. ഗല്ലിയുടെ കവാടത്തില്‍ പിമ്പുകളുടെ വലിയ കൂട്ടം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. അല്‍പം മാറി വന്നു നില്‍ക്കുന്ന കാറുകളിലേക്ക് അവര്‍ സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നു. അപരിചിതരായ ഞങ്ങള്‍, നാലുസ്ത്രീകള്‍ ഗല്ലിയിലേക്ക് കയറിയത് പിമ്പുകളുള്‍പ്പെട്ട വലിയ സംഘം ശ്രദ്ധിച്ചു. പക്ഷെ, ആരും ഒന്നും ചോദിക്കാന്‍ മുന്നോട്ട് വന്നില്ല. സത്യം പറഞ്ഞാല്‍ ഉള്ളില്‍ അല്‍പം ഭയം തോന്നിയിരുന്നു. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. പക്ഷെ, അതൊന്നും പുറത്തുകാണിക്കാതെ ആരെയോ അന്വേഷിച്ചെത്തിയ രീതിയില്‍ മുന്നോട്ടു നടന്നു. ചുറ്റുപാടുകളും നോക്കി. പഴകിയതും, പുതിയതുമായ കെട്ടിടങ്ങള്‍. മുകളിലൊക്കെ എ.സിയുള്ള റൂമുകളാണ്. കംപ്രസുകള്‍ പുറത്തുകാണാം. പലയിടത്തും ബിയര്‍ കുപ്പികല്‍ കുമിഞ്ഞു കൂടികിടക്കുന്നു. അകത്ത് നിന്ന് ഹിന്ദി പാട്ടുകള്‍ ഉയരുന്നുണ്ട്. വഴിയുടെ ഇരുവശവും ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ നിരന്നു നില്‍പ്പാണ്. പ്രായമായവര്‍ പ്ലാസ്റ്റിക് സ്റ്റൂളിട്ട് ഇരിക്കുന്നു. ചിലര്‍ അകത്തേയ്ക്കുള്ള വാതിലിനു സമീപം നില്‍ക്കുന്നുണ്ട്.

ലിറ്റില്‍ ഏഞ്ചല്‍ എന്ന് തുടങ്ങി ആകര്‍ഷകമായ പേരുകളാണ് ഓരോ ബ്രോതല്‍സിനും ഇട്ടിരിക്കുന്നത്. വിപണനത്തിന് വെച്ചവരുടെ പ്രായം വലിയ ഘടകമാണെന്ന് ഇവരുടെ ചുറ്റിലുമെത്തുന്ന ആളുകളുടെ എണ്ണത്തില്‍നിന്ന് മനസ്സിലാക്കാം. സാരിക്കുപുറമെ മറ്റു വസ്ത്രങ്ങളുണ്ടാക്കുന്ന ആകര്‍ഷകതയും കസ്റ്റമേഴ്‌സിനെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നുണ്ട്. കുറച്ച് മുന്നോട്ടുപോയി ഇടതുവശത്തേക്കുളള വഴിയിലേക്ക് ഞങ്ങള്‍ കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലില്‍ തിരിച്ച് വന്ന് മുന്നോട്ടു തന്നെ നടന്നു. കാഴ്ചകളൊന്നും വ്യത്യസ്തമായിരുന്നില്ല. പക്ഷെ, ചുറ്റിലും കണ്ട മുഖങ്ങള്‍ വ്യത്യസ്തമായിരുന്നു. പല ഭാവങ്ങളോടെയുള്ള നില്‍പ്, നിസംഗത, നിര്‍മമത എന്തുവേണമെങ്കിലും വായിച്ചെടുക്കാം. പ്രായം ഇരുപതിനോടടുത്ത അതിസുന്ദരിയായ പെണ്‍കുട്ടി ഒരു കെട്ടിടത്തിന്റെ കവാടത്തിനു തൊട്ടുപുറത്തായി നില്‍ക്കുന്നത് ഞാന്‍ പല പ്രാവശ്യം ശ്രദ്ധിച്ചു. മുന്നോട്ട് നടന്നപ്പോഴും ആ കുട്ടിയെ തിരിഞ്ഞുനോക്കി. വിപണിയറിഞ്ഞ് മാംസളമായ ശരീരം ആകര്‍ഷിക്കത്തക്കരീതിയിലുള്ള വസ്ത്രധാരണം. മൂന്ന് ചെറുപ്പക്കാര്‍ അവളോട് വില പേശുന്നു. അവള്‍ക്ക് ഭാവമാറ്റമൊന്നുമില്ല. തന്റെ വിലയെത്രയെന്ന് അവള്‍ കൃത്യമായി പറയുന്നുണ്ട്. ചെറുപ്പക്കാര്‍ വിലപേശല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആ മുഖം മനസില്‍നിന്നുപോകാതെ ഞാന്‍ പുറത്തേയ്ക്കുളള വഴിയിലേക്ക് നീങ്ങി. അപ്പോഴേയ്ക്കും സോനാഗച്ചിയുടെ അകത്തളങ്ങള്‍ തിരക്കിലമര്‍ന്നിരുന്നു. പുറത്ത് പ്രായമായവരുടെ നെടുവീര്‍പ്പുകളും ഉയര്‍ന്നുകേള്‍ക്കാമായിരുന്നു.

(മീഡിയവണ്‍ ചീഫ് പ്രൊഡ്യൂസര്‍ ആണ് സോഫിയ ബിന്ദ്)


TAGS :