Quantcast
MediaOne Logo

കെ. നജാത്തുല്ല

Published: 4 Dec 2022 3:38 PM GMT

കുടജാദ്രി പുണരുമ്പോള്‍

ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മറയത്തേക്ക് പോകാനൊരുമ്പിടുമ്പോഴേക്കും ഇല പച്ച, പൂ മഞ്ഞ തഴുകിത്തലോടി കുടജാത്രിയുടെ കാറ്റ് പിന്നെയും പ്രണയാര്‍ദ്രമാക്കും.

കുടജാദ്രി പുണരുമ്പോള്‍
X

സോഷ്യല്‍ മീഡിയയില്‍ എപ്പൊഴോ സുഹൃത്ത് ബഷീര്‍ മിസ്അബ് പങ്കുവെച്ച കുടജാദ്രിയുടെ കുളിരിന്റെ പെരുപ്പത്തിലുള്ള ഫോട്ടോ മനസ്സില്‍നിന്ന് മായാതെ കിടക്കവെയാണ് കുടജാദ്രിയില്‍ കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം... എന്ന ഗാനം അതിന്‍മേല്‍ മഞ്ഞുതുള്ളി വീഴ്ത്തിയത്. ഇനിയും കാണാത്ത കുടജാദ്രിയുടെ സൗന്ദര്യത്തെ പ്രണയിക്കാന്‍ തുടങ്ങിയതങ്ങനെയാണ്. ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മറയത്തേക്ക് പോകാനൊരുമ്പിടുമ്പോഴേക്കും ഇല പച്ച, പൂ മഞ്ഞ തഴുകിത്തലോടി കുടജാത്രിയുടെ കാറ്റ് പിന്നെയും പ്രണയാര്‍ദ്രമാക്കും.

അങ്ങനെയാണ് കുടജാദ്രിയെ അനുഭവിക്കുക എന്ന തീര്‍പ്പിലെത്തിയത്. ഒരേ നഗരത്തില്‍ ഒരേ ഓഫീസില്‍ എന്നാല്‍, വ്യത്യസ്ത വകുപ്പുകളില്‍ ജോലി ചെയ്യുന്ന ആറുപേരൊന്നിച്ചുള്ള യാത്രയാണ് പ്ലാന്‍ ചെയ്തത്. അതിനാല്‍ മാറ്റിവെച്ച് മാറ്റിവെച്ച് ആറുമാസത്തിന് ശേഷം കുടാജാദ്രി യാത്ര യാഥാര്‍ഥ്യമായി.


കേട്ടറിവുള്ള, വായനാനുഭവമുള്ള, ചിത്രങ്ങള്‍ കണ്ട ഏതൊരാളെയും ഒരിക്കലെങ്കിലും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഇടം തന്നെയാണ് കുടജാദ്രി. ഈ യാത്രാന്ത്യത്തിലും പറയാനുള്ളത് കുടജാദ്രി പോകണം, കാണണം, പുണരണം എന്നു തന്നെയാണ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും 75 കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന ദൂരമാണ് മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുള്ള കുടജാദ്രി മലനിരകള്‍. ഐതിഹ്യങ്ങളെക്കാള്‍ കുടജാദ്രിയെ സാന്ദ്രമാക്കുന്നത് ദൈവം നല്‍കിയ അതിന്റെ സൗന്ദര്യം തന്നെയാണ്.

രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്നാരംഭിച്ച യാത്ര പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞപ്പോഴേക്കും വാഹനത്തിന്റെ ഹൈഡ്ലൈറ്റില്‍ നാലഞ്ച് മീറ്ററിനപ്പുറം കാണാനാവാത്ത മഞ്ഞ് പുതച്ച റോഡിലെത്തി. ഇനിയും പത്തന്‍പത് കിലോമീറ്റര്‍ സഞ്ചരിക്കണം സമുദ്ര നിരപ്പില്‍ നിന്നും 1343 മീറ്റര്‍ ഉയരത്തിലുള്ള കുടജാദ്രിയുടെ മുകളിലെത്താന്‍. മഞ്ഞും മഴയും ഇരുട്ടും പരിചയക്കുറവുമൊന്നും ഭയകാരണങ്ങളായി സ്വീകരിച്ചിട്ടില്ലാത്ത ആറു പേരായതിനാല്‍ വേഗം അല്‍പം പതുക്കെയാക്കിയെങ്കിലും വാഹനം മുന്നോട്ട് തന്നെ പോയി. ഏതാണ്ട് അഞ്ച് മണിയോടെ മൂകാംബിക ക്ഷേത്ര പരിസരത്തെത്തി. ചുളു ചാര്‍ജിന് ഡോര്‍മെറ്ററിയൊപ്പിച്ച് അല്‍പസമയം ഉറങ്ങിയെന്ന് വരുത്തി, കുളിച്ച് ഫ്രഷായി നാസ്തയും കഴിച്ച് നേരെ കുടജാദ്രി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.


കടുത്ത ആഗ്രഹങ്ങളിലൊന്നാണ് സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നത്. ആഗ്രഹങ്ങള്‍ പലതുണ്ടാകാം. ജീവിതത്തിലൊരിക്കലും സാക്ഷാല്‍ക്കരിക്കാനാവാത്തതും മരണാനന്തര ജീവിതത്തില്‍ മാത്രം സാധ്യമാകുന്നതുമൊക്കെ അക്കൂട്ടത്തില്‍ പെടും. കയ്യെത്തും ദൂരത്ത് മനോഹരമായൊരു ജീവിതാനുഭവം എന്നതാണ് കുടജാദ്രിയുടെ പ്രത്യേകത.

മൂകാംബിക ക്ഷേത്ര പരിസരത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ സഞ്ചരിക്കണം കുടജാദ്രി മലനിരകളുടെ താഴെയെത്താന്‍. അവിടെ നിന്നും പത്ത് കിലോമീറ്റര്‍ ഓഫ് റോഡ് യാത്രയാണ്. ഓഫ് റോഡെന്നു പറഞ്ഞാല്‍ ഒടുക്കത്തെ ഓഫ് റോഡ്. ഊപ്പാടിളകും. ഒരാള്‍ക്ക് 370 രൂപ നിരക്കില്‍ ജീപ്പ് സര്‍വീസ് ലഭ്യമാണ്. എട്ടുപേരെത്തിയാല്‍ ജീപ്പ് പുറപ്പെടും. അരസികന്‍മാരൊന്നും കൂടെവേണ്ടെന്ന തീര്‍പ്പില്‍ എട്ടുപേരുടെ ചാര്‍ജെടുക്കാമെന്നേറ്റു.


കാനനപാതയിലൂടെ ജീപ്പ് കയറാനാരംഭിച്ചു. കയറ്റം മാത്രമല്ല വളവുകളും തിരിവുകളും. മഴവെള്ളമൊഴുക്ക് വഴിതിരിച്ച് വിടാനായി, റോഡിന് കുറുകെ തീര്‍ത്ത വന്‍മതില്‍ കണക്കെയുള്ള വരമ്പുകള്‍ക്ക് മീതെ കയറിനില്‍ക്കുമ്പോഴാണ് ജീപ്പൊന്ന് ശ്വാസമയക്കുക. അതിനിടക്ക് അതിരാവിലെ കുടജാദ്രിയിലെത്താനായി കുതിച്ചവര്‍ തിരിച്ചുവരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ഞങ്ങളുടെ ജീപ്പ് പിറകോട്ടെടുക്കും, ചിലപ്പോള്‍ ഏതെങ്കിലും ചെരിവിലേക്കോ കുന്നിലേക്കോ കയറി അള്ളിപ്പിടിച്ച് നില്‍ക്കും.

ഏതാണ്ട് എട്ട് കിലോ മീറ്ററായപ്പോള്‍ വാഹനത്തിന്റെ ദൗത്യം അവസാനിച്ചു. ഇനി ഞങ്ങളായിട്ട് കയറണം. കുടജാദ്രിയുടെ ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം ആരൊക്കെയോ ആര്‍ക്കൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട്. ഞങ്ങള്‍ക്കതൊന്നും കേള്‍ക്കണമെന്നില്ല. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാദ്രിയുടെ ഏറ്റവും മുകളിലെത്താം. പക്ഷെ, അതിനിടക്ക് തന്നെ മനം കുളിര്‍ക്കുന്ന അന്തരീക്ഷം ഞങ്ങളെത്തേടിയെത്തി. ചുറ്റൂം കോട മൂടിയ മലനിരകള്‍. കോട ഞങ്ങളുടെ ഇരുവശങ്ങളിലൂടെയും മുകളിലൂടെയും അതിവേഗം സഞ്ചരിക്കുന്നു. താഴെ മലഞ്ചെരുവിലേക്ക് നോക്കിയാലും വെള്ളപുതച്ച് കിടക്കുന്നു. ശക്തമായ കാറ്റടിക്കുന്ന പ്രദേശമയാതിനാല്‍ മുകളില്‍ വലിയ മരങ്ങള്‍ ഇല്ല. പുല്‍ച്ചെടികളും ചെറുസസ്യങ്ങളും മാത്രം.


മുകളിലേക്കെത്തിപ്പിടിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും സമതലം പോലെയുള്ള മേഖലകളും കൊച്ചുകൊച്ചു മരങ്ങളും. അധികൃതരുടെ ശ്രദ്ധയും സന്ദര്‍ശകരുടെ പ്രകൃതിയോടുള്ള ആദരവും കാരണമാവാം, പ്ലാസ്റ്റിക്കിന്റെ തരിമ്പും നിലത്തെവിടെയുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പതുക്കെയും ഫോട്ടോഗ്രഫിയെടുത്തും പലരെയും പരിചയപ്പെട്ടുമുള്ള മലകയറ്റം ഏറ്റവും മുകളിലെത്തി. ശ്രീ ശങ്കരാചാര്യരുടെ സര്‍വജ്ഞ പീഠമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥാനമുണ്ട്. ആളുകള്‍ അതിനുള്ളില്‍ കയറുകയും ധ്യാനിക്കുകയും ചെയ്യുന്നുണ്ട്.


ഞങ്ങള്‍ തിരിച്ചിറങ്ങി; വഴിയിലെത്തി കിതക്കുന്നവര്‍ക്കും വഴിയിലിരുന്നുപോയവര്‍ക്കും മുകളറ്റം വരെ എത്തിപ്പിടിക്കാനുള്ള ആവേശം നല്‍കിക്കൊണ്ട്. ഇതെല്ലാം വായിച്ച് അയ്യോ, മലക്കയറ്റമോ, ഞാനില്ല, പ്രായമായി, അതൊക്കെ ചെറുപ്പക്കാര്‍ക്ക് എന്ന് പറഞ്ഞ് കാല് പിന്നോട്ട് വെക്കേണ്ട കാര്യമില്ല. എഴുപതുകാരെയും അറുപത്കാരെയുമൊക്കെ ഞങ്ങള്‍ മുകളില്‍ കണ്ടു.

കുടജാദ്രിയില്‍ സാഹസികതയുണ്ട്, അപകടസാധ്യതയില്ല. താല്‍പര്യമുള്ള ആര്‍ക്കും കയറാവുന്നതേയുള്ളൂ, ആനന്ദിക്കാവുന്നതേയുള്ളൂ. കുടജാദ്രിയുടെ വൈബ് അതൊന്നു വേറെതന്നെയാണ്. നിങ്ങളത് ആസ്വദിക്കുകയല്ല. കുടജാദ്രി നിങ്ങളെ വന്ന് തഴുകും, നുകരും, സാന്ദ്രമായി പുണരും.


ഇത് വായിച്ച് തീരുമ്പോഴേക്കും, നിങ്ങളൊരു സഞ്ചാരിയെങ്കില്‍ കുടജാദ്രി യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കിലാവും. അങ്ങനെയെങ്കില്‍ ഒരു കാര്യം മറക്കരുത്. തിരിച്ചുവരുമ്പോള്‍ വൈകീട്ടുണ്ടാവും. ഉഡുപ്പിലില്‍ മാല്‍പെ ബീച്ചില്‍ പോയി വയറുനിറയെ മത്സ്യം കഴിക്കണം. അയല മുതല്‍ മുകളിലോട്ടുള്ള എല്ലാ ഐറ്റവുമുണ്ട്; ചീപ്പ് റൈറ്റില്‍.TAGS :