Quantcast
MediaOne Logo

മാരിയത്ത് സി.എച്ച്

Published: 5 Feb 2024 7:21 AM GMT

വരികളും വരകളുമുണ്ടായത് അനുഭവങ്ങളില്‍ നിന്ന്

അയച്ചിരുന്ന കവിതകളോ കഥകളോ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന നേരിയ പ്രതീക്ഷകള്‍ക്ക് ഓരോ പ്രാവശ്യവും തിരിച്ചു വരുന്ന കവറുകള്‍ പോസ്റ്റുമാനില്‍ നിന്നും ഏറ്റ് വാങ്ങുമ്പോള്‍ മങ്ങലേറ്റു. അയക്കുന്നതൊന്നും അവര്‍ നോക്കുന്നത് പോലും ഉണ്ടാവില്ല എന്ന സങ്കടത്തോടെ പതുക്കെ അയച്ചു കൊടുക്കുന്ന പതിവ് നിര്‍ത്തി - എഴുത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് എഴുത്തുകാരി.

കാലം മായ്ച്ച കാല്‍പ്പാടുകള്‍ - മാരിയത്ത് സി.എച്ച്
X

എഴുത്ത്, ചിത്രം വര; പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന ഏകാന്തമായ നാളുകളില്‍ നിന്നും തിരക്ക് പിടിച്ച നാളുകളിലേക്ക്ജീവിതം മാറ്റിയത് ഇത് രണ്ടിലൂടെയുമാണ്. എഴുതാനും വായിക്കാനും തുടങ്ങിയ കാലം മുതല്‍ എഴുത്ത് എന്ന സാഗരത്തെ കുറിച്ച് ഒന്നും അറിയാതിരുന്നിട്ടും എഴുതി തുടങ്ങിയിട്ടുണ്ട് എന്നാണോര്‍മ.

ആദ്യം എഴുതിയത് ഡയറികളിലാണ്. പിന്നെ പ്രിയപ്പെട്ടവര്‍ക്ക് കത്തുകളെഴുതാന്‍ തുടങ്ങി. ചികിത്സകളുടെ ഭാഗമായിഏതൊക്കെയോ ആശുപത്രികളിലും മറ്റും കണ്ട് മുട്ടിയ പരിചയങ്ങളില്‍, എവിടെയൊക്കെയോ ഉള്ള ഒരുപാട് പേര്‍ക്ക് കത്തുകള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ എഴുതിയത് ആരൊക്കെയോ വായിക്കാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. അന്നൊക്കെ കത്തെഴുതുക എന്നതൊരു ആവേശമായിരുന്നു. ഓരോ ദിവസവും ആരുടെയെങ്കിലും കത്തുകളുമായി അപ്പുവേട്ടന്‍ ദൂരെ നിന്ന് വരുന്നത് കാണുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് തുടിക്കും. ആരോ എവിടെയോ നിന്നും അയക്കുന്ന മറുപടി കത്തുകള്‍ക്കായി പോസ്റ്റുമാന്‍ അപ്പുവേട്ടനെ കാത്ത് നിന്നിരുന്ന മനോഹരമായ പകലുകള്‍. പുതിയ വര്‍ഷങ്ങള്‍, ക്രിസ്തുമസ്, പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ മാറി മാറി വന്നിരുന്നത് ആശംസകള്‍ നിറഞ്ഞ പല വര്‍ണ്ണ കാര്‍ഡുകളിലൂടെയായിരുന്നു. പുതുവര്‍ഷ ആശംസകളായി പുതുമകളോടെ ചിത്രങ്ങള്‍ വരച്ച് ഞാനും എല്ലാവര്‍ക്കും അയക്കും. ഇന്നും എനിക്ക് കിട്ടിയ ആ മനോഹര ആശംസാ കാര്‍ഡുകളില്‍ ഏറെയും അന്നത്തെ സുന്ദര നിമിഷങ്ങളെ മറക്കാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇടയ്ക്ക് അതെടുത്ത് നോക്കുമ്പോള്‍ ആ കഴിഞ്ഞ് പോയ കാലങ്ങള്‍ അതുപോലെ ഓര്‍മകളില്‍ തിരിച്ചെത്തും.

ഓരോ ആഴ്ചയിലും ഓരോ കൂട്ടുകാരികള്‍ക്ക് വേണ്ടി, അവര്‍ ഏല്‍പ്പിക്കുന്ന നോട്ടുപുസ്തകത്തില്‍ കഥകളും നോവലുകളും എഴുതി നല്‍കിയിട്ടുണ്ട്. അതില്‍ നോവുകളുടെ കണ്ണീരുണങ്ങാത്ത കഥകളും കവിതകളുമുണ്ടായിരുന്നു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കദനങ്ങളുണ്ടായിരുന്നു. പ്രണയത്തിന്റെ അമൂര്‍ത്തതയില്‍ ഇഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും വ്യഥകള്‍ നിറഞ്ഞിരുന്നു.

പിന്നെ എപ്പോഴോ, കഥകളും നോവലുകളും എഴുതാന്‍ തുടങ്ങി. ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. എന്റെ ജ്യേഷ്ഠത്തി റജീനയുടെ കൂടെ പഠിക്കുന്ന കൂട്ടുകാര്‍ എന്നെ കാണാന്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ടി, നോട്ടുപുസ്തകത്തിന്റെ താളുകളില്‍നോവലുകളും കഥകളും അതിന് അനുയോജ്യമായ ചിത്രങ്ങളും വരച്ച് എത്രയാണ് എഴുതിയത് എന്നതിന് കണക്കില്ല. ഓരോ ആഴ്ചയിലും ഓരോ കൂട്ടുകാരികള്‍ക്ക് വേണ്ടി, അവര്‍ ഏല്‍പ്പിക്കുന്ന നോട്ടുപുസ്തകത്തില്‍ കഥകളും നോവലുകളും എഴുതി നല്‍കിയിട്ടുണ്ട്. അതില്‍ നോവുകളുടെ കണ്ണീരുണങ്ങാത്ത കഥകളും കവിതകളുമുണ്ടായിരുന്നു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കദനങ്ങളുണ്ടായിരുന്നു. പ്രണയത്തിന്റെ അമൂര്‍ത്തതയില്‍ ഇഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും വ്യഥകള്‍ നിറഞ്ഞിരുന്നു. പന്ത്രണ്ട് - പതിനഞ്ച് വയസ്സിനിടയിലുള്ള പക്വത എത്താത്ത വായനയില്‍ പതിഞ്ഞ കഥകളുടെ പകര്‍പ്പുകളായിരുന്നു ആ കഥകളിലും നോവലുകളിലും എല്ലാം നിറഞ്ഞ് നിന്നിരുന്നത് എന്നത് രസകരമായ തമാശകളായി ഓര്‍ക്കുന്നു. എങ്കിലും അതൊക്കെ വായിച്ച ആരില്‍ നിന്നൊക്കെയോ അന്ന് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് - മാരി എഴുത്തുകാരിയാണ്, ചിത്രകാരിയാണ് എന്നൊക്കെ.


കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഏകാന്തതകളുടെ ആവര്‍ത്തന വിരസതകളില്‍ ദിനക്കുറിപ്പുകളായി പ്രത്യേകിച്ച് ഒന്നും എഴുതാനില്ലാത്ത ഒഴിഞ്ഞ ഡയറിത്താളുകളില്‍ മറ്റ് എന്തൊക്കെയോ എഴുതാന്‍ തുടങ്ങി. അതിനെ സ്വയം കവിതകള്‍ കഥകള്‍ എന്നൊക്കെ വേര്‍തിരിച്ച്, ആരും അറിയാതെ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചു കൊടുത്തു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെടുക എന്നത് വലിയ അംഗീകാരമാണ്. എന്നാല്‍, അയച്ചിരുന്ന കവിതകളോ കഥകളോ ഒരിക്കലെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന നേരിയ പ്രതീക്ഷകള്‍ക്ക് ഓരോ പ്രാവശ്യവും തിരിച്ചു വരുന്ന കവറുകള്‍ പോസ്റ്റുമാനില്‍ നിന്നും ഏറ്റ് വാങ്ങുമ്പോള്‍ മങ്ങലേറ്റു. അയക്കുന്നതൊന്നും അവര്‍ നോക്കുന്നത് പോലും ഉണ്ടാവില്ല എന്ന സങ്കടത്തോടെ പതുക്കെ അയച്ചു കൊടുക്കുന്ന പതിവ് നിര്‍ത്തി.

കുറെ കാലങ്ങള്‍ക്ക് ശേഷം, ശ്രീധരന്‍ മാഷാണ് (ശ്രീധരന്‍ എന്‍.ബെല്ല) എന്റെ ഒരു കവിത ഞാന്‍ അറിയാതെ പത്രത്തിലേക്ക് അയച്ചു കൊടുക്കുന്നത്. കവിത പത്രത്തില്‍ പ്രസിദ്ധീകരിച്ചത് നേരില്‍ കൊണ്ട് വന്ന് കാണിച്ചപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. അന്നത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അതിന് ശേഷം ഞാന്‍ അറിയാതെ തന്നെ ഒരു കഥ പുടവ മാസികയിലേക്ക് അയച്ചു കൊടുത്തതും മാഷാണ്. (കഥയുടെ അഭിപ്രായം അറിയാന്‍ വേണ്ടി എഴുത്തുകാരനായ ശ്രീധരന്‍ മാഷിന് എപ്പോഴോ വായിക്കാന്‍ കൊടുത്തതായിരുന്നു). പുടവയില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് അതെന്നെ കാണിക്കുന്നത്. അതൊരു തുടക്കമായിരുന്നു. കഥകളും കവിതകളും നോവലെറ്റും ലേഖനങ്ങളും അനുഭവങ്ങളും മാസികകളിലും പത്രങ്ങളിലും ഇടക്കൊക്കെപ്രസിദ്ധീകരിക്കപ്പെട്ടു.


ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ തുടക്കത്തിലാണ് ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നത്.എഴുത്തിന്റെ തുടക്കക്കാര്‍ക്ക് ബ്ലോഗ് വലിയ ഒരു അവസരമായിരുന്നു. അതിലൂടെ ആളുകളുടെ വായനാ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ കിട്ടി തുടങ്ങി. ആ അഭിപ്രായങ്ങള്‍ ഒക്കെയും വീണ്ടും എഴുതാനുള്ള പ്രചോദനങ്ങളായിരുന്നു. ബ്ലോഗില്‍ പബ്ലിഷ് ചെയ്യാനായിഎപ്പോഴൊക്കെയോ എഴുതി വെച്ച കഥകളും കവിതകളും നോവലുകളും വെട്ടിയും തിരുത്തിയും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഒരു ആഴ്ചയില്‍ ഒരു കവിതയെങ്കിലും എന്ന തിടുക്കത്തിലേക്ക് എന്തൊക്കെയോ എഴുതി നിറച്ചു. എത്രയോ ചിത്രങ്ങള്‍ വരച്ചു കൂട്ടി. പതുക്കെ പുതുമകളില്ലാതെ അതും നിലച്ചു. പക്ഷെ, എഴുതിയത്പ്രസിദ്ധീകരിച്ചത് 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' എന്ന എന്റെ ജീവിതം പറയുന്ന പുസ്തകം മാത്രം. ആറാം പതിപ്പില്‍ എത്തി നില്‍ക്കുന്ന ആ പുസ്തകം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചഅനുഗ്രഹമായി.


അതിന് ശേഷമാണ്, എഴുത്ത് എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ് എന്ന് തിരിച്ചറിയുന്നത്. ആ തോന്നലില്‍ എന്തെങ്കിലും എഴുതാന്‍ തുടങ്ങുമ്പോള്‍ എന്തെന്നറിയാത്ത ഒരു ആധിയാണ് മനസ്സിനുള്ളില്‍. എഴുതണം എന്ന് തോന്നുമ്പോള്‍ അതിനുള്ള കാരണം തേടി മനസ്സ് അലഞ്ഞു കൊണ്ടിരിക്കും. ഒരുപാട് എഴുതുന്നതിനേക്കാള്‍ എഴുതിയത് കൂടുതല്‍ വായിക്കപ്പെടുക എന്ന പ്രാധാന്യത്തില്‍ അത് എന്ത്, എന്തിന് എന്ന സംശയങ്ങള്‍ക്ക് മുമ്പില്‍ചിലപ്പോള്‍ ഒരു വരിപോലും പകര്‍ത്താനാവാതെ തളര്‍ന്നിട്ടുണ്ട്. മറ്റ് ചിലപ്പോള്‍, ഒട്ടും പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ ചിലത് എഴുതണമെന്ന് തള്ളി കുതിച്ച് മനസ്സില്‍ നിറയുമ്പോള്‍ അപ്പോള്‍ എഴുതാന്‍ പറ്റുന്ന സാഹചര്യവും ആയിരിക്കില്ല. അറിയപ്പെടുന്ന എഴുത്തുകാരുടെയും ഗൗരവമുള്ളവായനക്കാരുടെയും അതി പ്രസരത്തില്‍, അതിനെയൊക്കെ ഉള്‍ക്കൊണ്ട് ഒരു സാധാരണ എഴുത്ത് പോലും അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു.


അനുഭവങ്ങളില്‍ നിന്നാണ് വരികളും വരകളുമായി ഹൃദയം നിറഞ്ഞത്. ആ വരികളും വരകളുമാണ് ആരുടെയൊക്കെയോ പ്രിയപ്പെട്ടവളായി എന്നെ മാറ്റിയത്. പല ഇടങ്ങളിലുംഅതിഥിയായി ക്ഷണിക്കപ്പെട്ടത്. വലിയ വേദികളില്‍ ആദരിക്കപ്പെട്ടത്. അങ്ങനെ പൊതുവേദികളില്‍ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ എഴുത്തിനോടുള്ള ആവേശവും കുറഞ്ഞിട്ടുണ്ട്. ആരൊക്കെയോ പറഞ്ഞ് വെച്ചത് ആവര്‍ത്തിക്കുന്നതിനേക്കാള്‍, പറയാനുള്ളത് വായനക്കാരുടെ മനസ്സില്‍ അടയാളപ്പെടുത്തുന്നതാവണം എഴുത്ത് എന്നാണ് ആഗ്രഹം.

(കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് ആണ് ലേഖിക.)



TAGS :