Quantcast
MediaOne Logo

ബഹിയ

Published: 3 Oct 2022 4:17 AM GMT

പറിച്ചെറിഞ്ഞ പനിനീര്‍ പൂവ്

സത്യം എന്തായിരുന്നു എന്ന് ആര്‍ക്കറിയാം? കഥകള്‍ മെനയാന്‍ നാട്ടുകാര്‍ സ്വധവേ മിടുക്കരാണല്ലോ... ഒരു പക്ഷേ അങ്ങനെ ഒന്നാവാം ഈ കഥ. യാഥാര്‍ഥ്യം അവള്‍ക്കേ അറിയൂ. ഇച്ചിരി അമ്മക്കും. പക്ഷേ, ആ അമ്മയെ ഒന്ന് കാണാന്‍ പോലും ഞാന്‍ ഒരിക്കലും പോയില്ല. പ്രണയം മാത്രമല്ല, മറ്റെന്തൊക്കെയോ കൂടി കുട്ടികള്‍ക്കിടയില്‍ പ്രശ്‌നമായി നീറുന്നു എന്ന് അനുഭവം പഠിപ്പിച്ചു.

പറിച്ചെറിഞ്ഞ പനിനീര്‍ പൂവ്
X
Listen to this Article

ഒരു ചെറിയ ഇടവേള കിട്ടിയാല്‍ സ്റ്റാഫ് റൂമില്‍ ഓടി വരുന്ന ആ കുട്ടിയെ അവളുടെ കയ്യിലെ പൂക്കള്‍ കണ്ടാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇരുനിറമുള്ള, നീണ്ടു മെലിഞ്ഞ, കാണാന്‍ അപാര സൗന്ദര്യമൊന്നും ഇല്ലാത്ത, വെറും ഒരു സാധാരണ പെണ്‍കുട്ടി. പ്ലസ്ടു സയന്‍സ് ക്ലാസിലെ കുട്ടിയാണ്. സയന്‍സ് പഠിപ്പിസ്റ്റുകളുടെ ബാച്ച് ആയിരിക്കുമല്ലോ. എന്നാല്‍, അവളുടെ കയ്യില്‍ എപ്പോഴും ഒരു റോസാപ്പൂവോ ചെമ്പകമോ ഉണ്ടാവും. അത് അവിടെ ഒരു ശീലമാണ് എന്ന് തോന്നുന്നു, പല കുട്ടികളും ഇങ്ങനെ പൂക്കളുമായി നടക്കുന്നത് കാണാം.

2008 ലാണ്, കേരളത്തിലെ തന്നെ പിന്നോക്ക വിദ്യാലയങ്ങളില്‍ ഒന്നായിരുന്നു ആ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍. അന്ന് ഞാന്‍ അവിടെ സോഷ്യോളജി ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ആ വര്‍ഷമാണ് അവിടെ ആദ്യമായി പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് തുടങ്ങുന്നത്. അതിനാല്‍ തന്നെ ജൂനിയര്‍ പോസ്റ്റ് ആയിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ എനിക്ക് ജോലിയുള്ളൂ. അതെനിക്ക് വലിയ അനുഗ്രഹവും ആയിരുന്നു. ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും തൊണ്ണൂറു തികഞ്ഞ ചെറിയ കുഞ്ഞിനെയും വീട്ടില്‍ ഏല്‍പിച്ചാണ് അന്ന് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. കുട്ടികളെ നോക്കാന്‍ വരുന്ന സഹായി എത്താന്‍ വൈകിയാല്‍ ഞാനും സ്‌കൂളില്‍ വൈകും, അവള്‍ വന്നില്ലെങ്കില്‍ ഞാനും പോകില്ല. അതായിരുന്നു എന്റെ അവസ്ഥ. എങ്കിലും പഠനത്തോടും ജോലിയോടുമുള്ള അതിയായ ആഗ്രഹം മൂലം ഞാന്‍ അവിടെ അധ്യാപികയായി. അതും പഠനത്തില്‍ ഒട്ടും താല്‍പര്യം ഇല്ലാത്ത, പ്രധാനമായും തീരദേശ മേഖലയിലെ മറ്റു വിദ്യാലയങ്ങളില്‍ എവിടെയും സീറ്റ് കിട്ടാത്ത കുട്ടികള്‍ വരുന്ന സ്‌കൂളില്‍. ക്ലാസ്സില്‍ ഓടിനടക്കുന്ന കുട്ടികള്‍. എനിക്കാണെങ്കില്‍ ഹയര്‍സെക്കന്ററിയില്‍ പഠിപ്പിച്ചു മുന്‍പരിചയവും ഇല്ല.

ഷൈനി! ആരേയും കൂസാത്ത പ്രകൃതവും തല ഉയര്‍ത്തി പിടിച്ചുള്ള നടപ്പും അധ്യാപകരോടെല്ലാം സുഹൃത്തിനോടെന്ന പോലെയുള്ള പെരുമാറ്റവുമൊക്കെ കണ്ട് നന്നായി പഠിക്കുന്ന കുട്ടിയാണ് അവളെന്ന് ഞാന്‍ വിശ്വസിച്ചു. അങ്ങനെ ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ എന്നെയും.

ജീവിതത്തില്‍ ആദ്യമായി അധ്യാപികയായത് 2003ല്‍ ട്യൂഷനെടുത്താണ്. അന്ന് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നതിനാല്‍ അധിക കാലം ട്യൂഷന്‍ തുടരാനായില്ല. അതിനിടയിലാണ് പരീക്ഷ എത്തിയത്. അങ്ങനെ ബിരുദ പരീക്ഷ കഴിഞ്ഞതോടെ താല്‍ക്കാലികമായി കോളജ് പഠനം നിന്നു. ഇനി ഒരു വര്‍ഷം വെറുതെ കളയാനുള്ളതാണ്. അത് അങ്ങനെയാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കിയാല്‍ പിന്നെ അവിടെ തന്നെ ബി.എഡ് ചെയ്യണമെങ്കില്‍ ഒരു വര്‍ഷം വെറുതെ കളയണം. റിസള്‍ട്ട് വരാന്‍ ഒരു പാട് വൈകുന്നതും അപ്പോഴേക്കും ബി.എഡ് അഡ്മിഷന്‍ തീരുന്നതും ക്ലാസ് തുടങ്ങുന്നതും ഒക്കെ തന്നെ ആയിരുന്നു കാരണം. അങ്ങനെ കളയേണ്ട ആ ഒരു കൊല്ലം അടുത്തുള്ള ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായി ജോലി ചെയ്യവേയാണ് വിവാഹം കഴിയുന്നത്. പിന്നെ ബി.എഡ് പഠനവും തുടര്‍ച്ചയായ രണ്ട് പ്രസവങ്ങളും. ആ ഗര്‍ഭ-പ്രസവ കാലഘട്ടത്തില്‍ സോഷ്യോളജി ബിരുദാനന്തര ബിരുദവും വീട്ടിലിരുന്നുള്ള പഠനവും ഒക്കെയായി മൂന്നു വര്‍ഷത്തെ അധ്യാപനത്തില്‍ നിന്നുള്ള വിട്ടു നില്‍ക്കലിനു ശേഷം വീണ്ടും അധ്യാപനത്തിലേക്ക് കടന്നു ചെന്നതായിരുന്നു ആ വര്‍ഷം. മീശയും താടിയും മുളച്ചു തുടങ്ങിയ ആണ്‍കുട്ടികളും അവരുടെ അടിപിടികളും അതിനിടെ അവരെ എങ്ങനെയെങ്കിലും വിജയിപ്പിച്ചെടുക്കുക എന്ന അതിയായ ആഗ്രഹവും കൊണ്ട് വല്ലാതെ വലയുന്ന കാലമാണ്. ഒപ്പം സ്റ്റാഫ് റൂമില്‍ ഏറ്റവും ജൂനിയര്‍, ഹയര്‍ സെക്കന്ററി മേഖലയേ പരിചയം ഇല്ലാത്തവള്‍, വെറും ഗസ്റ്റ് അധ്യാപിക, ഏറ്റവും പ്രായം കുറഞ്ഞവള്‍, വൈകി വന്നു നേരത്തെ പോകുന്നവള്‍ തുടങ്ങി വലിയ അപകര്‍ഷതാ ബോധവും സ്വയം നിര്‍മിച്ചെടുത്തിട്ടുണ്ടായിരുന്നു. അതിനിടെ കുട്ടികളുമായി സൗഹൃദത്തിലാവാന്‍ കിട്ടുന്ന ഒരു അവസരവും കളയാതെ ഞാന്‍ പരമാവധി മുതലാക്കി. കാരണം, അധ്യാപകരുടെ കാര്യത്തില്‍ ഞാന്‍ വിശ്വസിച്ച, എന്നെക്കുറിച്ചുള്ള ചെറുതെന്ന ചിന്ത അവരോട് ഇടപെടാന്‍ എന്നെ വല്ലാതെ പേടിപ്പിച്ചു.

അങ്ങിനെയുള്ള സമയത്താണ് ഞാന്‍ അവളെ കാണുന്നത്. തല്‍ക്കാലം ഞാന്‍ അവളെ ഷൈനി എന്ന് വിളിക്കുകയാണ്. ഷൈനി! ആരേയും കൂസാത്ത പ്രകൃതവും തല ഉയര്‍ത്തി പിടിച്ചുള്ള നടപ്പും അധ്യാപകരോടെല്ലാം സുഹൃത്തിനോടെന്ന പോലെയുള്ള പെരുമാറ്റവുമൊക്കെ കണ്ട് നന്നായി പഠിക്കുന്ന കുട്ടിയാണ് അവളെന്ന് ഞാന്‍ വിശ്വസിച്ചു. അങ്ങനെ ഞാന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ എന്നെയും. അവള്‍ സ്റ്റാഫ് റൂമില്‍ വന്നാലെല്ലാം ഞങ്ങള്‍ക്കിടയില്‍ ഒരു ചിരിയോ സംസാരമോ പതിവായി; ഇടക്കോരോ പനിനീര്‍ പൂക്കളോ ചെമ്പകപ്പൂക്കളോ അവള്‍ എനിക്കായി കൊണ്ട് വന്നു.


അങ്ങനെ ഫെബ്രുവരിയെത്തി. അപ്പോഴേക്കും എന്റെ അപകര്‍ഷതാബോധം പമ്പകടന്നിരുന്നു. അധ്യാപകര്‍ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല ഒരു അനുഭവം ആയിരുന്നു ആ സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗം. പരസ്പരം സ്‌നേഹവും ബഹുമാനവും വാത്സല്യവും നിറഞ്ഞ ഒരു പ്രത്യേക അന്തരീക്ഷം. പല സ്റ്റാഫ് റൂമുകളിലും കാണുന്ന പോലുള്ള യാതൊരു വിധ ഗ്രൂപ്പിസവും പാരവെപ്പും അവിടെ ഉണ്ടായിരുന്നില്ല.

പറഞ്ഞു വന്നത് ഫെബ്രുവരി മാസത്തെയാണ്. ഒരു ദിവസം പതിവ് പോലെ സ്റ്റാഫ് റൂം നിറയെ കുട്ടികള്‍ ഓട്ടോഗ്രാഫും ഡയറിയും റെക്കോര്‍ഡ് ബുക്കുകളുമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്നതിന്നിടയിലാണ് ഷൈനി എനിക്ക് ഒരു കുഞ്ഞു ഡയറി നീട്ടുന്നത്. 'ടീച്ചറെ, ഓട്ടോഗ്രാഫ് എഴുതി താ...' ഞാന്‍ പഠിപ്പിക്കുന്നത് പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസ്സില്‍ മാത്രമാണെങ്കിലും പ്ലസ്ടു സയന്‍സ്, കൊമേഴ്സ് ക്ലാസ്സുകളിലെ കുട്ടികള്‍ മിക്കവരും എനിക്ക് പരിചയക്കാരായിരുന്നു. അവരില്‍ പലരും പ്രണയ നൈരാശ്യവും, പ്രണയവും, മറ്റു പല ജീവിത രഹസ്യങ്ങളും ഞാനുമായി പങ്കുവെക്കുകയും ചെയ്തു പോന്നു. അതിനാല്‍ തന്നെ ഓട്ടോഗ്രാഫ് എഴുതിയെഴുതി വശം കെട്ട നേരത്താണ് ഷൈനി വരുന്നത്. എല്ലാവര്‍ക്കും എഴുതിയ പോലെ എന്തോ സാധാരണ വരികള്‍ (all the best എന്നോ മറ്റോ... ) എഴുതി തിരിച്ചു കൊടുക്കവേ അവള്‍ പറഞ്ഞു:

'ടീച്ചറുടെ ഫോണ്‍ നമ്പര്‍ വേണം, എനിക്ക് വല്ലപ്പോഴും വിളിക്കാലോ? എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോ അമ്മോട് പറയാന്‍ പറ്റാത്തതാണേല്‍ ഒന്ന് വിളിച്ച് എന്താ ചെയ്യണ്ടേന്ന് ചോദിക്കാലോ...'

'അതൊക്കെ വിളിച്ചോ, എന്ത് ആനക്കാര്യം ആണേലും പ്രശ്‌നല്ലാത്ത രീതിയില്‍ നമ്മുക്ക് പരിഹരിക്കാമെന്നേ...'

വലിയ ഡയലോഗൊക്കെ പറഞ്ഞ് ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങി നമ്പര്‍ എഴുതിക്കൊടുത്തു. 'ഇവര്‍ക്കൊക്കെ ഒരു പ്രണയത്തിനപ്പുറം എന്തൂട്ട് പ്രശ്‌നം വരാനാണ്?' എന്ന ചിന്തയും അപ്പോള്‍ ഉള്ളില്‍ തോന്നാതിരുന്നില്ല. ഓട്ടോഗ്രാഫുമായി ഷൈനി പുറത്ത് പോയപ്പോഴാണ് എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്ന പ്രമോദ് മാഷ് (തല്‍ക്കാലത്തേക്ക് അങ്ങിനെ ഒരു അപരനാമം മാഷിന് നല്‍കുന്നു, യഥാര്‍ഥ പേര് മറ്റൊന്നാണ്) എഴുന്നേറ്റ് അടുത്തേക്ക് വന്നത്. തിക്കും പൊക്കും നോക്കി ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി മാഷ് പതുക്കെ പറഞ്ഞു:

'ടീച്ചറേ, വേണ്ട്യേര്‍ന്നില്ലാട്ടാ. അവസാനം വല്ല ലോഡ്ജിലും റെയ്ഡ് ചെയ്യുമ്പോള്‍ കിട്ടിയ നമ്പറാന്നും പറഞ്ഞ് വല്ല പൊലീസും വിളിക്കുമ്പഴാവും നിങ്ങള് ശരിക്ക് വിവരറിയ...'

'ഫ്ഫ...' എന്ന് ഒരൊറ്റ ആട്ട് ആട്ടാനാണ് തോന്നിയത്. പിന്നെ, മാഷല്ലേ, സീനിയറല്ലേ... എന്ന് അങ്ങ് ക്ഷമിച്ചു പിടിച്ച്, എന്നാല്‍ ദേഷ്യം കാണിച്ചു തന്നെ ഞാന്‍ ചോദിച്ചു:

'ഇങ്ങളെന്തൂട്ട് മാഷാ? ഈ ജാതി വര്‍ത്താനൊക്കെ പറയാന്‍...'

'അത് ടീച്ചര്‍ക്ക് ആ കൊച്ചിനെ അറിയാഞ്ഞിട്ടാ. അത് അമ്മാതിരി മൊതലാ... ഒരീസം രാവിലെ ഏഴരക്ക്ണ്ട് നാട്ടാര് എന്നെ ഫോണ്‍ ചെയ്ത് അപ്പ തന്നെ സ്‌കൂളീക്ക് ഓടി വരാന്‍ പറയണ്. ഞാന്‍ ഓടിക്കെതച്ച് വന്നപ്പോ അവളേം ഒരു ചെക്കനേം കൂടെണ്ട് നമ്മളെ പുത്യേ ക്ലാസ്‌റൂമീ പൂട്ടിയിട്ടേക്കണൂ. അവളുടെ വീട്ട്കാരേം വര്ത്തീട്ട്ണ്ട്... ആ പയ്യനൊരു പണച്ചാക്കാ... അവള് പറയണത് ടൂഷന് വന്നപ്പോ ടൂഷനില്ലാന്ന് പറഞ്ഞു, അപ്പോള്‍ സ്‌കൂളില്‍ പോയി നോട്ട് എഴുതായിരുന്നു, അപ്പോള്‍ ആ ചെക്കന്‍ വന്നു ജസ്റ്റ് സംസാരിച്ചേ ഉള്ളൂന്നാ... അതൊക്കെ നൊണയാ. പഠിക്കണൊരു മോള്. സകല വിഷയത്തിലും ഒന്നും രണ്ടും മാര്‍ക്കുള്ള അവളല്ലേ നോട്ടെഴുതണത്... ന്നട്ടെന്താ ഒരു ചളിപ്പും ഇല്ലാതെ അവളങ്ങട്ട് കൂളായി ഇറങ്ങിപ്പോയി. ആ തള്ളടെ വക അവളെപ്പറ്റി ഇല്ലാത്തത് പറഞ്ഞൂന്ന് നമ്മുക്ക് വഴക്കും...

മാഷ് ദേഷ്യപ്പെട്ടു.


ഇതൊക്കെ സത്യമാണോ? ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി. അവളുടെ അഭിപ്രായങ്ങള്‍ ആവും ശരി എന്ന് വിശ്വസിക്കാന്‍ ആയിരുന്നു എനിക്കും ഇഷ്ടം. എങ്കിലും അത് അത്രമാത്രം ആവില്ലെന്നും ഒരു പ്രണയവും സല്ലാപവും ആയിരിക്കും എന്നും ഞാനും ഊഹിച്ചു. ഈ മക്കളുടെ തെറ്റുകള്‍ക്ക് അവരെ കണ്ണടച്ച് വിശ്വസിച്ച് അധ്യാപകരെ പൊങ്കാലയിടുന്ന രക്ഷിതാക്കളുടെ വിവരമില്ലായ്മയെ കുറിച്ച് അങ്ങനെ അന്ന് സ്റ്റാഫ് റൂമില്‍ പ്രബന്ധങ്ങള്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. ഒപ്പം വിവരമറിഞ്ഞ സകല അധ്യാപകരും ഞാന്‍ കൊടുത്ത ഓട്ടോഗ്രാഫും ഫോണ്‍ നമ്പറും അബദ്ധമായെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതോടെ ഞാന്‍ അല്പ്പം പേടിക്കുകയും ചെയ്തു. ഒപ്പം മറ്റൊന്ന് കൂടെ സംഭവിച്ചു, അവിടെ സയന്‍സ് ബാച്ചില്‍ ക്ലാസില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ജയിക്കുന്നത് തന്നെ മഹാസംഭവമാണെന്ന വ്യക്തമായ തിരിച്ചറിവായിരുന്നു അത്.

അങ്ങനെ ആ വര്‍ഷം കഴിഞ്ഞു. അടുത്ത വര്‍ഷം ഹ്യുമാനിറ്റീസ് പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകള്‍ തുടങ്ങിയതോടെ സോഷ്യോളജി ഗസ്റ്റ് അധ്യാപക തസ്തിക സീനിയര്‍ ആയി. അതോടെ ഇന്റര്‍വ്യൂവിന് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എത്തി. ജാതി സംവരണവും എന്‍.സി.സി ഗ്രേസ് മാര്‍ക്കും റെഗുലര്‍ പഠനവും ഒക്കെയായി റാങ്കിങില്‍ എനിക്ക് മുന്നില്‍ മറ്റൊരാള്‍ കടന്നു കൂടിയതോടെ ആ വര്‍ഷം ആ സ്‌കൂളില്‍ നിന്നും ഞാന്‍ പുറത്തായി. എനിക്ക് ജോലി കിട്ടിയതാകട്ടെ വീട്ടില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് പോകേണ്ട മറ്റൊരു സ്‌കൂളില്‍. യാത്രയും തിരക്കുകളും കൊണ്ട് നെട്ടോട്ടം ഓടുന്നതിനിടയിലും ഇടക്കിടെ ഷൈനിയും ഓട്ടോഗ്രാഫും ഫോണ്‍ നമ്പറും ഓര്‍മയില്‍ തെളിഞ്ഞു. പക്ഷേ, ഒരിക്കലും അവളോ മറ്റാരെങ്കിലുമോ അവളുടെ പേരും പറഞ്ഞ് എന്നെ വിളിച്ചില്ല. പക്ഷേ, ഒരു ദിവസം ആ വാര്‍ത്ത കേള്‍ക്കുക തന്നെ ചെയ്തു;

'ആദ്യം പഠിപ്പിച്ചിരുന്ന സ്‌കൂളിലെ, കഴിഞ്ഞ വര്‍ഷം പ്ലസ്ടു സയന്‍സില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി കുറച്ചു ദിവസം മുമ്പ് ആത്മഹത്യ ചെയ്തു.'

കേട്ട ഉടനെ ഓര്‍മ വന്നത് ഷൈനിയെയാണ്. അത് അവള്‍ ആവരുതേ എന്ന് പ്രാര്‍ഥിച്ചു എങ്കിലും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരുന്ന ടീച്ചറെ വിളിച്ചപ്പോള്‍ കേട്ട പേര് ഷൈനിയുടെത് തന്നെ ആയിരുന്നു.

'അതാ പഴയ വിഷയം തന്നെ ടീച്ചറെ, അവന്റെ കൂടെ പോയെന്നോ, വന്നെന്നോ എന്തൊക്കെയോ കേള്‍ക്കുന്നു. അവള്‍ കുറച്ചായി കൊയമ്പത്തൂരായിരുന്നു. എന്തോ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടില്‍ വന്നതാണ്. വീട്ടില്‍ വെച്ച് തൂങ്ങി എന്നാണ് പറയുന്നത് കേള്‍ക്കുന്നത്...'

ഒരു ദിവസം എന്തോ പരിപാടിയുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും വളരെ കുറവായതിനാല്‍ സയന്‍സും ഹ്യുമാനിറ്റീസും കൊമേഴ്സുമൊക്കെ കൂട്ടിച്ചേര്‍ത്ത് എല്ലാ പ്ലസ് ടൂ ക്ലാസിലേയും കുട്ടികളെ ഒന്നിച്ചു ഒരൊറ്റ ക്ലാസാക്കി. അവരുടെ ബഹളം സഹിക്കാന്‍ വയ്യാതെ നേരം കളയാനായി ആ ക്ലാസില്‍ കയറി കുട്ടികളെ പരിചയപ്പെട്ടു കൊണ്ടിരിക്കെ ഒരു കുട്ടി 'വീട് എവിടെയാണ്' എന്ന എന്റെ കുശലത്തിന് പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടി.

പ്രണയം ഇങ്ങനെ കണ്‍മുന്നില്‍ നിന്നും ഒരാളുടെ ജീവന്‍ പറിച്ചെടുക്കുന്നത് ആദ്യമായാണ്. ആത്മഹത്യാ ശ്രമം അതിന്റെ പേരില്‍ പലതും കണ്ട് അനുഭവം ഉണ്ടെങ്കിലും ഒരു കുട്ടിയുടെ മരണം... ഉള്ളില്‍ വല്ലാത്ത വിങ്ങലായിരുന്നു കുറേ നാള്‍. അവള്‍ ഒന്നു വിളിച്ചിരുന്നെങ്കില്‍... ഒരുപക്ഷേ എന്തെങ്കിലും സഹായം വഴി ആ ജീവന്‍ അണയാന്‍ വിട്ടുകൊടുക്കാതെ കാക്കാമായിരുന്നില്ലേ? അന്നു മുതല്‍ ഞാന്‍ പലതവണ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ് ഇത്.

ഡിസംബറോടെ വീണ്ടും ആദ്യ സ്‌കൂളില്‍ ഒഴിവു വന്നു. അങ്ങനെ ഞാന്‍ വീണ്ടും അവിടെ തന്നെ എത്തി. സ്വാഭാവികമായും പല കുട്ടികള്‍ക്കും പുതിയ ടീച്ചറായിരുന്നു അപ്പോള്‍ ഞാന്‍. ഒരു ദിവസം എന്തോ പരിപാടിയുമായി ബന്ധപ്പെട്ട് അധ്യാപകരും കുട്ടികളും വളരെ കുറവായതിനാല്‍ സയന്‍സും ഹ്യുമാനിറ്റീസും കൊമേഴ്സുമൊക്കെ കൂട്ടിച്ചേര്‍ത്ത് എല്ലാ പ്ലസ് ടൂ ക്ലാസിലേയും കുട്ടികളെ ഒന്നിച്ചു ഒരൊറ്റ ക്ലാസാക്കി. അവരുടെ ബഹളം സഹിക്കാന്‍ വയ്യാതെ നേരം കളയാനായി ആ ക്ലാസില്‍ കയറി കുട്ടികളെ പരിചയപ്പെട്ടു കൊണ്ടിരിക്കെ ഒരു കുട്ടി 'വീട് എവിടെയാണ്' എന്ന എന്റെ കുശലത്തിന് പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടി.

'ടീച്ചര്‍ക്ക് ഷൈനീനറിയോ? കഴിഞ്ഞ കൊല്ലം ഇവിടെണ്ടായിരുന്ന, തൂങ്ങി ചത്ത ഷൈനി. അവള്‍ടെ വീടിന്റെ തൊട്ടടുത്താ...'

ആ കുട്ടിയോട് പേരെന്താണെന്ന് പോലും ചോദിക്കാന്‍ മറന്നു ഞാന്‍ നിന്നു. പിന്നെ പതുക്കെ ചോദിച്ചു:

'മോള്‍ക്ക് അറിയോ, എന്തിനാണ് ആ കുട്ടി ആത്മഹത്യ ചെയ്തതെന്ന്? ഒരു പ്രണയം പൊട്ടിയതിനൊന്നും അവളത് ചെയ്യില്ല. അപാര ഗട്‌സുള്ള കുട്ടിയായിരുന്നു അവള്‍...'

അന്ന് സ്‌കൂളില്‍ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടും അതിനെ നിസ്സാരമായി നേരിട്ട ഒരു പെണ്‍കുട്ടി അങ്ങനെ ചെയ്യില്ല എന്ന വിശ്വാസം കൊണ്ട് തന്നെയാണ് ഞാന്‍ അത് ചോദിച്ചതും.

'ആ ഗട്‌സ് തന്നാ ടീച്ചറെ പ്രശ്‌നം. അവള് ആ ചെക്കന്റെ കൂടെ പോയത്രേ ആദ്യം. അയാള്‍ എന്തോ മരുന്നൊക്കെ കൊടുത്ത് അവളെ റേപ്പ് ചെയ്തൂത്രേ. എന്നിട്ട് പോയി പണി നോക്കാന്‍ പറഞ്ഞൂന്ന്. അപ്പഴേക്കും അവളെ തെരഞ്ഞ് വീട്ടുകാര്‍ ആ ചെക്കന്റെ കോട്ടേഴ്‌സീ വന്നു...'

'കോട്ടേഴ്‌സിലോ? അപ്പോ അവനു വീടില്ലേ? വീട്ടുകാരില്ലേ അവിടെ?'

'അയാളെ വീട് വേറെ എവിടെയോ ആണ്. ഇവിടെ കോട്ടേഴ്‌സിലാ അയാളും കൊറച്ച് കൂട്ടുകാരും. എന്തോ പാട്ടും ബാന്റും കള്ളും കഞ്ചാവും ഒക്കെയാത്രേ അവിടെ...'

'ന്നട്ട്?'

'അന്ന് അവളെ വീട്ടുകാര് കൂട്ടി കൊണ്ട് വന്നു. ആരും അറിയാതെ കൊയമ്പത്തൂര് അവര്‌ടെ ആരൊക്കെയോ ഉണ്ട്. അവരുടെ അടുത്താക്കി. ആശുപത്രിയില്‍ ഒക്കെ ആയിരുന്നു, ഫ്രണ്ട്‌സൊക്കെ റേപ്പ് ചെയ്തിരുന്നു.. എന്നൊക്കെ പറയണത് കേള്‍ക്കണുണ്ട്...'

'അള്ളാഹ്... എന്നിട്ട് അവിടെ നിന്നാണോ അവള്‍?'

'അല്ല ടീച്ചറെ, അവള് പിന്നെയൊക്കെ ഓക്കെയായി, മറന്നു, നോര്‍മലായി എന്നൊക്കെ ആ ബന്ധുക്കളെ വിശ്വസിപ്പിച്ചു. എന്നിട്ട് അവിടെ എന്തിനോ ചേരാന്‍ വേണ്ടി സര്‍ട്ടിഫിക്കറ്റ് ഒക്കെ എടുക്കാന്‍ രണ്ടു ദിവസത്തിന് നാട്ടില്‍ വന്നതാ...'

'എന്നിട്ട്?'

'അങ്ങനെ അന്ന് രാത്രി നോക്കുമ്പോള്‍ അവളെ പിന്നേം കാണാന്‍ല്ലാത്രേ. വീട്ടുകാര് ഓടി ആ ചെക്കന്റെ കോട്ടേഴ്‌സീ ചെന്നപ്പോള്‍ വീണ്ടും എല്ലാവരും കൂടി റേപ്പ് ചെയ്തു അവളെ ആകെ വയ്യാതാക്കീണ്ടത്രേ. അവള് മുന്നത്തേന്ന് പകരം ചോദിക്കാന്‍ ഒരു കത്തീം കൊണ്ട് പോയതാന്നാ പറയണത്. അത്രക്ക് ഗട്‌സ് പാടില്ല കുട്ട്യോള്‍ക്ക് ന്നാ അമ്മ പറേണത്. വീട്ടുകാരെ കണ്ടപ്പോള്‍ അവളെറങ്ങി വീട്ടീക്ക് ഓടി. വീട്ടില്‍ വന്നിട്ട് തൂങ്ങി മരിച്ചൂന്ന്...'

'അല്ല മോളേ, അങ്ങനൊക്കെ ആയാല്‍ അതൊക്കെ പത്രത്തില്‍ വരില്ലേ? അവരെ പൊലീസ് പിടിക്കില്ലേ? എന്നിട്ട് അങ്ങനൊന്നും കേട്ടില്ലല്ലോ?'

'അത് അവരൊക്കെ കാശ് ഉള്ളോരാ ടീച്ചറെ. അവളെ വീട്ടേരൊക്കെ പാവങ്ങളാ. ഒരു ഓലപ്പെരേണ്. പിന്നെ അവള്‍ടെ അമ്മ പറഞ്ഞൂന്ന് കേസാക്കി താഴെള്ള പെങ്കുട്ട്യോള്‍ടെ ഭാവീം കൂടെ കളയണ്ടാന്ന്...'

'ന്നാലും അങ്ങനൊക്കെ നടക്കോ? കേസൊക്കെ നമ്മുക്കൊന്നും ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ...'

'എനിക്കറീല്ല ടീച്ചറേ, നാട്ടുകാര് പറയണത് കേട്ടതാ. എന്റമ്മ എന്നെ അങ്ങട്ട് വിടില്ല. അവരോട് ഇപ്പോ ആര്‍ക്കും ഒരു ബന്ധോം ഇല്ല. ആരും മിണ്ടാറും ഇല്ല. അവള്‍ടെ അമ്മ ഇടക്കൊക്കെ എനിക്കങ്ങനൊരു മോളില്ലാന്ന് ഉറക്കെ കരയണ് കേള്‍ക്കാ... എനിക്കൊന്നും അറീല്ല. ഞാന്‍ ടീച്ചറോട് ഒന്നും പറഞ്ഞട്ടൂല്ലാ. ന്റെ അമ്മ അറിഞ്ഞാ എന്നെ കൊല്ലും...'


അതും പറഞ്ഞ് അവളും കൂട്ടുകാരും പെട്ടെന്നെണീറ്റ് പുറത്തേക്ക് പോയി. ഞാന്‍ പഠിപ്പിക്കാത്ത ക്ലാസ്, പഠിപ്പിക്കാത്ത കുട്ടികള്‍. ഒരൊറ്റ പീരിയഡിന്റെ അടുപ്പം കൊണ്ട് അവളെ തിരിച്ചറിയാന്‍ കഴിയാത്ത ഞാന്‍ മനസ്സില്‍ ഒത്തിരി ചോദ്യങ്ങളുമായി സ്റ്റാഫ് റൂമില്‍ എത്തി. വിവരം ഒന്നു രണ്ട് അധ്യാപകരോട് പങ്കുവെക്കുകയും ചെയ്തു. അവരാകട്ടെ വഴിയേ പോയ വയ്യാവേലിയെ കുറിച്ച് ശക്തമായ മുന്നറിയിപ്പു തന്ന് അതില്‍ തലയിടുന്നതില്‍ നിന്നും എന്നെ പൂര്‍ണമായും വിലക്കി.

സത്യം എന്തായിരുന്നു എന്ന് ആര്‍ക്കറിയാം? കഥകള്‍ മെനയാന്‍ നാട്ടുകാര്‍ സ്വധവേ മിടുക്കരാണല്ലോ... ഒരു പക്ഷേ അങ്ങനെ ഒന്നാവാം ഈ കഥ. യാഥാര്‍ഥ്യം അവള്‍ക്കേ അറിയൂ. ഇച്ചിരി അമ്മക്കും. പക്ഷേ, ആ അമ്മയെ ഒന്ന് കാണാന്‍ പോലും ഞാന്‍ ഒരിക്കലും പോയില്ല.

ഒരു പ്രണയം മാത്രമല്ല, മറ്റെന്തൊക്കെയോ കൂടി കുട്ടികള്‍ക്കിടയില്‍ പ്രശ്‌നമായി നീറുന്നു എന്ന് അനുഭവം പഠിപ്പിച്ചു. ഒരു പക്ഷെ, ഒരു തവണ വിളിച്ചിരുന്നു എങ്കില്‍, സംസാരിച്ചിരുന്നു എങ്കില്‍ ഷൈനി ഇപ്പോഴും ഉണ്ടാവുമായുന്നില്ലേ എന്ന ചോദ്യം ഇനിയും ബാക്കിനില്‍ക്കുന്നു.




TAGS :