Quantcast
MediaOne Logo

മിഷാല്‍

Published: 13 Nov 2023 11:42 AM GMT

മൈതാനത്തിലെ വിവാഹ അഭ്യര്‍ഥന; പെട്രായും ഡോട്ട്സണും സമ്മാനിച്ച പ്രണയക്കാഴ്ച

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഹസാനി ഡോട്ട്സണ്‍ സൈഡ് ലൈനില്‍ നിന്നിരുന്ന തന്റെ കാമുകി പെട്രാ വുകോവിച്ചിനെ കൈ പിടിച്ച് മൈതാനത്തേക്ക് കൊണ്ടുവന്നത്.

മൈതാനത്തിലെ വിവാഹ അഭ്യര്‍ഥന; പെട്രായും ഡോട്ട്സണും സമ്മാനിച്ച പ്രണയക്കാഴ്ച
X

കളി മൈതാനത്ത് വെച്ച് തന്നെ തന്റെ കാമുകിയോട് വിവാഹ അഭ്യര്‍ഥന നടത്തി ആരാധകരെ മുഴുവനും ഞെട്ടിച്ച ഒരു ഫുട്ബാള്‍ കളിക്കാരനുണ്ടായിരുന്നു. അമേരിക്കന്‍ താരവും മിനസോട്ട യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഹസാനി ഡോട്ട്സണായിരുന്നു കളിക്കളത്തില്‍ വെച്ച് തന്റെ കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. 2021 ജൂലൈ മൂന്നിനായിരുന്നു മിനസോട്ടയുടെ ഹോം ഗ്രൗണ്ടായ അലിയാന്‍സ് ഫീല്‍ഡ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ മുഴുവന്‍ സാക്ഷിയാക്കിയുളള ഡോട്ട്സണിന്റെ വിവാഹ അഭ്യര്‍ത്ഥന.

മേജര്‍ ലീഗ് സോക്കറിലെ മിനസോട്ട യുണൈറ്റഡും സാന്‍ജോസ് എര്‍ത് ക്വിക്ക്സും തമ്മിലുള്ള ആവേശകരമായ മത്സരം 2-2 എന്ന സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ആയിരുന്നു തന്റെ കാമുകിയെ വരെ അമ്പരപ്പിച്ചുകൊണ്ടുളള ഹസാനിയുടെ ആ നീക്കം. കളിയവസാനിച്ചതിന് പിന്നാലെ ആരാധകരെ കൈകള്‍ വീശിക്കാണിച്ച് കളിക്കാരെല്ലാം ഗ്രൗണ്ടിന് പുറത്തേക്ക് നടക്കുകയായിരുന്നു. അന്നേരം തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഹസാനി ഡോട്ട്സണ്‍ സൈഡ് ലൈനില്‍ നിന്നിരുന്ന തന്റെ കാമുകി പെട്രാ വുകോവിച്ചിനെ കൈ പിടിച്ച് മൈതാനത്തേക്ക് കൊണ്ട് വന്നത്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാതെ ഇവര്‍ക്ക് ചുറ്റും സഹതാരങ്ങളും നിരന്നു.


ഹസാനി ഡോട്ട്സണാകട്ടെ, തിരശീലയിലെ വിവാഹ അഭ്യര്‍ത്ഥന സീനുകളിലേത് പോലെ വളരെ നാടകീയമായി, ഒരു കാലില്‍ മുട്ടുകുത്തി കയ്യില്‍ കരുതിയ ചെറിയ നീല ബോക്സ് തുറന്ന് മോതിരം കാണിച്ചു, സന്തോഷവും സ്നേഹവുമെല്ലാം നിറഞ്ഞ ആ നിമിഷത്തില്‍ പെട്രാ വുകോവിച്ച് കൈരണ്ടും മുഖത്ത് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു. പൊടുന്നനെ, അതില്‍ നിന്ന് മോതിരമെടുത്ത ഡോട്ട്സണ്‍, നിന്നെ വിവാഹം കഴിച്ചോട്ടെ എന്നുചോദിച്ചു, അപ്പോഴേക്കും സമ്മതം അറിയിച്ച് തന്റെ നേര്‍ക്കുനീണ്ടുവന്ന പെട്രായുടെ ഇടതുകൈയിലെ മോതിരവിരലിലേക്ക് അതണിയിക്കുകയും ചെയ്തു. അന്നേരം ഗ്യാലറിയില്‍ നിന്നും കളിക്കളത്തിലെ താരങ്ങളില്‍ നിന്നും ആരവങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.

ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ ഡോട്ട്സണിന്റെ കയ്യില്‍പിടിച്ച പെട്രായാകട്ടെ, ആനന്ദക്കണ്ണീരോടെ ഗാഢമായി ആലിംഗനം ചെയ്തു. ഇരുവരും ചുംബിക്കുകയും ചെയ്തു. ഒരു സിനിമയിലെന്ന പോലെ പ്രണയാര്‍ദ്രമായ ഈ രംഗങ്ങള്‍ അത്രയും മിനസോട്ട യുണൈറ്റഡിന്റെ സോഷ്യല്‍മീഡിയ ടീം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇരുടീമുകളുടെയും ആരാധകരാല്‍ നിറഞ്ഞ ഗ്യാലറി നിറഞ്ഞ കയ്യടിയോടെയാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.


കളിക്കളത്തിലെ ഈ എന്‍ഗേജ്മെന്റ് കഴിഞ്ഞതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, പെട്രാ വുക്കോവിച്ച് ആ ദിവസത്തെ ഫോട്ടോകള്‍ക്കൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ഹസാനി, എന്റെ ഹൃദയം അനുഭവിക്കുന്ന സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. നിങ്ങളാല്‍ സ്നേഹിക്കപ്പെടുന്നത് ഒരു അനുഗ്രഹമാണ്. എല്ലാത്തിനും വലിയ നന്ദിയുണ്ട്. ഈ മനോഹരമായ ഓര്‍മകള്‍ എന്റെ ജീവിതത്തിന് എന്നെന്നേക്കുമായി സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. പിന്നീട് 2022ല്‍ വിവാഹിതരായ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഗിയ വലെന്റീന എന്നാണ് ആ കുഞ്ഞിന് അവര്‍ പേരിട്ടത്. മിനസോട്ടക്കായി മൂന്ന് സീസണുകളിലായി 93 മത്സരങ്ങളിലാണ് ഹസാനി ഡോട്ട്സണ്‍ ബൂട്ടണിഞ്ഞത്. എട്ടുഗോളുകള്‍ നേടിയ താരം പത്തുഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.


TAGS :