Quantcast
MediaOne Logo

സജിന മുനീര്‍

Published: 9 Jan 2023 7:38 AM GMT

ദുരിത ദൂരങ്ങള്‍ താണ്ടുന്ന പ്രവാസ ജീവിതം

കുടുംബത്തിനും നാടിനുമായി തന്റെ യൗവനം മാറ്റിവെച്ച് അവര്‍ക്കായി ജീവിച്ചു തീര്‍ത്ത് രോഗവും വാര്‍ധക്യവുമായി മടങ്ങുമ്പോള്‍ പ്രവാസികള്‍ക്കായി നമ്മളെന്ത് കരുതി വെച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ പലരും കൈ മലര്‍ത്തും. ഭാരതീയ പ്രവാസി ദിനത്തില്‍ പ്രവാസത്തിന്റെ നോവുകളെ കുത്തിക്കുറിക്കുന്നു.

ദുരിത ദൂരങ്ങള്‍ താണ്ടുന്ന പ്രവാസ ജീവിതം
X

കുട്ടിക്കാലത്ത് വായിച്ച് അത്ഭുതപ്പെട്ട ആയിരത്തൊന്നു രാവുകളുടെ കഥയിലൂടെയറിഞ്ഞ പേര്‍ഷ്യയിലേക്ക് അറബിപ്പൊന്നു തേടിപ്പോയ തലമുറകളുടെ തപ്ത നിശ്വാസങ്ങളില്‍ കുരുങ്ങിയ കണ്ണീരുവീണു പൊള്ളിയ മണല്‍ത്തരികളിവിടെ എത്രയോ കഥകള്‍ പറഞ്ഞിരിക്കുന്നു ഇന്നിന്റെ പ്രവാസത്തോട്.

ആശയ വിനിമയോപാധികള്‍ സുലഭമല്ലാതിരുന്നൊരു കാലത്ത് ജീവിതോപാധിക്കായി ഏഴു കടലും കടന്നു പോയവര്‍ക്ക് പ്രയാസമേറിയ പ്രവാസം നല്‍കിയ വിരഹ വേദനയില്‍ ഉമിത്തീയിലെന്നപോലെ നീറിയവരുടെ അനുഭവസാക്ഷ്യങ്ങളുടെ അമൂര്‍ത്ത ഭാവങ്ങള്‍ നമ്മളെത്രയോ കേട്ടറിഞ്ഞിരിക്കുന്നു.

ജീവിത പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച പെട്ടിയുമായി ഓരോ പ്രവാസിയും പടികടന്നുപോകുമ്പോള്‍ പിന്‍വിളികളുമായി എത്തുന്ന ജനിച്ചമണ്ണിന്റെ ഗന്ധവും, ഉറ്റവരുടെ നെടുവീര്‍പ്പുകളും കണ്ണുകളെ ഈറനണിയിക്കുമെങ്കിലും തിരിഞ്ഞുനോക്കാതെ പുഞ്ചിരിച്ചുകൊണ്ട് നടന്നകലുന്ന ഓരോ പ്രവാസിയും തന്റെ ജീവിതം കെട്ടിപ്പൊക്കിയത് അവരുടെ സ്വപ്നങ്ങള്‍ ഉരുകിത്തീര്‍ന്ന വെണ്ണീറിലായിരുന്നു.

ഭക്ഷണം പോലും ചുരുക്കി കിട്ടുന്ന പൈസയെല്ലാം സ്വരുക്കൂട്ടി വീട്ടിലേക്കയച്ചുകൊടുത്തും മകളുടെ വിവാഹത്തിനായി സ്വര്‍ണ്ണം കരുതിയും ഇന്നലെവരെ മക്കള്‍ക്കും ഭാര്യക്കും വേണ്ടി ജീവിച്ച് അവരെ ഒരു കരക്കെത്തിച്ച ഒരു പ്രവാസി പെട്ടന്ന് മരണപ്പെട്ടപ്പോള്‍ മൃതദേഹം പോലും വേണ്ടെന്നു പറഞ്ഞ വീട്ടുകാരുടെ ക്രൂരത ഈ അടുത്ത ദിവസം പോലും നമ്മള്‍ കേട്ടതാണ്.

ആയ കാലത്ത് പ്രവാസിയായി കുടുംബഭാരം ചുമലിലേറ്റി വീടുവെച്ചും, പെങ്ങളെ കെട്ടിച്ചും, അനിയനെ പഠിപ്പിച്ചും ഒരു നിലയ്ക്കായപ്പോള്‍ തന്നെയും ഭാര്യയെയും മക്കളെയും തന്റെ അധ്വാനത്തിന്റെ ഫലം കൊണ്ട് പണിത വീട്ടില്‍നിന്നും ഇറക്കിവിട്ട കഥ പറഞ്ഞ് കുഞ്ഞിനെപ്പോലെ എന്റെ മുന്നിലയാള്‍ പൊട്ടിക്കരഞ്ഞൂന്ന് എന്നോടൊരിക്കല്‍ ഇക്ക പറഞ്ഞത് മറ്റൊരു രാജ്യക്കാരനെക്കുറിച്ചാണ്. രാജ്യവും, ഭാഷയും മാത്രമേ മാറ്റമുള്ളൂ ഒരു ശരാശരി പ്രവാസി ഏത് നാട്ടിലായാലും കറിവേപ്പില തന്നെയാണ് എന്നുറപ്പിക്കുന്നതായിരുന്നു ആ വാക്കുകള്‍. ജീവിത പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച പെട്ടിയുമായി ഓരോ പ്രവാസിയും പടികടന്നുപോകുമ്പോള്‍ പിന്‍വിളികളുമായി എത്തുന്ന ജനിച്ചമണ്ണിന്റെ ഗന്ധവും, ഉറ്റവരുടെ നെടുവീര്‍പ്പുകളും കണ്ണുകളെ ഈറനണിയിക്കുമെങ്കിലും തിരിഞ്ഞുനോക്കാതെ പുഞ്ചിരിച്ചുകൊണ്ട് നടന്നകലുന്ന ഓരോ പ്രവാസിയും തന്റെ ജീവിതം കെട്ടിപ്പൊക്കിയത് അവരുടെ സ്വപ്നങ്ങള്‍ ഉരുകിത്തീര്‍ന്ന വെണ്ണീറിലായിരുന്നു.


പലപ്പോഴും കുടുംബത്തിനും നാടിനുമായി തന്റെ യൗവനം മാറ്റിവെച്ച് അവര്‍ക്കായി ജീവിച്ചു തീര്‍ത്ത് രോഗവും വാര്‍ധക്യവുമായി മടങ്ങുമ്പോള്‍ പ്രവാസികള്‍ക്കായി നമ്മളെന്ത് കരുതി വെച്ചിട്ടുണ്ടെന്ന് ചോദിച്ചാല്‍ പലരും കൈ മലര്‍ത്തും. വര്‍ഷങ്ങളായുള്ള പ്രവാസം കൊണ്ട് നീ എന്താണ് സമ്പാദിച്ചതെന്ന് തന്റെ വിയര്‍പ്പിന്റെ പ്രതിഫലം കൊണ്ട് അവന്‍ ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്തവര്‍ തന്നെ തിരിച്ചു ചോദിക്കുകയും ചെയ്യും. മറുപടി നല്‍കാനുള്ള കണക്കുപുസ്തകം ഒരിക്കലും തുറന്നു നോക്കാത്തവരാണവര്‍. ആരോഗ്യമുള്ള കാലം മുഴുവനും ചോര നീരാക്കി പണിയെടുത്ത് കിട്ടുന്ന പണം സ്വന്തം ആവശ്യത്തിന് മാറ്റിവെക്കാതെ മാസാമാസം നാട്ടിലേക്കയക്കുന്ന പ്രവാസികള്‍ക്ക് ശിഷ്ടകാലം മടങ്ങി വരുമ്പോള്‍ മരിക്കുന്നതുവരെ കിടക്കാനും ശ്വാസം വിടാനുമുള്ള ഒരിടം മാറ്റി വെക്കാന്‍ പോലും പലരും മറക്കുന്നു.

നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ നല്ലൊരു ശതമാനം കാഴ്ചവെക്കുന്ന ഇവര്‍ ജന്മനാടിന്റെ ബുദ്ധിമുട്ടിലും ദുരിതങ്ങളിലും ഒരു കൈത്താങ്ങായി കൂടെ നില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും അന്യ നാട്ടില്‍ കിട്ടുന്ന പരിഗണന പോലും സ്വന്തം നാട്ടില്‍ അവര്‍ക്ക് കിട്ടുന്നില്ലെന്നുള്ളത് കൊറോണക്കാലത്ത് നമ്മള്‍ കണ്ടതാണ്.

പ്രവാസ മടക്കം പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. മണലാരണ്യത്തില്‍ ദുരിത ദൂരങ്ങള്‍ താണ്ടുമ്പോഴും മക്കള്‍ ഫീസ് വേണം, ഷൂസ് വേണം എന്നിങ്ങനെ ആവശ്യങ്ങള്‍ നിരത്തുമ്പോള്‍ സാമ്പത്തിക പരാധീനതകളിലും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനായി എക്‌സ്ട്രാ ടൈം ജോലി ചെയ്തിരുന്ന പലരുമിപ്പോള്‍ മക്കള്‍ക്ക് ജോലിയും കുടുംബവുമെല്ലാമായപ്പോള്‍ വീട്ടില്‍ അധികപ്പറ്റാവുകയും വിശ്രമിക്കേണ്ട സമയത്ത് നാട്ടിലെന്തെങ്കിലും ഒരു പുതിയ തൊഴില്‍ തേടുന്നതും പതിവു കാഴ്ചയാണിപ്പോള്‍.


പ്രവാസികള്‍ നാടിന്റെ ഹൃദയമാണ്. അവിടം നിലച്ചു പോയാല്‍ നമ്മളില്ല. ഈ കാണുന്ന സുഖസൗകര്യങ്ങളുമില്ല. ജന്മനാടിന്റെ കുളിര്‍മകളും കുടുംബ ബന്ധങ്ങളിലെ വൈകാരികതയും അടുത്തറിയാനാവാതെ കുടുംബത്തെയും നാടിനെയുമോര്‍ത്തു ജീവിക്കുന്ന ഓരോ പ്രവാസിയെയും ചേര്‍ത്തു പിടിക്കാം. ഇന്ന് ഭാരതീയ പ്രവാസി ദിനം. ആദരവോടെ ഏറെ ഇഷ്ടത്തോടെ പ്രവാസികള്‍ക്ക് നന്മകള്‍ നേരുന്നു.
TAGS :