MediaOne Logo

മര്‍വാന്‍ ബിഷാറ

Published: 13 May 2022 12:22 PM GMT

ഷിറീൻ: നിലച്ച് പോയത് ശബ്ദമില്ലാത്തവരുടെ ശബ്ദം

ആ ശബ്ദത്തിന് അത്രത്തോളം വ്യക്തതയും ആത്മവിശ്വാസവും ഉണ്ടായിരുന്നു

ഷിറീൻ: നിലച്ച് പോയത് ശബ്ദമില്ലാത്തവരുടെ ശബ്ദം
X

ഇന്ന് ഷിറീനെ കുറിച്ച്, കഴിഞ്ഞു പോയ ഒരാൾ എന്ന നിലക്ക് സംസാരിക്കാൻ എനിക്കാവില്ല. ഇന്നെന്നല്ല ഒരുപക്ഷേ ഒരിക്കലും എനിക്കാവില്ല അത്.പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ ക്രൂരത പുറത്ത് കൊണ്ടുവന്ന ഷിറിൻ ഒടുവിൽ ഒരു ജീവിതകാലം അധ്വാനിച്ച് നടത്തിയ തുറന്ന്...

ഇന്ന് ഷിറീനെ കുറിച്ച്, കഴിഞ്ഞു പോയ ഒരാൾ എന്ന നിലക്ക് സംസാരിക്കാൻ എനിക്കാവില്ല. ഇന്നെന്നല്ല ഒരുപക്ഷേ ഒരിക്കലും എനിക്കാവില്ല അത്.

പതിറ്റാണ്ടുകളായി ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിന്റെ ക്രൂരത പുറത്ത് കൊണ്ടുവന്ന ഷിറിൻ ഒടുവിൽ ഒരു ജീവിതകാലം അധ്വാനിച്ച് നടത്തിയ തുറന്ന് കാട്ടലുകളുടെ അനന്തരമെന്നോണം അതേ അധിനിവേശകരുടെ തന്നെ ഇരയായി മാറി.

ഷിറീൻ അബു അഖ്ലഹ് എന്നത് അറബ് ലോകത്ത് വളരെ സ്വീകാര്യതയുള്ള വ്യക്തിത്വമാണ്. ദൂരമേറെയുണ്ടെങ്കിലും റിയാദ് മുതൽ റബാത്ത് വരെയുള്ള എണ്ണാമില്ലാത്തത്രയും വീടുകളിലെ സ്ഥിരസാന്നിധ്യമായ പേര്.


പരിചയസമ്പന്നയായ പത്രപ്രവർത്തകയായിരുന്ന അവരുടെ ഫലസ്തീനിൽ നിന്നുള്ള ധീരമായ ശബ്ദമായിരുന്നു ലോകമെമ്പാടും പ്രതിധ്വനിച്ചിരുന്നത്. മറ്റ് പല റിപ്പോർട്ടർമാരും വരുകയും പോവുകയും ചെയ്യുന്ന സ്ഥലത്ത് അവർ അവിടെ തന്നെ ഉണ്ടായിരുന്നു. ദിവസങ്ങളോളം മാസങ്ങളോളം വർഷങ്ങളോളം. തന്റെ ജന്മദേശത്ത് അധിനിവേശകരുമായി മുഖാമുഖം നിന്നു. ശബ്ദമില്ലാത്ത ഫലസ്തീനികളുടെ ശബ്ദമായി.

ഷിറീന് സാന്ത്വനവും വിശ്വസനീയവുമായ ഒരു കരുത്തുറ്റ ശബ്ദമുണ്ടായിരുന്നു. ഏറ്റവും ഭയാനകമായ സാഹചര്യങ്ങളും രക്തരൂക്ഷിതമായ രംഗങ്ങളും അഭിമുഖീകരിക്കുമ്പോൾ പോലും അവർ ശാന്തമായി സമാധാനമായി വിവരങ്ങൾ ശേഖരിക്കുകയും അത് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. അതാകട്ടെ, പലപ്പോഴും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.

അവൾ ഫലസ്തീനിലെ തെരുവുകളിലൂടെ നടന്ന് അഭയാർത്ഥി ക്യാമ്പുകളുടെ ഇടവഴികളിലൂടെ ലോകത്തോട് ഇത്രയും വാചാലമായി സംസാരിച്ച ആ ശൈലിയിൽ എളിമയുള്ള എന്നാൽ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ട്. കാരണം, ആ ശബ്ദത്തിന് അത്രത്തോളം വ്യക്തതയും ആത്മവിശ്വാസവും ഉണ്ടായിരുന്നു.

എല്ലായ്പ്പോഴും അവരുടെ വാക്കുകൾ വസ്തുതാപരവും വസ്തുനിഷ്ഠവുമായിരുന്നു. എല്ലായ്പ്പോഴും വ്യവസ്ഥാപിതമായിരുന്നു. ഒരിക്കലും അവരുടെ ധൈര്യം നഷ്ടപ്പെട്ടിരുന്നില്ല.


വിസ്മയകരമായ വസ്തുതകൾ.

ഒരു യുദ്ധ ജേർണലിസ്റ്റ് ആയിരുന്നുവെങ്കിലും അവർക്ക് അവരെ സംബന്ധിച്ചിടത്തോളം ഒരു കരുണയുടെ പ്രഭാവലയമുണ്ട്. മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥയുടെ ഇടയിൽ അവിശ്വസനീയമാംവിധം മനുഷ്യത്വമുള്ളവൾ. വളരെ അർപ്പണബോധമുള്ള ഒരു റിപ്പോർട്ടറായിരുന്ന അവർ ഫലസ്തീനെ സംബന്ധിച്ചിടത്തോളം തന്റെ ദുരിതമനുഭവിക്കുന്ന മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെയും വേദനയുടെയും അസൂയാവഹമായ ഒരു മിശ്രണം തന്നിൽ പ്രതിഫലിപ്പിച്ചിരുന്നു.

1967-ലെ ഇസ്രായേൽ യുദ്ധത്തിനും അധിനിവേശത്തിനും ശേഷം ഫലസ്തീനിന്റെ ഹൃദയഭാഗത്ത് ജറുസലേമിലാണ് ഷിറീൻ ജനിച്ചത്. ബെത്‌ലഹേമിലെ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള അവർ പിന്നീട് ജേണലിസം പഠിച്ചു. എന്നാൽ മുഴുവൻ സമയ പത്രപ്രവർത്തനത്തിലേക്ക് തിരിയുന്നതിന് മുമ്പ് ആദ്യം സംവാദങ്ങളും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനായി UNRWA യിലും പിന്നീട് MIFTAH ലും ജോലി ചെയ്തു.

1997-ൽ, ഷിറീൻ ഒരു അർപ്പണബോധമുള്ള ഒരു റിപ്പോർട്ടറായി, ഒരു ജസീറിയക്കാരിയായി, കാൽ നൂറ്റാണ്ട് ഒരു ഇരുണ്ട യുഗത്തിലേക്ക് വെളിച്ചം വീശുകയും ഒരിക്കലും മടി കാണിക്കാതെ തന്റെ ഉത്തരവാദിത്തത്തിൽ സൂക്ഷ്മത കാണിക്കുകയും ചെയ്തു.

അറബ് മാധ്യമരംഗത്തെ മറ്റ് അതികായന്മാർക്കിടയിൽ അവർ അൽ ജസീറയ്ക്ക് അതിന്റെതായ ഒരു വ്യതിരിക്തത നൽകുകയും അറബ് ലോകത്തിന്റെ ഹൃദയത്തിൽ നിന്ന് കൊണ്ട് വാർത്തകൾ എത്തിക്കാൻ അൽ ജസീറയെ സഹായിക്കുകയും ചെയ്തു.

ഷിറീൻ ഒരു യുദ്ധ റിപ്പോർട്ടറായിരുന്നെങ്കിലും പക്ഷേ പതിറ്റാണ്ടുകളായി അവർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന തെളിവുകൾ ശേഖരിക്കുന്ന സൂചനകൾ കണ്ടെത്തുന്ന കുറ്റവാളികളെ തുറന്നുകാട്ടുന്ന ഒരു അന്വേഷണാത്മക പത്രപ്രവർത്തക കൂടിയായിരുന്നു.


 പഴയ ന്യൂസ്‌ റിപ്പോർട്ടിങ് വീഡിയോകൾ കാണുമ്പോൾ അതിൽ ചെറുപ്പക്കാരിയായ ഷിറിൻ ശാന്തമായി എന്നാൽ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കാണുന്നത് അതിശയകരമാണ്. അതിൽ അവൾ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അന്ത്യമില്ലാത്ത മനുഷ്യത്വരഹിതമായ ഒരു അധിനിവേശത്തെ അത്ഭുതകരമായി അഭിസംബോധന ചെയ്യുന്നുണ്ട്.

ഷിറീന്റെ മരണത്തെക്കുറിച്ചുള്ള ഗൂഢാലോചനകളെയും സിദ്ധാന്തങ്ങളെയും ചർച്ച ചെയ്തു കൊണ്ട് അവരുടെ ഓർമ്മകൾ നമ്മൾ അലങ്കോലപ്പെടുത്തരുത്.

ഷിറിൻ ക്ലീഷെകളുടെ പുറകെ പോകാറുണ്ടായിരുന്നില്ല.

ഏത് സൈനികനാണ് ട്രിഗർ വലിച്ചതെന്ന് പറഞ്ഞാലും അവൾ ഇസ്രായേലി അധിനിവേശത്തിന്റെ ഇരയാണ്. രാവിലെ അവളെ കൊന്നിട്ടും അത് പോരാഞ്ഞിട്ട് ഇസ്രായേൽ പട്ടാളം ഉച്ചയ്ക്ക് അവരുടെ വീട് റെയ്ഡ് ചെയ്തു. എന്ത് കൊണ്ട്? കാരണം, അവർ അവരായത് കൊണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം, അവളുടെ ആരാധകർ സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എല്ലാവരും, അവർ വളരെക്കാലമായി നമ്മളെ ആദരിച്ചതുപോലെ ഗൗരവത്തോടെയും സ്നേഹത്തോടെയും അവരെ ഇനി നമുക്ക് ബഹുമാനിക്കാം.

അറബിയിൽ ഷിറീൻ എന്നാൽ "പുതിയ സൗന്ദര്യം" എന്നാണ് അർത്ഥം. അവൾ ജീവിച്ചതും അങ്ങനെ തന്നെയാണ്.


ഇന്ന്, നമ്മൾ ഷിറീനെ ഓർത്ത്‌ വിലപിക്കും, നാളെ അവളുടെ കൊലയാളികളെ നിന്ദയാൽ മൂടും.


മർവാൻ ബിഷാര അൽ ജസീറയിലെ സീനിയർ പൊളിറ്റിക്കൽ അനലിസ്ററ് ആണ്. യുഎസ് വിദേശനയം, മിഡിൽ ഈസ്റ്റ്, ഇന്റർനാഷണൽ സ്ട്രേറ്റേജിക് അഫയെഴ്സ് എന്നിവയിലെ വിദഗ്ദയായി കണക്കാക്കപ്പെടുന്ന ആഗോള രാഷ്ട്രീയത്തെക്കുറിച്ച് വിശദമായി എഴുതുന്ന ഒരു എഴുത്തുകാരനാണ് മർവാൻ ബിഷാര. അദ്ദേഹം മുമ്പ് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസറായിരുന്നു

വിവർത്തനം : അംജദ് കരുനാഗപ്പള്ളി


TAGS :