Quantcast
MediaOne Logo

അശ്വതി അനീഷ്

Published: 26 Sep 2023 1:36 PM GMT

ചിരിയും ചിന്തയും

വീട്ടില്‍ നിന്ന് ഇറങ്ങും നേരം ചെറിയ ഒരു പുഞ്ചിരിയോടെ ഇറങ്ങി നോക്കൂ, ആര്‍ത്തുലച്ചു വരുന്ന എത്ര വലിയ തിരകള്‍ക്കും തകര്‍ക്കാനാവില്ല ആ ദിവസത്തെ സംതൃപ്തിയെ.

ചിരിയും ചിന്തയും
X

മനുഷ്യന്‍ ചിന്തിക്കാനും ചിരിക്കാനും കഴിവുള്ളനത്രേ. ആരൊക്കെയോ നിരന്തരം ഉരുവിട്ടുകൊണ്ടേയിരുന്ന വാക്കുകള്‍. ഈ വരികളെ ജനിപ്പിച്ച് എല്ലാവരുടേയും നാക്കിന്‍ത്തുമ്പത്ത് എത്തിച്ച മഹാന്‍ ആരാണ്. അദ്ദേഹം ഒരുപക്ഷേ ഓര്‍ത്തു കാണില്ല, ഭാവിയിലെ മനിതര്‍ ചിന്താശേഷി നഷ്ടപ്പെട്ട് ഭ്രാന്തരായി അലയുമെന്ന്. വിഡ്ഢികളേപ്പോലെ ചിരിക്കാനറിയാം. ചിന്തിക്കാനോ? ഇല്ലേയില്ല. എന്നാല്‍, ഇപ്പോള്‍ ചോദിക്കുന്നതുതന്നെയെന്തെന്നോ? എന്താണ് ചിന്ത? അന്ന് കവി പാടിയ ചിരി, അതെങ്ങനെയാണ്? ആര്‍ക്കറിയാം? മറന്നുപോയിരിക്കുന്നു. ഇന്ന് ലോകം ചിരിക്കാന്‍ പോലും മറന്നുപോയിരിക്കുന്നു. ചിരിയും ചിന്തയും തമ്മിലുള്ള ആഴമേറിയ ആ ബന്ധം, അതെന്താണെന്ന് അറിയുമോ? ആ ബന്ധമാണ് ഇന്നത്തെ മനുഷ്യബുദ്ധിയെത്തന്നെ മാറ്റിമറിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ ചിരിയും ചിന്തയും വിപരീത അനുപാതത്തിലാണ്.

ജീവിതാനുഭവങ്ങള്‍ വളരെ വിലയേറിയ ഒന്നാണ്. അത് നമുക്ക് തിരിച്ചറിവ് നേടിത്തരുന്നു. എന്നാല്‍, എന്താണ് ജീവിതാനുഭവങ്ങള്‍? അതെങ്ങനെ നേടിയെടുക്കാം? പ്രസക്തിയില്ലാത്ത ചോദ്യം അല്ലേ? നാം ഇന്ന് എങ്ങനെയാണോ, അതെല്ലാം നമ്മുടെ ജീവിതാനുഭവങ്ങളാണ്. ചിലര്‍ക്ക് അവ പല തരത്തില്‍ ഉണ്ടായേക്കാം. സന്തോഷാനുഭവങ്ങള്‍, തുടര്‍ന്ന് ദുഃഖവും. ഒന്നിനും സ്ഥിരതയില്ല. എല്ലാം മാറിക്കൊണ്ടേയിരിക്കും. നാം അറിഞ്ഞും അറിയാതെയും ചെയ്ത പ്രവൃത്തികളുടെ ആകെത്തുകയാണ് നമ്മുടെ ജീവിതാനുഭവങ്ങള്‍. ശേഷം നാം അനുഭവിക്കുന്ന കയ്‌പേറിയതും മാധുര്യമുള്ളതുമായ ജീവിതനിമിഷങ്ങളില്‍ നിന്നും ചിലതൊക്കെ നാം മനസ്സിലാക്കിയെടുക്കുന്നു. അതിലൂടെ നാം കൂടുതല്‍ ശക്തമേറിയ തീരുമാനങ്ങള്‍ എടുക്കുന്നു. ഇതാണ് തിരിച്ചറിവ്.

നമുക്ക് എന്തൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു, എന്തൊക്കെ കുറവുകളുണ്ട്, ഇപ്രകാരമുള്ള നെഗറ്റീവ് കാര്യങ്ങളെ മാത്രം തേടിക്കൊണ്ടേയിരിക്കുന്ന ചിന്ത. അത് നമുക്കുണ്ടായിട്ടുള്ള അപ്രിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും.

മേല്‍ സൂചിപ്പിച്ചതു പോലെ, ചിരിയും ചിന്തയും തമ്മില്‍ വളരെ ആഴമേറിയ ബന്ധമുണ്ട്. ഇവ രണ്ടും വിപരീതാനുപാതത്തിലാണ്. ചിരി വരുമ്പോള്‍ ചിന്തിക്കാറില്ല. എന്നാല്‍, ചിന്തയിലേക്കു പോയാലോ, ചിരിക്കാനുമാവില്ല. ചിരി ആയുസ്സ് വര്‍ധിപ്പിക്കുമെന്നല്ലേ. ആയുസ്സ് നീട്ടിക്കിട്ടാന്‍ മനുഷ്യര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. ദിനം മുഴുവന്‍ മറ്റുള്ളവരോട് കുപിതരായി നടക്കും. പിന്നെ കുറച്ചുനേരം വ്യായാമം. വ്യായാമമെന്നാല്‍ അത് ഒരു കിടിലന്‍ തന്നെയാണ്. ചിരി വ്യായാമം. അതുവരെ വരാതിരുന്ന ചിരി കുറച്ചു നേരത്തേക്ക് വരുത്തി ചിരിക്കുന്നു. എല്ലാം കൃത്രിമമായി ലഭ്യമാകുന്ന ഈ ഭൂമിയില്‍ ഇപ്പോള്‍ കുറച്ചു നേരത്തേക്കായി മാത്രം ചിരിയും ലഭ്യമാണ്. കൈകൊട്ടി ചിരിച്ച് അട്ടഹസിച്ച് ആയുസ്സ് വലിച്ചുനീട്ടുകയാണ് ചിലര്‍. ഇങ്ങനെ ചിരിച്ചാല്‍ ആയുസ്സ് കൂടുമോ.

ചിരി മനുഷ്യര്‍ക്ക് ലഭിച്ച മഹത്തരമായ വരദാനങ്ങളില്‍ ഒന്നാണ്. ആ പ്രവൃത്തി സ്വാഭാവികമായി വരേണ്ടതാണ്. ഇതിലൂടെ നമുക്ക് മാത്രമല്ല, നമ്മെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും സുഖപ്രീതി നല്‍കുന്നു. നമ്മുടെ ഒരു ചിരിമതി ചില ആളുകളുടെ ജീവിതത്തില്‍ തന്നെ പോസിറ്റീവ് അനുഭൂതി ഉളവാക്കുവാന്‍. ദിവസവും രാവിലെ ചിരിച്ച മുഖത്തോടെ കാണുന്നവരോടൊക്കെ ഗുഡ്‌മോര്‍ണിംഗ് പറഞ്ഞ് ദിവസം ആരംഭിക്കുന്ന എത്ര പേരെ നിങ്ങള്‍ക്കറിയാം. ഒരു തരത്തിലുള്ള പക്ഷഭേദവും നോക്കാതെ എല്ലാവര്‍ക്കും ഒരേപോലെ സന്തോഷത്തോടെ ചെറുചിരിയോടെ ഒരു ഗുഡ്‌മോര്‍ണിംഗ് കൊടുത്തുകൊണ്ട് ഒന്നങ്ങു പോയി നോക്കിക്കൂടേ. അവിടെക്കാണാം ചിരിയുടെ മായാജാലം. നമ്മളെത്ര തിരക്കു പിടിച്ച് വൈകിയിറങ്ങിയ ദിവസമായാലും വീട്ടില്‍ നിന്നുമിറങ്ങും നേരം ചെറിയ ഒരു പുഞ്ചിരിയോടെ ഇറങ്ങി നോക്കൂ, ആര്‍ത്തുലച്ചു വരുന്ന എത്ര വലിയ തിരകള്‍ക്കും തകര്‍ക്കാനാവില്ല ആ ദിവസത്തെ നമ്മുടെ സംതൃപ്തിയെ. നമ്മുടെ ഒരു ചിരി, സഞ്ചരിക്കുന്ന വാഹനത്തിലുള്ളവര്‍ തൊട്ട് സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫുകള്‍, റിസപ്ഷനിസ്റ്റ് എന്നിങ്ങനെയെല്ലാവര്‍ക്കും അന്നേദിവസം വളരെ പ്രസന്നതയുണ്ടാക്കും. അതിനാല്‍ ചിരിയെന്ന വരദാനം അറിഞ്ഞുകൊണ്ടേ ദാനം ചെയ്യൂ.


ചിന്തിക്കാനുള്ള കഴിവും മനുഷ്യന്റേതു മാത്രമാണെന്നു വാദിക്കാവുന്നതാണ്. എന്നാല്‍, എപ്രകാരമാണ് ചിന്തിക്കേണ്ടത്. ചിന്തയെ പലതരത്തില്‍ നിര്‍വചിക്കാം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ പ്രത്യേകിച്ച് കയര്‍ത്തു സംസാരിക്കേണ്ടി വരുമ്പോള്‍ ഒരുപാടു ചിന്തിച്ചു തന്നെ വാക്കുകള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു. വാക്കിനേക്കാള്‍ മൂര്‍ച്ചയേറിയ മറ്റൊരായുധമില്ലല്ലോ. അതിനാല്‍ മറ്റു മനസ്സുകളെ വ്രണപ്പെടുത്താതെ ചിന്തിച്ചു തന്നെ നാം സംസാരിക്കാം. അത്തരമൊരു ചിന്തയില്‍ പോസിറ്റിവിറ്റി നിറഞ്ഞിരിക്കുകയാണ്. എന്നാല്‍, ചിന്തക്കു തന്നെ മറ്റൊരു വകഭേദമുണ്ട്, അതിലങ്ങനെ മുഴുകിപ്പോകും. മനുഷ്യമനസ്സിന്റെ പൊതുവായ പ്രത്യേകതയാണ് അത്തരമൊരു ചിന്തയിലൂടെ ഉരുവായി വരുന്നത്. ഏറെ നേരം വെറുതേ നമ്മള്‍ ഇരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മുടെ മനസ്സ് ഏതെങ്കിലുമൊക്കെ ചിന്തകളാല്‍ തിരക്കിലായിരിക്കും. നമുക്ക് എന്തൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു, എന്തൊക്കെ കുറവുകളുണ്ട്, ഇപ്രകാരമുള്ള നെഗറ്റീവ് കാര്യങ്ങളെ മാത്രം തേടിക്കൊണ്ടേയിരിക്കുന്ന ചിന്ത. അത് നമുക്കുണ്ടായിട്ടുള്ള അപ്രിയ കാര്യങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും. ഒരിക്കല്‍പോലും നമ്മളെന്തൊക്കെ നേടിയെന്ന് ഓര്‍ക്കില്ല. അത്തരമൊരു ചിന്ത വളരെ അപകടകരമാണ്. അതില്‍ നിന്നും തീര്‍ച്ചയായും നമുക്ക് മുക്തി നേടേണ്ടിയിരിക്കുന്നു.

TAGS :