Quantcast
MediaOne Logo

ലക്ഷദ്വീപ് പറഞ്ഞ കഥകള്‍

ആളുകള്‍ മലയാളം സംസാരിക്കുന്നതു കൊണ്ടും തെങ്ങുകള്‍ സുലഭമായിട്ടുള്ളത് കൊണ്ടും ഒരു കൊച്ചു കേരളത്തില്‍ വന്നുപെട്ട പ്രതീതി - കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി- ലക്ഷദ്വീപ് യാത്രാവിവരണത്തിന്റെ തുടര്‍ഭാഗം.

ലക്ഷദ്വീപ് പറഞ്ഞ കഥകള്‍
X

അനുപമമായ സ്വപ്നം പോലെ, ഒരു പ്രണയത്തിന്റെ ഫോസില്‍ പോലെ, പഴയൊരു പിഞ്ഞാണപ്പാത്രത്തിന്റെ അടയാളമന്വേഷിച്ച് പോകുന്ന ഞാന്‍! (ലക്ഷദ്വീപ് ഡയറി -അബ്ദുല്‍ റഷീദ്)

നീലയും പച്ചയും കലര്‍ന്ന മനോഹരമായ സമുദ്രം. പിഞ്ഞാണപ്പാത്രമൊന്നും അന്വേഷിക്കാനില്ലാത്തത് കൊണ്ട് ലക്ഷദ്വീപെന്ന് കേട്ടപ്പോള്‍ എല്ലാവരെയും പോലെ ഈ ഒരു ദൃശ്യമായിരുന്നു എന്റെ മനസ്സിലും. വൈകാതെ കപ്പല്‍ പതിയെ നിന്നു. രാവിലെ ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് വിഭവങ്ങള്‍ കഴിച്ചു കൊണ്ട് അങ്ങകലെയുള്ള തീരം നോക്കിയിരുന്നു.

''കപ്പല്‍ തീരത്തു അടുക്കുകയില്ല. ഒരു കിലോമീറ്റര്‍ അകലെ നങ്കൂരമിടും. അവിടന്നങ്ങോട്ട് യാത്രക്കാരെ ബോട്ടുകളില്‍ കയറ്റി തീരത്തേക്കു കൊണ്ട് പോകും. മറ്റു വിവരങ്ങള്‍ക്കായി ടൂര്‍ ഡെസ്‌ക്കുമായി ബന്ധപ്പെടുക,'' വൈകാതെ അങ്ങനെ ഒരു അറിയിപ്പുണ്ടായി. ചോദിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്, ലക്ഷദ്വീപിലിറങ്ങാന്‍ ഒരാള്‍ക്ക് അയ്യായിരം രൂപ കെട്ടിവെക്കണമെന്ന്. അതും ഡോളറില്‍ തന്നെ. പണം കൊടുത്തു കപ്പലിന്റെ തീയറ്ററില്‍ ഞങ്ങള്‍ ഊഴവും കാത്തിരുന്നു.


ഞങ്ങളേക്കാള്‍ മുന്‍പ് വന്ന സംഘങ്ങള്‍ ഓരോന്നായി യാത്രപുറപ്പെട്ടു കൊണ്ടിരുന്നു. തീയറ്ററിന്റെ മാസ്മരികതയില്‍ മുങ്ങിയും സുയസ് ദേവന്റെ ഇടിമിന്നല്‍ മതിലില്‍ വ്യാപിക്കുന്നത് നോക്കിയും ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പ സമയത്തിനകം ഞങ്ങളും ലക്ഷദ്വീപിലെത്തിച്ചേരുമെന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു.

അവസാനം, ഞങ്ങളുടെ ഊഴം വന്നു. ഒരു വലിയ വരിയുടെ പിന്നില്‍ ഞങ്ങളും ഇടം പിടിച്ചു. കോസ്റ്റ്കാര്‍ഡ് പരിശോധനക്ക് ശേഷം ഞങ്ങള്‍ ബോട്ടിലേക്കു കയറി. ഇതുവരെയുള്ളത് പോലെയല്ല കാര്യങ്ങളെന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ വ്യക്തമായി. നട്ടുച്ച നേരം. തിരമാലകളില്‍ ആടിയുലയുന്ന ബോട്ട്. എഞ്ചിനിന്റെ അസ്സഹനീയമായ ശബ്ദം. മുഖാമുഖമിരിക്കാവുന്ന ഇരുമ്പ് സീറ്റുകളില്‍ ലൈഫ് ജാക്കറ്റണിഞ്ഞ ശേഷം ഞങ്ങളിരുന്നു. ചുറ്റും ആര്‍ത്തിരമ്പുന്ന കടല്‍. പല ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍. അരികത്തായ് മാതൃവാത്സല്യത്തോടെ ഞങ്ങളെ നോക്കുന്ന കോസ്റ്റ സെറീന.

ബോട്ട് ചരിഞ്ഞും കുലുങ്ങിയും മുന്നോട്ടു നീങ്ങി. ചുറ്റുമിരിക്കുന്ന യാത്രക്കാരില്‍ ചിലര്‍ കടല്‍ച്ചുഴിയില്‍പ്പെട്ടു ശര്‍ദ്ദിച്ചു തുടങ്ങി. അവര്‍ക്ക് ബോട്ടിലുണ്ടായിരുന്ന അധികൃതര്‍ പ്ലാസ്റ്റിക് കവറുകളും ആവശ്യക്കാര്‍ക്ക് മരുന്നും നല്‍കി. സംഗതി അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ ഞങ്ങള്‍ കയ്യില്‍ക്കരുതിയിരുന്ന ഗുളികയെടുത്തു കഴിച്ചു.


''ഇപ്പോ എത്തുമല്ലോ. ഒരു കിലോമീറ്ററല്ലേയുള്ളൂ?'' ആവലാതിപ്പെട്ട മകളെ ഞാന്‍ ആശ്വസിപ്പിച്ചു. പക്ഷേ, ഒരുപാട് സ്ഥലത്ത് ബോട്ട് നിര്‍ത്തിയിട്ടു. മുന്‍പേ പോയ ബോട്ടുകള്‍ക്ക് വഴിയൊരുക്കാനെന്നവണ്ണം ഞങ്ങളുടെ ബോട്ട് പോയ വഴിയേ തിരിച്ചു കറങ്ങിക്കൊണ്ടിരുന്നു. ഞങ്ങള്‍ അക്ഷമരായി ചുറ്റും നോക്കി.

There is, one knows not what sweet mystery about this sea, whose gently awful stirrings seems to speak of some hidden soul beneath.

( Moby Dick)

ഇതുവരെ കടലിന് മുകളിലൂടെയും ഇപ്പോള്‍ കടലിനുള്ളിലൂടെയുമാണ് സഞ്ചരിക്കുന്നതെന്നു എനിക്ക് തോന്നി. ഒരു യാത്ര പൂര്‍ണ്ണമായി ആസ്വദിക്കണമെങ്കില്‍ യാത്രാവേളകളും ആസ്വാദ്യമാകണമെന്ന പറഞ്ഞു പഴകിയ വാചകങ്ങള്‍ എന്നെ തുറിച്ചു നോക്കി. അപ്പോളാണ് മുഖാമുഖമിരിക്കുന്ന ഒരു കൊച്ചു കുട്ടി എന്റെ വലിയ മാല ചൂണ്ടിക്കാണിക്കുന്നത് മകളെനിക്ക് കാണിച്ചു തന്നത്. ആ കുഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ആ കുഞ്ഞിനെ മാലയില്‍ തൊടാനനുവദിച്ചു. അതിന്റെ അറ്റത്ത് പാതസരത്തിലേതു പോലുള്ള ചെറിയ മണികളുണ്ടായിരുന്നു. അത് കിലുങ്ങുന്നത് കേട്ടപ്പോള്‍ കുഞ്ഞു ചിരിച്ചു. വീണ്ടും വീണ്ടും അവനതു ചൂണ്ടിക്കാണിച്ചു കരയാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്ക് അവന്‍ മാല പിടിച്ചു കുലുക്കി നോക്കി. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്റെ ഹിന്ദിക്കാരായ അച്ഛനമ്മമാര്‍ അവനെ മാറി മാറിയെടുത്തും കയ്യില്‍ക്കരുതിയിരുന്ന കുറുക്കു കൊടുത്തും അവനെ ശാന്തനാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും എന്റെ മകളും മടിയില്‍ ക്ഷീണിച്ചു കിടപ്പായി.


ബോട്ട് തീരത്തടുത്തപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചവശരായിരുന്നു. ബോട്ടില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോളുള്ള തീരദേശ ചെക്കിങ്ങിനു ശേഷം അവിടെ കാത്തു നിന്ന ടാക്‌സികളില്‍ കയറി യാത്രക്കാര്‍ ബീച്ചിലേക്ക് യാത്ര തിരിച്ചു. ആളുകള്‍ മലയാളം സംസാരിക്കുന്നതു കൊണ്ടും തെങ്ങുകള്‍ സുലഭമായിട്ടുള്ളത് കൊണ്ടും ഒരു കൊച്ചു കേരളത്തില്‍ വന്നുപെട്ട പ്രതീതി. ഇടുങ്ങിയ വഴികളിലൂടെയും വണ്ടികളെ നോക്കി നില്‍ക്കുന്ന കുട്ടികള്‍ക്കുമിടയിലൂടെയും ഞങ്ങള്‍ കയറിയ മാരുതി ഓംനി വാന്‍ കുതിച്ചു പാഞ്ഞു.



മലപ്പുറത്ത് നിന്ന് വരുകയാണെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ കൊച്ചിയിലും കോഴിക്കോടും പോയതിനെക്കുറിച്ചെല്ലാം പറഞ്ഞു.

''എത്ര ദ്വീപുകളുണ്ടിവിടെ? '' പപ്പ സംസാരത്തിനിടയില്‍ ചോദിച്ചു.

'' 36. അതില്‍ പത്തെണ്ണമേ താമസയോഗ്യമായതുള്ളൂ. ഇത് അഗത്തി ദ്വീപാണ്,'' അയാള്‍ മറുപടി പറഞ്ഞു. കൂട്ടത്തില്‍, മിക്ക ഡ്രൈവര്‍മാരേയും പോലെ അല്പം രാഷ്ട്രീയവും അയാള്‍ പറഞ്ഞു. ലക്ഷദ്വീപ് ഭരണത്തെക്കുറിച്ചും മറ്റും.

ഒന്നാം നൂറ്റാണ്ടില്‍ ഒരു ഗ്രീക്ക് നാവികന്‍ ആമത്തോടുകളുടെ നാടായാണ് ലക്ഷദ്വീപിനെ അവതരിപ്പിച്ചത്. ക്രമേണ, അറബ് നാവികര്‍ ധാരാളമായി കച്ചവടാവശ്യങ്ങള്‍ക്ക് വേണ്ടി ഈ ദ്വീപുകളിലെത്തി. കുലക്ഷേത്ര രാജവംശത്തിന് ശേഷം കോലത്തിരിയും പിന്നീട് ടിപ്പു സുല്‍ത്താനും ഈ നാട് വാണു. ടിപ്പുവിന്റെ മരണത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഇവിടം കയ്യേറി. 1947 ല്‍ ലക്ഷദ്വീപിനെ ഒരു യൂണിയന്‍ ടെറിട്ടറിയായി പ്രഖ്യാപിച്ചു.

ആ ചെറുയാത്രയുടെ അവസാനം അറബിക്കടല്‍ മയില്‍പ്പീലി നിറങ്ങളില്‍ ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു. ബീച്ചില്‍ ലക്ഷദ്വീപ്പിന്റെ തനതായ നാടോടി നൃത്തവും. രണ്ട് പേര്‍ ഇരുവശത്തുമിരുന്നു വലിയ രണ്ട് കോലുകള്‍ താളാത്മകമായി അകലം കുറച്ചും കൂട്ടിയും ചലിപ്പിക്കുന്നു. നൃത്തം ചെയ്യുന്നയാള്‍ അതിനകത്തും പുറത്തുമായി ചാടിക്കൊണ്ടിരിക്കണം. കൂടെ, നല്ല കിടിലന്‍ പാട്ടും കൈകൊട്ടും. നൃത്തം കണ്ട് ചുറ്റും കൂടിയവരും കൈ കൊട്ടിയും നൃത്തം വെച്ചും അതിനൊപ്പം കൂടി. സന്ദര്‍ശകര്‍ക്കും വേണമെങ്കില്‍ നാടോടി നൃത്തത്തില്‍ ചേരാം.

അതുകഴിഞ്ഞു ഞങ്ങള്‍ കടല്‍ കാണാനായി നടന്നു.

''സാഹിബാ, ഇന്നേത് മേഘദൂത് കാത്ത് നില്‍പ്പൂ..'' പൃഥ്വിരാജ് പാടിയഭിനയിച്ച ആ ഗാനം മനസ്സിലൂടെ കടന്നു പോയി. തിരകളില്ലാത്ത ആഴം കുറഞ്ഞ നല്ല തെളിഞ്ഞ വെള്ളമുള്ള ഒരു കടല്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. മണല്‍ത്തരികളിലൂടെ നടന്നു ഞങ്ങള്‍ വെള്ളത്തിനടുത്തെത്തി. ഒരു കുളത്തിലെന്ന പോലെ ഞങ്ങള്‍ കടലിലൂടെ നടന്നു. നീന്തി. ഒരുപാട് നേരം കടലിന്റെ പ്രതലത്തില്‍ മലര്‍ന്നങ്ങനെ കിടന്നു. വെയില്‍ പലപ്പോഴും കണ്ണിനെ മഞ്ഞളിപ്പിച്ചു. വെള്ളത്തിനടിയില്‍ നോക്കിയപ്പോള്‍ ഒന്ന് രണ്ട് ഞണ്ടുകളെയും ഞങ്ങള്‍ കണ്ടുപിടിച്ചു. കക്കകള്‍ വാരി. മതിവരുവോളം നീന്തിക്കളിച്ചു. അവിടെ നിന്ന് ചെറു ബോട്ടുകളില്‍ കയറ്റി യാത്രികരെ സ്നോര്‍ക്കലിങ്, സ്‌കൂബ ഡൈവിങ് മുതലായ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്കായി കൊണ്ട് പോകുന്നുണ്ടായിരുന്നു.


നീന്തിക്കയറിയപ്പോള്‍ നാല് മണിയോടടുത്തിരുന്നു. നല്ലവിശപ്പ്. അപ്പോഴാണ്, കരയില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ സ്റ്റോളുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീകളാണ് വില്‍പ്പനക്കാര്‍. സമൂസ, കട്‌ലറ്റ്, ബിരിയാണി, അട, പഴം പൊടി, കരിക്ക് ഇങ്ങനെ നീണ്ടു പോകുന്നു അവരുടെ വിഭവങ്ങള്‍. വീട്ടിലുണ്ടാക്കി കാസ്സറോളുകളിയാക്കി കൊണ്ടി വന്നിരിക്കുകയാണ്.

''വര്‍ഷത്തില്‍ രണ്ട് തവണയേ ഈ കപ്പല്‍ ലക്ഷദ്വീപ്പിലെത്തൂ. അന്ന് മാത്രം കിട്ടുന്ന കച്ചവടമാണ് ഞങ്ങള്‍ക്കിത്,'' ഒരാള്‍ പറഞ്ഞു.

''ഇവിടെ വന്നാല്‍ എല്ലാ ദ്വീപുകളിലും പോകണം. ഒരു പത്തു ദിവസമെങ്കിലും നില്‍ക്കണം,'' അവള്‍ സ്‌നേഹത്തോടെ സംസാരിച്ചു.

ലക്ഷദ്വീപിനെ തനതായ രുചിയറിഞ്ഞ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങള്‍ അല്‍പ നേരം കൂടി കടലിനെ നോക്കിയിരുന്നു.


''ഇനിയും വരണം,'' തിരിച്ചു നടന്നു തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു.

ഐ ലവ് ലക്ഷദ്വീപ് എന്ന ബോര്‍ഡിനടുത്തു നിന്ന് ഫോട്ടോ എടുത്തു. ശേഷം, ബോട്ട് പിടിക്കാനായി കാറില്‍ കയറി യാത്രയായി.

Where the sea speak stories and the sky paint dreams...

ആ വാചകമെന്നെ ലക്ഷദ്വീപിലേക്ക് തിരിച്ചു വലിച്ചു കൊണ്ടിരുന്നു.

TAGS :