MediaOne Logo

ഹിബ ഹസന്‍

Published: 12 Aug 2022 4:24 AM GMT

ബംഗാളും ഖവാലി ദിനങ്ങളും

ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു അന്ധനായ ഗായകന്‍ വളരെ മനോഹരമായി ഖവാലി പാടുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അപ്പൂപ്പന്‍ അടുത്തേക്ക് വിളിച്ച് ഇരിക്കാന്‍ പറഞ്ഞു. | യാത്ര

ബംഗാളും ഖവാലി ദിനങ്ങളും
X

ബംഗാളില്‍ നിന്ന് ആദ്യമായി ദര്‍ഗയിലേക്ക് പോകുന്നത് ഒരു ബുധനാഴ്ച വൈകുന്നേരം ആണ്. ഞങ്ങള്‍ പോകുന്ന ദിവസം അവിടെയുള്ള സൂഫി മാസ്സ് ആയിട്ടുള്ള സയ്യിദ് അബ്ബാസിന്റെ നൂറാം ജന്മ വാര്‍ഷികം ആയിരുന്നു. ആല്‍മരത്തിന് ചുറ്റുംകിടക്കുകയും ഇരിക്കുകയും ചെയ്യുന്ന അന്തേവാസികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്...

ബംഗാളില്‍ നിന്ന് ആദ്യമായി ദര്‍ഗയിലേക്ക് പോകുന്നത് ഒരു ബുധനാഴ്ച വൈകുന്നേരം ആണ്. ഞങ്ങള്‍ പോകുന്ന ദിവസം അവിടെയുള്ള സൂഫി മാസ്സ് ആയിട്ടുള്ള സയ്യിദ് അബ്ബാസിന്റെ നൂറാം ജന്മ വാര്‍ഷികം ആയിരുന്നു. ആല്‍മരത്തിന് ചുറ്റുംകിടക്കുകയും ഇരിക്കുകയും ചെയ്യുന്ന അന്തേവാസികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബന്ധു പറഞ്ഞു 'ഇവരില്‍ ഓരോരുത്തര്‍ക്കും ഓരോ കഥകളുണ്ടാകും. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും മുട്ടി നോക്കാം'. എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് രണ്ട് സ്ത്രീകള്‍ ആയിരുന്നു. തലയില്‍ പാത്രം തൊപ്പി പോലെ ധരിച്ച് അതിനു മുകളില്‍ തട്ടമിട്ട ഒരു സ്ത്രീ, കറുത്ത കൂളിംഗ് ഗ്ലാസും ഒരു പാവാടയും കുപ്പായവും ആയിരുന്നു അവരുടെ വേഷം. മാനസികനില തെറ്റിയ അവര്‍ എല്ലാവരെയും മാറിമാറി നോക്കി. അവരുടെ തുറിച്ചുനോട്ടം അവരില്‍ നിന്ന് എന്റെ കണ്ണുകളെടുക്കാന്‍ പ്രേരിപ്പിച്ചു. ഞാനെന്റെ കണ്ണുകളെ പിന്‍വലിച്ചു. രണ്ടാമത്തെ സ്ത്രീ ഒരു ചൈനീസ്‌കാരിയെ പോലെ തോന്നിച്ചു. മുഷിഞ്ഞ വസ്ത്രം ആണെങ്കിലും അവര്‍ ഭംഗിയായി തലമുടി വാരി കെട്ടിയിരുന്നു. മറ്റുള്ള അന്തേവാസികളില്‍ നിന്ന് മാറി ഒറ്റയ്‌ക്കൊരിടത്തായിരുന്നു അവരുടെ ഇരിപ്പിടം.


ഭാഷ അറിയാത്തത് കൊണ്ട് തന്നെ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നറിയില്ലായിരുന്നു. ളുഹര്‍ നമസ്‌കരിച്ചിട്ടില്ല, നമസ്‌കരിക്കാമെന്ന് കരുതി കുഴല്‍ കിണറിന്റെ അടുത്തേക്ക് നടന്നു. ആളുകള്‍ ഭക്ഷണം കഴിച്ചു കൈ കഴുകുന്നത് കൊണ്ട് ഇത്തിരി നേരം ദര്‍ഗ ഒന്ന് കാണാം എന്ന് കരുതി ഞാന്‍ സ്റ്റെപ്പില്‍ നിന്ന് എഴുന്നേറ്റു.

ദര്‍ഗയില്‍ കെട്ടി വെച്ച കുപ്പികള്‍ ഓരോരുത്തരുടെയും പ്രതീക്ഷയായിരുന്നു. ഖബറുകള്‍ക്കു ചുറ്റും പനിനീര്‍ പൂവുകളുടെ ഇതളുകള്‍ പരന്നു കിടന്നിരുന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു ഞാന്‍ വുളു ചെയ്യാനായി നടന്നു. ആല്‍മരത്തിന്റെ അടുത്തെത്തിയപ്പോള്‍ കിടന്നുകൊണ്ടിരുന്ന ഒരാള്‍ എഴുന്നേറ്റു. എനിക്ക് ആ അപ്പൂപ്പനെ കാഴ്ചയില്‍ പ്രേമിനെ പോലെ തോന്നി. വെള്ള തുണിയും, വെള്ള കുപ്പായവുമാണ് അയാള്‍ ധരിച്ചിരുന്നത്. വസ്ത്രം ചളി പുരണ്ടതായിരുന്നു. അദ്ദേഹം എന്നോട് ബോഷോ എന്ന് പറഞ്ഞു. ബംഗാളിയില്‍ അറിയാവുന്ന ചുരുക്കം ചില വാക്കുകളിലൊന്നായിരുന്നു ബോഷോ. ഞാനിരുന്നു. അയാളുടെ പേര് കിഷന്‍ ചന്ദ്ര് ആണെന്നും. അയാള്‍ ഗുണ്ട ആയിരുന്നുവെന്നും പറഞ്ഞത് മാത്രം മനസ്സിലായി. 'അമി ബാംഗ്ലാ ജാനി നാ 'എന്ന് പറഞ്ഞിട്ടും അയാള്‍ എന്നോട് എന്തൊക്കെയോ സംസാരിച്ചു. ഞാന്‍ ചിരിക്കുക മാത്രം ചെയ്തു. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് തലയാട്ടി. അയാളുടെ പൊതിഞ്ഞ ഭക്ഷണം ആല്‍മരത്തിന്റെ ഒരു ചില്ലയില്‍ തൂക്കിയിട്ടിരുന്നു. അടുത്തുള്ള ചേച്ചിയോട് അതെനിക്ക് എടുത്തു തരാന്‍ വേണ്ടി പറഞ്ഞു. അയ്യോ.. അത് വേണ്ട.. ഞാന്‍ പറഞ്ഞത് വലിയ തെറ്റായിപോയി എന്ന് എനിക്ക് തന്നെ തോന്നി. പാവപ്പെട്ടവരുടെ ഔദാര്യപ്രകടനെത്തേക്കാള്‍ സുന്ദരമായ വിശ്വാസമില്ല എന്ന ശാന്തറാമിലെ വാക്കുകള്‍ ഞാനോര്‍ത്തു. എന്നോട് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ഞാന്‍ അതെ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് നടന്നു. വുളു ചെയ്തു. അല്പം വൃത്തിയുണ്ട് എന്ന് തോന്നിക്കുന്ന ദര്‍ഗയുടെ ഉള്‍വശത്തേക് ഞാന്‍ കയറി. അവിടെ നിന്ന് നിസ്‌കരിക്കാന്‍ പാടില്ല എന്ന് ബന്ധു പറഞ്ഞു. ഞാന്‍ അവിടെയിരുന്നു ഇത്തിരി നേരം പ്രാര്‍ഥിച്ചു. പോകുന്നതിന് മുന്‍പ് ദര്‍ഗയില്‍ പിറ്റേ ദിവസം പരിപാടിയുണ്ടെന്നും ഇവിടെ നില്‍ക്കണമെന്നും പറഞ്ഞു.

ഒരു ട്രാന്‍സ് ജന്‍ഡര്‍ യുവതിയായിരുന്നു ഖവാലി പാടിയിരുന്നത്. അവരുടെ അടുത്തിരിക്കാന്‍ അപ്പൂപ്പന്‍ എന്നെ വിളിച്ചു. മറ്റു പല സ്റ്റേജുകളിലും ഇനിയും പോകാനുള്ളത് കൊണ്ട് ഞാന്‍ അവിടെ ഇരുന്നില്ല.

പിറ്റേ ദിവസം വ്യാഴാഴ്ചയാണ്. ദര്‍ഗയില്‍ ഖവാലിയുണ്ടാകും. ഖവാലി കേള്‍ക്കാനായി അന്ന് രാത്രി ഞങ്ങള്‍ പുറപ്പെട്ടു. ഖവാലിയുടെ രാത്രി മറ്റേതോ ലോകത്തെപോലെ തോന്നിച്ചു. പലയിടങ്ങളില്‍ നിന്നും ഖവാലി കേള്‍ക്കാം. നിറയെ ഭിക്ഷക്കാര്‍. കുറേ ആത്മീയ കച്ചവടങ്ങള്‍. കഞ്ചാവ് കൂട്ടം കൂടിയിരുന്നു വലിക്കുന്ന ചങ്ങാതിമാര്‍. ഖവാലിയുടെ താളത്തിനൊത്ത് പാടുന്ന ആളുകള്‍. പരിപാടി കാണാനെത്തിയ അനേകം കുടുംബങ്ങള്‍...തലേന്ന് വന്ന ദര്‍ഗ തന്നെയാണിതെന്ന് വിശ്വസിക്കാന്‍ ഞാന്‍ പാടുപെട്ടു. ആല്‍മരത്തിന്റെ ചുവട്ടില്‍ ഒരു അന്ധനായ ഗായകന്‍ വളരെ മനോഹരമായി ഖവാലി പാടുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അപ്പൂപ്പന്‍ അടുത്തേക്ക് വിളിച്ച് ഇരിക്കാന്‍ പറഞ്ഞു. ഞാനും ഹന്നയും അവിടെയിരുന്നു. ശേഷം ഒരു പൊലീസുകാരന്‍ വന്നു അവിടെയിരിക്കരുതെന്ന് പറഞ്ഞു. ഞങ്ങളെഴുന്നേറ്റു. അടുത്ത ഖവാലി സ്റ്റേജിലേക്ക് പോയി. ഒരു ട്രാന്‍സ് ജന്‍ഡര്‍ യുവതിയായിരുന്നു ഖവാലി പാടിയിരുന്നത്. അവരുടെ അടുത്തിരിക്കാന്‍ അപ്പൂപ്പന്‍ എന്നെ വിളിച്ചു. മറ്റു പല സ്റ്റേജുകളിലും ഇനിയും പോകാനുള്ളത് കൊണ്ട് ഞാന്‍ അവിടെ ഇരുന്നില്ല. ഒരു ഇടി തരും എന്ന ആക്ഷനില്‍ അപ്പൂപ്പന്‍ സ്റ്റേജിലേക്ക് പോയി.. നമ്മള്‍ അടുത്ത ഖവാലി സ്റ്റേജിലേക്കും. അവിടെ യൂട്യൂബില്‍ ഖവാലി പ്ലേ ചെയ്തു വെച്ചതായിരുന്നു. എവിടെയും ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു വലിയ മെഴുകുതിരി അവിടെ കത്തിച്ചു വെച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ ചായ കുടിച്ചു. ശേഷം അവസാന സ്റ്റേജിലേക്ക് പോയി. അവിടെ ഖവാലി അതിന്റെ ഉന്നതമായ മനോഹര സ്ഥാനത്തെത്തിയിരുന്നു. എല്ലാവരെയും ഉന്മാദിയാക്കി കൊണ്ട് ഗായകന്‍ പാടി. സ്റ്റേജില്‍ ഒരാള്‍ നമ്മളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാള്‍ മനോഹരമായി നൃത്തം ചെയ്യാന്‍ തുടങ്ങി. പ്രായമായ അപ്പൂപ്പന്‍ ആനന്ദലഹരിയില്‍ നൃത്തം ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു... സ്വയം മറന്നു കൊണ്ട്... ഖവാലിയില്‍ മുഴുകികൊണ്ട്...


ഹിബയും ഹന്നയും

 


TAGS :