Quantcast
MediaOne Logo

ദീപ ഗോപകുമാര്‍

Published: 14 April 2024 4:48 AM GMT

വെടിമരുന്ന് മണക്കുന്ന വിഷു ഓര്‍മകള്‍

ജാതിമതഭേദമന്യേ എല്ലാ വീടുകളിലും കണിസംഘം കയറാറുണ്ട്. എല്ലാ വീടുകളില്‍ നിന്നും കൈനീട്ടമായി എന്തെങ്കിലും ചില്ലറ കിട്ടുകയും ചെയ്യും. പരീക്ഷകളൊക്കെ കഴിഞ്ഞ് സ്‌കൂള്‍ അടച്ചിരിക്കുന്ന സമയമാണല്ലോ. അതുകൊണ്ട് പിള്ളേര്‍ക്ക് വീട്ടില്‍ നിന്ന് വീട്ടുകാരുടെ വക വലിയ നിയന്ത്രണമൊന്നും ഉണ്ടാവാറുമില്ല. നാട്ടിലുള്ള പിള്ളേരായ പിള്ളേര്‍ക്കൊക്കെ സംഘം ചേര്‍ന്ന് കണിയും കൊണ്ട് നടക്കുവാന്‍ പ്രത്യേക ഉത്സാഹവുമാണ്. | ഓര്‍മയിലെ വിഷുക്കാലം

വെടിമരുന്ന് മണക്കുന്ന വിഷു ഓര്‍മകള്‍
X

വിഷു ദിവസം പുലര്‍ച്ചേ വിഷുക്കണി കാണാറുണ്ട് എന്നല്ലാതെ അത് എന്തിനാണെന്നും മറ്റും ചെറുപ്പകാലത്ത് അറിയില്ലായിരുന്നു. ഒരു ആണ്ടിന്റെ ഐശ്വര്യം തീരുമാനിക്കുന്നത് മേടമാസത്തിലെ വിഷു ദിനത്തില്‍ ആദ്യം കാണുന്ന കാഴ്ചയാണെന്ന് പറഞ്ഞു തന്നത് വീട്ടില്‍ സഹായത്തിന് നിന്നിരുന്ന രുഗ്മിണിയെന്നു പേരുള്ള അമ്മൂമ്മയായിരുന്നു. രാത്രിയും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷു. 'വിഷു' എന്ന വാക്കിന്റെ അര്‍Lഥം തന്നെ 'തുല്യമായത്' എന്നാണ്. മേട മാസത്തിലെ വിഷു കഴിഞ്ഞാല്‍പ്പിന്നെ വിഷു വരുന്നത് തുലാമാസത്തിലാണ്. ഇതില്‍ത്തന്നെ, മേട വിഷുവാണ് പ്രധാനം. മേടവിഷുന്നാളാണ് കണി കണ്ടുണരേണ്ടത്. കണിയൊരുക്കേണ്ടത് ഓട്ടുരുളിയിലാണ്. ഓട്ടുരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണ്. അതില്‍ കാലപുരുഷന്‍ ശയിക്കുന്നു. കണിയൊരുക്കുവാന്‍ കണി വെള്ളരി നിര്‍ബന്ധമായും വേണം. കാരണം, കണിവെള്ളരിയാണ് കാലപുരുഷനായ മഹാവിഷ്ണുവിന്റെ മുഖം. കണിവെള്ളരിക്കു പുറമേ, കണിക്കൊന്ന, അഞ്ചുതിരിയിട്ടുകത്തിച്ച നിലവിളക്ക്, ഗ്രന്ഥം, വാല്‍ക്കണ്ണാടി എന്നിവയും കണിയൊരുക്കുവാന്‍ നിര്‍ബന്ധമായും വേണം. കണിക്കൊന്നപ്പൂക്കള്‍ വിഷ്ണുവിന്റെ കിരീടവും, നിലവിളക്കിന്‍ നാളം കണ്ണുകളും, ഗ്രന്ഥം വാക്കുകളും വാല്‍ക്കണ്ണാടി മനസ്സുമാണത്രെ. ഇതൊക്കെ വായിച്ചറിഞ്ഞ കാര്യങ്ങളാണ്. ഇത്തരം ഗഹനമായ കാര്യങ്ങളിലൊന്നും രുഗ്മിണി അമ്മൂമ്മയ്ക്ക് വലിയ താത്പര്യമില്ല. പുള്ളിക്കാരിയ്ക്ക് ഒറ്റ നിര്‍ബന്ധമേയുള്ളു - വിഷു ദിവസം പുലര്‍ച്ചെ കണ്ണുനിറയെ കണികാണണം.

എന്റെ വീട് എറണാകുളം ചെറായിയില്‍ ആണ്. എന്റെ കുട്ടിക്കാലത്ത് ആ പ്രദേശങ്ങളിലൊന്നും വീടുകളില്‍ കണിയൊരുക്കുന്ന ചിട്ടയുണ്ടായിരുന്നില്ല. വിഷുവിന്റന്ന് നേരം പുലര്‍ച്ചേ ഒരു രണ്ടര - മൂന്നുമണിയാവുമ്പോള്‍ കുട്ടികളുടെ സംഘം എല്ലാ വീടുകളിലും കണിയുമായെത്തും. നാലുകാലുകള്‍ താങ്ങുന്ന പരന്ന ഒരു പലകമേല്‍ വൃത്തിയുള്ള തുണി വിരിച്ച് ഉണ്ണിക്കൃഷ്ണന്റെ വിഗ്രഹമോ ഫോട്ടോയോ വച്ച് പൂമാലയണിയിച്ച്, മുന്നില്‍ നിലവിളക്ക് കത്തിച്ചു വച്ചിട്ടുണ്ടാവും. കണിക്കൊന്നപ്പൂവ്, പല മാതിരി പഴങ്ങള്‍ പച്ചക്കറികള്‍, അരി, കോടിത്തുണി, അരി, വെള്ളം, നാണയങ്ങള്‍ എന്നിവയൊക്കെ തട്ടിന്‍മേല്‍ ഭംഗിയായി ഒരുക്കി വച്ചിട്ടുണ്ടാകും. തട്ടുകള്‍ക്ക് വീടുകളുടെ ആകൃതിയിലുള്ള മേല്‍ക്കൂരയുണ്ടാകും. നാലുവശവും മറച്ചിട്ടുമുണ്ടാകും. തകരപ്പാട്ടയിലോ, അലൂമിനിയം കിണ്ണത്തിലോ ഇരുമ്പു കോലുകൊണ്ട് തട്ടി ഉറക്കെ ഒച്ചവച്ചിട്ടാണ് വീട്ടുകാരെ ഉണര്‍ത്തുക. വീട്ടുകാര്‍ ഉണര്‍ന്നു എന്നു കാണുമ്പോള്‍ കണിസംഘം ഇരുട്ടത്തേയ്ക്ക് മാറി മറഞ്ഞു നില്‍ക്കും. കണിയല്ലേ കാണേണ്ടത്; കണി കൊണ്ടുവന്നവരെയല്ലല്ലോ. അതൊക്കെ അറിയാനുള്ള വകതിരിവൊക്കെ കണി കൊണ്ടുവരുന്നവര്‍ക്ക് ഉണ്ടാകാറുമുണ്ട്. കണി സംഘങ്ങള്‍ രണ്ടോ മൂന്നോ ഒക്കെ വരാറുണ്ട്. ചിലര്‍ തനിച്ചായിരിക്കും കണി കൊണ്ടുവരുക.

കിട്ടുന്ന പൈസ പങ്കുവയ്ക്കാതെ ഒറ്റയ്ക്ക് വഹിക്കുക എന്ന ലക്ഷ്യത്തോടെ സംഘമൊന്നും രൂപീകരിക്കാതെ ഒറ്റയ്ക്ക് കണിചുമന്നുകൊണ്ടുവരുന്ന വിരുതന്മാരും ഉണ്ട്. വിജയന്‍ എന്നു പേരുള്ള എന്റെയൊരു സുഹൃത്ത് ഇത്തരക്കാരനായിരുന്നു. മറ്റു കണി സംഘങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പേ ആള്‍ ഇറങ്ങിയിരിക്കും. രാത്രി ഏകദേശം ഒരു രണ്ടു മണിയൊക്കെയാവുമ്പോഴേക്കും വിജയന്‍ കണിയും കൊണ്ട് എത്തിയിരിക്കും

ജാതിമതഭേദമന്യേ എല്ലാ വീടുകളിലും കണിസംഘം കയറാറുണ്ട്. എല്ലാ വീടുകളില്‍ നിന്നും കൈനീട്ടമായി എന്തെങ്കിലും ചില്ലറ കിട്ടുകയും ചെയ്യും. പരീക്ഷകളൊക്കെ കഴിഞ്ഞ് സ്‌കൂള്‍ അടച്ചിരിക്കുന്ന സമയമാണല്ലോ. അതുകൊണ്ട് പിള്ളേര്‍ക്ക് വീട്ടില്‍ നിന്ന് വീട്ടുകാരുടെ വക വലിയ നിയന്ത്രണമൊന്നും ഉണ്ടാവാറുമില്ല. നാട്ടിലുള്ള പിള്ളേരായ പിള്ളേര്‍ക്കൊക്കെ സംഘം ചേര്‍ന്ന് കണിയും കൊണ്ട് നടക്കുവാന്‍ പ്രത്യേക ഉത്സാഹവുമാണ്. ഇങ്ങനെ തടയുന്ന ചില്ലറ പങ്കിട്ടെടുക്കും. നാട്ടുമ്പുറത്തെ സിനിമാ ടാക്കീസില്‍ വിഷു ദിവസം തറടിക്കറ്റില്‍ ഒരു മാറ്റിനി, ഒരു പൊതി കപ്പലണ്ടിയോ കടലയോ, ഒരു ഐസ് ഫ്രൂട്ട്, ഒരു രൂപയ്ക്ക് നൂറെണ്ണം കിട്ടുന്ന പടക്കം, - മതി; ധാരാളമായി. ഇത്രയുമൊക്കെ ആഘോഷമായി ഒപ്പിക്കാന്‍ കണി കാണിച്ചു കിട്ടുന്ന ചില്ലറപ്പൈസ ധാരാളം മതി. പക്ഷേ ഒരു പ്രശ്‌നമുണ്ട് - സംഘത്തില്‍ അംഗസംഖ്യ കൂടുന്തോറും ആളോഹരി വിഹിതം കുറയും! അതുകൊണ്ട് പരമാവധി അഞ്ച് അല്ലെങ്കില്‍ ആറ് പേരെ മാത്രം ഉള്‍പ്പെടുത്തിയാണ് കണി സംഘങ്ങള്‍ രൂപം കൊള്ളുന്നത്.

കിട്ടുന്ന പൈസ പങ്കുവയ്ക്കാതെ ഒറ്റയ്ക്ക് വഹിക്കുക എന്ന ലക്ഷ്യത്തോടെ സംഘമൊന്നും രൂപീകരിക്കാതെ ഒറ്റയ്ക്ക് കണിചുമന്നുകൊണ്ടുവരുന്ന വിരുതന്മാരും ഉണ്ട്. വിജയന്‍ എന്നു പേരുള്ള എന്റെയൊരു സുഹൃത്ത് ഇത്തരക്കാരനായിരുന്നു. മറ്റു കണി സംഘങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പേ ആള്‍ ഇറങ്ങിയിരിക്കും. രാത്രി ഏകദേശം ഒരു രണ്ടു മണിയൊക്കെയാവുമ്പോഴേക്കും വിജയന്‍ കണിയും കൊണ്ട് എത്തിയിരിക്കും. പക്ഷേ, ഒരു കുഴപ്പമുണ്ട് - കണിത്തട്ട് നിലത്തു വച്ച് പാട്ട കൊട്ടി വീട്ടുകാരെ ഉണര്‍ത്തേണ്ട താമസം, കണിത്തട്ടിന്റെ മുന്‍പിലോ, വശത്തോ ചാരിയിരുന്ന് പുള്ളി ഉറക്കം തൂങ്ങും. നല്ലഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കണ്ണടച്ചു പിടിച്ച് എത്തുന്ന പല വീട്ടുകാരും ആദ്യം കാണുന്ന കാഴ്ച കണിയുടെ മുന്‍പിലിരുന്ന ഉറക്കം തൂങ്ങുന്ന വിജയന്‍ ആയിരിക്കും. പോരേ പൂരം! കണി കാണുന്നവരുടെ ഒരു ആണ്ടിന്റെ കാര്യം അതോടെ ഏതാണ്ട് തീരുമാനമാകും.

ഇക്കാര്യത്തിന്റെ പേരില്‍ ചില വീട്ടുകാര്‍ ഒന്നും രണ്ടും പറഞ്ഞ് ബഹളമായെന്നിരിക്കും. എന്തു കാര്യം? അടുത്ത വീട്ടില്‍ ചെല്ലുമ്പോഴും വിജയന്‍ തഥൈവ! നേരത്തേ പറഞ്ഞ രുഗ്മിണിയമ്മൂമ്മയ്ക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത ഒരു കാര്യമാണിത്. പുള്ളിക്കാരിയുടെ വീട് ഞങ്ങളുടെ തൊട്ടുപടിഞ്ഞാറേ അയല്‍പക്കമാണ്. ഭര്‍ത്താവിന് എപ്പോഴും ശ്വാസം മുട്ടും ചുമയുമാണ്. വെള്ളം ചോദിച്ചോ, തുപ്പുന്ന ചെറിയ കോളാമ്പി എടുത്തു കൊടുക്കുവാനോ, മണല്‍ വറുത്ത് കിഴികെട്ടി ചൂടുവച്ചു കൊടുക്കാനോ അങ്ങനെ എന്തെങ്കിലുമൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് രാത്രി ഇടയ്ക്കിടെ അദ്ദേഹം അമ്മൂമ്മയെ വിളിച്ചു കൊണ്ടിരിക്കും. വിഷു ദിവസം കോളാമ്പിയും മണ്ണും കിഴിയുമൊക്കെ ആദ്യം കാണുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ. അതുകൊണ്ട് വിഷുവിന്റെ തലേന്ന് കിടപ്പ് ഞങ്ങളുടെ വീട്ടിലാണ്. അത്രയുമൊക്കെ സന്നാഹങ്ങള്‍ എടുത്തിട്ടും കണി കാണുന്നത് ഉറക്കം തൂങ്ങുന്ന വിജയനെയാണെങ്കിലോ! കുറ്റം പറയരുതല്ലോ. ആരും സഹിക്കില്ല; രുഗ്മിണിയമ്മൂമ്മ ഒട്ടും സഹിക്കില്ല.

രണ്ടാം ക്ലാസ്സിലൊക്കെ പഠിക്കുന്ന കാലത്ത് എന്റെ ചില കൂട്ടുകാരികളെ വെടിമരുന്ന് മണക്കുമായിരുന്നു. പാവപ്പെട്ട വീടുകളില്‍ നിന്നും വരുന്നവരായിരുന്നു ഈ കുട്ടികള്‍. അവരുടെ പേരൊന്നും മറന്നിട്ടില്ല - ഉമാദേവി, ധരണി, ജയ സി.വി, ഷീല, വാസന്തി, ഗീത - അന്ന് ചെറായിലുള്ള പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാര്‍ മിക്കവരും ഒരു ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ പടക്കപ്പണി ചെയ്തിരുന്നു - പടക്കം തെറുക്കുക, പടക്കത്തിന് തിരിയിടുക, പടക്കത്തിന് ചുവന്ന കടലാസുകൊണ്ട് മേലാടയണിയിക്കുക ഇങ്ങനെയുള്ള പണികള്‍. അന്തിയ്ക്ക് വിളക്കു വെയ്ക്കും വരെ മാത്രമേ പടക്കപ്പണി ചെയ്യാറുള്ളൂ. വിളക്ക് കത്തിച്ചു വച്ച് ഒരിക്കലും ചെയ്യില്ല. അന്നൊക്കെ, ആറും ഏഴും വയസ്സുള്ള കുട്ടികള്‍ വരെ സ്‌കൂള്‍ വിട്ടു ചെന്നാല്‍ ഈ പണികളില്‍ അമ്മമാരെ സഹായിക്കുമായിരുന്നു. ഉമാദേവി, ജയ സി.വി ധരണി എന്നിവരുടെ വീട്ടില്‍ പടക്കപ്പണിയുണ്ട്. ഇവരൊക്കെ അതില്‍ സഹായിക്കാറുമുണ്ട്. അതുകൊണ്ടാണ് ആ കുട്ടികളെ വെടി മരുന്ന് മണക്കുന്നത്. സോപ്പിട്ട് കുളിച്ചാല്‍പ്പോലും വെടി മരുന്നിന്റെ ആ പ്രത്യേകഗന്ധം പൂര്‍ണ്ണമായി വിട്ടു പോകുകയില്ല.

ഉമാദേവിയായിരുന്നു എന്റെ അടുത്ത സുഹൃത്ത്. ഉമാദേവിയ്ക്ക് എന്നോടല്ലാതെ വേറെ ആരോടും കൂട്ടില്ല. എണ്ണ കിനിയുന്ന കോലന്‍ മുടി എല്ലാം കൂടെ മുകളിലേക്ക് ചീകി വാരിയെടുത്ത് ഒരു റിബണ്‍ കൊണ്ട് മുറുക്കിക്കെട്ടി അതിന്റെ നടുവില്‍ ഒരു വലിയ ചെണ്ടുമല്ലിപ്പൂ തണ്ടോടെ കുത്തിനിര്‍ത്തിയിരിക്കും. ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതൊന്നും ഉമാദേവി ശ്രദ്ധിക്കാറില്ല. എപ്പോഴും ആരെങ്കിലും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതാണ് ഹോബി. പ്ലാസ്റ്റിക് വയര്‍ മെടഞ്ഞുണ്ടാക്കിയ സഞ്ചിയില്‍ ധാരാളം മാക്കാം പച്ച (മഷിത്തണ്ട് ) എന്നുമുണ്ടാകും. ചോദിക്കുന്നവര്‍ക്ക് കൊടുക്കുമെങ്കിലും, കൊടുക്കുന്ന കാര്യത്തില്‍ പുള്ളിക്കാരിക്ക് ചില നിയമങ്ങളും നിബന്ധനകളുമൊക്കെയുണ്ട്. ആരുടെ കയ്യില്‍ നിന്നും ഉമാദേവി ഒന്നും വാങ്ങുകയില്ല. ഒരു കാലത്തും ഹോം വര്‍ക്ക് ചെയ്യുന്ന പണി ഇല്ലേയില്ല.

ഉമാദേവി രണ്ടാം ക്ലാസ്സില്‍ തോറ്റു. പിന്നീട് മൂന്നാം ക്ലാസ്സിലും തോറ്റു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോഴും ഉമാദേവി മൂന്നില്‍ത്തന്നെയാണ്. രണ്ടാം ക്ലാസ്സിനു ശേഷംപിന്നീട് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചിട്ടില്ല. എങ്കിലും എന്നോടുള്ള സ്‌നേഹാധിക്യം കാരണം എന്റെ ക്ലാസ്സിനു മുന്നില്‍ വന്നു നിന്ന് വെറുതെ എന്നെനോക്കി നില്‍ക്കും പുള്ളിക്കാരി. പുറത്തു നിന്ന് നോക്കുകയല്ലാതെ ഒരിക്കലും ക്ലാസിന്റെ അകത്തേയ്ക്ക് വരുകയില്ല.

അഞ്ചാംക്ലാസ് ആയപ്പോള്‍ ഞാന്‍ തൊട്ടടുത്തു തന്നെയുള്ള യു.പി സ്‌കൂളിലേയ്ക്ക് മാറി. പിന്നീട് വഴിയില്‍ വച്ചും മറ്റുമാണ് ഉമാദേവിയെ കാണാറുള്ളത്. കാണുമ്പോഴൊക്കെ എന്റെ കൈ അവളുടെ രണ്ടു കൈകള്‍ കൊണ്ടും കൂട്ടിപ്പിടിക്കും. എന്നിട്ട് വെറുതെ മുഖത്തേയ്ക്ക് നോക്കി സങ്കടപ്പെട്ടെന്ന പോലെ നില്‍ക്കും. സംസാരം കുറവാണ്...

ഉമാദേവി ഇന്നില്ല ...

ഞാന്‍ പ്രീ-ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സമയം. ഒന്നാം വര്‍ഷ പരീക്ഷകള്‍ നടക്കുന്ന കാലമാണ്.

പരീക്ഷ കഴിഞ്ഞ ദിവസം. വിഷുവിന് ഏതാനും ദിവസമേയുള്ളൂ..വളരെ സന്തോഷത്തോടെ, റിലാക്‌സ്ഡ് ആയി ഉല്ലസിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് അറിയുന്നത് - ചെറായി പടിഞ്ഞാറു ഭാഗത്ത് പടക്കപ്പണിയുള്ള ഒരു വീട്ടില്‍ പടക്കം പൊട്ടിത്തെറിച്ച് രണ്ട് പെണ്‍കുട്ടികള്‍ വെന്തുമരിച്ചിരിക്കുന്നു..

.... ആ പെണ്‍കുട്ടികളില്‍ ഒരാള്‍ ഉമാദേവിയായിരുന്നു; മറ്റേ പെണ്‍കുട്ടി ,അവളുടെ അനിയത്തി അനിതയും ...

വിഷുത്തിരക്ക് ഉള്ള കാരണത്താല്‍ രാത്രി മണ്ണെണ്ണവിളക്ക് കത്തിച്ചു വച്ച് പടക്കം തിരിയിടുന്ന പണി ചെയ്തതാണ്. പണിക്കിടയില്‍ രണ്ടാളും ഒന്നുമയങ്ങിപ്പോയി. കൈയോ മറ്റോ തട്ടി മണ്ണെണ്ണ വിളക്ക് മറിഞ്ഞ് തീപിടിച്ച് ആ മുറിയപ്പാടെ പൊട്ടിത്തെറിച്ചു... അങ്ങനെ ആ വിഷുക്കാലം പ്രിയപ്പെട്ട ഒരാളെ കൊണ്ടുപോയി; നെഞ്ചില്‍ ഒരിക്കലും ആറാത്ത ഒരു നീറ്റല്‍ പകരം തന്നു കൊണ്ട്...

വിഷുക്കാലമാവുമ്പോള്‍ പക്ഷേ, വെടി മരുന്നിന്റെ ആ ഗൃഹാതുരഗന്ധത്തിലൂടെ എന്റെ പ്രിയ സൗഹൃദങ്ങള്‍ ഓരോരുത്തരായി തിരികെയെത്തുന്നു - ധരണി , ജയ സി.വി, ഷീല, ഗീത.. .പിന്നെ ഉമാദേവിയും..



TAGS :