Quantcast
MediaOne Logo

ബൈജു. സി.പി

Published: 14 April 2024 5:24 AM GMT

ഹൃദയത്തില്‍ പടര്‍ന്ന് വെളിച്ചമേകുന്നു; അമ്മ നട്ട പൊന്‍കണിക്കൊന്നകള്‍

അകക്കണ്ണിലെ കണി എന്നും അമ്മ തന്നെ. പിന്നെ തുറന്ന കണ്ണുകളാല്‍ ഒരുക്കിവെച്ച കണി കാണും. അരികെ ചിരിച്ചു നില്‍ക്കുന്ന അമ്മയുടെ സന്തോഷം കാണും. കരി പടര്‍ന്ന മുണ്ടിന്റെ കോന്തലക്കെട്ടഴിച്ച് അതില്‍ നിന്ന് പൈസയെടുത്ത് അമ്മമ്മയും കോട്ടണ്‍ സാരിയുടെ വക്കില്‍ കെട്ടിയ പൈസയെടുത്ത് അമ്മയും എനിക്കും പെങ്ങള്‍ക്കുമൊക്കെ കൈനീട്ടം തരും. അവരില്‍ നിന്നും കൈനീട്ടം വാങ്ങിയ ശേഷം കടല വിറ്റും കശുവണ്ടി വിറ്റും കിട്ടിയ പടക്കം വാങ്ങിയതിനു ശേഷം ബാക്കി വന്ന പൈസ അളുക്കില്‍ നിന്ന് എടുത്ത് അമ്മമ്മക്കും അമ്മക്കും ഞാന്‍ കൈനീട്ടം നല്‍കി. അദ്യമായി കിട്ടിയ ആ കൈനീട്ടത്തിന്റെ സന്തോഷത്താല്‍ കരഞ്ഞു കൊണ്ട് അമ്മയെന്നെ കെട്ടിപ്പിടിച്ചു. | ഓര്‍മയിലെ വിഷുക്കാലം

ഹൃദയത്തില്‍ പടര്‍ന്ന് വെളിച്ചമേകുന്നു; അമ്മ നട്ട പൊന്‍കണിക്കൊന്നകള്‍
X

വിഷുക്കാലമെത്തുമ്പോള്‍ തെളിയുന്ന ഓര്‍മകളിലൊക്കെ അമ്മയുടെ ദീപ്തമായ മുഖം കാണാം. കണിക്കൊന്നപ്പൂക്കള്‍ പോലെ സ്വര്‍ണ്ണവര്‍ണ്ണച്ചിരിയുമായി അമ്മ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു. വിഷുക്കാലത്തിന്റെ മധുരിപ്പിക്കുന്നതും കയ്പ്പിക്കുന്നതുമായ ഓര്‍മകളാണ് പുതിയ കാലത്തിന്റെ വിഷുവിനെ അത്രമേല്‍ മനോഹരമാക്കുന്നത് എന്ന് തോന്നുന്നു. പ്രിയപ്പെട്ടവര്‍ കൂടെയുണ്ടാവുന്ന നേരങ്ങള്‍ അത് എത്രമാത്രം മനോഹരമായിരുന്നു എന്ന് പിന്നിട്ടു പോയ കാലങ്ങള്‍ നമ്മെ നിരന്തരം ഓര്‍മപ്പെടുത്തി ക്കൊണ്ടിരിക്കും.

ഒരു വര്‍ഷം നീണ്ട ഒരുക്കങ്ങളാണ് കുട്ടിക്കാലത്ത് വിഷുവിനായി നടത്തുക. പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും ആണ് അന്ന് ഞങ്ങളുടെ വിഷു. പടക്കങ്ങള്‍ വാങ്ങാന്‍ എങ്ങനെ പൈസയുണ്ടാക്കുമെന്നായിരുന്നു അന്നെത്തെ വലിയ ആശങ്ക. ജീവിതമെന്ന കനല്‍പ്പാത്രം ഒറ്റക്ക് തലയിലേറ്റുന്ന അമ്മക്ക് എനിക്ക് പടക്കങ്ങള്‍ വാങ്ങാന്‍ തരാന്‍ പൈസയുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു. വിഷുക്കാലത്ത് ചുറ്റും പടക്കങ്ങള്‍ പൊട്ടിത്തുടങ്ങുമ്പോള്‍, പൂത്തിരികളും പൂക്കുറ്റികളും നിറഞ്ഞ് കത്തിപ്പടരുമ്പോള്‍ ഉള്ളിലൊരു തേങ്ങല്‍ ഉയര്‍ന്നു വരും. ഒരു പെട്ടി പൂത്തിരിയും ഒരു കെട്ട് പടക്കവുമായി പടി കടന്ന് ചുറ്റുമുള്ള വീടുകളിലേക്കെത്തുന്ന അച്ഛന്‍മാരും അവരുടെ മക്കളുടെ സന്തോഷങ്ങളും കാണുമ്പോള്‍ അനാഥമായിപ്പോയ ജീവിതാവസ്ഥയെക്കുറിച്ചോര്‍ത്ത് ഞാനെത്രയോ സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഏത് ആഘോഷങ്ങളിലും എല്ലാം മറന്ന് നമ്മള്‍ ഉള്‍ച്ചേരുമ്പോള്‍ അത് നമ്മുടെ ജീവിതാവസ്ഥകളെയെല്ലാം മാറ്റിമറിക്കുമെന്നും സന്തോഷത്തിന്റെ പൂത്തിരികള്‍ നമ്മുടെ ഹൃദയത്തിലും വര്‍ണ്ണങ്ങളായി വിരിഞ്ഞു നില്‍ക്കുമെന്നും വിഷുവാണ് ആദ്യമായി എന്നെ പഠിപ്പിച്ചത്.

കശുവണ്ടി പെറുക്കി വിറ്റ് കിട്ടുന്ന പൈസ കൊണ്ടൊന്നും വിഷു ആഗ്രഹിച്ചത്ര കളറാക്കാന്‍ പറ്റില്ലെന്ന് മനസിലായപ്പോള്‍ മറ്റൊരു വഴി കൂടി കണ്ടെത്തി. സ്‌കൂളടക്കുന്നതോടെയാണ് മിക്കവാറും നാട്ടിലെ ഉത്സവങ്ങള്‍ ആരംഭിക്കുക. നാട്ടില്‍ അടുത്ത് തന്നെ മൂന്നാല് താലപ്പൊലികളുണ്ട്. അവിടെ കടല വില്‍ക്കുക എന്നതായിരുന്നു പുതിയ വരുമാന വഴി. മണിക്കടല വാങ്ങി വെള്ളത്തിലിട്ട് കുതിര്‍ക്കും. പിറ്റേ ദിവസം എടുക്കുമ്പോള്‍ വലിയ രൂപത്തിലേക്ക് കടലകള്‍ മാറിയിട്ടുണ്ടാവും. ചെറിയ ഉള്ളി മൂപ്പിച്ച് വെളിച്ചെണ്ണയില്‍ കടല വഴറ്റിയെടുക്കും.

വിഷുവിന് എങ്ങനെ പടക്കം വാങ്ങാന്‍ പൈസയുണ്ടാക്കുമെന്ന ചിന്തയില്‍ നിന്ന് പുതിയ ഐഡിയകള്‍ തലക്കുള്ളിലേക്ക് കയറി വന്നു. കശുവണ്ടികള്‍ ശേഖരിക്കലായിരുന്നു ഒന്നാമത്തെ ഐഡിയ. ഭൂമിയെ പൊള്ളുന്ന വിപണന വസ്തുവായി മാത്രം മനുഷ്യര്‍ കാണാത്ത ഒരു കാലം. അന്നൊക്കെ സ്‌കൂളിലേക്ക് നടന്നു പോകും വഴിയും കളിക്കാന്‍ പോകുന്ന വഴികളിലും ഒക്കെ നിരവധി കശുമാവിന്‍ തോട്ടങ്ങളുണ്ട്. അവിടെയൊക്കെ ആര്‍ക്കും വേണ്ടാതെ വീണു കിടക്കുന്ന കശുമാങ്ങയും കാണും. നല്ല ചോപ്പു നിറത്തില്‍ തുടുത്ത കശുമാങ്ങകള്‍ ചീന്തി തിന്ന് അതിന്റെ ചാറ് വലിച്ചു കുടിക്കുന്ന രുചിയുടെ ആനന്ദത്തിലൂടെ ഇപ്പോഴും കിനാവിലൂടെ കടന്നു പോകാറുണ്ട്. അത്രമേല്‍ ഹൃദ്യമായിരുന്നു അത്. കശുമാങ്ങ തിന്ന് അതിന്റെ അണ്ടിയും പോക്കറ്റിലിട്ട് സ്‌കൂളിലേക്ക് പോകും. തിരിച്ച് സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ വീണ്ടും കശുമാങ്ങകള്‍ വീണു കിടപ്പുണ്ടാകും. അതെടുത്ത് ചോറ്റുപാത്രത്തിലിട്ട് വീട്ടിലേക്ക് പോകും. അമ്മമ്മയുടെ കൈവശമുള്ള അടുക്കളയിലെ അളുക്കുകളില്‍ നിന്ന് ഒന്ന് വാങ്ങും. അതിലാണ് കശുവണ്ടികള്‍ ഇട്ടു വെയ്ക്കുക. കശുവണ്ടി സീസണ്‍ കഴിയും വരെയും പെറുക്കിക്കൊണ്ടു വരുന്ന കശുവണ്ടികള്‍ അതില്‍ ശേഖരിക്കും. വിഷു അടുക്കാറാവുമ്പോള്‍ അങ്ങാടിയില്‍ കൊണ്ടുപോയി ആ കശുവണ്ടികള്‍ വില്‍ക്കും. ചെറിയ പൈസയാണെങ്കിലും അത് കൈയില്‍ വാങ്ങുമ്പോള്‍ വല്ലാത്ത സന്തോഷം ണ്ടാവും.

കശുവണ്ടി പെറുക്കി വിറ്റ് കിട്ടുന്ന പൈസ കൊണ്ടൊന്നും വിഷു ആഗ്രഹിച്ചത്ര കളറാക്കാന്‍ പറ്റില്ലെന്ന് മനസിലായപ്പോള്‍ മറ്റൊരു വഴി കൂടി കണ്ടെത്തി. സ്‌കൂളടക്കുന്നതോടെയാണ് മിക്കവാറും നാട്ടിലെ ഉത്സവങ്ങള്‍ ആരംഭിക്കുക. നാട്ടില്‍ അടുത്ത് തന്നെ മൂന്നാല് താലപ്പൊലികളുണ്ട്. അവിടെ കടല വില്‍ക്കുക എന്നതായിരുന്നു പുതിയ വരുമാന വഴി. മണിക്കടല വാങ്ങി വെള്ളത്തിലിട്ട് കുതിര്‍ക്കും. പിറ്റേ ദിവസം എടുക്കുമ്പോള്‍ വലിയ രൂപത്തിലേക്ക് കടലകള്‍ മാറിയിട്ടുണ്ടാവും. ചെറിയ ഉള്ളി മൂപ്പിച്ച് വെളിച്ചെണ്ണയില്‍ കടല വഴറ്റിയെടുക്കും. ആ കടലക്ക് ഗംഭീര രുചിയാണ്. അമ്മമ്മയാണ് അതൊക്കെ തയ്യാറാക്കാന്‍ ഒപ്പമുണ്ടാവുക. തയ്യാറാക്കിയ കടല ബാറ്ററിയുടെ പെട്ടിയില്‍ ഉളളില്‍ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് അതിലിടും. കടല അളക്കാന്‍ ഉള്ള പ്ലാസ്റ്റിക്ക് പാത്രങ്ങളും അതിലിടും. ഉത്സവപ്പറമ്പില്‍ കടല വിറ്റ് സന്ധ്യയാവുന്നതോടെ മടങ്ങും. കടല തീരുകയും ചില്ലറത്തുട്ടുകള്‍ നിറയുകയും ചെയ്ത കടലപ്പെട്ടിയിലേക്ക് നോക്കി സന്തോഷത്തോടെ പോന്ന എത്രയോ താലപ്പൊലിക്കാലങ്ങള്‍.

കശുവണ്ടി വിറ്റും കടല വിറ്റും ഒരുക്കൂട്ടിയ പൈസ കൊണ്ട് വിഷുവെത്തുമ്പോള്‍ അങ്ങാടിയിലേക്കൊരു പോക്കുണ്ട്. കമ്പിത്തിരികളും മത്താപ്പും ഓലപ്പടക്കങ്ങളും മാലപ്പടക്കങ്ങളും നിലചക്രങ്ങളും പൂക്കുറ്റികളും വാണങ്ങളും ഗുണ്ടുകളും എല്ലാം നിറഞ്ഞ വിസ്മയക്കാഴ്ച്ചകള്‍ കണ്ടു നില്‍ക്കാന്‍ തന്നെ ഏറെ രസമായിരുന്നു. ഓരോന്നിനും വില ചോദിക്കുമ്പോള്‍ മുഖം വിടരുകയും വില കേള്‍ക്കുമ്പോള്‍ വാടുകയും ചെയ്യും. ഒടുവില്‍ പോക്കറ്റിലുള്ളതു കൊണ്ട് ഒപ്പിച്ച് വാങ്ങി സന്തോഷത്തോടെ വീട്ടിലേക്കെത്തും.

അമ്മക്ക് വിഷു അലച്ചിലുകളുടേതായിരുന്നു. കണിയൊരുക്കാന്‍ കണിക്കൊന്ന തേടി നാടു മുഴുവന്‍ നടക്കണം. കൂടെ ഞാനും പോകും. പാടത്ത് നിന്ന് നല്ല കണിവെള്ളരി കിട്ടും. പിന്നെ മാങ്ങ, ചക്ക, കോടി മുണ്ട്, അങ്ങനെയങ്ങനെ നീളും കണിയൊരുക്കേണ്ട സാധനങ്ങളുടെ പട്ടിക. അതെല്ലാം സംഘടിപ്പിച്ച് അമ്മയെത്തുമ്പോള്‍ വിഷുവിന് ചന്തം കൂടി വരുന്നത് പോലെ തോന്നും. അന്നൊക്കെ കണി വെള്ളരികള്‍ തറവാട് വീടിന്റെ കോലായില്‍ കെട്ടിത്തൂക്കിയിടും. കഴുക്കോലിലും വിട്ടത്തിലും ഒക്കെ വെള്ളരികള്‍ പൊന്‍ നിറമാര്‍ന്ന പുതിയ കാലത്തേക്ക് നോക്കി ചിരി തൂകിക്കിടക്കും.

വിഷുത്തലേന്ന് മരിച്ചു പോയവര്‍ക്ക് വേണ്ടി ഒരു ചടങ്ങുണ്ടാവും. മരിച്ചു പോയവര്‍ക്ക് വേണ്ടി നിവേദ്യമായി നെയ്യപ്പവും കോഴിക്കറിയും സമര്‍പ്പിക്കുന്ന ചടങ്ങ് ആണത്. വിഷു ആഘോഷങ്ങളിലേക്ക് അവരുടെ ഓര്‍മകളെ കൂടി കൂട്ടിച്ചേര്‍ക്കാനുള്ള ഒരാവിഷ്‌ക്കാരം. വിഷു തലേന്ന് എത്രയോ വര്‍ഷങ്ങളായി നെയ്യപ്പവും കോഴിക്കറിയും കഴിക്കുന്നവരാണ് ഇവിടെയുള്ളവര്‍. ഇതെന്ത് കോമ്പിനേഷനെന്ന് അന്തം വിടുന്നവര്‍ ഒരു പാടുണ്ട്. പക്ഷെ - അത് കഴിച്ചവര്‍ക്കറിയാം നെയ്യപ്പവും കോഴിക്കറിയും ഗംഭീരമായൊരു ഭക്ഷണക്കൂട്ടാണെന്ന്. അത് കൂടി ചേര്‍ന്നതായിരുന്നു ഞങ്ങളുടെ വിഷുക്കാലങ്ങള്‍.

പുലര്‍ച്ചെ കണി കാണാന്‍ അമ്മ വന്ന് തൊടും. 'കുട്ട്യേ.. കണ്ണ് തൊറക്കാതെ എണീക്കടാ..' എന്ന ആ വാക്കുകള്‍ക്കൊപ്പം ആ വിരലുകള്‍ കണ്ണുകള്‍ പൊത്തും. ആ വിരല്‍ സ്പര്‍ശമേല്‍ക്കുമ്പോള്‍ ആദ്യം അമ്മയുടെ മുഖം തന്നെ ഉള്ളില്‍ തെളിഞ്ഞു നില്‍ക്കും. അകക്കണ്ണിലെ കണി എന്നും അമ്മ തന്നെ. പിന്നെ തുറന്ന കണ്ണുകളാല്‍ ഒരുക്കിവെച്ച കണി കാണും. അരികെ ചിരിച്ചു നില്‍ക്കുന്ന അമ്മയുടെ സന്തോഷം കാണും. കരി പടര്‍ന്ന മുണ്ടിന്റെ കോന്തലക്കെട്ടഴിച്ച് അതില്‍ നിന്ന് പൈസയെടുത്ത് അമ്മമ്മയും കോട്ടണ്‍ സാരിയുടെ വക്കില്‍ കെട്ടിയ പൈസയെടുത്ത് അമ്മയും എനിക്കും പെങ്ങള്‍ക്കുമൊക്കെ കൈനീട്ടം തരും. അവരില്‍ നിന്നും കൈനീട്ടം വാങ്ങിയ ശേഷം കടല വിറ്റും കശുവണ്ടി വിറ്റും കിട്ടിയ പടക്കം വാങ്ങിയതിനു ശേഷം ബാക്കി വന്ന പൈസ അളുക്കില്‍ നിന്ന് എടുത്ത് അമ്മമ്മക്കും അമ്മക്കും ഞാന്‍ കൈനീട്ടം നല്‍കി. അദ്യമായി കിട്ടിയ ആ കൈനീട്ടത്തിന്റെ സന്തോഷത്താല്‍ കരഞ്ഞു കൊണ്ട് അമ്മയെന്നെ കെട്ടിപ്പിടിച്ചു. ഏതു ജീവിതാവസ്ഥകളില്‍ നിന്നും നമ്മുടെ ആനന്ദങ്ങളെ നമുക്ക് തന്നെ സ്വയം നിര്‍മിക്കാമെന്ന് ആ വിഷുക്കാലം എന്നെ ഇപ്പോളും ഓര്‍മപ്പെടുത്തുന്നു.

വിഷുക്കാലം വീണ്ടുമെത്തിയിരിക്കുന്നു. ജീവിതത്തിന്റെ ചില്ലകളില്‍ നിന്നും പലപ്പോഴായി ഇലകള്‍ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പുതിയ ഇലകള്‍ പുത്തനുണര്‍വോടെ തളിരിട്ടു കൊണ്ടിരിക്കുന്നു. അമ്മയില്ലാതെ വിഷു വരാന്‍ തുടങ്ങിയിട്ട് ഇന്നക്ക് അഞ്ചു വര്‍ഷമാകുന്നു. അമ്മയില്ലാത്ത വിഷുക്കാലങ്ങള്‍ നമ്മളെ കുട്ടികളല്ലാതാക്കി മാറ്റുന്നു. നമ്മള്‍ പ്രായമായവരാണെന്ന് നമ്മുക്ക് തന്നെ തോന്നിത്തുടങ്ങുന്നു.

വീടിന്റെ മുന്നില്‍ അമ്മ നട്ട ഒരു കൊന്നമരമുണ്ട്. പണ്ട് കണിക്കൊന്ന തേടി നാടു മുഴുവന്‍ അലഞ്ഞു നടന്ന ഓര്‍മകള്‍ക്ക് മീതെയാണ് ആ മരം വിടര്‍ന്നു നില്‍ക്കുന്നത്. അമ്മയുടെ മണവും നിറവും ആണ് അതിനുള്ളത് എന്നു പലപ്പോഴും തോന്നും. വിഷുക്കാലത്തെ ഓര്‍മപ്പെടുത്തുന്നതിനായി ആ കൊന്നമരം നേരത്തെ തന്നെ നിറയെ പൂത്ത് നില്‍ക്കാറുണ്ട്. അടുത്തുള്ള വീടുകളിലേക്കൊക്കെ അതില്‍ നിന്നാണ് കണി കാണാന്‍ കൊന്നപ്പൂവിറുക്കാറുള്ളത്. അത് അമ്മയുടെ മനസ്സാണെന്ന് എനിക്ക് തോന്നാറുണ്ട്. കൊന്നപ്പൂ തേടിയെത്തുന്നവര്‍ അമ്മയുടെ ഓര്‍മകളിലേക്കെത്തുന്ന ഒരു തരം ഇന്ദ്രജാലം. ഓരോ വിഷുക്കാലവും വിട പറഞ്ഞു മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ കണിക്കൊന്നകള്‍ പോലെ പൂത്തുനില്‍ക്കുന്ന നന്മയും കരുണയും നിറഞ്ഞ നിമിഷങ്ങളായി നന്മുടെ ഹൃദയത്തില്‍ നിറയട്ടേ. കരുണയുള്ള മനുഷ്യരാവാന്‍ ഓര്‍മകള്‍ നമ്മളെ പ്രാപ്തരാക്കട്ടേ. എല്ലാവര്‍ക്കും നന്മ നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.



TAGS :