Quantcast
MediaOne Logo

അതുല്യ. വി

Published: 29 Sep 2023 11:01 AM GMT

ഹൃദയത്തെ സൂക്ഷിക്കാം, ഹൃദ്യമായി

സെപ്റ്റംബര്‍ 29 ലോക ഹൃദയദിനം.

ഹൃദയത്തെ സൂക്ഷിക്കാം, ഹൃദ്യമായി
X

നമുക്കായി 24 മണിക്കൂറും മിടിക്കുന്ന ഹൃദയത്തിനുവേണ്ടി ഒരല്‍പസമയം മാറ്റിവെക്കാം. ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൃദയദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി ആഗോളതലത്തില്‍ സെപ്റ്റംബര്‍ 29 ലോക ഹൃദയദിനമായി ആചരിച്ചുവരന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിശോധനകള്‍ നടത്തിയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുമൊക്കെയാണ് ഈ ദിനം ആഘോഷിക്കുന്നത്.

2023 ലെ ഹൃദയ ദിനത്തിന്റെ പ്രമേയം (Theme ) 'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക' - ' Use Heart, Know Heart' എന്നതാണ്. ലോകമെമ്പാടുമുള്ള ജനങ്ങളോട് അവരുടെ ഹൃദയങ്ങളെ സംരക്ഷിക്കാനുള്ള ഓര്‍മപെടുത്തലും കൂടിയാണ് ഈ ദിനം. 1999 ല്‍ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ മുന്‍ WHO പ്രസിഡന്റ് ആന്റണി ബെയ്‌സ് ഡി ലൂണയാണ് ആഗോളതലത്തില്‍ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്. പിന്നീട് 2000 സെപ്റ്റംബര്‍ 24-ന് ആദ്യത്തെ ഔദ്യോഗിക ലോക ഹൃദയദിനാചരണം നടത്തി. 2011 വരെ ഹൃദയദിനം ആഘോഷിച്ചത് സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായിരുന്നു . പിന്നീട്, 90ലധികം രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ലോക ഹൃദയ ദിനം ആചരിക്കുന്ന കൃത്യമായ തീയതി സെപ്റ്റംബര്‍ 29 ആയി തീരുമാനിച്ചത് .


ഈ പുതിയ ജീവിത ശൈലിയില്‍ കാര്‍ഡിയോവാസ്‌കുലര്‍ രോഗാവസ്ഥകളെക്കുറിച്ച് (സിവിഡി) അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കാരണം , മാറി വരുന്ന ജീവിതരീതികള്‍കൊണ്ടും ഭക്ഷണങ്ങള്‍കൊണ്ടും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ജീവിതത്തിന്റെ നിറം കെടുത്തുന്നു. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വര്‍ധിച്ചുവരികയാണ്. നമ്മുടെ ഹൃദയത്തെ നമുക്കു സംരക്ഷിക്കാം.

ഹൃദയത്തെ സംബന്ധിച്ച ചില കൗതുകങ്ങള്‍

നാം കേള്‍ക്കുന്ന ഹൃദയമിടിപ്പുകള്‍, ഹൃദയ വാല്‍വുകള്‍ തുറക്കുന്നതിന്റെയും അടക്കുന്നതിന്റെയും ശബ്ദമാണ്. പുരുഷന്റെ ഹൃദയത്തേക്കാള്‍ വേഗത്തില്‍ സ്ത്രീയുടെ ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നു. കൂടാതെ പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ ഹൃദ്രോഗങ്ങളുടെ സാധ്യത കൂടുതലാണ്. മറ്റു ശരീരഭാഗങ്ങളിലെ ക്യാന്‍സറിനെ അപേക്ഷിച്ചു ഹൃദയത്തിനും കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. അതിനു കാരണം ഹൃദയ കോശങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വിഭജനം നടത്തുന്നു എന്നതാണ്. 3000 വര്‍ഷം പഴക്കമുള്ള ഹൃദയരോഗങ്ങള്‍ ഈജിപ്ഷന്‍ മമ്മികളില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.


TAGS :