Quantcast
MediaOne Logo

ഇയാസ് ചൂരല്‍മല

Published: 31 Dec 2023 4:33 PM GMT

വായിക്കപ്പെടുന്നതിലൂടെ വീണ്ടും വീണ്ടും പൂര്‍ണതയിലെത്തുന്ന എഴുത്തുകള്‍

എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മനുഷ്യരെ, പ്രകൃതിയെ, സമൂഹത്തെ, അങ്ങനെ ഞാനുമായ് അറിഞ്ഞും അറിയാതെയും ഇടപഴകുന്ന ഓരോന്നിനെ കുറിച്ചും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. | 2023 ബാക്കിവെച്ച എഴുത്ത് വിചാരങ്ങള്‍

വായിക്കപ്പെടുന്നതിലൂടെ വീണ്ടും വീണ്ടും പൂര്‍ണതയിലെത്തുന്ന എഴുത്തുകള്‍ ഇയാസ് ചൂരല്‍മല
X

'The author is dead' എന്ന ഇംഗ്ലീഷ് സാഹിത്യത്തിലെ ആപ്തവാക്യത്തെ എന്നിലേക്ക് തന്നെ പകര്‍ത്തിയെഴുതാന്‍ ശ്രമിച്ചതു കൊണ്ട് തന്നെ പുതിയൊരു വര്‍ഷത്തിലേക്ക് നടന്നു ചെല്ലുന്ന എനിക്ക് ഓര്‍ത്തെടുക്കാനും, ആഹ്ലാദം പങ്കിടാനും പാകത്തില്‍ ഒത്തിരി മനോഹരമായ ചിത്രങ്ങള്‍ എഴുത്തിന്റെ ലോകം സമ്മാനിച്ചുവെന്നതാണ് യാഥാര്‍ഥ്യം. കേവലം എന്നെ വായിക്കുന്നവരെ കേള്‍ക്കാതെയും അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാതെയുമായിരുന്നു ഇന്നുവരെയുള്ള എഴുത്ത് ജീവിതമെങ്കില്‍, ഇന്ന് ഇങ്ങനെ ഒരെഴുത്തുമായ് പോലും എന്നെ വായിക്കുന്ന നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ എഴുത്തുകള്‍ വായിച്ചും അവയെ തിരുത്തിയും വെട്ടിയും കൂടെ നിന്ന അനേകം മനുഷ്യരിലൂടെ മാത്രമേ ഇന്നും എന്റെ എഴുത്തുക്കള്‍ക്ക് പരിപൂര്‍ണ്ണ ജീവനുള്ളൂ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. എന്നു കരുതി ഏതൊരു അഭിപ്രായത്തെയും ഇടം വലം നോക്കാതെ വിഴുങ്ങാറുമില്ല.

കേവലം എന്തെങ്കിലും ചിലത് എഴുതുക എന്നതായിരുന്നില്ല ലക്ഷ്യം. എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്ന മനുഷ്യരെ, പ്രകൃതിയെ, സമൂഹത്തെ, അങ്ങനെ ഞാനുമായ് അറിഞ്ഞും അറിയാതെയും ഇടപഴകുന്ന ഓരോന്നിനെ കുറിച്ചും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊരുപക്ഷെ തെരുവിനെ കുറിച്ചോ, സ്‌നേഹത്തെ കുറിച്ചോ, കടലിനെ കുറിച്ചോ അങ്ങനെയങ്ങനെ. അവ എഴുതിയ കഥയിലൂടെയോ കവിതയിലൂടെയോ ആവാം. അവ പ്രതിഷേധാത്മകമോ, വര്‍ണ്ണനീയാമോ, അതിനപ്പുറത്തേക്കുള്ള എന്റെ മനോഹരമായ ഒരു വായനയോ ആയിരുന്നു എന്ന് വേണം പറയാന്‍. എന്റെ എഴുത്ത് എന്നുള്ളത് ഒരുപാട് കാലത്തെ പരിശ്രമത്തിന്റെ ആകെ തുകയൊന്നുമല്ല. ചുരുങ്ങിയ കാലം കൊണ്ട് മുളച്ചുപൊന്തിയ ഒത്തിരി കാലത്തെ വായനയുടെ സത്തയാണ്.

ഓരോ വായനയും അനേകായിരം ചിന്തകളിലൂടെയാണ് കൊണ്ട് പോയത്. കേവലം ഒരു വായനക്കാരന്‍ എന്ന നിലയില്‍ നിന്നും മാറി ഓരോ വായനയെയും എന്റെ എഴുത്തുക്കള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന രീതിയിലേക്ക് വായന മാറിയിരുന്നു.

ആരുടെയും അനുവാദം കൂടാതെ തന്നെ നാം എഴുതിയത് പ്രസിദ്ധപ്പെടുത്താന്‍ ഇടങ്ങളുള്ള ഇന്നത്തെ കാലത്ത് ആ ഇടങ്ങളിലൂടെ തന്നെയായിരുന്നു ആദ്യത്തെ എഴുത്തു സഞ്ചാരം. അവിടെ നിന്നും രൂപപ്പെട്ടു വന്ന സൗഹൃദങ്ങളിലൂടെയും ഇടങ്ങളിലൂടെയും വീണ്ടും വീണ്ടും എഴുത്തിനെ ഞാന്‍ വികസിപ്പിക്കുകയായിരുന്നു. ഇപ്പോഴും എഴുത്തുകള്‍ ഓരോന്നും ആദ്യം വായിക്കുന്നതും അഭിപ്രായങ്ങള്‍ നല്‍കുന്നതും ഈ ഇടങ്ങളിലുള്ള എന്റെ വായനക്കാര്‍ തന്നെയാണെന്ന് ഞാന്‍ സന്തോഷത്തോടെ പറയുന്നു. എങ്കിലും ചില സമയങ്ങളില്‍ ഈ ഇടങ്ങള്‍ തന്നെ നമ്മെ വല്ലാതെ ആക്രമിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്. ഒഡീഷ്യയിലെ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് എഴുതിയ കവിതയുടെ കമന്റ് ബോക്‌സില്‍ നിറഞ്ഞ തെറിവിളികളെയും അപഹാസ്യങ്ങളെയും ഇപ്പോഴും ഓര്‍ക്കുന്നു.

എഴുത്തിലൂടെ ഒഴുകുമ്പോള്‍ എനിക്ക് തുഴഞ്ഞു നീങ്ങാന്‍ ഇതിനോടകം തന്നെ മൂന്നു പുസ്തകങ്ങള്‍ കൂട്ടിനുണ്ട്. എഴുത്തച്ഛന്‍ മലയാള സമിതിയുടെ പ്രത്യേക ഉപഹാരത്തിന് അര്‍ഹത നേടിയതിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ചുരുളുകള്‍ എന്ന കഥാസമാഹാരമാണ് അതില്‍ ആദ്യത്തേത്. എല്ലാം തികഞ്ഞു പാകമായവയല്ലെങ്കിലും കേരളീയ രാഷ്ട്രീയം മുതല്‍ നമ്മുടെ വീടിന്റെ അകത്തളം വരെ ആ കഥാസമാഹാരത്തില്‍ ചെറിയ രൂപത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ചില ധാരണകളെ തിരുത്താനും അവയെല്ലാം വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്നും പറയാനുമുള്ള ചെറിയൊരു ശ്രമമായിരുന്നു 'ഒന്നല്ല രണ്ടാണ്' എന്ന കവിതാസമാഹാരം. എത്രത്തോളം വിജയിച്ചു എന്നറിയില്ല. എങ്കിലും, ആ പുസ്തകത്തിലൂടെ എന്നെ വായിച്ച ചില മനുഷ്യരിലൂടെ ഞാന്‍ പറഞ്ഞു വെച്ചത് തന്നെയാണ് ശരി എന്ന് അറിയാന്‍ കഴിഞ്ഞതിനോളം മറ്റെന്തു സന്തോഷമാണ് എനിക്ക് വേണ്ടത്. എന്നാല്‍, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ് ഞാനും എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരി ആരിഫ അബ്ദുല്‍ ഗഫൂറും തമ്മില്‍ നടത്തിയ കവിതകളിലൂടെയുള്ള ഒരു സംസാരമാണ് മൂന്നാമത്തെ പുസ്തകമായ 'നൂലു കോര്‍ക്കുന്ന വിധം'. ഇതിനപ്പുറത്തേക്ക് എന്റേതുമാത്രമല്ലാത്ത ഒത്തിരി ഇടങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിക്കാനും ഞാന്‍ പോലും അറിയാത്ത ഒത്തിരി വായനക്കാരിലൂടെ വായിക്കപ്പെടാനും കഴിഞ്ഞു എന്നതും എന്നിലെ ഈ വര്‍ഷത്തെ വസന്തങ്ങളാണ്.


വായനയിലൂടെയുള്ള സഞ്ചാരമാണല്ലോ എഴുത്തിനെ മൂര്‍ച്ച കൂട്ടുന്നതും, ഭാഷ ശുദ്ധി നല്‍കുന്നതും, കൂടുതല്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കുന്നതും. അതുകൊണ്ട് തന്നെ തൊട്ടടുത്ത വര്‍ഷങ്ങളെക്കാള്‍ എന്റെ വായനയും അല്‍പ്പം വിപുലമായിരുന്നു എന്ന് തന്നെ പറയാം. വ്യത്യസ്തമായ ധാരാളം എഴുത്തുകാരിലൂടെ ഒരു ഓട്ടപ്രതിക്ഷണം തന്നെ നടത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പുതുമുഖ എഴുത്തുകാരെയും വായനയില്‍ ഉള്‍പെടുത്താന്‍ വലിയ രീതിയില്‍ ശ്രമം നടത്തിയിട്ടുണ്ട്. ദസ്തയേവ്‌സ്‌കി മുതല്‍ മുഹമ്മദ് അബ്ബാസ് വരെ നീളുന്നതാണ് വായനയുടെ ദൂരം. ഈ ദൂരത്തില്‍ അഗതാ ക്രിസ്റ്റിയെയും ടി.ഡി രാമകൃഷ്ണനെയും എടുത്തുപറയാതെ വെയ്യ. കൂടെ അഖില്‍ പി. ധര്‍മജനെന്ന യുവ എഴുത്തുകാരനെയും.

ഓരോ വായനയും അനേകായിരം ചിന്തകളിലൂടെയാണ് കൊണ്ട് പോയത്. കേവലം ഒരു വായനക്കാരന്‍ എന്ന നിലയില്‍ നിന്നും മാറി ഓരോ വായനയെയും എന്റെ എഴുത്തുക്കള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന രീതിയിലേക്ക് വായന മാറിയിരുന്നു. എന്നല്ല, വായനക്കപ്പുറം സംഭാഷണങ്ങളും യാത്രകളും യാത്രയിലെ കാഴ്ചകളും ഓരോ ഇടപെടലുകളും മാറിയിരുന്നു എന്ന് പറയുന്നതാവും സത്യം. എഴുതാന്‍ തുടങ്ങിയതിലൂടെ എന്നില്‍ പോലും പല പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു എന്ന് തന്നെ പറയാം.

ഇനിയുമുണ്ട് വായിക്കാന്‍ ആഗ്രഹിക്കുന്ന അനേകം എഴുത്തുകളും എഴുത്തുകാരും, കൂടാതെ എനിക്കൊപ്പം എഴുതിയ ഒത്തിരി പ്രിയപെട്ടവരുടെ പുസ്തകങ്ങള്‍ക്കായ് കാത്തിരിക്കുന്നുമുണ്ട്. നാം വായിക്കുമ്പോഴാണല്ലോ നമ്മെയും വായിക്കപ്പെടുക. സാഹചര്യങ്ങള്‍ പലപ്പോഴും വായനയെ അകറ്റി നിര്‍ത്താന്‍ പറയാതെ പറയുമ്പോഴും ഇത്തിരി ഇടവേളകളില്‍ പോലും വായിക്കാന്‍ ശ്രമിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, വായനയുടെ ആഴം ചിലപ്പോഴെങ്കിലും എനിക്ക് എന്റെ എഴുത്തുകളിലും കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ്.

പുതിയൊരു വര്‍ഷത്തിലേക്ക് നടന്നു കയറുമ്പോള്‍ ചില മുതല്‍ക്കൂട്ടുകള്‍ കയ്യില്‍ ഭദ്രമാക്കിയിട്ടുണ്ട്. ഇന്നലകളില്‍ നിന്നും സ്വരുക്കൂട്ടി വെച്ച ഒത്തിരി എഴുത്തുക്കളും അനുഭവങ്ങളും ഇനിയുള്ള എന്റെ ഓരോ ചലനങ്ങളിലും പങ്ക് ചേരും. കൂടാതെ ഒത്തിരി കാലമായ് ആഗ്രഹിക്കുന്ന ചില എഴുത്തുകളോടും, പുസ്തകങ്ങളോടും കൂടിയാവും പുതിയ ദിനങ്ങളെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. കൂടാതെ എന്നെ തിരുത്താനും ചെത്തി മിനുക്കി മനോഹരമാക്കാനും കഴിയുന്ന ഒത്തിരി നന്മയുള്ള സൗഹൃദങ്ങളോടും കൂടിയാവും എന്ന് പ്രത്യാശിക്കുകയാണ്. എവിടെയും എത്തിയിട്ടില്ലന്ന് ഉറച്ച വിശ്വാസത്തോടെ ചിലതെല്ലാം നേടിയെടുക്കണമെന്നുള്ള ഉറച്ച തീരുമാനത്തോടെ ഞാന്‍ എന്റെ ഈ യാത്ര തുടരുകയാണ്.

TAGS :