മലപ്പുറത്തിന്റെ ആരോഗ്യരംഗം; തെറ്റിദ്ധരിപ്പിക്കുന്നവരോട്...
150 മുതൽ 300 ഏക്കർ വരെ സ്ഥലത്ത് മറ്റു ജില്ലകളിൽ മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് 23 ഏക്കറിലാണ്.

കേരളത്തിൽ പുതുതായി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ 202 തസ്തികകൾ ഉണ്ടാക്കിയപ്പോൾ, അതിൽ കേവലം നാലെണ്ണം മാത്രമാണ് മലപ്പുറം ജില്ലക്ക് അനുവദിച്ചത്. ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയവർക്ക് നേരെ കള്ളപ്രചാരണം നടത്തിയെന്ന് ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ അനിൽകുമാർ അടക്കം രംഗത്ത് വന്നിരുന്നു .
കാലങ്ങളായി മലപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വികസന വിവേചനത്തിനെതിരെ ശബ്ദമുയരുമ്പോഴൊക്കെയും സിപിഎം നേതൃത്വം അതിനുനേരെ നിസ്സംഗമായ മൗനം പാലിക്കാറായിരുന്നു പതിവ്. ഇപ്പോൾ അനിൽകുമാർ അടക്കം ഇങ്ങനെയെങ്കിലും ഇതിനെ അഡ്രസ്സ് ചെയ്യാൻ കാണിച്ച സന്മനസ്സിന് ആദ്യമേ നന്ദി പറയട്ടെ. തദ്ദേശ തെരഞ്ഞെടുപ്പാനന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റം അഭിനന്ദനീയമാണ്.
2023ൽ മഞ്ചേരി മെഡിക്കൽ കോളേജിലും ഇതുപോലെ തസ്തികകൾ അനുവദിച്ചിട്ടുണ്ട് എന്നാണ് അനിൽകുമാറടക്കം ഉന്നയിക്കുന്നത് . മഞ്ചേരി മെഡിക്കൽ കോളേജിന് അനുവദിച്ച തസ്തികകളുടെ എണ്ണം പറയുന്നവരോട്, തിരിച്ചൊന്നു ചോദിക്കട്ടെ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മറ്റു മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തസ്തികകളുടെ എണ്ണം അവർക്ക് ഇതുപോലെ പറയാൻ സാധിക്കുമോ? ഞാൻ ഉറപ്പിച്ചു പറയുന്നു അത് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് നിങ്ങൾ അനുവദിച്ച തസ്തികളെക്കാൾ എത്രയോ കൂടുതലായിരിക്കും!
മലപ്പുറത്ത് ആകെ ഉണ്ടായിരുന്ന ഒരു ജനറൽ ഹോസ്പിറ്റലിനെ വിഴുങ്ങി സ്ഥാപിക്കപ്പെട്ട മഞ്ചേരി മെഡിക്കൽ കോളേജിനെ മുൻനിർത്തി ഒരു ഡിബേറ്റിന് സിപിഎം നേതൃത്വത്തെ വെല്ലുവിളിക്കുകയാണ്. 150 മുതൽ 300 ഏക്കർ വരെ സ്ഥലത്ത് മറ്റു ജില്ലകളിൽ മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് 23 ഏക്കറിലാണ്.
മൂന്നുദിവസം ജനറൽ ഹോസ്പിറ്റൽ OPയും മൂന്നുദിവസം മെഡിക്കൽ കോളേജ് OPയുമായി പ്രവർത്തിക്കുന്ന ഏതെങ്കിലും മെഡിക്കൽ കോളേജ് കേരളത്തിലെവിടെയെങ്കിലും കാണിച്ചു തരാൻ ആർക്കെങ്കിലും സാധ്യമാണോ?
മെഡിക്കൽ കോളേജ് വരുമ്പോൾ മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ തന്നെ ഇല്ലാതാവുന്നത് മലപ്പുറത്ത് മാത്രം കാണുന്ന പ്രതിഭാസമാണ്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേതടക്കം 852 ബെഡ്ഡുകൾ ഉണ്ടായിരുന്ന ജനറൽ ഹോസ്പിറ്റലിൽ മെഡിക്കൽ കോളേജ് വന്നപ്പോൾ അത് 500 എണ്ണമായി ചുരുങ്ങി. മെഡിക്കൽ കോളേജ് വന്നതോടുകൂടി ജനറൽ ഹോസ്പിറ്റൽ സാങ്കേതികമായി ഇല്ലാതായതിനാൽ ജനറൽ ഹോസ്പിറ്റലിനുള്ള സൂപ്പർ സ്പെഷാലിറ്റി തസ്തികകൾ ജില്ലക്ക് ലഭിച്ചില്ല.പൊന്നാനിയിൽ ഒരു 'അമ്മയും കുഞ്ഞും' ഹോസ്പിറ്റൽ കൊണ്ടുവന്നതാണ് വലിയ നേട്ടമായി ചിലർ പറയുന്നത്.
മഞ്ചേരിയിൽ മെഡിക്കൽ കോളേജ് വരുന്നതിനു മുൻപ് തന്നെ, മലപ്പുറത്തെ ജനങ്ങൾ ഓട്ടോ തൊഴിലാളികളിൽ നിന്നും കുട്ടികളിൽനിന്നുമടക്കം പിരിവെടുത്ത് ബിൽഡിംഗ് നിർമിച്ച് 350 കിടക്കകളുള്ള ഒരു അമ്മയും കുഞ്ഞും ഹോസ്പിറ്റൽ സ്ഥാപിച്ചിരുന്നു. ആ ബിൽഡിങ്ങാണ് ഇപ്പോൾ മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ആയി പ്രവർത്തിക്കുന്നത്. എന്നിട്ട് അതിൻ്റെ പകുതി പോലും ബെഡുകളില്ലാത്ത ഒരു ഹോസ്പിറ്റൽ അനുവദിച്ചത് വലിയ നേട്ടമായി പറയുന്നതിൽ കാര്യമില്ല. ഇനി പറയുന്നതുപോലെ ഇപ്പോൾ അനുവദിച്ച 202 തസ്തികകൾ ഇല്ലാത്തിടത്തേക്ക് അനുവദിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചത് എങ്കിൽ നമുക്ക് മുൻകാലങ്ങളിൽ അനുവദിച്ച നിയമനങ്ങളുടെ കണക്കുകൾ ഒന്ന് പരിശോധിക്കാം.
2017ൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെൻ്റ് സംസ്ഥാനത്തൊട്ടാകെ 281 ഡോക്ടർമാരെ നിയമിച്ചപ്പോൾ [ഉത്തരവ് നമ്പർ 136/2017] അതിൽ 13 എണ്ണമാണ് മലപ്പുറത്തിന് കിട്ടിയത്. ഇതേ ഉത്തരവ് പ്രകാരം 344 ടെക്നിക്കൽ സ്റ്റാഫുകളെയും മറ്റു സ്റ്റാഫുകളെയും നിയമിച്ചപ്പോൾ അതിൽ 16 പേരെയാണ് മലപ്പുറത്ത് കിട്ടിയത്. ആരോഗ്യക്ഷേമ വകുപ്പ് കോവിഡ് പശ്ചാത്തലത്തിൽ 2019ൽ 374 അസിസ്റ്റൻറ് സർജന്മാരെ നിയമിച്ച് ഉത്തരവിറക്കിയപ്പോൾ [ഉത്തരവ് നമ്പർ 171/2019] അതിൽ 28 പേരാണ് മലപ്പുറത്തിന് ലഭിച്ചത്.
തിരുവനന്തപുരം 35, കൊല്ലം 33, തൃശ്ശൂർ 34, കണ്ണൂർ 46 എന്നിങ്ങനെ തസ്തികകൾ അനുവദിച്ചപ്പോഴാണ് 48 ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്ന മലപ്പുറത്ത് 28 പോസ്റ്റുകൾ മാത്രം അനുവദിച്ചത്. ഇതേ ഉത്തരവുപ്രകാരം കേരളത്തിൽ 400 നേഴ്സിങ് സ്റ്റാഫുകളെ അനുവദിച്ചപ്പോൾ 30 എണ്ണമാണ് മലപ്പുറത്തിന് നൽകിയത്. പാലക്കാട് 48, കോഴിക്കോട് 35, കണ്ണൂർ 59 എന്നിങ്ങനെ അനുവദിച്ചപ്പോഴാണ് മലപ്പുറത്തോട് ഈ വിവേചനം. 200 ലാബ് ടെക്നീഷ്യന്മാരെ അനുവദിച്ചപ്പോൾ മലപ്പുറത്തിന് കിട്ടിയത് 16 പേർ. എറണാകുളം 19, തൃശ്ശൂർ 22, കണ്ണൂർ 30 എന്നിങ്ങനെയാണ് ഈ ജില്ലകൾക്ക് അനുവദിച്ചത്.
93/2020 ഉത്തരവുപ്രകാരം 26 അസിസ്റ്റൻ്റ് സർജന്മാരെ നിയമിച്ചതിൽ രണ്ടുപേരാണ് മലപ്പുറത്തുള്ളത്. മലപ്പുറത്തിന്റെ ജനസംഖ്യ കൂടി പരിഗണിക്കുമ്പോഴാണ് ഈ വിവേചനത്തിന്റെ ഭീകരത നമുക്ക് ബോധ്യപ്പെടുക. ബിൽഡിങ്ങുകൾ വരുന്നതും അറ്റകുറ്റപണികൾ നടത്തുന്നതുമൊക്കെ നേട്ടമായി പറയുന്നത് കേട്ടാൽ തോന്നുക ഇതു മലപ്പുറത്ത് മാത്രം നടക്കുന്ന വികസന പ്രവർത്തനമാണ് എന്നാണ്. കേരളത്തിൽ പലയിടത്തും സർക്കാർ ഹോസ്പിറ്റലുകൾ പൊളിഞ്ഞുവീണ് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ എല്ലായിടത്തും നടക്കുന്ന അറ്റകുറ്റപ്പണികളും ബിൽഡിങ്ങുകളുടെ നിർമ്മാണവും മാത്രമേ മലപ്പുറത്തും നടക്കുന്നുള്ളൂ.
കേരളത്തിൻ്റെ Bed Population Ratio 852 ആണ്. എന്നാൽ മലപ്പുറത്തത് 2054 ആണ്. കഴിഞ്ഞ 10 വർഷം കൊണ്ട് ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഇടതുപക്ഷ സർക്കാറിന് സാധിച്ചിട്ടുണ്ടോ? കേരളത്തിലെ ശിശു മരണ നിരക്കിന്റെ നാലിലൊന്നും, മാതൃമരണ നിരക്കിന്റെ അഞ്ചിലൊന്നും നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണം. 48 ലക്ഷം ജനങ്ങൾ താമസിക്കുന്ന ഒരു ജില്ലയിൽ പൂർണ്ണാർത്ഥത്തിൽ പ്രവർത്തിക്കുന്ന ഒരു ജനറൽ ഹോസ്പിറ്റൽ പോലുമില്ല എന്നു പറയുമ്പോൾ വിവേചനത്തിന്റെ അടയാളമായി ഇതിനപ്പുറം എന്താണ് വേണ്ടത്?
ബോർഡിൽ മാത്രം ഉണ്ടായിരുന്ന മെഡിക്കൽ കോളേജിനെ മെഡിക്കൽ കോളേജാക്കി മാറ്റി എന്ന് പറയുമ്പോൾ, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനുള്ള ഒരു ഹോസ്പിറ്റലായി മാത്രമേ ഞങ്ങൾ മലപ്പുറത്തുകാർക്ക് ഇത് അനുഭവപ്പെടുന്നുള്ളൂ എന്നതാണ് യാഥാർത്ഥ്യം. സിപിഎം ഇപ്പോൾ മലപ്പുറത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്, ഒരു ഭാഗത്ത് വികസനത്തിന്റെ വിഭവങ്ങൾ പങ്കുവെക്കുന്നതിൽ വലിയ വിവേചനം കാണിക്കുകയും, അതോടൊപ്പം സംഘപരിവാറിനോടൊപ്പം നിന്ന് മലപ്പുറത്തെ അപരവൽക്കരിക്കുക എന്ന വംശീയ അജണ്ട നടപ്പാക്കുകയുമാണ്.
കേരളത്തിൽ നിലനിൽക്കുന്ന ഇസ്ലാമോഫോബിയ അന്തരീക്ഷത്തിൽ ഈ അനീതിയൊന്നും ചോദ്യം ചെയ്യപ്പെടില്ല എന്ന ഉറപ്പുണ്ടായിരുന്നു സിപിഎമ്മിന്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ഇടതുപക്ഷത്തെ നിരാകരിച്ചതിന്റെ കലിപ്പ് തീർക്കലാണ് പുതിയ നിയമനത്തിൽ കാണിച്ച ഈ ഭീകര വിവേചനം എന്ന് മനസ്സിലാക്കുന്നതിൽ ആളുകളെ തെറ്റുപറയാൻ പറ്റുമോ? വിയോജിച്ചത് വ്യക്തിയാണെങ്കിൽ 52 വെട്ടിൽ തീർക്കാമായിരുന്നു. പകരം ഇതൊരു ജനതയായതുകൊണ്ട് ഇങ്ങനെയൊക്കെയല്ലേ പറ്റൂ. രണ്ടിലും പ്രവർത്തിക്കുന്നത് ഒരേ മനോഭാവമാണ്.
നിങ്ങൾ കണക്കിന്റെ കൺകെട്ടുകൊണ്ട് യാഥാർത്ഥ്യത്തെ എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും മലപ്പുറത്തിന്റെ പുതിയ തലമുറ ഇത്തരം നീതിനിഷേധങ്ങളെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അധികാരികളോട് ആനുകൂല്യങ്ങൾക്ക് വിധേയപ്പെട്ട് നിന്നല്ല, അവകാശങ്ങൾക്ക് വേണ്ടി പോരാടി തന്നെയാണ് ഞങ്ങൾ ഇതുവരെ എത്തിയത്. അതിനെ നിങ്ങൾ തീവ്രവാദമെന്നോ വർഗീയത എന്നോ, എന്ത് പേരിട്ട് വിളിച്ചാലും, ഇവിടെ ഞങ്ങൾ അവകാശങ്ങൾക്ക് വേണ്ടി ഉറക്കെ ഇനിയും ശബ്ദിച്ചു കൊണ്ടേയിരിക്കും.
