Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 21 Feb 2026 2:59 PM IST

മൈ ബേണിംഗ് മൺസൂൺസ് : ചരിത്രത്തിൽ ഇല്ലാത്തവരുടെ ആത്മകഥകൾ

കല്ലേൻ പൊക്കുടൻ എന്ന മനുഷ്യൻ പുസ്തകമെഴുതുമ്പോഴേക്കും അദ്ദേഹം ഉത്തര മലബാറിലെ പലതരം രാഷ്ട്രീയ വിപ്ലവങ്ങളുടെയും സംഘർഷങ്ങളുടെയും പോരാളിയായിരുന്നു.

മൈ ബേണിംഗ് മൺസൂൺസ് : ചരിത്രത്തിൽ ഇല്ലാത്തവരുടെ ആത്മകഥകൾ
X

ആത്മകഥ എന്ന ആഖ്യായികയുടെ സൃഷ്ടാക്കൾ ആരാണ്? സാമൂഹിക പരിഷ്കർത്താക്കൾ, ചരിത്രകാരന്മാർ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ, ചരിത്രത്തെ വായിച്ചവർ അങ്ങനെ ഒക്കെ ഉള്ളവരായിരിക്കും. ഈ ആത്മകഥകളുടെ സൃഷ്ടാക്കളും നിലനിൽക്കുന്ന സമൂഹങ്ങളും തമ്മിൽ വളരെ വിചിത്രമായ ഒരു കോ റിലേഷൻ അതിൽ നിലനിൽക്കും. സമൂഹത്തിനെ അട്ടിമറിച്ച വിപ്ലവകാരികൾ ആണെങ്കിലും അവരെ നിലനിൽക്കുന്ന സമൂഹം ‘വിപ്ലവകാരികൾ’ എന്ന രീതിയിൽ അംഗീകരിക്കണം.

അരാജക വാദികളെ പോലും സമൂഹം അംഗീകരിക്കണം. ഇതൊരു ലൂപ്പ് ആണ്. ഈ വിചിത്രമായ ഇക്വേഷനെ കുറിച്ച് ആലോചിച്ചാൽ വളരെ രസവുമാണ് കാര്യം. സിസ്റ്റം പേരിട്ട് കൊടുക്കുന്ന, നിർണ്ണയിക്കുന്ന വിപ്ലവകാരികൾ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ, അരാജക വാദികള്‍ അല്ലെങ്കിൽ സമൂഹം സർട്ടിഫൈ ചെയ്യുന്ന ഏതു കോണിൽ നിന്നാണെങ്കിലും ഉയർന്നുവന്നവർ മാത്രം ആത്മകഥ എഴുതിയാൽ മതി എന്നതാണ് ഒരു രീതിയും നിർണ്ണയവും. സമൂഹം എന്ന കീലേരി അച്ചു കെട്ടിപ്പിടിച്ച് നീ കൊള്ളാം, ‘ഇനി നമ്മളെ രണ്ടാളും വെല്ലാൻ ആരുണ്ട് ?’ എന്നു പറയുന്നവർ ആത്മകഥ എഴുതിയാൽ മതി എന്നതാണ് ലൈൻ.

കല്ലേൻ പൊക്കുടൻ എന്ന കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിച്ച പരിസ്ഥിതിക്ക് വേണ്ടി പോരാടിയ മനുഷ്യനെ ആദ്യം മനുഷ്യർ "അയാൾക്ക് പ്രാന്താണ്" എന്നായിരുന്നു സമൂഹം വിളിച്ച് പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുമ്പോൾ "ഒരു പുലയന് ജീവചരിത്രമുണ്ടോ?" എന്ന ഒരു ചോദ്യമാണ് ഉയർന്നുവന്നത്. പുലയന് എന്താ ജീവചരിത്രം ഉണ്ടായികൂടെ ? കല്ലേൻ പൊക്കുടൻ എന്ന മനുഷ്യൻ പുസ്തകമെഴുതുമ്പോഴേക്കും അദ്ദേഹം ഉത്തര മലബാറിലെ പലതരം രാഷ്ട്രീയ വിപ്ലവങ്ങളുടെയും സംഘർഷങ്ങളുടെയും പോരാളിയായിരുന്നു. അപാരമായ ഗംഭീരമായ ഒരു ഉത്തര മലബാറിലെ ഒരു ചരിത്രം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. 1989മുതൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ട മനുഷ്യനായി പിന്നീട് അദ്ദേഹം മാറി. അതിന് ശേഷമാണ് അദ്ദേഹം ആത്മകഥ എഴുതുന്നത്.

പക്ഷെ ഇത്തരം രാഷ്ട്രീയ ചരിത്രം (സമൂഹം നിർണ്ണയിക്കുന്നത്) ഇല്ലാത്ത മനുഷ്യന്മാർ, യാതൊരു വിധ 'സംഭാവനകളും' (സമൂഹം നിർണ്ണയിക്കുന്നത്) നൽകാത്ത മനുഷ്യന്മാരുടെ ജീവിതങ്ങൾ മിക്കവാറും ആഖ്യായികകളിൽ രൂപപ്പെടുന്നത് ഫിക്ഷനുകളായിട്ടാണ്. ഒന്നുകിൽ നോവലുകൾ, ചെറുകഥകൾ, സിനിമകൾ തുടങ്ങിയ രൂപത്തിലൂടെ ഒക്കെ ആയിരുന്നു അവ പുറത്തുവന്നത്. ഇന്ത്യൻ ജാതി വ്യവസ്ഥയിൽ സവർണ്ണർ ആയിരുന്നു മിക്കവാറും ഇത്തരം ആഖ്യായികകൾ രൂപപ്പെടുത്തിയത്. ‘നീ ആത്മകഥ ഒക്കെ എഴുതാറായോ?’ എന്ന ഒരു ചോദ്യം സമൂഹം അപര മനുഷ്യരോടു ഉയർത്തും. ഏതു വിപ്ലവകാരിയായാലും, സമൂഹത്തിനെതിരെ നിൽക്കുന്ന അരാജകവാദിയായാലും, 'നീ എസ്എസ്എൽസി പാസായി, ഞാൻ സർട്ടിഫിക്കറ്റ് തന്നിരിക്കുന്നു' ഇനി നിനക്ക് ആത്മകഥ എഴുതാം എന്നതാണ് ലൈൻ. അങ്ങനെയാണ് ആത്മകഥ എന്നത് നമ്മുടെ സമൂഹത്തിൽ രൂപപ്പെടുന്നത്.

ഇത് പുസ്തകം എന്ന ടൂളും അധികാരവും, അത് നിർമ്മിക്കപ്പെടുന്നതിന്റെ സാമ്പത്തിക ശാസ്ത്രവും, പ്രസാധകതത്വം എന്ന അധികാര വ്യവസ്ഥയും, ആത്മകഥ എന്ന ആഖ്യായിക എഴുതാനുള്ള യോഗ്യതയുടെ മൂല്യ വ്യവസ്ഥയും ഒക്കെ ചേർന്നുള്ള ഒരു വ്യവസ്ഥ കൂടെയാണ്. ഇത് പിന്നീട് പൊളിഞ്ഞടിയുന്നത് സോഷ്യൽ മീഡിയ വ്യാപകമായ 2010ന് ശേഷമുള്ള ഒരു മെറ്റാ മോഡേണിറ്റിയുടെ കാലത്താണ്. ആ കാലത്ത് വ്യവസ്ഥാപിതരായ പ്രിന്റ് എഴുത്തുകാരെയും പുസ്തക എഴുത്തുകാരെയും പൊളിച്ച് കൊണ്ട് നുറുങ്ങു ജീവിതാനുഭവങ്ങൾ എഴുതി ഇടുന്ന ധാരാളം ‘സാധാരണ’ മനുഷ്യർ ഉയർന്നുവന്നു.

അതിൽ ദളിതർ, ആദിവാസികൾ, അപര ലൈംഗികതയിലെ മനുഷ്യർ, അരിക് ജീവിതങ്ങൾ, അപര ജീവിതങ്ങൾ, അങ്ങനെ പലവിധങ്ങളായ തുറകളിലുള്ള മനുഷ്യർ എഴുതി തുടങ്ങി. അവർ തങ്ങളുടെ ജീവിതത്തെ കുറിച്ച്, കോളനികളെ കുറിച്ച്, ആഹാരത്തെ കുറിച്ച്, ഭൂമിയെ കുറിച്ച്, ഭൂമിശാസ്ത്രത്തെ കുറിച്ച്, വസ്ത്രത്തെ, റിലേഷനെ, സെക്ഷ്വലിറ്റിയെ കുറിച്ച് എല്ലാം എഴുതി തുടങ്ങി. ആത്മകഥാപരമായ ആഖ്യായികകളുടെ രൂപം തന്നെ അട്ടിമറിഞ്ഞു തുടങ്ങി. പുസ്തകത്തിൽ വളരെ 'എസ്റ്റാബ്ലിഷ്ഡ്' ആയ മനുഷ്യരുടെ ആത്മകഥ വായിച്ച സമൂഹത്തിനെ അട്ടിമറിച്ച് കൊണ്ട് ഓർകുട്ടിലെയും ഫേസ്ബുക്കിലെയും നുറുങ്ങു ആത്മകഥ കുറിപ്പുകൾ രേഖകളായി മാറിത്തുടങ്ങി. ഇത് വായനയുടെ പ്രിന്റ് വ്യവസ്ഥയെ അട്ടിമറിച്ച് കൊണ്ട് ഒരു ഡിജിറ്റൽ പരിണാമത്തിലേക്ക് ഉയർന്നുവന്നു. വായനയുടെ പുസ്തകം എന്ന ടൂൾ എന്നതിനും അപ്പുറം ഡിജിറ്റൽ വായനകളിലൂടെ ഒരു പോസ്റ്റ് മോഡേൺ പരിണാമം വായനയുടെ സ്വഭാവത്തിൽ ഉയർന്നുവന്നു.

ഇത്തരം ഒരു ചരിത്ര പശ്ചാത്തലത്തിലാണ് ഒന്നിപ്പ് എന്ന ഓൺലൈൻ മാഗസിനിൽ രജനി പാലാമ്പറമ്പിൽ എന്ന, സമൂഹം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, സമൂഹത്തിന്റെ രാഷ്ട്രീയ, ആക്ടിവിസ്റ്റ്, പ്രമുഖ വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഒന്നും പെടാത്ത ഒരു സാധാരണ സ്ത്രീ 'ആ നെല്ലി മരം പുല്ലാണ്' എന്ന ഒരു ആത്മകഥാപരമായ കുറിപ്പ് എഴുതുന്നത്. സമൂഹത്തിന്റെ എല്ലാ വിപ്ലവ നിര്‍വചനങ്ങളുടെ യോഗ്യതകൾക്കും പുറത്തായിരുന്നു രജനി എന്ന സ്ത്രീ. പക്ഷേ ആ ‘നെല്ലി മരം പുല്ലാണ്’ എന്ന എഴുത്ത് കേരളം നിർമ്മിച്ച് വെച്ച ഒരു അശ്ലീലപരതയിൽ കുടികൊള്ളുന്ന നൊസ്റ്റാൾജിയയുടെ മോന്തക്കിട്ട് പൊട്ടിച്ച പൊട്ടിക്കൽ ആയിരുന്നു.

നിങ്ങൾ നിങ്ങളുടെ സ്കൂളിലേക്ക് പോയി ആ പഴയ നെല്ലിമരം ഒന്ന് കൂടി ഉലർത്തുന്ന നൊസ്റ്റാൾജിയയുടെ തീരത്ത് ജീവിക്കുന്നവർ ആണെങ്കിൽ ഇവിടെ കറുത്ത നിറമുള്ള, കോളനികളിൽ നിന്ന് സ്കൂളിൽ പോയ, സ്റ്റൈപ്പൻഡ് വാങ്ങുന്നതിലും മറ്റും നിരന്തരം ജാതി വിവേചനം അനുഭവിച്ച പല മനുഷ്യരും, പ്രത്യേകിച്ച് പെൺകുട്ടികളും ഇവിടെ ജീവിച്ചിരുന്നു എന്ന് തുറന്നെഴുതിയ ലേഖനം ആയിരുന്നു 'ആ നെല്ലിമരം പുല്ലാണ്' എന്നത്. ഈ ഒരു തലക്കെട്ട് തന്നെ കേരളത്തിന്റെ റൊമാന്റിക് നൊസ്റ്റാൾജിയയുടെ മോന്തക്കിട്ട് കിട്ടിയ അടി ആയിരുന്നു.

കേരളത്തിന്റെ ക്ലാസിക് ആയ ഒരു കവിയുടെ, ഒഎൻവി കുറുപ്പിന്റെ 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന.....തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലി മരമൊന്നു ഉലർത്തുവാൻ മോഹം' എന്ന കൾട്ടിനെ ആണ് 'ആ നെല്ലിമരം പുല്ലാണ്' എന്ന ടൈറ്റിൽ തകർത്തു തരിപ്പണമാക്കിയത്. ആ ‘തിരുമുറ്റത്ത്’ പിൻബെഞ്ചിൽ ഇരിക്കുന്ന ദളിത് പെൺകുട്ടികൾക്ക് ഒന്നും വലിയ സ്ഥാനമുണ്ടായിരുന്നില്ല; അവർക്ക് തിരിച്ചു പോയി നെല്ലി മരം ഉലർത്താനുള്ള വലിയ ഓർമ്മകൾ ഒന്നും നിലനിന്നിരുന്നില്ല പ്രിയപ്പെട്ട കവി എന്ന് വിളിച്ച് പറഞ്ഞ ഒരു ലേഖനം ആയിരുന്നു അത്. ആ ഒരു ലേഖനത്തോടെ പലരും കേരളത്തിന്റെ നൊസ്റ്റാൾജിയയെ ഡിജിറ്റൽ ലോകത്ത് പിന്നീട് അപനിർമ്മിക്കുവാനും തുടങ്ങി. ഇത് ചെയ്തത് സമൂഹം യാതൊരു വിധത്തിലും അംഗീകരിക്കാത്ത രജനി എന്ന ഒരു സാധാരണ സ്ത്രീ ആയിരുന്നു.

ഈ ലേഖനത്തോടെ, അതിന് അപര മനുഷ്യരിൽ ലഭിച്ച സ്വീകാര്യതയാണ്, പിന്നീട് അവരെ 'ആ നെല്ലിമരം പുല്ലാണ്' എന്ന ആത്മകഥ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആ പുസ്തകം കേരളത്തിന് പുറത്തുനിൽക്കുന്ന മാന്ത്രികമായ ഒരു മാജിക്കൽ റിയലിസ്റ്റിക് ലോകത്തെ രജനി പാലാമ്പറമ്പിൽ തുറന്നു വെച്ചു. ജന്മിത്ത്വത്തിന് കീഴിലെ ജീവിതം, അടിമജീവിതം, ജന്മികളുമായുള്ള ഭൂമിക്കു മുകളിലുള്ള സംഘർഷം, അച്ഛന്റെ അടക്കമുള്ള മന്ത്രവാദ ജീവിതങ്ങൾ, കോളനികളിലെ ഒലിച്ചുവീഴുന്ന കൂരയ്ക്കു കീഴിലെ കവിത എഴുത്തുകൾ, റൊമാന്റിക് ജീവിതങ്ങൾ, കാലിച്ചന്തകൾക്കിടയിലൂടെ ഉള്ള സ്കൂളിലേക്കുള്ള പോക്ക്, രാവിലെ എഴുന്നേൽക്കുമ്പോൾ കണി കാണുന്ന പലരുടെയും, അങ്ങനെ അപരമായ കേരളീയ നൊസ്റ്റാൾജിയയ്ക്ക് പുറത്തുള്ള ഒരു ലോകം രജനി പാലാമ്പറമ്പിൽ തുറന്നു വെച്ച് കൊണ്ട് കേരളത്തെ ഞെട്ടിച്ചു.

അത് ചെയ്തത് അന്ന് വരെ കേരളം ശ്രദ്ധിക്കാത്ത വെറും സാധാരണക്കാരിയായ ഒരു പാരലൽ കോളേജിൽ പഠിപ്പിച്ച് ജീവിതമാർഗം കണ്ടെത്തിയ, രണ്ടു മക്കളെ പോറ്റിയ ഒരു സ്ത്രീയായിരുന്നു എന്നതാണ്. എംഎ വരെ പഠിച്ച, ബിഎഡ് വരെ പഠിച്ച സാധാരണക്കാരിയായ, സമൂഹത്തിന്റെ സർട്ടിഫിക്കറ്റ് നേടാത്ത, സമൂഹത്തിന് ഒന്നും 'സംഭാവന' നൽകാത്ത സ്ത്രീ അങ്ങനെ ഒരു അട്ടിമറി നടത്തി. 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകം പുതിയ ഒരു കേരളത്തിന്റെ മാജിക്കൽ ലോകം തുറന്നു വിട്ടു. അതിന്റെ ഭൂതത്തെ പേടിച്ച് പലരും വായപൊത്തി നൈസായി പലരും സ്കൂട്ട് ആയി അല്ലെങ്കിൽ മിണ്ടാതിരുന്നു.

ഈ പുസ്തകം ഇറങ്ങിയതോടുകൂടി രജനി പാലാമ്പറമ്പിലിനെ സമൂഹം ഈ പുസ്തകം സൃഷ്ടിച്ച ആൾ എന്ന രീതിയിൽ അംഗീകരിക്കുന്നതാണ് അടുത്ത ഒരു തമാശ. ഒരു ദലിത് സ്ത്രീയുടെ ജീവിതം കേരളം സ്വീകരിക്കപ്പെടണമെങ്കിൽ, ചർച്ച ചെയ്യണമെങ്കിൽ, അവരുടെ നിത്യജീവിതത്തിലെ സ്ട്രഗിളിന് പിന്നാലെ അവർ പുസ്തകം എഴുതണം എന്നതാണ് ഒരു കോമിക്കൽ പാരഡോക്സ്. ഏതായാലും ഈ പുസ്തകം ആത്മകഥയുടെ ഗ്രാമറിന്റെ താളം തെറ്റിച്ചു.

ഏതു സാധാരണക്കാരിയായ ദലിത് സ്ത്രീക്കും ജീവിതമുണ്ടെന്നും ആ ജീവിതം ഇനി ആർക്കും വേണമെങ്കിലും എഴുതാം എന്നുള്ള എഴുത്തിനെ കുറിച്ചുള്ള ഡി-കൺസ്ട്രക്ഷൻ അവർ രൂപപ്പെടുത്തി. എഴുത്തിന്റെ 'നെല്ലി മരങ്ങളുടെ' അധികാരം വെറും 'പുല്ലാണ്' എന്ന് അവരുടെ പുസ്തകത്തിലൂടെ അവർ തെളിയിച്ചു. അവരുടെ ആത്മകഥ പിന്നീട് എം ജി യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമായി മാറി. സമൂഹം എന്ന കെട്ടിപ്പിടിക്കുന്ന കീലേരി അച്ചു ഉയർന്നു. രജനിയെ 'നീ കൊള്ളാം' എന്ന് പറഞ്ഞു അംഗീകരിച്ചു. ആ കെട്ടിപ്പിടുത്തം ഒരു ധൃത രാഷ്ട്ര ആലിംഗനം ആണ് എന്നത് വേറെ കാര്യം.

കേരളത്തിന്റെ വായനയിൽ, ആത്മകഥ എന്ന ആഖ്യായികയിൽ വലിയ അട്ടിമറി നടത്തിയ 'ആ നെല്ലി മരം പുല്ലാണ്' എന്ന പുസ്തകം ഇനി ഇംഗ്ലീഷിൽ പുറത്തിറങ്ങുകയാണ്. ലോകത്ത് കേരളത്തിലെ ജാതി വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായി പലതരം ബ്ലാക്ക് ലിറ്ററേച്ചറുകളും ബ്ലാക്ക് ഓട്ടോബയോഗ്രഫികളും ബ്ലാക്ക് സിനിമകളും എല്ലാം വായനയുടെയും കാഴ്ചകളുടെയും പലതരം അട്ടിമറികൾ നടത്തിയിട്ടുമുണ്ട്. ഈ പുസ്തകം ട്രാൻസ്ലേറ്റ് ചെയ്യപ്പെടുന്നതോടുകൂടി മലയാളം എന്ന ലിമിറ്റഡ് സ്ഫിയറിൽ നിന്നും വ്യത്യസ്തമായ തുറവിയുള്ള ഒരു ലോകത്ത് കേരളം എന്ന ജിയോഗ്രഫിയെ കുറിച്ച് വേറെ ഒരു തരത്തിലുള്ള വായന രൂപപ്പെടുമെന്നുള്ള ഒരു പ്രതീക്ഷ കൂടെ ഉണ്ട്.

‘മൈ ബേണിങ് മൺസൂൺ’ എന്ന തലക്കെട്ട്, 'ആ നെല്ലി മരം പുല്ലാണ്' എന്നത് പോലെ തന്നെ മഴക്കാലത്തെ കുറിച്ചുള്ള കാഴ്ചകളെ ഒരു ദലിത് സ്ത്രീയുടെ നോട്ടങ്ങളിലൂടെ ചിലപ്പോൾ അട്ടിമറിച്ചേക്കാം. ലോകത്ത് രൂപപ്പെടുന്ന ടൂളുകളുടെ ഡിജിറ്റൽ ലോകത്തെ വായനയുടെ പലതരം അട്ടിമറിയുടെ കാണികളിൽ 'മൈ ബേണിങ് മൺസൂൺ' എന്ന പുസ്തകവും ഒരു കണ്ണിയായേക്കാം. ചിലപ്പോൾ ചരിത്രവും.

TAGS :