Quantcast
MediaOne Logo

ലെനിന്‍ സുഭാഷ്

Published: 2 April 2026 1:27 PM IST

'പോരാട്ടത്തിന്റെ കടലിരമ്പം'- ഒരു സമരജീവന്റെ അടയാളപ്പെടുത്തൽ

സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യം കിട്ടി അവകാശങ്ങൾ നേടിയെടുത്ത് അവയെല്ലാം സൗകര്യപൂർവം മറന്ന് സ്വസ്ഥരായ ഏതൊരാളും തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് 'പോരാട്ടത്തിന്റെ കടലിരമ്പം'.

പോരാട്ടത്തിന്റെ കടലിരമ്പം- ഒരു സമരജീവന്റെ അടയാളപ്പെടുത്തൽ
X

ഏത് ജീവചരിത്രത്തിനും പൊതുവിൽ ചില സ്വഭാവ സവിശേഷതകൾ ഉണ്ടാകും. വ്യക്തി കേന്ദ്രീകൃതമായ സംഭവങ്ങളുടെ വികാസമായിരിക്കും അതിന്റെ നരേഷൻ. പല ജീവചരിത്രങ്ങളും സമൂഹത്തിന് വലിയ ഉൾക്കാഴ്ച തന്നിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഒരാളുടെ ജീവിതം പറയുമ്പോൾ അയാൾ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ജീവിതവും ജീവിത സമരങ്ങളും ഇഴപിരിക്കാനാവാത്ത വിധം ഉൾച്ചേർന്ന് വരുന്നത് അപൂർവമാണ്. അത്തരമൊരു ജീവചരിത്ര പുസ്തകമാണ് പോരാട്ടത്തിന്റെ കടലിരമ്പം. മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്ററിനെക്കുറിച്ചുളള ഈ പുസ്തകം പീറ്ററിനെ അടയാളപ്പെടുത്തുന്നതിനേക്കാൾ അദേഹം ഉൾപ്പെട്ട, നേതൃത്വം നൽകിയ, തികഞ്ഞ ബോധ്യത്തോടെ സമവായത്തിലെത്തിയ സമരങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ഈ പുസ്തകം വായിച്ചു കഴിഞ്ഞ ഓരോ വായനക്കാരനും പറയും അത് തന്നെയാണ് പീറ്ററണ്ണനും ആഗ്രഹിച്ചിട്ടുണ്ടാവുക.

ഏതൊരു കോണിലുമുള്ള അനീതി ലോകത്തെമ്പാടുമുള്ള നീതിയ്ക്ക് ഒരു വെല്ലുവിളിയാണ് എന്ന് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1963 ൽ അദേഹത്തിന്റെ ബർമിംഗ്ഹാം ജയിലിൽ നിന്നുള്ള കത്ത് എന്ന ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. അനീതി സൃഷ്ടിക്കുന്ന നിയമങ്ങൾ ലംഘിക്കാൻ ഏതൊരാൾക്കും ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നും കിംഗ് അതേ ലേഖനത്തിൽ പറയുന്നുണ്ട്. തീർച്ചയായും ടി.പീറ്ററെന്ന മത്സ്യത്തൊഴിലാളി നേതാവിന്റെ ജീവിതത്തോട് ചേർത്ത് വായിക്കാവുന്ന ഉദ്ധരണിയാണിത്. ജീവിത സമരമെന്നതിനേക്കാൾ സമര ജീവിതമാണ് ടി.പീറ്ററിനുണ്ടായിട്ടുള്ളത്. സമരസപ്പെടാതെ അനീതികളോട് നിരന്തരം പടവെട്ടിക്കൊണ്ടിരുന്ന മനുഷ്യനായിരുന്നു പീറ്റർ. തീരദേശത്തെ പ്രശ്നം മാത്രമല്ല അനീതിയുടെ നിഴൽ വീണ സൈലന്റ് വാലിയിലും കൂടങ്കുളത്തും പീറ്ററിന്റെ സമര ജീവൻ പറന്നെത്തും. അത് സമരങ്ങളിലൂടെ ജീവൻ നിലനിർത്തിയ ഒരാത്മാവായിരുന്നു.

വരണ്ട വിവരണങ്ങൾ ഒഴിവാക്കി ഫിക്ഷനോളം ചെന്ന ആഖ്യാനശൈലിയാണ് കെ.സജിമോൻ ഈ പുസ്തകത്തിന്റെ രചനയിൽ സ്വീകരിച്ചിട്ടുള്ളത്. അവതാരികയിൽ ടി.ടി ശ്രീകുമാർ പറയുന്നത് പോലെ അത് ഈ പുസ്തകത്തെ വായനാക്ഷമമാക്കുന്നു. 27 അധ്യായങ്ങളിലായി പരന്ന് കിടക്കുകയാണ് കർമനിരതമായ ആ ജീവിതം. ആദ്യ അധ്യായങ്ങളിൽ ടി.പീറ്റർ എങ്ങനെ പൊതുരംഗത്തേയ്ക്ക് കടന്നുവന്നു എന്നതിന്റെ വിവരണമാണ്.

കടലിനോട് മല്ലിട്ടും കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റിയും നടന്നിരുന്ന ചെറുപ്പക്കാരനായിരുന്നു ടി.പീറ്റർ. എന്നാൽ സഹജീവി സ്നേഹത്തിന്റെ ഒടുങ്ങാത്ത വേലിയേറ്റം അയാളെ മഥിച്ചിരുന്നു. ആ ഉൾവിളിയാണ് ക്ലബുകളിലൂടെ ഹാസ്യഭവനിലൂടെ തീരത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്കും പതുക്കെ മത്സ്യത്തൊഴിലാളിയുടെ സമരജീവിതത്തിലേക്കും അയാളെ വലിച്ചിട്ടത്. സമരങ്ങളെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു അധ്യായംപോലും ഈ പുസ്തകത്തിലില്ല. അങ്ങനെ പറയുന്നതിനേക്കാൾ ശരി മത്സ്യത്തൊഴിലാളിയുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാത്ത ഒരു അധ്യായവും ഈ പുസ്തകത്തിലില്ല എന്ന് പറയുന്നതാകും. ഇന്നും തീരാത്ത പ്രശ്നങ്ങളിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന സമൂഹത്തിന്റെ നേതാവിന്റെ കഥപറയുന്ന പുസ്തകത്തിൽ അങ്ങനെയല്ലെങ്കിലേ അത്ഭുതമുള്ളൂ.

ഒരിക്കൽ അച്ചൻപട്ടത്തിന് പോകാനുള്ള അവസരം പീറ്ററിനെ തേടിയെത്തിയിരുന്നു. അന്നത്തെ സ്ഥിതിയിൽ മികച്ച ജീവിതത്തിനും വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഉന്നമനത്തിനും അതൊരു മികച്ച തീരുമാനമാകുമായിരുന്നു. എന്നാൽ പീറ്ററിന്റെ നിയോഗം അതല്ലെന്ന് അറിഞ്ഞോ അറിയാതെയോ അദേഹത്തിന്റെ അമ്മ തന്നെ ആ അവസരം വേണ്ടെന്ന് വെച്ചു. മത്സ്യത്തൊഴിലാളികളെന്ന വലിയ കൂട്ടത്തെ നയിക്കുന്ന ഇടയനാകാനായിരുന്നു പീറ്ററിന്റെ വിധി. പീറ്ററിലേക്ക് സമര വീര്യം വരുന്നതിന്റെ പശ്ചാത്തലം വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. അത് തീർത്തും ഉദ്വേഗജനകവും നമ്മുടെ രക്തം തിളപ്പിക്കുന്നതുമാണ്. ഒരു സർക്കാർ പദ്ധതി വേളിയിലെ ജനങ്ങളെ എങ്ങനെ സാരമായി ബാധിച്ചു.

ജനങ്ങളുടെ നിരക്ഷരത എങ്ങനെ സർക്കാരും പള്ളിക്കാരും ചൂഷണം ചെയ്തു എന്ന് അത് വായിക്കുമ്പോൾ വ്യക്തമാകും. വിക്രം സാരാബായ് സ്പേസ് സെന്ററിന്റെ സ്ഥലമേറ്റെടുപ്പ് നടന്നത് പീറ്റർ ജനിക്കുന്നതിനും കാലങ്ങൾക്ക് മുന്നെയായിരുന്നു. സർക്കാർ പദ്ധതിയായിട്ടുപോലും മത്സ്യത്തൊഴിലാളികൾ കബളിപ്പിക്കപ്പെട്ടു എന്ന ഈ കഥകൾ കേട്ടാണ് പീറ്ററിന്റെ ബാല്യകാലം കഴിഞ്ഞ് പോയത്. കാന്തികഭൂമധ്യരേഖയ്ക്ക് സമീപമുള്ള സ്ഥലം എന്ന നിലയിലാണോ അതോ എളുപ്പം ഒഴിപ്പിക്കാൻ കഴിയുന്ന സ്ഥലം എന്ന നിലയ്ക്കാണോ സ്പേസ് സെന്ററിനായുള്ള സ്ഥലമായി വേളിയെ തെരഞ്ഞെടുത്തതെന്ന ഗൗരവതരമായ മറുചിന്ത അക്കാലത്ത് ആർക്കും തോന്നിയിരുന്നില്ല.കാരണം പീറ്ററിനെപ്പോലെ വേഗത്തിൽ ചിന്തിക്കുകയും ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയുകയും ചെയ്തിരുന്ന ഒരു നേതാവ് ആ സമയത്ത് വേളിയിൽ ഉണ്ടായിരുന്നില്ല.

പള്ളിയും ബിഷപ്പും പറയുന്നിടത്ത് നിൽക്കുന്ന പാവങ്ങളായിരുന്നു അമ്പതുകളിലെ മത്സ്യത്തൊഴിലാളികൾ. വിഎസ്എസ് സിയിലേക്കുള്ള സമരത്തിനിടയ്ക്ക് പൊലീസ് വെടിവെയ്പ്പുണ്ടാകുകയും ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ചെയ്തിട്ടും ആ സ്ഥാപനം പതിവുപോലെ പ്രവൃത്തിക്കുകയും സമൂഹം മൗനം അവലംബക്കുകയും ചെയ്തു എന്ന് ആ അധ്യായത്തിന്റെ ഒടുക്കും പറയുന്നുണ്ട്. ഇത്ര വർഷങ്ങൾക്ക് ശേഷം

വായിക്കുന്നവർക്കു തന്നെ അതിലെ അനീതിയുടെ ആഴം മനസിലാക്കാനാകും അപ്പോൾ അവിടെ ജനിച്ച് വളർന്ന പീറ്ററിന്റെ കാര്യം പറയാനുണ്ടോ. കുടുംബത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്ന രണ്ട് അധ്യായങ്ങളേ ഈ പുസ്തകത്തിലുള്ളൂ.ആഖ്യാനത്തിന്റെ മികവ്കൊണ്ട് അവ വളരെ ഹൃദയസ്പർശിയാണ്.

പള്ളിയിലെ അൾത്താര ബാലൻ,സെന്റ് തോമസ് ഗ്രന്ഥാലയത്തിന്റെ ചുമതലക്കാരൻ,ഹാസ്യഭവന്റെ സംഘാടകൻ എന്നിങ്ങനെ തന്റെ സാമൂഹികവും സാംസ്കാരികവുമായ ജീവിതം പീറ്റർ പടിപടിയായാണ് കെട്ടിപ്പടുത്തത്.അതിനിടയിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരത്തിനും പീറ്റർ പ്രത്യേക പരിഗണന കൊടുത്തിരുന്നു.കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ അവയെ അപഗ്രഥിക്കാനും ഉടൻ പരിഹാര മാർഗങ്ങൾ ഉപദേശിക്കാനും കഴിവുള്ളയാളാണ് പീറ്ററെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.

വിഎസ്എസ് സി സമരം പീറ്ററിന്റെ കാലത്തും തുടരുകയായിരുന്നു.പകരം വീട്, തൊഴിൽ തുടങ്ങിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാത്തതിനാൽ വേളിക്കാർ അന്നും അർദ്ധ പട്ടിണിക്കാരായിരുന്നു.അവരെ ജോലിക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വേളി വെൽഫയർ അസോസിയേഷന് വേണ്ടി പീറ്ററും മറ്റൊരു നേതാവായ അംബുജനും നടത്തിയ ഒരു ഇടപെടൽ വിവരിക്കുന്നുണ്ട് ഒരധ്യായത്തിൽ.വിഎസ്എസ് സി കൺട്രോളർ പി എം നായരെ ചെന്നു കണ്ടപ്പോൾ അദേഹം കാണിച്ച അവജ്ഞയും പിന്നീട് ജില്ലാ കളക്ടർ വിജയന്റെ ഭാഗത്തു നിന്നുണ്ടായ അധിക്ഷേപവും സത്യത്തിൽ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയുടെ കൃത്യമായ ചിത്രമായിരുന്നു.ആവശ്യങ്ങൾ നടക്കണമെങ്കിൽ തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ വേണമെന്ന് ഒരു ഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നു തന്നെ അഭിപ്രായം ഉണ്ടായപ്പോൾ അതിനെ എതിർത്ത് സംഘടനാ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പീറ്റർ ചെയ്യത്.ഒരു ട്രേഡ് യൂണിയനിസ്റ്റിന്റെ പ്രവർത്തന മേഖലയോടുള്ള കൂറായി നമുക്കിത് മനസിലാക്കാം.

യന്ത്രവത്കൃത ബോട്ടുകളുടെ കടന്നുവരവും അവയുടെ ആർത്തിപൂണ്ട മത്സ്യബന്ധനവും അക്ഷരാർത്ഥത്തിൽ തീരത്തെ ഭീതിയുടെ നിഴലിൽ ആക്കിയിരുന്നു.ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്ന സാധാരണ മത്സ്യത്തൊഴിലാളി വിത്തെടുത്തുണ്ണുന്ന സ്വഭാവം ഒരിക്കലും കാണിച്ചിരുന്നില്ല.എന്നാൽ യന്ത്രങ്ങളെപ്പോലെ മനസുള്ളവർക്ക് കടലിന്റെ മിടിപ്പ് അറിയാതെ പോയി.പീറ്ററിന്റെ സമരങ്ങളിൽ വലിയൊരു ശതമാനവും ട്രോളിംഗ് നിരോധനത്തിനും യന്ത്രവത്കൃത ബോട്ടുകളുടെ അക്രമാസക്തമായ മത്സ്യബന്ധനത്തിനും എതിരെയായിരുന്നു.ബോട്ടുകൾ കത്തിക്കുന്ന തീവ്രതയിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു.എന്നിരുന്നാലും സർക്കാരും ബോട്ടുടമകളുമായും നിരന്തരം ചർച്ചകളും സംവാദങ്ങളും നടത്താൻ പീറ്റർ മറന്നില്ല.ചെറിയ തോതിലാണെങ്കിലും മാറി മാറി വന്ന സർക്കാരുകൾക്ക് മത്സ്യത്തൊഴിലാളികളുടെ ശബ്ദം കേൾക്കേണ്ടതായി വന്നു.ഈ സമരങ്ങളിലെല്ലാം സ്വന്തം കുടുംബത്തെക്കൂടി ഉൾപ്പെടുത്തി സമരവേദിയെ തന്റെ വിശാലമായ കുടുംബമാക്കി മാറ്റുകയാണ് പീറ്റർ ചെയ്തത്.എത്ര സമരനായകൻമാർ അത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചാൽ പീറ്ററെന്ന ജനകീയ നേതാവിന്റെ മഹത്വം വെളിവാകും.

ഒരു കാലഘട്ടം വരെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ക്രിസ്ത്യൻ സഭയ്ക്കായിരുന്നു നേതൃപരമായ പങ്ക്.ലത്തീൻ കത്തോലിക്ക ഫിഷർമെൻ ഫെഡറേഷൻ തെക്കൻ കേരളത്തിൽ സജീവമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു.തിരുവനന്തപുരം മത്സ്യത്തൊഴിലാളി യൂണിയനുമായാണ് പീറ്റർ ചേർന്ന് നിന്നിരുന്നത്.പിന്നീട് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി സംഘടിക്കാൻ തീരുമാനിച്ചപ്പോൾ പേരൊരു പ്രശ്നമായി,ലത്തീൻ കത്തോലിക്ക എന്ന പേര് സംഘടനാ പേരിനൊപ്പം വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ സംഘടനയുടെ വികാസം ലക്ഷ്യമിട്ടിരുന്ന പീറ്ററിനെപ്പോലുള്ളവർ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്ന പേരിനൊപ്പം ഉറച്ചുനിന്നു.അത് കുറച്ചുകാലത്തേക്ക് അസ്വാരസ്യം ഉണ്ടാക്കിയെങ്കിലും വിവിധ മതവിഭാഗങ്ങൾ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് സംഘടനയുടെ പേരും മതേതരമായിരിക്കണം എന്ന വാദം തന്നെയായിരുന്നു ശരി.കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനായിരുന്നു പിന്നീട് ഈ മേഖലയിലെ സമരങ്ങളുടെ ചുക്കാൻ പിടിച്ചത്.പീറ്ററിനെപ്പോലുള്ള പുരോഗമനവാദികളുടെ ഇടപെടൽ അതിലുണ്ടായിരുന്നു.

ശാസ്ത്ര സങ്കേതങ്ങൾ തീരത്തെത്തിടും മുമ്പേ,ആഴിശാസ്ത്രങ്ങൾ പഠിച്ചു മീൻപിടിക്കുന്നോർ, ഇ ജി പീറ്ററെന്ന കവിയെഴുതി.കടലിനെ അറിഞ്ഞവനാണ് മത്സ്യത്തൊഴിലാളി.കടലിൽ മത്സ്യങ്ങൾക്ക് പുറമെ നിരവധി സസ്യ ജന്തുജാലങ്ങൾ ഉണ്ട്.അവയ്ക്ക് വരുന്ന ചെറിയ മാറ്റങ്ങൾ പോലും പ്രകൃതിയുടെ സൂചനകളാണ്.ഇത്തരത്തിൽ തലമുറകളായി കൈമാറിയതും തന്റെ ജിജ്ഞാസ കാരണം പഠിച്ചെടുത്തതുമായ കടലറിവുകൾ ശാസ്ത്രലോകവുമായി പങ്കുവെയ്ക്കുന്നതിന് പീറ്റർ വലിയ താൽപര്യം കാണിച്ചു.അവതാരികയിൽ ടി ടി ശ്രീകുമാർ തന്നെ അക്കാര്യം വെളിപ്പെടുത്തുന്നുണ്ട്.ഇത്തരത്തിൽ കടലിനെ നിരന്തരം അടുത്തറിയുന്ന മത്സ്യത്തൊഴിലാളിയുടെ അറിവിനെ വേണ്ട വിധത്തിൽ നമ്മുടെ ശാസ്ത്രലോകം ചൂഷണം ചെയ്തോ എന്ന് സംശയമാണ്.

നീറുന്ന പ്രശ്നങ്ങളുമായി നടക്കുന്നൊരാൾ എന്നാണ് കളിയാക്കി പലരും പീറ്ററിനെക്കുറിച്ച് പറയാറുള്ളത്.ആസിയാൻ കരാറായാലും,കൂടങ്കുളത്തെ പ്രശ്നമായാലും,പ്ലാച്ചിമടയിലെ കുടിവെള്ള ചൂഷണമായാലും പീറ്ററിനറിയാം അതെല്ലാം താഴെ തട്ടിലുള്ളവരെയാണ് ഏറ്റവും ബാധിക്കുകയെന്ന്.അതുകൊണ്ടുതന്നെ ആ പ്രതിരോധ സമരങ്ങളിലെല്ലാം മത്സ്യത്തൊഴിലാളിയെ പ്രതിനിധീകരിച്ച് പീറ്റർ പങ്കെടുക്കുമായിരുന്നു എന്ന് വായിച്ചപ്പോൾ പീറ്ററെന്ന സാമൂഹ്യജീവിയുടെ മനസിന്റെ ആഴം തൊട്ടറിയാനായി.

സാധാരണക്കാരന്റെ പ്രശ്നം നിലനിൽപ്പാണ് അത് ലോകത്തിന്റെ എവിടെയായാലും അതിന് വേണ്ടി അവൻ സമരം ചെയ്യേണ്ടിവരുമെന്ന് തീർച്ചയാണ്.അതുകൊണ്ട് തന്നെയാണ് ദേശീയ തലത്തിൽ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിലും പിന്നീട് ആഗോളതലത്തിൽ വേൾഡ് ഫിഷ് വർക്കേഴ്സ് ആന്റ് ഫിഷ് ഹാർവസ്റ്റേഴ്സ് ഫോറത്തിലും പീറ്റർ സജീവമായി ഇടപ്പെട്ടുകൊണ്ടിരുന്നത്.എന്നാൽ അകാലത്തിലെത്തിയ മരണം ഏറെക്കാലം മത്സ്യത്തൊഴിലാളികളുടെ സമരോർജമാകുമായിരുന്ന ആ സ്രോതസ്സിനെ കെടുത്തിക്കളഞ്ഞു.

കുടുബസ്ഥനെന്ന നിലയിൽ മൃദുവായ ഓർമ്മകൾ സ്വന്തം കുടുംബത്തിന് നൽകാൻ പീറ്ററിന് കഴിഞ്ഞിട്ടുണ്ടാവില്ല എന്ന് ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ നമുക്ക് ബോധ്യപ്പെടും.ആയുസിന്റെ വലിയൊരു ഭാഗം സമരങ്ങളുടെ തീജ്വാലയിൽ ഹോമിച്ച ഒരു മനുഷ്യന് അത് സാധ്യമല്ലല്ലോ.വീട്ടിൽ ആർക്കെങ്കിലും അസുഖം വന്നാൽ ഇന്ന് സമരത്തിന് ഒരാൾ കുറയുമല്ലോ എന്നാവും പീറ്റർ ആലോചിക്കുക എന്ന് ഈ പുസ്തകത്തിൽ പറയുന്നുണ്ട്.അലകൾ എന്ന മാഗസിന്റെ എഡിറ്ററായുള്ള തിരക്കും പീറ്ററിനുണ്ടായിരുന്നു.വേണമെങ്കിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് സീറ്റ് തരപ്പെടുത്തി ഒരു ജനപ്രതിനിധിയാകാൻ ഒരു പ്രയാസവുമില്ലാത്ത ഒരു മനുഷ്യൻ എന്റെ ജനത്തിൻ കഷ്ടതകൾ ഞാൻ കണ്ടു,എന്റെ ജനത്തിൻ കരച്ചിൽ ഞാൻ കേട്ടു എന്ന വാക്കുകൾ ഹൃദയമന്ത്രമാക്കി ഓടി നടന്നതിന്റെ ചരിത്രമാണ് ഈ പുസ്തകം.

ഇനിയും വിജയിച്ചിട്ടില്ലാത്ത സമരങ്ങളുടെ പ്രവാഹത്തെ ആവാഹിക്കാൻ ഒരുമ്പെട്ട പീറ്ററണ്ണന്റെ ജീവിതമാണ് ഈ പുസ്തകം. പറഞ്ഞ് പറഞ്ഞ് നമ്മുടെയുള്ളിൽ നാം പേറുന്ന സ്വാർത്ഥ ജീവിതത്തോട് അവജ്ഞ പെരുപ്പിക്കുന്ന മാജിക് പീറ്ററണ്ണന്റെ കഥയ്ക്കുണ്ട്.ഇങ്ങനെ ചില മനുഷ്യരുടെ സാമൂഹ്യ ഇടപെടലാണ് ഈ സ്വാർത്ഥതയുടെ ലാബിരിന്തിനുള്ളിൽ ജീവശ്വാസത്തിന്റെ ചെറുദ്വാരങ്ങൾ സൃഷ്ടിക്കുന്നത്. ഇനിയുമവസാനിച്ചിട്ടില്ലാത്ത മത്സ്യത്തൊഴിലാളികളുടെ ജീവിത സമരത്തിനെ കൃത്യമായി അടയാളപ്പെടുത്താൻ ഈ പുസ്തകത്തിനായി. മാത്രമല്ല യൂണിയൻ കൊണ്ടുവന്ന മാറ്റങ്ങളും അതിനവർ സഹിച്ച ത്യാഗങ്ങളും പുസ്തകം വിശദമായി വിവരിച്ചു. കേവലം വ്യക്തി കേന്ദ്രീകൃതമാക്കാതെ ഒരു സമൂഹത്തിന്റെ കഥ ചാരുതയോടെ പറയാൻ എഴുത്തുകാരനായി. സമരങ്ങളുടെ ഫലമായി സ്വാതന്ത്ര്യം കിട്ടി അവകാശങ്ങൾ നേടിയെടുത്ത് അവയെല്ലാം സൗകര്യപൂർവം മറന്ന് സ്വസ്ഥരായ ഏതൊരാളും തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് 'പോരാട്ടത്തിന്റെ കടലിരമ്പം'.

TAGS :