സാങ്കേതിക വിദ്യയും ജനാധിപത്യവും: സഞ്ചാർ സാഥി വിവാദം നൽകുന്ന പാഠങ്ങൾ
സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം റഷ്യയുടെ 'മാക്സ് മെസഞ്ചർ' പരീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ്. 2025 സെപ്റ്റംബറിൽ റഷ്യ തങ്ങളുടെ പൗരന്മാരുടെ ഫോണുകളിൽ സ്വന്തം മെസഞ്ചർ ആപ്പ് അടിച്ചേൽപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ സൈബർ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'സഞ്ചാർ സാഥി' (Sanchar Saathi) പ്ലാറ്റ്‌ഫോം സമീപകാലത്ത് വലിയ ചർച്ചകൾക്കും നയപരമായ മാറ്റങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത്.
രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ ആപ്പ് നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നും പഴയ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ഇത് ലഭ്യമാക്കണമെന്നും 2025 നവംബറിൽ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്ന് ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് മാറ്റി. സഞ്ചാർ സാഥി പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് നിർബന്ധമല്ലെന്നും, ആപ്പ് ഉപയോഗിക്കുന്നത് ഉപയോക്താവിന്റെ താൽപ്പര്യത്തിന് വിടുന്നതായും സർക്കാർ പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധരിൽ നിന്നും മറ്റും ഉയർന്ന കടുത്ത വിമർശനങ്ങളാണ് സർക്കാരിനെ ഈ പിന്നോട്ട് പോക്കിന് പ്രേരിപ്പിച്ചത്.
സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കം റഷ്യയുടെ 'മാക്സ് മെസഞ്ചർ' പരീക്ഷണത്തെ ഓർമ്മിപ്പിക്കുന്നതാണ്. 2025 സെപ്റ്റംബറിൽ റഷ്യ തങ്ങളുടെ പൗരന്മാരുടെ ഫോണുകളിൽ സ്വന്തം മെസഞ്ചർ ആപ്പ് അടിച്ചേൽപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും സഞ്ചാർ സാഥിയും
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുവരികയാണ്. സൈബർ അടിയന്തര പ്രതികരണ സംഘമായ CERT-In റിപ്പോർട്ട് പ്രകാരം, 2023-ൽ 15.9 ലക്ഷമായിരുന്ന സൈബർ കേസുകൾ 2024-ൽ 20.4 ലക്ഷത്തിലധികമായി ഉയർന്നു. ഈ സാഹചര്യത്തിലാണ് സൈബർ തട്ടിപ്പുകൾ തടയാനായി 2023-ൽ ഒരു പോർട്ടലായി സഞ്ചാർ സാഥി പ്രവർത്തനം ആരംഭിച്ചത്. 2025 ജനുവരിയോടെ ഇത് ഒരു മൊബൈൽ ആപ്പായി പരിഷ്കരിക്കപ്പെട്ടു.
സർക്കാർ കണക്കുകൾ പ്രകാരം ഇതിനകം 1.4 കോടി ഉപയോക്താക്കൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 42 ലക്ഷം മോഷ്ടിച്ച ഫോണുകൾ ബ്ലോക്ക് ചെയ്യാനും 26 ലക്ഷം ഫോണുകൾ കണ്ടെത്താനും 1.43 കോടി വ്യാജ കണക്ഷനുകൾ വിച്ഛേദിക്കാനും ഈ സംവിധാനത്തിലൂടെ സാധിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
സഞ്ചാർ സാഥി പോർട്ടലിലൂടെ ഐഎംഇഐ (IMEI) നമ്പർ ഉപയോഗിച്ച് ഹാൻഡ് സെറ്റുകളുടെ ആധികാരികത പരിശോധിക്കാനും, തട്ടിപ്പ് കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും സാധിക്കും. കൂടാതെ, നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്ന് കണ്ടെത്താനും ഈ സംവിധാനം സഹായിക്കുന്നു. സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെല്ലാം ഈ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഔദ്യോഗിക വിവരങ്ങൾ ആക്‌സസ് ചെയ്യാനും വിദേശത്തുനിന്നുള്ള വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ ഉപയോക്താക്കൾക്ക് സൗകര്യമുണ്ട്.
വിവാദമായ ഉത്തരവും സ്വകാര്യതാ ആശങ്കകളും
ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്ക് സുരക്ഷ നൽകുന്ന നടപടികൾ പ്രശംസനീയമാണെങ്കിലും, 2025 നവംബർ 28-ലെ ടെലികോം വകുപ്പിന്റെ ഉത്തരവാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യാനും, ഉപയോക്താവിന് ഇത് നീക്കം ചെയ്യാനോ (Disable) നിയന്ത്രിക്കാനോ അനുവാദം ഉണ്ടാകില്ലെന്നുമായിരുന്നു ഉത്തരവ്. ഒരു സർക്കാർ ആപ്പ് ഇത്തരത്തിൽ നിർബന്ധമാക്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്.
ആപ്പിൾ പോലുള്ള ആഗോള കമ്പനികൾ തേർഡ് പാർട്ടി ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതിനെ എതിർക്കുന്നവരാണ്. എന്നാൽ സുരക്ഷയുടെ പേരിൽ എല്ലാ കമ്പനികൾക്കും ഈ ചട്ടം ബാധകമാക്കാനായിരുന്നു സർക്കാരിന്റെ നീക്കം. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ട് സഞ്ചാർ സാഥി സംശയിക്കപ്പെടുന്നു?
സഞ്ചാർ സാഥി ആപ്പിന് പ്രവർത്തിക്കാൻ ആവശ്യമായ പെർമിഷനുകളെക്കുറിച്ചാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. ഉപയോക്താവിന്റെ സമ്മതമില്ലാതെ തന്നെ ഫോണിലെ എസ്.എം.എസ് (SMS), കോൾ ലോഗുകൾ, സിസ്റ്റം ഫയലുകൾ, ഗാലറിയിലെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആക്സസ് ചെയ്യാൻ ഈ ആപ്പിന് സാധിക്കും. കൂടാതെ ഉപയോക്താവിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയക്കാനുള്ള അനുമതിയും ആപ്പ് തേടുന്നുണ്ട്. ഒരു സുരക്ഷാ ആപ്പിന് ഇത്രയേറെ ആക്സസുകൾ എന്തിനാണെന്ന ചോദ്യമാണ് 'ബിഗ് ബ്രദർ' നിരീക്ഷണത്തെക്കുറിച്ചുള്ള ഭീതി വർദ്ധിപ്പിക്കുന്നത്.
2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് (DPDP) പ്രകാരം വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് അവരുടെ വ്യക്തമായ അനുവാദം ആവശ്യമാണ്. എന്നാൽ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഈ നിയമം ലംഘിക്കപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കോടതി വിധികളും മുൻകാല അനുഭവങ്ങളും
2017-ലെ പ്രശസ്തമായ 'പുട്ടസ്വാമി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ, സ്വകാര്യത എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെട്ട മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. വ്യക്തിഗത ഡാറ്റയെ ബാധിക്കുന്ന സർക്കാരിന്റെ ഏതൊരു നടപടിയും നിയമസാധുത, ആവശ്യകത, ആനുപാതികത എന്നീ മൂന്ന് ഘടകങ്ങൾ പാലിച്ചിരിക്കണം. എന്നാൽ സഞ്ചാർ സാഥിയുടെ കാര്യത്തിൽ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ട ഒരു നിയമത്തിന് പകരം ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ഇസ്രായേൽ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് (Pegasus) എന്ന അത്യാധുനിക സ്പൈവെയർ ഉപയോഗിച്ച്, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ എന്നിവരുൾപ്പെടെയുള്ളവരുടെ ഫോണുകൾ ഇന്ത്യൻ സർക്കാർ അനധികൃതമായി ചോർത്തിയെന്ന ആരോപണമാണ് . വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും ഭീഷണിയുയർത്തിയ ഈ വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി സാങ്കേതിക സമിതിയെ നിയമിച്ചിരുന്നു. ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച കേന്ദ്ര സർക്കാർ, 'ദേശീയ സുരക്ഷ' മുൻനിർത്തി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.
ഭീമ കൊറേഗാവ് കേസിൽ 2018-ൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കൂടിയായ റോണ വിൽസന്റെ ലാപ്ടോപ്പിൽ നിന്നും പിടിച്ചെടുത്ത കത്തുകളാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന പോലീസിന്റെ വാദത്തിന് ആധാരമായത്. എന്നാൽ, അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ 'ആഴ്സണൽ കൺസൾട്ടിംഗ്' (Arsenal Consulting) നടത്തിയ പരിശോധനയിൽ വിൽസന്റെ കമ്പ്യൂട്ടറിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകൾ ബാഹ്യമായി പ്ലാന്റ് ചെയ്തതാണെന്ന് കണ്ടെത്തി. 'നെറ്റിവൈർ' (NetWire) എന്ന മാൽവെയർ ഉപയോഗിച്ച് ഏകദേശം 22 മാസത്തോളം അദ്ദേഹത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടുവെന്നും, അദ്ദേഹം അറിയാതെ തന്നെ 10-ഓളം രേഖകൾ അതിൽ നിക്ഷേപിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തൽ യു.എ.പി.എ (UAPA) ചുമത്തപ്പെട്ട ഈ കേസിലെ തെളിവുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും വലിയ രീതിയിലുള്ള മനുഷ്യാവകാശ ചർച്ചകൾക്ക് വഴിതെളിച്ചതുമാണ്.
ഭരണകൂടത്തിന്റെ മുൻകാല ഇത്തരം നടപടികൾ പൗരന്മാരിൽ സൃഷ്ടിച്ച ഡിജിറ്റൽ അവിശ്വാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമാക്കാനുള്ള പുതിയ നീക്കം. ഡിജിറ്റൽ സുരക്ഷ എന്ന നിഷ്കളങ്കമായ വാദത്തിനപ്പുറം, ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ ഫോണിലെ സകല ആക്സസുകളും ആവശ്യപ്പെട്ടത് ഒരു 'ബിഗ് ബ്രദർ' നിരീക്ഷണ തന്ത്രമാണോ എന്ന സംശയം ബലപ്പെടുത്തി.സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റത്തിനെതിരെ ഉയർന്ന കടുത്ത പ്രതിഷേധങ്ങളെത്തുടർന്ന്, സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഒടുവിൽ പിൻവലിച്ചു.
സാങ്കേതികവിദ്യ പൗരന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുമ്പോൾ, സുരക്ഷയും സ്വകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് ജനാധിപത്യ സർക്കാരുകളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ 'സഞ്ചാർ സാഥി' പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണെങ്കിലും, അത് ഒരിക്കലും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകരുത്. പെഗാസസ് വിവാദവും റോണ വിൽസൺ കേസും നൽകിയ പാഠങ്ങൾ ഡിജിറ്റൽ നിരീക്ഷണങ്ങളെ ഭീതിയോടെ കാണാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നുണ്ട്. സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്നുള്ള സർക്കാരിന്റെ പിൻമാറ്റം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെയും സ്വകാര്യതയെക്കുറിച്ചുള്ള അവബോധത്തിന്റെയും വിജയമാണ്.
ഡിജിറ്റൽ കാലഘട്ടത്തിൽ സർക്കാർ സ്വീകരിക്കുന്ന എല്ലാ സാങ്കേതിക നടപടികളും നിയമപരമായതും സുതാര്യവും ജനാധിപത്യപരവുമായിരിക്കണം. അല്ലാത്തപക്ഷം, സുരക്ഷയുടെ പേരിൽ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ ബാധിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കും. സഞ്ചാർ സാഥി വിവാദം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു അടിസ്ഥാന സത്യത്തെയാണ്: സാങ്കേതികവിദ്യയുടെ പുരോഗതി ഒരിക്കലും ജനാധിപത്യ മൂല്യങ്ങളെ മറികടക്കരുത്. സുരക്ഷയും സ്വാതന്ത്ര്യവും തമ്മിലുള്ള കൃത്യമായ തുലനം ഉറപ്പാക്കുന്നതാണ് ഒരു ആധുനിക ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണം. സുരക്ഷാ സംവിധാനങ്ങൾ സുതാര്യവും നിയമവിധേയവുമാകുമ്പോൾ മാത്രമേ 'ഡിജിറ്റൽ ഇന്ത്യ' എന്ന സ്വപ്നം ജനാധിപത്യത്തിൻ്റെ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാധിക്കൂ.
സഞ്ചാർ സാഥിയുടെ നിലവിലെ കഥ ഒരു ഓർമ്മപ്പെടുത്തലാണ്, സ്വാകാര്യതയും സുരക്ഷയും പരസ്പര വിരുദ്ധമല്ലെന്ന ഓർമപ്പെടുത്തൽ. ഡിജിറ്റൽ സമൂഹത്തിൽ ഡാറ്റ സുരക്ഷ അത്യന്താപേക്ഷിതമാണ്; അതേസമയം, അത്തരം നടപടികൾ സുതാര്യവും ഉത്തരവാദിത്തത്തോടെയാകണമെന്നും ജനാധിപത്യ മൂല്യങ്ങൾ ആവശ്യപ്പെടുന്നു. പുതിയ സാങ്കേതികവിദ്യകളിൽ സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതാണ് പ്രധാനം. ഉദാഹരണത്തിന്, സഞ്ചാർ സാഥിയുടെ ഭാവി പതിപ്പുകൾക്ക് ഡിസൈൻ അനുസരിച്ച് സ്വകാര്യത ഉൾപ്പെടുത്താം: ഡിഫോൾട്ട് ഡാറ്റ ഡിലീഷൻ പോളിസികൾ, കർശനമായ ഡാറ്റ മിനിമൈസേഷൻ, ഉപയോക്തൃ ഡാറ്റ ആവശ്യമില്ലെങ്കിൽ ഓൺ-ഡിവൈസിൽ സൂക്ഷിക്കുന്ന വികേന്ദ്രീകൃത ആർക്കിടെക്ചറുകൾ. സാങ്കേതിക വിദ്യ ജനാധിപത്യത്തെ നിർണ്ണയിക്കുകയല്ല ജനാധിപത്യവൽക്കർ കരിക്കപെട്ട ഒരു സാങ്കേതിക വിദ്യയിലേക്കാണ് നാം മുന്നോട്ട് പോകേണ്ടത്.
