Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 3 April 2026 2:51 PM IST

വാഴ 2: കേരളത്തിൻ്റെ ജെൻ z ഭൂമികയുടെ ഡോക്യുമെൻ്റേഷനുകൾ

കേരള സമൂഹത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ യൂറോപ്പിലേക്ക് പ്രവാസജീവിതത്തിലേക്ക് കടക്കുന്ന ഒരു പുതിയ തലമുറയുടെ ഡോക്യുമെന്റേഷൻ കൂടെയാണ് വാഴ2

വാഴ 2: കേരളത്തിൻ്റെ ജെൻ z ഭൂമികയുടെ ഡോക്യുമെൻ്റേഷനുകൾ
X

കുറച്ച് കാലം മുമ്പ് ഒരു പഠനത്തിനും പ്രസിദ്ധീകരണത്തിനുമായി, എൺപതുകളുടെ ആദ്യം ദലിത് സമൂഹത്തിൽ നിന്നും ദുബായിലേക്ക് പ്രവാസത്തിന് പോയി ജീവിതം കുരുപ്പിടിപ്പിച്ച ഒരു മനുഷ്യനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവാസജീവിത അനുഭവങ്ങളെ കുറിച്ച് അറിയാനായിരുന്നു അത്. പക്ഷേ, അദ്ദേഹത്തിന് അത് സംസാരിക്കാൻ താൽപര്യമില്ലാത്തതുപോലെ തോന്നി. അദ്ദേഹം പറഞ്ഞത് അത്രയും അതികഠിനമായ അനുഭവങ്ങളായിരുന്നു. അന്ന് യൂറോപ്പ് വഴിയായിരുന്നു ദുബായിലേക്കുള്ള വിമാനയാത്ര. ഒരു അഞ്ചാറ് വർഷം മുമ്പ്, മാധ്യമം വാരികയ്ക്ക് വേണ്ടി, കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ഉപരിപഠനത്തിനും ഗവേഷണത്തിനുമായി പോയ കാസറഗോഡുകാരനായ ആദിവാസി യുവാവായ ബിനീഷ് ബാലനെ അഭിമുഖം ചെയ്തിരുന്നു. അദ്ദേഹം തന്റെ യൂറോപ്യൻ ജീവിതം അതിൽ വിവരിക്കുന്നുണ്ട്.

കിടന്നുറങ്ങാൻ ഇടമില്ലാത്തതിനാൽ, തന്റെ കൂട്ടുകാരൻ താമസിക്കുന്ന മറ്റൊരു ഇടത്തേക്ക് ബസിൽ ടിക്കറ്റ് എടുത്ത്, അതിൽ ഉറങ്ങി നേരം വെളുപ്പിച്ചിരുന്ന യൂറോപ്യൻ പ്രവാസത്തെക്കുറിച്ചാണ് അദ്ദേഹം ആ അഭിമുഖത്തിൽ പറയുന്നത്. വാഴ 2 എന്ന സിനിമയിലെ അലൻ, വിനായകൻ എന്നീ രണ്ട് ചെറുപ്പക്കാർ തങ്ങളുടെ യൂറോപ്യൻ പ്രവാസത്തിൽ യുകെയിൽ തങ്ങൾ കണ്ടുമുട്ടാൻ ആറു മൈൽ വീതം നടന്ന് പോകുന്ന സീൻ കണ്ടപ്പോൾ, മേൽ പറഞ്ഞതൊക്കെയാണ് ഓർമ്മ വന്നത്.

കേരള സമൂഹത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ യൂറോപ്പിലേക്ക് പ്രവാസജീവിതത്തിലേക്ക് കടക്കുന്ന ഒരു പുതിയ തലമുറയുടെ ഡോക്യുമെന്റേഷൻ കൂടെയാണ് ഈ സിനിമ. യൂറോപ്പ് എന്നത് ഒരു സ്വപ്നഭൂമികയായപ്പോൾ, അവിടേക്ക് വിദ്യാഭ്യാസവുമായി പുറപ്പെട്ട പുതിയ യുവത്വത്തിന്റെ സാമ്പത്തിക പ്രതിസന്ധി, ഭൗതിക സാഹചര്യങ്ങൾ, മാനസികമായ ഒറ്റപ്പെടലുകൾ, തൊഴിലന്വേഷണങ്ങൾ തുടങ്ങിയവ ഒക്കെ ഗംഭീരമായി ഫിക്ഷനലൈസ് ചെയ്ത് കൊണ്ട് ഡോക്യുമെന്റ് ചെയ്ത ഒരു സിനിമ കൂടെയാണ് വാഴ 2. യൂറോപ്പ് എന്നത് ഒരു ഭൗമശാസ്ത്രപരമായ സ്ഥലം മാത്രമല്ല; അത് ഒരു സാംസ്കാരിക ആഗ്രഹഭൂമികയാണ്. പുതിയ തലമുറകളുടെ “aspiration” എന്നത് വ്യക്തിപരമല്ല, സാമൂഹികമായി നിർമ്മിക്കപ്പെടുന്ന ഒരു ശേഷിയാണ്—അതിന്റെ ദൃശ്യരൂപമാണ് ഈ യൂറോപ്യൻ പ്രവാസ സ്വപ്നം.

ഞങ്ങളുടെ ജീവിതത്തിൽ യൂറോപ്യൻ പ്രവാസം കണ്ടതിന്റെ ഒരു ചരിത്രം 1980കള്‍ക്ക് ശേഷം ആയിരുന്നു തുടങ്ങിയത്. ഞങ്ങൾ അന്ന് ഇടുക്കിയിലെ പീരുമേട് എന്ന സ്ഥലത്തായിരുന്നു ഒരു ഇംഗ്ലീഷ് മീഡിയം ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചത്. ആ സ്കൂളിലെ സവർണ്ണ ക്രിസ്ത്യൻ സമൂഹങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ചേക്കേറുകയായിരുന്നു. അവർക്ക് അതിനുള്ള സാമൂഹികവും സാമ്പത്തികവും ആയ സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതിന് മുമ്പ് തന്നെ തുടങ്ങിയ യൂറോപ്യൻ പ്രവാസത്തിന്റെ ബാക്ക്‌അപ്പ് ഇതിൽ ഉണ്ടായിരുന്നു.

വാഴ 2 എന്ന സിനിമയിൽ വിനായകൻ, അലൻ വിനായകൻ എന്നീ ചെറുപ്പക്കാരുടെ യൂറോപ്യൻ പ്രവാസം, കേരളത്തിലെ മധ്യവർഗ്ഗവും കീഴ്ത്തട്ടിലുള്ള ജീവിതങ്ങളും ഉപേക്ഷിച്ച് യൂറോപ്പിലേക്കു വിദ്യാഭ്യാസവും ജോലിയുമായി പുറപ്പെട്ട ഒരു പുതിയ സാഹചര്യത്തെ വരച്ചിടുന്നു. അവരുടെ നിറംപിടിപ്പിച്ച സ്വപ്നങ്ങളോടൊപ്പം, അവർ അത്തരം പ്രവാസങ്ങളിൽ അനുഭവിക്കുന്ന പ്രതിസന്ധികളും കൂടി വിഷ്വലൈസ് ചെയ്യുന്ന ഒരു ചരിത്രരേഖ കൂടിയാണ് ഈ സിനിമ.പഴയ ഗൾഫ് പ്രവാസം സാമ്പത്തിക രക്ഷയുടെ ഒരു മാതൃകയായിരുന്നെങ്കിൽ, പുതിയ യൂറോപ്യൻ പ്രവാസം ഒരു “സെൽഫ് മേക്കിങ് പ്രോജക്ട്” ആയി മാറുക കൂടെ ആണ് —ജീവിതം പുനർനിർമ്മിക്കാനുള്ള ശ്രമം.

കൊട്ടി ഘോഷിച്ച കേരളത്തിന്റെ പുരോഗതിയും വിദ്യാഭ്യാസവുമൊക്കെ പതിനേഴാം വയസ്സിൽ തന്നെ കൈവിടുന്ന ഒരു പുതിയ തലമുറയും ഇതിലുണ്ട്. ഈ സിനിമയിൽ, ജീവിതം കുരുപ്പിടിപ്പിക്കാൻ മാത്രം അല്ല, കേരളീയ സമൂഹത്തിലെ സദാചാര അമ്മാവൻ റഡാറുകളിൽ നിന്ന് രക്ഷപെട്ട് കുതറി ഓടാനുള്ള കൗമാരങ്ങളുടെ ഒരു ചാട്ടവും ഇത്തരം പ്രവാസങ്ങളായി അവതരിപ്പിക്കുന്നു.മിഷേൽ ഫൂക്കോ പറയുന്ന പോലെ, കുടുംബവും വിദ്യാഭ്യാസ സംവിധാനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ഒരു “ഡിസിപ്ലിനറി ഗേസ്” ന്റെ പുറത്തേക്ക് ഒഴിഞ്ഞോടാനുള്ള ഒരു വഴി കൂടിയാണ് ഈ പ്രവാസം. അത് പല സാംസകാരീകതകളിൽ പല വിധത്തിൽ പ്രവർത്തിക്കുന്നു.

അതേസമയം, മറ്റൊരു വശത്ത് അജിൻ എന്ന ചെറുപ്പക്കാരന്റെ പുതിയകാലത്തെ ദുബായ് എന്ന ഗൾഫ് മേഖലകളിലേക്കുള്ള പ്രവാസവും ഈ സിനിമ കാണിച്ചുതരുന്നു. ഗൾഫിലെ ഒരു റൂമിൽ വെച്ച്, രവീന്ദ്രൻ അവതരിപ്പിക്കുന്ന മോഡേൺ ആകാൻ ശ്രമിക്കുന്ന, മദ്യപിക്കാൻ ‘ക്ലാസ്’ എടുക്കുന്ന പഴയ തലമുറയിലെ ഒരു റോക്കിങ് ‘ഷോ-ഓഫിനെ’ അജിൻ എന്ന ചെറുപ്പക്കാരൻ എടുത്ത് അലക്കുന്നുണ്ട്. കെമിക്കൽ സബ്സ്റ്റൻസ് ഉപയോഗിച്ച് അതിന്റെ സദാചാര ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, ഒരു പാകതയിൽ ജീവിതം തിരിച്ചു പിടിക്കാൻ ദുബായിൽ എത്തിയ അജിൻ എന്ന ചെറുപ്പക്കാരനെ മദ്യപിപ്പിക്കാൻ നടത്തുന്ന ശ്രമവും ആണ് ദുബായി പ്രവാസം.

അജിൻ എന്ന പുതിയ തലമുറയെ “വഴിതെറ്റാൻ” പഠിപ്പിക്കുന്ന അമ്മാവന്മാരെ ഭേഷായി ഈ സീനുകൾ നന്നായി കളിയാക്കുന്നുമുണ്ട്. ഈയിടെ ഒരു കോളേജ് അധ്യാപികയായ ഒരു സുഹൃത്ത് അവരുടെ പ്രതിസന്ധിയെ കുറിച്ച് പറയുന്നുണ്ട്. കുട്ടികൾ മദ്യപ്പിക്കുക ആണോ അതോ കെമിക്കൽ സബ്സ്റ്റൻസാണോ ഉപയോഗിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രതിസന്ധി പുതിയ അധ്യാപകരിൽ ഉണ്ട്. അധ്യാപകർക്ക് അവരോടു എങ്ങനെ പെരുമാറണം എന്നതിൽ യാതൊരു ധാരണയും ഇല്ല. അവർ ഇപ്പോഴും കെമിക്കൽസ് ഉപയോഗിക്കുന്ന തലമുറയോട് പഴയ അമ്മാവൻ തമ്പുരാൻ കളി തന്നെയാണ് തുടരുന്നത്. കേരളം എന്ന “burnout society” യിൽ, പുതിയ തലമുറയിലെ വ്യക്തി എന്ന രീതിയിൽ സ്വയം നിർമ്മിക്കാനുള്ള അമിത സമ്മർദ്ദം യുവാക്കളെ ഇത്തരം പ്രവാസങ്ങളിലേക്കും തള്ളുന്നു.

ഈ സിനിമയിലെ തന്നെ അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന പോലീസുകാരന്റെ സാമൂഹിക പഠന ക്ലാസ് (സിനിമാറ്റിക്കലി ബോറാണെങ്കിലും) , അതിൽ ഇത്തരം ചില യാഥാർത്ഥ്യങ്ങളിലേക്ക് സൂചനകൾ നൽകുന്നുണ്ട്—പുതിയ തലമുറയിലെ കുട്ടികളുടെ ഇടങ്ങളിലേക്കുള്ള ചില സൂചനകൾ. ഈ പോലീസുകാരന്റെ സംസാരത്തിന്റെ, അല്ലെങ്കിൽ “ക്ലാസ്” എടുക്കലിന്റെ ഇടയിലാണ് സ്കൂളിലെ മൂത്രപ്പുര എന്ന ഒരു ഇടം ഈ സിനിമയിലെ ഒരു “കഥാപാത്രം” ആയി മാറുന്നത്.

കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങളും ഇടതുപക്ഷ വിപ്ലവങ്ങളും നവോത്ഥാനങ്ങളും ഒക്കെ നിർമ്മിച്ച ഒരു കേരളം എന്ന സിസ്റ്റത്തിന്റെ മൂത്രപ്പുരയിലാണ് ഈ കുട്ടികൾ തങ്ങളുടെ ഇതേ സിസ്റ്റത്തിനോടുള്ള അമർഷങ്ങൾ മുഴുവൻ കോരി ഇടുന്നത്. ഒരിക്കൽ വിദ്യാര്ത്ഥി ആയ പോലീസുകാരൻ ആ മൂത്രപ്പുര കാണുമ്പോൾ “ഓ… നൊസ്റ്റാൾജിക് പ്ലേസ്” എന്നാണു പറയുന്നത്.കുട്ടികൾ തങ്ങളുടെ ഇൻഹിബിഷൻസ് മാറ്റി വെച്ച്, തങ്ങൾക്ക് വിളിക്കാനുള്ള സകല തെറികളും ഈ മൂത്രപ്പുരയിൽ വരച്ചിടുകയും എഴുതി ഇടുകയും ചെയ്യുന്നു. ഈ തെറികൾ അമേരിക്കൻ അന്തരോപ്പോളജിസ്റ്റ് ആയ ജെയിംസ് സി സ്കോട്ട് പറയുന്ന “hidden transcript” ആണ്—അധികാരത്തിന്റെ മുന്നിൽ പറയാൻ കഴിയാത്ത പ്രതിഷേധം, മറവിയിൽ പൊട്ടിത്തെറിക്കുന്ന രൂപം.

ഈ മൂത്രപ്പുര ഒരു സ്കൂളിന്റെ പൊതു ഇടത്തിനപ്പുറത്താണ്. അധ്യാപനം എന്ന ഫാസിസ്റ്റ് അധികാരവാഴ്ചക്കെതിരെ കുട്ടികൾ തെറികളിലൂടെ തങ്ങളുടെ റിയാക്ഷനുകൾ മുഴുവൻ അവിടെ പ്രകടിപ്പിക്കുന്നു. തെറികൾ ചില അധോതല വിപ്ലവ പ്രവർത്തനങ്ങളായാണ് ഈ പുതിയ തലമുറ രൂപപ്പെടുത്തുന്നത്. കാലങ്ങളായി തലമുറകളായി അധോതലത്തിൽ രൂപപ്പെട്ടുവരുന്ന ഗ്രാഫിറ്റി ആർട്ടുകളാണ് ഇത്തരം മൂത്രപ്പുരകൾ. കരിക്കട്ടകൾ പോലുള്ള ടൂളുകൾ ഉപയോഗിച്ച്, മൂത്രഗന്ധം നിറഞ്ഞ ചുമരുകളിൽ അവർ തങ്ങളുടെ അമർഷം കോരി ഇടുകയാണ്.

നമ്മുടെ ഇടയിലെ carnivalesque (സമൂഹത്തിന്റെ സാധാരണ ക്രമം താൽക്കാലികമായി മറിഞ്ഞു പോകുന്ന അവസ്ഥ) പോലെ, മാന്യതയുടെ ഭാഷയെ ഈ തെറികൾ അട്ടിമറിക്കുന്നു—ഉയർന്ന ഭാഷയെ താഴ്ന്ന ശരീരഭാഷ തകർക്കുന്ന ഒരു മറിച്ചുവയ്ക്കൽ.വ്യവസ്ഥാപിതമായ പൊതു സമൂഹത്തിന്റെ മാന്യതയുടെ ഭാഷകൾ മുഴുവൻ അട്ടിമറിച്ച്, തെറികളിലൂടെ അവർ ഒരു അട്ടിമറി നടത്തുകയും ചെയ്യുന്നു. ഈ തെറികൾ അശ്ലീലമല്ല; അത് ഒരു “counter-language” ആണ്—സമൂഹത്തിന്റെ ഔദ്യോഗിക ഭാഷയെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ ഭാഷ. കേരളം ഇപ്പോഴും വലിയ സംഭവമാണെന്ന് നിഗളിക്കുമ്പോൾ, ഈ കേരളത്തിനോടുള്ള അധോതല പ്രതികാരങ്ങൾ ഇത്തരം മൂത്രപ്പുരകളിൽ കാണാനും കഴിയും. ഈ സിനിമയിലെ ഏറ്റവും വലിയ തമാശ, അധികാരം എത്ര നഗ്നമാണെന്നും അധ്യാപകർ തങ്ങളെ തന്നെ തിരിച്ചറിയുന്നതും ഈ മൂത്രപ്പുരയിലെ ചുവരെഴുത്തുകൾ അവർ നേരിട്ട് കാണുമ്പോഴാണെന്നതുമാണ്.

മൂത്രപ്പുര പോലെ തന്നെ, ഈ സിനിമ കാണിക്കുന്ന മറ്റൊരു അട്ടിമറിയുടെ ഇടം കൂടിയാണ് തിയേറ്ററിലെ ഇരുട്ട്. ലൂസിഫർ എന്ന സിനിമയിൽ ആദ്യ ഷോയിലെ ഫാൻസ് ഇരുട്ടിൽ നിന്ന് പോലീസിനെ വിളിക്കുന്ന തെറികൾ, അതുപോലെ അധോതല സമൂഹങ്ങളുടെ പ്രതികരണങ്ങളുമാണ്. ഇത് ഒരു “affective politics” ആണ്—വികാരങ്ങളുടെ രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്. കേരള സമൂഹം ഫാൻസ് എന്നൊരു സാമൂഹിക അവസ്ഥയെ ഒന്നിനും കൊള്ളാത്ത, യാതൊരു പണിയും ഇല്ലാത്ത, കച്ചറ ആക്കുന്ന ആൾക്കൂട്ടങ്ങൾ എന്ന രീതിയിലാണ് കണ്ടത്. ഫാൻസുകൾ തിരുവനന്തപുരത്തൊക്കെ ചെങ്കൽചൂളയിലെ കോളനികളിലാണ് ആദ്യമായി രൂപപ്പെടുന്നത്.

ആ ജിയോഗ്രഫിയിലെ ദളിത് മനുഷ്യരോടുള്ള വംശീയതയും ഫാൻസുകളോടുള്ള നോട്ടത്തിൽ കേരളത്തിന്റെ രൂപരേഖയുടെ ചരിത്രത്തിൽ പ്രകടമാണ്. പക്ഷേ, ഈ അധോതല സമൂഹം “ഇരുട്ട്” എന്ന ഒരു സ്പേസിൽ ഭരണകൂട മർദ്ദക രൂപങ്ങളായ പോലീസിനെ ഭേഷായി തെറി വിളിക്കുകയാണ്. ഇത് ഒരു “counter-public space” ആണ് അത്—ദൃശ്യമായ പൊതു ഇടങ്ങളിൽ സാധ്യമല്ലാത്ത പ്രതികരണം ഇവിടെ സാധ്യമാകുന്നു.

കേരളത്തിൽ അപരങ്ങളായി രൂപപ്പെടുന്ന ഫാൻസ് സമൂഹങ്ങൾ, സൈക്കോട്രോപിക് സബ്സ്റ്റൻസുകൾ ഉപയോഗിക്കുന്ന പുതിയ തലമുറകൾ, ബാത്ത്‌റൂമിൽ എഴുതി ഇടുന്ന സമൂഹങ്ങൾ—ഇങ്ങനെ കേരളീയ പുരോഗതിക്കും നവോത്ഥാനത്തിനും അടിയിലുള്ള പലതരം അധോതല അപാര സമൂഹങ്ങളിലേക്കും വിരൽചൂണ്ടുന്ന ഒരു റെഫറൻഷ്യൽ ഡോക്യുമെന്റേഷൻ കൂടെയാണ് വാഴ 2 എന്ന ഈ സിനിമ.സുന്നത്ത് കല്യാണം, പോലീസുകാരൻ ഉൾപ്പെടുന്ന പി.ടി.എ മീറ്റിംഗ്, കുടുംബ പാസം, തിയേറ്റർ വൈബിന് വേണ്ടിയുള്ള ശബ്ദങ്ങളുടെ കോലാഹലം തുടങ്ങിയ പലവിധങ്ങളായ സിനിമാറ്റിക് ബോറൻ പരിപാടികളും ഈ സിനിമയിൽ ഉണ്ടെങ്കിലും, വാഴ 2 എന്ന സിനിമ പുതിയ കേരളീയ സമൂഹത്തെ രേഖപ്പെടുത്തുന്ന ഒരു ടെക്സ്റ്റ് ആണ്.

കേരളീയ സമൂഹത്തിൽ ടിക്‌ടോക്, ഷോർട്ട് വീഡിയോ റീലുകൾ എന്നിവയുടെ തുടക്കകാലത്ത് തന്നെ കൾട്ട് ആയി മാറിയ ഒരു വീഡിയോ—വെടിക്കു തീ കൊളുത്തി ഓടുമ്പോൾ വീഴുന്ന ഒരു കോമിക് സീൻ—ഈ സിനിമയിൽ റീക്രിയേറ്റ് ചെയ്തിട്ടുമുണ്ട്. പുതിയ കാലത്തെ നെറ്റ്വര്ക്ക് സൊസൈറ്റിയിൽ, വീസിബിലിറ്റി തന്നെയാണ് ശക്തി—റീലുകൾ വഴി ആളുകൾ തങ്ങളെ തന്നെ നിർമ്മിക്കുന്നു. എഴുത്ത്, പുസ്തകം എന്നിവ നിർമ്മിക്കുന്ന ചരിത്രങ്ങൾക്കപ്പുറം, വിഷ്വൽ ഡിജിറ്റൽ മീഡിയയുടെ ട്രാൻസ്ഫർമേഷനുകൾ മൊബൈൽ ഫോൺ പോലുള്ള ടൂളുകൾ നിർമ്മിക്കുന്ന/അട്ടിമറിക്കുന്ന പുതിയ ചരിത്രത്തെയും കൾച്ചറുകളെയും സിനിമ ഏറ്റെടുക്കുന്നു.

നമുക്ക് മുന്നിൽ നിലനിൽക്കുന്നത് വ്യക്തികൾ അല്ല; പറന്നു കൊണ്ടിരിക്കുന്ന ദൃശ്യ രൂപങ്ങൾ ആണ്—അവിടെ പുതിയ കാലത്തെ റീൽസുകളിലെ താരങ്ങൾ ഇപ്പോൾ spectacle ആയി മാറുന്നു. ഈ സിനിമ കഴിഞ്ഞതിന് ശേഷമുള്ള ഈ സിനിമയിലെ ‘താര’ങ്ങളുടെ ആൾക്കൂട്ടങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയും ആഘോഷങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അത് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ, പുതിയ കേരളത്തിലെ പുതിയ താരസ്വരൂപങ്ങൾ നിർമ്മിക്കപ്പെടുന്നതിന്റെ ചില ആട്ടിമറികൾ കൂടി മനസ്സിലാക്കാൻ കഴിയും.

താരത്വം എന്നത് ഒരു സ്ഥിരതയുള്ള ഗുണമല്ല; അത് ആവർത്തിച്ച പ്രകടനങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ഒന്നാണ്—റീലുകൾ അതിനെ വേഗത്തിലാക്കുന്നു. റീലുകൾ എന്ന പുതിയ ഡിജിറ്റൽ ടെക്‌നോളജിയുടെ മൈക്രോ മാധ്യമങ്ങളിലെ സ്കിറ്റുകളിലും പ്രെസന്റേഷനുകളിലും നിന്നു ഉയർന്നുവന്നവരാന് ഈ സിനിമയിലെ താരങ്ങൾ മുഴുവനും. വിശാലമായ സിനിമാസ്കോപ്പിക് ഫ്രെയിമിൽ നിന്നും ഒരു വെർട്ടിക്കൽ ഫ്രെയിമിലെ കുഞ്ഞ് മാധ്യമത്തിലേക്ക് മാറിയ സാധാരണ മനുഷ്യരായ ചെറുപ്പക്കാർ സിനിമയിലെ തന്നെ വലിയ താരങ്ങളാകുന്ന അട്ടിമറികൾ ഇത്തരം സിനിമകളിലൂടെ നടക്കുന്നു.വെബ് സീരീസുകൾ, കോമഡി സ്കിറ്റുകൾ, റീലുകൾ തുടങ്ങിയ മൈക്രോ മാധ്യമങ്ങളിലൂടെ വളർന്നുവരുന്ന ശരീരങ്ങൾ സിനിമ എന്ന മോഡേണിറ്റിയുടെ വലിയ മാധ്യമങ്ങളിലേക്കു മാറുന്ന ഒരു പരിവർത്തനം കേരളീയ സമൂഹത്തിൽ സംഭവിക്കുന്നു.

വാഴ 2 മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമാറ്റിക് ഫോം ഒന്നുമല്ല. പക്ഷേ, ഇത് ഒരു “diagnostic text” ആണ്—കേരളത്തിന്റെ അടിഭാഗങ്ങളിലെ ചലനങ്ങളെ രേഖപ്പെടുത്തുന്ന ഒരു സാമൂഹിക രേഖ.പലവിധ പഠന സാധ്യതകളും പുതിയ വായനയ്ക്കുള്ള സാധ്യതകളും തുറന്നിടുന്ന ഒരു ടെക്സ്റ്റ്.

TAGS :