Quantcast
MediaOne Logo

Web Desk

Published: 3 March 2023 3:49 PM GMT

തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന കാര്യത്തില്‍ വ്യവസ്ഥ അനിവാര്യം തന്നെയാണ് - ഡോ. സെബാസ്റ്റ്യന്‍ പോള്‍

തെരഞ്ഞെടുപ്പ് കമീഷണറുമാരെ നിയമിക്കുന്ന കാര്യത്തില്‍ വ്യവസ്ഥ വേണം. അതാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റിനോട് നിയമം നിര്‍മിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. | Video

തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന കാര്യത്തില്‍ വ്യവസ്ഥ അനിവാര്യം തന്നെയാണ് - ഡോ. സെബാസ്റ്റ്യന്‍ പോള്‍
X



ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എത്രയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. യഥാസമയം തെരഞ്ഞെടുപ്പ് നടക്കണം. അത് നീതി പൂര്‍വ്വവും സ്വതന്ത്രവുമായിരിക്കണം. അതോടൊപ്പം കാര്യക്ഷമതയും ആവശ്യമുണ്ട്. 1951 മുതലുള്ള പാര്‍ലമെന്ററി ജനാധിപത്യ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ കാര്യങ്ങളൊക്കെ ഉറപ്പ് വരുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണെന്ന് കാണാന്‍ കഴിയും. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ ചുമതലകളും - രാഷ്ട്രപതി മുതല്‍ നിയമസഭ വരെയുള്ള തെരഞ്ഞെടുപ്പ് ചുമതലകള്‍ - ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനെയാണ്. 1993 വരെ അതൊരു ഏകാംഗ കമീഷന്‍ ആയിരുന്നു.

1993 ല്‍ നരസിംഹ റാവുവിന്റെ കാലത്ത്, അന്ന് വളരെ ശ്രദ്ധേയനായ തെരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു ടി.എന്‍ ശേഷന്‍. ശേഷന്റെ സ്വഭാവത്തിലെ ചില പ്രത്യേകതകള്‍ കൊണ്ടായിരിക്കാം, അദ്ദേഹം ഗവണ്‍മെന്റിന് അസൗകര്യം ഉളവാക്കുന്ന തീരുമാനം എടുക്കുന്നതില്‍ വളരെ വിദഗ്ധനായിരുന്നു. ഉദാഹരണത്തിന്, ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അദ്ദേഹം യഥാസമയം നടത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് കാലാവധി അവസാനിച്ച പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കേന്ദ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നു. അതുപോലുള്ള വികൃതികളൊക്കെ അദ്ദേഹം അന്ന് കാണിച്ചിരുന്നു. അതുകൊണ്ടാണ് ഭരണഘടനയിലെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വ്യവസ്ഥ അനുസരിച്ച് ഈ ഏകാംഗ കമീഷനെ മൂന്നംഗ കമ്മീഷനാക്കി മാറ്റിയത്. അങ്ങനെയാണ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍ മാര്‍ കൂടി ഉണ്ടായത്.

മൂന്ന് പേരില്‍ നിന്ന് അവരുടെ ഭൂരിപക്ഷ അഭിപ്രായം തീരുമാനം ആയി മാറുന്ന അവസ്ഥയുണ്ടായി. പക്ഷെ, അപ്പോഴും കമീഷണറുമാരെ രാഷ്ട്രപതി നിയമിക്കുന്നു എന്നല്ലാതെ നിയമന രീതിയെ കുറിച്ചൊന്നും പറയുന്നില്ല. അതിന് പാര്‍ലമെന്റില്‍ നിന്ന് നിയമം പാസ്സാക്കാം എന്ന് ഭരണഘടന പറയുന്നുണ്ട്. അങ്ങനെവരുമ്പോള്‍ പ്രധാനമന്ത്രിയാണല്ലോ രാഷ്ട്രപതിക്ക് ഉപദേശം നല്‍കേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമന്ത്രിയാല്‍ നിയമിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കമീഷണര്‍ എത്ര നീതിപൂര്‍വകമായി പ്രവര്‍ത്തിച്ചാലും പ്രധാനമന്ത്രിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ചിലപ്പോഴെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യും എന്ന പൊതുധാരണ ഉണ്ടാകും. നീതിയുടെ കാര്യവും അങ്ങനെയാണല്ലോ. നീതി നടപ്പാക്കിയാല്‍ പോര, നീതി നിര്‍വഹിക്കപ്പെട്ടുവെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യം വരുകയും വേണം. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ വിധിയെ നമ്മള്‍ കാണാന്‍.

തെരഞ്ഞെടുപ്പ് കമീഷണറുമാരെ നിയമിക്കുന്ന കാര്യത്തില്‍ വ്യവസ്ഥ വേണം. അതാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റിനോട് നിയമം നിര്‍മിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. പാര്‍ലമെന്റ് നിയമം നിര്‍മിക്കുന്നത് വരെ കൊളീജിയം സമ്പ്രദായമാണ് സുപ്രീം കോടതി ഈ വിഷയത്തിലിപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ഇങ്ങനെ മൂന്ന് പേരാണ് കൊളീജിയത്തില്‍ ഉണ്ടാവുക. ഇങ്ങനെയൊരു സംവിധാനത്തിന്റെ ആവിശ്യകതയുണ്ട്. ഈ സംവിധാനം ഏത് രൂപത്തില്‍ വേണമെന്ന് പാര്‍ലമെന്റിന് ആലോചിക്കാം. അധികം വൈകാതെ തന്നെ പാര്‍ലമെന്റിന്റേതായ വിവേകം ഉപയോഗിച്ച് ഈ കാര്യത്തില്‍ നിയമ നിര്‍മാണം നടത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

TAGS :